Monday, March 19, 2018

തബ്ലീഗിസം ബിദ്അത്ത് പ്രചാരണത്തിന്റെ വളഞ്ഞവഴി


തബ്ലീഗിസം ബിദ്അത്ത് പ്രചാരണത്തിന്റെ വളഞ്ഞവഴി●
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ചരിത്രത്തിലിന്നോളം മുസ്‌ലിം സമൂഹം നിര്‍വഹിക്കുന്ന പുണ്യപ്രവൃത്തിയാണ് പ്രവാചകര്‍(സ്വ)യുടെ ജന്മദിനാഘോഷവും മൗലിദ് പാരായണങ്ങളും. പൂര്‍വിക മഹാന്മാര്‍ ഇവയുടെ ആധികാരികത അന്യത്ര വിശദീകരിച്ചിട്ടുണ്ട്. ബിദ്അത്ത് ബാധിച്ചവരില്‍ കണ്ടുവരുന്ന ഒരു പൊതു രോഗമാണ് നബി(സ്വ)യുമായി ബന്ധപ്പെട്ട, അവിടുത്തെ മഹത്ത്വങ്ങള്‍ പ്രചരിക്കാന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശിക്കുക എന്നത്. തബ്ലീഗുകാരും ഈ മതവിരുദ്ധതയില്‍ കക്ഷിചേരുന്നതിന് നിരവധി തെളിവുകളുണ്ട്. അങ്ങനെ ഈ രംഗത്തു കൂടി അവര്‍ ബിദ്അത്തിന്റെ നേര്‍പതിപ്പാണെന്നു വ്യക്തമാവുന്നു.
മൗലിദില്‍ കെട്ടുകഥകളും മറ്റും ഉണ്ടായത് കൊണ്ടാണ് വിമര്‍ശിക്കുന്നതെന്ന് ചിലര്‍ വിശദീകരിക്കാറുണ്ട്. അംഗീകൃത മൗലിദുകളില്‍ കെട്ടുകഥകളുണ്ടെന്നതു തന്നെ പരമാബദ്ധമാണ്. എന്നാല്‍ ശരിയായാല്‍ പോലും പാരായണം പറ്റില്ലെന്ന് റശീദ് അഹ്മദ് ഗംഗോഹി വ്യക്തമാക്കിയിട്ടുണ്ട്. ഒരു കുഴപ്പവുമില്ലാത്ത സ്വഹീഹായ മൗലിദുകള്‍ തന്നെയും നിഷിദ്ധമാണത്രെ! ഇത് കാണുക: “ചോദ്യം: മൗലിദിന്നിടയില്‍ നില്‍ക്കാതെ സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ മാത്രം വായിച്ച്കൊണ്ടുള്ള മൗലിദില്‍ പങ്കെടുക്കാമോ? ഉത്തരം: ഏത് രൂപത്തിലായാലും മൗലിദ് സദസ്സുകള്‍ സംഘടിപ്പിക്കല്‍ വിരോധിക്കപ്പെട്ടതാണ്’’ (ഫതാവാ റശീദിയ്യ പേ.130)

മറ്റൊരു ഫത്വകാണുക: കെട്ടുകഥകളൊന്നുമില്ലാത്ത, സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ മാത്രം അവലംബിച്ച് നടത്തുന്ന മൗലിദ് സദസ്സില്‍ പങ്കെടുക്കലുംപലകാരണങ്ങളാല്‍ അനുവദനീയമല്ല’ (ഫതാവാ റശീദിയ്യ പേ.131)

തിരുനബി(സ)യോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള മൗലിദുകളും മൗലിദ് സദസ്സുകളും ഇവര്‍ക്ക് പുച്ഛം. ഇതു തന്നെയാണ് ബിദ്അത്തുകാരുടെ പൊതുരീതി.
നബിദിനാഘോഷം ബിദ്അത്ത്
വിശുദ്ധറബീഇന്റെ പൊന്നമ്പിളി വാനില്‍ പ്രത്യക്ഷപ്പെടുമ്പോഴേക്കും വിശ്വാസി മാനസങ്ങളില്‍ സന്തോഷം ഉയരുകയായി. പക്ഷേ; പ്രവാചക സ്നേഹം ഹൃദയാന്തരങ്ങളില്‍ ഇല്ലാത്തവരുടെ പ്രഖ്യാപനം ശ്രദ്ധിക്കൂ: “റബീഉല്‍ അവ്വലില്‍ നബിദിനമാഘോഷിക്കുക, നബിദിനാഘോഷ സദസ്സില്‍ നബി(സ്വ)യുടെ ജന്മം പരാമര്‍ശിക്കപ്പെടുമ്പോള്‍ അവിടുത്തെ ആത്മാവ് സന്നിഹിതമായിട്ടുണ്ടെന്ന വിശ്വാസത്തോടെ എഴുന്നേറ്റ് നില്‍ക്കുക. റബീഉല്‍ ആഖിര്‍ പതിനൊന്ന് (ഗൗസുല്‍ അഅ്ളമിന്റെ ആണ്ട്) കൊണ്ടാടുക… ഈ കാര്യങ്ങളും ഇത് പോലുള്ള ആയിരക്കണക്കിന് കാര്യങ്ങളും ദീനീവിരുദ്ധമാണ്’ (തഖ്വിയതുല്‍ ഈമാന്‍ പേ.92).
ലോകപണ്ഡിതര്‍ മുഴുക്കെ സുന്നത്താണെന്ന് പ്രഖ്യാപിച്ച നബിദിനാഘോഷം ഇവര്‍ക്ക് ദീനീവിരുദ്ധം. മറ്റു ആയിരക്കണക്കിന് കാര്യങ്ങളും തനി നിഷിദ്ധം. ഈ കൊട്ടക്കണക്കില്‍ പെടുന്നത് സുന്നികളും ബിദ്അത്തുകാരും തമ്മില്‍ തര്‍ക്കത്തിലിരിക്കുന്നവയാണ്. എന്നിട്ടും തബ്ലീഗുകാരുടെ കുഴപ്പം മനസ്സിലായില്ലെന്ന് നടിക്കരുത്.
നബി(സ്വ)യെ ചിന്തിച്ച് പോകരുത്
തിരുനബി(സ്വ)യോടുള്ള തബ്ലീഗുകാരുടെ അമര്‍ശം അതി ശക്തമായിത്തന്നെ പ്രചരിപ്പിക്കുകയാണ് ഇസ്മാഈല്‍ ദഹ്ലവി. അദ്ദേഹം പറയുന്നത് നോക്കൂ: “ശൈഖിനെയോ മഹത്തുക്കളെയോ നിസ്കാരത്തില്‍ ഓര്‍ക്കുന്നത് വ്യഭിചരിക്കുന്നുവെന്ന് ചിന്തിക്കുന്നതിലും മോശമാണ് നബി(സ്വ)യെയാണ് ചിന്തിക്കുന്നതെങ്കില്‍ പോലുംകഴുതയെയോ കാളയെയോ ഓര്‍ക്കുന്നത് ഇതിനേക്കാള്‍ ഉചിതമാണ്. കാരണം ബഹുമാനത്തോടെയുള്ള ഓര്‍ക്കല്‍ ശിര്‍ക്കിലേക്ക് നയിക്കും. കഴുതയെയും കാളയെയും സംബന്ധിച്ചുള്ള ചിന്ത അപ്രകാരമല്ല, നിന്ദ്യതയോട് കൂടിയായിരിക്കും’’ (സ്വിറാതുല്‍ മുസ്തഖീം പേ.97). അത്തഹിയ്യാത്തിലെ “അയ്യുഹന്നബിയ്യു’’വിനെയാണ് ഇയാള്‍ ഭര്‍ത്സിക്കുന്നത്.
മുത്ത് നബി(സ്വ) ഇവരുടെ ശിഷ്യനോ?
തിരുനബി(സ്വ) തബ്ലീഗ് മൗലാനമാരുടെ ശിഷ്യനാണെന്ന് അന്പേട്ടവി തന്റെ ബറാഹീനെ ഖാതിഅയില്‍ രേഖപ്പെടുത്തുന്നു: “സദ്വൃത്തനായ ഒരാള്‍ നബി(സ്വ)യെ സ്വപ്നത്തില്‍ ദര്‍ശിച്ചു. നബി(സ്വ) ഉറുദുവില്‍ പലകാര്യങ്ങളും സംസാരിക്കുന്നത് കേട്ടപ്പോള്‍ അദ്ദേഹം ചോദിച്ചു. അങ്ങ് ശരിയായ അറബിയായിരിക്കേ എങ്ങനെയാണ് ഈ ഭാഷ സംസാരിക്കുന്നത്? തിരു നബി(സ) പ്രതികരിച്ചു. ദയൂബന്ദ് മദ്റസയിലെ പണ്ഡിതരുമായി ബന്ധപ്പെട്ട് തുടങ്ങിയപ്പോള്‍ എനിക്ക് ഈ ഭാഷ വശമായി’’ (ബറാഹീനെ ഖാത്വിഅ പേ.30).
തിരുനബി(സ്വ)ക്ക് എല്ലാഭാഷയും പരിജ്ഞാനമുണ്ടെന്ന് ഖുര്‍ആന്‍ ആയതുദ്ധരിച്ച് ഇമാം ഇബ്നുഹജരില്‍ അസ്ഖലാനി(റ) തന്റെ ഫത്ഹുല്‍ ബാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉറുദു പരിജ്ഞാനം പക്ഷേ, തബ്ലീഗ് മൗലാനമാരില്‍ നിന്ന് നേടിയെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. ധിക്കാരം അല്ലാതെയെന്ത്.
മുസ്‌ലിംകള്‍ ബഹുദൈവ വിശ്വാസികള്‍
അല്ലാഹുവിന്റെ വലിയ്യെന്ന് തബ്ലീഗുകാര്‍ വിശേഷിപ്പിച്ച ഇസ്മാഈല്‍ ദഹ്ലവി പറയുന്നു: ഇന്ത്യയിലെ ബഹുദൈവാരാധകര്‍ അവരുടെ ദേവന്‍മാരോട് വെച്ചുപുലര്‍ത്തുന്ന വിശ്വാസം തന്നെയാണ് അമ്പിയാക്കള്‍, ഔലിയാക്കള്‍, ശുഹദാക്കള്‍… എന്നിവരോട് മുസ്‌ലിംകള്‍ സ്വീകരിച്ചത്. അവരെ ചാണോട് ചാണും മുഴത്തിന് മുഴവുമായി ഈ വിഭാഗം പൂര്‍ണ്ണമായും പിന്തുടര്‍ന്നു’(രിസാലത്തുത്തൗഹീദ് പേ.51).
ദേവിദേവന്‍മാര്‍ക്ക് പകരം അമ്പിയാക്കളെയും ഔലിയാക്കളെയും പ്രതിഷ്ഠിച്ചവരാണ് മുസ്‌ലിംകളത്രെ. നജ്ദിയന്‍ തൗഹീദിന്റെ പ്രചാരണത്തിനു വേണ്ടിയുള്ള കപടവേഷധാരികളാണ് തബ്ലീഗുകാരെന്ന് ഈ വാചകവും തെളിയിക്കുന്നു.
അബൂജഹലിനുതുല്യം
ലോകമുസ്‌ലിംകളെ മതത്തിന് പുറത്ത് നിറുത്തുകയാണ് ഇസ്മാഈല്‍ ദഹ്ലവി. അദ്ദേഹത്തിന്റെ വാക്കുകള്‍: തിരുനബി(സ)യുടെ കാലത്തുണ്ടായിരുന്ന കുഫ്ഫാറുകള്‍ അവരുടെ ആരാധ്യരും അല്ലാഹുവും സമന്‍മാരാണെന്ന് ഒരിക്കലും വാദിച്ചിരുന്നില്ല. മറിച്ച്, അവരെല്ലാം അവന്റെ സൃഷ്ടികളും അടിമകളും മാത്രമായിരുന്നു എന്ന് അംഗീകരിക്കുന്നവരായിരുന്നു. അവരെ വിളിച്ചു, നേര്‍ച്ചകള്‍ നേര്‍ന്നു, ശിപാര്‍ശകരാക്കി ഇതെല്ലാമാണ് അവര്‍ ചെയ്തത്. ഇപ്രകാരം ആരുചെയ്താലും അവരും അബൂജഹലും ബഹുദൈവാരാധനയില്‍ തുല്യരാണ്’(രിസാലത്തുത്തൗഹീദ് പേ.54).
ഇസ്ലാമിക ചരിത്ര പാരമ്പര്യത്തെയും പ്രമാണങ്ങളെയും അവഗണിച്ച് വിശ്വാസികളെ ശിര്‍ക്കുകാരാക്കാനുള്ള ഹീനശ്രമം. ഈ അതിക്രമം സാധിപ്പിച്ചെടുക്കാന്‍ റസൂലിന്റെ കൊടിയ ശത്രു അബൂജഹ്ലിനെ വരെ ന്യായീകരിക്കുന്നു. മക്കാ മുശ്രിക്കുകളെ തൗഹീദുകാരും ലോക മുസ്‌ലിംകളെ ശിര്‍ക്കുകാരുമാക്കുന്ന മുജാഹിദ് രീതിയുടെ തനിയാവര്‍ത്തനം. നിസ്കരിപ്പിക്കലിന്റെ മേന്പൊടിയില്‍ ഇത്തരം കാപട്യങ്ങള്‍ ഒളിപ്പിച്ചു വെക്കാനാവില്ല തന്നെ.
ഇസ്തിഗാസക്കെതിരെ
ഇന്ത്യയില്‍ ബിദ്അത്ത് നട്ടുപിടിപ്പിച്ച ഇസ്മാഈല്‍ ദഹ്ലവി പറയുന്നു: “ജനങ്ങള്‍ക്കിടയില്‍ യാ ശൈഖ് അബ്ദല്‍ഖാദിര്‍ ജീലാനീ ശൈഅന്‍ ലില്ലാഹ് (ശൈഖവര്‍കളേ, അല്ലാഹു മുഖേന ഞങ്ങളെ സഹായിക്കൂ) എന്ന വാചകം പ്രസിദ്ധമാണ്. ഇത് പരസ്യമായ ശിര്‍ക്കാണ്. ഇതില്‍ നിന്നും മുസ്‌ലിംകളെ അല്ലാഹു രക്ഷിക്കട്ടെ’(തഖ്വിയതുല്‍ ഈമാന്‍ പേ.68, രിസാലത്തുതൗഹീദ് പേ.161).
മുസ്‌ലിം സമൂദായത്തെ ഇവരുടെ ഫിത്നയിയില്‍ നിന്നും അല്ലാഹു രക്ഷിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
വിളികേള്‍ക്കുമെന്ന് കരുതിയാല്‍
ഇസ്മാഇല്‍ ദഹ്ലവി തുടരുന്നു: “മഹാന്മാരെ ദൂരേ നിന്നും വിളിച്ച് തങ്ങളുടെ ആഗ്രഹ സഫലീകരണത്തിന് അങ്ങു പ്രാര്‍ത്ഥിക്കണമെന്ന് പറയുന്നത് ശിര്‍ക്കാണ്. ഇവിടെ ആവശ്യ പൂര്‍ത്തീകരണത്തിന് അല്ലാഹുവിനോട് മാത്രമാണ് പ്രാര്‍ത്ഥിച്ചതെങ്കിലും മഹത്തുക്കളെ വിളിച്ചതിലൂടെ ശിര്‍ക്ക് സംഭവിച്ചു’’ (തഖ്വിയതുല്‍ ഈമാന്‍ പേ.32, രിസാലത്തുത്തൗഹീദ് പേ.105)
മഹത്തുക്കള്‍ക്ക് അല്ലാഹു നല്‍കുന്ന കേള്‍വിക്കും കാഴ്ചക്കും പരിധി നിശ്ചയിക്കാവതല്ല. മദീനയിലെ മിമ്പറില്‍ നിന്നും ഉമര്‍(റ) നല്‍കിയ “പര്‍വ്വതത്തിന്റെ പിന്നിലുള്ള ശത്രുക്കളെ സൂക്ഷിക്കുക’’ എന്ന നിര്‍ദേശം നഹാവന്ദിലെ സാരിയ(റ) കട്ടത് പ്രസിദ്ധമാണ്. അതിവിദൂരതയില്‍ നിന്നുള്ള ദൃശ്യം ഖലീഫ(റ) കണ്ടതും സാരിയ(റ) കേട്ടതും ഇതില്‍ നിന്നു വ്യക്തം. മറ്റനവധി രേഖകളും ഇതു തെളിയിക്കുന്നു. അവ വിശദീകരിക്കുക ഇവിടെ ലക്ഷ്യമല്ലാത്തതിനാല്‍ മറ്റൊരു കാര്യം സൂചിപ്പിക്കാം.
മഹാന്മാര്‍ക്ക് അല്ലാഹു നല്‍കുന്ന കഴിവുകൊണ്ട് അവര്‍ സഹായിക്കുമെന്ന വിശ്വാസവും അതനുസരിച്ചുള്ള സഹായാര്‍ത്ഥനയും ഇസ്ലാമിക ചരിത്രത്തില്‍ ഇന്നോളം നടന്നുവരുന്നതാണ്. ഇത് ശിര്‍ക്കാണെന്നു പ്രഖ്യാപിക്കുകവഴി ഇസ്ലാമിക ജ്ഞാനശൃംഖലയുടെ ഓരോ കണ്ണിയെയും മതത്തില്‍ നിന്നു പുറന്തള്ളുകയാണ് ചെയ്യുന്നത്. എല്ലാ ബിദ്അത്തുകാരുടെയും പൊതു സ്വഭാവം തബ്ലീഗുകാരും പ്രകടിപ്പിക്കുന്നതാണിത്. ഇതേപ്രകാരം തന്നെ അദൃശ്യജ്ഞാനം പോലുള്ളവയിലും ഇവര്‍ സമൂഹധാരയില്‍ നിന്നു പുറംതിരിഞ്ഞാണ് നില്‍ക്കുന്നത്.
അദൃശ്യജ്ഞാനം ഒരാള്‍ക്കുമില്ല
തബ്ലീഗ് നേതാവ് പറയുന്നത് നോക്കൂ. ‘നബി, വലിയ്യ്, ഇമാം, ശഹീദ് മുതലായവര്‍ അദൃശ്യകാര്യങ്ങള്‍ അറിയുമെന്ന വിശ്വാസം ശരിയല്ല. നബി(സ്വ) അറിയുമെന്ന വിശ്വാസം ഒട്ടും ശരിയല്ല’(രിസാലത്തുത്തൗഹീദ് പേ.108)
അല്ലാഹുവിനെ തിരുത്തുന്ന തബ്ലീഗുകാര്‍!
അദൃശ്യം അറിയിച്ചുകൊടുക്കുമെന്ന് ഖുര്‍ആനും പ്രമാണങ്ങളും പറയുമ്പോള്‍ അവയ്ക്ക് തിരുത്ത് നടത്തുകയാണ് തബ്ലീഗുകാര്‍. മതത്തിന്റെ അടിയാധാരങ്ങളെ മുഴുവന്‍ അപഹസിക്കുന്ന ഇവര്‍ക്ക് ആരാധനാ കാര്യങ്ങളില്‍ ഉപദേശിക്കുന്നതിനനര്‍ഹതയേയില്ല. വിശ്വാസമാണല്ലോ പ്രധാനം. അതിന്റെ അനുബന്ധം മാത്രമാണ് ഇബാദത്തുകള്‍.
തുടരും

അബ്ദുറശീദ് സഖാഫി മേലാറ്റൂര്‍

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....