Friday, May 15, 2026

സൂറതുന്നസ്വ്‌റും ഫത്‌ഹും

 📚

*സൂറതുന്നസ്വ്‌റും ഫത്‌ഹും*

______________________


അയൽപക്കത്ത് കല്യാണ ദിവസം. കൃത്യം പതിനൊന്നു മണിക്ക് കല്യാണം തുടങ്ങുമെന്ന് ക്ഷണക്കത്തിലുണ്ട്. പറഞ്ഞതു പോലെ,  പതിനൊന്ന് മണിയോടെ നീ പന്തലിലെത്തിയാലും, വീട്ടുടമക്ക് വലിയ സന്തോഷമൊന്നുമുണ്ടാവില്ല. അതേസമയം, അവൻ്റെ സുഹൃത്ത് കൃത്യസമയത്ത് എത്തിയാൽ വലിയ സന്തോഷമാവുകയും ചെയ്യും. എന്തേ? നീ അയൽപക്കത്തുള്ളവനാണ്. തലേ ദിവസങ്ങളിൽ തന്നെ പോകേണ്ടവനാണ്, തിരക്കുപിടിച്ച സമയത്ത് സഹകരിക്കേണ്ടവനാണ്. സുഹൃത്തിൽ നിന്നും ഇത്ര തന്നെ പ്രതീക്ഷിക്കാത്തതിനാൽ, വൈകി വന്നാലും അത് തെറ്റാവില്ല.


പറഞ്ഞു വന്നത്, അടുപ്പം കൂടുന്നതിനനുസരിച്ച്, നല്ല കാര്യങ്ങളാണെങ്കിൽ പോലും, അടുപ്പക്കാരിൽ അത് പോരായ്കയാവും. മുകളിൽ, കല്യാണത്തിന് രാവിലെത്തന്നെ എത്തിയിട്ടും മോശമായത് പോലെ. 

ഇതേ രീതിയിൽ, അല്ലാഹുവിൻ്റെ ഇഷ്ടക്കാരിലെ പരിപൂർണ്ണതയിൽ വരുന്ന നേരിയ കുറവ് പോലും, ചിലപ്പോൾ തെറ്റായി വിശേഷിപ്പിച്ചേക്കും. യഥാർത്ഥത്തിൽ അത് വലിയ നന്മയാണെങ്കിലും. ഈ ആശയം വിളിച്ചോതുന്ന പ്രസിദ്ധമായ വാക്യമുണ്ട്:


حَسَنَاتُ الْأَبْرَارِ سَيِّئَاتُ الْمُقَرَّبِينَ


ദിനേന ദറജഃകൾ ഉയർന്നു കൊണ്ടിരിക്കുന്ന തിരുനബി(സ്വ) തങ്ങൾക്ക്, തൊട്ടു മുമ്പത്തെ ദിവസത്തേക്ക് നോക്കിയാൽ അതൊരു കുറച്ചിലായി അനുഭവപ്പെടും. കാരണം, ഈ ദിവസത്തെ അത്ര ദറജഃ ഇന്നലെ ഉണ്ടായില്ലല്ലോ എന്നാണ് ചിന്തിച്ചു പോവുക. 


ദിവസവും എഴുപത് തവണ തങ്ങൾ ഇസ്തിഗ്ഫാർ ചൊല്ലിയതിന്, ന്യായമായി പറഞ്ഞവയിൽ രണ്ട് കാര്യങ്ങളാണ് മുകളിൽ കൊടുത്തത്. ഉമ്മതിനെ നെഞ്ചോട് ചേർത്തിയ നേതാവായതിനാൽ, അവരിൽ നിന്നുള്ള തെറ്റുകളെല്ലാം സ്വന്തത്തോട് ചേർത്ത്, അവർക്ക് വേണ്ടിയുള്ള പൊറുക്കലിനെ ചോദിക്കലാണെന്നും അഭിപ്രായമുണ്ട്. അല്ലെങ്കിലും ഇസ്തിഗ്ഫാർ ചൊല്ലാൻ, തെറ്റുകൾ ഒന്നും തന്നെ സംഭവിക്കേണ്ടതില്ല എന്നാണ് ഇമാമുകൾ പറഞ്ഞു വെച്ചത്. 


ചുരുക്കത്തിൽ, സർവ്വ തെറ്റുകളിൽ നിന്നും പൂർണ്ണ സുരക്ഷരരായവരാണ് നബിമാർ. അവരിലെ ഏറ്റവും ഉന്നതരാണ് തിരുനബി(സ്വ) തങ്ങൾ. എന്നിട്ടും 'തങ്ങളുടെ തെറ്റുകൾ' എന്ന പ്രയോഗം ഖുർആനിലുണ്ട്. ബാഹ്യാർത്ഥം ഒരിക്കലും ഉദ്ദേശമില്ലെന്ന് പകൽ കണക്കെ വ്യക്തമാണ്. മുകളിൽ പറഞ്ഞ പോലോത്ത വ്യാഖ്യാനങ്ങൾ അവിടെയുണ്ടെന്ന് ഇമാമുകൾ പഠിപ്പിച്ചിട്ടുമുണ്ട്. ഇനി നോക്കൂ, അല്ലാഹു പറയുന്നു:


{ إِنَّا فَتَحۡنَا لَكَ فَتۡحٗا مُّبِينٗا(١) لِّيَغۡفِرَ لَكَ ٱللَّهُ مَا تَقَدَّمَ مِن ذَنۢبِكَ وَمَا تَأَخَّرَ وَيُتِمَّ نِعۡمَتَهُۥ عَلَيۡكَ وَيَهۡدِيَكَ صِرَٰطٗا مُّسۡتَقِيمٗا(٢) وَيَنصُرَكَ ٱللَّهُ نَصۡرًا عَزِيزًا(٣)  }[سورة الفتح]


"നബിയേ, ഇനി മുതൽ അങ്ങേക്ക് വിജയത്തിൻ്റെ നാളുകളാണ്.." 

ഫത്‌ഹു മക്കഃയുമായി ബന്ധപ്പെട്ട ആയതാണ് ഇത്. അതിന് വഴിയൊരുങ്ങിയ ഹുദൈബിയ്യാ സന്തിക്ക് തൊട്ടു മുമ്പ് ഹി: ആറാം വർഷത്തിലാണ് അവതരിച്ചത്. പൂർണ്ണമായും ശത്രുക്കളുടെ ആവശ്യങ്ങൾ സമ്മതിച്ചും, മുസ്‌ലിമുകൾക്ക് പലതും തടഞ്ഞുമുള്ള ഈ കരാർ സ്വാഭാവികമായും സ്വഹാബതിൽ പലർക്കും നീരസമുണ്ടാക്കി. ഉംറഃ നിർവ്വഹിക്കാൻ പോലും സമ്മതിക്കാതെ തിരിച്ചു പോകേണ്ട ഗതി വന്നപ്പോൾ,  അല്ലാഹു സഹായിക്കുമെന്ന വാഗ്ദാനം ഉണ്ടായില്ലല്ലോ എന്ന ആശങ്കയുണ്ടായി. അപ്പോൾ അബൂബക്ർ(റ) പറഞ്ഞു: 


"അത് ഈ വർഷം തന്നെ ഉണ്ടാകുമെന്ന് പറഞ്ഞിട്ടില്ലല്ലോ.."


അത് തിരുനബി(സ്വ) ശരിവെച്ചു കൊണ്ട് മറുപടി വ്യക്തമാക്കി. ശേഷം രണ്ട് വർഷം കഴിഞ്ഞ് ഹി: എട്ടാം വർഷത്തിൽ തന്നെ ഫത്ഹു മക്കഃ അരങ്ങേറുകയായിരുന്നു.


 ഇസ്‌ലാമിക സാമ്രാജ്യം എല്ലാം കീഴടക്കി മുന്നേറുമെന്ന സന്തോഷവാർത്തയാണ് ആയതിലൂടെ നൽകുന്നത്. അതിനു വേണ്ടി പരിശ്രമിക്കാനുള്ള കൽപനയും അതിലുണ്ട്.

അതുവഴി അല്ലാഹു മഗ്ഫിറത് നൽകുകയും അവൻ്റെ നിഅ്മതുകൾ പൂർത്തിയാക്കി തരികയും സൽപാന്താവിലേക്ക് ചേർത്തുമെന്നും പറയുന്നു. ഇത്, തിരുനബി(സ്വ) തങ്ങളുടെ ഉമ്മതിനോടുള്ള പ്രചോദനവും കൽപനയുമാണെന്ന് മുഫസ്സിറുകൾ വിശദീകരിക്കുന്നു. 

ഇവിടെ, 

ذَنۢبِكَ

'തങ്ങളിൽ നിന്ന് വരാവുന്ന മോശങ്ങൾ' - അഥവാ, അത് യഥാർത്ഥത്തിൽ മോശമായതല്ല, മറിച്ച് സൽകർമ്മം തന്നെയാണ്, തങ്ങളുടെ സ്ഥാനത്തേക്ക് നോക്കുമ്പോൾ ഇനിയും ഉയരാനുണ്ട് - എന്ന് മേൽ പറഞ്ഞ രീതിയിൽ വ്യാഖ്യാനിക്കണം. അത് കൊണ്ടാണല്ലോ

الذنب 

എന്ന് പറയാതെ,

ذنبك 

അങ്ങയുടെ 'ദൻബ്' എന്ന് പറഞ്ഞത്.


യഥാർത്ഥത്തിൽ, ഇത് സൂറതുന്നസ്വ്‌റിൻ്റെ പൂർത്തീകരണമാണ്.


{ إِذَا جَآءَ نَصۡرُ ٱللَّهِ وَٱلۡفَتۡحُ() وَرَأَيۡتَ ٱلنَّاسَ يَدۡخُلُونَ فِي دِينِ ٱللَّهِ أَفۡوَاجٗا() فَسَبِّحۡ بِحَمۡدِ رَبِّكَ وَٱسۡتَغۡفِرۡهُۚ إِنَّهُۥ كَانَ تَوَّابَۢا}[النصر]


ഇവിടെ പറഞ്ഞ, ശത്രുക്കൾക്കെതിരിൽ ലഭിക്കുന്ന റബ്ബിൻ്റെ സഹായവും വിജയവും, വരാനിരിക്കുന്ന ഫത്‌ഹു മക്കഃയാണ്. അന്ന് കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് ആളുകൾ കടന്ന് വരുന്ന സന്ദർഭം വരുമ്പോൾ, അങ്ങയുടെ റബ്ബിന് തസ്‌ബീഹ് - ഹംദ് - ഇസ്തിഗ്ഫാർ ചൊല്ലണമെന്ന് പറഞ്ഞു. ഈ കൽപന വന്നതു മുതൽ തന്നെ,

سُبْحَان اللَّه وَبِحَمْدِهِ أَسْتَغْفِر اللَّه وَأَتُوب إِلَيْهِ

എന്ന ദിക്റ് തങ്ങൾ അധികരിപ്പിച്ചിരുന്നു. 


അപ്പോൾ, അന്ന് സന്തോഷമറിയിച്ച കാര്യം സൂറതുൽ ഫത്ഹിലൂടെ പൂർത്തീകരിക്കുകയാണ് ചെയ്യുന്നത്. 

وَيَنصُرَكَ ٱللَّهُ نَصۡرًا عَزِيزًا

എന്ന ആയതും, മുമ്പ് അവതരിച്ച സൂറതിന്, അന്നസ്വ്‌ർ എന്ന പേരും,

نَصۡرُ ٱللَّهِ

എന്ന പരാമർശവുമെല്ലാം ചേർത്തു മനസ്സിലാക്കേണ്ടതാണ്. സൂറതുകൾ തമ്മിലുള്ള ഈ ബന്ധം ജലാലൈനിയിൽ നിന്നും വ്യക്തമാകുന്നതാണ്.


ഇങ്ങനെ, ഇസ്തിഗ്ഫാർ ചൊല്ലിച്ച് തിരുനബി(സ്വ) തങ്ങളെ പരിപൂർണ്ണതയിലെത്തിച്ച്, വഫാതിനുള്ള ഒരുക്കമായിരുന്നു ഇതെല്ലാമെന്നും ഗ്രഹിക്കാം. മറ്റൊന്ന്, എത്ര വലിയ നിഅ്മതുകൾ ലഭിക്കുമ്പോഴും, പൂർണ്ണമായ തവക്കുൽ - താനും തൻ്റെ പ്രവർത്തനങ്ങളും സർവ്വതും റബ്ബിൽ നിന്നാണ്, 'ഞാൻ' എന്ന ഒരു തോന്നൽ പോലും ഇല്ലാത്ത രിതി - ഉണ്ടായിത്തീരാൻ ഇങ്ങനെ ഇസ്തിഗ്ഫാർ ചൊല്ലിക്കുന്ന ശൈലികൂടി വായിച്ചെടുക്കാം. 


മുകളിൽ പറഞ്ഞ, കല്യാണത്തിൻ്റെ ഉദാഹരണം, വൈലിത്തറ ഉസ്താദിൽ നിന്നും കിട്ടിയതാണ്. കീഴന ഓറും ഇങ്ങനെ പറയാറുണ്ടായിരുന്നത്രെ.


അല്ലാഹു തആലാ പാപങ്ങൾ പൊറുത്ത് നമ്മെയെല്ലാവരെയും സ്വീകരിക്കട്ടെ - ആമീൻ.


💫

No comments:

Post a Comment

സൂറതുന്നസ്വ്‌റും ഫത്‌ഹും

 📚 *സൂറതുന്നസ്വ്‌റും ഫത്‌ഹും* ______________________ അയൽപക്കത്ത് കല്യാണ ദിവസം. കൃത്യം പതിനൊന്നു മണിക്ക് കല്യാണം തുടങ്ങുമെന്ന് ക്ഷണക്കത്തിലു...