ചോദ്യം: നമ്മുടെ നാടുകളിൽ വളരെ ഇടുങ്ങിയ രൂപത്തി ലാണല്ലോ ഖബർ കുഴിക്കുന്നത്. തടിച്ച ശരീരമുള്ള ചില മയ്യിത്തുകൾ ഖബറിലേക്കിറക്കുമ്പോൾ ഖബറിന്റെ പാർ ശ്വങ്ങളിൽ ഉരസുകയും ഞെങ്ങുകയും ചെയ്യുന്നു. ഇങ്ങ നെ ഇടുങ്ങിയ രൂപത്തിൽ തന്നെ ഖബർ കുഴിക്കണമെന്നുണ്ടോ? തടിയുള്ള മയ്യിത്തുകൾക്ക് അതിനനുസരിച്ച് വീതി കൂട്ടി ഖബർ കുഴിക്കാമോ? എല്ലാവർക്കും ഒരേ അളവിലാണോ ഖബർ കുഴിക്കേണ്ടത്? ചില വിദേശ രാജ്യങ്ങളിൽ നമ്മുടെ നാടുകളിലുള്ളതിലേറെ വീതിയി ലാണ് ഖബർ കുഴിക്കാറുള്ളത്. ഇതിൻ്റെ ഇസ്‌ലാമിക വിധി എന്താണ്? വിശദീകരണം പ്രതീക്ഷിക്കുന്നു.
ഉത്തരം: ചോദ്യത്തിൽ പരാമർശിച്ചത് പോലെ മയ്യിത്തിനെ ഖബറിലേക്കിറക്കാൻ പ്രയാസപ്പെടുന്ന വിധം ഇടുങ്ങിയ രൂപത്തിൽ ഖബർ കുഴിക്കുന്നത് ശരിയല്ല. മയ്യിത്തിനെ ഖബറിലേക്കിറക്കാനും ശരിയായ രൂപത്തിൽ ഖബറിൽ കിടത്താനും ആവശ്യമായ വിശാലതയിലാണ് ഖബർ കുഴിക്കേണ്ടത്. കൂടുതൽ വണ്ണവും നീളവുമുള്ളവർക്ക് അവർക്കനുസരിച്ച് തന്നെ ഖബർ കുഴിക്കേണ്ടതാണ്.
എല്ലാവർക്കും ഒരേ വീതിയിലും നീളത്തിലും വളരെ ഇടുങ്ങിയ രൂപത്തിലുമാണ് ഖബർ കുഴിക്കേണ്ടത് എന്ന ധാരണ ശരിയല്ല. ശരിയായ വിധത്തിൽ മയ്യിത്തിനെ കിടത്താനാവശ്യമായതിലപ്പുറം മയ്യിത്തിനെ ഖബറിലേ ക്കിറക്കുകയും ഖബറടക്കുകയും ചെയ്യുന്നവർക്ക് കാര്യങ്ങൾ ശരിയായ വിധത്തിൽ നിർവ്വഹിക്കാനാവശ്യമായ അളവിൽ ഖബറിൻ്റെ നീളവും വീതിയും വർദ്ധിപ്പിക്കൽ സുന്നത്താണെന്ന് കർമ്മ ശാസ്ത്ര ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്.
ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) എഴുതി: ഖബറിന്റെ പൂർണ്ണരൂപം നാലരമുഴം ആഴത്തിൽ വിശാലമായ ഖബറാകുന്നു.(ഫത്‌ഹുൽ മുഈൻ:153) ഇമാം ഇബ്നു ഹജർ(റ), ഇമാം റംലി (റ) എന്നിവർ എഴുതുന്നു: ഖബറിൻ്റെ നീളവും വീതിയും കൂടുതലാക്കിക്കൊണ്ട് ഖബർ വിശാലമാക്കൽ സുന്നത്താണ്. ഒരാൾക്ക് കൈകൾ ഉയർത്തി നിൽക്കാവുന്ന അത്രയും ആഴത്തിൽ കുഴിക്കലും സുന്നത്താണ്. അത് നാലരമുഴമാണെന്നാണ് ഇമാം നവവി (റ) പറഞ്ഞിട്ടുള്ളത്. ഖബർ ആഴത്തിലും വിശാലതയിലും കുഴിക്കണമെന്ന് നബി (സ്വ) നിർദ്ദേശിച്ചതായി സ്വഹീഹായ ഹദീസിലുണ്ട്. ഖബറിൽ ഒരു ചാൽ പോലെ കുഴിയെടുത്ത് (കീഴ് ഖബർ) മയ്യിത്ത് അതിൽ വെക്കണം. മയ്യിത്തിന്റെ ശരീരത്തിൽ തൊടാത്ത വിധം അൽപം ഉയർത്തിയാണ് മൂടുകല്ല്/ പലക/ സ്ലാബ് വെക്കേണ്ടത്. ഈ കീഴ്ഖബറും വിശാലമാക്കൽ ശക്തമായ സുന്നത്താണ്.(തുഹ്ഫ: 3-168, നിഹായ: 3-4 കാണുക)
ഖബർ വിശാലമാക്കൽ സുന്നത്താണെന്നെതിന്റെ താൽപര്യം മയ്യിത്തിനെ ഖബറിലിറക്കുകയും ഖബറടക്കം നിർവ്വഹിക്കുകയും ചെയ്യുന്നവർക്ക് വിശാലമാകുന്ന അളവാണെന്നും അതിലേറെ വിശാലത ഉദ്ദേശ്യമില്ലെന്നും അതിലും വിശാലമാക്കൽ മറ്റുള്ളവർക്ക് തടസ്സം ചെയ്യലാകുമെന്നും അല്ലാമാ അലിയ്യുശ്ശബമല്ലസി (റ) വിശദീകരിച്ചിട്ടുണ്ട്. (ഹാശിയതുന്നിഹായ:3-4)
ഖബർ വിശാലമാക്കുന്നത് മയ്യിത്തിനും ഖബറടക്കം ചെയ്യുന്നവർക്കും കൂടുതൽ സൗകര്യമാണ്. മയ്യിത്തിനെ ഖബറിലിറക്കുന്നവർക്ക് ഖബറിലിറങ്ങി നിന്നുകൊണ്ട് കാര്യങ്ങൾ ചെയ്യാൻ ഇതുപകരിക്കും. മയ്യിത്ത് മതിലു കളിൽ തട്ടുകയും മുട്ടുകയും ചെയ്യുമെന്ന ഭയം ഉണ്ടാവുകയുമില്ല. വളരെ ഇടുങ്ങിയും കുടുങ്ങിയും മയ്യിത്ത് വെക്കുന്നതിൽ അനാദരവുണ്ട്. വിശാലത ആദരവാണ്. ഖബർ വിശാലമാക്കുന്നതിൻ്റെ ഹിക്മത്ത് ഇപ്രകാരം പറയാവുന്നതാണെന്ന് അല്ലാമ ഇബ്നു ഖാസിം(റ)വിശദീകരിച്ചിരിക്കുന്നു. (ഹാശിയതുന്നിഹായ 3-4).
ഫതാവ നമ്പർ 638
ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല
https://chat.whatsapp.com/GqC6EHp9tCs6kP3kvZGedn
No comments:
Post a Comment