**കടം ഗഡുക്കളായി (തവണകളായി) വീട്ടൽ
കടപ്പലിശ
(سداد القرض على أقساط)**
കടം കൊടുക്കുക (الإقراض) എന്നാൽ, തിരികെ അതിന് തുല്യമായത് നൽകണം എന്ന വ്യവസ്ഥയിൽ ഒരു വസ്തുവിന്റെ ഉടമസ്ഥത നൽകലാണ്.
ധാരാളം ആയത്തുകളും പ്രസിദ്ധമായ ഹദീസുകളും ഇതിന് പ്രേരണ നൽകുന്നുണ്ട്.
കടം വാങ്ങുന്നയാൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലല്ലെങ്കിൽ കടം കൊടുക്കൽ സുന്നത്താണ് (പ്രതിഫലാർഹമായ കാര്യം); എന്നാൽ അവൻ നിർബന്ധിതാവസ്ഥയിലാണെങ്കിൽ കടം കൊടുക്കൽ വാജിബാണ് (നിർബന്ധം).
നിർബന്ധിതാവസ്ഥയിലല്ലാത്ത ഒരാൾ തിരികെ വീട്ടാൻ യാതൊരു വഴിയുമില്ലെന്നിരിക്കെ കടം വാങ്ങുന്നത് ഹറാമാണ് (വിലക്കപ്പെട്ടതാണ്); പെട്ടെന്ന് തിരിച്ചടക്കേണ്ട സമയത്തോ, വായ്പയുടെ കാലാവധി എത്തുമ്പോഴോ ഉള്ള അവസ്ഥയിലും ഇത് ഹറാമാകുന്നു.
കടം വാങ്ങിയ തുക ഗഡുക്കളായി (തവണകളായി) തിരികെ വീട്ടുന്നത് അനുവദനീയമായ കാര്യമാണ്, അതിന് തടസ്സമൊന്നുമില്ല. എന്നാൽ കടം കൊടുത്തയാൾ നൽകിയ അസ്സൽ തുകയേക്കാൾ കൂടുതൽ തുക തവണകളായി കടം വാങ്ങിയയാൾ തിരികെ നൽകണം എന്ന് നിബന്ധന വെക്കാൻ പാടില്ല. അങ്ങനെ നിബന്ധന വെച്ചാൽ അത് ഹറാമായ കരാറിലും അസാധുവായ കടമിടപാടിലും പെടും. ഹദീസിൽ വന്നിട്ടുണ്ട്: *"ലാഭം കൊയ്യുന്ന എല്ലാ കടമിടപാടുകളും പലിശയാണ്."* ഈ ഹദീസിന്റെ സനദ് (നിവേദന പരമ്പര) ദുർബലമാണെങ്കിലും സ്വഹാബികളിൽ നിന്നുള്ള നിവേദനങ്ങൾ ഇതിന്റെ ആശയത്തെ ബലപ്പെടുത്തുന്നുണ്ട്.
എന്നാൽ കരാറിൽ കൂടുതൽ തുക നൽകണമെന്ന് മുൻകൂട്ടി വ്യവസ്ഥ വെച്ചാൽ മാത്രമാണ് ഇത് ഹറാമാകുന്നത്. മുൻകൂട്ടി യാതൊരു നിബന്ധനയുമില്ലാതെ, കടം വാങ്ങിയയാൾ സ്വന്തം ഇഷ്ടപ്രകാരം തിരികെ നൽകുമ്പോൾ കൂടുതൽ തുക നൽകുന്നത് അനുവദനീയമാണ്; എന്ന് മാത്രമല്ല കടം വാങ്ങിയയാൾക്ക് അത് സുന്നത്തുമാണ്. പ്രവാചകൻ (സ) അരുളിയിരിക്കുന്നു: *"തീർച്ചയായും നിങ്ങളിൽ ഉത്തമൻ കടം ഏറ്റവും നന്നായി തിരികെ വീട്ടുന്നവനാണ്."*
Aalam Kamil saquafi parappanangadi
**
No comments:
Post a Comment