Monday, July 1, 2019

യുക്തിവാദം'ഏകദൈവ വിശ്വാസത്തിന്‍റെ ചരിത്രവഴി

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
ഏകദൈവ വിശ്വാസത്തിന്‍റെ ചരിത്രവഴി● സ്വാലിഹ് ഇകെ കളരാന്തിരി 0 COMMENTS
ekadaiva vishwasam - malayalam
ഏകദൈവ വിശ്വാസത്തിന് മനുഷ്യരാശിയോളം പഴക്കമുണ്ട്. അറിയപ്പെട്ട നാഗരികതകളുടെയും സംസ്കാരത്തിന്‍റെയും ചരിത്ര രേഖകളിലെല്ലാം വിശ്വാസത്തിന് അതിപ്രാധാന്യം കല്‍പിച്ചതായി പഠനങ്ങള്‍ കാണിക്കുന്നു. മനുഷ്യര്‍ക്കിടയില്‍ വിശ്വാസത്തിന് എല്ലാ കാലവും സ്വാധീനവും പരിഗണനയും ഉണ്ടായിട്ടുണ്ട്. കണ്ടെടുക്കപ്പെട്ട പുരാതന രേഖകളിലെല്ലാം വിശ്വാസത്തെ പറ്റിയുള്ള സൂചനകള്‍ കാണാം. മോഹന്‍ജദാരോ, ഹാരപ്പ എന്നിവിടങ്ങളില്‍നിന്ന് കുഴിച്ചെടുത്ത രേഖകളില്‍ വിശ്വാസത്തെപ്പറ്റി പറയുന്നുണ്ട്. പുരാതന സംസ്കാരം നിലനിന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ ജനപഥങ്ങള്‍ക്കിടയില്‍ ഏകദൈവ വിശ്വാസത്തിന് ഉപോല്‍ബലകമായ തെളിവുകളുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ദക്ഷിണ മെസപ്പെട്ടോമിയയില്‍ ജീവിച്ചിരുന്ന 5000 കൊല്ലം പഴക്കമുള്ള സുമേരിയന്‍ ജനതയും ആക്കേസിയന്‍  സമുദായവും ശമ്മാസ്(സൂര്യന്‍), നന്നാര്‍(ചന്ദ്രന്‍) എന്നിവയെ ആരാധിച്ചിരുന്നില്ലെന്നും ഏക ദൈവത്തെയാണ് ആരാധിച്ചിരുന്നതെന്നും മൗലാനാ അബുല്‍കലാം ആസാദ് രേഖപ്പെടുത്തിയിട്ടുണ്ട്. പുരാതന ഗ്രീക്കില്‍ നിന്നുള്ള വിശ്വാസ തെളിവുകളനുസരിച്ച് അരിസ്റ്റോട്ടില്‍ തുടക്കവും ഒടുക്കവുമില്ലാത്ത ഒരു ദൈവത്തില്‍ വിശ്വസിച്ചിരുന്നു. പ്ലോട്ടിനസ് ഏകനായ ഒരു ദൈവത്തെ വിഭാവനം ചെയ്തിരുന്നു. പ്ലാറ്റോയുടെ ദര്‍ശനങ്ങളിലും ദൈവ പരാമര്‍ശങ്ങളുണ്ടായിട്ടുണ്ട്.

19-ാം നൂറ്റാണ്ടില്‍ ഡാര്‍വിനിസത്തിന് കിട്ടിയ ജനശ്രദ്ധയും അംഗീകാരവും നിമിത്തം മനുഷ്യന്‍റെ ചിന്തയും കര്‍മവുമെല്ലാം പരിണാമവിധേയമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. അത്കൊണ്ട് ദൈവ വിശ്വാസത്തെപ്പറ്റിയുള്ള പഠനങ്ങളും ആ നിലക്ക് നീങ്ങി. അങ്ങനെ പൊതുവെയുള്ള പ്രകൃതിപ്രതിഭാസങ്ങളെ കുറിച്ച് മനുഷ്യര്‍ വച്ച്പുലര്‍ത്തിയ ചില ധാരണകളില്‍ നിന്നാണ് മതവിശ്വാസം ഉടലെടുക്കുന്നതെന്ന് ചില പണ്ഡിതന്മാര്‍ നിഗമനം ചെയ്തു. പത്തൊമ്പതാം ശതകത്തോടെ അത് ഒരു സ്വതന്ത്ര പഠന ശാഖയായി വികസിച്ചു. എന്നാല്‍ വിശ്വാസത്തെ പറ്റിയുള്ള ഇത്തരം സൈദ്ധാന്തിക വായനകളെല്ലാം തെറ്റാണെന്ന് ഇപ്പോഴുള്ള പഠനങ്ങള്‍ കാണിക്കുന്നു. സമകാലിക ഗവേഷകര്‍ ബഹുദൈവ ദര്‍ശനത്തില്‍ നിന്ന് തുടങ്ങി പടിപടിയായി മനുഷ്യന്‍ ഏകദൈവ വിശ്വാസത്തില്‍ എത്തിപ്പെടുകയായിരുന്നുവെന്ന പരിണാമ വാദത്തെ നിരാകരിക്കുന്നുണ്ട്. മാത്രമല്ല, മനുഷ്യന്‍റെ ആദ്യകാല ദൈവാനുഭവം ഏകദൈവത്തില്‍ അടിസ്ഥാനപ്പെട്ടതായിരുന്നുവെന്നും സ്ഥിരീകരിക്കുന്നുണ്ട്.


മനുഷ്യനില്‍ സ്വതന്ത്രമായ ഒരാത്മീയ ജീവിതത്തെപ്പറ്റിയുള്ള സങ്കല്‍പം നിലനില്‍ക്കുന്നു. ഈ സങ്കല്‍പം പുരോഗമിക്കുകയും വിശ്വാസമായി രൂപാന്തരപ്പെട്ട് ദൈവാസ്തിക്യവും മറ്റ് സങ്കല്‍പങ്ങളും രൂപപ്പെടുത്തിയതാണെന്നും 1872-ല്‍ ുൃശാശശ്ലേ രൗഹൗൃലേ എന്ന ഗ്രന്ഥം രചിച്ച ഇബി ടൈലര്‍ നിരീക്ഷിക്കുകയുണ്ടായി. എന്നാല്‍ ഈ വാദത്തെ ശക്തിയുക്തം എതിര്‍ത്തുകൊണ്ട് പ്രകൃതിപ്രതിഭാസങ്ങളുടെ ആകര്‍ഷണ-വികര്‍ഷണ സ്വാധീനമാണ് മനുഷ്യരില്‍ വിശ്വാസത്തിന് ജന്മം നല്‍കിയതെന്ന് വാദിച്ച് മൃമെേഹ മിറ ിമൗൃമേഹ ാ്യവേീഹീഴശെേെ രംഗത്ത് വന്നു. ഈ രണ്ട് വാദങ്ങളില്‍ നിന്നും വ്യതിരിക്തമായി 1885-ല്‍ റോബര്‍ട്ട് സണ്‍ സ്മിത്ത് അവതരിപ്പിച്ച ീമോേശാത്തെില്‍ മനുഷ്യന്‍ ആദ്യകാലങ്ങളില്‍ പല ജീവികളുമായി ഇടപഴകി ജീവിക്കേണ്ടി വന്നതിനാല്‍ അവയെ വന്ദിക്കാനും ബഹുമാനിക്കാനും ഇടയായെന്നും ക്രമേണ വിശ്വാസത്തിന്‍റെയും പൂജകളുടെയും തലത്തിലേക്ക് ഈ വന്ദനയും ബഹുമാനവും വഴിമാറുകയായിരുന്നുവെന്നും റോബര്‍ട്ട് സണ്‍ വ്യാഖ്യാനിക്കുകയുണ്ടായി. വിയന്നാ യൂണിവേഴ്സിറ്റിയിലെ പ്രഫസര്‍ ഷിമിറ്റ് (രെവാശേേ) അദ്ദേഹത്തിന്‍റെ വേല ീൃശഴശി മിറ ഴൃീൗവേ ീള ൃലഹശഴശീി എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു.


‘നരവംശ ശാസ്ത്രത്തിന്‍റെ സാമ്രാജ്യത്തില്‍ പഴയ പരിണാമ പ്രസ്ഥാനം പാപ്പരായിരിക്കുന്നു. വലിയ ഒരുക്കത്തോട് കൂടി ആ പ്രസ്ഥാനം നൂറ്റുണ്ടാക്കിയെടുത്ത മനോഹരവും സുദീര്‍ഘവുമായ നൂലിഴകള്‍ പുതിയ ചരിത്രസാക്ഷ്യങ്ങളുടെ വെളിച്ചത്തില്‍ വിമര്‍ശന ദൃഷ്ട്യാ പൊട്ടിത്തകര്‍ന്ന് കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു. അതിപുരാതനമായ മാനവ സംസ്കാരങ്ങളിലെ പരാശക്തി ഏകനായ സാക്ഷാല്‍ ദൈവം തന്നെയായിരുന്നു. അവയുള്‍ക്കൊള്ളുന്ന മതം ശുദ്ധമായ ഏകദൈവത്തില്‍ അധിഷ്ഠിതമായ മതവുമാണ്’. ഇങ്ങനെ ലോകത്തിലെ മുഴുവന്‍ പുരാണ ഗ്രന്ഥങ്ങളിലും പഠനങ്ങളിലും നിരീക്ഷണങ്ങളിലും വിശ്വാസത്തെ പ്രതിയുള്ള ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും ഒരുമിച്ച് ജീവിച്ച മനുഷ്യരില്‍ കണ്ടെത്തിയ ചില മനോഭാവ വൈകല്യങ്ങളാണ് ഏകത്വബഹുത്വ ചേരിതിരിവിലേക്ക് വഴിനടത്തിയതെന്നും വ്യക്തമായി. എന്നിരിക്കെ വര്‍ത്തമാനകാലത്തിന്‍റെ  വിദൂരതയില്‍ നിന്ന് വിവേകമുള്ള നിഷ്പക്ഷമതികള്‍ നിരീക്ഷിക്കുമ്പോള്‍ പ്രകൃതി പൂജയാണോ ഏകദൈവത്വമാണോ ആദ്യമുണ്ടായത് എന്നതിലും വസ്തുത ഏതാണ് എന്നതിലും മാത്രമാണ് ഇനി ആലോചിക്കാനുള്ളത്.


നിരര്‍ത്ഥകമായ ത്രിയേകത്വം

വ്യത്യസ്ത ദൈവസങ്കല്‍പം വച്ചുപുലര്‍ത്തുന്നവരാണ് ജനം. ഏക-ദ്വൈത-ത്രിത്വസങ്കല്‍പങ്ങളും ദൈവമില്ലെന്ന അപക്വ ധാരണയും ബഹുദൈവ വിശ്വാസവും നിലവിലുണ്ട്. ക്രൈസ്തവ ദൈവസങ്കല്‍പം പൊതുവെ ത്രിത്വമാണ്. അതായത് പിതാവായ ദൈവം, പുത്രനായ ദൈവം, പരിശുദ്ധാത്മാവായ ദൈവം. ഈ മൂന്ന് വ്യക്തിത്വങ്ങള്‍ ഒന്നായാണ് ഏകനാം ദൈവം എന്ന് അവര്‍ വിശ്വസിക്കുന്നു. അഥവാ ദൈവം ഒന്നാണ്, എങ്കിലും മൂന്നാണ്. ബൈബിളിന്‍റെ വരികള്‍ നേര്‍ക്കുനേര്‍ കണ്ണോടിച്ചാല്‍ തന്നെ ഏകത്വത്തെ  ഉറപ്പിക്കുന്ന നിരവധി വാക്യങ്ങളുണ്ട്.

ചിലത് കാണുക: ‘കര്‍ത്താവ് തന്നെ ദൈവമെന്നും അവനല്ലാതെ മറ്റൊരു ദൈവമില്ലെന്നും നീ ഗ്രഹിക്കാനാണ് ഇവയെല്ലാം നിനക്ക് കാട്ടിത്തന്നത്’ (ആവര്‍ത്തനം 6:4), ‘ഞാനല്ലാതെ മറ്റൊരു ദൈവമില്ല’ (ആവര്‍ത്തനം 32:39), ‘കര്‍ത്താവാണ് ദൈവമെന്നും മറ്റൊരു ദൈവമില്ലെന്നും അങ്ങനെ ഭൂമിയിലെ ജനങ്ങള്‍ മനസ്സിലാക്കട്ടെ’ (രാജാക്കന്മാര്‍ 8:60). ഏകത്വത്തെ ഉറപ്പിക്കുന്ന ഏതാനും ബൈബിള്‍ ഉദാഹരണങ്ങളാണിവ. ക്രൈസ്തവര്‍ അടിസ്ഥാനപരമായി ഏകദൈവ വിശ്വാസികളായിരുന്നുവെന്ന് വ്യക്തം.


ഹൈന്ദവ സങ്കല്‍പങ്ങള്‍

ലോകത്ത് ഇന്നുള്ള മതങ്ങളുടെയെല്ലാം ലിഖിത രേഖകളും  ആധികാരിക ഗ്രന്ഥങ്ങളും പരിശോധിച്ചാല്‍ ഒട്ടനവധി വൈരുദ്ധ്യാത്മക സങ്കല്‍പങ്ങളും ആശയങ്ങളും കാണാം. ക്രൈസ്തവ വേദങ്ങളിലേത് പോലെ ഹൈന്ദവ ഗ്രന്ഥങ്ങളിലും അവരുടെ വിശ്വാസത്തിനെതിരായി ഏക ദൈവത്വത്തെ ഉറപ്പിക്കുന്ന ആശയങ്ങളും വചനങ്ങളുമുണ്ട്. വര്‍ഗബോധത്തിന്‍റെയും വര്‍ണവ്യത്യാസത്തിന്‍റെയും വിചാരങ്ങള്‍ക്ക് പുതിയ രൂപം നല്‍കി നിലവാരത്തിനൊത്ത ദൈവങ്ങളെ തരംതിരിച്ച് നല്‍കുന്നത് ബുദ്ധിപരമല്ലല്ലോ. മുപ്പത്തിമുക്കോടി ദൈവങ്ങളെ ഇപ്പോള്‍ ആരാധിക്കുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി ഹൈന്ദവ ഗ്രന്ഥങ്ങളും ഏകദൈവത്വമാണ് പഠിപ്പിക്കുന്നത്.

ഏകത്വത്തെ സൂചിപ്പിക്കുന്ന വചനങ്ങളില്‍ നിന്ന് ലളിതമായ ഒരു ഉദാഹരണം നോക്കാം. ഭഗവത് ഗീതയുടെ വിശദീകരണത്തില്‍ ‘പ്രപഞ്ചസൃഷ്ടി ആരംഭിക്കുന്നതിനു മുമ്പ് ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, മറ്റൊന്നുമുണ്ടായിരുന്നില്ല. എന്നെ അപ്പോള്‍ പരബ്രഹ്മം എന്നും ചില്‍സ്വരൂപിയെന്നും സംവില്‍സ്വരൂപിയെന്നും പറഞ്ഞിരുന്നു’ എന്ന വചനത്തിന്‍റെ ബാഹ്യാര്‍ത്ഥംതന്നെ ഏകത്വത്തിലേക്ക് സൂചനയാണ്. ദൈവം പ്രപഞ്ചത്തില്‍നിന്ന് ഭിന്നവും ഏകവും ആണെന്നതിന് ‘ന തത്ര സൂര്യോം ഭാതി ന ചന്ദ്ര താരകം.

നേ മാ വിദ്യുതോ ഭാന്തി കുതോ യമഗ്നി:

തമേവ ഭാന്തമനുഭാതി സര്‍വ്വം

തസ്യ ഭാസാ സര്‍വ്വമിദം വിഭാതി’.

(ഈ ബ്രഹ്മത്തിനു മുമ്പില്‍ സൂര്യചന്ദ്രാദികളോ നക്ഷത്രങ്ങളോ മിന്നലുകളോ പ്രകാശിക്കുന്നില്ല. പിന്നെ ഭൗമികമായ അഗ്നിയുടെ കാര്യം പറയാനുണ്ടോ? സ്വപ്രകാശിതമായ അതിനെ അനുസരിച്ചാണ് ഇവയെല്ലാം പ്രകാശിക്കുന്നത്. അതിന്‍റെ പ്രകാശം കൊണ്ടാണ് അവയ്ക്കെല്ലാം പ്രകാശം ഉണ്ടാകുന്നത്) എന്ന വചനം തെളിവാണ്.

ദ്രവ്യമോ ദ്രവ്യേതരമോ ആയ ജൈവ-അജൈവ വസ്തുക്കളില്‍ പലതും ദൈവമാണെന്ന് പഠിപ്പിക്കുകയും അതിനെ ഏറ്റെടുത്ത് ആരാധിക്കുകയും ചെയ്യുന്ന മതങ്ങളുടെ പ്രാമാണിക ഗ്രന്ഥങ്ങളില്‍ തന്നെ ഏകദൈവത്വ ആശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍, ദേവന്മാരെന്നും രക്ഷിതാവെന്നും വിളിച്ച് ദൈവാസ്തിക്യം നല്‍കി പുകഴ്ത്തപ്പെടുന്നതൊന്നും  ദൈവമല്ലെന്ന് വ്യക്തമാണ്. മാത്രമല്ല ‘പ്രപഞ്ചസൃഷ്ടിക്ക് മുമ്പ് ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ’ എന്ന വചനവും ‘കര്‍ത്താവിന് തുല്യമായി മറ്റാരുമില്ലെന്ന’ മോശയുടെ വാക്കും ഇന്നും വിശുദ്ധവേദം പറയുന്നു. അന്ധമായ ചില പ്രകൃതങ്ങളില്‍ നിന്നും ഉടലെടുത്ത പിഴച്ച ആശയമാണ് ബഹുദൈവത്വമെന്നും ദൈവം ഒന്ന് മാത്രമാണെന്നുമുള്ള ഉറച്ച വിശ്വാസത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്.


ഏകത്വം

ദൈവത്തിന്‍റെ സമ്പൂര്‍ണമായ ഏകത്വമാണ് ഖുര്‍ആന്‍ വിഭാവനം ചെയ്യുന്നത്: ‘നിങ്ങളുടെ ആരാധ്യന്‍ ഏകനാകുന്നു. പരമകാരുണ്യവാനും കരുണാപരനുമായ അവനല്ലാതെ ആരാധനക്കര്‍ഹന്‍ വേറെയില്ല’ (അല്‍ബഖറ163), ‘അല്ലാഹുവിന് പങ്കാളികളെ കല്‍പ്പിക്കുന്നവന്‍ ആകാശത്ത് നിന്ന് വീണത് പോലെയാണ്. അവനെ പക്ഷികള്‍ കൊണ്ടുപോകുന്നു. അല്ലെങ്കില്‍ കാറ്റ് ഏതെങ്കിലും വിദൂരസ്ഥലത്തേക്ക് അവനെ കൊണ്ടുപോയി തള്ളുന്നു’ (അല്‍ഹജ്ജ് 31).

‘പറയുക, അവര്‍ പറയുന്നത് പോലെ അവന്‍റെ കൂടെ വേറെ ദൈവങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ സിംഹാസനാധിപന്‍റെ അടുക്കലേക്ക് വല്ല മാര്‍ഗവും തേടുമായിരുന്നു. അവര്‍ പറയുന്നതില്‍ നിന്നെല്ലാം അല്ലാഹു പരിശുദ്ധനും ഉന്നതനുമാണ്’ (ഇസ്റാഅ്: 42).


ഇങ്ങനെ അല്ലാഹുവിന് പങ്കാളിയും സമന്മാരുമില്ലെന്ന് അറിയിക്കുന്ന ഖുര്‍ആനിക സൂക്തങ്ങള്‍ നിരവധി കാണാം: ‘അല്ലാഹുവിനോടൊപ്പം  വേറെ ദൈവങ്ങളെ ആരാധിക്കുന്നവന് ഒരു അടിസ്ഥാന രേഖയുമില്ല (മുഅ്മിനൂന്‍ 117).

ഏകത്വത്തെ ബൗദ്ധികമായി അവതരിപ്പിക്കുമ്പോള്‍ തന്നെ ബഹുദൈവത്വം ശക്തമായി നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. മനുഷ്യോല്‍പത്തി മുതല്‍ പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചതായും അവര്‍ അല്ലാഹുവിനെ ആരാധിക്കണമെന്ന് ഉദ്ബോധിപ്പിച്ചതായും ഏകദൈവത്വം ചരിത്രപരമായ ഒരു സത്യമാണെന്നും ഖുര്‍ആന്‍ പല സ്ഥലത്തും പഠിപ്പിക്കുന്നുണ്ട്.

‘മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. പിന്നീട് സന്തോഷവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നല്‍കുന്നവരുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. ജനങ്ങള്‍ക്കിടയില്‍ സംശയാസ്പദമായ കാര്യങ്ങളെ പരിഹരിക്കുന്നതിന് അവര്‍ക്ക് വേദഗ്രന്ഥങ്ങളും നല്‍കി. വേദം നല്‍കിയവര്‍ തന്നെയാണ് വ്യക്തമായ തെളിവുകളുണ്ടായിട്ടും ഭിന്നിക്കുന്നത്. എന്നാല്‍ ഭിന്നിച്ച് അകന്നുപോയ ജനങ്ങളെ അല്ലാഹുവിന്‍റെ ഹിതമനുസരിച്ച് അവന്‍ സത്യത്തിലേക്ക് വഴിനടത്തി. അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിക്ക് നടത്തുന്നു’ (അല്‍ബഖറ 213).  ‘നിശ്ചയമായും എല്ലാ സമുദായത്തിലും നാം ദൂതനെ അയച്ചിട്ടുണ്ട്. അവരെല്ലാം അറിയിച്ചത് നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക, വ്യാജ ദൈവങ്ങളെ കൈവെടിയുക എന്നായിരുന്നു’ (അന്നഹ്ല്‍ 36), ‘ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ നിങ്ങളെന്നെ ആരാധിക്കുക എന്ന സന്ദേശം നല്‍കിയല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല’ (അമ്പിയാഅ് 25).


ഏകദൈവത്വം ഒരു ചരിത്ര യാഥാര്‍ത്ഥ്യമാണെന്ന് കാണിക്കാന്‍ ഓരോ പ്രവാചകന്മാരുടെയും കഥകള്‍ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്: ‘നൂഹി(അ)നെ നാം തന്‍റെ ജനതയിലേക്ക് ദൂതനായി നിയോഗിച്ചു. അദ്ദേഹം പറഞ്ഞു; എന്‍റെ ജനങ്ങളേ, അല്ലാഹുവെ വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്ക് വേറെ ആരാധ്യനില്ല’ (അല്‍മുഅ്മിനൂന്‍ 23).

‘പിന്നീട് അവര്‍ക്കു ശേഷം നാം മറ്റൊരു തലമുറയെ വളര്‍ത്തിക്കൊണ്ടുവന്നു. അങ്ങനെ അവരില്‍ നിന്നുള്ള ഒരു ദൂതനെ തന്നെ അവരിലേക്ക് അയച്ചു. അദ്ദേഹം പറഞ്ഞു; നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക, അവനല്ലാതെ നിങ്ങള്‍ക്ക് വേറെ ആരാധ്യനില്ല. നിങ്ങള്‍ സൂക്ഷ്മത കാണിക്കുന്നില്ലേ?’ (അല്‍മുഅ്മിനൂന്‍ 32).

‘ഈസാ നബി പറഞ്ഞു: സംശയമില്ല, അല്ലാഹു എന്‍റെയും നിങ്ങളുടെയും നാഥനാകുന്നു. അതിനാല്‍ അവനെ ആരാധിക്കുക’ (മറിയം 36).

യൂസഫ് നബി(അ) ജയിലില്‍വച്ച് കൂട്ടുകാരോട് പറഞ്ഞ കാര്യങ്ങള്‍ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. അതില്‍ ദൈവദര്‍ശനം മുന്നിട്ടുനില്‍ക്കുന്നു.

‘എന്‍റെ പിതാക്കളായ ഇബ്റാഹീം, ഇസ്ഹാക്ക്, യഅ്ഖൂബ് എന്നിവരുടെ മാര്‍ഗം ഞാന്‍ പിന്തുടര്‍ന്നിരിക്കുന്നു. അല്ലാഹുവിനോട് ഒന്നിനെയും പങ്കുചേര്‍ക്കുന്നത് ഞങ്ങള്‍ക്കൊരിക്കലും സാധ്യമല്ല. അല്ലാഹു ഞങ്ങള്‍ക്കും ജനങ്ങള്‍ക്കും നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതാണത്. പക്ഷേ, അധികമാളുകളും നന്ദി കാണിക്കുന്നില്ല. തടവറയിലെ കൂട്ടുകാരേ, പലപല ദൈവങ്ങളാണോ നല്ലത്; അതല്ല എല്ലാം അടക്കിഭരിക്കുന്ന അല്ലാഹുവോ? നിങ്ങളും നിങ്ങളുടെ പിതാക്കളും സ്വയം വിളിച്ച ചില പേരുകള്‍ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നത്. അല്ലാഹു അതിന് ഒരു രേഖയും ഇറക്കിയിട്ടില്ല. വിധിയുടെ തീരുമാനം അല്ലാഹുവിന് മാത്രമാണ്. അവനെ മാത്രമേ ആരാധിക്കാവൂ എന്ന് അവന്‍ കല്‍പിച്ചിരിക്കുന്നു. ഇതാണ് നേരായ മതം. പക്ഷേ അധികപേരും അറിയുന്നില്ല’ (യൂസുഫ് 38/40).

മേല്‍ സൂക്തങ്ങളില്‍ നിന്ന് മനുഷ്യരാശിയുടെ ആദ്യകാലം മുതല്‍തന്നെ ഏകദൈവത്വ ദര്‍ശനം പ്രാബല്യത്തില്‍ ഉണ്ടായിരുന്നുവെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാം.

ഇബ്റാഹീം(അ) ഏകദൈവത്തെ കുറിച്ച് പല തെളിവുകള്‍ മുഖേന സമൂഹത്തെ ഉദ്ബോധിപ്പിച്ചത് ഖുര്‍ആനില്‍ കാണാം. മനുഷ്യന്‍റെ ആദ്യകാലത്തുതന്നെ ഏകദൈവ ദര്‍ശനം പ്രബലമാണെന്ന ചരിത്രസത്യമാണ് ഖുര്‍ആന്‍ ബോധ്യപ്പെടുത്തുന്നത്. ഇപ്രകാരം, നരവംശ ശാസ്ത്രത്തിലെ ആധുനിക പഠനങ്ങളില്‍ നിന്നും ഏകദൈവത്വ ദര്‍ശനം ആദികാലത്തു തന്നെ നിലവിലുണ്ടായിരുന്നുവെന്ന് വ്യക്തമാവുന്നു. ഖുര്‍ആന്‍റെ ദൈവസങ്കല്‍പവും ആധുനിക നരവംശ ശാസ്ത്ര പഠനവും പരസ്പരം കൂട്ടിച്ചേര്‍ക്കുന്നതിലൂടെ ദൈവ ദര്‍ശനത്തെപ്പറ്റി പുതിയ തിരിച്ചറിവുകള്‍ നമുക്ക് കിട്ടുമെന്ന് പ്രത്യാശിക്കാം.

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...