Friday, April 20, 2018

കത്തുകള്‍.നബി(സ്വ) അയച്ച കത്തുകള്‍

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


നബി(സ്വ) അയച്ച കത്തുകള്‍● 0 COMMENTS

നബി(സ്വ)യും സ്വഹാബികളും മദീനയിലെത്തിയ ശേഷം പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ സുഗമമായിത്തീര്‍ന്നു. മദീനക്കകത്തുണ്ടായ സന്ധിയുടെ പശ്ചാത്തലത്തില്‍ അവിടെ സ്വൈരജീവിതത്തിനും പള്ളികളുടെ നിര്‍മാണത്തിനും മറ്റും ഈ അവസരം ഉപകാരപ്പെട്ടു. പക്ഷേ, മക്കക്കാരും അവരുമായി ബന്ധം സ്ഥാപിച്ചവരും അടങ്ങാത്ത വിരോധവും വിദ്വേഷവും വച്ചുപുലര്‍ത്തിയപ്പോള്‍ സ്വസുരക്ഷക്കായി മദീനക്കാര്‍ കരുതല്‍ നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുകയുണ്ടായി. നബി(സ്വ) നേരിട്ടും സ്വഹാബികള്‍ വഴിയും പ്രബോധന മുന്നേറ്റങ്ങള്‍ നടന്നുകൊണ്ടിരുന്നു.
പ്രവാചകരുടെ മദീനാ കാലഘട്ടത്തിന്റെ പകുതിയും കഴിഞ്ഞ ശേഷം കുറച്ചു സ്വഹാബികളൊന്നിച്ച് അവിടുന്ന് ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക് പുറപ്പെട്ടു. പക്ഷേ, വിവരമറിഞ്ഞപ്പോള്‍ മക്കക്കാര്‍ രോഷാകുലരായി. വിവരമറിയിക്കാനായി പ്രവാചകര്‍(സ്വ) പറഞ്ഞയച്ച ഉസാമ(റ)നെ അവര്‍ തടഞ്ഞുവെച്ചു. ഒരു യുദ്ധസാഹചര്യം രൂപപ്പെട്ടു. സ്വഹാബികള്‍ നബി(സ്വ)യോടൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ഉറപ്പുനല്‍കി. പക്ഷേ, നബി(സ്വ)യുടെ തന്ത്രപൂര്‍വമുള്ള ഇടപെടല്‍മൂലം യുദ്ധം ഒഴിവായി. ഒരു സമാധാനക്കരാറിന് കളമൊരുങ്ങി. ഇതാണ് പ്രസിദ്ധമായ ഹുദൈബിയ സന്ധി.
ഹുദൈബിയ സന്ധിയിലെ വ്യവസ്ഥകളില്‍ മക്കയില്‍ നിന്നും മദീനയിലേക്ക് വരുന്നവരെ തിരിച്ചയക്കണമെന്നതു കൂടിയുണ്ടായിരുന്നു. ഇത് സ്വഹാബികളില്‍ ചിലര്‍ക്ക് മനഃപ്രയാസമുണ്ടാക്കി. സത്യം വിശ്വസിച്ച് മദീനയില്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്ന വിശ്വാസികളെ തടസ്സപ്പെടുത്തുന്ന വ്യവസ്ഥയാണല്ലോ പ്രത്യക്ഷത്തില്‍ ഇത്. അപ്രകാരം ഹിജ്റയുടെ സമയത്ത് ദുര്‍ബലരും രോഗികളും ആയിരുന്നവര്‍ക്ക് പിന്നീട് മദീനയിലെത്തുന്നതിന് ഈ വ്യവസ്ഥ പ്രതിബന്ധമാണെന്നതും അവരെ ദുഃഖിപ്പിച്ചു. നബി(സ്വ) അവരെയെല്ലാം ശാന്തരാക്കി. വ്യവസ്ഥകള്‍ എഴുതപ്പെട്ടു. മക്കക്കാര്‍ ശഠിച്ച രൂപത്തില്‍ നബി(സ്വ) പേരെഴുതി ഒപ്പിട്ടു.
മക്കയില്‍ നിന്നും ആരും മദീനയിലേക്ക് വരുന്നത് അനുവദിച്ചുകൂടാ എന്ന വ്യവസ്ഥ തന്നെയാണ് പിന്നീട് സന്ധി തകരുന്നതിന് കാരണമായത്. പുതുതായി ഇസ്‌ലാമാശ്ലേഷിച്ച അബൂ ബസ്വീര്‍(റ) എന്ന സ്വഹാബി വര്യന്‍ നടത്തിയ ധീരമായ പ്രവര്‍ത്തനങ്ങളെ നബി(സ്വ) പ്രശംസിക്കുകയുണ്ടായി. മക്കക്കാരെ ഭീതിയിലാക്കാനും സന്ധിവ്യവസ്ഥയില്‍ അവര്‍ തന്നെ അയവ് വരുത്താനുമിതിടയാക്കി. മക്കയില്‍ നിന്നും മദീനക്കെതിരെ ഒരാക്രമണത്തിന്റെ സാധ്യതകള്‍ തന്നെ ഇല്ലാതായി. ഈ സന്ധിയുടെ ആദ്യ ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും നബി(സ്വ) സാഹചര്യത്തിന്റെ ആനുകൂല്യം നന്നായി ഉപയോഗപ്പെടുത്തി. ആദ്യഘട്ടത്തില്‍ നടത്തിയത് മദീനയുടെ പരിസരങ്ങളിലെ രാജാക്കന്മാര്‍ക്കും പ്രതിനിധികള്‍ക്കും കത്തയക്കുക എന്നതായിരുന്നു. രണ്ടാം ഘട്ടത്തില്‍ മക്കയില്‍ നിന്നല്ലാതെ മദീനക്കെതിരെ ഭീഷണിയുണ്ടാകുന്ന സാഹചര്യം ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.
ഹിജ്റ ആറാം വര്‍ഷം ദുല്‍ഖഅദ് മാസത്തിലാണ് ഹുദൈബിയ സന്ധി നടന്നത്. മദീനയില്‍ തിരിച്ചെത്തിയ ശേഷം അടുത്ത ദിവസങ്ങളില്‍ തന്നെ നബി(സ്വ) വിവിധ രാജ്യങ്ങളിലേക്കും പ്രവിശ്യകളിലേക്കും സന്ദേശങ്ങളുമായി ദൂതന്മാരെ അയച്ചു. നബി(സ്വ)യുടെ ആത്മവിശ്വാസവും ഇച്ഛാശക്തിയും പ്രകടിപ്പിക്കുന്നതായിരുന്നു ഈ പ്രവര്‍ത്തനം. അയല്‍നാടുകളിലെ ശക്തരും സജ്ജരുമായ ഭരണകര്‍ത്താക്കളുടെ മുമ്പില്‍ താന്‍ അന്ത്യപ്രവാചകനാണെന്നും താങ്കളും അനുയായികളും അല്ലാഹുവിനെയും എന്നെയും വിശ്വസിക്കണമെന്നുമായിരുന്നു സന്ദേശത്തിന്റെ കാതല്‍.
സാധാരണ നയതന്ത്രങ്ങളുടേതു പോലെ താല്‍ക്കാലികമോ ഭൗതികമോ ആയ നേട്ടത്തില്‍ അധിഷ്ഠിതമായിരുന്നില്ല ഈ ദൂതുകള്‍. ശക്തി കുറഞ്ഞ രാജ്യങ്ങളെയും പ്രവിശ്യകളെയും ഭീഷണിപ്പെടുത്തിയും പ്രലോഭനങ്ങള്‍ വഴിയും കീഴ്പ്പെടുത്തി അധീശത്വം ഉറപ്പാക്കുന്നതില്‍ കേന്ദ്രീകൃതമായ ബന്ധങ്ങളാണ് അന്നും ഇന്നും ലോകനീതി. അന്നത്തെ വന്‍ശക്തികളായ റോമിന്റെയും പേര്‍ഷ്യയുടെയും ആശ്രിത രാജ്യങ്ങളോ സഖ്യരാജ്യങ്ങളോ ആയിരുന്നു മിക്ക പ്രദേശങ്ങളും. അറേബ്യയെപ്പോലെ ചില പ്രദേശങ്ങള്‍ മാത്രമാണ് നാട്ടുരാജാക്കന്മാരുടെയും ഗ്രാമത്തലവന്മാരുടെയും നേതൃത്വത്തിലും നിയന്ത്രണത്തിലും വേറിട്ടുനിന്നിരുന്നത്. മക്കയില്‍ ഒന്നുകൂടി ഉന്നതമായ കാര്യനിര്‍വഹണ രീതികള്‍ നിലനിന്നിരുന്നു.
നബി(സ്വ)യുടെ ജന്മനാടും ഇസ്‌ലാമിന്റെ സന്ദേശം പ്രവാചകരില്‍ നിന്നു നേരിട്ടുതന്നെ കേള്‍ക്കാന്‍ അവസരമുണ്ടായ പ്രദേശവുമാണ് മക്ക. നബി(സ്വ)യെ കുറിച്ച് മനസ്സിലാക്കാനായപ്പോള്‍ കലവറയില്ലാതെ സ്വീകരിക്കാന്‍ തയ്യാറായ ജനതയാണ് മദീനക്കാര്‍. പരിസരങ്ങളിലെ ഗ്രാമമുഖ്യന്മാരിലേക്കും കുടുംബങ്ങളിലേക്കും പലപ്പോഴായി നബി(സ്വ) പ്രബോധന സംഘങ്ങളെ അയക്കുകയുണ്ടായി. മദീനയില്‍ സമാധാന സ്ഥിതിയുണ്ടായപ്പോള്‍ ഇതര നാടുകളിലേക്കും ചക്രവര്‍ത്തിമാരിലേക്കും പ്രബോധന സന്ദേശങ്ങള്‍ അയച്ചു.
അറബികളും അല്ലാത്തവരുമായ എട്ട് ഭരണാധികാരികളേക്കാണ് നബി(സ്വ) ദൂതന്മാരെയും സന്ദേശങ്ങളും അയച്ചത്. ഈ നടപടിയെ ചരിത്രകാരന്മാര്‍ ഇങ്ങനെ നിരീക്ഷിക്കുന്നു: പേര്‍ഷ്യന്‍, റോമന്‍ സാമ്രാജ്യങ്ങളും അവരുടെ വരുതിയില്‍ വരുന്ന പ്രദേശങ്ങളുമാണ് അന്ന് പൊതുവെ ഉണ്ടായിരുന്നതെന്നതിനാല്‍ തന്നെ നബി(സ്വ)യുടെ കത്തുകള്‍ ഒരേ സമയം ഈ രണ്ടു മഹാ ശക്തികളുടെ താല്‍പര്യത്തിനെതിരായിരുന്നു. ഇരു ശക്തികളെയും അത് പ്രകോപിപ്പിക്കുമെന്നുറപ്പാണ്. ഈ സാഹചര്യം മക്കക്കാരും മറ്റു അസംതൃപ്തരും ഉപയോഗപ്പെടുത്തുകയും ചെയ്യും. അതിന്റെയെല്ലാം പ്രത്യാഘാതം വളരെ വലുതായിരിക്കാം. എന്നാല്‍ ഇത്തരം ഭയാശങ്കകള്‍ക്കൊന്നും വശംവദനാവാതെ എല്ലാവരിലേക്കും ഒരേ സമയം തന്നെ സന്ദേശമെത്തിക്കുകയായിരുന്നു നബി(സ്വ).
ആത്മീയ മൂല്യങ്ങള്‍ നഷ്ടപ്പെട്ട് ഭൗതികതയില്‍ മാത്രം അടിസ്ഥാനപ്പെട്ട പ്രവര്‍ത്തനവും നിലപാടും സ്വീകരിച്ചുവരുന്ന രണ്ടു സാമ്രാജ്യത്വശക്തികളും പരസ്പരം പോരടിച്ചു ജയിച്ചും തോറ്റും കഴിഞ്ഞുവരുമ്പോഴാണ് നബി(സ്വ)യുടെ ദൂതന്മാരും സന്ദേശങ്ങളും അവിടങ്ങളിലേക്ക് ചെല്ലുന്നത്. കത്തിനോട് അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചവരുണ്ട്. പിന്നീട് മൂന്ന് ദശാബ്ദങ്ങള്‍ പിന്നിടുമ്പോള്‍ ഈ പ്രദേശങ്ങളെല്ലാം ഇസ്‌ലാമിക നാടുകളായി മാറിക്കഴിഞ്ഞുവെന്നാണ് ചരിത്രം. അവയില്‍ ചിലത് നബി(സ്വ)യുടെ കത്തിനോട് പ്രതികരിച്ച ഹീനമായ രീതിക്കനുസൃതമായ വില കൊടുക്കേണ്ടിയും വന്നിട്ടുണ്ട്. പേര്‍ഷ്യയുടെ പതനം നബി(സ്വ)യുടെ കത്തിനോടുള്ള സമീപനത്തിനനുസരിച്ചായിരുന്നു. കത്ത് കീറിയതറിഞ്ഞ് അവിടുന്ന് “അല്ലാഹു അയാളുടെ നാടും പിച്ചിച്ചീന്തട്ടെ’ എന്നു പ്രാര്‍ത്ഥിക്കുകയുണ്ടായി.
നബി(സ്വ) സ്വഹാബികളോടു പറഞ്ഞു: “നിശ്ചയം, അല്ലാഹു എന്നെ ജനങ്ങള്‍ക്കാകമാനം അനുഗ്രഹമായി നിയോഗിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ എനിക്കുവേണ്ടി കാര്യങ്ങള്‍ നിര്‍വഹിക്കണം. അല്ലാഹു നിങ്ങള്‍ക്ക് കാരുണ്യം ചൊരിയട്ടെ. ഈസാനബി(അ)നോട് ഹവ്വാരികള്‍ (അപ്പോസ്തലന്മാര്‍) ചെയ്തതുപോലെ നിങ്ങള്‍ വ്യത്യസ്ത രൂപത്തില്‍ പ്രതികരിക്കരുത്. ഞാനിപ്പോള്‍ നിങ്ങളോടാവശ്യപ്പെട്ടതു പോലെയുള്ള കാര്യം ഈസാ(അ) അവരോടാവശ്യപ്പെട്ടു. അടുത്ത ദേശങ്ങളിലേക്ക് നിര്‍ദേശിക്കപ്പെട്ടവര്‍ അതംഗീകരിച്ചു പ്രവര്‍ത്തിച്ചു. എന്നാല്‍ അകലങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവര്‍ നീരസം പ്രകടിപ്പിക്കുകയായിരുന്നു. ഈസാ(അ) പ്രാര്‍ത്ഥിച്ചതുമൂലം നേരം പുലര്‍ന്നപ്പോള്‍ അവരെല്ലാവരും നിയോഗിക്കപ്പെട്ട സമൂഹത്തിന്റെ ഭാഷ പഠിപ്പിക്കപ്പെട്ടവരായി മാറി. അപ്പോള്‍ ഈസാ(അ) അവരോട് പറഞ്ഞു: ഇത് അല്ലാഹുവിന്റെ തീരുമാനമാണ്. അതിനാല്‍ പോയി ഉത്തരവാദിത്തം നിര്‍വഹിക്കുക. നബി(സ്വ) ഇതു വിവരിച്ചുകഴിഞ്ഞപ്പോള്‍ സ്വഹാബികള്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അങ്ങ് നിയോഗിച്ചോളൂ. അങ്ങുദ്ദേശിച്ചിടത്ത് ഞങ്ങള്‍ അങ്ങേല്‍പിക്കുന്ന ഉത്തരവാദിത്തം നിര്‍വഹിച്ചുകൊള്ളാം (ത്വബ്റാനി).
അന്യദേശത്തേക്ക് ദൂതനായി പോവുക പലര്‍ക്കും സ്വാഭാവികമായും അനിഷ്ടകരമായിരിക്കും. എന്നാല്‍ നബി(സ്വ)യെ സംബന്ധിച്ചിടത്തോളം അനുയായികള്‍ അതേറ്റെടുക്കില്ലെന്ന ആശങ്കയൊട്ടുമുണ്ടായിരുന്നില്ല. എങ്കിലും അവരുടെ മനോഗതി പ്രകടമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. പുറത്തുനിന്നുള്ള നിര്‍ദേശത്തേക്കാള്‍ സ്വന്തത്തില്‍ നിന്നു തന്നെ സന്നദ്ധതയുണ്ടാക്കുന്നതിനും അത് നിദാനമായി. അയല്‍രാജ്യങ്ങളെയും അവിടെയുള്ള ചക്രവര്‍ത്തിമാരെയും നേതാക്കളെയും നേരത്തെ അറിയാത്തവരാണ് സ്വഹാബികള്‍. അതൊന്നും നബി(സ്വ) നിര്‍ദേശിക്കുന്ന പ്രബോധന ദൗത്യം ഏറ്റെടുക്കാനവര്‍ക്ക് തടസ്സമായില്ല. അവര്‍ നിറഞ്ഞ മനസ്സോടെ അതേറ്റെടുത്തു. നേതാവിന്റെ ആത്മവിശ്വാസത്തിന് കരുത്തുപകരുന്ന അനുയായികള്‍.
ഔദ്യോഗിക കത്തുകളയക്കുമ്പോള്‍ അതില്‍ സീല്‍ വെക്കുമല്ലോ. കത്തിനു ആധികാരികതയും ഔദ്യോഗികതയും ഉറപ്പുവരുത്താനാണിത്. വല്ല സന്ദേശവും ലഭിച്ചാല്‍ രാജാക്കന്മാര്‍ പരിഗണിക്കണമെങ്കില്‍ തന്നെ മുദ്രവെച്ചതായിരിക്കണം. തങ്ങള്‍ സന്ദേശം വായിക്കും മുമ്പ് മറ്റാരും ഉള്ളടക്കം അറിഞ്ഞിരിക്കരുതെന്ന നിലപാടായിരുന്നു അവര്‍ക്ക്. നബി(സ്വ)യുടെ കത്തു പരിഗണിക്കപ്പെടാതിരിക്കരുതല്ലോ. അതിനാല്‍ ഒരു മുദ്ര നിര്‍മിക്കപ്പെട്ടു. മോതിരങ്ങളായിരുന്നു അക്കാലത്ത് മുദ്രയായി ഉപയോഗിക്കപ്പെട്ടിരുന്നത്. നബി(സ്വ)ക്കുവേണ്ടി അത്തരമൊരു മോതിരം നിര്‍മിക്കപ്പെട്ടു. അതില്‍ മൂന്ന് വരികളിലായി മുഹമ്മദ്, റസൂല്‍, അല്ലാഹു എന്നു കൊത്തിവെച്ചിട്ടുണ്ടായിരുന്നു. മുദ്രകള്‍ കൂടുതലുണ്ടായി തിരിച്ചറിയപ്പെടാത്ത അവസ്ഥ വരാതിരിക്കുന്നതിന് ഇതേ വാചകം മുദ്രണം ചെയ്ത മോതിരം നബി(സ്വ) നിരോധിക്കുകയും ചെയ്തിരുന്നു.
കോണ്‍സ്റ്റാന്‍റിനോപ്പിളിലെ കൈസര്‍ ചക്രവര്‍ത്തിയായിരുന്ന ഹിറാക്ലിയസ്, ഈജിപ്തിലെ മുഖൗഖിസ് (കൈറൂസ്), ശാമിലെ ഹാരിസ്ബ്നു അബീ ശംറില്‍ ഗസ്സാനി (ഹാരിസും കൈറൂസും റോമന്‍ സാമ്രാജ്യത്തിന്റെ പ്രതിനിധികളായിരുന്നു), പേര്‍ഷ്യന്‍ ചക്രവര്‍ത്തി കുസ്റു (കുസ്റൂസ്), എത്യോപ്യയിലെ നജ്ജാശി എന്നിവരുടെ അടുത്തേക്കും താരതമ്യേന അടുത്ത പ്രദേശവും ജസീറതുല്‍ അറബില്‍ പെട്ടതുമായ ബഹ്റൈന്‍, ഒമാന്‍, യമാമ എന്നിവിടങ്ങളിലെ ഭരണാധികാരികള്‍ക്കും നബി(സ്വ) ദൂതന്മാര്‍ മുഖേന സന്ദേശങ്ങള്‍ എത്തിക്കുകയുണ്ടായി.
മുഖൗഖിസ്
മിസ്റില്‍ മുഖൗഖിസിന്റെ അടുത്തേക്കയച്ചത് ഹാത്വിബ്ബ്നു അബീ ബല്‍ത്വഅത്(റ)നെയായിരുന്നു. മുഖൗഖിസ് കത്തും പ്രതിനിധിയെയും മാന്യമായി സ്വീകരിച്ചു. ദൂതനുമായി സംസാരിച്ചു. എന്നിട്ട് ഹാത്വിബ്(റ)ന്റെ അടുത്ത് നബി(സ്വ)ക്ക് ഒരു കത്ത് കൊടുത്തയച്ചു. അതില്‍ നബി(സ്വ)യുടെ നിയോഗത്തെയും ഒരു പ്രവാചക പ്രതീക്ഷയിലായിരുന്നു തങ്ങളെന്നും സമ്മതിച്ചിരുന്നു. താന്‍ നബി(സ്വ)ക്ക് കൊടുത്തയക്കുന്ന സമ്മാനത്തെക്കുറിച്ചും അതില്‍ സൂചിപ്പിച്ചിരുന്നുവെന്നും ഇസ്‌ലാമിക ഈജിപ്തിന്റെ ചരിത്രകാരനായറിയപ്പെടുന്ന ഇബ്നു അബ്ദില്‍ ഹകീം ഉദ്ധരിച്ചത് മജല്ലതുല്‍ ഫൈസല്‍ റിയാള്, ലക്കം 55ല്‍ പരാമര്‍ശിച്ചിട്ടുണ്ട്.
“ആയിരം സ്വര്‍ണനാണയങ്ങളും മാരിയതുല്‍ ഖിബ്തിയ്യ അവരുടെ സഹോദരി സിറീന്‍ എന്നീ അടിമ സ്ത്രീകളും ദുല്‍ദുല്‍ എന്നറിയപ്പെട്ട കുതിരയും കുറച്ച് വസ്ത്രങ്ങളും തേനും ഒരു ചികിത്സകനും മറ്റും ഉള്‍ക്കൊള്ളുന്നതായിരുന്നു സമ്മാനം. നബി(സ്വ) ഡോക്ടറെയല്ലാത്തതെല്ലാം സ്വീകരിച്ചു. ഡോക്ടറെ തിരിച്ചയച്ചുകൊണ്ടു പറഞ്ഞു: ഞങ്ങള്‍ അമിതമായി ഭക്ഷിക്കാത്തവരാണ്. അതിനാല്‍ ഞങ്ങള്‍ക്ക് ഡോക്ടറെ ആവശ്യമില്ല’ (ഗായതുസ്സൂല്‍ ഫീ സീറതിര്‍റസൂല്‍).
മാരിയ(റ)യെ നബി(സ്വ) സ്വീകരിക്കുകയും സിറീന്‍(റ)യെ ഹസ്സാനുബ്നു സാബിത്(റ)ന് നല്‍കുകയും ചെയ്തു. ഒരു അടിമസ്ത്രീ നബി(സ്വ)യുടെ പത്നിയും വിശ്വാസികളുടെ മാതാവുമായിത്തീരുകയും ചെയ്തു. ഖദീജ ബീവിക്കു പുറമെ നബി(സ്വ)ക്ക് മാരിയ(റ)യില്‍ മാത്രമാണ് കുട്ടികളുണ്ടായിട്ടുള്ളത്.
ഹാതിബ്(റ)നും അദ്ദേഹം സമ്മാനം നല്‍കി. 100 സ്വര്‍ണനാണയം, അഞ്ച് വസ്ത്രങ്ങള്‍ എന്നിവയായിരുന്നു അത്. ഇതു നല്‍കിയിട്ട് നിങ്ങള്‍ വേഗം യാത്രയായിക്കൊള്ളൂ എന്നു പറഞ്ഞ് ഹാത്വിബ്(റ)നെ യാത്രയാക്കി. കൂട്ടത്തില്‍ കോപ്റ്റിക് വിഭാഗത്തില്‍ പെട്ട ആരോടും സംസാരിക്കരുത് എന്നും പറഞ്ഞു. കൂടെ ഒരു സംഘത്തെ തുണയായി അയച്ചുകൊടുക്കുകയും ചെയ്തു. ജസീറതുല്‍ അറബിന്റെ പരിധിയില്‍ കടക്കുന്നത് വരെ അവര്‍ അദ്ദേഹത്തെ അനുഗമിച്ചു. അവിടെയെത്തിയപ്പോള്‍ മദീനയിലേക്ക് പോകുന്ന യാത്രാസംഘത്തെ കണ്ടു. അവരോടൊപ്പം മദീനയിലെത്തി. സമ്മാനം നല്‍കാന്‍ മാത്രം നബി(സ്വ)യുടെ സന്ദേശം തനിക്ക് സ്വീകാര്യമാണെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പക്ഷേ, അദ്ദേഹത്തിന് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. സമ്മാനങ്ങള്‍ നബി(സ്വ) സ്വഹാബികള്‍ക്ക് വിതരണം ചെയ്തു.
ഹിര്‍ഖല്‍ ചക്രവര്‍ത്തി
റോം ചക്രവര്‍ത്തിയായ ഹെറാക്ലിയസിന് നല്‍കാനുള്ള കത്തുമായി പോയത് ദിഹ്യതുല്‍ കല്‍ബി(റ) ആയിരുന്നു. ബുസ്റായിലെ നാട്ടുപ്രധാനി വഴി കൈസറിനെ ഏല്‍പ്പിക്കാനായിരുന്നു നിര്‍ദേശം. പ്രതിനിധി ദിഹ്യതുല്‍ കല്‍ബി(റ)ന്റെ കൂടെ അദിയ്യ്ബ്നു ഹാതിം(റ)നെ പറഞ്ഞുവിട്ടു. ബഹുദൈവാരാധനാപരമായ പതിവു ആചാര മര്യാദകളൊന്നും പാലിക്കാതെ തന്നെ ദിഹ്യത്(റ) കത്ത് കൈസറിന്റെ സമീപത്തെത്തിച്ചു. കത്ത് കൈപ്പറ്റിയ കൈസര്‍ തുറന്നു വായിച്ച ശേഷം രണ്ടു കണ്ണുകള്‍ക്കു മീതെയും തലക്കു മീതെയും കത്ത് വെച്ച് അതില്‍ ചുംബിച്ചു. എന്നിട്ട് ഞാനിതിനെ കുറിച്ച് പഠിക്കുമെന്നു പറഞ്ഞു.
ഈ കത്ത് കൈപ്പറ്റുന്ന സമയം ഖൈസര്‍ ബൈതുല്‍ മുഖദ്ദസിലായിരുന്നു. പേര്‍ഷ്യയോട് നേടിയ ഒരു വിജയത്തില്‍ നന്ദി പ്രകടിപ്പിക്കാനായി മസ്ജിദുല്‍ അഖ്സയിലെത്തിയതായിരുന്നു. കത്തിലെ ആശയം ഗ്രഹിച്ചശേഷം വേണ്ടപ്പെട്ടവരുമായി കൂടിയാലോചിക്കുമെന്നറിയിച്ചു. അങ്ങനെ ഖുദ്സില്‍ മക്കക്കാര്‍ ആരെങ്കിലും കച്ചവടത്തിനെത്തിയിട്ടുണ്ടോ എന്നന്വേഷിച്ചു. അങ്ങനെ അബൂസുഫ്യാനടക്കമുള്ള ഒരു സംഘമുണ്ടെന്നറിഞ്ഞു. കാര്യങ്ങളന്വേഷിച്ചു. അന്നു വിശ്വാസിയായിരുന്നില്ലെങ്കിലും, അബൂസുഫ്യാന്‍ സത്യം മാത്രം പറഞ്ഞു. അതത്രയും ഒരു പ്രവാചകനുണ്ടാവേണ്ട യോഗ്യതയാണെന്ന് ഹിര്‍ഖല്‍ പറഞ്ഞു. എന്നിട്ട് വിശ്വസിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, തന്റെ അധികാരം നഷ്ടപ്പെടുമെന്നും ഒരുപക്ഷേ താന്‍ വധിക്കപ്പെടുമെന്നും അദ്ദേഹം ഭയപ്പെട്ടു.
നജ്ജാശി
നജ്ജാശിക്കുള്ള കത്തുമായി പോയത് അംറുബ്നു ഉമയ്യത്തുള്ളംരി(റ) ആയിരുന്നു. നജ്ജാശി നേരത്തേതന്നെ മുസ്‌ലിംകളെ സംരക്ഷിക്കുവാന്‍ സന്മനസ്സ് കാട്ടിയ ദൈവവിശ്വാസിയായിരുന്നു. അഭയാര്‍ത്ഥികളായെത്തിയ ജഅ്ഫര്‍(റ) അടക്കമുള്ളവര്‍ ഈ കത്ത് ലഭിക്കുന്ന കാലത്തും ഹബ്ശയില്‍ തന്നെയായിരുന്നു. കത്ത് കൈപ്പറ്റിയ നജ്ജാശി അത് തന്റെ കണ്ണുകള്‍ക്കു മീതെ വെച്ച് സിംഹാസനത്തില്‍ നിന്നും താഴെ ഇറങ്ങി. ജഅ്ഫര്‍(റ)ന് മുമ്പാകെ ഇസ്‌ലാം സ്വീകരിച്ചു. ശേഷം നബി(സ്വ)ക്ക് മറുപടി കത്തുമെഴുതി.
നബി(സ്വ)യെ മുഹമ്മദുര്‍റസൂല്‍ എന്ന് അഭിസംബോധന ചെയ്താണ് കത്താരംഭിക്കുന്നത്. സലാം പറഞ്ഞ ശേഷം നബി(സ്വ) സത്യദൂതനാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ജഅ്ഫര്‍(റ) മുഖേന വിശ്വസിച്ചതും ബൈഅത് ചെയ്തതും അറിയിച്ചു. നബി(സ്വ) ഹബ്ശയില്‍ താമസിക്കുന്ന മുഹാജിറുകളെ മദീനയിലേക്കയക്കാനെഴുതി. മുസ്‌ലിംകള്‍ ഖൈബറിലായിരിക്കെ രണ്ടു കപ്പലിലായി അവര്‍ നബി(സ്വ)യുടെ അടുത്തെത്തി. ഹിജ്റ ഒമ്പതാം വര്‍ഷം തബൂക് സമരം കഴിഞ്ഞ ശേഷം റജബ് മാസത്തില്‍ നജ്ജാശി വഫാതായി. മരണവാര്‍ത്ത നബി(സ്വ) മദീനയില്‍ പ്രഖ്യാപിക്കുകയും മയ്യിത്ത് നിസ്കരിക്കുകയും ചെയ്തു.
പേര്‍ഷ്യന്‍ ചക്രവര്‍ത്തി
അബ്ദുല്ലാഹിബ്നു ഹുദാഫതുസ്സഹ്മീ(റ)നെയാണ് നബി(സ്വ) പേര്‍ഷ്യന്‍ ചക്രവര്‍ത്തി കിസ്റയുടെ അടുത്തേക്കയച്ചത്. കത്ത് ബഹ്റൈനിലെ നാട്ടുപ്രധാനിയെ ഏല്‍പ്പിച്ച് കിസ്റയുടെ അടുത്തെത്തിക്കുകയായിരുന്നു. അത് വായിച്ച രാജാവ് കോപാന്ധനായി. കത്ത് പിച്ചിച്ചീന്തി. എന്നിട്ട് തന്റെ പരിവാരങ്ങളോടായി പറഞ്ഞു: “എന്റെ താഴെയുള്ള ഒരുത്തന്‍ അവന്റെ പേര് എന്റെ പേരിന് മുന്പെഴുതിയിരിക്കുന്നു.’
ശേഷം യമനിലെ തന്റെ പ്രതിനിധിയായ ബാദാനൊരു കത്തെഴുതി: ഹിജാസിലെ മുഹമ്മദിന്റെ അടുത്തേക്ക് ശക്തരും ധീരരുമായ രണ്ടാളെ പറഞ്ഞയച്ച് അദ്ദേഹത്തെ എന്റെ മുമ്പില്‍ കൊണ്ടുവരാന്‍ പറയുക.
നിര്‍ദേശം കേള്‍ക്കേണ്ട താമസം അദ്ദേഹം രണ്ടു സൈനികരെ മദീനയിലേക്കയച്ചു. അവര്‍ താടി വടിച്ച് മീശ നീട്ടിയ അവസ്ഥയില്‍ നബി(സ്വ)യെ സമീപിച്ചു. പ്രവാചകര്‍ അവരെ നോക്കാന്‍ തന്നെ വെറുത്തു. നബി(സ്വ) പറഞ്ഞു: ഇതെന്തു കോലമാണ്, ആകെ നാശമായിപ്പോയല്ലോ. ആരാണിത് നിര്‍ദേശിച്ചത്?
ചക്രവര്‍ത്തിയെ ഉദ്ദേശിച്ച്കൊണ്ട് അവര്‍ “ഞങ്ങളുടെ നാഥന്‍’ എന്നു പറഞ്ഞു.
നബി(സ്വ) പറഞ്ഞു: എന്റെ റബ്ബ് താടി വളര്‍ത്താനും മീശ വെട്ടാനുമാണ് കല്‍പിച്ചിരിക്കുന്നത്.
തുടര്‍ന്ന് അവര്‍ അവരുടെ ആഗമനോദ്ദ്യേം വ്യക്തമാക്കി: “നിര്‍ദേശം പോലെ ചെയ്താല്‍ ബാദാന്‍ നിങ്ങള്‍ക്കനുകൂലമായി ചക്രവര്‍ത്തിക്കെഴുതും. ഇല്ലെങ്കില്‍ നിന്നെയും നിന്റെ ജനതയെയും നശിപ്പിച്ച് കളയും.
നബി(സ്വ) അവരോട് നിര്‍ദേശിച്ചു: “നിങ്ങള്‍ നാളെ വന്നു കാണൂ.’
പേര്‍ഷ്യന്‍ പ്രതിനിധികള്‍ മദീനയിലെത്തിയെന്നറിഞ്ഞപ്പോള്‍ മക്കക്കാര്‍ ആഹ്ലാദിച്ചു. അവര്‍ പരസ്പരം സന്തോഷം കൈമാറി. ആനന്ദിക്കൂ. മഹാരാജാവായ പേര്‍ഷ്യന്‍ ചക്രവര്‍ത്തി മുഹമ്മദിനെതിരെ ആളെ ഏര്‍പ്പാടാക്കിക്കഴിഞ്ഞു. ഇനി നബിയെ ഭയക്കേണ്ടതില്ല. അവന്റെ കഥകഴിഞ്ഞതുതന്നെ.
പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. പിറ്റേന്ന് നബി(സ്വ) പേര്‍ഷ്യന്‍ ദൂതന്മാരെ വിളിപ്പിച്ചു. എന്നിട്ട് നിങ്ങളുടെ ചക്രവര്‍ത്തിയെ സ്വന്തം മകന്‍ വകവരുത്തിയിരിക്കുന്നു എന്ന വിവരം അവരെ അറിയിച്ചശേഷം നബി(സ്വ) പറഞ്ഞു: “എന്റെ അധികാരം കിസ്റയുടെ അധികാര പരിധിക്കപ്പുറവും കടക്കും.’ നിങ്ങള്‍ നിങ്ങളെ അയച്ച ബാദാനോട് പോയി ഇങ്ങനെ പറയുക: “മുസ്‌ലിമാവുക, എന്നാല്‍ സ്വന്തം നാട്ടിലെ അധികാരത്തില്‍ തന്നെ തുടരാം.’ എന്നിട്ട് നബി(സ്വ) ബാദാന് ചില സമ്മാനങ്ങളും ഏല്‍പ്പിച്ച് അവരെ പറഞ്ഞുവിട്ടു.
ചക്രവര്‍ത്തി കൊല്ലപ്പെട്ട വിവരം ബാദാന്‍ അപ്പോഴും അറിഞ്ഞിരുന്നില്ല. ദൂതന്മാര്‍ അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: “ഇതൊരു രാജാവിന്റെ വാചകമല്ല. അദ്ദേഹം ഒരു പ്രവാചകനാണെന്നാണ് എനിക്ക് മനസ്സിലാവുന്നത്. അതുകൊണ്ട് അദ്ദേഹം പറഞ്ഞതിന്റെ വസ്തുതയറിയാന്‍ നമുക്ക് കാത്തിരിക്കാം. എന്നിട്ട് തീരുമാനത്തിലെത്താം, അങ്ങനെയിരിക്കെ ചക്രവര്‍ത്തിയെ കൊന്ന് മകന്‍ അധികാരം പിടിച്ചെടുത്ത സന്ദേശം ലഭിച്ചു. പിതാവിനെ കൊന്നതിന്റെ കാരണവും തന്നെ ചക്രവര്‍ത്തിയായി അംഗീകരിക്കാനും മുഹമ്മദ് നബി(സ്വ)യെ തടയാനുള്ള നിര്‍ദേശവും അടങ്ങിയതായിരുന്നു കത്ത്. ഈ വിവരം ലഭിച്ചപ്പോള്‍ നബി(സ്വ)യെ കുറിച്ച് പൂര്‍ണവിശ്വാസം വന്ന ബാദാനും ധാരാളം പേര്‍ഷ്യന്‍ വംശജരും ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി.
ഗസ്സാനിദ് രാജാവ്
ഗസ്സാനിദ് രാജാവ് അല്‍ഹാരിസുല്‍ ഗസ്സാനിയുടെ അടുത്തേക്കയക്കപ്പെട്ടത് ശുജാഅ്ബ്നു വഹബ്(റ)നെയായിരുന്നു. ശുജാഅ്(റ) അവിടെയെത്തുമ്പോള്‍ അദ്ദേഹം റോമിന്റെ തലസ്ഥാനത്തെത്തിക്കേണ്ട ചില സാമ്പത്തിക കാര്യങ്ങളിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ അദ്ദേഹത്തെ കാത്തുനില്‍ക്കേണ്ടി വന്നു. ഈ ദിവസങ്ങളില്‍ പാറാവുകാരനില്‍ നിന്ന് തനിക്കുണ്ടായ അനുഭവം ശുജാഅ്(റ) പറയുന്നു: “റോമക്കാരനായ മുര്‍റി എന്നുപേരായ ഒരുവനായിരുന്നു അയാള്‍. അദ്ദേഹമെന്നോട് നബി(സ്വ)യെ കുറിച്ച് ചോദിച്ചറിഞ്ഞു. ഞാന്‍ കാര്യങ്ങളെല്ലാം പറഞ്ഞുകൊടുത്തു. ഇതുകേട്ട് ചിലപ്പോഴൊക്കെ അദ്ദേഹം കരയുമായിരുന്നു. അയാള്‍ പറഞ്ഞു: ഞാന്‍ ഇഞ്ചീല്‍ വായിച്ചിട്ടുണ്ട്. അതില്‍ ഈ നബി(സ്വ)യെ കുറിച്ച് വായിച്ചറിഞ്ഞിട്ടുണ്ട്. ഞാന്‍ നബിയില്‍ വിശ്വസിക്കുന്നു. പക്ഷേ, എന്നെ ഹാരിസ് കൊന്നുകളയുമോ എന്നു ഭയക്കുന്നു. അവന്‍ എന്നെ നന്നായി പരിഗണിക്കുകയും സല്‍ക്കരിക്കുകയും ചെയ്തിരുന്നു. അദ്ദേഹം പറയും: ഹാരിസിന് കൈസറിനെ പേടിയാണ്. അതുകൊണ്ട് വിശ്വസിക്കുന്ന കാര്യം പ്രതീക്ഷയില്ല.’
അങ്ങനെ ഹാരിസ് വന്നു. കത്ത് കണ്ടു ക്ഷുഭിതനായി അത് ദൂരെ എറിഞ്ഞിട്ട് പറഞ്ഞു: “ആരാണെന്റെ അധികാരത്തില്‍ നിന്നും എന്നെ താഴെയിറക്കാന്‍ തുനിയുന്നത്, ഞാനദ്ദേഹവുമായി പോരിന് പോവുകയാണ്…’ എന്നിട്ട് കൈസറിനോട് മദീനയിലേക്ക് പോകാന്‍ സമ്മതം ആവശ്യപ്പെട്ട് കത്തെഴുതി. മറ്റു വിവരങ്ങളും അതിലുണ്ടായിരുന്നു. കൈസര്‍ പക്ഷേ, അതിന് പച്ചക്കൊടി കാട്ടിയില്ല. പോകരുതെന്നറിയിച്ചു. ശുജാഅ്(റ) പറയുന്നു: “കൈസറിന്റെ മറുപടി കിട്ടിയപ്പോള്‍ ഹാരിസ് എന്നെ വിളിച്ചു. എന്നാണു തിരിച്ചുപോകുന്നതെന്നന്വേഷിച്ചു. ഞാന്‍ നാളെ എന്നു പറഞ്ഞു. അപ്പോള്‍ അദ്ദേഹം എനിക്ക് നൂറ് സ്വര്‍ണനാണയം നല്‍കി. പാറാവുകാരന്‍ മുര്‍റി എനിക്ക് വസ്ത്രവും ഭക്ഷണവും നല്‍കി. നബി(സ്വ)യോട് സലാം പറയാനും താന്‍ വിശ്വാസിയാണെന്ന് അറിയിക്കാനും പറഞ്ഞു.
ശുജാഅ്(റ) മദീനയിലെത്തി നബി(സ്വ)യോട് ഉണ്ടായ കാര്യങ്ങള്‍ പറഞ്ഞു: അവിടുന്ന് പറഞ്ഞു: അവന്റെ അധികാരം തരിപ്പണമായി. പാറാവുകാരന്റെ സലാം പറഞ്ഞ് വിവരം പറഞ്ഞപ്പോള്‍ പ്രവാചകര്‍(സ്വ) പറഞ്ഞു: അവന്റെ വിശ്വാസം സത്യമാണ്.
യമാമയിലെ ഹൗദത്ബ്നു അലി
യമാമയിലെ നാട്ടുരാജാവായിരുന്ന ഹൗദതുബ്നു അലിയുടെ അടുത്തേക്ക് കത്തുമായി പോയ ദൂതന്‍ സലീത്ബ്നു അംറ്(റ) ആയിരുന്നു. അദ്ദേഹം കത്ത് വായിച്ചു. എങ്കിലും സ്വന്തം രാജ്യവും അധികാരവും നിലനിര്‍ത്തുന്നത് പ്രധാനമായി കണ്ടു. ഇസ്‌ലാം സ്വീകരിക്കുന്നതിന് പകരം തന്റെ ഇംഗിതമറിയിച്ച് മദീനയിലേക്ക് പ്രതിനിധികളെ അയക്കുകയാണ് ചെയ്തത്. മുജാഅത്ത്, റജ്ജാല്‍ എന്നീ രണ്ടു പേരാണ് സന്ദേശവാഹകരായി മദീനയില്‍ വന്നത്. അവര്‍ രാജാവേല്‍പ്പിച്ച പ്രകാരം നബി(സ്വ)യോടിങ്ങനെ പറഞ്ഞു: “നബി(സ്വ)ക്കുശേഷം അധികാരം തനിക്ക് നല്‍കാമെങ്കില്‍ വിശ്വാസിയായി മദീനയില്‍ വന്ന് സഹായി ആവാം. അല്ലാത്തപക്ഷം നബി(സ്വ)യെ നേരിടും.
ഇതു കേട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു: “ഇല്ല, അത്തരമൊരു ആദരവും നല്‍കുകയില്ല.’ അവിടുന്ന് പ്രാര്‍ത്ഥിച്ചു: നാഥാ, അവനെ നീ തടുക്കേണമേ.’ വൈകാതെ അയാള്‍ മരണപ്പെടുകയും ചെയ്തു.
ഇതറിഞ്ഞ മുജാഅത്തും റജ്ജാലും വിശ്വാസികളായി. റജ്ജാല്‍ മദീനയില്‍ തന്നെ കഴിഞ്ഞു. ഖുര്‍ആനില്‍ നിന്നും അല്‍ബഖറ സൂറത്ത് പഠിച്ചു. മറ്റു വിജ്ഞാനങ്ങളും നേടി. പക്ഷേ, യമാമയില്‍ തിരിച്ചെത്തിയപ്പോള്‍ കള്ളപ്രവാചകന്‍ മുസൈലിമതുല്‍ കദ്ദാബിന്റെ കൂടെച്ചേര്‍ന്നു. മുസൈലിമത്തിനെ നബി(സ്വ) അംഗീകരിക്കുകയും നുബുവ്വതില്‍ കൂറുകാരനാക്കുകയും ചെയ്തിട്ടുണ്ടെന്ന് നുണ പ്രചരിപ്പിച്ചു. തുടര്‍ന്ന് അയാള്‍ യമാമയിലെ കുഴപ്പക്കാരനായി മാറി.
ബഹ്റൈനിലേക്ക്
ബഹ്റൈന്‍ ഭരണാധികാരി മുന്‍ദിറുബ്നുസാമവിന്റെ അടുത്തേക്ക് അലാഉല്‍ ഹള്റമി(റ)നെയാണ് അയച്ചത്. കത്ത് കിട്ടിയ ഉടനെ അദ്ദേഹം വിശ്വസിച്ചു. അറബികളെല്ലാം അദ്ദേഹത്തിന്റെ കൂടെ വിശ്വാസികളായി. അറബികളല്ലാത്ത ജൂതരും ക്രിസ്ത്യാനികളും മജൂസികളും അനുരജ്ഞനത്തിലേര്‍പ്പെടുകയും ചെയ്തു. സമാധാനപൂര്‍വം ഇസ്‌ലാമിനു പൂര്‍ണമായി വിധേയപ്പെട്ട നാടാണ് ബഹ്റൈന്‍.
ഒമാനിലേക്ക്
ഒമാനിലെ അന്നത്ത ഭരണാധികാരികളായിരുന്ന ജൂലന്‍ദി കുടുംബത്തിലെ ജീഫര്‍, അസദ് എന്നിവരുടെ അടുത്തേക്ക് അംറുബ്നുല്‍ ആസ്വി(റ)നെയാണ് നബി(സ്വ) കത്തുമായി അയച്ചത്. കത്ത് ലഭിച്ച ഉടനെ അവര്‍ സത്യമതം സ്വീകരിച്ചു. ഇസ്‌ലാമിക വ്യവസ്ഥകള്‍ പ്രകാരം ഭരണകാര്യങ്ങളും ജീവിതകാര്യങ്ങളും നിര്‍വഹിച്ചു തുടങ്ങി. അസദ്(റ) അവിടെതന്നെ കുറേകാലം കഴിഞ്ഞു.
കത്ത് കൂടാതെ നേരിട്ട് സംസാരിക്കുന്നതിനും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനും നബി(സ്വ) നിരവധി സ്വഹാബികളെ വ്യത്യസ്ത പ്രമുഖരുടെ അടുത്തേക്കും നാടുകളിലേക്കും അയച്ചിട്ടുണ്ട്. ദൂതന്മാരും സന്ദേശങ്ങളും പൊതുവെ സ്വീകരിക്കപ്പെടുകയാണുണ്ടായത്. ഇസ്‌ലാം സ്വീകരിക്കാത്ത പലരും ദൂതന്മാരോട് മാന്യമായി പെരുമാറി. നേരത്തേ ഇലാഹീ വിശ്വാസത്തിന്റെ ശരിയായ പാഠങ്ങള്‍ ലഭിക്കാത്തവരില്‍ നിന്നാണ് മോശമായ പ്രതികരണങ്ങളുണ്ടായത്.

അലവിക്കുട്ടി ഫൈസി എടക്കര


No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...