ഇമാം നവവി(റ)യുടെ ആദര്‍ശം● അഹ്മദ് സഖാഫി മമ്പീതി
🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
imam navavi R aadaraham
ഇമാം നവവി(റ)നെ അംഗീകരിക്കാത്തവര്‍ ബിദ്അത്തുകാരില്‍ പോലുമില്ല. നേരെ ചൊവ്വെ പറഞ്ഞാല്‍ തന്റെ അത്യാഗാധ പാണ്ഡിത്യവും അപൂര്‍വ ധിഷണയും വഴി പ്രോജ്വലിച്ചു നില്‍ക്കുന്നതിനാല്‍ എല്ലാവര്‍ക്കും മഹാനുഭാവനെ അംഗീകരിക്കേണ്ടിവരികയാണുണ്ടായത്. ഹദീസുകളുടെ ബലാബലം പരിശോധിക്കാനും റാവിമാരുടെ ആധികാരികത ഉറപ്പിക്കാനും മാത്രമല്ല, ഹദീസ് ലഭ്യമല്ലാതിരിക്കുമ്പോള്‍ ഫത്‌വ നല്‍കാന്‍ വരെയും അവര്‍ ഇമാമിന്റെ വാക്കുകള്‍ പ്രമാണമാക്കുന്നു. കേരളത്തിലിറങ്ങുന്ന എല്ലാ പുത്തന്‍വാദ പ്രസിദ്ധീകരണങ്ങളിലും ഈയൊരു പ്രവണത പലയാവര്‍ത്തി കണ്ടിട്ടുണ്ട്. ഇവ്വിധം ഇമാം നവവി(റ)യെ തോളിലേറ്റുന്നവര്‍ പക്ഷേ, അവിടുന്ന് കടുകട്ടി തെളിവുകളുടെ പിന്‍ബലത്തോടെ ആവര്‍ത്തിച്ചു പഠിപ്പിച്ച ആദര്‍ശ കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. ശരിക്കും പറഞ്ഞാല്‍, സര്‍വമാന ബിദ്അത്ത് കക്ഷികളും നാളിതു വരെയും പ്രചരിപ്പിക്കാന്‍ ശ്രമിച്ച മതവിരുദ്ധ ആദര്‍ശങ്ങള്‍ക്ക് നേര്‍ക്കുനേര്‍ എതിര്‍ ചേരിയില്‍ ഇമാം നവവി(റ) വീറോടെ നിലനില്‍ക്കുന്നതിനാല്‍ കണ്ണു ചിമ്മാന്‍ അവര്‍ നിര്‍ബന്ധിതരാവുകയാണ്. വ്യത്യസ്ത ഗ്രന്ഥങ്ങളില്‍ ഇമാമവര്‍കള്‍ സ്വീകരിച്ച ആദര്‍ശ നിലപാടുകള്‍ തീരെ വിശദീകരണമില്ലാതെ എടുത്തുചേര്‍ക്കുകയാണിവിടെ.
ശഫാഅത്ത് തേടല്‍
സ്വഹീഹുല്‍ ബുഖാരിക്ക് ഇമാം നവവി(റ) എഴുതിയ വ്യാഖ്യാനമാണ് അത്തല്‍ഖീസ്വ്. ഈ ഗ്രന്ഥത്തിന്റെ പ്രൗഢമായ ആമുഖത്തിന്റെ അവസാന ഭാഗത്ത് തിരുനബി(സ്വ)യോട് മഹാനവര്‍കള്‍ ശഫാഅത്ത് തേടുന്നത് കാണാം. (അത്തല്‍ഖീസ്വ്, പേ: 285). വ്യക്തമായ രൂപത്തില്‍ ഇമാം ശഫാഅത്ത് തേടുന്ന മറ്റൊരു ഭാഗമിങ്ങനെ: ‘അല്ലാഹുവേ, ശിപാര്‍ശക്കുതകുന്ന സര്‍വ ശിപാര്‍ശകരെക്കൊണ്ടും നിന്നിലേക്ക് ഞാന്‍ ശഫാഅത്ത് തേടുന്നു’ (ബുസ്താനുല്‍ ആരിഫീന്‍, പേ: 9). സ്വന്തമായി അതു നിര്‍വഹിക്കുക മാത്രമല്ല, അങ്ങനെ ചെയ്തിരിക്കണമെന്ന് മഹാന്‍ കല്‍പ്പിക്കുന്നുമുണ്ട്.
തിരുനബി(സ്വ)യെ സിയാറത്ത് ചെയ്യുന്നവര്‍ അവിടുത്തെക്കൊണ്ട് അല്ലാഹുവിലേക്ക് ശിപാര്‍ശ തേടണം (ശര്‍ഹുല്‍ മുഹദ്ദബ്, പേ: 8/274, അല്‍ ഈളാഹ്, പേ: 491, അല്‍ അദ്കാര്‍, പേ: 219).
ഹജ്ജ് വേളയില്‍, മശ്അറുല്‍ ഹറാമില്‍ വെച്ച് നിര്‍വഹിക്കല്‍ സുന്നത്തായ ദുആകളുടെ കൂട്ടത്തിലായി ഇമാം നവവി(റ) കുറിച്ചു: നിന്റെ പ്രത്യേകക്കാരായ ഇഷ്ടദാസന്മാരെക്കൊണ്ട് അല്ലാഹുവേ, നിന്നിലേക്ക് ഞാന്‍ ശഫാഅത്ത് തേടുന്നു (അല്‍ അദ്കാര്‍, പേ: 215-216).
മഴയെ തേടുന്നവര്‍ തങ്ങളുടെ കൂട്ടത്തില്‍ നന്മകൊണ്ട് അറിയപ്പെട്ടവരെ മുന്‍നിറുത്തി അല്ലാഹുവിലേക്ക് ശഫാഅത്ത് തേടണമെന്നും ഇമാം പഠിപ്പിച്ചു (ആദാബുല്‍ ഇസ്തിസ്ഖ്വാഅ്, പേ: 44).
കണ്ണ് കാണാത്ത സ്വഹാബിക്ക് റസൂല്‍(സ്വ) പഠിപ്പിച്ച ദുആയുടെ അവസാന ഭാഗത്ത് ‘അല്ലാഹുവേ, എന്റെ കാര്യത്തില്‍ തിരുനബി(സ്വ)യുടെ ശിപാര്‍ശ നീ സ്വീകരിക്കണേ’ എന്ന് കാണാം. ഈ ഹദീസ് ഇമാം നവവി(റ) അല്‍ അദ്കാര്‍ പേ 200-ല്‍ ഉദ്ധരിച്ചിട്ടുണ്ട്. ആ രീതിയിലുള്ള ശഫാഅത്ത് തേട്ടവും അദ്ദേഹം അനുവര്‍ത്തിക്കുന്നുവെന്നു സാരം.
തവസ്സുല്‍
കേരളത്തില്‍ ആദര്‍ശ രംഗത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വിധേയമായതാണല്ലോ തവസ്സുല്‍. ഇവിടെയും ഇമാം നവവി(റ) പഠിപ്പിക്കുന്നത് അത് പുണ്യമാണെന്നു തന്നെയാണ്. അദ്ദേഹം പറയുന്നു: മുഴുവന്‍ മാധ്യമങ്ങളെയും (വസീല) മുന്‍നിര്‍ത്തി അല്ലാഹുവേ, ഞാന്‍ നിന്നോട് ചോദിക്കുന്നു (ബുസ്താനുല്‍ ആരിഫീന്‍, പേ: 9).
തിരുനബി(സ്വ)യെ സിയാറത്ത് ചെയ്യുന്നവര്‍ സ്വന്തം കാര്യത്തില്‍ അവിടുത്തെക്കൊണ്ട് തവസ്സുലാക്കണമെന്നും മഹാന്‍ പഠിപ്പിച്ചു (ശര്‍ഹുല്‍ മുഹദ്ദബ്, പേ: 8/274, അല്‍ ഈളാഹ്, പേ: 491, അല്‍ അദ്കാര്‍, പേ: 219).
പള്ളിയിലേക്ക് പുറപ്പെടുമ്പോള്‍ ചൊല്ലേണ്ട ദിക്ര്‍ വിവരിക്കുന്ന അധ്യായത്തില്‍ ഇമാം പഠിപ്പിക്കുന്ന ദുആയില്‍ ‘അല്ലാഹുവേ, നിന്നിലേക്ക് പ്രാര്‍ത്ഥനാ നിരതരാകുന്നവരുടെ ഹഖ്ഖ് കൊണ്ട് ഞാന്‍ നിന്നോട് ചോദിക്കുന്നു’ എന്ന വ്യക്തമായ തവസ്സുല്‍ കാണാം (അല്‍ അദ്കാര്‍, പേ: 40-41).
കാഴ്ചയില്ലാത്ത സ്വഹാബിക്ക് നബി(സ്വ) പഠിപ്പിച്ച ദുആ പ്രസിദ്ധമാണല്ലോ. തവസ്സുല്‍ ഉള്‍ക്കൊള്ളുന്ന പ്രസ്തുത പ്രാര്‍ത്ഥന നവവി(റ) അംഗീകരിക്കുകയും പ്രയോഗിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്: ‘അല്ലാഹുവേ, കാരുണ്യദൂതരായ നിന്റെ മുഹമ്മദ് നബി(സ്വ)യെ ഞാന്‍ നിന്നിലേക്ക് തവസ്സുലാക്കുന്നു’ എന്നുള്‍ക്കൊള്ളുന്ന ആ ദുആ ഇമാം ആവശ്യപൂര്‍ത്തീകരണ നിസ്‌കാരത്തില്‍ (സ്വലാത്തുല്‍ ഹാജത്) ചൊല്ലേണ്ട ദിക്‌റുകള്‍ പറയുന്ന അധ്യായത്തില്‍ ഉദ്ധരിച്ചിട്ടുണ്ട് (അല്‍ അദ്കാര്‍, പേ: 199-200).
നാട്ടുവര്‍ത്തമാനം പറഞ്ഞിരുന്നാലും ദിനപത്രപാരായണം നടത്തിയാലും മയ്യിത്തിനരികെ ഖുര്‍ആന്‍ ഓതാന്‍ പാടില്ലെന്നാണ് മുജാഹിദുകളുടെ വാദം. ഇവിടെയും ഇമാം നവവി(റ) അവര്‍ക്ക് ഭീഷണിയാകുന്നു.
മയ്യിത്തിനു വേണ്ടി ഖുര്‍ആനോതാമോ?
കര്‍മശാസ്ത്ര പണ്ഡിതനായിരുന്ന ഇമാം ശംസുദ്ദീന്‍ മുഹമ്മദ് അന്നവവി(റ)യുടെ മേല്‍ ഇമാം നവവി(റ) വിശുദ്ധ ഖുര്‍ആന്‍ ഖതം (ഖുര്‍ആന്‍ മുഴുവന്‍ പാരായണം നടത്തല്‍) ഓതിയതും തുടര്‍ന്നുണ്ടായ സ്വപ്‌നവും അവിടുന്ന് തന്നെ വിവരിക്കുന്നുണ്ട് (ബുസ്താനുല്‍ ആരിഫീന്‍, പേ: 394).
മഹാന്‍ എഴുതി: സുനനു അബീദാവൂദിലും മറ്റും നിവേദനം ചെയ്ത ഹദീസുള്ളതിനാല്‍ തന്നെ മയ്യിത്തിനരികില്‍ യാസീന്‍ സൂറത്ത് പാരായണം ചെയ്യണം (ശര്‍ഹുല്‍ മുഹദ്ദബ്, പേ: 5/311). ഇമാം ശാഫിഈ(റ)ന്റെ ശിഷ്യന്മാരും അല്ലാത്തവരുമായ പണ്ഡിതന്മാര്‍ പറഞ്ഞു: മയ്യിത്തിനരികില്‍ യാസീന്‍ സൂറത്ത് പാരായണം ചെയ്യല്‍ സുന്നത്താണ് (അത്തിബ്‌യാന്‍, പേ: 149).
അന്‍സ്വാറുകളായ സ്വഹാബികള്‍ മയ്യിത്തിനരികിലെത്തിയാല്‍ അല്‍ബഖറ സൂറത്ത് പാരായണം ചെയ്യാറുണ്ടായിരുന്നുവെന്ന് ഇമാം ശഅ്ബി(റ)യെ തൊട്ട് മുജാഹിദ്(റ) നിവേദനം ചെയ്തിട്ടുണ്ട് (അത്തിബ്‌യാന്‍, പേ: 149, അല്‍ അദ്കാര്‍, പേ: 160, ഖുലാസ്വതുല്‍ അഹ്കാം, പേ: 2/926).
മറവ് ചെയ്തതിനു ശേഷം ഇതു സംബന്ധമായി ഇമാം ശാഫിഈ(റ)യെ ഉദ്ധരിച്ച് നവവി(റ) കുറിച്ചു: മയ്യിത്തിനെ മറമാടിയ ശേഷം ഖബ്‌റിനരികില്‍ ഖുര്‍ആന്‍ ഓതല്‍ സുന്നത്താണ്. ഖുര്‍ആന്‍ ഖതം ചെയ്യലാണ് നല്ലത് (രിയാളു സ്സ്വാലിഹീന്‍, പേ: 347).
ഇമാം ശാഫിഈ(റ)ക്ക് പുറമെ ശിഷ്യന്മാരും ഇപ്രകാരം പറഞ്ഞിട്ടുണ്ടെന്ന് നവവി(റ) അല്‍ അദ്കാറിലും (പേജ്: 177) ശര്‍ഹുല്‍ മുഹദ്ദബിലും (5/294) രേഖപ്പെടുത്തിയിട്ടുണ്ട്. മറമാടിയ ശേഷം, ഖബ്‌റിനരികില്‍ സൂറത്തുല്‍ ബഖറയുടെ ആദ്യ ഭാഗവും അവസാന ഭാഗവും ഓതുന്നതിനെ പ്രമുഖ സ്വഹാബിയായ ഇബ്‌നു ഉമര്‍(റ) ഇഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം ഹസനായ(സ്വീകാര്യ യോഗ്യം) പരമ്പരയോടെ ഇമാം ബൈഹഖി(റ) സുനനില്‍ നിവേദനം ചെയ്തിട്ടുണ്ട് (അല്‍ അദ്കാര്‍, പേ: 177-178, ഖുലാസ്വതുല്‍ അഹ്കാം: 2/1028). പരമ്പരയെക്കുറിച്ചുള്ള പരാമര്‍ശമില്ലാതെ ഇക്കാര്യം ഇമാം നവവി(റ) ശര്‍ഹുല്‍ മുഹദ്ദബിലും (5/294) പറഞ്ഞിട്ടുണ്ട്.
ഖബ്ര്‍ സിയാറത്ത് ചെയ്യുമ്പോള്‍
വഫാത്തിനോടടുത്ത സമയം, ഇമാം നവവി(റ) തന്റെ ചില ഗുരുവര്യരുടെ മഖ്ബറ സിയാറത്ത് ചെയ്യുകയും ഖുര്‍ആനോതി ദുആ ഇരക്കുകയും കരയുകയുമെല്ലാം ചെയ്തതായി ശിഷ്യനും മുഖ്തസ്വിറുന്നവവി എന്ന പേരില്‍ വിശ്രുതനുമായ ഇമാം ഇബ്‌നുല്‍ അത്ത്വാര്‍(റ-മരണം: ഹി.724) തുഹ്ഫതുത്ത്വാലിബീനില്‍ (പേജ്: 97) പറഞ്ഞിട്ടുണ്ട്. ഇമാം ഇബ്‌നു ഇമാമില്‍ കാമിലിയ്യ (മരണം: ഹി.874) ബുഗ്‌യതുര്‍റാവിയിലും (പേജ്: 49) ഇമാം സഖാവി(റ-മരണം: ഹി.902) അല്‍മന്‍ഹലുല്‍ അദ്ബുര്‍റവിയ്യിലും (പേജ്: 77) അതുദ്ധരിച്ചിട്ടുണ്ട്.
ഈ മൂന്ന് ഗ്രന്ഥങ്ങള്‍ക്ക് പുറമെ ഇമാം സുയൂത്വി(റ)യുടെ (മരണം: ഹി.911) അല്‍മിന്‍ഹാജുസ്സവിയ്യയിലും ഇക്കാര്യം കാണാം. ഇമാം നവവി(റ)യുടെ ജീവചരിത്രം വിവരിക്കുന്നതിനു മാത്രമുള്ള ആധികാരികവും പൗരാണികവുമായ രചനകളാണ് ഇവ എന്ന് പ്രത്യേകം ഓര്‍മിക്കുക.
ഖബ്ര്‍ സിയാറത്ത് ചെയ്യുമ്പോള്‍ ഖുര്‍ആന്‍ ഓതല്‍ സുന്നത്താണ്. ഖുര്‍ആന്‍ പാരായണത്തിനുടനെയുള്ള ദുആക്ക് ഉത്തരം കിട്ടാന്‍ സാധ്യത കൂടുതലാണ് (റൗളതുത്ത്വാലിബീന്‍, പേ: 2/139). ഖബ്ര്‍ സിയാറത്ത് ചെയ്യുന്നവര്‍ ഖുര്‍ആന്‍ ഓതുകയും ദുആ ചെയ്യുകയും വേണം (അല്‍ മിന്‍ഹാജ്, പേ: 158)
ഖബ്ര്‍ സിയാറത്ത് ചെയ്യുന്നവര്‍ തങ്ങള്‍ക്ക് കഴിയുന്നത്രയും ഖുര്‍ആന്‍ ഓതലും ഉടനെ ദുആ ചെയ്യലും സുന്നത്താണെന്ന് ഇമാം ശാഫിഈ(റ)യും ശിഷ്യന്മാരും പറഞ്ഞിട്ടുണ്ട് (ശര്‍ഹുല്‍ മുഹദ്ദബ്, പേ: 2/171).
ഖുര്‍ആന്‍ പാരായണത്തിനായി കൂലിക്കു വിളിക്കല്‍ പോലുമാകാമെന്ന് മഹാന്‍ വിശദീകരിച്ചിട്ടുണ്ട്: ഖബ്‌റിങ്കല്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനായി ആളെ കൂലിക്ക് വിളിക്കല്‍ അനുവദനീയമാണ് (റൗളതുത്ത്വാലിബീന്‍, പേ: 5/191).
ഖുത്വുബയുടെ ഭാഷ
പ്രത്യേക ആരാധനയാണല്ലോ ഖുത്വുബ. അത് കേവലം പ്രസംഗമാണെന്ന് ന്യായം പറഞ്ഞ് പ്രാദേശിക ഭാഷകളില്‍ നിര്‍വഹിക്കാന്‍ പ്രേരിപ്പിക്കുന്നവരാണ് പുത്തന്‍ വാദികള്‍. റസൂല്‍(സ്വ) മുതല്‍ ഇതുവരെയുമുള്ള ഇസ്‌ലാമിക ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഈ അനാചാരത്തിനെതിരെയും ഇമാം നവവി(റ)ന്റെ പടയോട്ടം കാണാം. ചില വരികള്‍ ഉദ്ധരിക്കാം: ഖുത്വുബ അറബിയിലാവല്‍ ശര്‍ത്വാണ് (റൗളതുത്ത്വാലിബീന്‍: 2/26, അല്‍ മിന്‍ഹാജ്, പേ: 48).
ഖുത്വുബ അറബിയിലായിരിക്കല്‍ നിബന്ധനയാണ്. കാരണം തക്ബീറതുല്‍ ഇഹ്‌റാം, തശഹ്ഹുദ് പോലുള്ള നിര്‍ബന്ധമായ ഒരു ദിക്‌റാണത്. ‘നിങ്ങള്‍ ഞാന്‍ എങ്ങനെ നിസ്‌കരിക്കുന്നത് കണ്ടോ അപ്രകാരം നിസ്‌കരിക്കൂ’ എന്ന് തിരുനബി(സ്വ) കല്‍പിച്ചിട്ടുണ്ട്. അവിടുന്ന് അറബിയിലായിരുന്നു ഖുത്വുബ നിര്‍വഹിച്ചിരുന്നത് (ശര്‍ഹുല്‍ മുഹദ്ദബ്: 4/ 521-522).
No comments:
Post a Comment