Monday, July 1, 2019

യുക്തി വാദം:ജീവപരിണാമം: കുരങ്ങു മനുഷ്യരുടെ മഹാദുരന്തം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ജീവപരിണാമം: കുരങ്ങു മനുഷ്യരുടെ മഹാദുരന്തം● റാഫി അഹ്സനി കടുങ്ങപുരം 0 COMMENTS
Darvisnism -Malaylalam
പ്രപഞ്ചവും അതിലെ ജീവജാലങ്ങളും എങ്ങനെ രൂപം കൊണ്ടു എന്നതിനെ ചുറ്റിപ്പറ്റിയുള്ള ആലോചനകള്‍ക്ക് പഴക്കമേറെയാണ്. പ്രസ്തുത ചര്‍ച്ചയില്‍ തെളിഞ്ഞുവരുന്ന രണ്ട് പ്രധാന ഉത്തരങ്ങളാണ് സൃഷ്ടിവാദവും (Creationism) പരിണാമവാദവും (Evolution). പ്രപഞ്ചവും സകല ചരങ്ങളും പ്രപഞ്ചാതീതനായ ഒരു സ്രഷ്ടാവിനാല്‍ നിര്‍മിക്കപ്പെട്ടു എന്നതാണ് സൃഷ്ടിവാദത്തിന്‍റെ ലളിത വിശദീകരണം. ഏകകോശ ജീവിയില്‍ നിന്ന് കാലാന്തരങ്ങളില്‍ സ്വയം പരിണണിച്ചു വ്യത്യസ്ത വര്‍ഗങ്ങളായി ഇവയത്രയും രൂപാന്തരപ്പെടുന്നു എന്നതാണ് പരിണാമവാദം.

ഗ്രീക്ക് തത്ത്വചിന്തയുടെ കാലം മുതല്‍ ലാമാര്‍ക്കിന്‍റെ സിദ്ധാന്തം വരെയുള്ള കാലങ്ങളില്‍ പരിണാമ സിദ്ധാന്തത്തിന്‍റെ വ്യത്യസ്ത പരികല്‍പനകള്‍ നിലനിന്നിരുന്നുവെങ്കിലും അവക്കൊന്നും ആഴത്തില്‍ വേരൂന്നാനായില്ല. തെളിവുകളുടെ അഭാവം അതിന്‍റെ കാരണമായി വിലയിരുത്തപ്പെട്ടു.


1859 നവംബര്‍ 25-ന് ചാള്‍സ് ഡാര്‍വിന്‍ Origin of Specious എന്ന ഗ്രന്ഥത്തിലൂടെ അവതരിപ്പിച്ച പരിണാമ ചിന്തകളാണ് ഇന്ന് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന പരിണാമവാദം. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലധികമായി നാസ്തിക വാദികളും മതവിശ്വാസികളും തമ്മിലുള്ള ഘോരമായ വാഗ്വാദങ്ങള്‍ പ്രസ്തുത സിദ്ധാന്തത്തെ ചുറ്റിപ്പറ്റിയുണ്ടായി.

മതത്തിനെതിരെ വിശിഷ്യാ അതിന്‍റെ സൃഷ്ടിവാദത്തിനെതിരെ കലഹം കൂട്ടാനുള്ള പ്രധാന ആയുധമായി പരിണാമവാദത്തെ ശാസ്ത്രലോകത്തെ നാസ്തികലോബികള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. അവരുടെ വാദത്തിന് ശാസ്ത്രീയ അടിത്തറ നല്‍കാന്‍ അവര്‍ ഇന്നും തെളിവുകള്‍ക്കായി പാച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡാര്‍വിനിസം ആഗോളതലത്തില്‍ പ്രചരിച്ചതോടെയാണ് ശാസ്ത്രവും മതവും തമ്മിലുള്ള ആധുനിക പ്രത്യയശാസ്ത്ര സംവാദങ്ങള്‍ക്ക് കളമൊരുങ്ങിയത് എന്ന് ധൈഷണിക ലോകം വിലയിരുത്തിയിട്ടുണ്ട്. റിച്ചാര്‍ഡ് ഡോക്കിന്‍സ്, റിച്ചാര്‍ഡ് ലീക്കി തുടങ്ങിയവരെപ്പോലുള്ള ഡാര്‍വിനിസ്റ്റ് നവനാസ്തികര്‍ തങ്ങളുടെ പ്രധാന ആയുധമായി പരിണാമവാദത്തെ കൂട്ടുപിടിച്ച് അതിനു വെള്ളവും വളവും നല്‍കി. അവരുടെ വാദത്തിനെതിരെ ശാസ്ത്ര ലോകത്ത് നിന്നും ഉയര്‍ന്നുവരുന്ന എതിര്‍ ശബ്ദങ്ങളെയെല്ലാം ഇവര്‍ അടിച്ചമര്‍ത്തുകയും ദൈവവിശ്വാസികളായ ശാസ്ത്രജ്ഞരെ മുഴുവന്‍ മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്തു. ശാസ്ത്ര മേഖലയുടെ മുഴുവന്‍ കുത്തക അടക്കിവാഴാനുള്ള നാസ്തിക ലോബിയുടെ ഇത്തരം ഹീനശ്രമങ്ങളെ ജെറി ബര്‍ഗമന്‍ The Criterion എന്ന ഗ്രന്ഥത്തില്‍ കൃത്യമായി വിവരിക്കുന്നുണ്ട്. എന്നിട്ടും ഇത്തരം ഗൂഢശ്രമങ്ങളെയെല്ലാം മറികടന്ന് ഡാര്‍വിനിസത്തിന്‍റെ ആധികാരികതക്കെതിരെ ശാസ്ത്രലോകത്ത് നിന്നും വന്‍തോതില്‍ ചോദ്യശരങ്ങളുയര്‍ന്നുകൊണ്ടിരിക്കുകയാണ്. ആഗോളാടിസ്ഥാനത്തില്‍ പ്രത്യേകിച്ച് അമേരിക്കടയക്കമുള്ള രാജ്യങ്ങളില്‍ മതവിശ്വാസികളുടെ (വിശിഷ്യാ ഇസ്ലാമിക) ഗ്രാഫ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത് ഈ വാനര സിദ്ധാന്തം അവസാനിക്കാറായി എന്നതിന്‍റെ ശുഭ സൂചനയാണ്. ദൈവത്തെ അട്ടിമറിക്കാന്‍ ഉയര്‍ത്തിക്കാട്ടിയ പരിണാമം തന്നെ ദൈവികമാണോ എന്ന് വിചാരപ്പെടുന്നേടത്തേക്ക് വാനരപ്പട പതുക്കെ കീഴടങ്ങിക്കൊണ്ടിരിക്കുന്നു. ഒരു ആസൂത്രകന്‍റെ സഹായമില്ലാതെ പരിണാമം എങ്ങനെ സ്വയമേവ രൂപപ്പെടുമെന്നാണ് ചില പരിണാമവാദികള്‍ പോലും പരിഭവപ്പെടുന്നത്. ആധുനിക ശാസ്ത്രം തന്നെ പരിണാമവാദികള്‍ക്ക് ശവമഞ്ചമൊരുക്കിക്കൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത.

എന്താണ് ഡാര്‍വിനിസം?

ഭൂമുഖത്തെ സകല ജീവികളും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏതോ ഒരു ഏകകോശ ജീവിയില്‍ നിന്ന് യാദൃച്ഛികമായി പരിണമിച്ചതാണെന്നാണ് ഡാര്‍വിന്‍ വാദിച്ചത്. എച്ച്.എം.എസ് ബീഗിള്‍ എന്ന കപ്പലില്‍ നീണ്ട അഞ്ച് വര്‍ഷക്കാലം ചാള്‍സ് ഡാര്‍വിന്‍ നടത്തിയ യാത്രയില്‍ വിവിധ ദ്വീപ് സമൂഹത്തിലും ജീവികളിലും കേന്ദ്രീകരിച്ച് അദ്ദേഹം നടത്തിയ പഠനങ്ങളുടെ വെളിപാടാണ് ജീവപരിണാമത്തെക്കുറിച്ചുള്ള ഡാര്‍വിന്‍റെ സിദ്ധാന്തം. ‘പ്രകൃതി നിര്‍ധാരണം വഴിയുള്ള വര്‍ഗ ഉല്‍പത്തി’ (Origin of Species by means of natural selection) എന്ന ഗ്രന്ഥത്തിലൂടെയാണ് തന്‍റെ സിദ്ധാന്തം ഡാര്‍വിന്‍ പരിചയപ്പെടുത്തിയത്. ഡാര്‍വിനിസ്റ്റുകളുടെ വേദപുസ്തകമാണ് മേല്‍ഗ്രന്ഥം. തീര്‍ത്തും യുക്തിരഹിതവും അശാസ്ത്രീയവുമായ അടിസ്ഥാന സങ്കല്‍പങ്ങളിലാണ് ഡാര്‍വിനിസത്തിന്‍റെ അസ്തിവാരം. അവകളെ സാധൂകരിക്കാന്‍ മെനഞ്ഞുണ്ടാക്കിയ തെളിവുകളെല്ലാം തഥൈവ.

പുതിയ പഠനങ്ങളും ചിന്തകളും ഡാര്‍വിന്‍റെ വാദങ്ങളോരോന്നും നിരാകരിക്കാന്‍ തുടങ്ങിയപ്പോള്‍ സൃഷ്ടിവാദ നിഷേധികള്‍ ‘നിലനില്‍പിനു വേണ്ടി സമരം’ നടത്തി ആവിഷ്കരിച്ച നവഡാര്‍വിനിസവും (നിയോ ഡാര്‍വിനിസം) നിലനില്‍ക്കാനാവാതെ ഉഴലുന്ന ദയനീയ കാഴ്ചയാണ് ശാസ്ത്രലോകത്ത് കണ്ടുകൊണ്ടിരിക്കുന്നത്. ജീവി വര്‍ഗങ്ങളില്‍ (Species) ടെ ഉത്ഭവം വിളംബരം ചെയ്യുന്ന സിദ്ധാന്തത്തിന് എന്താണ് സ്പീഷ്യസ് എന്ന് കൃത്യമായി നിര്‍വചിക്കാന്‍ പോലും സാധിച്ചിട്ടില്ല- പലരും പല രൂപേണ വ്യാഖ്യാനിച്ചിട്ടുണ്ടെങ്കിലും. നാസ്തിക ലോകത്തെ ഏറ്റവും വലിയ സിദ്ധാന്തത്തിന്‍റെ ദുരന്തമാണ് ഇത് സൂചിപ്പിക്കുന്നത് എന്നോര്‍ക്കണം.


ഡാര്‍വിനിസ്റ്റ് സങ്കല്‍പങ്ങള്‍

പരിണാമവാദത്തിന്‍റെ സാധുതക്ക് ഡാര്‍വിന്‍ സിദ്ധാന്തിച്ച അടിസ്ഥാന സങ്കല്‍പങ്ങള്‍ ഇവയാണ്:

എല്ലാ ജീവവര്‍ഗങ്ങളും കടുത്ത മത്സരത്തെ അഭിമുഖീകരിക്കുന്നു.
അര്‍ഹതയുള്ളവയുടെ അതിജീവനം.
ജീവികളിലെ പാരമ്പര്യ വ്യതിയാനങ്ങള്‍ ആകസ്മികമാണ്.
പ്രകൃതി തിരഞ്ഞെടുപ്പാണ് (Natural selection) ദൈവപരിണാമത്തിന്‍റെ അവലംബം (Origin of specious 55-69).
ഒരു സിദ്ധാന്തത്തിന്‍റെ പ്രാമാണികത തെളിയിക്കുന്നത് അതിന്‍റെ അടിസ്ഥാന തത്ത്വങ്ങളാണെങ്കില്‍ ഈ നാല് തത്ത്വങ്ങളും ഡാര്‍വിനിസത്തെ നിഷ്പ്രഭമാക്കുന്നവയാണ്. ഡാര്‍വിന്‍റെ ഒന്നാമത്തെ സങ്കല്‍പം എത്രമേല്‍ പ്രാമാണികമാണെന്ന് വിലയിരുത്തി നോക്കാം: ‘സകല ജീവജാലങ്ങളും നിലനില്‍പ്പിനായി നിതാന്ത പോരാട്ടത്തിലാണെന്നാണല്ലോ ഡാര്‍വിന്‍ സിദ്ധാന്തിച്ചത്. ഈ ആദ്യ തത്ത്വത്തെയെങ്കിലും സലക്ഷ്യം സമര്‍ത്ഥിച്ചുതരാന്‍ പരിണാമവാദികള്‍ക്ക് സാധിക്കുമോ? പ്രകൃതി നിയമമമുസരിച്ച് ഏതു ജീവികളാണ് കടുത്ത മത്സരത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. അവയിലേതാണ് അതിജയിക്കുന്നത്? കണ്ണും കാതും തുറന്നുവെച്ചവര്‍ക്ക് പ്രകൃതിയില്‍ ദര്‍ശിക്കാനാവുന്നത് ജീവികളുടെ സഹവര്‍ത്തിത്വമാണ്. ഡാര്‍വിന്‍റെ ഈ തത്ത്വം അടിസ്ഥാന രഹിതമാണെന്ന് കൃത്യമായി വിളിച്ചോതുന്ന തെളിവാണ് ജലാശയങ്ങളില്‍ കാണുന്ന പ്ലാങ്ക്ടണ്‍ വര്‍ഗങ്ങള്‍ (ജലാശയങ്ങളിലെ ചില പ്രത്യേക ജീവികളാണ് പ്ലാങ്ക്ടണ്‍) ജീവിക്കാന്‍ ഒരേ സാഹചര്യം വേണ്ട ഇത്തരം വര്‍ഗങ്ങളില്‍ ഇന്നോളം ഒരു മത്സരമോ അതിജീവനമോ തെളിയിക്കപ്പെട്ടിട്ടില്ല.

ചില പ്രത്യേക സാഹചര്യങ്ങളില്‍ ചില ജീവികളുടെ എണ്ണത്തില്‍ വര്‍ധനവും കുറവും അനുഭവപ്പെടാറുണ്ട്. പക്ഷേ, പഴയ സാഹചര്യം തിരിച്ചുവരുമ്പോള്‍ വീണ്ടും പഴയ അവസ്ഥയില്‍ തന്നെയാണ് ജീവജാലങ്ങളുടെ നിലനില്‍പ്. ഡാര്‍വിന്‍റെ ആദ്യ നിഗമനം തന്നെ കേവലം സങ്കല്‍പമായി നിലനില്‍ക്കുമ്പോള്‍ ഇനി അര്‍ഹതയുള്ളവരുടെ അതിജീവനം എന്ന ഡാര്‍വിനിസ്റ്റുകളുടെ സ്ഥിരമൊഴിക്ക് പ്രസക്തിയേ ഉദിക്കുന്നില്ല.


പരിണാമത്തിന്‍റെ കാരണം ജീവികളിലെ ആകസ്മികമായ പൈതൃക മാറ്റങ്ങളാണെന്ന് Origin of Species ന്‍റെ 69-ാം പേജില്‍ ഡാര്‍വിന്‍ വിവരിക്കുന്നുണ്ട്. എന്നാല്‍ പ്രസ്തുത ആകസ്മിക വ്യതിയാനം തുലോം വിരളവും അഥവാ സംഭവിച്ചാല്‍ തന്നെ പരിവര്‍ത്തനത്തിനു പകരം ജീവിയുടെ നാശത്തിനു ഹേതുകവുമെന്നാണ് ശാസ്ത്രീയ വിലയിരുത്തല്‍. പ്രമുഖ ശാസ്ത്രജ്ഞരായ ഫ്രാന്‍സിസ് ക്രിക്കും മുര്‍ഖിനും നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത് ആകസ്മിക ജനിതക വ്യതിയാനങ്ങള്‍ പരിണാമത്തെ യാതൊരു തരത്തിലും സ്വാധീനിക്കുന്നില്ല എന്നാണ്.

പ്രകൃതി തിരഞ്ഞെടുപ്പ് (Natural selection) എന്ന ഡാര്‍വിന്‍ സങ്കല്‍പം ജീവികളുടെ പരസ്പര മത്സരമെന്ന സങ്കല്‍പം ശരിയാണെന്ന് വന്നാലേ പ്രസക്തമാവൂ. കാരണം തന്‍റെ സങ്കല്‍പത്തെ ഡാര്‍വിന്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: ‘ജീവനുവേണ്ടിയുള്ള പോരാട്ടത്തില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍. മറ്റു ജീവികളുമായും പ്രകൃതിയുമായുമുള്ള ബന്ധത്തില്‍ ഏതെങ്കിലുമൊരു സ്പീഷിസിന് ഉപകാരപ്പെടുമെങ്കില്‍ അതിനെ പ്രകൃതി നിലനിര്‍ത്തുമെന്നാണ്’ (Origin of species 53 53).


തന്‍റെ സിദ്ധാന്തത്തെ സ്ഥിരപ്പെടുത്താന്‍ ഡാര്‍വിനും അതിന്‍റെ ആധുനിക പതിപ്പായ സംശ്ലേഷിത സിദ്ധാന്ത വക്താക്കളും പല തെളിവുകളും നിരത്താന്‍ തീവ്രമായ ശ്രമം നടത്തിയിട്ടുണ്ട്. ശാസ്ത്രീയ വികാസവും ആധുനിക പഠനങ്ങളും ഓരോ തെളിവിനെയും തള്ളിക്കളയുമ്പോള്‍ പുതിയതവതരിപ്പിച്ച് മതത്തിനെതിരെ കൊലവിളി നടത്താന്‍ ഭഗീരഥ യത്നത്തിലാണ് പരിണാമവാദികള്‍. പ്രധാനമായും ഇവര്‍ ഉന്നയിക്കുന്ന തെളിവുകള്‍ ഇവയാണ്. ഫോസില്‍ പഠനം (Pale angage) ആകാശ താരതമ്യ പഠനം, ശരീര ധര്‍മശാസ്ത്രം, തന്മാത്രാ ജീവശാസ്ത്രം എന്നാല്‍ ഇവയില്‍ പലതും നനഞ്ഞ പടക്കങ്ങളായി ആവനാഴിയിലേക്ക് തിരിച്ചുവെക്കാന്‍ ഡാര്‍വിനിസ്റ്റുകള്‍ നിര്‍ബന്ധിതരായിട്ടുണ്ട്.

ഫോസിലുകള്‍ പരിണാമത്തെ സാധൂകരിക്കുന്നുണ്ടോ?

ഡാര്‍വിനിസ്റ്റുകള്‍ കാലങ്ങളായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഏറ്റവും പ്രധാന തെളിവാണ് ഫോസില്‍ പഠനം. പരിണാമത്തെ സ്ഥിരപ്പെടുത്താന്‍ യത്നിച്ചവരൊക്കെ ഇതേ പറ്റി വാചാലമായിട്ടുണ്ട്. മലയാളത്തില്‍ കുഞ്ഞുണ്ണിവര്‍മയടക്കം. അതിപ്രാചീന അവശിഷ്ടങ്ങള്‍ തന്‍റെ വാദത്തിന്‍റെ തെളിവായി പ്രസ്താവിക്കുമ്പോള്‍ തന്നെ ഇതിന്‍റെ സ്വീകാര്യതയില്‍ ഡാര്‍വിന്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സ്പിഷീസുകളും വംശനാശം സംഭവിച്ച ജന്തുവര്‍ഗങ്ങളും തമ്മില്‍ നടന്ന പരിണാമത്തിനിടക്ക് നിര്‍ണയിക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ധാരാളം ഇടനില ഇനങ്ങള്‍ (Intermidiate forms)) ഉണ്ടാവാം എന്ന് പ്രസ്താവിച്ച ഡാര്‍വിന് അതിനെ സാധൂകരിക്കാന്‍തക്ക തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല. നിയോ ഡാര്‍വിനിസ്റ്റുകള്‍ക്കും ഈ സമസ്യ പരിഹരിക്കാന്‍ ഇന്നോളമായിട്ടില്ല.

ഡാര്‍വിന്‍ പറഞ്ഞുവെച്ചതുപ്രകാരം ലക്ഷക്കണക്കിന് മധ്യരൂപ ഇടക്കണ്ണികള്‍ ലഭിക്കേണ്ട സ്ഥാനത്ത് യാഥാര്‍ത്ഥ്യം അംഗീകരിക്കപ്പെട്ട ഒന്നുപോലും ലഭ്യമായിട്ടില്ല. അത്തരം ജാള്യങ്ങളില്‍ നിന്ന് കുതറി രക്ഷപ്പെടാനാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐഡ എന്ന ആള്‍ക്കുരങ്ങിന്‍റെ ഫോസില്‍ ലഭിച്ചപ്പോള്‍ അതിനെ തങ്ങളുടെ മഹാവിജമായി പരിണാമവാദികള്‍ കൊട്ടിഘോഷിച്ചത്.


ഡാര്‍വിനുശേഷം ഫോസില്‍ പഠനം വളരെയേറെ വികസിച്ച ഈ സമയത്ത് ഫോസില്‍ ഗവേഷകരായ നൈല്‍സ് ഡ്രഡ്ജും സ്റ്റീഫന്‍ ജോ ഗോള്‍ഡും നടത്തിയ പഠനങ്ങള്‍ ഫോസില്‍ തെളിവുകള്‍ തീര്‍ത്തും നിരര്‍ത്ഥകമാണെന്ന് സൂചിപ്പിക്കുന്നുണ്ട്.

പ്രശസ്ത ഫോസില്‍ വിദഗ്ധന്‍ ഡേവിഡ് റൂപ്പിന്‍റെ നിരീക്ഷണം ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു: ‘ഫോസില്‍ പഠനം എത്രയോ വികസിച്ചിട്ടും ഡാര്‍വിനിസത്തിന്‍റെ പ്രാരംഭകാലത്തേക്കാള്‍ കൂടുതല്‍ ഉദാഹരണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.’ യഥാര്‍ത്ഥത്തില്‍ ഫോസില്‍ പഠനത്തിന്‍റെ വികാസം പരിണാമത്തെ സ്ഥിരീകരിക്കുന്നതിന് പകരം കൂടുതല്‍ നിരാകരിക്കുകയാണ് ചെയ്തത്.

ഡിഎഎ തെളിവുകളും പരിണാമവാദികളും

ജീന്‍ എന്ന പദം കൊണ്ട് ആധുനിക ജീവശാസ്ത്രം വിവക്ഷിക്കുന്നത് പ്രോട്ടീന്‍ ഉത്പാദന പ്രക്രിയയില്‍ പങ്ക് വഹിക്കുന്ന കോശത്തിലെ ഡിഎഎ തന്മാത്രയെയാണ്. ഒരു ജീവിയിലെ മൊത്തം ജീനുകളാണ് ജീനോം എന്നറിയപ്പെടുന്നത്.

തങ്ങളുടെ പല തെളിവുകളും തങ്ങള്‍ക്കുതന്നെ തിരിച്ചടിയായതിനാല്‍ പരിണാമവാദികള്‍ അത്യാവേശത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന തെളിവാണ് ജീനുകളുടെ സാദൃശ്യം. പ്രത്യേകിച്ച് ചിമ്പാന്‍സിയില്‍ നിന്ന് മനുഷ്യനിലേക്കുള്ള പരിണാമത്തില്‍ ഇവകള്‍ തമ്മിലുള്ള ജീനോം സാദൃശ്യത അവര്‍ വലിയതെളിവായി സമര്‍പ്പിക്കാറുണ്ട്. എന്നാല്‍ ഇത് എത്രകണ്ട് പരിണാമത്തെ പ്രാമാണികമാക്കുമെന്ന് കണ്ടറിയേണ്ടിവരും. കാരണം, ചിമ്പാന്‍സിയുടെയും മനുഷ്യന്‍റെയും ഡിഎന്‍എകള്‍ തമ്മില്‍ 75 ശതമാനം സാധ്യതയുണ്ടെന്ന് പ്രഘോഷിപ്പിക്കുന്നവരോട് ലളിതമായൊരു ചോദ്യം അങ്ങനെയെങ്കില്‍ യീസ്റ്റിന്‍റെ (Yeast) ഡിഎന്‍എയും മനുഷ്യന്‍റെ ഡിഎന്‍എയും തമ്മില്‍ 70 ശതമാനം സാദൃശ്യമുണ്ട് എന്നാണ്. വാഴയില്‍ ഏതാണ്ട് 50 ശതമാനം സാമ്യത മനുഷ്യ ഡിഎന്‍എയുമായുണ്ട്. ചില പ്രത്യേക മത്സ്യങ്ങളിലും ഡിഎന്‍എ സാമ്യത പഠനങ്ങള്‍ തെളിയിക്കുന്നു. അപ്പോള്‍ ചുരുങ്ങിയപക്ഷം ഇവകളും മനുഷ്യന്‍റെ പ്രപിതാക്കളാണെന്ന് സമ്മതിക്കേണ്ടിവരില്ലേ? അതുകൊണ്ടാണ് ഈ സാമ്യതാവാദം തീര്‍ത്തും മൗഢ്യമാണെന്ന് നിസ്സംശയം പറയാന്‍ കാരണം. ഇവിടെ ശാസ്ത്രീയ വീക്ഷണത്തില്‍ അറിയേണ്ട വസ്തുത ഡി.എന്‍.എയിലുള്ള മാറ്റം അതെത്ര ചെറുതാണെങ്കിലും വളരെ വലിയ മാറ്റമാണ്. ചുരുക്കത്തില്‍, ആധുനിക ശാസ്ത്രത്തിന്‍റെ വികാസവും പഠനങ്ങളും ആ പഴകിദ്രവിച്ച വാനരസിദ്ധാന്തത്തെ മണ്ണിട്ട് മൂടിക്കൊണ്ടിരിക്കുകയാണ്. അല്ലാഹുവാകുന്ന സ്രഷ്ടാവ് എല്ലാ ജീവികളെയും അവരവരായിട്ടുതന്നെ സൃഷ്ടിച്ചതാണെന്നതാണ് വസ്തുതയും യാഥാര്‍ഥ്യവും.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....