Tuesday, July 19, 2022

NDF- sdpi കടുത്ത വഞ്ചന !!!*

 NDF-കടുത്ത വഞ്ചന !!!*


മൗലാനാ നജീബ് മൗലവി

September 21, 2017


ബാബരി മസ്‌ജിദ്‌ പ്രശ്നം രൂക്ഷമായി കത്തിനിന്ന വേളയിൽ മുസ്‌ലിംകൾക്കിടയിലുണ്ടായ അരക്ഷിതബോധത്തിൽ നിന്നും ഉരുവപ്പെട്ടതാണ്‌ എൻ.ഡി.എഫ്‌. (ഇപ്പോൾ പോപ്പുലർ ഫ്രണ്ടെന്നു പേരു മാറ്റുകയും എസ്‌.ഡി.പി.ഐ എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്‌) ഒരു മുസ്‌ലിം പ്രതിരോധസംഘമെന്ന വികാരമാണ്‌ പ്രേരകം. സമുദായത്തിലെ ഒരുപറ്റം ചെറുപ്പക്കാരെ സ്വാധീനിക്കുവാനും അവരെ തങ്ങൾക്കു കീഴിൽ അണി നിരത്തുവാനും എൻ.ഡി.എഫിനു സാധിച്ചു. മുസ്‌ലിംകൾക്ക്‌ എത്രതന്നെ കഷ്ടനഷ്ടങ്ങളുണ്ടായാലും അവരോട്‌ ആത്മസംയമനത്തിനാഹ്വാനം ചെയ്യുകയും മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്നതിനായി ഏതറ്റം വരെ താഴാൻ തയ്യാറാവുകയും ചെയ്യുന്ന മുസ്‌ലിം രാഷ്ട്രീയ നേതൃത്വത്തിന്റെ സ്ഥിരം നിലപാടും 'സമുദായത്തിനു വേണ്ടി ശക്തമായി പ്രതികരിക്കുന്ന ഒരു പ്രതിരോധ സംഘമെ'ന്ന യുവാക്കളുടെ തീവ്രവികാരത്തിന്‌ ആക്കം കൂട്ടി.


ഈ ചെറുപ്പക്കാർക്കു പക്ഷേ, സമുദായത്തിലെ പണ്ഡിത നേതാക്കളുടെ പിന്തുണ ലഭിച്ചില്ല. പക്വമായ പണ്ഡിത നേതൃത്വത്തിനൊന്നും വഴങ്ങാത്ത തീവ്രമനസ്‌കരായി അതിനകം തന്നെ അവരെ മാറ്റിയെടുക്കപ്പെടുകയും ചെയ്തിരുന്നു. ഈജിപ്‌തിലെ 'മുസ്‌ലിം ബ്രദർഹുഡി'ൽ നിന്നും സയ്യിദ്‌ മൗദൂദിയുടെ ജിഹാദീകുറിപ്പുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട ആദ്യകാല ജമാഅത്തിന്റെ ഉൽപ്പന്നമായ 'സിമി'യുടെ നേതാക്കളാണു അവസരം മുതലെടുത്ത്‌ എൻ.ഡി.എഫിന്റെ തലപ്പത്തു വരുന്നത്‌. സർക്കാർ നിരോധനം മൂലം തങ്ങളുടെ സംഘടനാ ബാനറിൽ പ്രവർത്തിക്കാൻ കഴിയാതെ പരുങ്ങലിലായ അവർക്ക്‌ ഇതൊരു നല്ല സന്ദർഭമാകുകയായിരുന്നു.


സമുദായത്തിലെ സംഘടനാ പരവും ആശയപരമായ ഭിന്നിപ്പുകളിലോ വിഭാഗീയതകളിലോ യാതൊരു നിലയിലും ഇടപെടാതെ, മുസ്‌ലിം പ്രതിരോധത്തിന്‌ എല്ലാം മറന്ന് ഒരുമിക്കുന്ന ഒരു സംഘടന എന്ന എൻ.ഡി.എഫിന്റെ സങ്കൽപ്പം നിഷ്പക്ഷരും വിശാലമനസ്‌കരുമായ യുവാക്കളെ നന്നായാകർഷിച്ചു. ഇവർ ബഹുഭൂരിപക്ഷവും സുന്നികളാകുക സ്വാഭാവികം മാത്രം. തങ്ങളുടെ കൂട്ടായ്‌മക്കെതിരെ എല്ലാവിധ ബന്ധങ്ങളെയും ബന്ധനങ്ങളെയും അറത്തുകളയുമെന്ന് ഈ ചെറുപ്പക്കാരെക്കൊണ്ട്‌ അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്യിക്കുകയും പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്യുന്നതോടെ മതബോധവും സത്യവിശ്വാസവുമുള്ള യുവാക്കൾ തങ്ങളുടെ മറ്റെല്ലാ ബന്ധത്തേക്കാളുപരി ഈ ഇസ്‌ലാമിക പ്രതിരോധ സംഘത്തോടു കൂറു പുലർത്തുന്നവരുമായി മാറുകയും ചെയ്തു. അതേസമയം, തങ്ങളുടെ മതപരമായ വിശ്വാസങ്ങളും നിലപാടുകളും പോറലേൽക്കാതെ വച്ചുപുലർത്താൻ കഴിയുമെന്നും 'മുസ്‌ലിം പ്രതിരോധ സംഘടന' ഇതിലൊന്നും ഇടപെടുകയില്ലെന്നും അവർ സമാധാനിച്ചു. എൻ.ഡി.എഫ്‌. നേതൃത്വം മുസ്‌ലിം സംഘടനാ നേതാക്കളെയും പണ്ഡിതന്മാരെയും ബന്ധപ്പെട്ട്‌ ആരംഭത്തിൽ അറിയിച്ചിരുന്നതും ഇങ്ങനെ തന്നെ.


തങ്ങളുടെ മേധാവിത്തവും നിയന്ത്രണവും അംഗീകരിക്കാത്ത ഏതു സംഘടനകളെയും എതിർക്കുകയെന്ന നയമുള്ള പല സംഘടനകളും എൻ.ഡി.എഫിനെ ആരംഭത്തിൽ തന്നെ എതിർത്തുവെന്നതു നേരാണ്‌. പടിഞ്ഞാറൻ ശത്രുക്കൾ ഇസ്‌ലാമിനു ഭീകരതയുടെ മുദ്രകുത്തുന്നതും മുസ്‌'ലിംകളെ ഭീകരവാദികളായി വിധിയെഴുതുന്നതും പേടിയുള്ള മുസ്‌ലിം പുരോഗമന സംഘങ്ങളും എൻ.ഡി.എഫിനെ തള്ളിപ്പറഞ്ഞു. എന്നാൽ, പ്രവർത്തനം കണ്ടു വിലയിരുത്തുന്നതാണു ശരിയെന്ന നിലപാടാണു നിഷ്പക്ഷരും പക്വമതികളുമായ പണ്ഡിതന്മാർ കൈക്കൊണ്ടത്‌. കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ, ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമാ പോലുള്ള പണ്ഡിത സംഘടനകളും അതിന്റെ കീഴ്‌ഘടകങ്ങളും ഇതേ നിലപാടാണു സ്വീകരിച്ചത്‌. അഹ്‌ലുസ്സുന്നത്തിൽ വൽ ജമാഅത്തിന്റെ വിശ്വാസ സരണിയും മദ്‌ഹബുകളും സംരക്ഷിക്കുവാനും അതിന്നെതിരായ നീക്കങ്ങളെപ്പറ്റി സമുദായത്തെ ബോധീകരിക്കുവാനും നിലകൊള്ളുന്ന സംഘടനകളെന്ന നിലക്ക്‌, പൊതുവായ മനുഷ്യാവകാശം, മുസ്‌ലിം പ്രതിരോധം എന്നീ വിഷയങ്ങളിൽ പ്രവർത്തിക്കുന്ന എൻ.ഡി.എഫിനെ ക്രിയാത്മകമായി പിന്തുണക്കുകയോ വിമർശിക്കുകയോ ആവാമെന്നു പണ്ഡിതന്മാർ തീരുമാനിച്ചു. തന്മൂലം സംഘടനാഭ്രാന്തു ബാധികാത്ത സുന്നീയുവാക്കൾ തങ്ങളുടെ വിശ്വാസവും ആശയങ്ങളും വച്ചുപുലർത്തിക്കൊണ്ടു തന്നെ എൻ.ഡി.എഫിന്റെ അച്ചടക്കമുള്ള പ്രവർത്തകരും പ്രചാരകരുമായി നിലകൊണ്ടു.


എന്നാൽ, ഏതാനും വർഷങ്ങളിലെ ക്ലാസ്സുകളും പരിശീലനങ്ങളും കൊണ്ട്‌ സുന്നീ പ്രവർത്തകരുടെ വിശ്വാസവും ആശയബോധവുമെല്ലാം ചോർന്നിട്ടുണ്ടാകുമെന്നു ധരിച്ച്‌ എൻ.ഡി.എഫ്‌ നേതൃനിരയിലും സുപ്രീം തലത്തിലും മേധാവിത്തമുള്ള പുത്തൻ വാദികൾ തങ്ങളുടെ തനിനിറം പുറത്തു കാണിക്കാനും പഠിച്ചുവച്ച ബിദഈ ചിന്തകൾ പ്രവർത്തകർക്കു പകർന്നു നൽകുവാനും തുടങ്ങിയിരിക്കുകയാണ്‌. നിർബന്ധപൂർവ്വം പ്രവർത്തകർക്കു വരിചേർപ്പിക്കുന്ന തേജസ്‌ ദ്വൈവാരിക സമർത്ഥമായി ബിദ്‌അത്തു ചിന്തകൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചു തുടങ്ങിയിട്ട്‌ കുറച്ചു കാലമായി. തുടക്കക്കാർക്ക്‌ ഇസ്‌ലാം പഠിപ്പിക്കുവാനായി പത്രത്തിന്റെ ഔദ്യോഗിക കോളമെന്ന നിലക്കു കൈകാര്യം ചെയ്തുവരുന്ന പംക്തിയിൽ ഒളിഞ്ഞും മറച്ചും നടത്തിയിരുന്ന ബിദ്‌അത്തിന്റെ പ്രബോധനം ഇപ്പോൾ തെളിഞ്ഞും പരസ്യമായും തന്നെ നിർവ്വഹിക്കുവാൻ ധാർഷ്ട്യം കാട്ടുകയാണ്‌. അവകാശപ്പെടുന്ന പോലെ 'അരലക്ഷത്തിന്റെ സർക്കുലേഷനു'ണ്ടെന്ന അഹങ്കാരമാണ്‌ തേജസിന്‌ ഈ ധൈര്യം പകർന്നതെന്നു തോന്നുന്നു.


"കർമ്മശാസ്ത്ര രംഗത്തു കാലികപ്രശ്നങ്ങൾക്കു പരിഹാരം കാണുന്ന ഇജ്‌തിഹാദു സമ്പ്രദായം അധികാരത്തിന്റെ സുഖമനുഭവിച്ച പണ്ഡിതന്മാർ നിർത്തലാക്കി" എന്ന വഹ്ഹാബീ വരട്ടുവാദം മാത്രമല്ല, ഇജ്‌മാഇനു 'മുജ്‌തഹിദുകളുടെ ഏകാഭിപ്രായം' എന്നു സങ്കേതിക നിർവ്വചനം നൽകിയതു മതപണ്ഡിതന്മാർ തന്നിഷ്ടപ്രകാരമാണെന്നും ഇതു വലിയ അപകടമാണെന്നും വരെ തേജസ്‌ ആരോപിച്ചിരിക്കുന്നു. ശർഇന്റെ സാങ്കേതിക ഗ്രന്ഥങ്ങളിലും വേദത്തിലും പറഞ്ഞ 'ഇൽമ്‌' ശർഇയ്യായ അറിവാണെന്നു വിവരിച്ചതും 'അധികാരസുഖം പറ്റിയ പണ്ഡിതന്മാർ കാണിച്ച വേല'യാണത്രെ!.


ഇമാം ശാഫിഈ(റ), ഇമാം മാലിക്‌(റ) തുടങ്ങിയവർ തൊട്ട്‌ പിന്നിട്ട നൂറ്റാണ്ടുകളിലെ എല്ലാ കർമ്മശാസ്ത്ര - നിദാന ശാസ്ത്ര ഇമാമുകളും മുഫസ്സിറുകളും ഇവിടെ പ്രതിക്കൂട്ടിലാകുകയാണ്‌! ഇമാമുൽ ഹറമൈൻ(റ), ഇമാം ഗസ്സാലി(റ), ഇമാം ബാഖില്ലാനി(റ), ഇമാം നവവി(റ), ഇമാം റാഫിഈ(റ), ഇമാം ആമിദി(റ), ഇമാം ഇബ്‌നുൽ ഹാജിബ്‌(റ), ഇമാം റാസി(റ), ഇമാം സുബ്‌ക്കി(റ), ഇമാം മഹല്ലി(റ), ഇമാം സുയൂഥി(റ) തുടങ്ങിയ ഇമാമുകളാരും ഇതിൽ പ്രതിക്കൂട്ടിൽ കയറ്റപ്പെടാത്തവരായില്ല. ഹാ! വമ്പന്മാർ തന്നെ!


മുസ്‌ലിം സ്പെയിനിന്റെയും ബഗ്‌ദാദിന്റെയും പതനത്തോടൊപ്പം സംഭവിച്ച അപകടങ്ങളായാണു ഇജ്‌തിഹാദു നിറുത്തൽ, ഇജ്‌മാഇനെയും ഇൽമിനെയും ചുരുക്കൽ എന്നിവയെ തേജസ്സ്‌ ചൂണ്ടിക്കാണിച്ചതെങ്കിൽ, ഇതിനു ശേഷം മുസ്‌ലിം ലോകത്തുണ്ടായ നവോത്ഥാനവും പരിഷ്കരണവുമായി തൊട്ടടുത്ത ഒരു ലക്കത്തിൽ തേജസ്സ്‌ ഉയർത്തിക്കാണിക്കുന്നതു തനി വഹ്ഹാബിസത്തെയാണ്‌. എ.ഡി 18-19 നൂറ്റാണ്ടുകളിലാണത്രെ മുസ്‌ലിം ലോകത്തു 'നവജാഗരണത്തിന്റെ നാമ്പുകൾ കണ്ടുതുടങ്ങുന്നത്‌'! അറേബ്യയിലെ മുഹമ്മദുബ്‌നു അബ്ദിൽ വഹ്ഹാബിലൂടെയാണിത്‌! അറബികൾക്ക്‌ ദിശാബോധമുണ്ടാക്കിക്കൊടുത്തത്‌ അദ്ദേഹമാണത്രെ!


ജമാലുദ്ദീൻ അഫ്‌ഗാനിയും ഈജിപ്തിലെ മുഹമ്മദബ്ദുവും ചേർന്നു നടത്തിയ 'നവോത്ഥാനവും' കൂടി പുകഴ്ത്തിപ്പറഞ്ഞ ശേഷം തേജസ്സ്‌ അവസാനിപ്പിക്കുന്നതിങ്ങനെ:


"ഇരുവരും ചേർന്ന് അൽ ഉർവ്വത്തുൽ വുസ്‌കാ(ശക്തമായ പാശം) എന്ന വാരിക അറബീ ഭാഷയിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. മുസ്‌ലിം ലോകത്തെ മിക്കവാറും ബുദ്ധിജീവികൾ ഈ പ്രസിദ്ധീകരണത്തിലൂടെ മുസ്‌ലിം ജനതയോടു സംവദിച്ചു. ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി ഇസ്‌ലാമിന്നു പുതിയൊരു മുഖം നൽകുന്നതും മുസ്‌ലിംകൾക്കു ദിശാബോധം നൽകുന്നതുമായ ഒരു മുന്നേറ്റം വളർന്നു വന്നു" (തേജസ്‌ 2005 ഫെബ്രുവരി 16-21).


'ഓരോ നൂറ്റാണ്ടിലും ഈ ഉമ്മത്തിന്‌ മുജദ്ദിദുകളെ അല്ലാഹു നിയോഗിക്കുമെ'ന്ന നബിവചനത്തിന്റെ പുലർച്ചയായി വരുന്ന മുജദ്ദിദുമാരുടെ പരിശ്രമത്തെയാണു തജ്ദീദും നവോത്ഥാനവുമായി മുസ്‌ലിംകൾ ഗണിച്ചു വരുന്നത്‌. ഇതുപ്രകാരം ഒന്നാം നൂറ്റാണ്ടിൽ ഉമറുബ്‌നു അബ്ദിൽ അസീസ്‌(റ), രണ്ടാം നൂറ്റാണ്ടിൽ ഇമാം ശാഫിഈ(റ), മൂന്നാം നൂറ്റാണ്ടിൽ ഇമാം അശ്‌അരീ(റ), നാലാം നൂറ്റാണ്ടിൽ ഇമാം ബാഖില്ലാനി(റ), അഞ്ചാം നൂറ്റാണ്ടിൽ ഇമാം ഗസ്സാലി(റ), ആറാം നൂറ്റാണ്ടിൽ ഇമാം റാഫിഈ(റ), ഏഴാം നൂറ്റാണ്ടിൽ ഇമാം ഇബ്‌നുദഖീഖിൽ ഐദ്‌(റ), എട്ടാം നൂറ്റാണ്ടിൽ ഇമാം ബുൽഖീനി(റ), ഒമ്പതാം നൂറ്റാണ്ടിൽ ശൈഖ്‌ സകരിയ്യൽ അൻസ്വാരി(റ), പത്താം നൂറ്റാണ്ടിൽ ഇമാം ഇബ്‌നുഹജറിനിൽ ഹൈത്തമി(റ), പതിനൊന്നാം നൂറ്റാണ്ടിൽ ഖുതുബ്‌ അബ്ദുല്ലാഹിൽ ഹദ്ദാദ്‌(റ), പന്ത്രണ്ടാം നൂറ്റാണ്ടിൽ ഖുതുബ്‌ അഹ്‌'മദ്‌ സമീത്‌(റ) എന്നിങ്ങനെ ഉമ്മത്തിന്റെ നവോത്ഥാന നായകരെ കഴിഞ്ഞകാല ഇമാമുകൾ പരിചയപ്പെടുത്തിയിട്ടുണ്ട്‌.


ഇവരിൽ നിന്നെല്ലാം ഭിന്നമായ, ഇവരുടെയെല്ലാം പാരമ്പര്യത്തെ അറത്തുമുറിച്ചു കൊണ്ടുള്ള പുത്തൻ നവോത്ഥാനവും ബിദ്‌അത്തു ചിന്തയുമാണ്‌ വഹ്ഹാബീ പ്രസ്ഥാനത്തിന്റെ നായകൻ മുഹമ്മദുബ്‌നു അബ്ദിൽ വഹ്ഹാബ്‌ സമുദായത്തിനു കാഴ്ച്ച വെച്ചത്‌! ഇതിനെയാണു നാളിതു വരെ വഹ്ഹാബികൾ - അവർ മാത്രം - നവോത്ഥാനമെന്നു വാഴ്ത്തിയത്‌. അഫ്‌ഗാനിയും മുഹമ്മദബ്ദുവും റശീദ്‌ രിളായുമെല്ലാം ഇതിനെയാണ്‌ അരക്കിട്ടുറപ്പിച്ചത്‌. ഈജിപ്തിലെ ഇഖ്‌വാനികൾക്കും ഇവരുടെ സരണിയോടായിരുന്നാഭിമുഖ്യം.


എൻ.ഡി.എഫിനെ കേരളത്തിലെ ഇഖ്‌വാനീ പിന്തുടർച്ചക്കാരാക്കാൻ വ്യഗ്രത കാണിക്കുന്ന അതിന്റെ മുൻ സിമി നേതാക്കളുടെ ഉള്ളിലിരിപ്പും മറ്റൊന്നാകാനിടയില്ല. പക്ഷേ, പാവപ്പെട്ട സുന്നികളുടെയും സുന്നീ മൗലവിമാരുടെയും വിയർപ്പിന്റെയും അധ്വാനത്തിന്റെയും ചെലവിൽ വേണമോ ഈ ശുദ്ധ വഹ്ഹാബീ ഭ്രമം പ്രകടിപ്പിക്കാൻ? മുസ്‌ലിം പ്രതിരോധത്തിന്റെ പേരിൽ രൂപം കൊണ്ട എൻ.ഡി.എഫിനെയും അതിന്റെ പ്രസിദ്ധീകരണമായ തേജസിനെയും ഇതിനു കരുവാക്കുന്നത്‌ കടുത്ത വഞ്ചനയാണ്‌. മാപ്പർഹിക്കാത്ത ധിക്കാരം.


സുന്നീരക്തം സിരകളിലൊഴുകുന്നവർ എൻ.ഡി.എഫിലുണ്ടെങ്കിൽ, അവർക്കു തിരിച്ചറിവുണ്ടാകാൻ സമയമായി. തങ്ങളുടെ ചെലവിൽ ഈ വഹ്ഹാബീ പ്രചരണവും ബിദ്‌അത്തു ചിന്തയും പകർന്നു നൽകുന്നതു നിറുത്താൻ എൻ.ഡി.എഫിലെ ബഹുഭൂരിപക്ഷം വരുന്ന സുന്നീ പ്രവർത്തകന്മാർക്കു കഴിയണം. അതിന്നാകില്ലെങ്കിൽ ഇത്തരം ബിദ്‌അത്തു പ്രചാരണ സംഘങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും സുന്നീ വിശ്വാസികൾ മാറി നിൽക്കണം.


ആരെങ്കിലും ചൊല്ലിത്തരുന്ന പ്രതിജ്ഞാ വാചകങ്ങളോ സത്യവാക്കുകളോ ഏറ്റു ചൊല്ലിപ്പോയെന്നതു മാത്രം ഇതിനു തടസ്സമാകരുത്‌. വഹ്ഹാബിയ്യത്തു പ്രചരിപ്പിച്ച കുറ്റത്തിൽ നിന്നും അല്ലാഹുവിന്റെ മുമ്പിൽ ഇതൊരു ഒഴികഴിവാകുകയുമില്ല. അരുതാത്ത സത്യത്തിനു പ്രായശ്ചിത്തം നൽകിയാലും അരുതായ്മകളിൽ നിന്നും കുറ്റങ്ങളിൽ നിന്നും വിട്ടുനിൽക്കാനാണ്‌ ഇസ്‌ലാം പഠിപ്പിക്കുന്നത്‌. അല്ലാഹു അനുഗ്രഹിക്കട്ടെ.

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...