Sunday, June 7, 2026

മയ്യിത്ത് ഖബറിൽ വെച്ചാൽ കഫൻ തുണിയിലെ കെട്ടുകൾ എല്ലാം അഴിക്കണമെന്നു

 ചോദ്യം : മയ്യിത്ത് ഖബറിൽ വെച്ചാൽ കഫൻ തുണിയിലെ കെട്ടുകൾ എല്ലാം അഴിക്കണമെന്നു പറയുന്നതായി കേട്ടു. ശരിയാണോ? കാലിൻ്റെ ഭാഗത്തുള്ള കെട്ട് അഴിക്കേണ്ടതുണ്ടോ? സാധാരണ ഈ കെട്ടുകൾ അഴിക്കാറില്ലല്ലോ. ഇതു തെറ്റാണോ? വലതു കവിളിൽ മണ്ണ് വെക്കേണ്ടത് എങ്ങനെയാണ് ? കുറച്ചു മണ്ണെടുത്ത് കഫൻ തുണിയുടെ ഉള്ളിൽ വെക്കുകയാണോ വേണ്ടത് ?

ഉത്തരം : ഖബറിൽ വെച്ചതിനുശേഷം കഫൻ തുണിയുടെ കെട്ടുകൾ അഴിക്കേണ്ടതാണ്. കാലിന്റെ ഭാഗത്തുള്ള കെട്ടും അഴിക്കണം. കെട്ടുകൾ അഴിക്കാതെ മറവു ചെയ്യുന്നത് ശരിയല്ല. കെട്ടുകൾ അഴിക്കാതിരിക്കുന്നത് കറാഹത്താണ്.


ഇമാം നവവി (റ) എഴുതുന്നു: മയ്യിത്ത് ഖബറിൽ വെച്ചാൽ കെട്ടുകൾ അഴിക്കേണ്ടതാണ്. ഇമാം ഇബ്നു ഹജർ (റ) വിശദീകരിക്കുന്നു: കെട്ടാനുള്ള കാരണം നീങ്ങിയതിനാലും ഖബറിൽ മയ്യിത്തിനൊപ്പം കെട്ടപ്പെട്ട വസ്തു ബാക്കിയാക്കൽ കറാഹതുള്ളതിനാലുമാണിത്. മയ്യിത്ത് കൊണ്ടു പോകുമ്പോഴും ചലിക്കുമ്പോഴും കഫൻ തുണി അഴിയും എന്നതിനാലാണ് കെട്ട് ആവശ്യമായത്. (തുഹഫ് 3-127) ഇമാം റംലി (റ) നിഹായ 2-464 ലും ഇപ്രകാരം വിശദീകരിച്ചിട്ടുണ്ട്. 

മയ്യിത്തിന്റെ വലത് കവിളിൽ നിന്ന് കഫൻ തുണി നീക്കിയതിനു ശേഷം മണ്ണിലേക്കോ തലയുടെ താഴെവെച്ചിട്ടുള്ള മൺകട്ട പോലുള്ളതിലേക്കോ ചേർത്തു വെക്കുകയാണ് വേണ്ടത്.

ഇമാം ഇബ്നു‌ ഹജർ (റ) എഴുതി: മയ്യിത്തിന്റെ തലയുടെ താഴെ മൺകട്ട പോലുള്ളത് വെക്കലും വലതു കവിളിൽ നിന്ന് കഫൻ തുണി നീക്കിയതിനു ശേഷം ആ ഭാഗം കട്ടയിലേക്കോ മണ്ണിലേക്കോ ചേർത്തിവെക്കലും സുന്നത്താണ്. (തുഹ്ഫ3-171)


ഫതാവ നമ്പർ 640

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല 


https://chat.whatsapp.com/GqC6EHp9tCs6kP3kvZGedn

No comments:

Post a Comment

മയ്യിത്ത് കുളിപ്പിക്കുമ്പോൾ മയ്യിത്തിന് വുളൂഅ് ചെയ്തു കൊടുത്താൽ വുളൂഇന് ശേഷമുള്ള ദുആ

 സംശയം: മയ്യിത്ത് കുളിപ്പിക്കുമ്പോൾ മയ്യിത്തിന് വുളൂഅ് ചെയ്തു കൊടുത്താൽ വുളൂഇന് ശേഷമുള്ള ദുആഅ് സുന്നത്തുണ്ടോ? സ്വന്തമായി വുളൂഅ് ചെയ്യുമ്പോഴല...