Monday, June 8, 2026

ആലുങ്ങൽ മുഹ്‌യിദ്ദീൻകുട്ടി മുസ്‌ലിയാർ(ഖു:സി)

 📚

*ആലുങ്ങൽ മുഹ്‌യിദ്ദീൻകുട്ടി മുസ്‌ലിയാർ(ഖു:സി)*


(ഭാഗം - 1 )


✍️

_അഷ്‌റഫ് സഖാഫി, പള്ളിപ്പുറം_

_________________


അതിരാവിലെ നടക്കാൻ തുടങ്ങുക,  വിശപ്പടക്കാൻ ഒരു അണക്ക് പിണ്ണാക്ക് വാങ്ങി അരയിൽ കരുതും. ഇടക്ക്, പതിനൊന്നു മണിയോടെ വട്ടപ്പാറയിൽ അൽപം വിശ്രമം. അവിടെ നിന്നും വെള്ളം കോരി, പിണ്ണാക്കിൽ ഉതിർത്ത് കഴിക്കും. വീണ്ടും നടത്തം തുടരും. വൈകുന്നേരം നാല് മണിയാകുമ്പഴേക്കും പൊന്നാനിയിലെത്തും. ഇങ്ങനെ, മലപ്പുറം ജില്ലയിലെ മങ്കട - പള്ളിപ്പുറം ദേശത്തെ കൊളപ്പറമ്പ് ഗ്രാമത്തിൽ നിന്നും തുടങ്ങി, പൊന്നാനിയിൽ കാൽനടയായി ചെന്ന് ഇൽമ് പഠിച്ച ഈ മഹാനാണ് ആലുങ്ങൽ മുഹ്‌യുദ്ദീൻകുട്ടി മുസ്‌ലിയാർ(ഖു:സി). വാഴക്കാട് ദാറുൽ ഉലൂമിൽ നിന്നും യൂസുഫുൽ ഫള്ഫരീയുടെ ശിഷ്യത്വവുമുണ്ട്.


എൻ്റെ നാട് - പള്ളിപ്പുറത്തെ ദീനീകാര്യങ്ങൾക്ക് ദീർഘകാലം നേതൃത്വം കൊടുത്ത ഖത്വീബും ഖാളിയും എല്ലാമായിരുന്നു മഹാൻ. നാട്ടിൽ പെരിന്തൽമണ്ണ കാപ്പിലെ ഖാളിമാരുടെ നിയന്ത്രണമായിരുന്നുവെങ്കിലും എല്ലാ ചുമതലകളും നിർവ്വഹിച്ചിരുന്നത് മുഹ്‌യുദ്ദീൻ കുട്ടി മുസ്‌ലിയാരായിരുന്നു. അതിനാൽ തന്നെയാണ് ഇന്നത്തെ കാരണവന്മാരെല്ലാം 'ഖാളിയാരുപ്പാപ്പ' എന്ന് ബഹുമാനത്തോടെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയത്. വെള്ളിയാഴ്ച പത്തരമണിയാകുമ്പോഴേക്കും കൊളപ്പറമ്പ് വീട്ടിൽ നിന്നും ഇറങ്ങി, കയ്യിലൊരു വടിയും പിടിച്ച്, വിനയാന്വിതനായി, പള്ളിപ്പുറത്തെ പള്ളിയിൽ ജുമുഅഃക്ക് വരുന്ന കാഴ്ച ഇന്നും ഓർമ്മയുളളവർ നാട്ടിലുണ്ട്. 

അന്നൊരു വേനൽക്കാലം, വർഷത്തിൽ മൂന്നു പ്രാവശ്യം കൊയ്ത്തുണ്ടായിരുന്ന ഞങ്ങളുടെ നാട്ടിലെ നെൽപാടങ്ങൾ വയറായി നിൽക്കുന്ന സമയം (കതിരുകൾ വരുന്നതിൻ്റെ തൊട്ടുമുമ്പുള്ള അവസ്ഥ), വെള്ളമില്ലാതെ ഉണങ്ങിപ്പോകുന്ന മട്ടിൽ നിൽക്കുന്നു. ഇത് കണ്ട ഖാളിയാരുപ്പാപ്പ ജുമുഅഃക്ക് ശേഷം എഴുന്നേറ്റ് ചെറിയ ഉപദേശങ്ങൾ തന്ന് പറഞ്ഞു:


"നെല്ലുകളൊക്കെ ഉണങ്ങാനായി, നമുക്ക് ദുആര്ക്കാം.."


ധനാഢ്യന്മാരായ ചിലരുടെ മക്കൾ സ്വർണ്ണമാല കഴുത്തിലണിയുന്ന ശീലം അന്നുണ്ടായിരുന്നു. ആ ആഭരണങ്ങൾ അഴിച്ച് ശരീരത്തിൽ തട്ടാതെ മാറ്റിവെക്കാൻ പറഞ്ഞു. ശേഷം കുറച്ച് ഇസ്‌തിഗ്ഫാറും തഹ്‌ലീലും സ്വലാതും ചൊല്ലി, കൈകളുയർത്തി ദുആ ചെയ്തു. വൈകാതെ കനത്ത മഴ പെയ്തു. ആ മഴയത്ത് നനഞ്ഞ് കുളിച്ചവർ ഇന്നും ജീവിച്ചിരിപ്പുണ്ട്. 

നീട്ടിവലിച്ചുള്ള സംസാരമൊന്നുമില്ല. കുറഞ്ഞ ഉപദേശങ്ങൾ കൊണ്ട് ജനങ്ങളുടെ കണ്ണുകൾ റബ്ബിനെയോർത്ത് നിറഞ്ഞൊലിക്കും.


വെല്ലൂർ ബാഖിയാതിലെ മുദർരിസ് അബ്ദുർറഹ്‌മാൻ ഫള്ഫരി (കുട്ടി മുസ്‌ലിയാർ), മഞ്ചേരി ഓവുങ്ങൽ അബ്ദുർറഹ്‌മാൻ മുസ്‌ലിയാർ, അബുൽ കമാൽ കാടേരി ഇവരുമായെല്ലാം വലിയ ചങ്ങാത്തവും സൗഹൃദ ബന്ധവുമായിരുന്നു. കാടേരിയുടെ മകളെ ഖാളിയാരുടെ മകൻ മുഹ്‌യുദ്ദീൻ മുസ്‌ലിയാർ നികാഹ് ചെയ്തിട്ടുണ്ട്. വണ്ടൂരിലെ നീലാഞ്ചേരി മരക്കാർ ഹാജി, എൻ്റെ ഉസ്താദ് ഉസ്മാൻ ഫൈസിയുടെ പിതാവ് മൊയ്തീൻകാക്കു തുടങ്ങിയ പലരും ഖാളിയാരുപ്പാപ്പയുമായി അടുത്ത ബന്ധമുള്ളവരുണ്ടായിരുന്നു. ഇത്രയും വിവരങ്ങൾ പങ്കുവെച്ചത് നാട്ടുകാരനായ മുതലാശ്ശേരി അബൂബക്ർ മുസ്‌ലിയാരാണ്.


തൗള്വീഹുൽ അഖീദഃ, അസാസുൽ മസാഇലിൽ ഫിഖ്ഹിയ്യഃ എന്നീ പേരുകളിൽ രണ്ട് ചെറുരചന കാവ്യരൂപത്തിൽ മഹാനർ രചിച്ചിട്ടുണ്ട്. (വേറെ ഉണ്ടോ എന്നറിയില്ല). വഹാബികൾക്കെതിരെയും മൗദൂദിസത്തിനെതിരെയും മൂർച്ചയേറിയ വാൾ കണക്കെ 250-ൽ പരം വരികളിൽ ജ്വലിച്ചു നിൽക്കുന്നതാണവ. ഇബ്നു ഹസ്മ്, ഇബ്നു തൈമിയ്യഃ, ഇബ്നുൽ ഖയ്യിം തുടങ്ങിയ ബിദഈ ആശയ സ്രോതസ്സുകളെയും അവരെ അനുകരിച്ച ഇബ്നു അബ്ദിൽ വഹാബ്, റശീദ് രിളാ തുടങ്ങിയവരെയും കൈകാര്യം ചെയ്യുന്നുണ്ട് അതിൽ. തവസ്സുൽ, ഇസ്‌തിഗാസ, മരിച്ചവരോട് സഹായം തേടൽ, കറാമത് തുടങ്ങി, എല്ലാ അനാവശ്യ ശിർക്കാരോപണങ്ങളും വിഷയീഭവിച്ചിട്ടുണ്ട്. ജനാസ കൊണ്ടു പോകുന്നതിനിടെയുള്ള ദിക്റ്, മരിച്ചവർക്ക് വേണ്ടിയുള്ള ഖുർആൻ പാരായണം, നിസ്‌കാരത്തിലെ കൈ കെട്ടൽ തുടങ്ങിയ തെറ്റിദ്ധരിപ്പിക്കപ്പെട്ട മസ്അലഃകളും യഥാവിധം വിശദീകരിച്ചിട്ടുണ്ട്. 


 അക്കാലത്തെ പ്രധാനികളും പ്രസിദ്ധരുമായ പണ്ഡിതന്മാരെല്ലാം ഈ രചനകൾക്ക് ആശംസ എഴുതിയത് കൃതിയുടെയും രചയിതാവിൻ്റെയും മാറ്റു കൂട്ടുന്നുണ്ട്. അവയിലെ ചില ഭാഗങ്ങൾ ചുവടെ ചേർക്കുന്നു:


فَبَارَكَ اللهُ يَا حِبِّي خَدمتَ بِهَا # لِلدِّينِ مَا كَانَ حَقًّا لَائِحٌ فِيهَا

وَكَيْفَ لَا وَأَنْتَ مُحْيِي الدِّينِ تُحْيِي لِمَا # مِنَ الْمَسَائِلِ مَا قَدْ جَارَ بَاغِيهَا


"പ്രിയപെട്ടവരെ, അല്ലാഹു താങ്കൾക്ക് നന്മകൾ വർദ്ധിപ്പിച്ചു തരട്ടെ... 

ഈ കവിത കൊണ്ട് താങ്കൾ ദീനിന്ന് സേവനം ചെയ്തിരിക്കുന്നു. സത്യം അതിൽ തിളങ്ങി നിൽപ്പുണ്ട്.

ഇതിലതിശയമില്ല; അങ്ങ് ദീനിനെ പുനരുജ്ജീവിപ്പിക്കുന്നവരാണല്ലോ!

അക്രമിയുടെ കുതന്ത്രത്തിനിരയായ നിയമവ്യവസ്ഥയെ താങ്കൾ ജീവസ്സുറ്റതാക്കുന്നു. "

(കുട്ടി മുസ്‌ലിയാർ - ന:മ)


يُقِرُّ مِنْكَ أَبَاطِيلُ الطُّغَاةِ بِلَا # مَهَلٍ كَنَجْدِيَّةٍ شَوْهَاءُ تُنْفِيهَا

كَذَاكَ مَوْدُودِ قَدْ قَطَّعْتَ شَوْكَتَهُمْ # بِسَيْفِ نَظْمِكَ يَا تَوْضِيحُ تُنْكِيهَا ...

يَا طَالِبِي الْحَقِّ كُونُوا عَامِلِينَ بِمَا # فِيهَا وَيُهْدِي إِلَى حَقٍّ مَعَانِيهَا

أَبُوكَ أَحْرَى بِمُحْيِي الدِّينِ أَيَّدَهُ # رَبُّ السَّمَاءِ بِتَصْنِيفٍ يُحَاكِيهَا


" ഒരു മടുപ്പുമില്ലാതെ വാളിനു സമാനമായ കാവ്യശീലുകൾ കൊണ്ട് ആശയവിരൂപികളായ നജ്ദിയൻ ചിന്താഗതിക്കാരുടെയും മൗദൂദികളുടെയും മുനയൊടിച്ചല്ലോ..

ഹഖ്ഖിനെ തേടുന്നവർ ഇതിൽ പറഞ്ഞ പ്രകാരം പ്രവർത്തിച്ചു കൊള്ളട്ടെ, അതുവഴി സന്മാർഗ്ഗത്തിലേക്ക് എത്തിച്ചേരും, കാരണം, നിൻ്റെ ആത്മാവിൻ്റെ പിതാവ് ഏറ്റവും യോഗ്യനായ, റബ്ബിൻ്റെ ഭാഗത്ത് നിന്നും ശക്തിയാർജ്ജിച്ച മുഹ്‌യുദ്ധീൻ എന്ന് പേരുള്ളയാളാണ്.."

(ആമയൂർ മുഹമ്മദ് മുസ്‌ലിയാർ - ന:മ)


فَإِنِّي طَالَعْتُ هَاتَيْنِ الرِّسَالَتَيْنِ، فَوَجَدْتُهُمَا مُوَافِقَتَيْنِ لِطَلَبَةِ هَذَا الزَّمَانِ الَّذِي انْتَشَرَتْ فِيهِ نُزُهَاتُ الْمُبْدِعِينَ، وَمُوَافِيَتَيْنِ بِالْأَدِلَّةِ عَلَى الْمُخَالِفِينَ الَّذِينَ زَاغَتْ عَقَائِدُهُمْ عَنِ الْحَقِّ وَالصَّوَابِ، وَكَيْفَ لَا وَنَاسِجُهُمَا تِلْمِيذُ عَيْنِ مزَاعِيان مَلَبَارَ، أَعْنِي بِهِ الشَّيْخَ الْوَلِيَّ الْكَامِلَ الْوَرِعَ يُوسُفَ الْفَضْفَرِيَّ رَحِمَهُ اللهُ، وَلَا غَرْوَ فِي أَنَّهُ كَانَ مِنْ أَزِمَّةِ الْعِلْمِ وَالتَّقْوَى، فَجَزَى الْإِلَهُ المؤلّفَ خَيْرًا، وَشَكَرَ سَعِيدٌ شُكْرًا وَافِيًا، وَأَرْجُو مِنْ حَضَرَاتِ الْعُلَمَاءِ أَنْ يَجْعَلُوا هَذَا السّفرَ مِنْ عِدَادِ الْكُتُبِ الدِّرَاسِيَّةِ، وَاللهُ الْمُوَفِّقُ. الخ 


"ഈ രണ്ട് രിസാലഃകളും ഞാൻ വായിച്ചു. നവീനവാദികളുടെ പിഴച്ച ആശയങ്ങൾ നടമാടുന്ന ഇക്കാലത്തെ വിദ്യാർത്ഥികൾക്ക് ഏറ്റവും അനുയോജ്യമാണിത്. ശരിയായ മാർഗത്തിൽ നിന്ന് വ്യതിചലിച്ചവർക്കെതിരെ വ്യക്തമായ തെളിവുകൾ ഉൾക്കൊള്ളുന്നതാണെന്നും മനസ്സിലാക്കുന്നു.

അങ്ങനെ അല്ലാതിരിക്കുമോ? അവയുടെ രചയിതാവ് മലബാറിന്റെ അഭിമാനമായ മഹാപണ്ഡിതൻ ശൈഖ് യൂസുഫുൽ ഫള്ഫരിയുടെ ശിഷ്യനാണല്ലോ. അദ്ദേഹം സമ്പൂർണ്ണനായ വലിയ്യും, അത്യന്തം സൂക്ഷ്മതയുള്ള മഹാനുമായിരുന്നു.

 ഈ ഗ്രന്ഥത്തിന്റെ രചയിതാവിന് അല്ലാഹു ഉത്തമ പ്രതിഫലം നൽകട്ടെ. ഈ ഗ്രന്ഥത്തെ ദർസ് പഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഞാൻ ആദരണീയരായ പണ്ഡിതന്മാരോട് അഭ്യർത്ഥിക്കുന്നു.."

(കൈപറ്റ മമ്മുട്ടി മുസ്‌ലിയാരുടെ മകൻ മുഹമ്മദ് മുസ്‌ലിയാർ - ന:മ)


കുന്നപ്പള്ളി ഹൈദർ മുസ്‌ലിയാർ, താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാർ, അബ്ദുൽ ഖഹ്ഹാർ പുക്കോയ തങ്ങൾ പാണക്കാട്, മൗലാനാ അബ്ദുൽബാരി മുസ്‌ലിയാർ വാളക്കുളം,  പള്ളിപ്പുറം മുദർരിസായിരുന്ന മൂസാ മുസ്‌ലിയാർ, ഏലംകുളം - തുടങ്ങിയവരെല്ലാം രചനയെയും ഖാളിയാരുപ്പാപ്പയെയും വാനോളം പുകഴ്ത്തി ആശംസ അറിയിച്ചത് കാണാം. ദൈർഘ്യം ഭയന്ന് ചുരുക്കുന്നു. ആശംസ നേർന്നവരുടെ പേരുകൾ തന്നെ രചയിതാവിൻ്റെ വലിപ്പം മനസ്സിലാക്കാൻ മതിയല്ലോ. അവരിൽ മിക്ക പേരുടെയും തഖ്‌രീള്വുകൾ കാവ്യരൂപത്തിലാണെന്നതും ശ്രദ്ധേയമാണ്. നമ്മുടെ ഉലമാഇൻ്റെ അറബി സാഹിത്യത്തിലെ കഴിവും ഇതിലൂടെ മനസ്സിലാക്കാവുന്നതാണ്.


നാട്ടിൽ ധാരാളം മൗലിദുകൾ സംഘടിപ്പിച്ചിരുന്നു. പാരായണത്തിന് ബർസൻജീ, ജഅല മുഹമ്മദ് മൗലിദുകളാണ് കൂടുതൽ പ്രിയം. ചിരങ്ങ ഇഷ്ടമായിരുന്നു. 


( തുടരും )

No comments:

Post a Comment

ആലുങ്ങൽ മുഹ്‌യിദ്ദീൻകുട്ടി മുസ്‌ലിയാർ(ഖു:സി)

 📚 *ആലുങ്ങൽ മുഹ്‌യിദ്ദീൻകുട്ടി മുസ്‌ലിയാർ(ഖു:സി)* (ഭാഗം - 1 ) ✍️ _അഷ്‌റഫ് സഖാഫി, പള്ളിപ്പുറം_ _________________ അതിരാവിലെ നടക്കാൻ തുടങ്ങുക,...