Monday, April 23, 2018

കന്നിമൂല, യാഥാര്‍ത്ഥ്യമെന്ത്

*കന്നിമൂല, യാഥാര്‍ത്ഥ്യമെന്ത് ?*
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
വീട്, മറ്റു നിര്‍മ്മിതകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണാനുബന്ധമായി തച്ചുശാസ്ത്രം അനുശാസിക്കുന്ന നിരവധി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നിയമങ്ങളുമുണ്ട്. ഈ നിയമ നിര്‍ദ്ദേശങ്ങളില്‍ ചിലത് ഇസ്‍ലാമിക വിരുദ്ധവും മറ്റു ചിലത് മതപരമായി എതിര്‍ക്കപ്പെടേണ്ടതുമാണ്. ഈ നിയമനിര്‍ദ്ദേശങ്ങളില്‍ ഇസ്‍ലാമിക വിരുദ്ധമായവയും അല്ലാത്തവയുമുണ്ട്. വാസ്തു ശാസ്ത്രത്തില്‍ പറയുന്ന കാര്യങ്ങളെല്ലാം ഇസ്‍ലാമിക വിരുദ്ധമെന്ന് പറയുക സാധ്യമല്ലെങ്കിലും വാസ്തു പൂജ, വാസ്തു ബലി പോലോത്തവ തെറ്റും മതവിരുദ്ധവും ഏകദൈവ വിശ്വാസത്തിന് കളങ്കമേല്‍പ്പിക്കുന്നതുമാണ് (ശിര്‍ക്ക്) എന്നതില്‍ ഒട്ടും സംശയമില്ല തന്നെ. ഇതുപോലെ തന്നെ നിശിദ്ധവും (ഹറാമ്) അനുകരിക്കാന്‍ പാടില്ലാത്തതുമായ നിര്‍ദ്ദേശങ്ങള്‍ വേറെയുമുണ്ട്. അഥവാ, ഇസ്‍ലാമിക കര്‍മ്മ വിശ്വാസ ശാസ്ത്രങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളെ ഒരിക്കലും നീതീകരിക്കാനാവില്ല എന്ന് ചുരുക്കം.

ഇനി പ്രയോഗതലത്തിലേക്ക് വരുമ്പോള്‍ മുസ്‍ലിംകള്‍ വാസ്തു ബലി, വാസ്തു പൂജ തുടങ്ങിയ മതവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാറോ ചെയ്യിക്കാറോ ഇല്ലെന്നതാണ് വസ്തുത. എന്നാല്‍ മതവിരുദ്ധമല്ലാത്ത കാര്യങ്ങള്‍ കേവലം തച്ചുശാസ്ത്രത്തിന്‍റെ ഭാഗമാണ് എന്നതു കൊണ്ട് എതിര്‍ക്കപ്പെടേണ്ടതില്ല എന്ന കാര്യം ഏറെ പ്രസക്തമാണ്. ഉദാഹരണത്തിന് ശൗചാലയം, അടുക്കള, കിണര്‍ മുതലായവ ഇസ്‍ലാമികമായി വീടിന്‍റെ നിര്‍മ്മിതിയുടെ ഏത് കോണിലുമാവാമെങ്കിലും വാസ്തു ശാസ്ത്രം പറഞ്ഞതിന്‍റെ പേരില്‍ ഇവ കന്നിമൂലയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ തെറ്റില്ല.

വാസ്തു ശാസ്ത്രമെന്നാല്‍ പലരും ധരിച്ചുവെച്ചിരിക്കുന്ന പോലെ കന്നിമൂലയും അനുബന്ധ പ്രശ്നങ്ങളും മാത്രമല്ല. ചിലയിടങ്ങളില്‍ വീടു വെക്കരുതെന്നും വീടെടുത്താല്‍ ദോശകരമായി ബാധിക്കുമെന്നും വാസ്തുശാസ്ത്രം നമ്മെ ബോധിപ്പിക്കുന്നുണ്ട്. ഉദാഹരണമായി അമ്പലങ്ങളുടെ സമീപങ്ങളില്‍ വീടു വെക്കരുതെന്ന് ഹൈന്ദവ ശാസ്ത്ര വിദഗ്ദ്ധര്‍ പറയുന്നുണ്ട്. എന്നാല്‍ ഇസ്‍ലാമികമായി ഇത്തരം സ്ഥലങ്ങളില്‍ വീട്, കെട്ടിടങ്ങള്‍ മുതലായവ പണി കഴിക്കുന്നതിന്ന് വിരോധമില്ലെങ്കില്‍ പോലും പൈശാചികമായ ഉപദ്രവങ്ങള്‍ക്ക് സാധ്യതയേറെയാണ്. കാരണം സത്യനിഷേധികളുടെ ആരാധനാ മൂര്‍ത്തികള്‍ നമ്മുടെ കാഴ്ചപ്പാടില്‍ പൈശാചിക ശക്തികളാണ്.

ഇതുപോലെത്തന്നെയാണ് കന്നിമൂലയിലെ ശൗചാലയം, ശൗചാലയത്തിലുള്ള കുഴി തുടങ്ങിയവയുടെ നിര്‍മ്മാണവും. ഇത്തരം നിര്‍മ്മിതികള്‍ അവരുടെ ദേവന്‍മാരുടെ കോപത്തിന്നും അപ്രീതിക്കും വഴിവെക്കുമെന്നാണ് അവരുടെ വിശ്വാസം. അഥവാ, നാം സാത്താന്‍മാരെന്ന് വിളിക്കുന്ന ദേവന്‍, ദേവി, അസുരന്‍, ഭൂതങ്ങള്‍ തുടങ്ങിയവരുടെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നര്‍ത്ഥം. പിശാചുക്കള്‍ ഉപദ്രവം ചെയ്യുമെന്ന് വിശ്വസിക്കുന്നത് ഒരിക്കലും നമ്മുടെ ആശയാദര്‍ശങ്ങള്‍ക്ക് വിരുദ്ധമല്ല താനും. മാത്രമല്ല പിശാചുക്കളുടെ കഴിവുകളെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ തന്നെ പ്രതിപാദിക്കുന്നുമുണ്ട്. മറ്റൊരു കാര്യം, നാം ശത്രുവിന്‍റെ കഴിവിനെ അംഗീകരിച്ചു കൊടുക്കുന്നത് അവരോടുള്ള ആദരവുകള്‍ കൊണ്ടോ ബഹുമാനം കൊണ്ടോ അല്ല. മറിച്ച് അവരുടെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ വേണ്ടി മാത്രമാണ്.

ശത്രുവിനെ തുരത്തിയോടിക്കാന്‍ മാത്രം പ്രാഗത്ഭ്യമുള്ള ഒരു വ്യക്തിയെ കുറിച്ചല്ല നാമിവിടെ സൂചിപ്പിക്കുന്നത്. ശത്രുവിനെ എതിരിടുക സാധ്യമല്ലാത്ത സാധാരണക്കാരനെ കുറിച്ചാണ് നാം ചര്‍ച്ച ചെയ്യുന്നത്. ഉദാഹരണത്തിന് ഒരു സ്ഥലത്ത് ഉഗ്ര വിഷമുള്ള ഒരു സര്‍പ്പമുണ്ടെന്ന് ഒരാള്‍ മനസ്സിലാക്കുകയോ അതല്ലെങ്കില്‍ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഒരു വ്യക്തി ഇതര സമുദായത്തിലെ പ്രതിനിധിയാണെങ്കില്‍ പോലും അറിയിക്കുകയോ ചെയ്താല്‍ സര്‍പ്പത്തെ കൊന്നു കീഴടക്കാന്‍ മാത്രം ശേഷിയില്ലാത്ത ഒരാള്‍ അവിടേക്ക് പോവാതിരിക്കുന്നതിനെ നമുക്കെങ്ങിനെയാണ് എതിര്‍ക്കാനാവുക? (സര്‍പ്പത്തോടുള്ള വിധേയപ്പെടലായി ഈ ഒഴിഞ്ഞു മാറലിനെ എങ്ങിനെയാണ് വിലയിരുത്താനാവുക?)

ഇസ്‍ലാമിക ശരീഅത്ത് സ്വഭൂമിയിലെവിടെയും വീടെടുക്കാന്‍ അനുമതി നല്‍കത്തന്നെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി തുടങ്ങി ഭരണകൂടം അനുശാസിക്കുന്ന നിയമങ്ങള്‍ പാലിച്ചു മാത്രമല്ലേ നാം വീടെടുക്കാറുള്ളൂ. അപ്രകാരം തന്നെയാണ് വാസ്തു ശാസ്ത്ര നിയമങ്ങള്‍ പാലിക്കുന്നതും.

*പിശാചുക്കള്‍ക്ക് കഴിവുണ്ടോ?*

ജിന്ന്, ശൈത്വാന്‍ ഇവ രണ്ടും ഒരു വിഭാഗമാണെന്നാണ് ഭൂരിപക്ഷ പണ്ഡിതന്‍മാരുടെയും പക്ഷം. മുസ്‍ലിം ആണെങ്കില്‍ ജിന്ന് എന്നും കാഫിര്‍ (സത്യനിഷേധി) ആണെങ്കില്‍ ശൈത്വാന്‍ എന്നും വിളിക്കപ്പെടുന്നവെന്നതാണ് പ്രബലാഭിപ്രായം. വ്യത്യസ്ഥ തരം പിശാചുക്കളെ കുറിച്ചും ഇസ്‍ലാമിക ഗ്രന്ഥങ്ങളില്‍ തന്നെ കാണാന്‍ സാധിക്കും. ഇഫ്‍രീത്ത് വിഭാഗത്തിന്‍റെ അനിതരസാധാരണമായ ശക്തി വൈഭവത്തെ കുറിച്ച് സൂറത്തുന്നംലിലെ 39-ാം സൂക്തത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. ഏറെ അകലെയുള്ള ബില്‍ഖീസ് രാജ്ഞിയുടെ സിംഹാസനം സുലൈമാന്‍ നബി (അ) ഇരിപ്പിടത്തില്‍ നിന്ന് എഴുനേല്‍ക്കുന്നതിന് മുന്‍പ് തന്‍റെ സന്നിധിയിലെത്തിക്കുമെന്ന് പറഞ്ഞ ഇഫ്‍രീത്തിന്‍റെ കഥ നാമെല്ലാവരും ഖുര്‍ആനിലൂടെ വായിച്ചറിഞ്ഞവരാണല്ലോ.

സൂറത്തുസ്സബഅ് 13-ാം സൂക്തവും സൂറത്തുല്‍ അമ്പിയാഅ് 82-ാം സൂക്തവും സൂറത്തുല്‍ ബഖറ 168-ലും മറ്റു പലയിടങ്ങളിലുമായി പിശാച് മനുഷ്യന്‍റെ കഠിന ശത്രുവാണെന്ന ഖുര്‍ആന്‍റെ ഓര്‍മ്മപ്പെടുത്തല്‍ ഇവിടെ ചേര്‍ത്തു വായിക്കേണ്ടതാണ്.

പിശാച് മനുഷ്യന്‍റെ എതിരാളിയാണെന്ന് ഖുര്‍ആനും വാസ്തു ശാസ്ത്ര നിയമങ്ങള്‍ പാലിക്കാതിരുന്നാല്‍ ഉണ്ടായേക്കാവുന്ന വിപത്തുകളെ കുറിച്ച് പിശാചിന്‍റെ സില്‍ബന്ധികളായ ഹൈന്ദവ സഹോദരങ്ങളും മുന്നറിയിപ്പ് നല്‍കുന്ന സാഹചര്യത്തില്‍ ഇസ്‍ലാമിക വിരുദ്ധമല്ലാത്ത അത്തരം നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതു കൊണ്ട് എന്തു പ്രശ്നമാണുള്ളത് ? കൂടാതെ കന്നിമൂലയില്‍ ശൗചാലയം നിര്‍മ്മിച്ച പലര്‍ക്കും പലവിധ പ്രശ്നങ്ങളും നേരിടേണ്ടി വന്നതും സ്ഥലം മാറ്റി നിര്‍മ്മിച്ചപ്പോള്‍ അവയെല്ലാം നീങ്ങി സ്വാസ്ഥ്യം കിട്ടിയതിനുമെല്ലാം നിരവധി അനുഭവ സാക്ഷ്യങ്ങളുമുണ്ട്.

അനുഭവജ്ഞാനം അറിവിന്‍റെ ഉറവിടമായി തര്‍ക്കശാസ്ത്ര ഗ്രന്ഥങ്ങളിലും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളിലും നിദാനശാസ്ത്ര ഗ്രന്ഥങ്ങളിലും മറ്റും കാണാവുന്നതുമാണ്. ഇത്തരം വിശ്വാസയോഗ്യമായ അനുഭവങ്ങള്‍ ഉറപ്പു പോലും പകരാന്‍ പര്യാപ്തമായ ജ്ഞാന സ്രോതസ്സാണെന്ന്(التجربيات من اليقينيات)  വരെ പലയിടങ്ങളിലും കാണാന്‍ സാധിക്കുന്നതാണ്. ഒരു സത്യവിശ്വാസിക്ക് ഒരു മാളത്തില്‍ നിന്നു തന്നെ രണ്ടു പ്രാവശ്യം പാമ്പുകടിയേല്‍ക്കില്ലെന്ന വചനം അനുഭവത്തില്‍ നിന്ന് പാഠം പഠിച്ചേ തീരൂ എന്നാണല്ലോ നമ്മെ ഉത്ഭോധിപ്പിക്കുന്നത്.

വെല്ലുവിളിയെന്നോണം കന്നിമൂലയില്‍ ശൗചാലയ നിര്‍മ്മാണം നടത്തുകയും തുടരെത്തുടരെയുള്ള അപകടങ്ങള്‍ കാരണം സ്ഥലം മാറ്റം നടത്തുകയോ വീട് വില്‍ക്കുകയോ വരെ ചെയ്യേണ്ടി വരികയും ചെയ്ത പുത്തന്‍വാദികള്‍ കുറച്ചൊന്നുമല്ല. എന്നാല്‍ ഇത്തരം മനദണ്ഡങ്ങളൊന്നും പാലിക്കാതിരുന്നിട്ടും പ്രശ്നങ്ങളിലകപ്പെടാതെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവരുമുണ്ടല്ലോ എന്നു ചോദിക്കുന്നവരുണ്ട്. പലപ്പോഴും യാദൃശ്ചികമായി തച്ചുശാസ്ത്ര നിയമങ്ങളുമായി യോജിച്ചു വരുന്ന നിര്‍മ്മാണമാണ് അതിന്‍റെ കാരണങ്ങളിലൊന്നെന്ന് പറയേണ്ടി വരും. മറ്റൊന്ന്, മഹാന്‍മാരുടെ കാര്‍മ്മികത്വത്തില്‍ നിര്‍വ്വഹിക്കപ്പെട്ട നിര്‍മാണമാണെങ്കില്‍ അവരുടെ ആത്മീയ ശക്തി കൊണ്ട് പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടാനും സാധ്യതയുണ്ട്.

*വീട് വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍*

ഭൂമിയില്‍ മനുഷ്യ വാസത്തിന് യോഗ്യമല്ലാത്ത ചിലയിടങ്ങളുണ്ട്. മനുഷ്യരുടെ സൃഷ്ടിപ്പിനു മുമ്പേ സൃഷ്ടിക്കപ്പെട്ട ജിന്ന്, ശൈത്വാന്‍മാരും ഈ ഭൂമിയില്‍ തന്നെയാണല്ലോ വസിച്ചു പോകുന്നത്. നമ്മുടെ പ്രത്യക്ഷ ശത്രുവായ അവര്‍ തങ്ങളുടേതെന്ന് കരുതുന്ന ഭൂമിയാണ് നാം വീടു വെക്കാന്‍ തെരെഞ്ഞെടുക്കുന്നതെങ്കില്‍ അവര്‍ നമ്മെ ഉപദ്രവിക്കാന്‍ സാധ്യത കൂടുതലാണ്. അവരെ ആ സ്ഥലത്ത് നിന്ന് കെട്ടുകെട്ടിക്കാന്‍ കഴിവില്ലാത്ത പക്ഷം അത്തരം സ്ഥലങ്ങള്‍ ഉപേക്ഷിക്കുകയെന്നത് മാത്രമാണ് നമുക്ക് ചെയ്യാനാവുക.

സൂറത്തുന്നംലില്‍ ഇഫ്‍രീത്തിന്‍റെ ശക്തിയെ കുറിച്ച് പ്രതിപാദിച്ചതിനു ശേഷം കണ്ണുചിമ്മിത്തുറക്കുന്ന മാത്രയില്‍ സിംഹാസനം സ്ഥലത്തെത്തിച്ച ഒരു വലിയ്യിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അത്തരം മഹത് വ്യക്തികള്‍ക്കേ പിശാചുക്കളെ ഒറ്റയടിക്ക് തുരത്തിയോടിക്കാനും അവരുടെ ഉപദ്രവങ്ങളെ നിശ്പ്രയാസം തടയാനുമാവൂ.

ചുരുക്കത്തില്‍, ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചേടത്തോളം വീട് നിര്‍മ്മ‍ാണനിയമങ്ങള്‍ പാലിക്കുന്നതു തന്നെയാണ് അവന്‍റെ ആരോഗ്യത്തിന് ഗുണകരം. മഴ, വെയില്‍ തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളെ പരിഗണിച്ച്, രോഗാണുക്കള്‍, വിഷ ജന്തുക്കള്‍ തുടങ്ങിയവയൊക്കെ പരിഗണിച്ച് അവയെ പ്രതിരോധിക്കാന്‍ പ്രാപ്തമായ രീതിയില്‍ ഗൃഹനിര്‍മ്മാണം നിര്‍വ്വഹിക്കാറില്ലേ. എന്നാല്‍ നമ്മുടെ ആജന്‍മ ശത്രുവായ പിശാചിന്‍റെ അക്രമണ, ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ചില നിയമങ്ങള്‍ നമുക്കും പാലിച്ചു കൂടേ ?!

ഇനി വീട്, സ്ഥലം മുതലായവയുടെ ഗുണദോഷങ്ങളെ കുറിച്ച് പ്രമാണങ്ങള്‍ പരാമര്‍ശിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം. സൂറത്തുല്‍ ഇസ്റാഇല്‍ ബൈത്തുല്‍ മുഖദ്ദസ് കുടികൊള്ളുന്ന അതിന്‍റെ ചുറ്റുപാടും അനുഗ്രഹിക്കപ്പെട്ടിരിക്കുന്ന / ബറക്കത്ത് ചെയ്യപ്പെട്ടിരിക്കുന്ന എന്ന് പറഞ്ഞിട്ടുണ്ട്(സൂറത്തുല്‍ ഇസ്റാഅ് 1 ). സൂറത്തുല്‍ അഅ്റാഫ് 137, സൂറത്തുല്‍ അമ്പിയാഅ് 71, 81 തുടങ്ങിയവയിലും സമാന പരാമര്‍ശങ്ങള്‍ കാണാം.

എന്നാല്‍, ചില നാടുകളെയും പ്രദേശങ്ങളെയും കുറിച്ച് മോശമായും ചിലയിടങ്ങളില്‍ അല്ലാഹുവിന്‍റെ കോപവും ശിക്ഷയും ഇറങ്ങിയതായും പ്രമാണങ്ങളില്‍ കാണാനാവും. മാത്രമല്ല, യാത്രക്കിടയിലും മറ്റും അത്തരം സ്ഥലങ്ങള്‍ അതിവേഗം വിട്ടുകടക്കണമെന്ന് ഹദീസുകളിലുമുണ്ട്. അനസ് (റ) നിവേദനം ചെയ്ത ഹദീസ് ഇങ്ങിനെയാണ്; അന്‍സ്വാരികളില്‍ പെട്ട ഒരു വ്യക്തി പ്രവാചകനോട് പറഞ്ഞുഃ ഞങ്ങള്‍ ഒരു വീട്ടിലായിരുന്നു. അവിടെ ഞങ്ങള്‍ ഒത്തിരി പേരുണ്ടായിരുന്നു, ധാരാളം സമ്പത്തുമുണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ താമസം മാറിയപ്പോള്‍ ഞങ്ങളുടെ അംഗബലവും സാമ്പത്തിക ഭദ്രതയും കുറഞ്ഞു. ഇതു കേട്ട പ്രവാചകന്‍ (സ്വ) പറഞ്ഞുഃ നിങ്ങള്‍ നിന്ദ്യമായ നാടിനെ ഉപേക്ഷിച്ചു പോവുക. عن انس بن مالك قال جاء رجل من الانصار إلى رسول الله صلى الله عليه وسلم فقال يارسول الله انا كنا في دار كثير فيها عددنا وكثير فيها اموالنا ثم تحولنا إلى دار اخرى فقل فيها عددنا وقلت فيها اموالنا فقال رسول الله صلى الله عليه وسلم دعوها ذميمة SUNANUL KUBRA, BYHAQI. ഇതിനു സമാനമായി ഒരു അന്‍സ്വാരി സ്ത്രീയുമായി ബന്ധപ്പെട്ട സംഭവം അബ്ദുല്ലാഹിബ്നു ശദ്ദാദില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. عَنْ عَبْدِ اللَّهِ بْنِ شَدَّادِ بْنِ الْهَادِ : أَنَّ امْرَأَةً مِنَ الأَنْصَارِ قَالَتْ يَا رَسُولَ اللَّهِ سَكَنَّا دَارَنَا هَذِهِ وَنَحْنُ كَثِيرٌ فَهَلَكْنَا وَحَسَنٌ ذَاتُ بَيْنِنَا فَسَاءَتْ أَخْلاَقُنَا وَكَثُرَتْ أَمْوَالُنَا فَافْتَقَرْنَا فَقَالَ :« أَفَلاَ تَنْتَقِلُونَ عَنْهَا ذَمِيمَةً ». قَالَتْ : فَكَيْفَ نَصْنَعُ بِهَا يَا رَسُولَ اللَّهِ؟ قَالَ :« تَبِيعُونَهَا أَوْ تَهَبُونَهَا ». SUNANUL KUBRA, BYHAQI.

"ഒന്നിനു പിറകെ ഒന്നായി ആളുകള്‍ വന്നു താമസിക്കുകയും അവരെല്ലാം നശിക്കുകയും ചെയ്ത എത്ര വീടുകളാണ്" വീടിന്‍റെ അപശകുനത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ ഇമാം മാലിക് (റ) നല്‍കിയ ഈ മറുപടി ഇവിടെ വളരെയധികം പ്രസക്തമാണ്. قَالَ أَبُو دَاوُدَ قُرِئَ عَلَى الْحَارِثِ بْنِ مِسْكِينٍ وَأَنَا شَاهِدٌ أَخْبَرَكَ ابْنُ الْقَاسِمِ قَالَ سُئِلَ مَالِكٌ عَنِ الشُّؤْمِ فِى الْفَرَسِ وَالدَّارِ قَالَ كَمْ مِنْ دَارٍ سَكَنَهَا نَاسٌ فَهَلَكُوا ثُمَّ سَكَنَهَا آخَرُونَ فَهَلَكُوا فَهَذَا تَفْسِيرُهُ فِيمَا نَرَى وَاللَّهُ أَعْلَمُ. ഉപരിസൂചിതമായ വചനത്തിന് സമാനമായ ഹദീസുകളും പണ്ഡിത വാക്യങ്ങളും നിരവധിയുണ്ട്. താമസത്തിന് യോഗ്യമല്ലാത്ത സ്ഥല സാഹചര്യങ്ങളുണ്ടെന്ന് മനസ്സിലാക്കാന്‍ ഈ തെളിവുകള്‍ തന്നെ ധാരാളമാണ്. അതുകൊണ്ടു തന്നെ വീട് എടുക്കുന്നതിനു മുമ്പ് സ്ഥലസാഹചര്യങ്ങള്‍ വാസത്തിന് അനുയോജ്യമാണോ എന്ന് തീര്‍ച്ചയായും പരിശോധിക്കേണ്ടതാണ്. ഇനി, വീട് താമസയോഗ്യമല്ലെങ്കില്‍ അവിടുന്ന് മാറിത്താമസിക്കണമെന്നാണ് പ്രവാചകന്‍ (സ്വ)-യുടെ വാക്ക്.

ഇനി, ഇന്ന ഇന്ന ദോശങ്ങളെ കുറിച്ച് കൃത്യമായി ഹദീസുകളില്‍ പേരെടുത്ത് പറഞ്ഞിട്ടുണ്ടോ എന്ന് ചോദിക്കുന്നവരുണ്ടാവാം. ഭൗതികവും ഐഹികവുമായ എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായി പറഞ്ഞു തരിക പ്രവാചകന്‍റെ നിര്‍ബന്ധ ബാധ്യതയല്ല എന്നതാണ്. അതിനുള്ള ഉത്തരം. നിങ്ങള്‍ക്ക് ഇഹത്തില്‍ നന്‍മയായി ഭവിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് തന്നെയാണ് ഉത്തമ ജ്ഞാനമെന്ന മുസ്‍ലിമിലെ ഹദീസ് ഈ വസ്തുതയെ അടിവരയിടുന്നതാണ്.

മതപരമായ പ്രവാചകാധ്യാപനങ്ങള്‍ പിന്‍തുടരലിന്‍റെ അനിവാര്യത 38 - باب وجوب امتثال ما قاله شرعا دون ما ذكره صلى الله عليه و سلم من معايش الدنيا على سبيل الرأي (ഭൗതിക ജീവിതത്തെ കുറിച്ചുള്ള അഭിപ്രായപ്പെടലുകള്‍ പിന്തുടരുന്നതിനെ കുറിച്ചല്ല) എന്ന പേരിലുള്ള അധ്യായത്തില്‍ 'മുസ്‍ലിം'  പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട നിരവധി ഹദീസുകള്‍ ഉദ്ദരിക്കുന്നുണ്ട്. ഭൗതിക കാര്യങ്ങളെ കുറിച്ച് പറഞ്ഞിടത്ത് നിങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നതാണെങ്കില്‍ നിങ്ങള്‍ ചെയ്തോളൂ എന്ന് തിരുനബി (സ്വ) പറഞ്ഞത് നാമിവിടെ ചേര്‍ത്തു വായിക്കേണ്ടതുണ്ട്. أَنْتُمْ أَعْلَمُ بِمَا يُصْلِحُكُمْ فِي دُنْيَاكُمْ
عن رافع بن خديج - رضي الله عنه - قال: « قَدِمَ نبي الله -صلى الله عليه وسلم- المدينة - وهم يأبِرُون النخل - فقال: ما تَصْنَعُون؟ قالوا: كنا نَصْنَعُهُ. قال: لعلكم لو لم تفعلوا لكان خيرا. فتركوه. فَنَفَضَتْ -أو قال: فنقصت- قال: فَذُكِرَ ذلك له. فقال: إنما أنا بَشَر. إِذا أمَرْتُكُمْ بشيء من دينكم فخذوا به، وإِذا أمرتكم بشيء من رأيي فإنما أنا بشر». أخرجه مسلم.

മതപരവും ആത്മീയവുമായ മുഴുവന്‍ കാര്യങ്ങളും തിരുനബി (സ്വ) നമ്മെ ഉദ്ബോധിപ്പിച്ചിട്ടുണ്ട് താനും. "ഇന്ന് ഞാന്‍ നിങ്ങളുടെ ദീന്‍ (മതം) പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു"വെന്ന ഖുര്‍ആന്‍ വാക്യം അതിനു സാക്ഷിയാണ്.  ഇനിയും കന്നിമൂലയെ കുറിച്ചും മറ്റും ഹദീസിലുണ്ടോ എന്ന് ചോദിക്കുന്നവര്‍ മുസ്‍ലിമിലും മറ്റുള്ള മേല്‍പറഞ്ഞ അധ്യായങ്ങള്‍ മനസ്സിരുത്തി പഠിക്കണം എന്നേ പറയാനുള്ളൂ.
മറ്റു നാടുകളോട്/പ്രദേശങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ വാസ്തു സംബന്ധിയായ പ്രശ്നങ്ങള്‍ ധാരാളമാണ്. നമ്മുടെ രാഷ്ട്രം ഹൈന്ദവ / ഇസ്‍ലാമേതര സംസ്കാരങ്ങളുടെ കളിത്തൊട്ടിലായിരുന്നതിനാല്‍ തന്നെ ഇവിടെ ക്ഷേത്ര, പ്രതിഷ്ഠകള്‍ ധാരാളമുണ്ടെന്നതും പൈശാചിക ബാധക്ക് സാധ്യതയേറെയുള്ളതാണെന്നതും തന്നെയാണ് അതിനു കാരണം.

നമ്മുടെ മുന്‍ഗാമികളായ പണ്ഡിത ശ്രേഷ്ഠരും മഹത്‍വ്യക്തികളും വീട്, സ്ഥല നിര്‍ണ്ണയത്തെ എതിര്‍ത്തിരുന്നില്ല എന്നതു തന്നെ ഈ നിയമങ്ങള്‍ പാലിക്കപ്പെടേണ്ടതാണെന്നതിലേക്കുള്ള സൂചനയാണ്. അജ്ഞത കൊണ്ടാണെങ്കിലും പുതിയ കാലത്ത് ചില പ്രഭാഷകര്‍ ഈ നടപ്പു ശീലത്തെ എതിര്‍ക്കുന്നുവെന്നത് പൊതുജനങ്ങളെ ചെറുതായൊന്നുമല്ല ചതിക്കുഴിയില്‍ വീഴ്ത്തുന്നത്. നന്‍മ തിന്‍മകള്‍ വിവേചിച്ചറിയാനും സന്‍മാര്‍ഗ്ഗങ്ങള്‍ പിന്‍തുടരാനും നാഥന്‍ തുണക്കട്ടെ.

ഇനി ഇത്തരം വസ്തുതകളെ പരോക്ഷമായി അംഗീകരിക്കുന്ന ചിലയാളുകള്‍ വാസ്തു സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദൈവസ്മരണ/ ദിക്റുകള്‍ പതിവാക്കിയാല്‍ മതിയെന്ന് പറയുന്നുണ്ട്. നിബന്ധനയോടെ, മനസ്സാന്നിധ്യത്തോടെയുള്ള ദിക്റുകള്‍ക്ക് ഇവയെ ചെറുത്തു തോല്‍പ്പിക്കാനാവില്ലെന്ന് പറയാനാവില്ല. എന്നാല്‍ എല്ലാവരും ദിക്റ് പതിവാക്കുന്നവരാണോ ? ദിക്റിനെ കുറിച്ച് ബോധവാന്‍മാരാണെങ്കില്‍ കൂടി അവ സ്വീകാര്യമായാലല്ലേ ഉദ്ദേശ്യം സഫലമാവുകയുള്ളൂ ? മാത്രമല്ല, കൊച്ചു കുട്ടികളും മറ്റും ദിക്റുകള്‍ നിത്യമാക്കാറുണ്ടോ ?

മറ്റൊരു കാര്യം, മേലുദ്ദരിക്കപ്പെട്ട ഹദീസുകളില്‍ പ്രതിവിധിയായി ദിക്റുകള്‍ നല്‍കുകയല്ല മറിച്ച് വീട് മാറിപ്പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു പ്രവാചകന്‍ സ്വീകരിച്ച രീതി എന്നത് നാം ശ്രദ്ധിക്കേണ്ടതുണ്ട്. കാലാവസ്ഥാ പ്രതിഭാസങ്ങള്‍, രോഗാണുക്കള്‍ തുടങ്ങിയവയെ മുഖവിലക്കെടുക്കുന്നവര്‍ക്ക് പൈശാചിക ഉപദ്രവത്തെ മാത്രം അംഗീകരിക്കാനാവാത്തതിന്‍റെ ചേതോവികാരം എന്താണ് ? സ്വന്തം നാടുകളില്‍ തന്നെ ഇത്തരം ഉപദ്രവങ്ങളുടെ ഒത്തിരി നേര്‍സാക്ഷ്യമുള്ളപ്പോള്‍ ഇനിയും കിതാബുകളില്‍ തെളിവുണ്ടോ എന്ന് ആശങ്കപ്പെടുന്നതിന്‍റെ സാംഗത്യമെന്താണ് ? അല്ല, ഇനി അതും രോഗാണുക്കളുടെ ഉപദ്രവമാണെന്ന് പറഞ്ഞു കളയുമോ ?

പൂര്‍വ്വസൂരികളായ ശൈഖുനാ ശംസുല്‍ ഉലമ അടക്കമുള്ള പല മഹാന്‍മാരും പണ്ഡിത ശ്രേഷ്ഠരും കൂടാതെ വീടിന്‍റെയും സ്ഥലത്തിന്‍റെയും ദോഷമുള്ളിടത്ത് നിന്ന് മാറിത്താമസിക്കാന്‍ പറഞ്ഞതിന്ന് നിരവധി തെളിവുകളുണ്ട്.

ഡോ. മുസ്തഫ ദാരിമി കരിപ്പൂര്‍
 ( പ്രൊഫസര്‍ ജാമിഅ യമാനിയ്യ )

Visit : *https://musthafadarimikaripur.blogspot.in*

FaceBook : *https://www.facebook.com/musthafa.darimi.karipur*

6 comments:

  1. വിവരമില്ലാത്തവർ ബ്ലോഗ് എഴുതാൻ നിൽക്കരുത്

    ReplyDelete
    Replies
    1. ഇത്ര നന്നായി വിശദീകരിച്ച് തന്നിട്ടും മനസ്സിലാക്കാനുള്ള വിവരം ഇല്ലല്ലോ.
      കഷ്ടം

      Delete
  2. എന്ത് ഊളത്തരമാണടോ ഇത്

    ReplyDelete
    Replies
    1. ചോറ് തിന്നുന്ന ബുദ്ധിയുണ്ടെങ്കിൽ അതെങ്കിലും ഉപയോഗിച്ചെന്ന് വായിച്ച് മനസ്സിലാക്ക്

      Delete
  3. വിവരദോഷികളായ നിങ്ങേളേ പോലുള്ള കള്ളക്കാഫിറുകളാണ്വ ജനങ്ങെളെ വഴി തെറ്റിക്കുന്നത്
    തെമ്മാടികൾ

    ReplyDelete
    Replies
    1. ഇത്രയൊക്കെ വായിച്ചിട്ടും മനസ്സിലായില്ലെങ്കിൽ വിവരദോഷി ആരാണെന്ന് വ്യക്തമായിട്ടുണ്ട്

      Delete

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....