Saturday, September 12, 2020

ഇസ്ലാം . മുഹമ്മദ് നബി ബൈബിളിന്റെ പ്രവചനം

  ക്രൈസതവ ദർശനം


പെരിക്‌ലീറ്റോസ് എന്ന പ്രവചിത പ്രവാചകൻ



അന്തിമ പ്രവാചകനായ മുഹമ്മദ് നബി(സ്വ)യുടെ ആഗമനത്തെക്കുറിച്ച് മുൻകാല പ്രവാചകന്മാർ പ്രവചിക്കുകയും അവർക്ക് ദൈവികമായി നൽകപ്പെട്ട വേദഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുകയും ചെയ്തതായി വിശുദ്ധ ഖുർആൻ ഉദ്‌ഘോഷിക്കുന്നുണ്ട്. മുഹമ്മദ് നബി(സ്വ)യുടെ വരവിനെക്കുറിച്ച് ഇസ്രാഈൽ സമുദായത്തിലേക്ക് നിയുക്തനായ ഈസാ നബി(അ) നടത്തിയ പ്രവചനത്തെ ഖുർആൻ രേഖപ്പെടുത്തുന്നതിങ്ങനെയാണ്: ‘മർയമിന്‍റെ പുത്രൻ ഈസാ പറഞ്ഞ സന്ദർഭം (ഓർക്കുക); ഇസ്രാഈൽ സന്തികളേ, തീർച്ചയായും ഞാൻ നിങ്ങളിലേക്കുള്ള അല്ലാഹുവിന്‍റെ  ദൂതനാകുന്നു. എന്‍റെ മുമ്പിലുള്ള തൗറാത്തിനെ ശരിവച്ച് കൊണ്ടും എന്‍റെ ശേഷം വരുന്ന അഹ്മദ് എന്ന് പേരുള്ള ഒരു ദൂതനെക്കുറിച്ച് സന്തോഷവാർത്ത അറിയിച്ച് കൊണ്ടും (ഞാൻ നിയുക്തനായിരിക്കുന്നു) (സൂറത്തുസ്വഫ്ഫ് :6).


യഥാർത്ഥ വേദഗ്രന്ഥമായ വിശുദ്ധ ഇഞ്ചീലിലെ ചില ദൈവിക വചനങ്ങൾ, പിൽക്കാലത്ത് പുരോഹിതന്മാർ നിർമിച്ച ആധുനിക ക്രൈസ്തവ വേദഗ്രന്ഥമായ ബൈബിൾ പുതിയ നിയമ സുവിശേഷങ്ങളിൽ അപൂർവം ഇടങ്ങളിൽ ഉൾക്കൊണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിൽ മുഹമ്മദ് നബി(സ്വ)യുടെ ആഗമനത്തെക്കുറിച്ചുള്ള സൂചനകൾ ദർശിക്കാനാവും.


തന്‍റെ  ശേഷം വരുന്ന പ്രവാചകനെക്കുറിച്ച് യേശു പ്രവചിക്കുന്നതായി സുവിശേഷകനായ യോഹന്നാൻ രേഖപ്പെടുത്തിയതായി കാണാം. അതിപ്രകാരമാണ്: ‘എന്നാൽ ഞാൻ നിങ്ങളോട് സത്യം പറയുന്നു: ഞാൻ പോകുന്നത് നിങ്ങൾക്കു പ്രയോജനംതന്നെ; ഞാൻ പോകാതിരുന്നാൽ ആശ്വാസ പ്രദൻ നിങ്ങളുടെ അടുക്കൽ വരുകയില്ല; ഞാൻ പോയാൽ ഞാൻ അവനെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും. അവൻ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധികളെക്കുറിച്ചും ലോകത്തിനു ബോധ്യം വരുത്തും’ (യോഹന്നാൻ 16:7-8).


‘ഇനിയും വളരെ കാര്യങ്ങൾ നിങ്ങളോടു പറയുവാനുണ്ട്. എന്നാൽ നിങ്ങൾക്ക് അവ ഇപ്പോൾ വഹിക്കുവാൻ കഴിവില്ല. സത്യത്തിന്‍റെ  ആത്മാവ് വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും; അവൻ സ്വന്തമായി സംസാരിക്കാതെ താൻ കേൾക്കുന്നത് സംസാരിക്കുകയും വരുവാനുള്ളത് നിങ്ങൾക്കു വെളിപ്പെടുത്തിത്തരുകയും ചെയ്യും.


അവൻ എനിക്കുള്ളതിൽ നിന്ന് എടുത്ത് നിങ്ങൾക്കു വെളിപ്പെടുത്തിത്തരുന്നതുകൊണ്ട് അവൻ എന്നെ മഹത്വപ്പെടുത്തും’ (യോഹന്നാൻ 16:12-14).


‘എങ്കിലും പിതാവ് എന്‍റെ നാമത്തിൽ അയയ്ക്കുവാനിരിക്കുന്ന പരിശുദ്ധാത്മാവ് എന്ന ആശ്വാസ പ്രദൻ നിങ്ങൾക്കു സകലതും ഉപദേശിച്ചു തരുകയും ഞാൻ നിങ്ങളോട് പറഞ്ഞതൊക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും’ (യോഹന്നാൻ 14: 26).


യോഹന്നാൻ രേഖപ്പെടുത്തിയ യേശുവിന്‍റെ പ്രവചനത്തിൽ വരാനിരിക്കുന്ന പ്രവാചകന്‍റെ വിശേഷണങ്ങൾ ഇപ്രകാരമാണ്:


യേശുവിന്‍റെ കാലശേഷമാണ് വരിക.


പാപത്തെയും നീതിയെയും ന്യായവിധിയെയും കുറിച്ച് ലോകത്തിനു ബോധ്യം വരുത്തും.


സകല സത്യത്തിലും വഴിനടത്തും.


സ്വന്തമായി ഒന്നും സംസാരിക്കുകയില്ല.


യേശുവിനെ മഹത്ത്വപ്പെടുത്തും.


എന്നും ജനങ്ങളോടൊപ്പമായിരിക്കും.


വരാനിരിക്കുന്ന കാര്യങ്ങൾ പറയും.


യേശു പറഞ്ഞ കാര്യങ്ങൾ ജനങ്ങളെ ഓർമപ്പെടുത്തും.


വസ്തുനിഷ്ഠമായി പരിശോധിച്ച് നോക്കിയാൽ ഉദ്ധൃത വിശേഷണങ്ങളെല്ലാം മുഹമ്മദ് നബി(സ്വ)യിൽ പൂർത്തീകരിച്ചതായി ഏതൊരാൾക്കും ബോധ്യപ്പെടും. പക്ഷേ ക്രൈസ്തവ മിഷണറിമാർ ഈ പ്രവചനങ്ങളെ പരിശുദ്ധാത്മാവിലേക്ക് തിരിച്ചുവിടാനുള്ള കുത്സിത ശ്രമങ്ങൾ നടത്തുകയാണ് ചെയ്യാറുള്ളത്. നമുക്ക് പരിശോധിച്ചു നോക്കാം:


യേശുവിന്‍റെ കാലശേഷമാണ് വരിക.


യേശുവിന്‍റെ കാലശേഷം എഡി 571 ഏപ്രിൽ 23 റബീഉൽ അവ്വൽ പന്ത്രണ്ടിന് തിങ്കളാഴ്ച മക്കയിലെ ബൈതു അബീതാലിബിലായിരുന്നു മുഹമ്മദ് നബി(സ്വ) ജനിച്ചത്.


ജി. തേറയില്‍ എന്ന ക്രൈസ്തവ മിഷണറി ഈ പ്രവചനം പരിശുദ്ധാത്മാവിനെക്കുറിച്ചാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നതിങ്ങനെ വായിക്കാം:


‘യേശു ഉയർത്തെഴുന്നേറ്റ് പോയ ശേഷമാണ് പരിശുദ്ധാത്മാവ് അഥവാ കാര്യസ്ഥൻ വരിക എന്നാണ് പറഞ്ഞിരിക്കുന്നത്. യേശു ഉയർത്തെഴുന്നേറ്റ് പോയ ശേഷം 50-ാം ദിവസം തന്നെ പരിശുദ്ധാത്മാവാകുന്ന കാര്യസ്ഥൻ വരികയും ചെയ്തു. അത് ഒരു പ്രവചന വൃത്തികൂടി ആയിരുന്നെന്നും അപ്പോ പ്രവൃത്തികളുടെ പുസ്തകത്തിലെ രണ്ടാം അധ്യായത്തിൽ പറഞ്ഞിട്ടുണ്ട്. അപ്പോൾ അത് മുഹമ്മദ് ആവുകയില്ലല്ലോ. മുഹമ്മദ് വന്നത് 7-ാം നൂറ്റാണ്ടിലാണല്ലോ (ബൈബിളിനെയും ക്രിസ്തീയ വിശ്വാസങ്ങളെയും സംബന്ധിച്ച ഇസ്‌ലാമിക ദർശനം ക്രിസ്തീയ വീക്ഷണത്തിൽ. ജി. തേറയിൽ പേജ്. 112,113).


ബൈബിൾ പുതിയ നിയമം ഒരാവർത്തി വായിച്ച ഒരാളും ഇത്തരമൊരു വിഡ്ഢിത്തം പറയുകയില്ല. കാരണം യേശുവിന്‍റെ പ്രവചനത്തിൽ പറഞ്ഞത് ‘ഞാൻ പോകാതിരുന്നാൽ ആശ്വാസ പ്രദൻ നിങ്ങളുടെ അടുക്കൽ വരുകയില്ല’ എന്നാണ്. ഇത് പ്രവചിക്കപ്പെട്ട വ്യക്തി യേശുവിന്‍റെ കാലത്തോ അതിനു മുമ്പോ വരില്ല എന്ന് വ്യക്തമാക്കുന്നു. എന്നാൽ പരിശുദ്ധാത്മാവാകട്ടെ യേശുവിന്‍റെ കാലത്തും അതിനു മുമ്പും ഉണ്ടായിരുന്നതായി സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


യഹോവയുടെ ദൂതൻ സെഖര്യാവിന് ജനിക്കാനിരിക്കുന്ന യോഹന്നാൻ എന്ന മകന്‍റെ മഹത്ത്വത്തെക്കുറിച്ച് പറയുന്നതിങ്ങനെ വായിക്കാം:


‘അവൻ ദൈവത്തിന്‍റെ സന്നിധിയിൽ വലിയവനായിരിക്കും. വീഞ്ഞും മദ്യവും കുടിക്കുകയില്ല. അമ്മയുടെ ഗർഭാശയത്തിൽ വച്ചുതന്നെ അവൻ പരിശുദ്ധാത്മാവിനാൽ നിറയും (ലൂക്കോസ് 1:15).


എലീശബെത്ത് പരിശുദ്ധാത്മാവിനാൽ നിറഞ്ഞു (ലൂക്കോസ് 1: 41).


‘അവന്‍റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചത്’ (ലൂക്കോസ് 1:67).


യേശുക്രിസ്തുവിന്‍റെ ജനനം ഇപ്രകാരമായിരുന്നു. അവന്‍റെ അമ്മയായ മറിയ, യോസേഫിനു വിവാഹം നിശ്ചയിക്കപ്പെട്ടിരുന്നുവെങ്കിലും അവർ സഹവസിക്കുന്നതിനു മുമ്പ് പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കാണപ്പെട്ടു (മത്തായി 1:18).


യേശുവിന്‍റെ മുമ്പ് പരിശുദ്ധാത്മാവ് വന്നതാണ് ഇവയെങ്കിൽ യേശുവിന്‍റെ കാലത്തും അത് പ്രത്യക്ഷപ്പെട്ടിരുന്നു.


‘ജനമെല്ലാം സ്‌നാനമേൽക്കുമ്പോൾ യേശുവും സ്‌നാനമേറ്റു. അവൻ പ്രാർത്ഥിക്കുമ്പോൾ സ്വർഗം തുറന്നു. പരിശുദ്ധാത്മാവ് പ്രാവ് എന്നപോലെ അവന്‍റെ മേൽ ഇറങ്ങിവന്നു (ലൂക്കോസ് 3:21, 22).


യെരൂശലേമിൽ ശിമ്യോൻ എന്ന പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു. ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്‍റെ ആശ്വാസത്തിനായി കാത്തിരിക്കുന്നവനുമായിരുന്നു. പരിശുദ്ധാത്മാവ് അവന്‍റെ മേൽ ഉണ്ടായിരുന്നു. കർത്താവിന്‍റെ ക്രിസ്തുവിനെ കാണുന്നതിനു മുമ്പ് മരണം കാണുകയില്ല എന്ന് പരിശുദ്ധാത്മാവിനാൽ അവന് അരുളപ്പാട് ലഭിച്ചിരുന്നു (ലൂക്കോസ് 2:25).


പ്രവചനം പരിശുദ്ധാത്മാവിനെക്കുറിച്ചല്ല എന്ന് വ്യക്തം. മുഹമ്മദ് നബി(സ്വ) ക്രിസ്തുവിന് ശേഷം 7-ാം നൂറ്റാണ്ടിലാണെന്ന് ജി. തേറയിൽ തന്നെ സമ്മതിച്ചതുമാണ്.


പാപത്തെയും നീതിയെയും ന്യായവിധിയെയും കുറിച്ച് ലോകത്തിന് ബോധ്യം വരുത്തും.


ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുർആൻ ഉയർത്തിപ്പിടിച്ചു കൊണ്ട് പാപത്തെയും നീതിയെയും ന്യായവിധിയെയും കുറിച്ച് മുഹമ്മദ് നബി(സ്വ) ലോകത്തിന് ബോധ്യപ്പെടുത്തിയിട്ടുമുണ്ട്.


മദ്യം, ചൂതാട്ടം, കൊല, വ്യഭിചാരം, പലിശ എന്നിവയിലെല്ലാം ആനന്ദം കണ്ടെത്തിയ ജനങ്ങളോട് അവയെല്ലാം പാപമാണെന്ന് നബി(സ്വ) ഉറക്കെ പ്രഖ്യാപിച്ചു.


‘മദ്യപാനത്തെയും ചൂതാട്ടത്തെയും പറ്റി അവർ താങ്കളോട് ചോദിക്കുന്നു. നബിയേ പറയുക. അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്’ (സൂറത്തുൽ ബഖറ :219).


സ്പർശനം മൂലം പിശാച് തള്ളിവീഴ്ത്തുന്നവൻ എഴുന്നേറ്റ് നിൽക്കുന്നതുപോലെയല്ലാതെ പലിശ തിന്നുന്നവർ എഴുന്നേറ്റു നിൽക്കുകയില്ല (സൂറത്തുൽ ബഖറ: 275).


വ്യഭിചാരത്തെ നിങ്ങൾ സമീപിക്കരുത്. തീർച്ചയായും അത് ഹീനമായ കൃത്യം തന്നെയാണ്. വളരെ ചീത്തയായ വഴിയുമാണത് (സൂറത്തുൽ ഇസ്‌റാഅ്:32).


അല്ലാഹു വിലക്കിയ വ്യക്തിയെ അവകാശം കൂടാതെ നിങ്ങൾ വധിക്കരുത് (സൂറത്തുൽ ഇസ്‌റാഅ്: 33).


വിശ്വാസികൾ നീതിപാലിക്കണമെന്ന് വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നു: സത്യവിശ്വാസികളേ, നിങ്ങൾ നീതിനിഷ്ഠ പാലിക്കുകയും അല്ലാഹുവിന് സാക്ഷി പറയുന്നവരാവുകയും ചെയ്യുക (സൂറത്തുന്നിസാഅ്:135).


ന്യായവിധിയെ കുറിച്ച് ഖുർആൻ പരാമർശിക്കുന്നതിപ്രകാരം വായിക്കാം: ഓരോ വ്യക്തിയും താൻ ചെയ്ത നന്മയും തിന്മയും തന്‍റെ മുമ്പിൽ ഹാജരാക്കപ്പെട്ടതായി കാണുന്ന ദിവസത്തെക്കുറിച്ച് (ഓർക്കുക). തന്‍റെയും അതിന്‍റെ(തിന്മ)യും ഇടയിൽ വലിയ ദൂരമുണ്ടായിരുന്നെങ്കിൽ എന്ന് ഓരോ വ്യക്തിയും അന്ന് കൊതിച്ചുപോകും. തന്‍റെ ശിക്ഷയെപ്പറ്റി അല്ലാഹു നിങ്ങളെ താക്കീതു ചെയ്യുകയാണ്. അല്ലാഹു അടികളോട് വളരെ കൃപയുള്ളവനാണ് (സൂറത്തു ആലു ഇംറാൻ:30).


സകല സത്യത്തിലും വഴിനടത്തും.


മനുഷ്യ ജീവിതത്തിൽ അവൻ പാലിക്കേണ്ട വിധിവിലക്കുകളെല്ലാം തന്‍റെ ജീവിതത്തിലൂടെ വരച്ചുകാട്ടിയ പ്രവാചകനാണ് മുഹമ്മദ് നബി(സ്വ). പ്രഭാതത്തിൽ ഉണർന്നതു മുതൽ രാത്രി ഉറങ്ങുന്നതു വരെ ചെയ്യേണ്ട നന്മകളെല്ലാം ജനങ്ങൾക്ക് പഠിപ്പിച്ചുകൊടുത്തു. പ്രഭാതകർമങ്ങൾ എങ്ങനെ ചെയ്യണമെന്നും ശൗചം എപ്രകാരം ചെയ്യണമെന്നും തുടങ്ങി ചെറുതും വലുതും സൂക്ഷ്മവുമായ കാര്യങ്ങൾ മുഴുവൻ തന്‍റെ അനുചരന്മാർക്ക് വിവരിച്ചുകൊടുത്തു. വീട്ടിൽ മദ്യത്തിന്‍റെ വീപ്പകൾ സംഭരിച്ച ജനങ്ങളെ സകല സത്യത്തിലും വഴിനടത്തി നന്മയുടെ വക്താക്കളാക്കി മാറ്റി.


സ്വന്തമായി ഒന്നും സംസാരിക്കുകയില്ല.


മുഹമ്മദ് നബി(സ്വ) ദൈവിക സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലല്ലാതെ സ്വന്തമായി ഒന്നും സംസാരിച്ചിട്ടില്ലെന്ന് വിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട്.


‘അവിടുന്ന് തന്നിഷ്ടപ്രകാരം സംസാരിക്കുന്നില്ല. അത് ലഭ്യമായ ദിവ്യസന്ദേശം മാത്രമാകുന്നു (സൂറത്തുന്നജ്മ് :3,4).


യേശുവിനെ മഹത്വപ്പെടുത്തും.


സുവിശേഷകന്മാർ യേശു ശപിക്കപ്പെട്ടവനായി യഹൂദ കരങ്ങളാൽ കുരിശിൽ തറച്ച് മരണപ്പെട്ടുവെന്ന് രേഖപ്പെടുത്തുന്നു (മത്തായി 27: 32-50, മാർക്കോസ് 15: 21-37, ലൂക്കോസ് 23: 26-46, യോഹന്നാൻ 19:17-30). കാരണം പഴയ നിയമം ആവർത്തന പുസ്തകത്തിൽ ഇപ്രകാരം വായിക്കാം: ‘എന്തെന്നാൽ തൂക്കിക്കൊല്ലപ്പെടുന്നവൻ ദൈവത്താൽ ശപിക്കപ്പെട്ടവനാകുന്നു (ആവർത്തനം 21: 23).


എന്നാൽ മുഹമ്മദ് നബി(സ്വ) ഈസാ (യേശു) നബി(അ)നെ യഹൂദർ കൊലപ്പെടുത്തുകയോ ക്രൂശിക്കുകയോ ചെയ്തില്ലെന്ന് പറഞ്ഞ് ദൈവശാപത്തിൽ നിന്നും രക്ഷപ്പെടുത്തി മഹത്ത്വവൽക്കരിക്കുകയാണുണ്ടായത്. വിശുദ്ധ ഖുർആൻ പറയുന്നു: ‘അല്ലാഹുവിന്‍റെ ദൂതനായ മർയമിന്റെ പുത്രൻ ഈസാ മസീഹി(അ)നെ തീർച്ചയായും ഞങ്ങൾ കൊന്നു എന്ന് അവർ വാദിച്ചതുകൊണ്ടും (നാം അവരെ ശപിച്ചു). വാസ്തവത്തിൽ അവർ അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവർക്കു യാഥാർത്ഥ്യം തിരിച്ചറിയാൻ കഴിയാതെ പോയിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ കാര്യത്തിൽ ഭിന്നാഭിപ്രായക്കാരായവർ തീർച്ചയായും അതിനെക്കുറിച്ചു സംശയത്തിൽ തന്നെയാണുള്ളത്. ഊഹത്തെ പിന്തുടരുകയല്ലാതെ അവർക്കതിനെക്കുറിച്ചു യാതൊരറിവുമില്ല. ഉറപ്പായും അവർ അദ്ദേഹത്തെ കൊന്നിട്ടില്ല (സൂറത്തുന്നിസാഅ് :157).


എന്നും ജനങ്ങളോടൊപ്പമായിരിക്കും.


മുൻകാല പ്രവാചകന്മാരെല്ലാം പ്രത്യേക സമുദായത്തിലേക്കോ അല്ലെങ്കിൽ പ്രത്യേക കാലഘട്ടത്തിലേക്കോ അയക്കപ്പെട്ടവർ മാത്രമായിരുന്നു. എന്നാൽ അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ്വ) ലോകാവസാനം വരെയുള്ള എല്ലാ ജനങ്ങളിലേക്കും നിയുക്തരായ പ്രവാചകരാണ്. പ്രത്യേക കാലമോ, സമുദായമോ നിർണയിക്കപ്പെട്ടിട്ടില്ല. മാത്രമല്ല നബി(സ്വ)യുടെ ജനനം മുതൽ മരണം വരെയുള്ള എല്ലാ വാക്കുകളും പ്രവൃത്തികളും കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ എക്കാലത്തെയും ജനഹൃദയങ്ങളിൽ നബി(സ്വ) നിലകൊള്ളുന്നു.


വരാനിരിക്കുന്ന കാര്യങ്ങൾ പറയും.


നബി(സ്വ) വരാനിരിക്കുന്ന ഒരുപാട് കാര്യങ്ങൾ പ്രവചിച്ചിട്ടുണ്ട്. പ്രവചനങ്ങൾ പലതും നബി തങ്ങളുടെ ജീവിത കാലത്ത് തന്നെ സംഭവിച്ചു. റോമക്കാരുടെ വിജയത്തെക്കുറിച്ചുള്ള പ്രവചനം (സൂറത്തുറൂം:2) ഒരു ഉദാഹരണം മാത്രം. ഇനി വരാനിരിക്കുന്ന അന്ത്യദിനത്തെക്കുറിച്ചും പ്രപഞ്ചത്തിന്‍റെ നാശത്തെക്കുറിച്ചുമെല്ലാം നബി(സ്വ) പറഞ്ഞിട്ടുണ്ട്.


യേശു പറഞ്ഞ കാര്യങ്ങളെല്ലാം ജനങ്ങളെ ഓർമപ്പെടുത്തും.


ഏക സത്യദൈവത്തിലും അവൻ അയച്ച പ്രവാചകനിലും വിശ്വസിക്കുന്നവർക്കേ സ്വർഗത്തിലെ നിത്യജീവൻ കരസ്ഥമാവുകയുള്ളൂ എന്നായിരുന്നു യേശു ജനങ്ങളെ പഠിപ്പിച്ചിരുന്നത്.


ഏക സത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശു ക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു (യോഹന്നാൻ 17: 23).


ഉദ്ധൃത വചനത്തിൽ താൻ ദൈവമല്ലായെന്നും ഏക സത്യദൈവം അയച്ച പ്രവാചകനാണെന്നും യേശു പറയുന്നു. ഏക സത്യദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന് തന്നെയാണ് യേശുജനങ്ങളെ പഠിപ്പിച്ചത്.


‘യേശു അവനോട്: സാത്താനേ, എന്നെ വിട്ട് പോകൂ. നിന്‍റെ ദൈവമായ യഹോവയെ നമസ്‌കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ എന്ന് എഴുതിയിരിക്കുന്നുവല്ലോ’ എന്ന് പറഞ്ഞു (മത്തായി 4:10).


‘എല്ലാറ്റിലും മുഖ്യകൽപന ഏത്?’ എന്ന് അവനോടു ചോദിച്ചു. അതിന് യേശു: ‘എല്ലാറ്റിലും മുഖ്യ കൽപന: യിസ്രായേലേ കേൾക്കുക; നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ് ആകുന്നു (മാർക്കോസ് 12: 28,29) എന്ന് ഉത്തരം പറഞ്ഞു.


യേശു പഠിപ്പിച്ച ഇതേ ദർശനം തന്നെയായിരുന്നു. മുഹമ്മദ് നബി(സ്വ) ജനങ്ങളെ ഉണർത്തിയത്. ‘അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ല. മുഹമ്മദ് നബി അല്ലാഹുവിന്‍റെ ദൂതനാകുന്നു’ എന്ന ആശയം ഉയർത്തിപ്പിടിച്ചായിരുന്നു അവിടുന്ന് ജനങ്ങളിലേക്കിറങ്ങിയത്. വിശുദ്ധ ഖുർആൻ ഇത് ഉറക്കെ പ്രഖ്യാപിക്കുന്നതായി കാണാം:


നബിയേ പറയുക, അവൻ അല്ലാഹു ഏകനാകുന്നു (സൂറത്തുൽ ഇഖ്‌ലാസ്വ്:1).


മുഹമ്മദ്(സ്വ) അല്ലാഹുവിന്‍റെ ദൂതരാണ് (സൂറത്തുൽ ഫത്ഹ്:29).


ഈസാ നബി(അ)ന്‍റെ കാലശേഷം അദ്ദേഹത്തെ ക്രിസ്ത്യാനികൾ ദൈവിക പദവിയിലേക്ക് ഉയർത്തിയപ്പോൾ ഈസാനബി(അ) അല്ലാഹുവിന്‍റെ ദൂതനാണെന്ന യേശുവിന്‍റെ അധ്യാപനം മുഹമ്മദ് നബി(സ്വ) ജനങ്ങളെ ഓർമപ്പെടുത്തുന്നതായും കാണാം: ‘വേദക്കാരേ, നിങ്ങൾ സ്വന്തം മതത്തിൽ അതിരുവിട്ടു പോകുകയോ അല്ലാഹുവിനെപ്പറ്റി സത്യമല്ലാത്തതെന്തെങ്കിലും പറയുകയോ ചെയ്യരുത്. മർയമിന്‍റെ പുത്രൻ മസീഹ് ഈസാ അല്ലാഹുവിന്‍റെ ദൂതനും മർയമിലേക്ക് അവൻ ഇട്ടുകൊടുത്ത തന്റെ വചനവും അവന്‍റെ പക്കൽനിന്നുള്ള ആത്മാവും ആകുന്നു. അതുകൊണ്ട് അല്ലാഹുവിലും അവന്‍റെ ദൂതരിലും നിങ്ങൾ വിശ്വസിക്കുക. ഇലാഹ് മൂന്നെണ്ണമാണെന്ന് നിങ്ങൾ പറയരുത്. (അത്തരം മൂഢ വിശ്വാസങ്ങളിൽ നിന്നും) നിങ്ങളുടെ നന്മക്കായി പിന്തിരിയുക. അല്ലാഹു ഏകനായ ഇലാഹ് ആകുന്നു. സന്താനങ്ങൾ ഉണ്ടാകുന്നതിൽ നിന്ന് അവൻ എത്ര പരിശുദ്ധൻ! ആകാശ-ഭൂമികളിലുള്ളതെല്ലാം അവനുള്ളതാണ്. സർവരെയും സംരക്ഷിക്കുന്നവനായി അല്ലാഹുതന്നെ മതി (സൂറത്തുന്നിസാഅ്:171).


വരാനിരിക്കുന്ന പ്രവാചകന് യേശു പറഞ്ഞ മുഴുവൻ വിശേഷണങ്ങളും മുഹമ്മദ് നബി(സ്വ)യിൽ പൂർത്തിയാകുന്നവെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.


യോഹന്നാന്‍റെ പ്രവചനത്തിൽ ആശ്വാസ പ്രദൻ, സത്യത്തിന്‍റെ ആത്മാവ് എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്നത് പെരിക്‌ലീറ്റോസ് (Periglytos) എന്ന ഗ്രീക്ക് പദമാണ്. ഇതിന് ഏറ്റവും പുകഴ്ത്തപ്പെട്ടവൻ, ഏറ്റവും സ്തുത്യർഹൻ, ഏറ്റവും പുകൾപെറ്റവൻ എന്നൊക്കെയാണർത്ഥം. ഈ പദത്തിന് തതുല്യമായ അറബി പദം ‘അഹ്മദ്’ എന്നതാണ്. അതാവട്ടെ മുഹമ്മദ് നബി(സ്വ)യുടെ മറ്റൊരു പേരാണ്. വിശുദ്ധ ഖുർആനിലെ സൂറത്തുസ്സ്വഫ്ഫിൽ ഈസാ നബി(അ) പ്രവചിച്ചതായി പറയുന്ന പേരും ‘അഹ്മദ്’ എന്നതാണ്. പ്രവചനം അക്ഷരാർത്ഥത്തിൽ മുഹമ്മദ് നബി(സ്വ)യിൽ പുലരുകയാണ്. പക്ഷേ ഖേദകരമെന്ന് പറയട്ടെ, ഇന്ന് കാണുന്ന ഗ്രീക്ക് ബൈബിളിലെല്ലാം തന്നെ പെരിക് ലീറ്റോസ് (Periglytos) എന്ന പദത്തിനു പകരം പാരക് ലീറ്റോസ് (Parakletos) എന്നാണ് കാണുന്നത്. പ്രവചനം മുഹമ്മദ് നബി(സ്വ)യിൽ നിന്നും തിരിച്ച് വിടാനുള്ള തിരിമറിയുടെ ഭാഗമാണിത്.


ജുനൈദ് ഖലീൽ നൂറാനി


January 10, 2019Leave a Reply


കാത്തിരുന്ന പ്രവാചകര്‍



ബൈബിള്‍ പഴയ നിയമവും പുതിയ നിയമവും വായിച്ചാല്‍ വരാനിരിക്കുന്ന ഒരു പ്രവാചകനെക്കുറിച്ചുള്ള പ്രവചനങ്ങള്‍ വ്യക്തമായി കാണാം.


ശീലോഹ്


ബൈബിള്‍ പുസ്തകങ്ങളില്‍ പഴയ നിയമത്തിലെ പ്രഥമ പുസ്തകമായ ഉല്‍പത്തിയില്‍ തന്നെ അത്തരമൊരു പ്രവചനമുണ്ട്. രോഗശയ്യയില്‍ കിടക്കുന്ന യാക്കോബ് തന്‍റെ 12 സന്തതികളോടും കുടുംക്കാരോടും നടത്തുന്ന പ്രവചനങ്ങള്‍ ഉല്‍പത്തി 49-ാം അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. അതില്‍ പെട്ട സുപ്രധാനമായ ഒരു പ്രവചനം ഇങ്ങനെയാണ്: ‘ശീലോഹ് വരുവോളം ചെങ്കോല്‍ യഹൂദായില്‍ നിന്ന് ഒഴിഞ്ഞു പോവുകയില്ല. രാജാധികാരം അയാളുടെ പാദങ്ങള്‍ക്കിടയില്‍ നിന്ന് മാറുകയില്ല. ജനങ്ങളുടെ വിധേയത്വം അയാളോടായിരിക്കും.


മലയാളം ബൈബിളുകളില്‍ ‘ശീലോഹ്’ എന്ന ഹിബ്രു പദത്തെ ‘അവകാശി’ എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.’ചെങ്കോല്‍ യൂദായെ വിട്ടുപോകയില്ല. അതിന്‍റെ അവകാശി വന്നു ചേരും വരെ അധികാര ദണ്ഡ് അവന്‍റെ സന്തതികളില്‍ നിന്ന് നീങ്ങിപ്പോകയില്ല.ജനങ്ങള്‍ അവനെ അനുസരിക്കും'(ഉല്‍പത്തി 49:10).പഴയ നിയമത്തിന്‍റെ എല്ലാ പരിഭാഷകളിലും ‘ശിലോഹ്’ എന്ന പദം പരിഭാഷപ്പെടുത്താതെയാണ് കൊടുത്തിട്ടുള്ളത്. എന്നാല്‍ പെഷീത്ത പതിപ്പില്‍ ‘അതിന്‍റെ അവകാശി’ എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.മുഹമ്മദ് നബി(സ്വ)യെക്കുറിച്ചാണ് ഈ പ്രവചനം എന്നു വ്യക്തമാണ്.കാരണം ഉദ്ധൃത വചനമനുസരിച്ച് ശീലോഹിന്‍റെ വരവോടെയാണ് യഹൂദവംശത്തില്‍ നിന്ന് ചെങ്കോലും(പ്രവാചകത്വം) അധികാരദണ്ഡ് (രാജ്യഭരണം) നീക്കം ചെയ്യപ്പെടുന്നത്. അതുകൊണ്ട് ‘ശിലോഹ്’ ഒരിക്കലും യഹൂദ വംശജനായ പ്രവാചകനല്ല എന്ന് നിസ്സംശയം പറയാം.യേശു പോലും യഹൂദവംശജനായ പ്രവാചകനായിരുന്നു. യിശ്മയേലിന്‍റെ (ഇസ്മാഈല്‍) സന്താന പരമ്പരയില്‍ വന്ന മുഹമ്മദ് നി(സ്വ)യാണ് പിന്നീട് യഹൂദ വംശത്തിന് പുറത്ത് നിന്ന് വന്ന ഏക പ്രവാചകന്‍.ഏക സത്യ ദൈവത്തിലേക്ക് ക്ഷണിച്ച് കൊണ്ടായിരുന്നു മുഹമ്മദ് നി(സ്വ) കടന്നുവന്നത്.ശാന്തിയുടെയും സമാധാനത്തിന്‍റെയും സുവിശേഷങ്ങളായിരുന്നു അവിടുന്ന് പ്രഖ്യാപിച്ചത്. അതുകൊണ്ട്തന്നെ ശത്രുക്കള്‍ പോലും ‘വിശ്വസ്തന്‍’ എന്ന് വിളിക്കുകുയും ചെയ്തു.


മോശയെപ്പോലെയുള്ള പ്രവാചകന്‍


യഹോവ മോശെ പ്രവാചകനോട് നടത്തുന്ന പ്രവചനം പഴയ നിയമം ആവര്‍ത്തന പുസ്തകത്തില്‍ കാണാം:’നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കു അവരുടെ സഹോദരന്മാരുടെ ഇടയില്‍ നിന്ന് എഴുന്നേല്‍പിച്ച് എന്‍റെ വചനങ്ങളെ അവന്‍റെ നാവിന്മേല്‍ ആക്കും. ഞാന്‍ അവനോട് കല്‍പിക്കുന്നതൊക്കെയും അവന്‍ അവരോടും പറയും. അവന്‍ എന്‍റെ നാമത്തില്‍ പറയുന്ന എന്‍റെ വചനങ്ങള്‍ യാതൊരുത്തനെങ്കിലും കേള്‍ക്കാതിരുന്നാല്‍ ഞാന്‍ അവനോടു ചോദിക്കും. എന്നാല്‍ പ്രവാചകന്‍ ഞാന്‍ അവനോടു കല്‍പിക്കാത്ത വചനം എന്‍റെ നാമത്തില്‍ അഹങ്കാരത്തോടെ പ്രസ്താവിക്കുകയോ അന്യ ദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കുകയോ ചെയ്താല്‍ ആ പ്രവാചകന്‍ മരണ ശിക്ഷ അനുഭവിക്കേണം. അതു യഹോവ അരുളി ചെയ്യാത്ത വചനം എന്നു ഞങ്ങള്‍ എങ്ങനെ അറിയും എന്നു നിന്‍റെ ഹൃദയത്തില്‍ പറഞ്ഞാല്‍ ഒരു പ്രവാചകന്‍ യഹോവയുടെ നാമത്തില്‍ സംസാരിക്കുന്ന കാര്യം സംഭവിക്കുകയും ഒത്തു വരികയും ചെയ്യാഞ്ഞാല്‍ അതു യഹോവ അരുളിച്ചെയ്തതല്ല;പ്രവാചകന്‍ അതു സ്വയം കൃത്യമായി സംസാരിച്ചതത്രേ. അവനെ പേടിക്കരുത്’ (ആവര്‍ത്തനപുസ്തകം18:18-22).


ഈ വചനത്തില്‍ വരാനിരിക്കുന്ന പ്രവാചകന്‍റെ വിശേഷങ്ങള്‍ പറയുന്നത് ഇങ്ങനെ സംഗ്രഹിക്കാം:

1. മോശയെപ്പോലെ ആയിരിക്കും.

2. ഇസ്രായേല്യരുടെ സഹോദരന്മാരില്‍ നിന്നാണ് വരിക.

3. നാവില്‍ ദൈവ വചനമുണ്ടായിരിക്കും

4. ദൈവ കല്‍പനകള്‍ ജനങ്ങളോട് പറയും.

5. ദൈവ നാമത്തില്‍ സംസാരിക്കും.

6. പ്രവചനം നിവര്‍ത്തിയാവും.


7. അംഗീകരിക്കാത്തവരെ ചോദ്യം ചെയ്യും.


‘മോശയെപ്പോലെ ഒരു പ്രവാചകന്‍ യിസ്രായേലില്‍ പിന്നെ ഉണ്ടായിട്ടില്ല'(ആവര്‍ത്തനം 34:10) എന്ന വചനത്തില്‍ നിന്ന് യേശുവടക്കമുള്ള ഇസ്രായേല്‍ പ്രവാചകനമാരെക്കുറിച്ചല്ല ഈ പ്രവചനം എന്ന് ഗ്രഹിക്കാം.


ക്രൈസ്തവ മിഷണറിമാര്‍ ഈ കാത്തിരുന്ന പ്രവാചകർ യേശുവിലേക്ക് തിരിച്ച് വിടാന്‍ ശ്രമിക്കാറുണ്ട്. നിഷ്പക്ഷമായി നമുക്ക് മൂന്ന് പ്രവാചകനമാരെയും താരതമ്യംചെയ്തു നോക്കാം.(പട്ടിക നോക്കുക)



ഇനി ക്രൈസ്തവ വിശ്വാസ പ്രകാരം തന്നെ യേശുവും മോശയും ഒരു നിലക്കും സാദൃശ്യമാവില്ലെന്ന് മനസ്സിലാക്കാവുന്നതാണ്. കാരണം യേശു ദൈവമാണ്, ദൈവപുത്രനാണ്, യേശു അല്ലാത്തവരൊക്കെ പാപം ചെയ്തവരാണ്, ത്രിത്വത്തിലെ അംഗമാണ്, ലോകത്തിന്‍റെ പാപം ഏറ്റെടുത്തവരാണ്. ഇങ്ങനെയുള്ള പ്രത്യേകതയൊന്നും ‘മോശ’ പ്രവാചകനില്ലല്ലോ? ഇസ്രായേല്യരുടെ സഹോദരന്മാരില്‍ നിന്ന്:


അബ്രഹാമിന്‍റെ ഇളയ പുത്രന്‍ ഇസ്ഹാഖിന്‍റെ പുത്രനായ യാക്കോബിന്‍റെ പുത്രന്‍ യഹൂദയുടെ പുത്രന്മാരാണ് ഇസ്രായേല്യര്‍ എന്നറിയപ്പെടുന്നത്.യേശുവും മോശയുമൊക്കെ ഈ ഗണത്തില്‍ പെട്ടവരാണ്. മോശയോട് ദൈവം പറഞ്ഞ പ്രവാചകര്‍ ‘അവരുടെ സഹോദരന്മാരില്‍ നിന്ന്’ എന്ന് പറയുമ്പോള്‍ ഇസ്രായേല്യരുടെ സഹോദരന്മാരില്‍ നിന്നാണെന്ന് വ്യക്തമാവുന്നതാണ്.


അബ്രഹാമിന്‍റെ ആദ്യ ജാതനായ ‘യിശ്മയേലി’ന്‍റെ സന്താന പരമ്പരയാണ് അറബികള്‍. അവരാണ് ഇസ്രായേല്യരുടെ സഹോദരന്മാര്‍. ഈ സന്താന പരമ്പരയിലാണ് മുഹമ്മദ് നബി(സ്വ) പിറന്നത്. ഇവിടെ മോശയോട് ദൈവം നടത്തിയ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ പുലരുന്നതായി കാണാം.

നാവില്‍ ദൈവവചനം

അല്ലാഹുവിന്‍റെ വചനങ്ങളായ ഖുര്‍ആന്‍ ഗബ്രിയേല്‍ (ജിബ്രീല്‍) മാലാഖ മുഖേന മുഹമ്മദ് നബി(സ്വ)ക്ക് എത്തിച്ച് കൊടുക്കുകയും പിന്നീട് നബി(സ്വ) തന്‍റെ നാവു കൊണ്ട് ജനങ്ങള്‍ക്ക് ഓതിക്കേള്‍പ്പിക്കുകയുമായിരുന്നു ചെയ്തിരുന്നത്. പക്ഷേ, ഇത്തരമൊരു ശൈലി യേശുവിനുണ്ടായിരുന്നതായി ബൈബിളില്‍ കാണാന്‍ സാധ്യമല്ല.


ദൈവ കല്‍പനകള്‍ ജനങ്ങളോട് പറയും


മുഹമ്മദ് നബി(സ്വ) തനിക്ക് ലഭിച്ച ദൈവിക കല്‍പനകളെല്ലാം ജനങ്ങളോട് പറയുകയും സംസാരം ദൈവിക കല്‍പനക്കനുസൃതവുമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇതിനെ ശരിവെക്കുന്നു.’അദ്ദേഹം തന്നിഷ്ട പ്രകാരം സംസാരിക്കുന്നവനല്ല. അത് അദ്ദേഹത്തിന് നല്‍കിയ ദിവ്യ സന്ദേശം മാത്രമാകുന്നു'(സൂറത്തുന്നജ്മ് 53:3,4).


ദൈവ നാമത്തില്‍ സംസാരിക്കും


മുഹമ്മദ് നി(സ്വ) എല്ലാ കാര്യങ്ങളും ‘ബിസ്മി’ ഉച്ചരിച്ചു കൊണ്ടായിരുന്നു തുടങ്ങിയിരുന്നത്.എല്ലാ കാര്യങ്ങളും നാഥന്‍റെ നാമം ഉച്ചരിച്ച് തുടങ്ങണമെന്ന് അനുചരന്മാരെ പഠിപ്പിക്കുകയും അതിനായി പ്രേരിപ്പിക്കുകയും ചെയ്തു .


പ്രവചന പൂര്‍ത്തീകരണം


മുഹമ്മദ് നി(സ്വ) നടത്തിയ പ്രവചനങ്ങളെല്ലാം അക്ഷരാര്‍ത്ഥത്തില്‍ പുലര്‍ന്നതായി കാണാം.റോമക്കാരുടെ വിജയത്തെക്കുറിച്ചുള്ള പ്രവചനം(സൂറത്തു റൂം 30:2)ഒരു ഉദാഹരണം മാത്രം.


ചോദ്യം ചെയ്യും

മുഹമ്മദ് നബി(സ)യെ അംഗീകരിക്കാത്തവര്‍ക്ക് പരലോകത്ത് വെച്ച് കഠിന


ശിക്ഷ ലഭിക്കുമെന്ന് പരിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നതായി കാണാം.


റവ. ജെയിംസ്റോയുടെ ‘dictionary of the bible’403 -ാം പേജില്‍ മോശെ പ്രവാചകനുമായി താരതമ്യപ്പെടുത്താന്‍ കഴിയുന്ന ഒരേയൊരു പ്രവാചകന്‍മുഹമ്മദ് നബി (സ)യാണെന്നു പറയുകയും ചെയ്തിട്ടുണ്ട്.


പ്രവചനം പുതിയനിയമത്തില്‍

തന്‍റെ ശേഷം വരുന്ന പ്രവാചകനെക്കുറിച്ച് യേശു പ്രവചിക്കുന്നതായി യോഹന്നാന്‍ സുവിശേഷത്തില്‍ കാണാം. അതിപ്രകാരമാണ്:


“എന്നാല്‍ ഞാന്‍ നിങ്ങളോട് സത്യം പറയുന്നു: ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക് പ്രയോജനം തന്നെ, ഞാന്‍ പോകാതിരുന്നാല്‍ ആശ്വാസ പ്രദന്‍ നിങ്ങളുടെ അടുക്കല്‍ വരുകയില്ല. ഞാന്‍ പോയാല്‍ ഞാന്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയയ്ക്കും. അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധികളെക്കുറിച്ചും ലോകത്തിനു ബോദ്ധ്യം വരുത്തും(യോഹന്നാന്‍ 16:7-8).


‘ഇനിയും വളരെ കാര്യങ്ങള്‍നിങ്ങളോടു പറയുവാനുണ്ട്;എന്നാല്‍ നിങ്ങള്‍ക്ക് അവ ഇപ്പോള്‍ വഹിക്കുവാന്‍ കഴിവില്ല. സത്യത്തിന്‍റെ ആത്മാവ് വരുമ്പോള്‍ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും. അവന്‍ സ്വന്തമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നതു സംസാരിക്കുകയും വരുവാനുള്ളത് നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരുകയും ചെയ്യും. അവന്‍ എനിക്കുള്ളതില്‍ നിന്ന് എടുത്ത് നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരുന്നത് കൊണ്ട് അവന്‍ എന്നെ മഹത്വപ്പെടുത്തും'(യോഹ 16:12-14).


‘എന്നാല്‍ ഞാന്‍ പിതാവിനോടു ചോദിക്കും. നിങ്ങളോടു കൂടെ എന്നേക്കും ഉണ്ടായിരിക്കേണ്ടതിന് അവന്‍ മറ്റൊരു ആശ്വാസപ്രദനെ നിങ്ങള്‍ക്കു തരും; സത്യത്തിന്‍റെ ആത്മാവിനെത്തന്നെ. ലോകംഅവനെ കാണുകയോ അറിയുകയോ ചെയ്യാത്തതിനാല്‍ അതിന്അവനെ സ്വീകരിക്കുവാന്‍ കഴിയുകയില്ല. അവന്‍ നിങ്ങളില്‍ വസിക്കുകയും നിങ്ങളോട് കൂടെ ഉണ്ടായിരിക്കുകയും ചെയ്യുന്നത് കൊണ്ട് നിങ്ങള്‍ അവനെ അറിയുന്നു'(യോഹന്നാന്‍ 14:16, 17).


‘എങ്കിലും പിതാവ് എന്‍റെ നാമത്തില്‍ എന്ന ആശ്വാസപ്രദന്‍ നിങ്ങള്‍ക്ക് സകലതും ഉപദേശിച്ചു തരുകയും ഞാന്‍ നിങ്ങളോടു പറഞ്ഞതൊക്കെയും നിങ്ങളെ ഓര്‍മപ്പെടുത്തുകയും ചെയ്യും'(യോഹ 14:26).


ഈ വചനങ്ങളില്‍ ആശ്വാസപ്രദന്‍, സത്യത്തിന്‍റെ ആത്മാവ് എന്നൊക്കെ പ്രയോഗിച്ചത് മുഹമ്മദ് നി(സ്വ)യെക്കുറിച്ചാണെന്ന് നമുക്ക് നിസ്സംശയം പറയാം. കാരണം ഇവിടെ ആശ്വാസപ്രദന്‍, സത്യത്തിന്‍റെ ആത്മാവ് എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്നത് (periglytos)പെരിക്ലിറ്റോസ് എന്ന ഗ്രീക്ക് പദമാണ്. ഇതിന് ‘ഏറ്റവുംപുകഴ്ത്തപ്പെട്ടവന്‍, ഏറ്റവും സ്തുത്യര്‍ഹന്‍, ഏറ്റവും പുകള്‍പെറ്റവന്‍ എന്നൊക്കെയാണര്‍ത്ഥം.ഈ പദത്തിന് തതുല്യമായ അറബി പദം ‘അഹ്മദ്’ എന്നതാണ്. അതാവട്ടെ മുഹമ്മദ് നബി(സ)യുടെ മറ്റൊരു പേരാണ്. മാത്രമല്ല നിനക്ക് ശേഷം ‘അഹ്മദ്’ എന്ന പ്രവാചകന്‍വരുമെന്ന് ഈസാ നബി(അ) പ്രവചിക്കുന്നതായി പരിശുദ്ധഖുര്‍ആന്‍ പറയുന്നുമുണ്ട്:’മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമത്രേ): ഇസ്രായേല്‍ സന്തതികളേ, എനിക്ക് മുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തിയും ശേഷം വരുന്ന ‘അഹ്മദ്’ എന്ന ദൂതരെ പറ്റി സന്തോഷ വാര്‍ത്ത അറിയിച്ചും നിങ്ങളിലേക്ക് വന്ന ദൈവ ദൂതനാകുന്നു ഞാന്‍’ (സൂറത്തു സ്വഫ് 61:6).

യോഹന്നാന്‍ രേഖപ്പെടുത്തിയ യേശുവിന്‍റെ പ്രവചനത്തില്‍ വരാനിരിക്കുന്ന പ്രവാചകന്‍റെ വിശേഷങ്ങള്‍ ഇപ്രകാരമാണ്:

1. യേശുവിന്‍റെ കാലശേഷമാണ് വരിക

2. പാപത്തെയും നീതിയെയും ന്യായവിധിയെയും കുറിച്ച് ലോകത്തിനു ബോധ്യം വരുത്തും.

3. സകല സത്യത്തിലും വഴി നടത്തും

4. സ്വന്തമായി ഒന്നും സംസാരിക്കുകയില്ല.

5. യേശുവിനെ മഹത്വപ്പെടുത്തും

6. എന്നും ജനങ്ങളോടൊപ്പമായിരിക്കും.

7. വരാനിരിക്കുന്ന കാര്യങ്ങള്‍ പറയും

8. യേശു പറഞ്ഞ കാര്യങ്ങളെല്ലാം ജനങ്ങളെ ഓര്‍മപ്പെടുത്തും

മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ മുഹമ്മദ് നബി(സ)യുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടെന്നത് അവിതര്‍ക്കിതമാണ്. യേശുവിന്‍റെ വചനം എല്ലാ അര്‍ത്ഥത്തിലും മുഹമ്മദ് നബി(സ)യില്‍ പൂര്‍ത്തീകരിക്കപ്പെട്ടു എന്നത് നബി ചരിത്രം വായിച്ചാല്‍ ബോധ്യപ്പെടുന്നതാണ്.


ജുനൈദ് ഖലീൽ നൂറാനി


March 18, 20181 Reply


കല്യാണവിരുന്നും വീഞ്ഞുസല്‍ക്കാരവും



യേശു ചെയ്ത ഒന്നാമത്തെ അത്ഭുത സംഭവമായി ബൈബിള്‍ പഠിപ്പിക്കുന്നത് കാനാവിലെ കല്യാണ വിരുന്നില്‍ വെച്ച് ആറു കല്‍ഭരണികളിലെ വെള്ളം വീഞ്ഞാക്കി മാറ്റിയ സംഭവമാണ്. യോഹന്നാന്‍ വിശദീകരിക്കുന്നതിങ്ങനെ: യേശു അവരോടു ഈ കല്‍പാത്രങ്ങളില്‍ വെള്ളം നിറെപ്പിന്‍ എന്നു പറഞ്ഞു. അവര്‍ വക്കോളവും നിറച്ചു.ഇപ്പോള്‍ കോരിവിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിന്‍ എന്ന് അവന്‍ പറഞ്ഞു. അവര്‍ കൊടുത്തു. വീഞ്ഞായി തീര്‍ന്ന വെള്ളം വിരുന്നു വാഴി രുചിനോക്കിയാറെ മണവാളനെ വിളിച്ചു; എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരിപിടിച്ചശേഷം എളപ്പമായതും കൊടുക്കുമാറുണ്ട്; നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്ന് അവനോട് പറഞ്ഞു. (2:7-10)


ജൂതരുടെ പതിവു രീതിയനുസരിച്ച് വിതരണം ചെയ്യുന്ന വീഞ്ഞ് തീര്‍ന്നുപോയപ്പോള്‍, അമ്മ മറിയത്തിന്റെ നിര്‍ദേശപ്രകാരമാണ് യേശു ഇത് ചെയ്തത്. ബൈബിളില്‍ തന്നെ പലയിടങ്ങളില്‍ ലഹരിയുപയോഗത്തെ തിന്മയായി പരിചയപ്പെടുത്തുമ്പോള്‍ യേശുതന്നെ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് അനുചിതമാണെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടു തന്നെ യേശുവില്‍ ഒരു അത്ഭുതം കെട്ടിയേല്‍പിക്കുന്നതിനുവേണ്ടി ഈ സംഭവം യോഹന്നാന്‍ നിര്‍മിച്ചെടുത്തതോ അല്ലെങ്കില്‍ അബദ്ധവശാല്‍ ബൈബിളില്‍ കയറിപ്പറ്റിയതോ ആവാനേ സാധ്യതയുള്ളൂ. ഈ കഥ ബൈബിളിന്‍റെ അപ്രമാദിത്വത്തെ തന്നെയും പ്രതിസന്ധിയിലാക്കുന്നതിനാല്‍ ഇതു സംബന്ധമായി ക്രൈസ്തവ പ്രചാരകര്‍ നടത്തുന്ന ന്യായവാദങ്ങള്‍ പരിശോധിക്കാം.വീഞ്ഞ് രണ്ടു തരമുണ്ട്. മദ്യമായതും അല്ലാത്തതും. യേശു നിര്‍മിച്ചത് ലഹരിയുണ്ടാക്കാത്ത തനി ശീതള പാനീയമായിരുന്നുവെന്നാണ് പ്രധാന ന്യായീകരണം. യേശു ലഹരിയുള്ള വീഞ്ഞാണ് ഉണ്ടാക്കിയത് എന്ന അഭിപ്രായം നിരാകരിക്കേണ്ടതാണെന്നതിനുള്ള കാരണങ്ങള്‍ സമ്പൂര്‍ണ്ണ ജീവന്‍ പഠന സത്യവേദ പുസ്തകത്തില്‍ പറയുന്നുണ്ട്. അതിങ്ങനെയാണ്:


(1) ഈ അടയാളത്തിന്‍റെ പ്രാഥമിക ലക്ഷ്യം ‘അവന്‍റെ മഹത്വം വെളിപ്പെടുത്തുക (യോഹ 2:11) എന്നതായിരുന്നു. ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിക്കുവാന്‍ (2:11 മത്താ. 1:21) ഭൂമിയില്‍ വന്ന യേശു, ദൈവത്തിന്‍റെ നീതിമാനും പരിശുദ്ധനുമായ പുത്രന്‍ ആകുന്നു എന്നു അവര്‍ വിശ്വസിക്കണം. പിതാവായ ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍ എന്നു തെളിയിക്കുവാന്‍ ക്രിസ്തു (യോഹ. 1:4) ഒരു മദ്യപ സംഘത്തിനു ലഹരിവീഞ്ഞു അത്ഭുതകരമായി ഉണ്ടാക്കിക്കൊടുത്തു എന്നു പറയുന്നത് തന്നെ അവനോടുള്ള ബഹുമാനമില്ലായ്മ നിമിത്തമാണ്. ദൈവം വര്‍ഷംപ്രതി തന്റെ പ്രകൃതി ക്രമത്തില്‍ ഉളവാക്കുന്ന സ്വാഭാവിക മുന്തിരിച്ചാറു തന്നെയാണ്; പ്രകൃത്യതീതമായി അവന്‍ ഉണ്ടാക്കിയത് എന്നു അംഗീകരിക്കുന്നതാണ് ദൈവത്തിന്‍റെ മഹത്വത്തിനും ക്രിസ്തുവിന്‍റെ മഹത്വത്തിനും അനുയോജ്യമായിട്ടുള്ളത്. ഈ അടയാളം പ്രകൃതിലോകത്തിന്മേല്‍ ക്രിസ്തുവിനുള്ള പരമാധികാരത്തെ ചൂണ്ടിക്കാണിക്കുന്നു. പാപികളായ മനുഷ്യരെ ആത്മീയമായി ദൈവമക്കളാക്കിത്തീര്‍ക്കുവാനുള്ള ക്രിസ്തുവിന്‍റെ ശക്തിയുടെ ചിഹ്നമായും ഇതിനെ വീക്ഷിക്കാം. (യോഹ. 2:3, 3:1-15) (സമ്പൂര്‍ണ്ണ ജീവന്‍ പഠന സത്യവേദപുസ്തകം പേജ്. 1575)


ഇത് ക്രൈസ്തവരുടെ വിശ്വാസപ്രകാരം ഏറെക്കുറെ ശരിയാവാം. പക്ഷേ, ഈ ബോധം ബൈബിളെഴുതിയ യോഹന്നാനുണ്ടായില്ലെന്നതാണ് പ്രശ്‌നം. വീഞ്ഞു രണ്ടു തരമുണ്ടെന്നും സന്ദര്‍ഭാനുസരണമാണ് അതിന്‍റെ ഗുണവും സ്വഭാവവും നിര്‍ണയിക്കേണ്ടതെന്നും സമ്പൂര്‍ണ ജീവന്‍ പഠന സത്യവേദ പുസ്തകം തന്നെ പറയുന്നുണ്ട്. ‘വീഞ്ഞിന്‍റെ ഗുണം അഥവാ സ്വഭാവം, സന്ദര്‍ഭാനുസരണമായും സാദ്ധ്യതാനുസരണമായും തീരുമാനിക്കേണ്ടതാണ്. (സമ്പൂര്‍ണ ജീവന്‍ പഠന സത്യവേദ പുസ്തകം. പേജ്. 1573)നമുക്ക് സന്ദര്‍ഭവും സാധ്യതയും പരിശോധിക്കാം. യോഹന്നാന്‍ 2:10-ല്‍ ഇപ്രകാരം വായിക്കാം: ‘എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരിപിടിച്ച ശേഷം ഇളപ്പവായതും കൊടുക്കാറുണ്ട്’. യോഹന്നാന്‍ രേഖപ്പെടുത്തിയ ലഹരിപിടിച്ച ശേഷം എന്ന വചനത്തിന്‍റെ സന്ദര്‍ഭവും സാധ്യതയും പരിഗണിച്ചാല്‍ യേശു ലഹരിയുള്ള വീഞ്ഞ് അഥവാ മദ്യമാണ് കാനായിലെ കല്യാണ വിരുന്നില്‍ നിര്‍മിച്ചതെന്ന് പകല്‍പോലെ വ്യക്തം.


‘ലഹരി പിടിച്ച ശേഷം’ എന്ന വചനം ക്രൈസ്തവരെ ഉറക്കം കെടുത്തുന്നതാണ്. ഇതു പരിഹരിക്കാന്‍ വേണ്ടി അവര്‍ ആ പദപ്രയോഗത്തെയും ന്യായീകരിക്കുന്നത് നോക്കൂ: ലഹരി പിടിച്ച ശേഷം, മെഥുസ്‌കൊ എന്ന് ഇവിടെ ഉപയോഗിച്ചിട്ടുള്ള ഗ്രീക്കു പദത്തിനു (1) ലഹരി പിടിക്കുക (2) നിറയുക, തൃപ്തരാവുക എന്നിങ്ങനെ രണ്ടു അര്‍ത്ഥമുണ്ട്. 2:10ലെ ലഹരിപിടിച്ച ശേഷം എന്നത് രണ്ടാമത്തെ അര്‍ത്ഥത്തിലാണു നാം സ്വീകരിക്കേണ്ടത്. (1) ഈ കല്യാണത്തില്‍ ലഹരിയുള്ള വീഞ്ഞ് കുടിച്ചു എന്ന അര്‍ത്ഥത്തില്‍ ഇത് വ്യാഖ്യാനിക്കുവാന്‍ പാടില്ല.


വിരുന്നു വാഴി അവരുടെ നാട്ടുനടപ്പാണ് പ്രസ്താവിച്ചത്. എന്തു പാനീയം കൊടുക്കുന്നു എന്നു കാണിക്കാതെ ഒരു പൊതുതത്വം വിരുന്നുവാഴി പ്രസ്താവിച്ചു എന്നേയുള്ളൂ. (2) യേശു ഒരു മദ്യവിരുന്നില്‍ പങ്കെടുത്തു എന്നോ അതിനുവേണ്ടി വീഞ്ഞു നില്‍കി എന്നോ യാതൊരു ധാരണയും ഉണ്ടാകാന്‍ പാടില്ല. (സമ്പൂര്‍ണ ജീവന്‍ പഠന സത്യവേദ പുസ്തകം പേജ്. 1573, 1576) ന്യായീകരണം കേട്ടാല്‍ ആരും മൂക്കത്ത് കൈ തന്നെ വെച്ചുപോകും. കാരണം ഗ്രീക്ക് പദമായ മെഥുസ്‌കൊ എന്നതിന് രണ്ടര്‍ത്ഥമുണ്ടെന്നാണ് പറഞ്ഞത്.


1) ലഹരി പിടിക്കുക.


2) നിറയുക, തൃപ്തരാകുക.


സത്യവേദ പുസ്തകത്തില്‍ ഈ പദത്തെ ലഹരി പിടിച്ച ശേഷം എന്നാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. അതിന് നിറയുക തൃപ്തരാകുക എന്ന് അര്‍ത്ഥം വെച്ച് യേശുവിനെ, അതുവഴി ബൈബിളിനെ രക്ഷിക്കണമെന്ന് അപേക്ഷിക്കുകയാണിവിടെ. മറ്റൊരു സുവിശേഷകന്‍ ഈ പദത്തെ ന്യാ


യീകരിക്കാന്‍ ശ്രമിക്കുന്നത് നോക്കൂ: ലഹരിയെന്നത് മലയാള പരിഭാഷയുടെ തെറ്റാണ്. ഓശാന ബൈബിള്‍ പരിഭാഷ ഇപ്രകാരമാണ്. ‘എല്ലാവരും നല്ല വീഞ്ഞ് ആദ്യം വിളമ്പുന്നു. ആളുകള്‍ യഥേഷ്ടം കുടിച്ചതിനു ശേഷം വീര്യം കുറഞ്ഞത് വീണ്ടും.’ ലഹരി പിടിച്ചുയെന്നല്ല, Well Drunk നന്നായി യഥേഷ്ടം കുടിച്ചുയെന്നര്‍ത്ഥം. നമ്മുടെ കല്യാണ വീടുകളില്‍ പുളിശ്ശേരിയും മറ്റും ആദ്യം നല്ലത് വിളമ്പുന്നു. തികയാതെ വന്നാല്‍ വെള്ളം ചേര്‍ത്ത് വിളമ്പുന്നതുപോലെ. (ഞങ്ങളോടു ചോദിച്ച ചോദ്യങ്ങളും ഞങ്ങളുടെ ചോദ്യങ്ങളും – വര്‍ഗീസ് എം. സാമുവേല്‍ – പേജ്. 28) കല്യാണ വിരുന്നിലെ ദുശ്ശകുനം നന്നാക്കിയെടുക്കാനുള്ള വെപ്രാളത്തില്‍ സാമുവേല്‍ ആദര്‍ശം തന്നെ മറന്ന് പോയിരിക്കുകയാണ്. കാരണം താന്‍ ഉള്‍കൊള്ളുന്ന പ്രൊട്ടസ്റ്റന്റ് സഭ അംഗീകരിക്കുന്ന സത്യവേദ പുസ്തകത്തിലെ പരിഭാഷ തെറ്റാണെന്നു തുറന്നു സമ്മതിക്കുകയാണിവിടെ. അതോടൊപ്പം പ്രൊട്ടസ്റ്റന്റ് കാര്‍ ദൈവികമല്ല എന്ന് വിശ്വസിക്കുന്ന അപ്പോക്രിഫ ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളിച്ച, കത്തോലിക്ക സഭ പ്രസിദ്ധീകരിക്കുന്ന ഒശാന ബൈബിള്‍ പരിഭാഷയാണ് സത്യമെന്നും ഉറക്കെ പ്രഖ്യാപിക്കുകയാണ്.


‘ലഹരി പിടിക്കുക’ എന്നുതന്നെ ഈ പദത്തിന് അര്‍ത്ഥം പറഞ്ഞ ഏതാനും ബൈബിള്‍ മലയാള പതിപ്പുകള്‍ നമുക്ക് പരിശോധിക്കാം.


‘എല്ലാവരും ആദ്യം അല്പ വീഞ്ഞും ലഹരി പിടിച്ച ശേഷം ഇളപ്പമായതും കൊടുക്കാറുണ്ട്. (സത്യവേദപുസ്തകം)ഇപ്രകാരം തന്നെയാണ് മാത്യുവര്‍ഗീസിന്റെ വിശുദ്ധ സത്യവേദ പുസ്തകത്തിലും സമ്പൂര്‍ണ്ണ ജീവന്‍ പഠന സത്യവേദ പുസ്തകത്തിലും ബിലീവേഴ്‌സ് ചര്‍ച്ച് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന പുതിയ നിയമത്തിലും യഹോവ സാക്ഷികള്‍ പ്രസിദ്ധീകരിക്കുന്ന പുതിയ ലോക ഭാഷാന്തരം ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിലും കത്തോലിക്ക സഭ പ്രസിദ്ധീകരിക്കുന്ന കെ.സി.ബി.സി. ബൈബിളിലും രേഖപ്പെടുത്തിയിരിക്കുന്നത്.


സമ്പൂര്‍ണ്ണ ജീവന്‍ പഠന സത്യവേദ പുസ്തകം യേശു ലഹരിയുള്ള മദ്യംതന്നെയാണ് ഉണ്ടാക്കിയതെന്ന് സമ്മതിക്കേണ്ടിവരുമെന്ന് പറയുന്ന ഭാഗം കൂടി വിലയിരുത്താം.


‘2:3 അവര്‍ക്കു വീഞ്ഞു ഇല്ല. ഇവിടെ നാം എടുത്തിരിക്കുന്ന നിലപാടില്‍ നിന്നു വ്യത്യസ്തമായി, ആ ഭവനത്തില്‍ കല്യാണത്തിനു കരുതിയിരുന്ന വീഞ്ഞും യേശു നല്‍കിയ വീഞ്ഞും ലഹരിയുള്ളതായും അത് ധാരാളം കുടിക്കുന്നതായും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ വാദഗതി സ്വീകരിച്ചാല്‍, (1) അതിഥികള്‍ ലഹരിപിടിച്ചിരുന്നു (2) ലഹരിയുള്ള വീഞ്ഞു തീര്‍ന്നുപോയതില്‍ ദുഃഖിച്ചുകൊണ്ട്, ലഹരിയുള്ള വീഞ്ഞു കൂടുതല്‍ നല്‍കുവാന്‍ മറിയ യേശുവിനോടു ആവശ്യപ്പെട്ടു. (3) അമ്മയുടെ ആഗ്രഹപ്രകാരം യേശു അങ്ങനെ ചെയ്തു. എല്ലാ അതിഥികളെയും ലഹരി പിടിപ്പിക്കുന്നതിനു കൂടുതല്‍ വീഞ്ഞു നല്‍കപ്പെട്ടു. (4) യേശു തന്‍റെ മഹത്വം വെളിപ്പെടുത്തിയ ആദ്യ അടയാളമായി ലഹരിയുള്ള വീഞ്ഞു നല്‍കി, ദൈവത്തിന്റെ നീതിമാനും വിശുദ്ധനുമായ പുത്രനായി തന്നെ വിശ്വസിക്കുവാന്‍ ജനത്തെ പ്രേരിപ്പിച്ചു. മേല്‍പ്പറഞ്ഞ വസ്തുതകള്‍ നാം കണക്കിലെടുക്കേണ്ടിവരും’ (സമ്പൂര്‍ണ ജീവന്‍ പഠന സത്യവേദ പുസ്തകം പേജ് 1573).


യേശു വെള്ളത്തെ ലഹരിയുള്ള വീഞ്ഞാക്കി. എന്നാല്‍ മദ്യം വിളമ്പല്‍ വേദ പുസ്തകാധ്യാപനങ്ങള്‍ക്ക് വിരുദ്ധമായതുകൊണ്ട് ഈ അത്ഭുതം മറ്റു പ്രവാചകന്മാരാരും ചെയ്തില്ലെങ്കിലും തതുല്യമായ അത്ഭുതങ്ങള്‍ പഴയ നിയമ പ്രവാചകരും ചെയ്തിട്ടുണ്ട്.


– മോശ കയ്പുള്ള വെള്ളം മധുരമാക്കുന്നു. (പുറപ്പാട് 15:23-25)


– ഏലിശാ വെള്ളം ശുദ്ധമാക്കുന്നു. (2 രാജാ 2;19-22)


– ഏലീശാ വിഷം കലര്‍ന്ന പായസം ശുദ്ധമാക്കുന്നു. (2 രാജാക്കന്മാര്‍ – 4:38-41)


– ഏലീയാ വിധവയുടെ വീട്ടിലെ എണ്ണ വര്‍ധിപ്പിക്കുന്നു. (2 രാജാക്കന്മാര്‍ 4:2-6)


സത്യത്തില്‍, യേശു മദ്യം നിര്‍മിച്ചിട്ടില്ല. അങ്ങനെ ജനങ്ങളെ ഉന്മത്തരാക്കിയിട്ടുമില്ല. മുമ്പു സൂചിപ്പിച്ചതുപോലെ വേദഗ്രന്ഥങ്ങള്‍ക്കും ധര്‍മ ദര്‍ശനങ്ങള്‍ക്കും വിരുദ്ധമായ ഈ സംഭവം ബൈബിളെഴുത്തുകാരുടെ വകയാണ്. കള്ളക്കണക്കെഴുത്തുകാരുടെ എഴുത്തു കോലുകള്‍ അതിനെ മലിനമാക്കിയിരുന്നുവെന്ന യിരമ്യയുടെ വാക്കുകള്‍ ഓര്‍മിക്കുക.


ജുനൈദ് ഖലീൽ നൂറാനി


March 8, 2018Leave a Reply


യേശുവിന്‍റെ അധികാരം



പ്രകൃതിയുടെ മേല്‍ അധികാരം വെളിപ്പെടുത്തുന്ന അത്ഭുതങ്ങള്‍ യേശുവില്‍നിന്നുണ്ടായിട്ടുണ്ട്. അത്തരം അത്ഭുതങ്ങള്‍ മറ്റുപലരും പ്രവര്‍ത്തിച്ചതുമാണ്. എന്നാല്‍ മറ്റുള്ളവരുടെ അത്ഭുതങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ യേശുവിന്‍റേത് പര്‍വതീകരിക്കുന്നതാണ് പൊതുവെ ക്രൈസ്തവ പ്രബോധകരുടെ രീതി. അങ്ങനെ യേശുവെന്ന മനുഷ്യപ്രവാചകനെ ദൈവവും ദൈവാംശവുമായി ചിത്രീകരിക്കാന്‍ അവര്‍ മാര്‍ഗം തേടുന്നു. യേശു കൊടുങ്കാറ്റിനെ ശാന്തമാക്കിയത് മത്തായി (8:23-27) വിശദീകരിക്കുന്നുണ്ട്.


യേശു മാത്രമായിരുന്നോ പ്രകൃതിയുടെ മേല്‍ അധികാരം വെളിപ്പെടുത്തിയ ഇത്തരം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചത്?


ബൈബിള്‍ പറയുന്നത് അല്ലെന്നുതന്നെയാണ്. എന്തുകൊണ്ടെന്നാല്‍, യോശുവ സൂര്യനെ നിശ്ചലമാക്കുന്നു. (യോശുവ 10: 12-14)


ഏലിയാവ് മഞ്ഞും മഴയും നിര്‍ത്തലാക്കുന്നു. (1 രാജാക്കന്മാര്‍ 17:1)


ഏലിയാവ് ആകാശത്തുനിന്ന് തീ ഇറക്കുന്നു. (1 രാജാക്കന്മാര്‍ 18: 36-39)


ഏലിയാവ് മഴ പെയ്യിക്കുന്നു. (1 രാജാക്കന്മാര്‍ 18:41-45)


യേശു കൊടുങ്കാറ്റിനെയേ നിയന്ത്രിക്കുന്നുള്ളൂ. എന്നാല്‍ പഴയനിയമ പ്രവാചകര്‍ സൂര്യനെയും ആകാശത്തെയും മഴയെയുമൊക്കെ നിയന്ത്രിക്കുന്ന കാഴ്ചയാണ് ബൈബിള്‍ പഠിപ്പിക്കുന്നത്.


ഇപ്രകാരം തന്നെയാണ് യേശു വെള്ളത്തിന്മേല്‍ നടന്ന അത്ഭുതവും. (മത്തായി 14:25)


ഇതിനേക്കാള്‍ അത്ഭുതമാണ് മോശെ പ്രവാചകന്‍ കടലിനെ പിളര്‍ത്തുന്ന സംഭവം. (പുറപ്പാട് 14:21-24)


യേശു കടലിനുമീതെ നടക്കുകയാണ് ചെയ്തതെങ്കില്‍ മോശെ പ്രവാചകന്‍ കടലിനെ രണ്ടായി പിളര്‍ത്തി മദ്ധ്യേ വഴിയൊരുക്കി യിസ്രായേല്‍ മക്കളോടുകൂടി കടന്നുപോകുന്ന അത്യത്ഭുതമാണ് ചെയ്തിരിക്കുന്നത്. ഇതോ സമാനമായതോ യേശു പ്രവര്‍ത്തിച്ചിട്ടില്ലതാനും.


യേശുകടലിനെ നിയന്ത്രിച്ചതിനെയും മോശെ കടലിനെ നിയന്ത്രിച്ചതിനെയും വ്യത്യാസപ്പെടുത്താന്‍ ക്രൈസ്തവ മിഷണറിമാര്‍ ശ്രമിക്കാറുണ്ട്. യേശു കടലിലെ കൊടുങ്കാറ്റിനെ ശാന്തമാക്കിയസംഭവം വിവരിച്ചുകൊണ്ട് ജോര്‍ജ്ജ് ഫോര്‍ഡ് പറയുന്നത് നോക്കൂ: ഈ അത്ഭുതം ദൈവത്തിന്‍റെ നിര്‍ദ്ദേശാനുസരണം മോശെ തന്‍റെ വടി കടലിനുമീതെ കാണിച്ചപ്പോഴുണ്ടായ അത്ഭുതത്തില്‍നിന്നും വ്യത്യസ്തമായിരിക്കുന്നു. ആര്‍ത്തിരമ്പുന്ന തിരമാലകളെ അടിച്ചമര്‍ത്താന്‍ യേശുവിന്‍റെ വാക്കുമാത്രം മതിയായിരുന്നു. (യേശുക്രിസ്തുവിന്‍റെ ജീവചരിത്രം പേജ് 4/51)


രണ്ടു സംഭവങ്ങളും താരതമ്യം ചെയ്താല്‍ സംഗതിയുടെ കിടപ്പ് മറിച്ചാണെന്ന് ബോധ്യപ്പെടും. യേശുവിന് കടലിലെ കൊടുങ്കാറ്റിനെ ശാന്തമാക്കാന്‍ കാറ്റിനെ ശാസിക്കുകയും കടലിനോട് അനങ്ങാതിരിക്ക, അടങ്ങുക എന്നൊക്കെ പറയേണ്ടിയും വന്നിട്ടുണ്ട്. എന്നാല്‍ ഇതിന്‍റെയൊന്നും ആവശ്യമുണ്ടായില്ല മോശക്ക്. അദ്ദേഹം കൈ ഉയര്‍ത്തിയപ്പോള്‍ തന്നെ കടല്‍ രണ്ടായി പിളര്‍ന്നു. വാക്കുകള്‍കൊണ്ട് നിയന്ത്രിക്കുന്നതും ആംഗ്യംകൊണ്ടുനിയന്ത്രിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ആംഗ്യഭാഷയില്‍ നിയന്ത്രിക്കുന്ന ആള്‍ക്കാണ് അധികാരവും ശക്തിയും കൂടുതലെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്.


നാല് സുവിശേഷകരും രേഖപ്പെടുത്തിയ യേശുവിന്‍റെ ഏക അത്ഭുതമാണ് കുറച്ചു ഭക്ഷണം കൊണ്ട് ധാരാളം അനുയായികളെ ഭക്ഷിപ്പിച്ചത്. (മത്തായി 14:15-21). ഇക്കാര്യത്തിലും അദ്ദേഹത്തിന് യാതൊരു പ്രത്യേകതയുമില്ലെന്നതാണ് സത്യം. ഏലീശാ പ്രവാചകന്‍ 20 അപ്പംകൊണ്ട് 100 പേരെ പോഷിപ്പിക്കുന്നു. (2 രാജാക്കന്മാര്‍ 4:42-44) വേറെയും പലവിധ അത്ഭുതങ്ങള്‍ മറ്റു പ്രവാചകന്മാര്‍ കാണിച്ചിട്ടുണ്ട്.


മോശെ പാറയില്‍നിന്ന് വെള്ളം പുറപ്പെടുവിച്ചു. (പുറപ്പാട് 17:5,6)


ഏലീശാ വെള്ളത്തില്‍നിന്ന് കോടാലി പൊക്കിയെടുത്തു. (2 രാജാക്കന്മാര്‍ 6: 4-7)


കാക്കകള്‍ ഏലിയാവിന് ഭക്ഷണം നല്‍കി. (2 രാജാക്കന്മാര്‍ 17: 4-6)


യോശുവ ജോര്‍ദ്ദാന്‍ നദി മുറിച്ചുകടന്നു. (യോശുവ (3:14-16)


ഏലിയാവ് ജോര്‍ദ്ദാന്‍ നദി പിളര്‍ത്തുന്നു (2 രാജാക്കന്മാര്‍ 2:7,8) പോലുള്ളവ ഉദാഹരണങ്ങള്‍. പ്രകൃതിയുടെ പതിവുതാളത്തിന് വിരുദ്ധമായ ഇത്തരം പ്രവര്‍ത്തികള്‍ക്കാണ് മുഅ്ജിസത്തുകള്‍ എന്നുപറയുന്നത്. ഇത് പ്രവാചകത്വത്തിനു തെളിവായാണ് പ്രത്യക്ഷപ്പെടുന്നത്. യേശുവില്‍ മാത്രം ഇതൊക്കെയും ദൈവവല്‍ക്കരണത്തിനുള്ള തെളിവുകളാക്കാനാണ് ത്രിത്വവാദികള്‍ ശ്രമിക്കുന്നത്. ഈ ആവശ്യാര്‍ത്ഥം മറ്റുള്ളവരുടെ അത്ഭുതങ്ങള്‍ ന്യായീകരിച്ച് ദുര്‍ബലപ്പെടുത്താനും ബൈബിള്‍ പ്രകാരം യേശുവിനു സംഭവിക്കുന്ന ന്യൂനതകള്‍ വലിച്ചുനീട്ടി ഒപ്പിച്ചെടുക്കാനും അവര്‍ ശ്രമിക്കുന്നു. തികഞ്ഞ ദൃഷ്ടാന്തമാണ് അത്തിമരത്തിന്‍റെ കഥ.


അത്തിയും യേശുവിന്‍റെ അഭൗതിക ജ്ഞാനവും


ദൈവം സര്‍വ്വജ്ഞാനിയാണെന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്. യെശയ്യാവ് (46:10), കൊലൊസ്യര്‍ (2:3), റോമര്‍ (11:33) പോലുള്ള ബൈബിള്‍ വചനങ്ങള്‍ ഇത് വെളിപ്പെടുത്തുന്നു. എന്നാല്‍ അത്തിമരത്തില്‍ പഴമുണ്ടാകുന്നകാലംപോലുമറിയാത്തയേശുവാണ് ബൈബിലുള്ളത്! മത്തായി എഴുതുന്നു: പിറ്റന്നാള്‍ അവര്‍ ബോഥാനുവിട്ടുപോരുമ്പോള്‍ അവന്നു വിശന്നു; അവന്‍ ഇലയുള്ളൊരു അത്തിമരം ദൂരത്തുനിന്നുകണ്ടു. അതില്‍ വല്ലതും കിട്ടുമോ എന്നുവെച്ചുചെന്നു. അതിന്നരികെ എത്തിയപ്പോള്‍ ഇലയല്ലാതെ ഒന്നും കണ്ടില്ല. അവന്‍ അതിനോടു: ഇനി നിങ്കല്‍നിന്ന് എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നുപറഞ്ഞു. അത് ശിഷ്യന്മാര്‍കേട്ടു. ( മത്തായി 21:18-22).


അങ്ങനെ ആ അത്തിമരം കരിഞ്ഞുണങ്ങിയെന്ന് പിന്നീട് പറയുന്നു. എന്തായാലും ഇവിടെ വിശന്നുവലഞ്ഞ യേശു ദൂരത്തുനിന്ന് ഇലകളുള്ള അത്തിവൃക്ഷം കണ്ടപ്പോള്‍ അതില്‍ ധാരാളം അത്തിപ്പഴമുണ്ടാകുമെന്ന് കരുതി. പക്ഷേ മരത്തിനടുത്തെത്തിയപ്പോള്‍ അതില്‍ പഴങ്ങളൊന്നും കണ്ടില്ല. കാരണം അത്തിപ്പഴം കായ്ക്കുന്ന സമയമല്ലായിരുന്നു. യേശു സര്‍വജ്ഞാനിയാണെങ്കില്‍ അത്തിപ്പഴം കായ്ക്കുന്ന സമയത്തെക്കുറിച്ചെങ്കിലും മുന്‍കൂട്ടി അറിവുണ്ടാകുമായിരുന്നു. വിശന്ന യേശു ദൂരെനിന്ന് അത്തിവൃക്ഷത്തിനടുത്തേക്ക് വരികയുമില്ലായിരുന്നു. യേശു ദൈവവും ദൈവം സര്‍ജ്ഞനുമാണെന്നിരിക്കെ ഇങ്ങനെ ഒരു അജ്ഞത സംഭവിക്കാന്‍ പാടുണ്ടോ?


ജുനൈദ് ഖലീൽ നൂറാനി


March 7, 2018Leave a Reply


അത്ഭുത പ്രവര്‍ത്തികൊണ്ട് യേശു ദൈവമാകുമോ?



ഏക സത്യദൈവത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാന്‍ സ്രഷ്ടാവായ അല്ലാഹു ധാരാളം പ്രവാചകന്മാരെ നിയോഗിച്ചു. സത്യദൈവത്തിന്‍റെ ദൂതന്മാരാണെന്ന് തെളിയിക്കാന്‍ വേണ്ടി അവര്‍ അല്ലാഹുവിന്‍റെ അനുമതി പ്രകാരം ധാരാളം അത്ഭുതങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു. ഇസ്രാഈല്‍ വംശത്തിലേക്ക് നിയോഗിക്കപ്പെട്ട ഈസാ നബി(അ)യും ധാരാളം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി പരിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.


ഈസാ നബിയോട് അല്ലാഹു പറയുന്ന സന്ദര്‍ഭം; മര്‍യമിന്‍റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും മധ്യവയസ്കനായിരിക്കെയും താങ്കള്‍ ജനങ്ങളോടു സംസാരിച്ചിരിക്കവെ പരിശുദ്ധാത്മാവ് മുഖേന ഞാന്‍ നിങ്ങള്‍ക്കു പിന്‍ബലം നല്‍കിയ സന്ദര്‍ഭം, ഗ്രന്ഥവും തത്ത്വജ്ഞാനവും തൗറാതും ഇന്‍ജീലും താങ്കള്‍ക്കു നാം പഠിപ്പിച്ചുതന്ന സന്ദര്‍ഭം, എന്‍റെ അനുമതിയോടെ കളിമണ്ണു കൊണ്ടു താങ്കള്‍ പക്ഷിയുടെ രൂപങ്ങളുണ്ടാക്കുകയും അതില്‍ താങ്കള്‍ ഊതുമ്പോള്‍ എന്‍റെ അനുമതി പ്രകാരം അതു പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭം, എന്‍റെ അനുമതി പ്രകാരം ജന്മനാ അന്ധനായവനെയും പാണ്ഡുരോഗിയെയും താങ്കള്‍ സുഖപ്പെടുത്തിയ സന്ദര്‍ഭം, എന്‍റെ അനുമതി പ്രകാരം മരണപ്പെട്ടവരെ താങ്കള്‍ പുനര്‍ജീവിപ്പിക്കുന്ന സന്ദര്‍ഭം, വ്യക്തമായ ദൃഷ്ടാന്തവുമായി ഇസ്രാഈല്‍ സന്തതികളുടെ അടുത്തു താങ്കള്‍ ചെന്നപ്പോള്‍ അവരിലെ അവിശ്വാസികള്‍ ഇതു വ്യക്തമായ മാരണം മാത്രമാണ് എന്നു പറഞ്ഞ് താങ്കളെ അപായപ്പെടുത്താന്‍ തുനിഞ്ഞപ്പോള്‍ താങ്കളെത്തൊട്ട് അവരെ നാം തടഞ്ഞ സന്ദര്‍ഭത്തിലും താങ്കള്‍ക്കും മാതാവിനും ഞാന്‍ ചെയ്തുതന്ന അനുഗ്രഹം താങ്കള്‍ ഓര്‍ക്കുക (സൂറത്തുല്‍ മാഇദ/110).


പക്ഷേ, ഖേദകരമെന്നു പറയട്ടെ, ഈസാ നബി(അ) അല്ലാഹുവിന്‍റെ അനുമതി പ്രകാരം പ്രവാചകത്വ സമര്‍ത്ഥനത്തിനായി പ്രകടിപ്പിച്ച ഇത്തരം അത്ഭുത പ്രവര്‍ത്തനങ്ങളെ ക്രൈസ്തവ സഹോദരന്മാര്‍ ഈസാ(അ)നെ ദൈവികനിരയിലേക്ക് ഉയര്‍ത്താനുള്ള തെളിവുകളായി വ്യാഖ്യാനിക്കുകയാണുണ്ടായത്. യേശുക്രിസ്തു ദൈവാനുമതി പ്രകാരം ധാരാളം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി ക്രൈസ്തവ വേദഗ്രന്ഥമായ ബൈബിള്‍ പുതിയ നിയമത്തില്‍ കാണാം. ഇതെല്ലാം അദ്ദേഹത്തിന്‍റെ ദൈവികതയുടെ അടയാളമാണെന്നും അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയുകയില്ലെന്നുമൊക്കെയാണ് ക്രൈസ്തവ മിഷണറിമാരുടെ വാദം.


ഫാ. അബ്ദുല്‍ മസീഹ് പറയുന്നതു നോക്കൂ: ‘വര്‍ണാതീതമായ കഴിവുകള്‍ ക്രിസ്തുവിനുണ്ടായിരുന്നു എന്ന് അവന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ചിന്തിക്കുന്ന ഒരുവന് ബോധ്യമാകുന്നതാണ്. കാരണം, സ്വര്‍ഗീയമായ എല്ലാ അധികാരവും ശക്തിയും അതിന്‍റെ പൂര്‍ണതയില്‍ ക്രിസ്തുവിന് ഉണ്ടായിരുന്നു. ദൈവിക വേലകളെ അവന്‍ പരസ്യമായി തന്നെ ചെയ്തു. അവന്‍ ചെയ്ത പ്രവൃത്തികളെ മറ്റാര്‍ക്കും ചെയ്യുവാന്‍ കഴിയുമായിരുന്നില്ല. തന്‍റെ നാവില്‍ നിന്നുമുള്ള ഒരു വാക്കിനാല്‍ അവന്‍ കുഷ്ഠരോഗികളെ സൗഖ്യമാക്കി. തന്‍റെ ദയയാല്‍ കുരുടന്‍റെ കണ്ണുതുറന്നു. അത്യുഗ്രമായ കൊടുങ്കാറ്റിനെ തന്‍റെ വാക്കുകളാല്‍ അവന്‍ ശാന്തമാക്കി. അശുദ്ധാത്മാക്കളെ അവന്‍ ശാസിച്ചു പുറത്താക്കി. വിശക്കുന്ന അയ്യായിരം ജനത്തെ അവന്‍ അഞ്ചപ്പവും രണ്ടു മീനും കൊണ്ട് സംതൃപ്തരാക്കി. അതിനു മുമ്പ് ഒരിക്കലും ആരും ഇതുപോലെയുള്ള കാര്യങ്ങള്‍ ചെയ്തിട്ടില്ല. ചില പ്രവാചകന്മാര്‍ വളരെ പരിമിതമായ ചില അത്ഭുതങ്ങള്‍ തങ്ങളുടെ ദൈവത്തിന്‍റെ നാമത്തില്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ക്രിസ്തുവിന്‍റെ അത്ഭുതങ്ങള്‍ സ്വന്തനാമത്തിലും നിസ്തുല്യമായ അധികാരത്തിലുമാണ് ചെയ്തിട്ടുള്ളത്’ (ക്രിസ്തുവിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തു തോന്നുന്നു?/12).


യേശു ചെയ്ത പ്രവര്‍ത്തനങ്ങള്‍ മറ്റാര്‍ക്കും ചെയ്യുവാന്‍ കഴിയില്ലെന്നാണ് അബ്ദുല്‍ മസീഹ് പറയുന്നത്. ബൈബിള്‍ ഒരാവര്‍ത്തി വായിച്ച ഏതൊരാളും മൂക്കത്ത് വിരല്‍ വെച്ചുപോകും ഈ അവകാശവാദം കേട്ടാല്‍. യേശു ചെയ്തതിനു തുല്യമോ അതിനേക്കാള്‍ മികച്ചതോ ആയ പ്രവര്‍ത്തനങ്ങള്‍ പഴയ നിയമ പ്രവാചകരായ മോശയും ഏലിയാവും ഏലീശയും ചെയ്തതായി പ്രസ്തുത ഗ്രന്ഥം സവിസ്തരം രേഖപ്പെടുത്തിയിരിക്കെയാണ് അതെല്ലാം വിസ്മരിച്ച് ക്രൈസ്തവ പ്രബോധകര്‍ അസത്യം പ്രചരിപ്പിക്കുന്നത്.


അബ്ദുല്‍ മസീഹിന്‍റെ വാദത്തിന് നിലനില്‍പ്പില്ലെന്ന് മനസ്സിലാക്കിയ ക്രൈസ്തവ മിഷണറിമാരും വേദപണ്ഡിതന്മാരും മറ്റുള്ളവര്‍ ചെയ്ത അത്ഭുത പ്രവൃത്തികളും യേശു ചെയ്ത അത്ഭുത പ്രവൃത്തികളും വ്യത്യാസമുണ്ടെന്ന് വരുത്താനാണ് ശ്രമിക്കുന്നത്. ആര്‍. കൃഷ്ണന്‍കുട്ടി തിരുവട്ടാര്‍ പറയുന്നതു നോക്കൂ: ‘വളരെയേറെ അത്ഭുതങ്ങള്‍ ചെയ്യുന്നതായി അവകാശപ്പെടുന്ന പല ആളുകളും നമ്മുടെ മണ്ഡലത്തിലുണ്ട്. പലരെക്കുറിച്ചുള്ള ഐതിഹ്യങ്ങളുമുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി, യെഹൂദര്‍ പ്രതീക്ഷിക്കുന്ന മിശിഹയാണ് താന്‍ എന്നു തെളിയിക്കുന്നതിനായി യേശുക്രിസ്തു ചില അത്ഭുതങ്ങള്‍ ചെയ്തിട്ടുണ്ട്(ഇവന്‍ ആര്?/20).


റവ. എസി ക്ളെയ്റ്റന്‍ പറയുന്നതു കാണാം: ‘പഴയ നിയമ കാലത്തു നടന്ന അത്ഭുതങ്ങള്‍ ക്രിസ്തു ചെയ്ത അത്ഭുതങ്ങളില്‍ നിന്നു വ്യത്യാസപ്പെട്ടവയായിരുന്നു’ (ബൈബിള്‍ നിഘണ്ടു/9).


യേശുക്രിസ്തു ചെയ്ത അത്ഭുത പ്രവര്‍ത്തനങ്ങളും പഴയ നിയമ പ്രവാചകന്മാരും അപ്പോസ്തലന്മാരും ചെയ്ത പ്രവര്‍ത്തനങ്ങളും വസ്തുനിഷ്ഠമായി താരതമ്യം ചെയ്തു നോക്കിയാല്‍ ഇത്തരം ന്യായീകരണങ്ങളുടെ യഥാസ്ഥിതി ആര്‍ക്കും ബോധ്യപ്പെടുന്നതാണ്.


യേശുക്രിസ്തു പ്രവര്‍ത്തിച്ച അത്ഭുതങ്ങളുടെ പട്ടിക ബ്രദര്‍ ഡോ. മാത്യൂസ് വര്‍ഗീസിന്‍റെ വിശുദ്ധ സത്യവേദ പുസ്തകം 1435-ാം പേജിലും സമ്പൂര്‍ണ ജീവന്‍ പഠന സത്യവേദ പുസ്തകം 1626,1627 പേജുകളിലും കൊടുത്തതായി കാണാം.


യേശു ചെയ്ത അത്ഭുത പ്രവര്‍ത്തനങ്ങളെ രോഗസൗഖ്യം ഉള്‍ക്കൊള്ളുന്ന അത്ഭുതങ്ങള്‍, പ്രകൃതിയുടെ മേല്‍ അധികാരം വെളിപ്പെടുത്തിയ അത്ഭുതങ്ങള്‍, മരിച്ചവരെ ഉയര്‍പ്പിച്ച അത്ഭുതങ്ങള്‍ എന്നിങ്ങനെ മൂന്നു വിഭാഗമായി ക്രൈസ്തവര്‍ പഠിപ്പിക്കാറുണ്ട്. ഇതില്‍ മരിച്ചവരെ ഉയിര്‍പ്പിച്ച അത്ഭുതങ്ങളാണ് യേശുവിന്‍റെ ദൈവികതയുടെ അടയാളമായി മിഷണറിമാര്‍ പ്രധാനമായും ഉയര്‍ത്തിപ്പിടിക്കാറുള്ളത്. ലാസര്‍, നയീനിലെ വിധവയുടെ മകന്‍, യായീറോസിന്‍റെ മകള്‍ എന്നീ മൂന്ന് പേരെ യേശു സ്വന്തം ശക്തിയാല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചതായാണ് ക്രൈസ്തവരിലെ വലിയ വിഭാഗത്തിന്‍റെ വിശ്വാസം. നിജസ്ഥിതിയറിയാന്‍ ഓരോന്നായി പരിശോധിക്കേണ്ടതുണ്ട്.


യേശു ലാസറിനെ ഉയിര്‍പ്പിക്കുന്നു


‘യേശു പിന്നെയും ഉള്ളം നൊന്തു കല്ലറെക്കല്‍ എത്തി; അതു ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേല്‍ വെച്ചിരുന്നു. കല്ലു നീക്കുവിന്‍ എന്നു യേശു പറഞ്ഞു. മരിച്ചവന്‍റെ സഹോദരിയായ മാര്‍ത്ത: കര്‍ത്താവേ, നാറ്റം വെച്ചു തുടങ്ങി; നാലു ദിവസമായല്ലോ എന്നു പറഞ്ഞു. യേശു അവളോടു: വിശ്വസിച്ചാല്‍ നീ ദൈവത്തിന്‍റെ മഹത്ത്വം കാണും എന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു. അവര്‍ കല്ലുനീക്കി. യേശു മേലോട്ടു നോക്കി: പിതാവേ, നീ എന്‍റെ അപേക്ഷ കേട്ടതിനാല്‍ ഞാന്‍ നിന്നെ വാഴ്ത്തുന്നു. നീ എപ്പോഴും എന്‍റെ അപേക്ഷ കേള്‍ക്കുന്നു എന്നു ഞാന്‍ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റും നില്‍ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിനു അവരുടെ നിമിത്തം ഞാന്‍ പറയുന്നു എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ടു അവന്‍: ലാസറേ, പുറത്തു വരിക എന്നു ഉറക്കെ വിളിച്ചു. മരിച്ചവന്‍ പുറത്തു വന്നു; അവന്‍റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും മുഖം റൂമാല്‍ കൊണ്ടു മൂടിയുമിരുന്നു. അവന്‍റെ കെട്ടു അഴിപ്പിന്‍; അവന്‍ പോകട്ടെ എന്നു യേശു അവരോടു പറഞ്ഞു’ (യോഹന്നാന്‍ 11/38-44).


ഉദ്ധൃത ബൈബിള്‍ ഭാഗം ക്രൈസ്തവരുടെ അവകാശവാദത്തെ പിഴുതെറിയുന്നത് വ്യക്തം. കാരണം യേശു പിതാവിനോട് പ്രാര്‍ത്ഥിച്ച് പിതാവിന്‍റെ സമ്മതപ്രകാരം പിതാവ് തന്നെ അയച്ചു എന്ന് ചുറ്റും നില്‍ക്കുന്ന പുരുഷാരം വിശ്വസിക്കാന്‍ വേണ്ടിയാണ് ലാസറിനെ ഉയിര്‍പ്പിച്ചത്. അഥവാ ദൈവമാണ് യേശുവിന്‍റെ പ്രാര്‍ത്ഥന കാരണമായി ലാസറിനെ ഉയര്‍ത്തുന്നത്. ക്രൈസ്തവ സഹോദരന്മാര്‍ പറയുന്നത് പോലെ യേശു സ്വയം ചെയ്തതോ താന്‍ ദൈവമാണെന്ന് അറിയിക്കാന്‍ വേണ്ടിയോ അല്ല യേശു അപ്രകാരം ചെയ്തത്.


വിധവയുടെ മകന്‍


‘പിറ്റെന്നാള്‍ അവന്‍ നിയന്‍ എന്ന പട്ടണത്തിലേക്കു പോകുമ്പോള്‍ അവന്‍റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി. അവന്‍ പട്ടണത്തിന്‍റെ വാതിലോടു അടുത്തപ്പോള്‍ മരിച്ചു പോയ ഒരുത്തനെ പുറത്തുകൊണ്ടുവരുന്നു; അവന്‍ അമ്മെക്കു ഏകജാതനായ മകന്‍; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു. അവളെ കണ്ടിട്ടു കര്‍ത്താവു മനസ്സലിഞ്ഞു അവളോടു: കരയേണ്ടാ എന്നു പറഞ്ഞു. അവന്‍ അടുത്തുചെന്നു മഞ്ചം തൊട്ടു. ചുമക്കുന്നവര്‍ നിന്നു. ബാല്യക്കാരാ എഴുന്നേല്‍ക്ക എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു അവന്‍ പറഞ്ഞു. മരിച്ചവന്‍ എഴുന്നേറ്റു ഇരുന്നു സംസാരിപ്പാന്‍ തുടങ്ങി; അവന്‍ അവനെ അമ്മെക്കു ഏല്‍പിച്ചുകൊടുത്തു. എല്ലാവര്‍ക്കും ഭയം പിടിച്ചു: ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ എഴുന്നേറ്റിരിക്കുന്നു; ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു’ (ലൂക്കോസ് 7/11-16).


ഉദ്ധൃത സംഭവവും ക്രൈസ്തവ വാദത്തെ തകര്‍ത്തെറിയുന്നതാണ്. കാരണം, ഈ അത്ഭുതത്തിന് ദൃക്സാക്ഷികളായ നയിന്‍ പട്ടണ നിവാസികള്‍ പറഞ്ഞത്, ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ എഴുന്നേറ്റിരിക്കുന്നു എന്നാണ്. അല്ലാതെ ദൈവം ജഡമായി നമ്മുടെ ഇടയില്‍ വന്നിരിക്കുന്നു എന്നല്ല.


യായിറോസിന്‍റെ മകളെ ഉയിര്‍പ്പിക്കുന്നു


‘പള്ളിപ്രമാണിയുടെ വീട്ടില്‍ വന്നാറെ ആരവത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു; അകത്തു കടന്നു: നിങ്ങളുടെ ആരവാരവും കരച്ചിലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു. അവന്‍ എല്ലാവരെയും പുറത്താക്കി. കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടു കൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈക്കു പിടിച്ചു:


ബാലേ, എഴുന്നേല്‍ക്ക എന്നു നിന്നോടു കല്‍പിക്കുന്നു എന്ന അര്‍ത്ഥത്തോടെ തലീഥാ കൂമി എന്നു അവളോടു പറഞ്ഞു.


ബാല ഉടനെ എഴുന്നേറ്റു നടന്നു; അവള്‍ക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവര്‍ അത്യന്തം വിസ്മയിച്ചു’ (മാര്‍ക്കോസ് 5/38-42).


ഈ സംഭവത്തില്‍ യായിറോസിന്‍റെ മകള്‍ യഥാര്‍ത്ഥത്തില്‍ മരിച്ചിട്ടില്ലായിരുന്നു, അത്യാസന്ന നിലയിലായിരുന്നു. അതുകൊണ്ടായിരുന്നു മകള്‍ മരിച്ചുപോയി എന്ന പള്ളി പ്രമാണിമാരുടെ വാക്കുകളെ കാര്യമാക്കാതിരുന്നതും ബഹളം വെക്കുന്നവരോട് പെണ്‍കുട്ടി മരിച്ചിട്ടില്ല ഉറങ്ങുകയായിരുന്നു എന്നു യേശു പറഞ്ഞതും. ഇത് മനസ്സിലാക്കിയത് കൊണ്ടാവാം അബ്ദുല്‍ ഫാദി എന്ന മിഷണറി പ്രവര്‍ത്തകന്‍ മശിഹായുടെ വ്യക്തിത്വം ഇഞ്ചീലിലും ഖുറാനിലും എന്ന തന്‍റെ പുസ്തകത്തില്‍ യേശുവിന് ‘മരിച്ചവരെ എഴുന്നേല്‍പ്പിക്കാനുള്ള കഴിവ്’ വിശദീകരണ ഭാഗത്ത് നയിനിലെ വിധവയുടെ മകളെ ഉയിര്‍പ്പിച്ചതും ലാസറിനെ ഉയിര്‍പ്പിച്ചതും മാത്രം ഉദ്ധരിക്കുകയും യായിറോസിന്‍റെ മകളെ ഉയിര്‍പ്പിച്ചതിനെ കുറിച്ച് പറയാതിരുന്നതും (പേ. 65).


ക്രൈസ്തവര്‍ പറയുന്നത് പോലെ യേശു മാത്രമായിരുന്നോ മരിച്ചവരെ ജീവിപ്പിച്ചത്? അല്ല. പഴയനിയമ പ്രവാചകരും യേശുവിന്‍റെ ശിഷ്യന്മാരുമൊക്കെ മരിച്ചവരെ ജീവിപ്പിച്ചതായി ബൈബിള്‍ തന്നെ പഠിപ്പിക്കുന്നുണ്ട്.


ജീവിപ്പിച്ചതാരൊക്കെ?


ഒരു വിധവയുടെ മരണപ്പെട്ട കുട്ടിയെ പ്രവാചകനായ ഏലിയാവ് ഉയര്‍ത്തെഴുന്നേല്‍പ്പിച്ച കഥ കാണാം:


‘അനന്തരം വീട്ടുടമക്കാരത്തിയായ സ്ത്രീയുടെ മകന്‍ ദീനം പിടിച്ചു. അവള്‍ ഏലീയാവോടു: അയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്‍റെ പാപം ഓര്‍മിപ്പിക്കേണ്ടതിന്നും എന്‍റെ മകനെ കൊല്ലേണ്ടതിന്നും ആകുന്നുവോ നീ എന്‍റെ അടുക്കല്‍ വന്നതു എന്നു പറഞ്ഞു. അവന്‍ അവളോടു: നിന്‍റെ മകനെ ഇങ്ങു തരിക എന്നു പറഞ്ഞു. അവനെ അവളുടെ മടിയില്‍ നിന്നെടുത്തു താന്‍


പാര്‍ത്തിരുന്ന മാളികമുറിയില്‍ കൊണ്ടുചെന്നു തന്‍റെ കട്ടിലിന്മേല്‍ കിടത്തി. അവന്‍ യഹോവയോടു: എന്‍റെ ദൈവമായ യഹോവേ, ഞാന്‍ വന്നുപാര്‍ക്കുന്ന ഇവിടത്തെ വിധവയുടെ മകനെ കൊല്ലുവാന്‍ തക്കവണ്ണം നീ അവള്‍ക്കു അനര്‍ത്ഥം വരുത്തിയോ എന്നു പ്രാര്‍ത്ഥിച്ചു പറഞ്ഞു. പിന്നെ അവന്‍ കുട്ടിയുടെ മേല്‍ മൂന്നു പ്രാവശ്യം കവിണ്ണുകിടന്നു: എന്‍റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണന്‍ അവനില്‍ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാര്‍ത്ഥിച്ചു. യഹോവ ഏലീയാവിന്‍റെ പ്രാര്‍ത്ഥന കേട്ടു; കുട്ടിയുടെ പ്രാണന്‍ അവനില്‍ മടങ്ങിവന്നു, അവന്‍ ജീവിച്ചു. ഏലീയാവു കുട്ടിയെ എടുത്തു മാളികയില്‍ നിന്നു താഴെ വീട്ടിലേക്കു കൊണ്ടുചെന്നു അവന്‍റെ അമ്മെക്കു കൊടുത്തു: ഇതാ, നിന്‍റെ മകന്‍ ജീവിച്ചിരിക്കുന്നു എന്നു ഏലീയാവു പറഞ്ഞു. സ്ത്രീ ഏലീയോവോടു: നീ ദൈവപുരുഷന്‍ എന്നും നിന്‍റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാന്‍ ഇതിനാല്‍ അറിയുന്നു എന്നു പറഞ്ഞു’ (1 രാജാക്കന്മാര്‍ 17/17-24).


ഇവിടെ കുട്ടിയുടെ അമ്മ ഏലിയാവിനെ പ്രവാചകന്‍ എന്നല്ല വിളിച്ചത്. മറിച്ച് ‘ദൈവപുരുഷന്‍’ എന്നാണ്. അതുകൊണ്ട് തന്നെ അത്ഭുതപ്രവൃത്തികൊണ്ട് ദൈവമാകുമെങ്കില്‍ ഏലിയാവാണ് ദൈവമാകാന്‍ ഏറ്റവും അര്‍ഹന്‍.


ഏലീശാ എന്ന പ്രവാചകന്‍ ശുനേം കാരിയുടെ മകനെ ഉയിര്‍പ്പിക്കുന്നത് ബൈബിള്‍ വിശദീകരിച്ചിട്ടുണ്ട്: ‘എലീശാ വീട്ടില്‍ വന്നപ്പോള്‍ തന്‍റെ കട്ടിലിന്മേല്‍ ബാലന്‍ മരിച്ചുകിടക്കുന്നതു കണ്ടു. താനും ബാലനും മാത്രം അകത്തു ഉണ്ടായിരിക്കെ അവന്‍ വാതില്‍ അടച്ചു യഹോവയോടു പ്രാര്‍ത്ഥിച്ചു.


പിന്നെ അവന്‍ കയറി ബാലന്‍റെമേല്‍ കിടന്നു; തന്‍റെ വായ് ബാലന്‍റെ വായ്മേലും തന്‍റെ കണ്ണു അവന്‍റെ കണ്ണിന്മേലും തന്‍റെ ഉള്ളം കൈകള്‍ അവന്‍റെ ഉള്ളം കൈകളിന്മേലും വെച്ചു അവന്‍റെ മേല്‍ കവിണ്ണുകിടന്നപ്പോള്‍ ബാലന്‍റെ ദേഹത്തിനു ചൂടുപിടിച്ചു. അവന്‍ ഇറങ്ങി മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്‍റെ മേല്‍ കവിണ്ണുകിടന്നു; അപ്പോള്‍ ബാലന്‍ ഏഴുപ്രാവശ്യം തുമ്മി കണ്ണുതുറന്നു’ (2 രാജാക്കന്മാര്‍ 4/32-35).


ഏലീശായുടെ അസ്ഥികള്‍ സ്പര്‍ശിച്ചപ്പോള്‍ മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേറ്റ സംഭവങ്ങളുമുണ്ട്. ഇത് ശ്രദ്ധിക്കുക: ‘എന്നാല്‍ എലീശാ മരിച്ചു; അവര്‍ അവനെ അടക്കം ചെയ്തു; പിറ്റെ ആണ്ടില്‍ മോബാബ്യരുടെ പടക്കൂട്ടങ്ങള്‍ ദേശത്തെ ആക്രമിച്ചു. ചിലര്‍ ഒരു മനുഷ്യനെ അടക്കം ചെയ്യുമ്പോള്‍ ഒരു പടക്കൂട്ടത്തെ കണ്ടിട്ടു അയാളെ എലീശാവിന്‍റെ കല്ലറയില്‍ ഇട്ടു; അവന്‍ അതില്‍ വീണു എലീശയുടെ അസ്ഥികളെ തൊട്ടപ്പോള്‍ ജീവിച്ചു കാലൂന്നി എഴുന്നേറ്റു’ (2 രാജാക്കന്മാര്‍ 13/20,21).


മരിച്ച ഏലീശായുടെ അസ്ഥികള്‍ സ്പര്‍ശിച്ചപ്പോള്‍ പോലും മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേറ്റു നടക്കുകയാണ്. യേശു ചെയ്തതിനേക്കാള്‍ വലിയ അത്ഭുതമാണ് ഏലീശാ പ്രവാചകന്‍ ചെയ്തിരിക്കുന്നത്.


അപ്പോള്‍ ഇതൊക്കെ ദൈവമാകാന്‍ കാരണമാകുമെങ്കില്‍ എന്തുകൊണ്ടും ദൈവമാകാന്‍ യേശുവിനെക്കാള്‍ അര്‍ഹന്‍ ഏലീശാ പ്രവാചകനാണ്.


പ്രവാചകന്മാര്‍ മാത്രമല്ല; പത്രോസിനെ പോലുള്ളവര്‍ പോലും മരിച്ചവരെ എഴുന്നേല്‍പ്പിച്ചിരുന്നുവത്രെ. രണ്ടു ഉദാഹരണങ്ങള്‍ ചേര്‍ക്കാം.


‘യോപ്പയില്‍ പേടമാന്‍ എന്നരര്‍ത്ഥമുള്ള തബീഥാ എന്നുപേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു. അവള്‍ വളരെ സല്‍പ്രവൃത്തികളും ധര്‍മങ്ങളും ചെയ്തുപോന്നവളായിരുന്നു. ആ കാലത്തു അവള്‍ ദീനം


പിടിച്ചു മരിച്ചു. അവര്‍ അവളെ കുളിപ്പിച്ചു. ഒരു മാളികമുറിയില്‍ കിടത്തി. ലുദ്ദ യോപ്പെക്കു സമീപമാകയാല്‍ പത്രൊസ് അവിടെ ഉണ്ടെന്നു ശിഷ്യന്മാര്‍ കേട്ടു: നീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം എന്നു അപേക്ഷിപ്പാന്‍ രണ്ടു ആളെ അവന്‍റെ അടുക്കല്‍ അയച്ചു. പത്രൊസ് എഴുന്നേറ്റു അവരോടുകൂടെ ചെന്നു. എത്തിയപ്പോള്‍ അവര്‍ അവനെ മാളികമുറിയില്‍ കൊണ്ടുപോയി; അവിടെ വിധവമാര്‍ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉള്ളപ്പോള്‍ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചു കൊണ്ടും അവന്‍റെ ചുറ്റും നിന്നു. പത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു ശവത്തിന്‍റെ നേരെ തിരിഞ്ഞു: തബീഥയേ, എഴുന്നേല്‍ക്ക എന്നു പറഞ്ഞു; അവള്‍ കണ്ണു തുറന്നു പത്രൊസിനെ കണ്ടു എഴുന്നേറ്റു ഇരുന്നു. അവന്‍ കൈ കൊടുത്തു അവളെ എഴുന്നേല്‍പ്പിച്ചു, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ചു അവളെ ജീവനുള്ളവളായി അവരുടെ മുമ്പില്‍ നിറുത്തി’ (അ.പ്ര 9/36-41).


‘പൗലൊസ് വളരെ നേരം സംഭാഷിക്കയാല്‍ നിദ്രാവശനായി മൂന്നാം തട്ടില്‍ നിന്നു യൂത്തിക്കൊസ് താഴെ വീണു; അവനെ മരിച്ചവനായി എടുത്തു കൊണ്ടുവന്നു. പൗലൊസ് ഇറങ്ങിച്ചെന്നു അവന്‍റെ മേല്‍ വീണു തഴുകി ഭ്രമിക്കേണ്ടാ; അവന്‍റെ പ്രാണന്‍ അവനില്‍ ഉണ്ടു എന്നു പറഞ്ഞു. പിന്നെ അവന്‍ കയറിച്ചെന്നു അപ്പം നുറുക്കി തിന്നു പുലരുവോളം സംഭാഷിച്ചു പുറപ്പെട്ടു പോയി. അവര്‍ ആ ബാലനെ ജീവനുള്ളവനായി കൊണ്ടുവന്നു അത്യന്തം ആശ്വസിച്ചു’ (അ.പ്ര 20/9-12).


മരിച്ചവരെ ജീവിപ്പിച്ചത് കൊണ്ട് യേശു ദൈവമാകുമെങ്കില്‍ മരിച്ചവരെ ജീവിപ്പിച്ച ഏലീയാവും ഏലീശായും പത്രോസും പൗലോസുമൊക്കെ ദൈവമാകേണ്ടിവരും.


ജുനൈദ് ഖലീൽ നൂറാനി


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....