Friday, April 20, 2018

നബിദിനാഘോഷത്തിന്റെ പ്രമാണപക്ഷം


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


നബിദിനാഘോഷത്തിന്റെ പ്രമാണപക്ഷം● 0 COMMENTS

അല്ലാഹു നമുക്ക് നല്‍കിയ വലിയ അനുഗ്രഹമാണ് പുണ്യ നബി(സ്വ). ഖുര്‍ആന്‍ പഠിപ്പിക്കുന്നു: “ലോകത്തിന് അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല’ (അമ്പിയാഅ്/107).
അബൂഹുറൈറ(റ) നിവേദനം: “നബി(സ്വ) പറഞ്ഞു: നിശ്ചയം ഞാന്‍ റഹ്മത്താണ്’ (ഹാകിം 1/195).
അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് കൃതജ്ഞത അറിയിക്കല്‍ പുണ്യമുള്ളതും മുസ്‌ലിമിന്റെ ബാധ്യതയുമാണ്. നന്ദികേട് കാണിക്കല്‍ അവിശ്വാസിയുടെ ലക്ഷണമാണ്. ഇബ്നുകസീര്‍ പറയുന്നു: “ലോകര്‍ക്കഖിലവും റഹ്മത്തും നിഅ്മത്തുമായിട്ടാണ് അല്ലാഹു നബി(സ്വ)യെ നിയോഗിച്ചിട്ടുള്ളത്. ഈ നിഅ്മത്തിനെ സ്വീകരിക്കുകയും അതിന്റെ പേരില്‍ അല്ലാഹുവിന് ശുക്ര്‍ ചെയ്യുകയും ചെയ്തവരാരോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. അതിനെ തിരസ്കരിച്ച് നന്ദികേട് കാണിച്ചവന്‍ നരകത്തില്‍ പ്രവേശിക്കുകയും ചെയ്തു’ (തഫ്സീര്‍).
അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹമായ തിരുനബി(സ്വ)യുടെ ജന്മത്തിന്റെ പേരിലുള്ള സന്തോഷപ്രകടനമാണ് മുസ്‌ലിംകള്‍ ആചരിച്ചുവരുന്ന നബിദിനാഘോഷം. ഇമാം നവവി(റ)ന്റെ ഗുരുവര്യന്‍ അബൂശാമ(റ) പറയുന്നു: “നബി(സ്വ)യുടെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും ജനങ്ങള്‍ ചെയ്യാറുള്ള ദാനധര്‍മങ്ങള്‍, ഔദാര്യങ്ങള്‍, അലങ്കരിക്കല്‍, സന്തോഷപ്രകടനം ഇവയെല്ലാം പുണ്യം ലഭിക്കുന്ന അനുഷ്ഠാനമാണ്.’
പാവങ്ങളെ സഹായിക്കലുള്ളതോടൊപ്പം ലോകാനുഗ്രഹിയായ നബി(സ്വ)യുടെ ജന്മം കൊണ്ട് അല്ലാഹു നമ്മെ അനുഗ്രഹിച്ചതിലുള്ള സന്തോഷ സ്മരണയും മൗലിദ് കഴിക്കുന്നവന്റെ ഹൃദയത്തിനുള്ളിലുള്ള പ്രവാചക പ്രേമത്തിന്റെയും ആദരവിന്റെയും അടയാളപ്പെടുത്തല്‍ കൂടിയായത് കൊണ്ടാണ് ഈ ആചാരം പുണ്യമുള്ളതായത് (ഇആനത്ത്).
ഇമാം സുയൂഥി(റ) പറയുന്നു: “നബി(സ്വ)യുടെ ജന്മത്തിനു നന്ദി പ്രകടിപ്പിക്കല്‍ നമുക്ക് സുന്നത്താണ്’ (റൂഹുല്‍ ബയാന്‍).
ഹാഫിള് ഇബ്നുഹജര്‍ അസ്ഖലാനി(റ)യുടെ വാക്കുകള്‍ ഇങ്ങനെ വായിക്കാം: “നബി ജന്മദിനത്തില്‍ അനുഷ്ഠിക്കുന്ന കര്‍മങ്ങള്‍ അല്ലാഹുവിനുള്ള ശുക്റിനെ അറിയിക്കുന്ന ഖുര്‍ആന്‍ പാരായണം, ഭക്ഷണം നല്‍കല്‍, സ്വദഖ ചെയ്യല്‍, നബി(സ്വ)യുടെ മദ്ഹ് പാടല്‍ പോലെയുള്ളതാവല്‍ അനിവാര്യമാണ്’ (അല്‍ഹാവി ലില്‍ ഫതാവ).
നബിദിനാഘോഷം ഒരു പ്രത്യേക ദിവസത്തിലാവാമോ എന്നാണ് ചിലരുടെ ആധി. ആശൂറാഅ് നോമ്പിനെ സംബന്ധിച്ച് ഇബ്നു അബ്ബാസ്(റ)വില്‍ നിന്ന് ഉദ്ധരിച്ച ഒരു ഹദീസ് ഇങ്ങനെ വായിക്കാം: “മുഹറം പത്തിന് നോമ്പനുഷ്ഠിച്ചിരുന്ന യഹൂദികളോട് അതിനെക്കുറിച്ച് നബി(സ്വ) ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു, ബനൂ ഇസ്റാഈല്യരെ ഫറോവയില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയ മഹത്തായ ദിവസമാണിത്. ഇതിന്റെ പേരില്‍ ഞങ്ങളുടെ പ്രവാചകന്‍ മൂസാ(അ) നോമ്പനുഷ്ഠിച്ചിട്ടുണ്ട്. അപ്പോള്‍ നബി(സ്വ) പറഞ്ഞു: മൂസാ(അ)നോട് നിങ്ങളെക്കാള്‍ ബന്ധം ഞങ്ങള്‍ക്കാണ്. നബി(സ്വ) ഈ നോമ്പ് അനുഷ്ഠിക്കുകയും ചെയ്തു.’
മൂസാ(അ)നെയും അനുയായികളെയും ഫിര്‍ഔനില്‍ നിന്ന് രക്ഷപ്പെടുത്തുക എന്ന അനുഗ്രഹം ലഭിച്ചത് മുഹറം പത്തിനായത് കൊണ്ട് എല്ലാ വര്‍ഷവും മുഹറം പത്താവുമ്പോള്‍ അതിന്റെ പേരില്‍ അല്ലാഹുവിന് കൃതജ്ഞത അറിയിക്കാമെങ്കില്‍ അതിനേക്കാള്‍ വലിയ അനുഗ്രഹമാവുന്ന തിരുനബി(സ്വ)യുടെ ജന്മത്തിന്റെ പേരില്‍ തിരുജന്മം നടന്ന റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് അല്ലാഹുവിന് ശുക്ര്‍ ചെയ്യാമെന്നതില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതുണ്ടോ?
ഉപര്യുക്ത ഹദീസ് നബിദിനാഘോഷത്തിന് തെളിവാണെന്ന് സമര്‍ത്ഥിച്ച വിശ്വപ്രശസ്ത പണ്ഡിതന്‍ ഹാഫിള് ഇബ്നുഹജര്‍ അസ്ഖലാനി(റ)യുടെ ഈ വാക്കുകള്‍ നബിദിനാഘോഷത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ക്ക് വിരാമം കുറിക്കുന്നതാണ്. അദ്ദേഹം പറയുന്നു: “അല്ലാഹു നല്‍കിയ അനുഗ്രഹത്തിന് ഒരു നിശ്ചിത ദിവസം ശുക്ര്‍ ചെയ്യാമെന്നും വര്‍ഷാവര്‍ഷം അത് ആവര്‍ത്തിക്കാമെന്നും ഈ ഹദീസില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്. ഖുര്‍ആന്‍ പാരായണം, സ്വദഖ, നോമ്പ്, സൂജൂദ് പോലെയുള്ള പുണ്യകര്‍മങ്ങള്‍ മുഖേനയാണ് അല്ലാഹുവിനുള്ള ശുക്ര്‍ ഉണ്ടായിത്തീരുന്നത്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ അത്യുന്നതമായത് പ്രവാചകന്‍(സ്വ)യുടെ ഉദയമല്ലാത്ത മറ്റൊന്നല്ല. അതിനാല്‍ പ്രവാചകന്‍ ജനിച്ച ദിവസം പ്രത്യേകം പരിഗണിക്കല്‍ അനിവാര്യമാണ്’ (അല്‍ഹാവി ലില്‍ ഫതാവ).
നബിദിനാഘോഷ വിരുദ്ധരും പണ്ട് ഈ വസ്തുത എഴുതിയിട്ടുണ്ട്: “മൂസാ നബി(അ)നെ അല്ലാഹു രക്ഷപ്പെടുത്തുകയും ശത്രുവായ ഫിര്‍ഔനിനെ മുക്കിക്കളയുകയും ചെയ്തതിന് ശുക്റായിട്ട് ആ സംഭവം നടന്ന ദിവസമായ ആശൂറാഇല്‍ നോമ്പ് നോല്‍ക്കല്‍ സുന്നത്താണെന്ന് കാണിക്കുന്ന ഹദീസിനെ സ്വഹീഹ് ബുഖാരിയും മുസ്‌ലിമും രിവായത്ത് ചെയ്തിട്ടുണ്ട്. ഇതില്‍ നിന്ന്, അപ്രകാരം ഏതെങ്കിലുമൊരു പ്രത്യേക ദിവസത്തില്‍ അല്ലാഹുതആല ഒരു വലുതായ നിഅ്മത്ത് ചെയ്യുകയോ വലിയ ഒരു നാശത്തെ തടയുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആ ദിവസത്തില്‍ അതിന് അല്ലാഹുവിന് ശുക്റ് ചെയ്യുകയും കൊല്ലംതോറും ആ ദിവസം വരുമ്പോള്‍ ശുക്റിനെ പുതുക്കുകയും ചെയ്യുന്നത് ആവശ്യമാണെന്ന് വെളിപ്പെടുന്നു.
ശുക്റാണെങ്കില്‍ പലവിധ ഇബാദത്ത് കൊണ്ടും ആവാമല്ലോ. എന്നാല്‍ റഹ്മത്തുന്‍ ലില്‍ ആലമീനായ നബി(സ്വ)യുടെ ജനനത്തെക്കാള്‍ വലിയ നിഅ്മത്ത് മറ്റെന്താണ്? ഏതായാലും മൗലിദ് കഴിക്കുന്നത് മുമ്പ് വിവരിച്ച പ്രകാരം ഭക്ഷണം മുതലായവ സ്വദഖ ചെയ്യുക നബി(സ്വ)യുടെ മദ്ഹുകള്‍ മുതലായ, ഖല്‍ബുകളെ നന്മയിലേക്ക് ഇളക്കിവിടുന്നതും ആഖിറത്തിലേക്ക് ഈ അമലുകള്‍ ചെയ്യുവാന്‍ ഉത്സാഹിപ്പിക്കുന്നതുമായ നള്മ് (പദ്യം) നസ്ര്‍ (ഗദ്യം) കളോ ഓതുക എന്നിങ്ങനെ നബി(സ്വ)യെ വെളിപ്പെടുത്തിയതില്‍ അല്ലാഹുവിനോടുള്ള ശുക്റിനെ കാണിക്കുന്ന കാര്യങ്ങള്‍ കൊണ്ട് മാത്രം നിര്‍വഹിക്കുന്നത് കൊണ്ടായിരിക്കണം. സന്തോഷത്തിനുവേണ്ടി ഗാനം മുതലായ മുബാഹായ ആഘോഷങ്ങള്‍ക്ക് വിരോധമില്ല’ (അല്‍ഇര്‍ഷാദ്/148).
നബിദിനാഘോഷം ഇസ്‌ലാമില്‍ പ്രാമാണിക അടിസ്ഥാനമുള്ളതാണെന്നത് പണ്ഡിത ശ്രേഷ്ഠരുടെ വാക്കുകളില്‍ വളരെ സ്പഷ്ടമാണ്. ഭാഷാപരമായി ബിദ്അത്തെന്ന് പറയാവുന്ന പ്രമാണപിന്തുണയുള്ള ആചാരം മതദൃഷ്ടിയില്‍ ബിദ്അത്തല്ലെന്നും പ്രത്യുത പുണ്യകരമാണെന്നും ഇബ്നുഹജര്‍(റ)വിനെ പോലുള്ളവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്ത് ഇന്നുവരെയുള്ള മുസ്‌ലിം സമൂഹം മുഴുക്കെ ആചരിച്ചുവരുന്ന ഒരു പുണ്യകര്‍മമാണ് നബിദിനാഘോഷം. മതപ്രമാണങ്ങളോട് അനിഷ്ടം പ്രകടിപ്പിക്കുന്നവര്‍ക്കല്ലാതെ മൗലിദാഘോഷം അവഗണിക്കാനാവില്ല.

മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....