Friday, October 12, 2018

തബ്ലീഗ്, മുജാഹിദ്: ബിദ്അത്തിന്റെ ഇരട്ടമുഖങ്ങള്‍* التبليغ جماعة والوهابي

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚



*തബ്ലീഗ്, മുജാഹിദ്: ബിദ്അത്തിന്റെ ഇരട്ടമുഖങ്ങള്‍*                                                                                                                                                             =============================

●കൃത്രിമ വസ്തുക്കള്‍ക്ക് വിപണി തേടുന്നവരാരും അതിന്റെ യഥാര്‍ത്ഥ വശം വെളിപ്പെടുത്താറില്ല. സമൂഹത്തെ മതത്തിന്റെ സുതാര്യതയില്‍ നിന്നും യഥാര്‍ത്ഥ രൂപത്തിലുള്ള ആത്മീയതയില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്ന കപട ത്വരീഖത്തുകാര്‍ ഖാദിരിയ്യ, ദസൂഖിയ പോലുള്ള ശുദ്ധ രീതികളെന്നാണ് അവകാശപ്പെടാറുള്ളത്. സമാന ശൈലിയില്‍ ബിദ്അത്തുകാരും പ്രവര്‍ത്തിക്കുന്നു.
കേരള മുജാഹിദുകള്‍ പ്രതിനിധാനം ചെയ്യുന്ന പുത്തന്‍വാദ രീതിയുടെ താത്ത്വികാടിസ്ഥാനത്തില്‍ നിന്നു തന്നെയാണ് തബ്ലീഗ് ജമാഅത്തും ആദര്‍ശ സംഭരണം നടത്തിയിട്ടുള്ളത്. അവര്‍ക്കില്ലാത്ത തീവ്രത മുസ്ലിം ലോകം അംഗീകരിച്ച പല വിശ്വാസങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും നേരെ ഇവര്‍ വെച്ചുപുലര്‍ത്തുന്നുമുണ്ട്. ബിദ്അത്തിന്റെ കൂരിരുള്‍ സമൂഹത്തില്‍ കുത്തിക്കയറ്റാന്‍ വേണ്ടി രൂപഭാവാദികളില്‍ ആത്മീയത പ്രസരിപ്പിച്ച് നടക്കുന്ന തനി ബിദ്അത്തുകാരാണ് ഇക്കൂട്ടര്‍ എന്നതാണ് വസ്തുത. ഏതാനും വിഷയങ്ങളിലല്ല, സര്‍വതിലും തബ്ലീഗുകാര്‍ ജന്മസ്വഭാവം പ്രകടിപ്പിക്കുന്നതു കാണാം.
മഹത്തുക്കളോടുള്ള വിരോധം അതിന്റെ മൂര്‍ധന്യതയിലെത്തിയപ്പോള്‍ തബ്ലീഗ് മൗലാന പറഞ്ഞു:‘ആരുടെയെങ്കിലും പ്രീതിയും സാമീപ്യവും കരുതി അറുക്കപ്പെടുന്ന മൃഗം പന്നിയെ പോലെയാണ്. ഒരു വിത്യാസവുമില്ല (രിസാലത്തുത്തൗഹീദ് പേ.136).
മഹത്തുക്കളിലേക്ക് ചേര്‍ത്തിപ്പറയുന്ന പശു, ആട് പോലെയുള്ള മൃഗങ്ങള്‍ നജസും ഹറാമുമാണ്. നബിയ്യിലേക്കോ, വലിയ്യിലേക്കോ മറ്റുള്ളവരിലേക്കോ ചേര്‍ത്തിപറയുന്ന മുഴുവന്‍ ജീവികളും കോഴിയോ, ഒട്ടകമോ ആവട്ടെ നജസും ഹറാമുമാണ്. ഈ പ്രവര്‍ത്തനം ശിര്‍ക്കുമാണ്’(രിസാലത്തുത്തൗഹീദ് പേ.136).
പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി തന്റെ മസ്തിഷ്കത്തില്‍ ഉദയം ചെയ്യുന്ന ചിന്തകള്‍ മതമായി പരിചയപ്പെടുത്തുകയാണ് ദഹ്ലവി. ഇതുവഴിയും മതവിരുദ്ധര്‍ക്കു പാദപൂജകരാവുന്നു ഇവര്‍.
ഇസ്മാഈല്‍ ദഹ്ലവിയും ഗംഗോഹിയും മറ്റു നേതാക്കളും എഴുതിവിട്ട വികല ആശയങ്ങള്‍ ഇനിയും അനവധിയുണ്ട്. ചിലതുകൂടി ഇവിടെ ചേര്‍ക്കാം. നബിദിനമാഘോഷിക്കുക, തിരുജന്മം പരാമര്‍ശിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍കുക, മൂന്ന്, പത്ത്, നാല്‍പത്, ആറുമാസം മുതലായവ കൊണ്ടാടുക, വിദൂരത്തുള്ള ഖബ്റുകള്‍ ലക്ഷ്യംവെക്കുക, സിയാറത്തിനുവേണ്ടി യാത്ര സംഘടിപ്പിക്കുക, സദ്വൃത്തര്‍ക്ക് വേണ്ടി സമ്പത്ത് വിനിയോഗിക്കുക, മഖ്ബറകളിലേക്ക് ഹദ്യ കൊണ്ട്പോവുക, നേര്‍ച്ചനേരുക, ജാറം മൂടുക, ഇസ്തിഗാസ ചെയ്യുക, ആദരവിനുവേണ്ടി വിളക്ക് കത്തിക്കുക, ബറകത്തിനുവേണ്ടി അവിടെയുള്ള വെള്ളം കുടിക്കുക, ശരീരത്തില്‍ ഒഴിക്കുക, ജനങ്ങള്‍ക്ക് വിതരണം ചെയ്യുക, കൂടെയില്ലാത്തവര്‍ക്ക് വേണ്ടി കൊണ്ട്പോവുക തുടങ്ങി അനേകായിരം കാര്യങ്ങള്‍ ബഹുദൈവാരാധനയോ ദീനീവിരുദ്ധമോ ആണ്. (തഖ്വിയതുല്‍ ഈമാന്‍ പേ.92,93, രിസാലതുതൗഹീദ് പേ.58, ബറാഹീനേ ഖാത്വിഅ പേ.320, ഫതാവാ റശീദിയ്യ പേ.135,146,147,228,230,244,248).
തബ്ലീഗ് ജമാഅത്തിലെ കുലപതികളാണ് ഇത്തരം പിഴച്ച ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ ഇവയുടെ പ്രാമാണിക സമര്‍ത്ഥനത്തിനു മുതിരാതെ ഒരു കാര്യം ഓര്‍മിപ്പിക്കാം. ഇമാം ശാഫിഈ(റ)നെ പോലുള്ള മഹാന്മാര്‍ പഠിപ്പിച്ചതും ചെയ്തു കാണിച്ചതുമായ, മുസ്ലിം ലോകം നിര്‍വഹിച്ചുവരുന്ന ഇവ മതവിരുദ്ധമാക്കുമ്പോള്‍, പരിശുദ്ധ ഇസ്ലാം ജനശൂന്യമാകുമെന്നുറപ്പ്. അത്രമേല്‍ വിശ്വാസികളെ സ്വാധീനിച്ച കാര്യങ്ങളെല്ലാം ശിര്‍ക്കും ഹറാമുമാക്കി എഴുതിത്തള്ളുകയാണ് തബ്ലീഗുകാര്‍. സമൂഹത്തിനു ധാര്‍മിക ചൈതന്യം ഉണ്ടാക്കാനെന്ന് പ്രചരിപ്പിച്ച് വിശ്വാസവൈകല്യം അടിച്ചേല്‍പ്പിക്കുന്നതിന്റെ വളഞ്ഞവഴിയാണ് ഈ പ്രസ്ഥാനം. ഇതൊന്നും അറിയാതെ തബ്ലീഗില്‍ പെട്ടുപോയവരൊക്കെ ചിന്തിക്കുക.
ഇന്ത്യന്‍ വഹാബിസം
വഹാബിസത്തിന്റെ വാദങ്ങള്‍ പകര്‍ത്തുകയും മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബിനെ മാതൃകാ പുരുഷനായികാണുകയും ഞങ്ങള്‍ വഹാബികളാണെന്ന് സ്വയം പരിചയപ്പെടുത്തുന്നവരുമാണ് തബ്ലീഗുകാര്‍. ഗംഗോഹിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക:
മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിനെ വഹാബി എന്നാണ് ലോകര്‍ പറയുന്നത്. അയാള്‍ നല്ല മനുഷ്യനായിരുന്നു. ഹമ്പലീമദ് ഹബ്കാരനായിരുന്നുവെന്ന് കേള്‍ക്കുന്നുണ്ട്. ഹദീസനുസരിച്ച് അമല്‍ ചെയ്തിരുന്ന വ്യക്തിയായിരുന്നു. അനാചാരങ്ങള്‍ക്കും ബഹുദൈവാരാധനക്കുമെതിരെ പടപൊരുതി. പക്ഷേ; കര്‍ക്കശ സ്വഭാവക്കാരനായിരുന്നു (ഫതാവാറശീദിയ്യ പേ 280).
അയാളെ പിമ്പറ്റുന്നവര്‍ക്ക് വഹാബികളെന്ന് പറയപ്പെടുന്നു. വിശ്വാസപരമായി വളരെ മെച്ചപ്പെട്ടവരാണ് അദ്ദേഹവും അനുയായികളും. അവര്‍ വളരെ നല്ല മനുഷ്യരാണ്. അവരുടെ നന്മ പൊതുജനം സ്വീകരിക്കാത്തതുകൊണ്ട് പലപ്പോഴും അതിരുകടന്ന് സംസാരിക്കേണ്ടി വന്നു. അതിനാല്‍ ചില കുഴപ്പങ്ങള്‍ ഉണ്ടായി (ഫതാവാ റശീദിയ്യ പേ.280).
ഇബ്നു വഹാബിനെ പിമ്പറ്റുന്നവര്‍ക്ക് അവര്‍പോലും നല്‍കാത്ത വിശേഷണങ്ങള്‍ നല്‍കാനും തബ്ലീഗ് ആചാര്യന്‍ തയ്യാറാവുന്നുണ്ട്. ഇതു കാണുക: ‘ഇന്ന് നബിതങ്ങളുടെ സുന്നത്തിനെ മുറുകെ പിടിക്കുകയും ദീനീ ചിട്ടയില്‍ ജീവിക്കുകയും ചെയ്യുന്നവര്‍ക്കാണ് വഹാബികള്‍ എന്ന് പറയുന്നത്’ (ഫതാവാ റശീദിയ്യ പേ..110, അല്‍മുഹന്നദ് അലല്‍ മുഫന്നദ് പേ..9).
മുഹമ്മദ് ഇല്‍യാസിന്റെ ജീവ ചരിത്രം രചിച്ച അബുല്‍ ഹസന്‍ അലി നദ്വിയുടെ വാക്കുകള്‍ കൂടി വിലയിരുത്താം. അദ്ദേഹം എഴുതി:
ഈ സംഘം (തബ്ലീഗ് ജമാഅത്ത്) മുഹമ്മദ് ബിന്‍ ഇര്‍ഫാന്റെയും അവരെ പോലെയുള്ളവരുടെയും മാര്‍ഗമാണ് തൗഹീദില്‍ അവലംബിച്ചത്.ശൈഖ് ഇസ്മാഈല്‍ ശഹീദിന്റെ പ്രബോധനവും സമരവും പരിചയപ്പെടുത്തുന്ന അമൂല്യ ഗ്രന്ഥമാണ് തഖ്വിയതുല്‍ ഈമാന്‍. ഈ ഗ്രന്ഥം ബിദ്അത്തുകാരുടെയും അന്ധവിശ്വാസികളുടെയും ഉറക്കം കെടുത്തി. ഇത്കാരണം അവര്‍ കലാപങ്ങള്‍ അഴിച്ചുവിട്ടു…. ഈ ഗ്രന്ഥം ശൈഖ് അബ്ദുല്‍ വഹാബിന്റെ പ്രസിദ്ധമായ കിതാബുത്തൗഹീദിന്റെ വഴിയാണ് സ്വീകരിച്ചതെന്ന് വളരെ ശ്രദ്ധേയമാണ്. അതല്ല; അതിനേക്കാള്‍ മറുപടിയിലും തെളിവ് സമര്‍പ്പണത്തിലും തഖ്വിയതുല്‍ ഈമാന്‍ മികച്ച് നില്‍ക്കുന്നു. ഇവിടെ ശ്രദ്ധേയമായ കാര്യം ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് മുതലായ രാജ്യങ്ങളില്‍ ഈ സംഘത്തെ അറിയപ്പെടുന്നത് വഹാബികള്‍ എന്ന പേരിലാണ്. അന്ധമായി അനുവര്‍ത്തിച്ചു വരുന്ന ബഹു ദൈവാരാധന, ഖബ്റാരാധനക്കെതിരെയാണ് ഈ സംഘം ക്ഷണിക്കുന്നത്. തബ്ലീഗ് ജമാഅത്തെന്ന ഈ സംഘത്തോട് ഏറ്റവും ഈര്‍ഷ്യത പ്രകടിപ്പിക്കുന്നത് ശൈഖ് റസാഖാന്റെ അനുയായികളായ ബറേല്‍വികളാണ്’(അര്‍റാഇദ്, ജമാദുല്‍ ഊല1412, പേജ് 4).
മുഹമ്മദ് ഇല്യാസ് വിഭാവനം ചെയ്യുന്നത് ഇബ്നു അബ്ദില്‍ വഹാബിന്റെ ആദര്‍ശം തന്നെയാണെന്ന് നദ്വി ഇവിടെ തുറന്ന് സമ്മതിക്കുന്നു. ഇതേ ആശയം ഇല്ല്യാസിന്റെ ശിഷ്യന്‍ മന്‍സൂര്‍ നുഅ്മാനി വ്യക്തമായി പറയുന്നത് കാണുക: ‘ശൈഖ് മുഹമ്മദ് ബ്നു അബ്ദില്‍ വഹാബിന്റെയും അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയിലെ ഉന്നതന്മാരുടെയും കിതാബുകള്‍ പരിശോധിക്കുമ്പോള്‍ യഥാര്‍ത്ഥ തൗഹീദിലേക്കും സുന്നത്തിന്റെ ഇത്തിബാഇലേക്കും ക്ഷണിക്കുക, ശിര്‍ക്ക് ബിദ്അത്തുകളോട് പരമാവധി സന്ധിയില്ലാ സമരം നടത്തുക, ഇസ്ലാമിനെ അതിന്റെ തനതായ രൂപത്തില്‍ അവതരിപ്പിക്കുക തുടങ്ങിയവയായിരുന്നു അവരുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമെന്ന് നിസ്സംശയം ബോധ്യപ്പെടും. ഇന്ത്യയിലെ വഴിയറിയാത്ത ജനതക്ക് തഖ്വിയത്തുല്‍ ഈമാന്‍ എന്ന കൃതിയിലൂടെ ശാഹ് ഇസ്മാഈല്‍ ശഹീദ് നല്‍കിയ സന്ദേശം അതുതന്നെയായിരുന്നു. ശഹീദിന് ശേഷം സമുന്നത നേതാക്കളായ ഹസ്റത്ത് മൗലാനാ മുഹമ്മദ് ഖാസിം നാനൂഥവിയും ഹസ്റത്ത് മൗലാനാ റഷീദ് അഹ്മദ് ഗാങ്കോഹിയും അവരുടെ ഖലീഫമാരും ശിഷ്യന്മാരും അതേ സന്ദേശത്തിന്റെ പതാക വാഹകരായിരുന്നു’ (ശൈഖ് മുഹമ്മദ് അബ്ദില്‍ വഹാബ് കീ ഖിലാഫത് പ്രോപഗണ്ടപേ 7576).
ഈ ഗ്രന്ഥത്തില്‍ വഹാബിസത്തോടുള്ള തബ്ലീഗ് ജമാഅത്ത് നേതാക്കളുടെ ആത്മബന്ധവും ആദര്‍ശ പ്രതിബദ്ധതയും വെളിപ്പെടുത്തുകയാണ് ഗ്രന്ഥകാരന്‍. ഏതെങ്കിലും തബ്ലീഗുകാരന്‍ ഞങ്ങള്‍ സുന്നികളാണെന്ന് പ്രചരിപ്പിച്ച് ജനസ്വാധീനം നേടാന്‍ ശ്രമിക്കുന്നുവെങ്കില്‍ പ്രസ്തുത ഗ്രന്ഥമൊന്ന് വായിക്കാന്‍ നിര്‍ദ്ദേശിച്ചാല്‍ മതി.
ഇന്ത്യയിലെ ബിദ്അത്ത് പ്രചാരണത്തിന്റെ അടിസ്ഥാനം എവിടെ ആരംഭിക്കുന്നു എന്നതിനെക്കുറിച്ച് ഉമ്മുല്‍ ഖുറാ യൂണിവേഴ്സിറ്റി നടത്തിയ പഠനവും വഹാബിസവും തബ്ലീഗിസവും തമ്മിലുള്ള അവിശുദ്ധ ബന്ധം അനാവരണം ചെയ്തിട്ടുണ്ട്. ഈ ഭാഗം വായിക്കുക:
‘വഹാബിസം എന്നത് സാങ്കേതികമായി മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ ശിഷ്യരായ നജ്ദികള്‍ക്കും ഇന്ത്യന്‍ പരിഷ്കര്‍ത്താവായ ഇസ്മാഈല്‍ ശഹീദിന്റെ അനുയായികള്‍ക്കുമാണ് പ്രയോഗിക്കുന്നത്’ (അദ്ദഅ്വത്തു സ്സലഫിയ്യ പേ.348).
ഇസ്ലാഹി ചരിത്രത്തിനൊരു ആമുഖം എന്ന പുസ്തകത്തില്‍ കേരളമുജാഹിദുകളും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. വിശ്വാസപരമായി തബ്ലീഗിസവും വഹാബിസവും തുല്യനിലയില്‍ നില്‍ക്കുന്നു എന്നതാണ് വസ്തുത. ആത്മീയതയുടെ നിറകുടങ്ങളാണെന്ന് തോന്നിപ്പിക്കും വിധം കോപ്രായങ്ങള്‍ കാണിച്ച് പൊതുജനത്തെ കബളിപ്പിക്കുന്ന തബ്ലീഗുകാരുടെ നേതാക്കളും വാദങ്ങളും ഒരു സത്യവിശ്വാസിക്കും ഉള്‍കൊള്ളാന്‍ കഴിയാത്തതാണ്. ഇവരാണ് ദയൂബന്ദ് ഉലമാക്കളുടെ പോരിശയോതി സമൂഹത്തെ വഴി പിഴപ്പിക്കുന്നത്. സ്വഹാബികള്‍ മുതല്‍ മദ്ഹബിന്റെ ഇമാമുകള്‍ വരെയുള്ളവര്‍ക്ക് മനസ്സിലാവാത്ത ഇസ്ലാം സ്വര്‍ഗം പ്രതീക്ഷിക്കുന്നവര്‍ കരുതിയിരിക്കുക തന്നെ വേണം.....                                                                                                                                                   """""""""""""'''''''''''''''"""""""""""""""""""""""''''''''''''''''''''''''''''''''''''""

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...