🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
അല്‍ ഖസ്വീദതുല്‍ ഉമരിയ്യ: അനുരാഗം, ആദര്ശം, ആത്മീയം● 0 COMMENTS
സ്വല്ലല്‍ ഇലാഹു (അല്‍ ഖസ്വീദതുല്‍ ഉമരിയ്യ), തിരുഹബീബിനോടുള്ള അനിര്‍വചനീയമായ പ്രണയ സാന്ദ്രതയില്‍ ഒരനുരാഗി തീര്‍ത്ത കീര്‍ത്തന തീര്‍ത്ഥമാണ്. മനസ്സും ശരീരവും മദീനയോട് ചേര്‍ത്ത് വെച്ച്, അകംനൊന്ത് വേപഥുകൊള്ളുന്ന പ്രേമാതുരന്റെ അക്ഷരസാക്ഷ്യവുമാണത്. ഭാഷാനിഘണ്ടുവില്‍ നിലയുറക്കാത്ത പദങ്ങളും ജൈവവര്‍ണങ്ങളും കണ്ണുനീരിന്റെ ഉപ്പുകൂട്ടിയ ആഖ്യാന ഭേദങ്ങളും ചേര്‍ന്ന് ഇതിവൃത്തം തേടുന്ന ഈ വരികളിലൂടെ കണ്ണുനനയാതെ ആര്‍ക്കും കടന്ന്ചെല്ലാനൊക്കില്ല. ഇശ്ഖിന്റെ സ്വരലയത്തില്‍ സ്വപ്നങ്ങള്‍ സംഗീതമാവുകയും നൊമ്പരങ്ങള്‍ ഈണമുറ്റ രാഗങ്ങള്‍ക്ക് വഴിമാറുകയും ചെയ്യുമ്പോള്‍ മാത്രമേ അനുരാഗി കവിതമൂളുകയുള്ളു. പ്രമേയ നായകനോട് പ്രകീര്‍ത്തകന്‍ കാണിക്കുന്ന അതി തീക്ഷ്ണവും ആത്മാര്‍ത്ഥപൂര്‍ണവുമായ വികാരങ്ങളുടെ തിരയിളക്കമാണ് അനുരാഗ കീര്‍ത്തനങ്ങളുടെ മുഖമുദ്ര. മലയാളക്കരയില്‍ പിറവിയെടുത്ത നബികീര്‍ത്തന കാവ്യങ്ങളില്‍ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന ഈ കവിത കേരളീയ ബുര്‍ദ എന്ന അപരനാമത്തിലാണറിയപ്പെടുന്നത്. പാരായണത്തിലെ ഹൃദ്യതയും പ്രമേയത്തിലെ മാധുര്യവും മേളിച്ച അല്‍ ഖസീദതുല്‍ ഉമരിയ്യയുടെ രചനയിലൂടെ ബൂസ്വീരിയോടടുക്കുവോളം ഉമര്‍ഖാളി(റ) വളരുകയായിരുന്നു. ഹിജ്റ 1209ലെ ഹജ്ജുവേളയിലാണ് മഹാനവര്‍കള്‍ ഇത് രചിക്കുന്നത്. സ്വല്ലല്‍ ഇലാഹുവിന്റെ ഓരോ വരിയും അദ്ഭുതാവഹമായ ഒരനുഭൂതിയായാണ് ലോകം ദര്‍ശിച്ചത്. തന്റെ പ്രേമ ഭാജനമായ തിരുദൂതരുടെ സ്നേഹ സാന്നിധ്യത്തിനായി ഉള്ളുരുകി ആശിച്ച ആ അനുരാഗി, വേവുന്ന ഹൃദയത്തോടെ, രോമാഞ്ചമുണര്‍ത്തുന്ന ആവേശത്തില്‍ പുണ്യറൗളയിലെത്തി ഹുജ്റത്തുശരീഫയുടെ ചാരത്ത് നിന്നു. അകത്തളങ്ങളില്‍ വെന്തെരിയുന്ന അഭിനിവേശം നയനങ്ങളില്‍ നനവ് പടര്‍ത്തി, ആവിഷ്ക്കരിക്കാനാകാത്ത പ്രണയ പരവശതയില്‍ ധാരധാരയായി പൊട്ടിയൊലിച്ച കണ്ണീരിന്റെ ഉപ്പ് നുണഞ്ഞ്, അധരങ്ങളില്‍ താളബദ്ധമായി കവിത വര്‍ഷിച്ചു: “യാ അക്റമല്‍ കുറമാ അലാ അഅ്താബികും ഉമറുല്‍ ഫഖീറുല്‍ മുര്‍തജീ ലി ജനാബികും യര്‍ജുല്‍ അത്വാഅ അലല്‍ ബുകാഇ ബിബാബികും വദ്ദംഉ മിന്‍ ഐനൈയ്ഹി സാല സജീമാ… സ്വല്ലൂ അലൈഹി വസല്ലിമൂ തസ്ലീമാ.. (അനുഗ്രഹാശിസ്സുകള്‍ അര്‍പ്പിച്ചുവന്നിതാ… ഔദാര്യ ദായകാ ഉമ്മറപ്പടിയില്‍ ഉമര്‍ അശ്രു പൊഴിക്കുന്ന നയനങ്ങളുമായിതാ… അങ്ങയുടെ ഔദാര്യമര്‍ഥിച്ചിടുന്നു ഞാന്‍ ചൊല്ലൂ സ്വലാത്ത് സലാമുകള്‍ തസ്ലീമാ…) ആ വാനമ്പാടിയുടെ കണ്ഠമിടറി, ഹൃദയം വെന്തുരുകി നീറിപ്പുകഞ്ഞു. തിങ്ങിനിറഞ്ഞ അറബികളടക്കമുള്ള സന്ദര്‍ശകവൃന്ദം കവിയുടെ സാഹിത്യലഹരിയില്‍ പുളകിതരായി, സ്നേഹാര്‍ദ്ര മനസ്സോടെ അവര്‍ കവിയോടൊപ്പം പങ്ക്ചേര്‍ന്നു…. സ്വല്ലൂ അലൈഹി വസല്ലിമൂ തസ്ലീമാ…. ഇതര അനുരാഗ കാവ്യങ്ങളില്‍ നിന്ന് ഭിന്നമായി ഓരോ ഖണ്ഡത്തിലും സ്വലാത്തു സലാമുകള്‍ നല്‍കി തിരുദൂതരെ പുകഴ്ത്തുന്ന ആവിഷ്കാര രംഗമാണ് സ്വല്ലല്‍ ഇലാഹുവിനെ സമ്പന്നമാക്കുന്നത്. അഞ്ചു ചില്ലകള്‍ വീതമുള്ള മുപ്പത്തിനാല് വരികളായി രചിക്കപ്പെട്ട കവിത തിരുനബിയുടെ പ്രബോധനം, സ്വഭാവരീതി, കാരുണ്യഭാവം, ഔദാര്യബോധം, തിരുസ്നേഹത്തിന്റെ മൂല്യം, മിഅ്റാജ്, ഇസ്റാഅ്, അദ്ഭുത കാഴ്ച്ചകള്‍, പ്രാര്‍ത്ഥനകള്‍, അനുരാഗത്തിന്റെ ആവശ്യകത തുടങ്ങിയ ഒട്ടേറെ വിഷയങ്ങളെ ഇതിവൃത്തമാക്കുന്നുണ്ട്. കവി അധ്യാത്മിക മേഖലയിലെ തന്റെ വ്യുല്‍പത്തിയും ദാര്‍ശനികലാവണ്യവും കര്‍മശാസ്ത്രപാണ്ഡിത്യവും വരികള്‍ക്കിടയിലൂടെ പ്രകടിപ്പിക്കുന്നുണ്ട്. അനുരാഗാവിഷ്ക്കാരത്തിന്റെ രീതി പ്രണയ ഭാവം സമസ്തപരിധിയും ഭേദിക്കുമ്പോഴാണ് അനുരാഗബോധം മുളപൊട്ടിവളരുന്നത്. ഖല്‍ബിനുള്ളില്‍ പ്രതിബന്ധങ്ങളിലെല്ലാം മറന്ന് പ്രണയപാത്രം അനുരക്തനായി പ്രവഹിക്കുമ്പോള്‍ മാത്രമേ അനുരാഗി പിറക്കുന്നുള്ളു. എന്നാല്‍ സ്വാര്‍ത്ഥമായ പ്രണയഭാവങ്ങളില്‍ നിന്ന് ഭിന്നമായി ജീവാര്‍ത്ഥങ്ങളിലുള്ള സ്നേഹമാനങ്ങളില്‍ നിന്നാണ് യഥാര്‍ത്ഥ ഇശ്ഖ് സൃഷ്ടിക്കപ്പെടുന്നത്. കവി പ്രമുഖര്‍ ഉമര്‍ഖാസി(റ) ഇത്തരം സ്വാര്‍ത്ഥ പ്രണയങ്ങള്‍ക്ക് അര്‍ത്ഥം പകരാനോ, വാക്കുകള്‍ക്ക് നിറംനല്‍കാനോ കഴിയാത്ത തന്റെ പ്രേമപാത്രത്തെ ഹൃദയംകൊണ്ട് വരച്ചിടുകയാണ് ചെയ്തത്. പ്രണയനായകനോട് പ്രകീര്‍ത്തകന്‍ കാണിക്കുന്ന അതി തീവ്രവും ആത്മാര്‍ത്ഥപൂര്‍ണവുമായ വിധേയത്വ മുഖമാണ് പ്രഥമവരികളില്‍ തന്നെ അനുവാചകന് കാണാന്‍ കഴിയുന്നത്. മനസ്സില്‍ കൂട്കെട്ടിയ അനുരാഗപാത്രത്തിന് തന്റെ അന്വേഷണങ്ങളിലൂടെ കണ്ടെത്തിയ വിശേഷണങ്ങളെല്ലാം പുകഴ്ത്താന്‍ പോന്നതാണെന്ന ആത്മാര്‍ത്ഥമായ വിചാരമാണ് ഇതില്‍ നിഴലിക്കുന്നത്. അഹ്ബബ്തു ഉമ്മിയന്‍ യകൂനു അലീമാ ഇല്‍മന്‍ യഫൂഖുല്‍ ഖാരിഈന യതീമാ (ഹൃദയാ വരിച്ചു ഞാന്‍ നിരക്ഷരജ്ഞാനിയെ/ജ്ഞാനേസരികള്‍ക്കുമേല്‍ വിജ്ഞാനിയാണവര്‍) പ്രണയത്തിന് പ്രേമപാത്രത്തില്‍ യോഗ്യതകളൊന്നും ആവശ്യമിെല്ലങ്കിലും പ്രേമാതുരന്റെ യോഗ്യതകള്‍ പ്രണയത്തിന്റെ ആക്കം കൂട്ടാനും അനുരാഗത്തിന് ദ്രഢതയേകാനും ഹേതുവാക്കുന്ന കവി തന്റെ പ്രാണപ്രേമികനുള്ള അസാധാരണത്വവും വിജ്ഞാന മികവും വിവരിച്ച് വ്യതിരിക്തതയുടെ കൊടുമുടിയിലേക്കുയര്‍ത്താനാണീ വരികളിലൂടെ മുതിരുന്നത്. അനാഥന്‍ (യതീം), സാമ്പ്രദായിക വിദ്യാഭ്യാസത്തെ തൊട്ട് മാറിനിന്നവന്‍ (ഉമ്മിയ്യ്) തുടങ്ങിയ വിശേഷണങ്ങളുണ്ടായിട്ടും, വൈജ്ഞാനിക യോഗ്യത എന്ന പ്രണയമാനദണ്ഡം വിജയിച്ചടക്കിയ അനുരാഗ പാത്രത്തോട് “അഹ്ബബ്ത്തു’ പറയാന്‍ കവി തയ്യാറാവുകയാണിവിടെ. ജീവിത വേദിയിലെ കൂട്ടുവ്യവഹാരങ്ങള്‍ക്കിടയില്‍ ആത്മാര്‍ത്ഥമായി അടുപ്പം തോന്നിയവനോട് ഹുബ്ബറിയിക്കുന്നത് ധര്‍മമാണെന്ന് ഉദ്ഘോഷിച്ച പ്രവാചക പ്രവീണരായ തന്റെ മുഹിബ്ബിനോട് ഹുബ്ബ് പറയാന്‍ കവി സന്നദ്ധനാകുമ്പോള്‍, പ്രണയലോകത്തെ അത്യപൂര്‍വമായ ഒരു സമാഗമമായി ഇതു പരിണമിക്കുന്നു. പിന്നീട് തീക്ഷ്ണമായ പ്രയോഗ വിവരണങ്ങളിലൂടെയാണ് കവി കടന്നുപോകുന്നത്. തന്റെ മഅ്ശൂഖില്‍ മേളിച്ച വിശേഷണങ്ങള്‍ അനുവാചകന്റെ യോഗ്യതയും പരിമിതിയുമുള്‍ക്കൊണ്ട് പക്വമാംവിധം പഠിപ്പിച്ചു നല്‍കുന്ന ശൈലിയാണ് മഹാനവര്‍കള്‍ സ്വീകരിച്ചിട്ടുള്ളത്. കേവലമായൊരധ്യാപന രീതിയോ വിശേഷണങ്ങളോ അല്ല ഈ വരികളിലുള്ളത്. പകരം തിരുഹബീബിന്റെ ചന്തവും പൊലിമയുമുള്‍ക്കൊള്ളുന്ന അനുരാഗ തലങ്ങളാണ് ഇതിലെ പ്രമേയം. കവിത പ്രഥമ വരികള്‍ പിന്നിട്ട് ഉള്‍കാമ്പുകളിലെത്തുന്നതോടെ അനുരാഗാവിഷ്ക്കാരങ്ങള്‍ അക്ഷരങ്ങളെ കൈവിടുന്നുണ്ട്. സാധാരണ പ്രണയങ്ങളില്‍ നിന്ന് ഭിന്നമായി പരിസമാപ്തിയില്‍ ലഭിക്കുന്ന പ്രതിഫലവും സ്വത്വബോധവും കവിയെ പിടികൂടുമ്പോള്‍ കവിത ലക്ഷ്യാവിഷ്ക്കാരത്തിലേക്ക് വഴിതുറക്കുകയാണിവിടെ. പ്രേമാതിരേകത്തിന്റെ സാധൂകരണവും പ്രണയലഹരിയുടെ ഉന്മത്ത ഭാവത്തിന്റെ ന്യായീകരണവും കണ്ടെത്തുകയാണ് കവി. മന്‍ ഇന്‍ദഹു കാനന്നബിയ്യുല്‍ മുന്‍തഖബ് മിന്‍ കുല്ലി ഖല്‍ഖില്ലാഹി മഹ്ബുബന്‍ അഹബ്ബ് ഫ സആദത്തുല്‍ ഉള്മാ വ ഫൗസുഗദിന്‍ കുതിബ് വല്‍ അംനു മിന്‍ നാരില്‍ അദാബി സലീമാ… (അതുല്യമായൊരാള്‍ അവനെ സ്നേഹിച്ചുപോല്‍/ജയരക്ഷഗുണങ്ങളനവധി വരിച്ചയാളതുവഴി/നരകാഗ്നിയേശാത്ത ഗാത്രത്തിനുടമയായ്/നിത്യശാന്തിക്ക് പാത്രമായ് വിജയിയായ്) പ്രണയാര്‍ത്തിയില്‍ പരിസരം മറന്ന ചത്ത ഭ്രമമല്ല ഇത്, വിശുദ്ധ ഗ്രന്ഥങ്ങളുടെ മഹിതമായ പരിധിയുള്‍ക്കൊണ്ട്, ശരീഅത്തിന്റെ ഭിത്തിഭേദിക്കാതെ നെയ്തെടുക്കുന്ന വികാരമാണ് ഈ വരികളുടെ ഉള്‍സാരം. കണ്ണു നീര്‍ നിരാശ്രയന്റെ വികാരമാണ്, താനും തനിക്കുടമപ്പെട്ടത് മുഴുവനും പ്രേമാതുരന് കാഴ്ചവെച്ച്, ഇനിയും പുല്‍കാന്‍ കഴിയാത്തത്ര മഹനീയമാനങ്ങള്‍ മേളിച്ച അതിമനുഷ്യനാണ് തന്റെ മഅ്ശൂഖെന്ന തിരിച്ചറിവിനു മുമ്പിലുള്ള നിസ്സഹായ ഭാവമാണ് കണ്ണുനീരിനെ പ്രതിനിധീകരിക്കുന്നത്. മനസ്സ് ശാന്തവും മൃദുലവുമാകുമ്പോഴെ കണ്ണുനീര്‍ ഒരു ആവിഷ്കാര മാര്‍ഗമായി കടന്നുവരുന്നുള്ളൂ. യാന്ത്രിക മാനങ്ങള്‍ക്ക് പകരം വിനയവും ഹൃദയാര്‍ദ്രതയും നല്‍കി ഇഴുകിച്ചേരുമ്പോഴാണ് മിഴിനീര്‍ പ്രതികരിച്ചു തുടങ്ങുന്നത്. ബൂസ്വീരിയും ബഗ്ദാദിയും അഹ്മദു ശ്ശൗഖിയും പ്രവാചകാനുരാഗത്തിന് വേണ്ടി പേനയെടുത്തവര്‍ മുഴുവന്‍ കണ്ണുനീരിലെത്തിച്ചേരുന്നുണ്ട്. മിഴിനീര്‍ കലരാത്ത ഒരായിരം വരികളെക്കാള്‍ ആത്മാര്‍ത്ഥാനുരാഗത്തെ മുദ്രണം ചെയ്യാന്‍ ഇത്തരം ഒരുവരി മതിയെന്ന സത്യവാങില്‍ അനുരാഗികളിലും കക്ഷിചേരുന്നു. തന്റെ പ്രണയം ആത്മാര്‍ത്ഥമാണെന്നതിന്റെ സാക്ഷിമൊഴിയായി ബൂസ്വീരി(റ) ബുര്‍ദയില്‍ കണ്ണുനീരിനെയും രോഗാതുരമായ (സ്നേഹരോഗം) മാനസികാവസ്ഥയെയുമാണണിനിരത്തുന്നത്. കവി ശ്രേഷ്ഠര്‍ പറയുന്നു: മാ ജഫ്ഫ ദംഅന്‍ സാല മിന്‍ ഐനൈനി ലാകിന്നഹു യജ്രി അലല്‍ ഖദ്ദൈനി മിന്‍ ഹുബ്ബി ഖല്‍ബി സയ്യിദില്‍ കൗനൈനി ഹയ്യന്‍വമൈതന്‍ ഫിത്തുറാബിമീമാ… (അശ്രുവറ്റാത്ത നയനങ്ങളില്‍ നിന്ന്/ഖണ്ഠത്തിലൂടെ വര നീങ്ങുന്നു സ്നേഹിതാ../ഭൗമികാഭൗമിക ജീവിതം മുഴുക്കെയും/നേതാവായി വന്ന നബിനോട് പ്രേമത്താല്‍) ഹയ്യന്‍ വ മൈതന്‍ജീവിച്ചാലും മരിച്ചാലും ശരി പ്രണയ ലഹരിയില്‍ ഉന്മത്തനായി കണ്ണീര്‍ പൊഴിച്ചു കൂടാന്‍ ഈയുള്ളവനുണ്ടെന്ന കവിയുടെ ആത്മസത്ത തൊട്ട വിതുമ്പലുകള്‍ക്ക് വര്‍ണം നല്‍കാന്‍ അക്ഷരങ്ങള്‍ ബലഹീനമാണ്. പ്രണയം അനശ്വരമാണെന്ന അനുരാഗ ഭാഷക്ക് ഈ വരികളിലൂടെ കവി അര്‍ത്ഥം നല്‍കുന്നു. പ്രണയമെന്ന നൈരന്തര്യഭാവവും വിശേഷണവും ഹൃദയസ്വത്വത്തിന്റെ വികാരമാണെന്നും, അതിന് ശരീരഭാവത്തോട് ബന്ധമില്ലന്നുമാണ് താന്‍ മണ്ണടിഞ്ഞു നുരുമ്പി തീര്‍ന്നാലും പ്രണയം തുടരുമെന്ന സമ്മത പത്രത്തിന്റെ ഉള്ള് ഭരിക്കുന്നത്. ആദര്‍ശ വിശേഷം സാമൂഹ്യ പരിഷ്കര്‍ത്താവ്, ദേശാഭിമാനി വൈദേശികാധിപത്യത്തിനെതിരെ പൊരുതി ജയിച്ച ധീരപോരാളി എന്നിങ്ങനെ ഗിരിസമാനമായ വിശേഷണങ്ങള്‍ സ്വന്തമാക്കുമ്പോഴും, അദ്ധ്യാത്മികമായ ആദര്‍ശ പ്രഭാവ രംഗത്ത് ഉജ്ജ്വല വ്യക്തിത്വമായി ജ്വലിച്ചുനിന്ന മഹാ മനീഷിയായിരുന്നു ഉമര്‍ഖാസി(റ). ഇത് കൊണ്ട് തന്നെ പാരമ്പര്യത്തെ പ്രകാശനം ചെയ്യുന്ന ധ്വനികളായി അദ്ദേഹത്തിന്റെ വരികള്‍ ഇന്നും സമരക്കളത്തിലിറങ്ങുന്നു. സ്രഷ്ടാവിലും തിരുപ്രവാചകരിലുമുള്ള വിശ്വാസമാനങ്ങളെ പൊളിച്ചെഴുതി, മായം കലര്‍ത്തിയ ബിദഇ ജന്മങ്ങളുടെ വിചിത്ര വാദങ്ങള്‍ക്ക് കവിയുടെ അനുരാഗ വാക്യങ്ങള്‍ മറുപടിയായി മാറുന്നു. നബിസ്നേഹ കാവ്യപരിചയം പോലുമില്ലാത്ത കൃത്രിമ ഇസ്‌ലാമിന്റെ ഉപാസകരായ ഇക്കൂട്ടര്‍ മതവിശ്വാസങ്ങള്‍ക്ക് പാരപണിയുകയും അവമതീകരണങ്ങള്‍ നിരത്തി ആദര്‍ശസദ്വിചാരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. സ്നേഹമെന്നത് അനുസരണ (ഇത്തിബാഅ്) മാത്രമാണ്, അത്കൊണ്ട് തന്നെ തിരുനബി(സ്വ)യെ പുകഴ്ത്തലിനോ പ്രശ്ന പരിഹാരത്തിനായി അവിടുത്തെ സമീപിക്കുന്നതിനോ യാതൊരര്‍ത്ഥവുമില്ല, ദിവസവും ഒട്ടനവധി പാപങ്ങള്‍ ചെയ്ത് തീര്‍ക്കുന്നയാളെ പരിഗണിച്ചിട്ട് പ്രത്യേക കാര്യമൊന്നുമില്ല തുടങ്ങിയ വിശ്വാസ ക്രമമാണ് ബിദഈലോകം ഉപാസിച്ചു പോരുന്നത്. ഇത്തരം മൂഢ വിശ്വാസങ്ങള്‍ക്ക് തന്റെ വരികളിലൂടെ തന്നെ തിരുത്ത് കുറിച്ചാണ് കവി മുന്നേറുന്നത്: ഹുബ്ബുന്നബിയ്യി വ മദ്ഹ്ഹു ഖൈറുല്‍ അമല്‍ വ അസല്‍ ഇലാഹു ബിഹീ യുബല്ലിഗുഹുല്‍ അമല്‍ വലഹു ബിനൈലി ശഫാഅത്തിന്‍ ത്വാഹാ കഫല്‍ ഇന്‍ദല്‍ ഇലാഹി മുനഅമന്‍ തന്‍ഈമാ (നബി കീര്‍ത്തനമോ അതെത്ര സദ്വൃത്തി/സാക്ഷാത്കരിച്ചിടുമത്രെ സോദ്ദ്യേമതുവഴി/ലഭിക്കും ശിപാര്‍ശയുമായവന്‍ മഹത്തരം/അനുഗ്രഹാ ശിസ്സുകളതുവഴി കാണ്‍കയായ്). വിശുദ്ധ പ്രേമത്തിന്റെ മഹത്ത്വങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന കവി ആത്മ നിലപാടിന്റെ നേട്ടവും വിശുദ്ധിയും പ്രകാശിപ്പിക്കുകയാണ് വരികളിലൂടെ ചെയ്യുന്നത്. ഇതുവഴി അത്യുത്കൃഷ്ടമായ പ്രവര്‍ത്തനമാണ് തിരുനബി കീര്‍ത്തനവും പ്രേമവുമെന്ന് പറയുമ്പോള്‍ ആത്മാഭിമാനത്തിന്റെ അക്ഷരങ്ങള്‍ കവിതയിലൂടെ നിഴലിച്ചുകാണുന്നുണ്ട്. ഇസ്റാഅ് മിഅ്റാജ് തുടങ്ങിയ പരമപ്രധാനമായ വിഷയങ്ങളെ പ്രകീര്‍ത്തിക്കാനാണ് ഈ കവിതയിലെ ഏകദേശം പകുതിയിലേറെ വരികളും മഹാനവര്‍കള്‍ വിനിയോഗിക്കുന്നത്. തിരുനബി സ്വപ്നത്തിലാണ് മിഅ്റാജ് നടത്തിയതെന്ന പ്രചാചാരണത്തിന് തിരുത്ത് കുറിക്കാന്‍ മാത്രം മഹാനവര്‍കള്‍ പത്തിലേറെ ഖണ്ഡങ്ങള്‍ കൊണ്ടുവരുന്നുണ്ട്. മരണമടഞ്ഞ മൂസാനബി(അ) നബി(സ്വ)യെ സഹായിച്ച സംഭവങ്ങള്‍, പാപിയായ അനുരാഗിക്ക് പ്രണയം തവസ്സുലാക്കുമ്പോള്‍ ലഭിക്കുന്ന ഔന്നിത്യം, അദൃശ്യജ്ഞാനത്തിലൂടെ തിരുനബി ജയിച്ചടക്കിയ ചരിത്ര ശകലങ്ങള്‍, ജിബ്രീലുമായുള്ള ചങ്ങാത്തത്തിലൂടെ മാലാഖ ലോകത്തെ(മലകൂത്തി) തിരുനബിയുടെ ഇടപെടലുകള്‍ തുടങ്ങി കേരളീയ പുത്തന്‍വാദികളുമായി മുസ്‌ലിംകള്‍ തര്‍ക്കത്തിലിരിക്കുന്ന ഒട്ടുമിക്ക വിഷയങ്ങള്‍ക്കും പ്രത്യക്ഷമായ മറുപടി രൂപങ്ങള്‍ ഈ കവിതയുടെ വരികളിലുണ്ട്. ചുരുക്കത്തില്‍ പ്രവാചക പ്രണയ ലോകത്ത് വിസ്മയാവഹമായ പങ്കുവെപ്പുകള്‍ തീര്‍ക്കുന്ന ഒട്ടനവധി അതുല്യ വരികളുടെ സങ്കേതമാണ് അല്‍ ഖസ്വീദതുല്‍ ഉമരിയ്യ, സ്വല്ലാ അലൈക്ക എന്ന് തുടങ്ങുന്ന മറ്റൊരു കവിതകൂടി ഇതേ പ്രമേയത്തില്‍ കവി രചിച്ചിട്ടുണ്ടെങ്കിലും തന്റെ പ്രതിഭാത്വവും അനുരാഗ പ്രകാശനവും അത്യധികം മേളിച്ച ഒരപൂര്‍വ സങ്കേതമാണിത്. ആത്മാര്‍ത്ഥനായ ആ അനുരാഗിയോട് കൂടെ തിരുനബിയോടൊപ്പം അല്ലാഹു നമ്മെ ഒരുമിച്ചുകൂട്ടട്ടെ. അബ്ദുസ്സലാം ബുഖാരി ഓമച്ചപ്പു
No comments:
Post a Comment