Wednesday, January 23, 2019

തൗഹീദ് അങ്കലാപ്പിന്റെ സാമ്പത്തിക കാരണങ്ങൾ●

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglഈഈobalvoice.blogspot.in/?m=0
To

🌴🌴🌴🌴🌴🌴🌴
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/


തൗഹീദ് അങ്കലാപ്പിന്റെ സാമ്പത്തിക കാരണങ്ങൾ●

ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി 0 COMMENTS
Thouheed ankalapp- malayalam article


മുജാഹിദുകൾ പിന്നെയും ഭിന്നിച്ചോ എന്നതിലല്ല; മൗലിക സംഘർഷങ്ങൾ അഗ്നിപർവതം പോലെ പുകഞ്ഞുകൊണ്ടിരുന്നിട്ടും അവരുടെ തട്ടിക്കൂട്ട് ഐക്യനാടകം ഒന്നരവർഷം നീണ്ടുനിന്നതിലാണ് കൗതുകം. അത്രക്ക് ഭീകരവും ഉഗ്രവുമാണ് തൗഹീദ് – ശിർക്ക് തുടങ്ങിയ അടിസ്ഥാന വിഷയങ്ങളിൽ അവർ അനുഭവിക്കുന്ന അന്തസ്സംഘർഷങ്ങൾ. അബദ്ധത്തിൽ മുജാഹിദുകളായവരിൽ തലച്ചോറ് പ്രവർത്തിക്കുന്നവർ നിരാശയുടെ പടുകുഴിയിൽ മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുകയാണിപ്പോൾ. മുജാഹിദു കുളിപ്പുരയിൽ എല്ലാവരും നഗ്നർ മാത്രമല്ല, അവരുടെ വിരുദ്ധ ദർശനങ്ങളുടെ വെളിച്ചത്തിൽ മതത്തിൽനിന്നു പുറത്തുപോയവർ തന്നെയാണ്. പൂർവികരെ മുഴുവൻ അപഹസിച്ച്, ശൈഖ് മുഹ്‌യിദ്ദീൻ(റ)വിനെ അദ്വൈതവാദിയാക്കി ചിത്രീകരിച്ച്, ഇമാം ബുഖാരി(റ)ന്റെ പിതാവിന് വിളിച്ച് ഇവർ നെയ്‌തെടുക്കാൻ ശ്രമിച്ച വെള്ളരിക്കാപട്ടണം എടുക്കാ ചരക്കായി പരിണമിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ദീനിനോട് കളിച്ചവരെ അവൻ വെറുതെ വിടില്ലല്ലോ.

ശിർക്കും തൗഹീദും തീരാത്ത പ്രഹേളികകളും.

വഹാബികൾ ഒരിക്കലും ഓർക്കാനിഷ്ടപ്പെടാത്ത കൊട്ടപ്പുറം സംവാദത്തിൽ ശൈഖുന എ.പി. ഉസ്താദ് ആവർത്തിച്ചുന്നയിച്ച ഒരു ചോദ്യമുണ്ടായിരുന്നു – ശിർക്കിന്റെ നിർവചനമെന്താണു മൗലവീ? ഗതിമുട്ടിയിട്ടും അന്ന് മൗലവിമാർ ഉത്തരം പറഞ്ഞില്ല. മോഹമില്ലാത്തതുകൊണ്ടായിരുന്നില്ല അത്. എങ്ങനെ ന്യായീകരിച്ചാലും ശിർക്കും തൗഹീദും തിരിഞ്ഞുകൊത്തുന്ന പ്രതിസന്ധികൊണ്ടായിരുന്നു. ഇതേ പദദ്വയങ്ങൾ അവരെ പലതായി ഭിന്നിപ്പിച്ചു; ബാഹ്യസമ്മർദങ്ങൾ അവർക്കിടയിൽ ഏച്ചുകെട്ടലുണ്ടാക്കിയെങ്കിൽ മുഴച്ചുനിന്ന് തൗഹീദും ശിർക്കും പിന്നെയും അവരെ കഷ്ണിച്ചുകൊണ്ടിരിക്കുന്നു. മതക്കച്ചവടക്കാരുടെ ഗതികേട് നോക്കണേ!

അഭൗതികമായി സഹായവും ഉപദ്രവവും ചെയ്യാൻ അല്ലാഹുവിനു മാത്രമേ സാധിക്കൂവെന്ന വിശ്വാസമാണ് വിശദീകരണവൈവിധ്യങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്ന മുജാഹിദ് തൗഹീദ്. ഇത് വായിക്കുക:



‘മനുഷ്യനർപ്പിക്കുന്ന ആരാധനകൾ – അത് വാചികമാകട്ടെ ശാരീരികമാകട്ടെ സാമ്പത്തികമാകട്ടെ – അല്ലാഹു കൽപ്പിച്ചരുളിയ വിധത്തിൽ അവനുമാത്രം അർപ്പിക്കുക. അതിൽ ഒരു വിധത്തിലും അവന്റെ ഒരു സൃഷ്ടിയേയും പങ്ക് ചേർക്കാതിരിക്കുക. മനുഷ്യകഴിവിനതീതമായ വിധത്തിൽ രക്ഷാശിക്ഷകൾ അർപ്പിക്കാനുള്ള കഴിവ് ഈ പ്രപഞ്ചത്തിൽ അല്ലാഹുവിന് മാത്രമേ ഉള്ളൂ എന്ന് വിശ്വസിക്കുക. തദടിസ്ഥാനത്തിലുള്ള ഭയവും സ്‌നേഹവും അല്ലാഹുവിനോടു മാത്രം പുലർത്തുക. കാര്യകാരണ ബന്ധങ്ങൾക്കതീതമായ വിധത്തിൽ ദുരിതങ്ങളിൽ നിന്നുള്ള രക്ഷയും സൗഭാഗ്യലബ്ധിക്കും അവനോട് മാത്രം അർപ്പിക്കുക. അവനിൽ നിന്ന് മാത്രം പ്രത്യാശിക്കുക. അവനിൽ മാത്രം കാര്യങ്ങൾ ഭരമേൽപ്പിക്കുക. അവന്റെ തൃപ്തിക്ക് വേണ്ടിമാത്രം കൊടുക്കുക. ഇതാണ് ഇസ്‌ലാമിൽ തൗഹീദ് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്’  (അല്ലാഹുവിന്റെ ഔലിയാക്കൾ പേജ്. 98).

മറ്റാർക്കെങ്കിലും ഇതു സാധിക്കുമെന്ന വിശ്വാസം സ്വാഭാവികമായും ശിർക്കാവും. ഇവിടെ തൗഹീദ് – ശിർക്കിന്റെ മാനദണ്ഡമായ ‘അഭൗതിക’ മെന്താണെന്നതിലാണ് പ്രധാന അടിപിടി നടക്കുന്നത്. അഭൗതികമെന്നാൽ ഉപകാരോപദ്രവങ്ങളുടെ മാർഗം അറിയാതിരിക്കലാണെന്ന പഴയ കണ്ടെത്തലിൽ യുക്തിവാദികളായ മർകസുദ്ദഅ്‌വക്കാർ പിടിച്ചുനിന്നു. അതിനവർ താഴെ ചേർത്തതുപോലുള്ള പുസ്തകങ്ങൾ തെളിവായി കൊണ്ടുവന്നു.



‘മനുഷ്യകഴിവിന് അതീതമായ പ്രശ്‌നങ്ങളിൽ മറഞ്ഞവഴിയിലൂടെ – എങ്ങനെ സഹായം ലഭിക്കുന്നു എന്ന് അറിയാതെ – ഏത് സഹായവും എത്തിക്കുവാൻ കഴിവുള്ളവൻ അല്ലാഹു മാത്രമാണ്’ (അല്ലാഹു. പേജ് 298).

‘മരണപ്പെട്ടവർ എങ്ങനെയാണ് സഹായിക്കുക. അവർ മഹാന്മാരാണെന്നതിന് തെളിവ് എന്ത്? സഹായിക്കുന്ന മാർഗം നമുക്ക് അറിഞ്ഞുകൂടാ. ഏതോ ഒരു രൂപത്തിൽ എന്നാണ് മറുപടിയെങ്കിൽ ആ രൂപത്തിൽ തന്നെയല്ലേ മനുഷ്യർ അല്ലാഹുവിനോട് തേടുന്നതും’  (ദൈവവിശ്വാസം, വിവിധ മുഖങ്ങൾ, പേജ് 21).

ഇതുപ്രകാരം പ്രമാണങ്ങൾ തെളിയിക്കുന്ന സിഹ്‌റ്, കണ്ണേറ്, ബറകത്തെടുക്കൽ, മന്ത്രിക്കൽ, സംസം വെള്ളം തുടങ്ങിയവ എന്തെങ്കിലും സ്വാധീനം ചെലുത്തുമെന്ന് വിശ്വസിക്കുന്നത് ശിർക്കായിത്തീരും. സലാം സുല്ലമി എഴുതി:

സിഹ്‌റിന് യാഥാർത്ഥ്യമുണ്ടെന്ന് പറയൽ അദൃശ്യമാർഗത്തിലൂടെ അല്ലാഹുവിന് പുറമെ മറ്റുള്ളവരും ഉപദ്രവിക്കുമെന്ന് പറയുന്നതിൽ യാഥാർത്ഥ്യമുണ്ടെന്ന് പ്രഖ്യാപിക്കലായിതീരുന്നുണ്ട്. അങ്ങനെ വിശ്വാസത്തിൽ ശിർക്ക് സംഭവിക്കുന്നു.  (തൗഹീദും നവയാഥാസ്ഥിതികരുടെ വ്യതിയാനവും പു. 129)



മേൽപറഞ്ഞ യുക്തിവാദ നിർവചനപ്രകാരമുള്ള ശിർക്കുവരുന്ന ചില കാര്യങ്ങൾകൂടി പരിചയപ്പെടാം.

‘കാര്യകാരണബന്ധത്തിനതീതമായും അഭൗതിക നിലയിലും കണ്ണിനും നാക്കിനും നാശമുണ്ടാക്കാൻ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. കണ്ണേറ് ബാധിക്കുക. പിരാക്ക് തട്ടുക എന്നിവയെല്ലാം ഈമാനിന് വിരുദ്ധമാണ്’ (ശബാബ് 2012).

‘അല്ലാഹുവിനു പുറമെയുള്ള സൃഷ്ടികളിൽ നിന്ന് അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിക്കൽ ശിർക്കും കുഫ്‌റുമാണ്. പ്രവാചകന്റെ മുടികൊണ്ടോ, വസ്ത്രം കൊണ്ടോ, വിയർപ്പുകൊണ്ടോ മറ്റോ അഭൗതികമായ നിലക്ക് നന്മ ആഗ്രഹിച്ചുകൊണ്ട് ബറക്കത്ത് എടുക്കൽ ഈ വകുപ്പിൽപെട്ടതാണ്’ (ശബാബ് 2011 ഏപ്രിൽ 1 പേജ് 22).

‘ഉറുക്ക്, നറുക്ക്, ഏലസ്, ഐക്കല്ല് തുടങ്ങിയ ക്ഷുദ്രവിദ്യകൾകൊണ്ട് രോഗങ്ങൾക്ക് ശമനം തേടുന്നത് ശിർക്കിന്റെ വകുപ്പിൽപ്പെട്ടതാണ് – കാര്യകാരണബന്ധങ്ങൾക്കതീതമായി രോഗശമനം വരുത്തുക എന്നത് ഏക ഇലാഹായ അല്ലാഹുവിന്റെ മാത്രം കഴിവുകളിൽപ്പെട്ട കാര്യമാണ്’ (ഇസ്‌ലാമിന്റെ ജീവൻ – പേജ് 46,47, ഇസ്‌ലാഹി പ്രസ്ഥാനം. പേ. 161).



കേരള വഹാബികളുടെ ശരിയായ രീതി ഇതാണ്. മതപ്രമാണങ്ങൾ, ഖുർആനും ഹദീസും തന്നെയും തെളിയിക്കുന്നതിനു വിരുദ്ധമാണിതെന്നതൊന്നും മുജാഹിദുകൾക്ക് വലിയ പ്രശ്‌നമല്ലല്ലോ. അവരുടെ തൗഹീദ് ഈജിപ്ഷ്യൻ യുക്തിവാദി റശീദു റിളയിൽനിന്നാണ് ലഭിച്ചത്. അവരെഴുതി:

ഇബാദത്തിന് നിർവചനമായി നാം പറയാറുള്ളത് ഇന്ന് പിളർപ്പന്മാർക്ക് അസ്വീകാര്യനായ റശീദുരിളാ തന്റെ തഫ്‌സീറിൽ പറഞ്ഞ അഭിപ്രായമാണ്. ഈ നിർവചനം സലഫുകളിൽ ഒരു പണ്ഡിതനെങ്കിലും പറഞ്ഞത് നമുക്ക് ഉദ്ധരിക്കുവാൻ സാധ്യമല്ല. പ്രത്യേകിച്ച് ഇവർ പറയുന്ന ഗൾഫ് സലഫീങ്ങൾ. എന്നിട്ടും ഈ നിർവചനത്തെ നാം അംഗീകരിച്ചു.’ (അൽ ഇസ്വ്‌ലാഹ് 2007 ഫെബ്രു. പുറം. 16)

ഗൾഫ് സ്വാധീനം വഴി റശീദു റിളയുടെ ഈ തൗഹീദിനു മങ്ങലേറ്റുതുടങ്ങിയപ്പോഴാണ് സത്യത്തിൽ മുജാഹിദ് പ്രസ്ഥാനം വ്യക്തമായ പിളർപ്പിലേക്കെത്തിയത്. മുജാഹിദുകാരുടെ ചരിത്രപണ്ഡിതൻ മുഹമ്മദ് കുട്ടശ്ശേരി തുറന്നെഴുതി:

2002-ലും ഒരു ദശകത്തിനു ശേഷവും ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിൽ ഉടലെടുത്ത പ്രതിസന്ധിയുടെ മൂലകാരണം അന്വേഷിച്ചാൽ അറബ് നാടുകളിലെ സലഫീ പണ്ഡിതന്മാരുടെ ആശയാഭിപ്രായങ്ങൾ നിർണായക പങ്ക് വഹിച്ചതായി കാണാൻ കഴിയും. ഇപ്പോഴത്തെ വലിയ വിവാദവിഷയം ജിന്ന്, ശൈത്താൻ, സിഹ്‌റ്, റുഖ്‌യ്, ഐന് മുതലായവയാണല്ലോ. ഈ വിഷയങ്ങളിൽ അറബ് സലഫീ പണ്ഡിതന്മാരുടേതിൽ നിന്ന് വ്യത്യസ്തമായ ഒരഭിപ്രായവുമല്ല ഇവിടെ കൊണ്ടുവരപ്പെട്ടതെന്ന് അവരുടെ ഗ്രന്ഥങ്ങൾ വായിക്കുന്നവർക്കെല്ലാം ബോധ്യമാകും. തങ്ങൾ അറബ് സലഫി പണ്ഡിതന്മാരുടെ ആശയങ്ങൾക്കനുസരിച്ച് മാത്രം പ്രവർത്തിക്കുന്നവരാണെന്നും മറുഭാഗം തെറ്റായ ചിന്താഗതിക്കാരാണെന്നും അറബ്‌നാടുകളിൽ പ്രചരിപ്പിക്കുകയും അങ്ങനെ മറ്റു വിഭാഗക്കാരോടുള്ള വിരോധം അറബികളിൽ ജനിപ്പിക്കുകയും ചെയ്യാനുള്ള ശ്രമം 2002-ലെ പിളർപ്പ് മുതൽ തുടരുന്നതാണ്. (ശബാബ് 2014 ഫെബ്രു. 7. പുറം. 10)

ഈജിപ്ഷ്യൻ യുക്തിവാദരീതിയിൽ നിന്ന് ഗൾഫ് സലഫിസത്തിന്റെ സ്വാധീന വലയത്തിലേക്ക് കേരള മുജാഹിദുകൾ മാറിനടന്നതിന്റെ വിപത്തുകളെക്കുറിച്ച് കുട്ടശ്ശേരിയുടെ ദീർഘവിലാപം ഇങ്ങനെ: ‘മുമ്പ് ആദർശപരമായും സാംസ്‌കാരികമായും കേരളത്തിലെ നവോത്ഥാന ആശയക്കാർക്ക് ബന്ധമുണ്ടായിരുന്നത് ഈജിപ്തിനോടായിരുന്നു. അഫ്ഗാനി, അബ്ദു, റശീദ് രിദാ എന്നിവരുടെ ചിന്തകളായിരുന്നു ഇവിടെ കൂടുതൽ സ്വാധീനം ചെലുത്തിയിരുന്നത്. മതപണ്ഡിതന്മാരിൽ പലരും റശീദ് രിദായുടെ അൽമനാർ മാസിക വായിക്കുന്നവരും അതിലെ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടവരുമായിരുന്നു. എന്നാൽ പിന്നെ അറബ് നാടുകളിൽ എണ്ണ കണ്ടുപിടിച്ച് അവിടെ സാമ്പത്തികാഭിവൃദ്ധിയുടെ കുതിച്ചു ചാട്ടമുണ്ടായി. കേരളീയരിൽ നല്ലൊരു ശതമാനം അവിടെ തൊഴിലെടുക്കുന്നവരായി. അവിടുത്തെ സർക്കാറുകളിൽനിന്നും സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നും ഇവിടുത്തെ പള്ളികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ധാരാളം സാമ്പത്തിക സഹായം ഒഴുകിക്കൊണ്ടിരുന്നു. നവോത്ഥാന പ്രസ്ഥാനത്തിന്റെ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഭൗതിക സാഹചര്യം വർധിച്ചു. പള്ളികൾ പലതും നിർമ്മിക്കപ്പെട്ടു.



ഈ അറബ് ബന്ധം നവോത്ഥാന പ്രവർത്തനങ്ങൾക്ക് ശക്തിപകർന്നുവെങ്കിൽ ചില പാർശ്വഫലങ്ങളും അതിനുണ്ടായി. ഇവിടെ ഇസ്‌ലാഹി എന്ന പേരിലാണ് പ്രസ്ഥാനം അറിയപ്പെട്ടിരുന്നത്. പ്രസ്ഥാനത്തെ പുത്തൻവാദികളെന്നാരോപിക്കുമ്പോൾ അല്ല, ഞങ്ങൾ ‘സലഫുസ്സ്വാലിഹിന്റെ’ പാത പിൻപറ്റുന്നവരാണെന്നും ‘അഹ്‌ലുസ്സുന്നത്ത് വൽ ജമാഅത്തി’ൽ പെട്ടവരാണെന്നും വാദിക്കുമായിരുന്നു. എന്നാൽ ‘സലഫി’ എന്ന സാങ്കേതിക പ്രയോഗം അന്ന് നിലവിലുണ്ടായരുന്നില്ല. അറബ് ബന്ധത്തോടെ ഇവിടെയും പള്ളികൾ, സ്ഥാപനങ്ങൾ, സംഘടനകൾ, സമ്മേളനങ്ങൾ മുതലായവയോടനുബന്ധിച്ച് ‘സലഫി’ എന്ന പ്രയോഗം സാർവത്രികമായി. മദ്ഹബിനെയും തഖ്‌ലീദിനെയും എതിർക്കുന്നുവെങ്കിലും ഒരു സലഫീ മൻഹജ് വാദം പ്രത്യക്ഷപ്പെട്ടു. അറബ് സലഫി പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾക്കും രീതികൾക്കമനുസരിച്ച് ഇവിടെയും പാരമ്പര്യരീതികളിൽ ചില മാറ്റങ്ങൾ വന്നു. അഫ്ഗാനിയും അബ്ദുവും റശീദ് രിദായും അറബികളെ അനുകരിച്ച് അനഭിതരായി വിശേഷിപ്പിക്കപ്പെട്ടു. മുഹമ്മദ് അബ്ദുവിന്റെ രിസാലതുത്തൗഹീദ് പോലുള്ള ഗ്രന്ഥങ്ങൾ പിൻവലിക്കപ്പെട്ടു. ഹദീസുകൾ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡത്തിലും ചില മാറ്റങ്ങൾ വന്നു’  (മേൽ പുസ്തകം. പുറം: 9).

മൊത്തം മാറിയെന്നർത്ഥം. ഗൾഫ് പണം നവോത്ഥാനത്തിൽ കേറിക്കളിച്ചപ്പോൾ, കുട്ടശ്ശേരി എഴുതാത്ത പലയിടങ്ങളിൽ വികാസം അടിച്ചുകയറിയപ്പോൾ മുമ്പു പറഞ്ഞതൊക്കെയും നിരന്തര ഗൾഫുയാത്രയ്ക്കിടയിൽ അറബിക്കടലിലേക്ക് വലിച്ചെറിഞ്ഞു. അതോടെ മുമ്പുണ്ടായിരുന്ന മുജാഹിദിസത്തെ കുളിപ്പിച്ച് കിടത്തുകയല്ല, എല്ലാവരും ചേർത്ത് പോസ്റ്റ്‌മോർട്ടം നടത്തുകതന്നെ ചെയ്തു! പിന്നെ തൗഹീദ് – ശിർക്ക് വെച്ചുമാറ്റങ്ങളുടെ പരമ്പരയായിരുന്നു. സിഹ്‌റ് സ്വാധീനിക്കും, ബറകത്തെടുക്കാം, സംസമിന്റെ രോഗശമനം വിശ്വസിക്കാം, കണ്ണേറു സംഭവിക്കുമെന്നുമാത്രമല്ല അതിനും സിഹ്‌റിനും പരിഹാരം നൽകുന്ന ആത്മീയ ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കാം. ജിന്ന് ശരീരത്തിൽ കയറുമെന്നും അടിച്ചിറക്കൽ ചികിത്സ നടത്തിയാലേ രക്ഷപ്പെടൂ എന്നുമൊക്കെയുള്ള പുതിയ വിശ്വാസങ്ങൾ പ്രസ്ഥാനത്തിൽ സ്വാധീനം നേടി. റശീദു റിള പോവട്ടെ, ന്യൂ ജെൻ മുജാഹിദു മൗലവിമാർക്ക് തൗഹീദ് വിത്തിറക്കി ശിർക്ക് കൊയ്യാനും ശിർക്കിൻപാടത്ത് നിന്ന് തൗഹീദ് കള പറിച്ചൊഴിവാക്കാനുമൊക്കെ കഠിനാധ്വാനം ചെയ്ത് മുജാഹിദ് മനസ്സ് പാകപ്പെടുത്തിയെടുത്ത എം.സി.സിയും കെ.എം.മൗലവിയും ഉമർ മൗലവിയുമടക്കം 2002-നു മുമ്പ് മരണപ്പെട്ട സർവ മുജാഹിദുകളും തൗഹീദ് – ശിർക്കെന്ന ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യത്തിൽപോലും ഒരുപിടുത്തവും കിട്ടാതെ അങ്കലാപ്പിലായവരാണെന്ന് പറയാതെ പറയുകയായിരുന്നു ഇവർ. തൗഹീദ് മനസ്സിലാക്കാതെ മരണപ്പെട്ടവരുടെ ഗതിയെന്താണെന്നതിന് വിവിധ പ്രസ്ഥാനങ്ങൾക്കിടയിൽ ഒരു തർക്കവും നിലനിൽക്കുന്നില്ലെന്നതോർക്കുക.

(തുടരും)

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...