#ഉള്ഹിയ്യത്ത്_കേവലം_മാംസ_വിതരണമല്ല
പണം ചിലവഴിച്ച് നാം ഉള്ഹിയ്യത്ത് അറുക്കുന്നത് റബ്ബിന്റെ പ്രതിഫലം ഉദ്ദേശിച്ച് മാത്രമാണ്. കേവലം മാംസ വിതരണമല്ല ഉള്ഹിയ്യത്ത്. പ്രൗഢിയും പ്രതാപവും പ്രകടിപ്പിക്കാനുള്ള അവസരവുമല്ല. നാട്ടിൽ ഒരു സ്ഥാനം നേടിയെടുക്കാനാണ് അറവ് നടത്തുന്നതെങ്കിൽ അതിന് പ്രതിഫലം പ്രതീക്ഷിക്കേണ്ടതില്ല. ഏതൊരു അമലിനും നിയ്യത്ത് നന്നാവേണ്ടതുണ്ട്. ഉള്ഹിയ്യത്ത് ഒരു ഇബാദത്താണ്. ഏത് ഇബാദത്തിനും അറിവും ശ്രദ്ധയും അനിവാര്യമാണ്. ഇല്ലെങ്കിൽ ഇബാദത്ത് അസാധുവാകുകയോ അപൂർണമാവുകയോ ചെയ്യും. പണം മുടക്കി റബ്ബിന്റെ പ്രതിഫലം ഉദ്ദേശിച്ച് നടത്തുന്ന ഉള്ഹിയ്യത്ത് സാധുതയുള്ളതും പരിപൂർണ്ണവുമാവാൻ താഴെ പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കുമല്ലോ...
🔴മൃഗത്തെ കുറിച്ച് പറയുമ്പോൾ 'ഇതെന്റെ സുന്നത്തായ ഉള്ഹിയ്യത്താണ്' എന്ന് തന്നെ പറയുക. മറിച്ച്, 'ഇതെന്റെ ഉള്ഹിയ്യത്താണ്' എന്നോ മറ്റോ പറഞ്ഞാൽ അത് നേർച്ചയായി മാറും. പിന്നെ അത് മുഴുവനും ഫഖീർ, മിസ്കീൻമാർക്ക് തന്നെ കൊടുക്കേണ്ടി വരും. തുഹ്ഫ 9/356.
🔴ഉള്ഹിയ്യത്തിന് മൃഗത്തെ നിർണ്ണയിക്കുമ്പോഴോ, അല്ലെങ്കിൽ അറുക്കുമ്പോഴോ നിർബന്ധമായും നിയ്യത്ത് വെക്കുക. _തുഹ്ഫ 9/360._ അല്ലെങ്കിൽ നിയ്യത്ത് വെക്കാൻ മറ്റൊരാളെ വകാലത്താക്കുക. തുഹ്ഫ 9/362.
🔵ഉള്ഹിയ്യത്ത് ഉദ്ദേശിച്ചവൻ ദുൽഹിജ്ജ ഒന്ന് മുതൽ ഉള്ഹിയ്യത്ത് അറുക്കുന്നത് വരെ തന്റെ നഖം, രോമം, പല്ല്, രക്തം എന്നിവ നീക്കാതിരിക്കൽ സുന്നത്താണ്. തുഹ്ഫ 9/346.
🔵മൃഗത്തിന്റെ മുന്നിൽ വെച്ച് കത്തി മൂർച്ച കൂട്ടുകയോ, മറ്റു മൃഗങ്ങൾ കാണും വിധം അറുക്കുകയോ ചെയ്യരുത്. തുഹ്ഫ 9/325.
🔵അറുക്കുന്നതിന്ന് മുമ്പ് മൃഗത്തിന് വെള്ളം കൊടുക്കുക. തുഹ്ഫ 9/325.
🔵അറുക്കുന്നിടത്തേക്ക് മൃഗത്തെ മയത്തിൽ കൊണ്ട് പോവുക. തുഹ്ഫ 9/325.
🔵കഴുത്ത് ഖിബ്'ലയിലേക്ക് വരുന്ന രൂപത്തിൽ ഇടത് വശത്തേക്ക് ചെരിച്ച് കിടത്തുക. തുഹ്ഫ 9/325.
🔴അറുക്കാൻ വീഴ്ത്തുമ്പോൾ പരിക്ക് പറ്റാതിരിക്കാൻ ശ്രദ്ധിക്കണം. പരിക്കേറ്റാൽ ആ മൃഗം ഉള്ഹിയ്യത്തിന് പറ്റില്ല. തുഹ്ഫ 9/353.
🔴സ്വന്തം അറുക്കുന്നില്ലെങ്കിൽ അറുക്കാൻ മറ്റൊരാളെ നിർബന്ധമായും വകാലത്താക്കുക. തുഹ്ഫ 9/362.
🔵അറുക്കുമ്പോൾ
بِسْمِ اللهِ الرَّحْمَنِ الرَّحِيمْ، اَللّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدْ
എന്ന് ചൊല്ലുക. തുഹ്ഫ 9/325,326.
🔵അറുക്കുന്നതിന് തൊട്ട് മുമ്പും അറുത്തതിന്റെ തൊട്ട് ശേഷവും മൂന്ന് പ്രാവശ്യം തക്ബീർ ചൊല്ലുക. തുഹ്ഫ 9/326.
🔵തക്ബീർ ചൊല്ലി കഴിഞ്ഞതിന് ശേഷം
اَللّهُمَّ هَذِهِ مِنْكَ، وَإِلَيْكَ، فَتَقَبَّلْ مِنِّي
എന്ന് ചൊല്ലുക. തുഹ്ഫ 9/326.
🔵പൂർണമായി ജീവൻ വേർപെടുന്നതിന്റെ മുമ്പ് മൃഗത്തെ ഇളക്കുകയോ, അറുത്ത സ്ഥലത്ത് നിന്ന് നീക്കുകയോ തോൽ പൊളിക്കുകയോ ചെയ്യരുത്. തുഹ്ഫ 9/325.
🔵മൃഗത്തിന് പിടയാൻ വേണ്ടി വലത് കാൽ കെട്ടാതിരിക്കുക(നിർഭയം ഇല്ലെങ്കിൽ). അറവ് തെറ്റാതിരിക്കാൻ ബാക്കിയുള്ള കൈകാലുകൾ കെട്ടുകയും ചെയ്യുക. തുഹ്ഫ 9/325.
🔴സമൂഹ ഉള്ഹിയ്യത്താകുമ്പോൾ ഒന്നിച്ച് വാങ്ങിയതാണെങ്കിൽ ഓരോ വിഭാഗത്തിൻ്റെയും മൃഗത്തെ നിർബന്ധമായും നിർണ്ണയിക്കുക. തുഹ്ഫ 9/349.
🔴സുന്നത്തായ ഉള്ഹിയ്യത്തിന്റെ ഒരു പൊതി മാംസമെങ്കിലും, നേർച്ചയാക്കിയ ഉള്ഹിയ്യത്തിന്റെ മുഴുവൻ ഭാഗവും അറുത്ത നാട്ടിലെ ഫഖീർ മിസ്കീൻമാർക്ക് തന്നെ വിതരണം ചെയ്യൽ നിർബന്ധമാണ്. ശർവാനി 9/365.
🔴ഉള്ഹിയ്യത്ത് പ്രത്യേക ഇബാദത്തിൻ്റെ ഭാഗമായ പവിത്ര മാംസമാകയാൽ നൽകപ്പെടുന്നവർ മുസ്ലിം സഹോദരങ്ങളാവൽ നിർബന്ധമാണ്. പ്രത്യുത ഇതര സഹോദരസമുദായാംഗങ്ങൾക്ക് നൽകാൻ ഉള്ഹിയ്യത്തല്ലാത്ത മാംസം സംഘടിപ്പിക്കുക. തുഹ്ഫ 9/364.
🔴അറവോടു കൂടി ഉടമകളുടെ ഉടമസ്ഥത നഷ്ടപ്പെടുന്നതിനാൽ ഉള്ഹിയ്യത്തിൽ നിന്ന് ഒന്നും തന്നെ വിൽക്കാൻ പാടില്ല. വിറ്റ് കിട്ടുന്ന പണം സ്വദഖ ചെയ്യാമെന്ന ഉദ്ദേശ്യമുണ്ടെങ്കിൽ തന്നെയും അവൻ വിൽക്കലോടു കൂടി ഉള്ഹിയ്യത്തിന്റെ പ്രതിഫലം നഷ്ടപ്പെടുകയും അവൻ കുറ്റക്കാരനാവുകയും ചെയ്യും. ഏതെങ്കിലും ഫഖീറിനോ മിസ്കീനിനോ കൊടുക്കുകയും ശേഷം അവർക്കോ അവൻ ഏൽപ്പിച്ചവർക്കോ വിൽക്കാവുന്നതാണ്. തുഹ്ഫ 9/364.
🔴ഉള്ഹിയ്യത്ത് അറുത്തവർ അതിന്റെ തോൽ വിൽക്കൽ വൻദോഷത്തിൽ പെട്ടതാണ്. സവാജിർ 1/346.
🔴'തോൽ വിൽക്കുന്നവർക്ക് ഉള്ഹിയ്യത്തില്ല' എന്ന ഹദീസും ശ്രദ്ധിക്കേണ്ടതാണ്. തോൽ, എല്ല്, കൊമ്പ് എന്നിവയെല്ലാം ഫഖീർ, മിസ്കീൻ എന്നിവർക്ക് സ്വദഖയായി നൽകുകയാണ് വേണ്ടത്. തോൽ, എല്ല്, കൊമ്പ് എന്നിവയൊന്നും അറവ് കൂലിയായി നൽകാനും പാടില്ല. തുഹ്ഫ 9/365.
(NB: 🔴ചുവപ്പ് ചിഹ്നം ശ്രദ്ധിക്കൽ നിർബന്ധമുള്ള കാര്യങ്ങളെയും 🔵നീല ചിഹ്നം ശ്രദ്ധിക്കൽ നല്ലതായ കാര്യങ്ങളെയും സൂചിപ്പിക്കുന്നു.
✍ സി. ടി.അബ്ദുറഹ്മാൻ സഖാഫി. പൂങ്കുടി
📞97 45 58 69 60
غَفَرَ اللهُ لَنَا وَلَهُ وَلِمَنْ رَتَّبَهَا وَنَشَرَهَاوَلِقُرَّاءِهَا وَلِوَالِدِينَا وَلأِسَاتِيذِنَا بِحَقِّ سَيِّدِنَا رَسُولِ اللهﷺ
No comments:
Post a Comment