Wednesday, May 29, 2024

സുന്നികൾ* *ബ്രിട്ടീഷുകാർക്ക്* *അനുകൂലമോ ?

 https://www.facebook.com/100024345712315/posts/pfbid0fUZCYhTXQFzTgd7drcxyMEd9vaqCreTwyr6fvppo7JZne9ANBguxkS9bcaUNJ4G6l/?mibextid=9R9pXO

*സുന്നികൾ*

*ബ്രിട്ടീഷുകാർക്ക്* 

*അനുകൂലമോ ?*

➖➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 105/313


✍️ Aslam saquafi payyoli


"സമസ്തക്കാർ ബ്രിട്ടീഷ് അനുകൂലമായിരുന്നു, സമസ്തക്കാർക്ക് കോൺഗ്രസിൽ പ്രവർത്തിക്കുവാൻ അനുവാദം ഉണ്ടായിരുന്നില്ല." 

(ഇസ്‌ലാഹി പ്രസ്ഥാനം 

പേജ് 52 - കെ എൻ എം)

ഇതൊക്കെ പുതുതലമുറ വായിക്കുമ്പോൾ സുന്നികൾ സ്വാതന്ത്ര്യ സമര വിരോധികളും നേരം വെളുക്കാത്തവരുമായിരുന്നുവെന്ന് മനസ്സിലാക്കണം. അങ്ങനെയെങ്കിലും സുന്നി വിരോധം കുത്തിവെക്കാനാണ് മൗലവിമാർ ശ്രമിക്കുന്നത്. 


മമ്പുറം തങ്ങൾ, ഉമർ ഖാളി, ആലി മുസ്‌ലിയാർ, ചെറുശ്ശേരി അഹമ്മദ് മുസ്‌ലിയാർ, കിടങ്ങയം ഇബ്രാഹിം മുസ്‌ലിയാർ, പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ, പാനായിക്കുളം അബ്ദുറഹ്മാൻ മുസ്‌ലിയാർ തുടങ്ങിയവരുടെ ചരിത്രം വായിച്ചാൽ സുന്നികളുടെ ബ്രിട്ടീഷ് വിരോധം എത്രത്തോളമുണ്ടായിരുന്നെന്ന് നന്നായി ബോധ്യപ്പെടും. അതിവിടെ വിശദീകരിക്കുന്നില്ല. 


"അറബി മലയാളത്തിലുള്ള മുഹിമ്മാത്തുൽ മുസ്ലിമീൻ എന്ന ബ്രിട്ടീഷ് വിരുദ്ധ ഗ്രന്ഥത്തിന് ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ല്യാരുടെ അവതാരികയുണ്ട്. ഈ ഗ്രന്ഥമാണ് മുസ്ലിംകളെ കടുത്ത ബ്രിട്ടീഷ് വിരോധികളാക്കി തീർത്തത്. താനൂർ ആമിനുമ്മാന്റകത്തു ഫരീദ് കുട്ടി മുസ്‌ല്യാരാണ് ഗ്രന്ഥകർത്താവ്. "

(മലയാളത്തിലെ മഹാരഥന്മാർ 

പേജ്, 135)

ഈ ബ്രിട്ടീഷ് വിരുദ്ധ ഗ്രന്ഥം കൈവശം വെച്ചതിന്റെ പേരിലാണത്രേ ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാരും പാനായിക്കുളം അബ്ദുറഹ്മാൻ മുസ്‌ല്യാരും ശിക്ഷിക്കപ്പെട്ടിരുന്നത്.


സമസ്തയുടെ ഫറൂഖ് സമ്മേളനത്തിലെ പന്ത്രണ്ടാം പ്രമേയമാണ് സുന്നികൾക്കെതിരെ ഇപ്പോൾ  മൗലവിമാർ ഉയർത്തി കാട്ടാറുള്ളത്. 

ആ പ്രമേയത്തിൽ ആദ്യത്തിൽ തന്നെ കോൺഗ്രസിനെതിരെ അന്ന് അങ്ങനെയൊരു പ്രമേയം കൊണ്ടുവരാനുള്ള സാഹചര്യവും വിശദീകരിക്കുന്നുണ്ട്. സാഹചര്യവും പ്രമേയവും താഴെ ചേർക്കുന്നു :


"സാധുക്കളും നിരപരാധികളുമായ കേരള മുസ്‌ലിംകളെ കോൺഗ്രസ് കക്ഷിക്കാർ അവരുടെ ഉദ്ദേശ നിർവഹണത്തിനായി ഖിലാഫത്ത് കമ്മിറ്റി എന്ന പേരും പരസ്യം ചെയ്ത് അവരുടെ മായാവലയത്തിൽ പെടുത്തുകയും, അവിവേകികളും പാമരന്മാരുമായ മുസ്‌ലിംകളെ മുമ്പിലേക്ക് തള്ളി, കക്ഷിവഴക്കുകളും ബഹളവും ഉണ്ടാക്കി കേരളം മിക്കവാറും സ്ഥലങ്ങളിൽ വമ്പിച്ച ലഹള നടന്നതിന്റെ ഫലമായി എത്രയോ അനവധി മുസ്‌ലിം സഹോദരങ്ങൾ തോക്കിൻ ഇരയാവുകയും ജയിൽ ശിക്ഷക്ക് കാരണഭൂതരായി തീരുകയും ചെയ്തുവല്ലോ. ( ഈ കാരണം വ്യക്തമാക്കിയതിനുശേഷമാണ് പ്രമേയം അവതരിപ്പിക്കുന്നത്)

ഭരണകർത്താക്കളോട് എതിർക്കലും അവരുടെ കൽപ്പന അനാദരവ് ചെയ്യലും മതവിരോധമായിട്ടുള്ള കാര്യമായിരിക്കെ കോൺഗ്രസ് കക്ഷിക്കാരുമായി യോജിക്കലും അവരോട് സഹകരിക്കലും ഒരിക്കലും യഥാർത്ഥ മുസ്‌ലിംകൾക്ക് ചെയ്യുവാൻ പാടില്ലാത്തതും ആകുന്നു."

ഈ പ്രമേയം സമസ്തയുടെ ആറാം വാർഷിക സമ്മേളനമാണ് പാസാക്കിയത്.

(ഇസ്‌ലാഹി പ്രസ്ഥാനം

കെ എൻ എം പേ: 51)


ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ

പേരിൽ ഒപ്പം കൂടി സൗഹൃദം നടിച്ച് ക്രൂരമായി വഞ്ചിച്ച കോൺഗ്രസിന്റെ പ്രസ്തുത നിലപാട് മലബാർ കലാപാനന്തര ഘട്ടങ്ങളിൽ നിരവധി നഷ്ടങ്ങളാണ് മുസ്‌ലിംകൾക്ക് വരുത്തിവെച്ചത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് സമസ്തയുടെ പ്രമേയം വരുന്നത്. ഇതൊരിക്കലും ബ്രിട്ടീഷ് അനുകൂലമായിരുന്നില്ല; മുസ്‌ലിംകളുടെ സംരക്ഷണം മാത്രമായിരുന്നുവെന്ന് പഴയകാല ചരിത്രം പരിശോധിച്ചാൽ നമുക്ക് ബോധ്യപ്പെടും. 


സാഹചര്യം മനസ്സിലാക്കാതെ ഈ പ്രമേയം ഉയർത്തിക്കാട്ടി സുന്നികളെ രാജ്യ വിരോധികൾ ആക്കുന്ന മൗലവിമാർ ഒരു കാര്യം ഓർക്കണം, ഇതേ സാഹചര്യത്തിൽ കോൺഗ്രസിനെതിരെ കടുത്ത തീരുമാനങ്ങൾ എടുത്തവരാണ് മുജാഹിദ് പണ്ഡിതന്മാർ. 


മുജാഹിദ് പണ്ഡിത സഭ പുറത്തിറക്കിയ അൽമുർശിദിലെ ചില വരികൾ താഴെ ചേർക്കാം. ഇതു വായിച്ച് മൗലവിമാർ കോൺഗ്രസ് വിരോധികൾ ആയിരുന്നോ ? അല്ലേ ? എന്ന് ആധുനിക മൗലവിമാർ വിശദീകരിക്കേണ്ടതുണ്ട്.


1) "കോൺഗ്രസിന് എതിരെ നമ്മുടെ സംഘടനയെ നാം ശക്തിപ്പെടുത്തി, നമ്മുടെ സമരം കൊണ്ട് ബ്രിട്ടീഷ് ഫിർഔന്റെ മടിയിലിരുന്ന് വളർന്ന് വരുന്ന ഈ കുട്ടി ഫിർഔന്റെ വളർച്ചയെ നാം ഇപ്പോൾ തന്നെ തടയണം. "

(അൽ മുർശിദ് മാസിക

1939 ജനുവരി പേജ് : 18)


2)...അതിനാൽ മുസ്‌ലിംകളോട് കൂടുതലായി കോൺഗ്രസിൽ ചേർന്ന് അതിനെ കരസ്ഥമാക്കുവാൻ ഉപദേശിക്കുന്നവരുടെ വാക്കിന് മുലപ്പാൽ കുടിക്കുന്ന കുട്ടികളുടെ വാക്കിന്റെ വില കൽപ്പിക്കുവാനേ സാധിക്കുകയുള്ളൂ."

(അൽ മുർശിദ് മാസിക

1939 ജനുവരി പേജ് : 24)


കോൺഗ്രസിനെതിരെയും ബ്രിട്ടീഷന് അനുകൂലവുമായുള്ള ഉദ്ധരണികൾ ഇതിലും കടുപ്പപ്പെട്ടത് ഇനിയും മുജാഹിദ് പണ്ഡിതസഭ ഇറക്കിയ അൽ മുർശിദിലുണ്ട്. തൽക്കാലം ഇതിൽ ഒതുക്കുന്നു. 


ഒരു കാര്യം കൂടി മൗലവിമാർ വിശദീകരിക്കേണ്ടതുണ്ട്. 1924 ൽ ഐക്യ സംഘത്തിന്റെ രണ്ടാം വാർഷിക സമ്മേളനത്തിൽ ബ്രിട്ടീഷിനെതിരെ അബ്ദുറഹ്മാൻ സാഹിബ് അവതരിപ്പിച്ച പ്രമേയത്തിനെതിരെ മൗലവിമാർ അന്ന് സംസാരിച്ചത് എന്തിനായിരുന്നു ?


ചരിത്രം ഇങ്ങനെ:

"1924-ൽ ഐക്യ സംഘത്തിന്റെ രണ്ടാം വാർഷിക സമ്മേളനം ആലുവായിൽ ചേർന്നപ്പോൾ ഖിലാഫത്ത് പ്രശ്നത്തിൽ മുസ്‌ലിംകളോട് വാഗ്ദാന ലംഘനം നടത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അപലപിക്കുന്ന ഒരു പ്രമേയം അവതരിപ്പിച്ചുകൊണ്ട് അബ്ദുറഹ്മാൻ സാഹിബ് ഉജ്ജ്വലമായി പ്രസംഗിച്ചു. സ്നേഹപൂർവ്വമായ സമ്മർദ്ദം വഴി തങ്ങളുടെ കുഞ്ഞുമുഹമ്മദിനെ കൊണ്ട് ഈ പ്രമേയം പിൻവലിപ്പിക്കാൻ കഴിയുമെന്ന് കുഞ്ഞു കൊച്ചു ഹാജിയും മണപ്പാടനും മറ്റും കരുതി. അത് നടക്കുകയില്ലെന്ന് ഉറപ്പായപ്പോൾ സാഹിബ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു എതിർപ്പുണ്ടായി. ഉറ്റ സുഹൃത്തും നിതാന്ത സഹചാരിയുമായ മൊയ്തു മൗലവി പ്രമേയത്തെ ശക്തിയായി എതിർത്തുകൊണ്ട് പ്രസംഗിച്ചു. അതിനുശേഷം പ്രമേയം വോട്ടിനിട്ടപ്പോൾ എതിരാളികൾക്ക് നേരിയ ഭൂരിപക്ഷം ലഭിച്ചു. "

(മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് പേജ് 70, 71 - എം റശീദ്)


ഇനി പറയൂ ,

മേലുദ്ധരണികൾ വെച്ചുകൊണ്ട് മൗലവിമാർ ബ്രിട്ടീഷുകാർക്ക് അനുകൂലമായിരുന്നു എന്നു പറയാൻ പറ്റുമോ ? രാജ്യ വിരോധികളാണെന്ന് പറയാമോ? ഇതിന് മൗലവിമാർ നടത്തുന്ന ന്യായീകരണങ്ങൾ എന്തൊക്കെയുണ്ടോ, അതെല്ലാം സമസ്തയുടെ പ്രമേയത്തിനും ബാധകമല്ലേ ?

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...