Friday, February 23, 2018

മുശ്രിക്കാക്കുന്ന വഹാബി



സലഫിസത്തിന്റെ കുഫ്‌റ് വ്യാപാരങ്ങള്‍

● അഹ്മദ് മലബാരി

0 COMMENTS

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

വിശ്വാസികള്‍ക്കെതിരെ സത്യനിഷേധവും (കുഫ്ര്‍) ബഹുദൈവത്വവും (ശിര്‍ക്കും) ആരോപിക്കുന്ന തക്ഫീര്‍ പ്രവണത ഇസ്‌ലാമിന്റെ പേരില്‍ ചിലര്‍ സ്വീകരിച്ചത് അതിഗുരുതരമാണ്. സത്യവിശ്വാസത്തിലേക്ക് കടന്നുവരാന്‍ എല്ലാവര്‍ക്കും അവസരമൊരുക്കാനാണ് നാം ശ്രമിക്കേണ്ടത്. ദീനിനെ നേരായവിധം പ്രതിനിധാനവും പ്രബോധനവും ചെയ്യുകയാണതിനുള്ള വഴി. പൂര്‍വികര്‍ ഈ ലക്ഷണമൊത്തവരായിരുന്നു. സ്വന്തം ജീവിതത്തെ മാതൃകയാക്കി മുന്നില്‍ വെച്ചാണവര്‍ പ്രബോധനം നടത്തിയത്. അതിന്റെ ഫലമായാണ് ഇസ്‌ലാം ലോകത്ത് പ്രചാരം നേടിയത്. പില്‍ക്കാലത്ത് സമുദായത്തില്‍ നിന്ന് പൊതുവായി കാണുന്ന മാതൃകാപരതക്ക് ന്യൂനത വന്നുവെന്നത് നേരാണ്. എന്നാല്‍ ഒരു അതിര്‍ത്തി നിര്‍ണയിച്ച് അപ്പുറവും ഇപ്പുറവും കുഫ്‌റും ഈമാനും എന്ന നിലയില്‍ പ്രചരിപ്പിക്കേണ്ടത് ഇസ്‌ലാമിക പ്രബോധനത്തിനാവശ്യമായി വരുന്നില്ല. അത്തരമൊരടയാളപ്പെടുത്തലിന് പ്രമാണ ബന്ധവുമില്ല. പ്രബോധനം നടത്താനും ബോധവല്‍ക്കരിക്കാനും നിയോഗമുണ്ടാവുക സൗഭാഗ്യമാണ്. പക്ഷേ, ഈ ദൗത്യനിര്‍വഹണം എളുപ്പമാക്കാനാണെന്ന വ്യാജേന സമകാലസമൂഹത്തെ അടച്ചാക്ഷേപിക്കുന്നത് നല്ല രീതിയല്ല.

സമൂഹത്തില്‍ ന്യൂനതകളും വ്യതിയാനങ്ങളും ഉണ്ടാകുമ്പോള്‍ അവരെ സംസ്‌കരിക്കാനുള്ള ശ്രമമാണ് ദഅ്‌വത്ത്. മറിച്ച് അവരുടെ മേല്‍ അപരാധം ചുമത്തുക എന്നതല്ല. മുസ്‌ലിമായ മാതാപിതാക്കള്‍ക്ക് ജനിച്ച പരമ്പരാഗത സമ്പ്രദായത്തിലൂടെ മതം പഠിച്ച് ആചരിച്ചനുഷ്ഠിച്ചുവരുന്ന സഹോദരങ്ങളില്‍ കുഫ്‌റ് വെച്ചുകെട്ടുന്നത് വലിയ പാതകമാണ്. കാരണം, ഇസ്‌ലാം മതത്തിന്റെ നിയമ നിര്‍ദേശങ്ങളിലും ഒരു ആചാരമെന്ന നിലയില്‍ പോലും തക്ഫീര്‍ മുദ്രകുത്തല്‍ കാണില്ല.

ഒരാളില്‍ കുഫ്‌റ് ആരോപിക്കുന്നത് പുണ്യമാണെന്ന് തോന്നിക്കുന്ന ഒരു പരാമര്‍ശം പോലും പ്രമാണങ്ങളില്‍ കാണാനാകില്ല. അതേസമയം മറ്റുള്ളവരെ കാഫിറാക്കുന്ന പ്രവണത സമൂഹത്തില്‍ ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്ന വചനങ്ങള്‍ കാണാനുമാകും. അവയാകട്ടെ തക്ഫീറിന്റെ ഗുരുതരാവസ്ഥ വിവരിക്കുന്നതുമാണ്. ‘ഒരാള്‍ മറ്റൊരാളില്‍ കുഫ്ര്‍ ആരോപിക്കരുത്. അങ്ങനെ ചെയ്താല്‍ ആരോപിതന്‍ കാഫിറല്ലെങ്കില്‍ ആരോപിച്ചവനിലേക്കു തന്നെ അത് മടങ്ങാതിരിക്കില്ല’ (ബുഖാരി). ‘ഒരാള്‍ മറ്റൊരാളില്‍ കുഫ്‌റ് ആരോപിച്ചാല്‍ അവനങ്ങനെയല്ലെങ്കില്‍ തന്നിലേക്കു തന്നെ അതു മടങ്ങാതിരിക്കില്ല’ (മുസ്‌ലിം). ഈ  മുന്നറിയിപ്പ് സമൂഹത്തിന് പൊതുവെ അറിയുന്നതത്രെ.

സ്വഹാബികളെ കാഫിറാക്കിക്കൊണ്ട് രംഗത്തു വന്ന ഖവാരിജത്ത് മുതല്‍ക്കാണിതിന്റെ തുടക്കം. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഖുര്‍ആനും സുന്നത്തും ദുര്‍വ്യഖ്യാനിച്ചാണ് ഇതാരംഭിച്ചത്. സമൂഹത്തില്‍ സ്വീകാര്യമായ പ്രമാണങ്ങളായി അവ നിലനില്‍ക്കുന്ന കാലത്തൊക്കെയും തല്‍പര കക്ഷികള്‍ക്ക് ദുരുപയോഗത്തിന് സാധിക്കും. അങ്ങനെയുള്ള വ്യാഖ്യാന പ്രവണതകള്‍ സമൂഹത്തിലുണ്ടാകുമെന്നും മതപ്രമാണങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

പുതിയ കാലത്ത് ചില സംഘടനകളും പ്രസ്ഥാനങ്ങളും തക്ഫീര്‍ വാദം വളരെ ഗുരുതരമായി ഉന്നയിക്കുന്നുണ്ട്. അലകും പിടിയും രൂപഭാവങ്ങളും മാറ്റി പ്രമാണങ്ങള്‍ അവതരിപ്പിച്ചാണ് ഇവരിതു സാധ്യമാക്കുന്നത്. ശിയാക്കള്‍, പഴയ കാലത്തേത് നിലനിര്‍ത്തുന്നതിനൊപ്പം ഇല്ലാത്ത പലതും കൂട്ടിച്ചേര്‍ക്കുന്നതിലും  ഉത്സാഹം കാണിച്ചു. എന്നാല്‍ ഖവാരിജുകളും അവരുടെ പിന്തുടര്‍ച്ചക്കാരും മറ്റൊരു പ്രവണതക്കാരായിരുന്നു. വിശുദ്ധ ഖുര്‍ആനിലെ ചില ആയത്തുകളെ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തി മാറ്റിയോ ആയത്തുകള്‍ സൂചിപ്പിക്കുന്ന പശ്ചാത്തലത്തിലേക്ക് മുസ്‌ലിംകളെ കൃത്രിമമായി വലിച്ചിഴച്ച് കഥകള്‍ മെനഞ്ഞോ ആണ് ഇവര്‍ പ്രചാരണം നടത്തിയത്. ഇബ്‌നു ഉമര്‍(റ) സമകാലത്തെ തക്ഫീര്‍ കക്ഷികളുടെ ദുഷ്ടത നിരീക്ഷിച്ച് പറഞ്ഞതിങ്ങനെ: മക്കയിലെ സത്യനിഷേധികളുടെ കാര്യത്തില്‍ അവതരിച്ച ആയത്തുകള്‍ സത്യവിശ്വാസികളുടെ മേല്‍ ചുമത്തുകയാണവര്‍ ചെയ്യുന്നത് (ബുഖാരി).

സ്വസഹോദരങ്ങളില്‍ അവര്‍ ചെയ്യാത്തതാരോപിച്ച് ഖുര്‍ആനും സുന്നത്തും ഉദ്ധരിച്ച് കുഫ്‌റും ശിര്‍ക്കും ചാര്‍ത്തുന്ന പ്രവണത അതിരുകടന്നതാണെന്നതില്‍ തര്‍ക്കമില്ല. സമൂഹത്തില്‍ വിള്ളലും അസ്വസ്ഥതകളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവരുടെ ചെറിയ സാന്നിധ്യത്തെ ഊതിക്കത്തിക്കാനുള്ള ശ്രമവുമായി പലയാളുകളും രംഗത്തുവന്നു. പഴയതിനെ മറികടന്ന് തീവ്രവാദപരമായ പ്രയോഗങ്ങളും പാഠങ്ങളും നല്‍കി അതിന് മന്‍ഹജെന്നും നവീകരണമെന്നും സൗകര്യം പോലെ പ്രയോഗിച്ചു. ഇബ്‌നു തൈമിയ്യയാണ് ഇതിന്റെ തുടക്കക്കാരന്‍.

വിരുദ്ധ പ്രവണതകള്‍ക്കും പ്രചാരങ്ങള്‍ക്കുമിടയില്‍  സമൂഹത്തില്‍ അച്ചടക്കവും ഭദ്രതയും സ്ഥാപിച്ചെടുക്കാന്‍ പണിപ്പെട്ട മഹാസാത്വിക പണ്ഡിതര്‍ നടത്തിയ സേവനം വിലപ്പെട്ടതാണ്. അവരെ വിലയിടിച്ചു കാണിക്കാനും അവരില്‍ നിന്ന് സമൂഹത്തെ അകറ്റാനുമാണ് ഇബ്‌നു തൈമിയ്യയുടെ പ്രചാരണങ്ങള്‍ കാരണമായത്. യഥാര്‍ത്ഥത്തില്‍ തന്റെ ഗുരുവും മാര്‍ഗദര്‍ശിയുമായി ഉയര്‍ത്തിക്കാണിക്കാറുള്ള അഹ്മദ് ബ്‌നു ഹമ്പല്‍(റ)വുമായി ഇദ്ദേഹത്തിന് ആശയപ്പൊരുത്തമേയില്ല. കാരണം ഇമാമവര്‍കള്‍ അഹ്‌ലുസ്സുന്നയിലും ഇബ്‌നു തൈമിയ്യ അതിനെതിര്‍പക്ഷത്തുമായിരുന്നു നിലകൊണ്ടിരുന്നത്. എങ്കിലും ഇമാമിന്റെ മറപിടിച്ചാണ് അദ്ദേഹം തന്റെ പിഴച്ച ചിന്തകള്‍ അവതരിപ്പിച്ചത്. സത്യത്തില്‍, ഇമാം അഹ്മദ്(റ)യുടെ പേരില്‍ ചിലര്‍ നടത്തിയ ആദര്‍ശക്കസര്‍ത്തുകള്‍ ഇമാം അശ്അരി(റ)യുടെ പ്രവര്‍ത്തന ഫലമായി തീരെ ക്ഷയിച്ചിരുന്നു. അതാണ് തീമിയ്യത്തായി പിന്നീട് പുനരുദ്ധരിക്കപ്പെട്ടത്. അഹ്മദ്(റ)വിന്റെ ആദര്‍ശപരമായ നിലപാടുകളും ജീവിതവുമായി അതിന് ബന്ധമില്ല. ഉദാഹരണത്തിന്, റസൂല്‍(സ്വ)യെ സിയാറത്ത് ചെയ്യുന്നതില്‍ ഹമ്പലി മദ്ഹബിന് വിരുദ്ധമായ നിലപാടാണല്ലോ ഇബ്‌നു തൈമിയ്യക്കുള്ളത്. ഈ വൈരുദ്ധ്യം തൗഹീദ്പരം തന്നെയാണല്ലോ.

കാഫിറാക്കല്‍ തങ്ങളുടെ മുഖമുദ്രയായി ഏറ്റെടുത്തവരാണ് പൊതുവെ എല്ലാ സലഫികളും. രാഷ്ട്രത്തിന്റെ നിയമവ്യവസ്ഥകള്‍ നിലനില്‍ക്കുന്നിടങ്ങളില്‍ തക്ഫീര്‍ ഒരു ആശയമായി മാത്രം സ്വീകരിക്കുന്നത് കൊണ്ട് പ്രത്യേക പ്രതിഫലനങ്ങളൊന്നുമുണ്ടാകില്ല. കാരണം, കാഫിറാക്കിയതിനെ തുടര്‍ന്നുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ അത്തരം രാഷ്ട്രങ്ങളില്‍ സലഫികള്‍ക്ക് കഴിയില്ല. അതൊരു തത്ത്വമായി മാത്രമേ അവിടങ്ങളില്‍ നിലനില്‍ക്കൂ. ഇന്ത്യയില്‍ പലരെയും മുമ്പും ഇപ്പോഴും സലഫികള്‍ കാഫിറാക്കിയിട്ടുണ്ട്. പക്ഷേ, അതിനെ തുടര്‍ന്നുള്ള ശിക്ഷ നടപ്പാക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടാത്ത പക്ഷം ഭരണകൂടത്തിന് അതൊരു ശല്യമായിട്ടുമില്ല. ഇന്ത്യന്‍ സാഹചര്യം ഇതാണെങ്കില്‍, സലഫിസം ഭരണമോ മേല്‍ക്കോയ്മയോ നേടുകയോ, ഭീകര വിളയാട്ടം നടത്തുകയോ ചെയ്യുന്ന രാജ്യങ്ങളില്‍ കാഫിറാക്കലിന്റെ അനുബന്ധ നടപടികളായ കൊല്ലലും കൊള്ളയും പീഡനവും ലൈംഗിക അടിമകളാക്കലുമെല്ലാം നിര്‍ബാധം നടത്തിവരുന്നുണ്ട്. സിറിയയിലും ഇറാഖിലുമൊക്കെ ഇത്തരം ക്രൂര കാഴ്ചകള്‍ നാം ഇടക്കിടെ കാണുന്നുവല്ലോ.

കേരളത്തില്‍ സലഫികളെന്നറിയപ്പെടുന്നവരുടെ സ്ഥിതിയും മറിച്ചല്ല. തങ്ങളുടെ ആദര്‍ശ നേതാക്കളെ അന്ധമായി അനുകരിക്കുന്ന അവര്‍ സ്വന്തം മാതാപിതാക്കളെയടക്കം കാഫിറും മുശ്‌രിക്കുമാക്കാന്‍ മടിയില്ലാത്തവരാണ്. ഖബര്‍ തകര്‍ക്കുക, ഗ്രന്ഥാലയങ്ങള്‍ ചുട്ടെരിക്കുക, പണ്ഡിതന്മാരെയും സാത്വികരെയും കാഫിര്‍ മുദ്രകുത്തി കൊന്നുകളയുക തുടങ്ങിയവ പൊതുനിയമങ്ങള്‍ക്കെതിരായതിനാലാണ് ഇന്ത്യന്‍ സലഫികള്‍ ചെയ്യാതിരിക്കുന്നത് (കുറ്റ്യാടി, എടവണ്ണ, നാടുകാണി ഖബറുകള്‍ സലഫികള്‍ പൊളിച്ചുവെന്നത് മറ്റൊരു കാര്യം!). എങ്കിലും, അതിനെല്ലാം അടിസ്ഥാനമായ കുഫ്‌റാരോപണവും ശിര്‍ക്കാരോപണവും കേരള സലഫികളില്‍ വ്യപകമാണ്.

കേരളത്തില്‍ സലഫികളുടെ പ്രവര്‍ത്തനം തുടങ്ങിയത് തന്നെ മുസ്‌ലിംകളുടെ പല പ്രവര്‍ത്തനങ്ങളെയും ഇസ്‌ലാമിന്റെ പടിക്കുപുറത്ത് നിര്‍ത്തിക്കൊണ്ടാണ്. കേരള സലഫികളുടെ പ്രാഗ്‌രൂപമായ ഐക്യസംഘത്തിന്റെ ഒന്നാം വാര്‍ഷിക സമ്മേളനത്തില്‍ സലഫി നേതാവ് വക്കം മൗലവി ഇത് പ്രഖ്യാപിക്കുകയുണ്ടായി. റശീദ് രിളയുടെയും ജമാലുദ്ദീന്‍ അഫ്ഗാനിയുടെയും മറ്റും കൃതികള്‍ വായിച്ചുള്ള സലഫി സ്വാധീനം അദ്ദേഹം അവിടെ അവതരിപ്പിക്കുകയായിരുന്നു: ഇസ്‌ലാമിന്റെ സിദ്ധാന്തം തൗഹീദ്(ഏകത്വം) ആകുന്നു. അതിനെതിരു ശിര്‍ക്കും(ബഹുദൈവത്വം). ഇതര മതസ്ഥരെ പോലെ മുസ്‌ലിംകളും അറിഞ്ഞോ അറിയാതെയോ ഈ ശിര്‍ക്കില്‍ അകപ്പെട്ടിരിക്കുകയാണ്. പ്രസ്തുത ബഹുദൈവത്വ നടപടികളില്‍ നിന്ന് കേരള മുസ്‌ലിംകളെ ഉദ്ധരിക്കുവാനും യഥാര്‍ത്ഥ തൗഹീദിലേക്ക് അവരെ ആനയിക്കാനുമായി വക്കം മൗലവി നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു (മൂന്ന് മുസ്‌ലിം പരിഷ്‌കര്‍ത്താക്കള്‍. പേ, 34,37).

ഉമര്‍ മൗലവി എഴുതുന്നു: അല്ലാഹുവിന്റെ അടുക്കലേക്ക് മധ്യസ്ഥന്മാര്‍ വേണ്ട എന്ന് പ്രവാചകന്മാര്‍ പഠിപ്പിച്ചു. മുജാഹിദുകള്‍ ഇതു പ്രചരിപ്പിക്കുന്നു. അല്ലാഹുവിന്റെ അടുക്കലേക്ക് മധ്യസ്ഥന്മാര്‍ കൂടാതെ ഒക്കുകയില്ല എന്ന് അബൂജഹല്‍ ഹാജിയാര്‍ പറഞ്ഞു. സമസ്ത മുസ്‌ലിയാക്കള്‍ ഇത് പ്രചരിപ്പിക്കുന്നു. അതു കൊണ്ട് അഊദുബില്ലാഹി മിനശ്ശൈത്വാനിര്‍റജീം വമിനല്‍ ഉലമാഇസ്സുന്നിയ്യീന്‍ (ശൈത്വാനെ തൊട്ടും സുന്നി ഉലമാക്കളെ തൊട്ടും ഞാന്‍ കാവല്‍ തേടുന്നു) എന്ന് എല്ലാവരും പറയുക (സല്‍സബീല്‍. പുസ്തകം 7 ലക്കം 5- 1977).

അദൃശ്യമായ മാര്‍ഗത്തില്‍ സഹായവും സംരക്ഷണവും അവര്‍ തേടുന്നു. അതുകൊണ്ടാണിതെല്ലാം. നാഗൂരിലേക്കും ശബരിമലയിലേക്കും ഗുരുവായൂരിലേക്കും ബീമാപള്ളിയിലേക്കും അജ്മീരിലേക്കും ചോറ്റാനിക്കരയിലേക്കും മക്കത്തേക്കും മദീനത്തേക്കുമുള്ള തീര്‍ത്ഥാടനങ്ങള്‍ മനുഷ്യന്‍ അവന്റെ പാപ്പരത്വത്തില്‍ വിശ്വസിക്കുകയും അദൃശ്യമാര്‍ഗേണ സഹായവും സുരക്ഷയും തേടുന്നത് കൊണ്ടു മാത്രമാണ് (സല്‍സബീല്‍. പുസ്തകം 7 ലക്കം 4- 1977).

സല്‍സബീല്‍ പത്രമുടമയും മുതിര്‍ന്ന സലഫി നേതാവുമായ ഉമര്‍ മൗലവി, ഇ.കെ ഹസന്‍ മുസ്‌ലിയാര്‍ക്ക് മുസ്‌ലിമാകാന്‍ ആവശ്യപ്പെട്ട് കത്തയച്ചത് എല്ലാവര്‍ക്കുമറിയുന്നതാണ്. ഹസന്‍ മുസ്‌ലിയാരോടുള്ള വിരോധം മഹാനവര്‍കള്‍ സുന്നിസമൂഹത്തിന് ഉണര്‍വും ആവേശവും ആത്മവിശ്വാസവും പകര്‍ന്നു എന്നതാണ്. അതുകൊണ്ടു തന്നെ ഉമര്‍ മൗലവിക്കത് അസഹ്യമായിരുന്നു. അദ്ദേഹം എഴുതുന്നു: ഹസന്‍ മുസ്‌ലിയാരുടെ മതപ്രചരണവും വിശ്വാസ വ്യതിചലനവും അനാചാര കര്‍മ പ്രേരണയും ശരിക്കും ശ്രദ്ധിച്ചതില്‍ നിന്ന് എനിക്ക് ബോധ്യമായത് അദ്ദേഹം കാഫിറാണ് എന്നായിരുന്നു (ഓര്‍മകളുടെ തീരത്ത്. പേ, 338).

സുന്നി പണ്ഡിതരെയും അനുയായികളെയും മുശ്‌രിക്കാക്കുന്ന ഭാഗം ഇങ്ങനെ വായിക്കാം: അതു പോലെ തര്‍ക്കിച്ച് കൊണ്ടിരിക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കൂറ്റനാട് മുസ്‌ലിയാര്‍ പോലുള്ളവര്‍ ഇന്നുമുണ്ടല്ലോ. അങ്ങനെയുള്ള തര്‍ക്കക്കാര്‍ക്ക് നിങ്ങള്‍ വഴങ്ങിക്കൊടുത്താല്‍ നിങ്ങള്‍ മുശ്‌രിക്കുകള്‍തന്നെ (സല്‍സബീല്‍. 1985 ഡിസംബര്‍).

കെപി മുഹമ്മദ് മൗലവി എഴുതുന്നു: ദുആഅ്, ഇസ്തിഗാസ എന്നീ രണ്ട് പദങ്ങളും പ്രാര്‍ത്ഥനയുടെ അര്‍ത്ഥത്തിലും ധാരാളമായി പ്രയോഗിക്കാറുണ്ട്. ഈ അര്‍ത്ഥമുള്‍പ്പെടുന്ന വിധം അല്ലാഹു അല്ലാത്തവരെ വിളിക്കലും (ദുആഅ്) സഹായം തേടലും (ഇസ്തിഗാസത്) ശിര്‍ക്കായിത്തീരുമെന്നതില്‍ സംശയമില്ല (അല്‍ ഇസ്തിഗാസ, പേ,22-ഗള്‍ഫ് എഡിഷന്‍). തീമിയ്യന്‍ ആദര്‍ശങ്ങള്‍ കേരളീയരെ നന്നായി ബോധ്യപ്പെടുത്താന്‍ മുജാഹിദ് മുഖപത്രത്തില്‍ ഒരു പ്രമുഖ സലഫി നേതാവ് എഴുതിയ ലേഖനത്തില്‍ ഇങ്ങനെ കാണാം: ഖബറുകള്‍ക്ക് നേര്‍ച്ച നേരുന്നതില്‍ ഫലമുണ്ടെന്നും പ്രതിഫലമുണ്ടെന്നും വിശ്വസിക്കുന്നവന്‍ വിഡ്ഢിയും വഴിപിഴച്ചവനുമാകുന്നു. അല്ലാഹുവിന്റെ അടുക്കലേക്ക് ആവശ്യപൂരണത്തിന് അത് മൂലം വഴിതുറക്കുമെന്നും സുഖസൗക്യങ്ങള്‍ക്ക് വഴിതുറക്കുമെന്നും ആയുസ്സിനെ സംരക്ഷിക്കുമെന്നുമൊക്കെ വിശ്വസിക്കുന്നവര്‍ അവിശ്വാസിയും മുശ്‌രിക്കുമായിരിക്കും. അവനെ കൊല്ലല്‍ നിര്‍ബന്ധമാകുന്നു… (അല്‍ മനാര്‍, 1981 ഒക്‌ടോബര്‍).

സലഫി പണ്ഡിതന്‍ കുഞ്ഞീതു മദനി എഴുതി: നമ്മുടെ മഖാമുകളില്‍ നടക്കുന്ന കാര്യങ്ങളും ഗുരുവായൂരില്‍ നടക്കുന്ന കാര്യങ്ങളും തമ്മില്‍ വല്ല അന്തരവുമുണ്ടോ. പൂജിക്കുന്ന വ്യക്തികളുടെ നാമങ്ങളും ബിംബങ്ങളും വ്യത്യസ്തമാണെന്നേയുള്ളൂ (അല്ലാഹുവിന്റെ ഔലിയാക്കള്‍. പേ, 125, ഗള്‍ഫ് എഡിഷന്‍).

മുസ്‌ലിം ലോകത്തേക്കൊന്ന് കണ്ണോടിച്ച് നോക്കുക. കെട്ടി ഉയര്‍ത്തപ്പെട്ട ഖബറുകളെല്ലാം ബിംബങ്ങളായി ആരാധിക്കപ്പെടുകയല്ലേ ചെയ്യുന്നത്. ഏതു ഖബറിന്‍മേലുള്ള കെട്ടിടമാണോ കൂടുതല്‍ വലിപ്പവും ഭംഗിയുമുള്ളത് ആ ഖബര്‍ കൂടുതല്‍ ആരാധിക്കപ്പെടുന്നു (അല്ലാഹുവിന്റെ ഔലിയാക്കള്‍. പേ, 131,132).

വ്യക്തികളെത്തന്നെ പേരെടുത്ത് മുശ്‌രിക്കാക്കുന്നതില്‍ ഇപ്പോഴും അവര്‍ പിറകിലല്ല. മര്‍ഹൂം താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളെ കുറിച്ച് അവര്‍ എഴുതി: ഈ താജും പാര്‍ട്ടിക്കാരും ഖബര്‍ പൂജകരാണ്. അഥവാ സൃഷ്ടികളോട് പ്രാര്‍ത്ഥിക്കുന്ന മുശ്‌രിക്കുകള്‍ (ഇസ്‌ലാഹ്. 2000 സെപ്തംബര്‍). മുകളില്‍ പരാമര്‍ശിച്ച മുസ്‌ലിം നേതാക്കളെയും പണ്ഡിതരെയും പേരെടുത്തും മുസ്‌ലിംകളെ പൊതുവിലും കാഫിറും മുശ്‌രിക്കുമാക്കുകയാണ് സലഫി നേതൃത്വവും പ്രസിദ്ധീകരണങ്ങളും ചെയ്തത്. നമ്മുടെ നാട്ടിലെ മതേതര ജനാധിപത്യ ബഹുസ്വര സമൂഹത്തില്‍ അവര്‍ക്കു ചെയ്യാവുന്നതിന്റെ പരമാവധി ഇതാണ്. ഇങ്ങനെ കാഫിര്‍ മുദ്രയടിച്ചവരെ വധിക്കണമെന്നതാണ് അവരുടെ നിലപാട്. സിറിയയിലും മറ്റും കഴുത്തറുത്തും വെടിവെച്ചും തീയിട്ടും ഐഎസ് സലഫി ഭീകരര്‍ കൊല്ലുന്നത് ഈ ആദര്‍ശം ഉള്‍കൊണ്ടാണ്. ഇന്ത്യന്‍ സലഫികള്‍ പരിമിതിയുള്ളതിനാല്‍ അക്കാര്യം ഇപ്പോള്‍ ചെയ്യുന്നില്ലെന്ന വ്യത്യാസം മാത്രം. അതേസമയം കേരള സലഫികള്‍ സൗകര്യം പോലെയും സാമര്‍ത്ഥ്യം പോലെയും മുസ്‌ലിംകളുടെ പൊതുസ്വത്തും സംവിധാനങ്ങളും നശിപ്പിക്കാനും പിടിച്ചടക്കാനും പഴുതുകള്‍ ഉപയോഗിക്കുന്നു. ഇരുളിന്റെ മറവില്‍ ഖബര്‍ തകര്‍ക്കുന്നു. ദീനീ വിജ്ഞാനം പ്രചരിപ്പിക്കാനും മതാചാരങ്ങള്‍ നടത്താനും മുതഅല്ലിമീങ്ങളെ സഹായിക്കാനും വഖ്ഫ് ചെയ്ത സ്വത്തുക്കള്‍ പലതും ഇവര്‍ തട്ടിയെടുത്ത് വാഖിഫിന്റെ ലക്ഷ്യത്തിനു വിരുദ്ധമായി സലഫി പ്രചാരണത്തിനു ദുരുപയോഗിക്കുന്നു. വാഴക്കാട് ദാറുല്‍ ഉലൂം ഈ പരമ്പരയിലൊരു ഉദാഹരണമാണ്. ഇസ്‌ലാമികാചാരങ്ങള്‍ നിലനിന്നിരുന്ന പല പള്ളികളും സലഫിവല്‍കരിച്ച് പരമ്പരാഗതമായി നടന്നുവന്ന ഇസ്‌ലാമികാചാരങ്ങള്‍ നിര്‍ത്തിവെക്കുകയും ഇബാദത്തുകള്‍ അലങ്കോലപ്പെടുത്തുകയും ചെയ്തതിന് അനവധി തെളിവുകള്‍ പറയാനാകും.

എടവണ്ണ, കുറ്റ്യാടി തുടങ്ങിയ സ്ഥലങ്ങളില്‍ മഖ്ബറ നിശ്ശേഷം തകര്‍ത്തു. നാടുകാണി, മൈലാടി പോലുള്ള സ്ഥലങ്ങളിലെ ഖബറുകള്‍ പൊളിക്കാന്‍ ശ്രമിച്ചു. സര്‍വാദരണീയരായ പണ്ഡിതന്മാരെ ഗളച്ഛേദം നടത്താന്‍ കഴിയാത്തതിനാല്‍ തേജോവധം ചെയ്തു. അച്ചടക്കത്തിലും ഒരുമയിലും കഴിഞ്ഞിരുന്ന കുടുംബങ്ങളിലും മഹല്ലുകളിലും ഇന്നും അനൈക്യവും കുഴപ്പങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.



ചുരുക്കത്തില്‍, സലഫി വിഭാഗത്തിന്റെ ആഗോള ചേരുവകളുടെ സാഹചര്യപരമായ പ്രയോഗം ഇവിടെയും സലഫികള്‍ നടത്തിയിട്ടുണ്ട്. നവോത്ഥാനം, പുരോഗമനചിന്ത എന്ന ലേബലിലാണ് ഇതെല്ലാം അവര്‍ നടത്തിയത്. പൊതുസമൂഹത്തിനടക്കം സ്വീകാര്യരാവുക എന്നതാണ് ഇത്തരം വിശേഷണങ്ങള്‍ സ്വയം ചാര്‍ത്തിയതിലൂടെ കേരള സലഫികള്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ഇതിനെ നവോത്ഥാനമെന്ന് പെരുമ്പറയടിക്കുന്നവര്‍ യഥാര്‍ത്ഥ നവോത്ഥാനമെന്തെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഒരു സമൂഹത്തിലെ മഹാ ഭൂരിഭാഗത്തെയും കാഫിറാക്കിയും മുശ്‌രിക്കാക്കിയും വേണമോ നവോത്ഥാനം നടപ്പാക്കാന്‍?! മാന്യവും സുതാര്യവുമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിക്കാത്ത എന്തോ ആണ് സലഫിസം എന്ന് കരുതാനാണിത് കാരണമാവുക. സലഫിസത്തിന്റെ ക്രൂര-ഭീകര നടനങ്ങള്‍ക്ക് ഈ നാട് പറ്റിയതല്ലെന്ന വിചാരമാണ് ഇത്രകാലവും അവരെ പിന്തിരിപ്പിച്ചിരുന്നതെങ്കില്‍ ഐഎസില്‍ ചേക്കേറാന്‍ കേരള സലഫികള്‍ പലരും സിറിയയിലേക്ക് തിരിച്ചതോടെ ഈ മുഖംമൂടി അഴിഞ്ഞിരിക്കുകയാണ്. ഇതിനെയും സലഫി നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ ചേര്‍ക്കാന്‍ ചില രാഷ്ട്രീയക്കാര്‍ ധൃഷ്ടരായേക്കും. കേരള മുസ്‌ലിംകളുടെ മുഖച്ഛായ മാറ്റിയത് മുജാഹിദ് പ്രസ്ഥാനമാണെന്ന് അവരാണല്ലോ കൂടുതല്‍ ഉച്ചത്തില്‍ കൂവുന്നത്.

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...