Tuesday, April 17, 2018

ഖുതുബ പരിഭാഷ റാബിതയുടെ മറുപടി●


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


ഖുതുബ പരിഭാഷ റാബിതയുടെ മറുപടി● 0 

ഒടുവില്‍ സമസ്തക്ക് റാബിത മറുപടി നല്‍കി. അഥവാ മറുപടിയെന്ന പേരില്‍ ഒരു കുറിപ്പയച്ചു. ഹിജ്റ 1359 റമളാനില്‍ റാബിതതുല്‍ ആലമില്‍ ഇസ്ലാമി എന്ന സംഘടന മക്കയില്‍ വെച്ചു നടത്തിയ മസ്ജിദ് കോണ്‍ഫറന്‍സില്‍ പാസാക്കിയ ഖുതുബ പ്രമേയമാണ് മറുപടിക്കാധാരമായത്. അനറബി നാടുകളില്‍ ആമുഖവും റുക്നുകളും അറബിയില്‍ മതിയെന്നും വിഷയം പ്രാദേശിക ഭാഷയിലാക്കല്‍ നിര്‍ബന്ധമാണെന്നുമായിരുന്നു അവര്‍ പാസാക്കിയ പ്രമേയത്തിന്റെ ഉള്ളടക്കം. ഇതിന് പ്രമാണം ആവശ്യപ്പെട്ടാണ് സമസ്ത അവര്‍ക്കു കത്തയച്ചത്. ഒന്നാമത്തെ കത്തിന് മറുപടി കാണാതിരുന്നപ്പോള്‍ രണ്ടാമത് രജിസ്ത്രായി അയച്ചു.
സമസ്ത ഇത്രകൂടി ആരാഞ്ഞു: അര്‍കാനില്‍പ്പെടാത്ത ആമുഖമേതാണ്? അര്‍കാനിന്റെ പുറത്തുള്ള വിഷയമേതാണ്? പ്രാദേശിക ഭാഷയിലാവല്‍ നിര്‍ബന്ധമാണെന്നതിന്റെ തെളിവെന്താണ്?
ഇത്രയും ഗൗരവമുള്ള ചോദ്യത്തിന്, പതിമൂന്ന് നൂറ്റാണ്ടിന്റെ ലോകമുസ്‌ലിം പാരമ്പര്യം പൊളിച്ചടുക്കുന്ന തരത്തിലുള്ള ഒരു ബിദ്അത്തിന്, പ്രവാചകര്‍(സ്വ)യുടെയോ സ്വഹാബത്തിന്റെയോ പൂര്‍വകാലക്കാരുടെയോ മാതൃകയില്ലാത്ത പുത്തന്‍ ആചാരത്തിന് തുടക്കമിട്ടത് ചോദ്യം ചെയ്ത ആദര്‍ശ പ്രസ്ഥാനത്തിന് റാബിത നല്‍കിയ മറുപടി ഏറെ നിരുത്തരവാദപരമായിരുന്നു. റാബിത നല്‍കിയ മറുപടി ഉള്‍പ്പെടുത്തി 1976 ജനുവരി രണ്ടിന് സുന്നി ടൈംസ് എഡിറ്റോറിയലെഴുതി:
““സമസ്ത ചോദിച്ച വിശദീകരണത്തിന് നല്‍കിയ മറുപടി രസാവഹമാണ്. “ഖുതുബയിലെ വിഷയം സദസ്യര്‍ക്ക് മനസ്സിലാക്കാന്‍ വേണ്ടിയാണ് പ്രാദേശിക ഭാഷയിലാകണമെന്ന് തീരുമാനിച്ചത്.’’ റാബിതയുടെ മറുപടിയുടെ ചുരുക്കമാണിത്. പിന്നെ അവിടെ നടന്ന പരിപാടിയുടെ വിശദമായ ഒരു റിപ്പോര്‍ട്ടും അയച്ചു തന്നിരിക്കുന്നു. സമസ്തയുടെ ചോദ്യത്തിന് യാതൊരു മറുപടിയും ആയില്ലെന്നും അവിടെ സംബന്ധിച്ചവരെല്ലാം ചേര്‍ന്ന് ഒരു തീരുമാനമെടുത്തുവെന്ന് മാത്രമാണ് റാബിത അറിയിച്ചതെന്നും മേല്‍പറഞ്ഞതില്‍ നിന്നു വ്യക്തമായല്ലോ. കുറെ ആളുകള്‍ ചേര്‍ന്ന് തീരുമാനമുണ്ടാക്കി അതിന് നിയമമെന്ന പേരും നല്‍കി നടപ്പില്‍ വരുത്താവതല്ല ഇസ്ലാമിക നിയമങ്ങള്‍. അതിന് അടിസ്ഥാനപരമായ ചില ലക്ഷ്യങ്ങളുണ്ട്. അവയുടെ അടിസ്ഥാനത്തില്‍ മാത്രമേ നിയമങ്ങള്‍ നിയമങ്ങളാകുകയുള്ളൂ.
തമാശ വേറെയുമുണ്ട്. അബുല്‍ ഹസന്‍ അലി നദ്വി ഇന്ത്യയില്‍ നിന്നുള്ള ഒരു റാബിത മെമ്പറാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇയ്യിടെ ലക്നോവില്‍ നടന്ന നദ്വത്തിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഈജിപ്തിന്റെ ഗ്രാന്‍റ് മുഫ്തി ഡോ. അബ്ദുല്‍ ഹലീം ജുമുഅ ഖുതുബ അറബിയില്‍ നടത്തി. സദസ്യര്‍ ഭൂരിപക്ഷവും അറബി ഭാഷ അറിയാത്തവരായിരുന്നു. അറബിയല്ലാത്ത നാടാണ് ഇന്ത്യ എന്നത് പറയേണ്ടതുമില്ല. റാബിത പ്രമേയമനുസരിച്ച് അവിടെ ചെയ്തത് കുറ്റകരമാണ്. റാബിത മെമ്പര്‍മാര്‍ തന്നെ അതിന്റെ പ്രമേയത്തെ പ്രാവര്‍ത്തികമാക്കുന്നില്ലെന്നര്‍ത്ഥം.
അബ്ദുല്‍ ഹലീമായിരുന്നു ലക്നോവില്‍ ഖുതുബ നിര്‍വഹിച്ചത്. അതുകൊണ്ടാണ് അവിടെ അറബിയില്‍ ഖുതുബ നിര്‍വഹിച്ചത് എന്ന് ഒരുപക്ഷേ ചിലര്‍ പറഞ്ഞേക്കാം. കുറച്ചുമുന്പ് മൗദൂദികളുടെ ഡല്‍ഹി സമ്മേളന ദിവസങ്ങളില്‍ ജുമുഅ ഖുതുബ അറബിയില്‍ നിര്‍വഹിക്കപ്പെട്ടതിനെ ന്യായീകരിച്ചുകൊണ്ട് അവര്‍ പറഞ്ഞു: ഖതീബ് വിശിഷ്ടാതിഥിയായിരുന്നു, അദ്ദേഹം അറബിയായിരുന്നു എന്ന്. മൗദൂദികളുടെ ഇന്ത്യ അമീറും റാബിത മെമ്പറുമാണ്. ലക്നോവിലെയും ഡല്‍ഹിയിലെയും പ്രവര്‍ത്തനം തെളിയിക്കുന്നത് ഖതീബിന്റെ നിലയനുസരിച്ചാണ് ഖുതുബ നിര്‍വഹിക്കേണ്ടത് എന്നാണ്. അതായത് ഖതീബ് അറബിയാണെങ്കില്‍ ഖുതുബയും അറബി ഭാഷയില്‍, സദസ്യരെപ്പറ്റി അവിടെ നോട്ടമില്ല. അവര്‍ക്ക് മനസ്സിലായാലും ഇല്ലെങ്കിലും. റാബിത പ്രമേയവും ഇതും തമ്മില്‍ വല്ല ബന്ധവുമുണ്ടോ?
ചുരുക്കത്തില്‍ റാബിതയിലെ മെമ്പര്‍മാര്‍ക്ക് തന്നെ വിശ്വാസമില്ലാത്ത കാര്യമാണ് പ്രമേയരൂപത്തില്‍ മസ്ജിദ് കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ടത്. തെളിവൊന്നുമില്ലാതെ കുറച്ച് ആളുകള്‍ സംഘം ചേര്‍ന്ന് ഇസ്ലാമിക നിയമം നിര്‍മിച്ചാല്‍ അങ്ങനെയാണ് സംഭവിക്കുക. അതുകൊണ്ട് റാബിത പ്രമേയം എന്നു പറഞ്ഞ് പ്രചാരണം നടത്താനൊന്നും അതു വലുതല്ല. അതുകേട്ട് ഭയപ്പെടുന്നവരുമല്ല കേരളത്തിലെ പണ്ഡിതന്മാരും അവരെ അനുസരിക്കുന്ന ബഹുജനങ്ങളും. ഇത് മനസ്സിലാക്കാന്‍ കഴിയാത്ത വിധം കണ്ണ് ചിമ്മിയിട്ട് ഫലമില്ല. ഏഷണിയും ഭീഷണിയും കൊണ്ട് ഒരു പുത്തനാശയം പ്രചരിപ്പിക്കാമെന്ന വ്യാമോഹം കയ്യൊഴിയലാണ് ആര്‍ക്കായാലും ഉത്തമം.’’‘’
എന്നാല്‍ റാബിതക്ക് വിശദീകരണവും പ്രമാണവും ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ലെന്നും അത് അനാദരവാണെന്നും പറഞ്ഞ് ഒരുകൂട്ടര്‍ രംഗത്തുവന്നു. അവരെയും എഡിറ്റോറിയല്‍ കശക്കുന്നുണ്ട്:
“ഇത്തരമൊരു വിശദീകരണം ചോദിച്ചതുതന്നെ സമസ്ത ചെയ്ത തെറ്റാണെന്ന് പറയുന്ന ചില സമസ്ത വിരോധികളുണ്ട്പോല്‍. പുത്തന്‍ വാദക്കാര്‍ ഉന്നയിക്കാറുള്ള ചില വാദഗതികളെ പറ്റി ചര്‍ച്ചാക്ലാസ് നടത്തിയപ്പോഴും കേമ്പുകള്‍ സംഘടിച്ചപ്പോഴും സമസ്തയെ വിമര്‍ശിച്ചുവരുന്നവര്‍. സമസ്തയെ വിമര്‍ശിക്കണം, അതുമാത്രമാണവരുടെ ലക്ഷ്യം. അതിന് ചിരിപ്പിക്കുന്ന ചില കാരണങ്ങള്‍ പറഞ്ഞു സമസ്തയെ വിമര്‍ശിക്കുമ്പോള്‍ സ്വയം വിഡ്ഢികളാകുന്നതിനെക്കുറിച്ച് അവര്‍ ചിന്തിക്കാറില്ല. സമസ്തയെ പൊളിക്കാന്‍ സംഘടനയുണ്ടാക്കുന്ന തിരക്കിലാണവരിപ്പോള്‍.’’
ഏതായാലും റാബിതക്ക് പുതിയ കണ്ടുപിടുത്തത്തിന് തെളിവൊന്നുമില്ലെന്നും വെറും യുക്തിവാദമാണ് പ്രമാണമെന്നും വ്യക്തമായി. ഖുതുബയുടെ പ്രാദേശിക ഭാഷാവത്കരണമെന്ന വാദത്തിന് ആഗോളതലത്തില്‍ തന്നെ അതോടെ കൂമ്പടഞ്ഞു.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....