Thursday, April 2, 2026

മോതിരം ധരിക്കാൻ പാടുണ്ടോ?

 📚📚🌹__*سألوني {19}*__🌹📚📚


*ചോദ്യം:* ചെറുവിരിലിൽ അല്ലാതെ മോതിരം ധരിക്കാൻ പാടുണ്ടോ?

*മറുപടി:* വലത്തെ കയ്യിലെ ചെറുവിരലിൽ ഒരു വെള്ളിമോതിരം ധരിക്കൽ പുരുഷന്മാർക്കു സുന്നതുണ്ട്. ഒന്നിലേറെ വെള്ളിമോതിരം ഒരേസമയം ധരിക്കുന്നത് കുറ്റകരമാണ്.

ചെറുവിരലിൽ അല്ലാതെ ഏതു വിരലിലും മോതിരം ധരിക്കുന്നത് പുരുഷൻമാർക്ക് കറാഹത്താണ്.

(തുഹ്ഫ: 3/276, അസ്നൽ മത്വാലിബ് 1/380, മുഗ്നി:2/98 കാണുക).


അതെ സമയം സ്തീകൾ ഏതു വിരലിൽ ധരിക്കുന്നതിനും തടസ്സമില്ല.


സ്വഹീഹു മുസ്ലിം ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇങ്ങനെ വായിക്കാം:


“അബൂ ബുർദ (റ) പറയുന്നു: അലി (റ) പറഞ്ഞു:

“ഈ വിരലിലോ അതിന്റെ അടുത്ത വിരലിലോ ഞാൻ മോതിരം ധരിക്കുന്നത് നിന്ന് അല്ലാഹുവിന്റെ ദൂതൻ ﷺ എന്നെ വിലക്കി.”

അദ്ദേഹം പറഞ്ഞു: (അലി റ) നടുവിരലിലേക്കും അതിന്റെ അടുത്ത വിരലിലേക്കും (ചൂണ്ടിക്കാണിച്ചു)”.


(സ്വഹീഹു മുസ്ലിം 6/153, ഹദീസ് ക്രമനമ്പർ 2078).


ഇതേ ഹദീസിന്റെ ചില നിവേദിത വചനങ്ങളിൽ  (സുനനു അബീ ദാവൂദ്: 4225, സുനനുന്നസാഈ 4807-4808) നടുവിരലിലും ചൂണ്ടുവിരലിലും മോതിരം ധരിക്കുന്നത് വിലക്കി എന്നു വ്യക്തമായി സ്ഥിരപ്പെട്ടിട്ടുണ്ട്.


ഈ ഹദീസിന്റെ വെളിച്ചത്തിലാണു നമ്മുടെ ഇമാമുകൾ ചെറുവിരൽ അല്ലാത്ത ഏതു വിരലിലും മോതിരം അണിയുന്നത് കറാഹത്താണെന്നു രേഖപ്പെടുത്തുന്നത്.


ചെറുവിരൽ അല്ലാത്ത ഏതു വിരലിലും മോതിരം അണിയുന്നതും പുരുഷന്മാർക്ക് നിഷിദ്ധമാണെന്നു തന്നെ നമ്മുടെ മദ്ഹബിൽ ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹദീസിലെ നിരോധം തീവ്രമാണെന്ന നിരീക്ഷണവും ചെറുവിരൽ അല്ലാത്തതിൽ മോതിരം അണിയുന്നത് സ്ത്രീകൾ മാത്രം ആയതിനാൽ പുരുഷൻ ഇങ്ങനെ ധരിക്കുന്നതിലൂടെ സ്ത്രീകളോട് സാദൃശ്യപ്പെടൽ വരുന്നു എന്ന നിഗമനവുമാണ് അവരുടെ പക്ഷത്തിനു പ്രേരകം. 

പക്ഷേ ഇതു മദ്ഹബിലെ പ്രാമാണികർ തള്ളിക്കളഞ്ഞിട്ടുണ്ട്. (തുഹ്ഫ:3/276-377, അസ്നൽ മത്വാലിബ് 1/380 കാണുക).


മറ്റു മദ്ഹബുകാരും ചെറുവിരലിലല്ലാതെ പുരുഷന്മാർ മോതിരം അണിയുന്നത് നിരുത്സാഹപ്പെടുത്തുന്നതു കാണാം.


നടുവിരലിലും ചൂണ്ടുവിരലിലും മോതിരം അണിയുന്നത് മാത്രമാണ് കറാഹത്തെന്നാണ് മാലികീ(ഹാഷിയതുൽ അധവി അലാ ശർഹിൽ ഖിറഷീ ലിമുഖ്തസ്വർ 1/99) ഹമ്പലി (കശ്ശാഫുൽ ഖിനാഅ്: 2/236, ശർഹുൽ മുന്തഹാ 1/433) പക്ഷം.

ചെറു വിരൽ അല്ലാത്ത ഏതു വിരലിലും മോതിരം ധരിക്കുന്നത് ശക്തമായ കരാഹത്താണെന്ന് ഹനഫീ പണ്ഡിതനായ ഇമാം ബദ്രുദീനുൽഐനി (ഉംദതുൽ ഖാരീ 22/37) പറയുന്നത്. ഇമാം ഇബ്നു ആബിദീൻ, മോതിരം മറ്റു വിരലുകളിൽ ഒന്നും അണിയാതെ ചെറുവിരലിൽ തന്നെ ആവൽ അനിവാര്യമാണെന്നാണു (റദ്ദുൽ മുഹ്താർ 6/361)  രേഖപ്പെടുത്തുന്നത്.


ചുരുക്കത്തിൽ, പുരുഷന്റെ മോതിരം ചെറുവിരലിൽ ആകുന്നതാണ് നല്ലതെന്ന കാര്യത്തിൽ മദ്ഹബുകൾക്കിടയിൽ ഭിന്നതയേ ഇല്ല. ഇടത്തേതോ വലത്തേതോ വിരലാണോ അഭികാമ്യം എന്നകാര്യത്തിൽ തർക്കമുണ്ട്. നബി  ﷺ

വലത്തേ കൈവിരലിൽ മോതിരം ധരിച്ചിരുന്നതായി വ്യക്തമായി സുനനു അബീ ദാവൂദ്: (4226), നിവേദനം ചെയ്ത ഹദീസിലും വിലക്കു വരുന്നതിനു മുൻപ് സ്വർണ്ണ മോതിരം വലത്തെ കയ്യിൽ ധരിച്ചതായി സ്വഹീഹുൽ ബുഖാരി (5538) യിൽ തന്നെയും വന്നിട്ടുണ്ട്. ഇതിൽ സ്വർണ്ണ മോതിരം ധരിക്കുന്നതിലെ ആനുകൂല്യം എടുത്തു പോയിട്ടുണ്ടെങ്കിലും വലത്തേതിൽ ധരിക്കുന്നതിലെ സൂചന നിലനിൽക്കുമെന്ന് ഇമാം ഇബ്നു ദഖീഖുൽ ഈദ് (ഇഹ്കാമുൽ അഹ്കാം 2/298), ഇബ്നുൽ മുലഖിൻ (അൽ ഇഅ്ലാം ബി ഫവായിദി ഉംദതുൽ അഹ്കാം 10/259)  എന്നിവർ രേഖപ്പെടുത്തുന്നുണ്ട്.


തിരുനബി ﷺ ഇടത്തേ കയ്യിൽ മോതിരം ധരിച്ചതായും (സ്വഹീഹു മുസ്ലിം:2095) വ്യകത്മായ, ഹദീസുകൾ വന്നിട്ടുണ്ട്. ഇതാണു ഭിന്നതയ്ക്കു നിമിത്തം. 

നാം ശാഫിഈ പണ്ഡിതർ വലത്തേതാണ് നല്ലത് എന്നു അഭിപ്രായപ്പെടുന്നവരാണ്. മോതിരം അഴകിന്റെ പ്രതീകമാകയാൽ വലത്തേ കയ്യിനോടാണ് കൂടുതൽ ചേർച്ചയെന്നാണ് ഇമാം നവവി (ശർഹു മുസ്ലിം 14/73) വിശദീകരിക്കുന്നത്.


ഇടതു വിരലാണ് പുണ്യകരമെന്നാണ്

ഹനഫി (അൽ ബിനായ ശർഹുൽ ഹിദായ: 12/177, അദ്ദുർറുൽ മുഖ്താർ പു.654), മാലികീ (ശർഹുൽ ഹിറഷീ അലൽ മുഖ്തസ്വർ 1/99) ഹംബലി (കശാഫുൽ ഖിനാഅ്: 5/24, ശർഹുൽ മുൻതഹാ: 1/433),  എന്നീ 

മറ്റു മൂന്ന് മദ്ഹബുകാരും പ്രബലപ്പെടുത്തുന്നത്.


സ്വഹീഹു മുസ്ലിമിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി എഴുതുന്നു;

പുരുഷന്റെ മോതിരം ധരിക്കേണ്ടത് ചെറുവിരലിലാണെന്നു 

മുസ്ലിംകളിൽ എല്ലാവരും ഏകകണ്ഠമായി അഭിപ്രായപ്പെട്ടിരിക്കുന്നു.

സ്ത്രീകൾക്കു ഏതു വിരലുകളിൽ മോതിരങ്ങൾ ധരിക്കുന്നതും അനുവദനീയമാണ്.


അവർ (പണ്ഡിതർ) പറയുന്നു: മോതിരം ചെറുവിരലിൽ ധരിക്കാനുള്ള ജ്ഞാനകാരണം ഇതാണ് —

ഏറ്റവും അകലെ നിൽക്കുന്ന വിരലായതിനാൽ; കൈ ഉപയോഗിച്ചു ചെയ്യുന്ന പ്രവർത്തനങ്ങൾക്കിടയിൽ മോതിരം അപമാനിക്കപ്പെടുന്നതിൽ നിന്ന് സംരക്ഷണം ലഭിക്കുന്നു അതുപോലെ 

അത് വിരലുകളുടെ അറ്റത്തായതിനാൽ;

മറ്റു വിരലുകളെ അപേക്ഷിച്ച് കൈ ചെയ്യുന്ന ജോലികളിൽ അത് തടസ്സം സൃഷ്ടിക്കാതിരിക്കും.  

ചെറുവിരലല്ലാത്ത വിരലുകളിൽ മോതിരം ധരിച്ചാൽ ഇതിന് വിപരീതമാണല്ലോ ഉണ്ടാവുക.

ഈ ഹദീസ് പ്രകാരം,

പുരുഷന് നടുവിരലിലും അതിനോട് ചേർന്ന വിരലിലും മോതിരം ധരിക്കുന്നത് ‘മക്റൂഹാ’ണ്.

ഇത് വീര്യം കുറഞ്ഞ മക്റൂഹ് (കുറ്റകരമല്ലാത്ത, ഒഴിവാക്കുന്നതു അനുപേക്ഷണീയമായ കാര്യം) ഗണത്തിൽ പെടുന്നതാണ്.

(ശർഹു മുസ്ലിം: 14/71).

✍️ *ഇസ്മാഈൽ അഹ്സനി പുളിഞ്ഞാൽ മക്കതുൽ മുകർറമ:* 🕋🌹

No comments:

Post a Comment

മോതിരം ധരിക്കാൻ പാടുണ്ടോ?

 📚📚🌹__*سألوني {19}*__🌹📚📚 *ചോദ്യം:* ചെറുവിരിലിൽ അല്ലാതെ മോതിരം ധരിക്കാൻ പാടുണ്ടോ? *മറുപടി:* വലത്തെ കയ്യിലെ ചെറുവിരലിൽ ഒരു വെള്ളിമോതിരം ...