Thursday, January 4, 2024

ബ്രിട്ടീഷ്കാരുടെ പച്ചപ്പൊള്ള് വഹാബികൾ ഏറ്റു പിടിച്ചു

 https://www.facebook.com/100024345712315/posts/pfbid0UJua1mdEXUPVcgW19mTYDpEtHpcLix5DsQjjMggujp4HwugkfjVLYdxft1TkxGKXl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 65/313

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖➖

*ബ്രിട്ടീഷ്കാരുടെ പച്ചപ്പൊള്ള് വഹാബികൾ ഏറ്റു പിടിച്ചു*


മുസ്‌ലിംകളോടുളള കടുത്ത അമർഷം രേഖപ്പെടുത്താൻ ബ്രിട്ടീഷുകാരാണ് ആദ്യമായി മുസ്‌ലിംകൾ വിദ്യാഭ്യാസമില്ലാത്തവരും അന്ധവിശ്വാസികളുമാണെന്ന നുണ പ്രചരിപ്പിച്ചത്.  

പണ്ഡിതന്മാരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ അവരിൽ നിന്നും അടർത്തിയെടുക്കാൻ ബ്രിട്ടീഷുകാരുടെ ഈ പച്ചപ്പൊള്ള് ഏറ്റുപിടിക്കുകയായിരുന്നു കേരളത്തിലെ മുജാഹിദ് മൗലവിമാർ. 


വഹാബി പ്രസിദ്ധീകരണമായ ശബാബിൽ നിന്ന് വായിക്കാം : 


"വിദ്യാഭ്യാസമില്ലാത്ത, ലോക വിവരമില്ലാത്ത, മത പരിജ്ഞാനം പോലും വേണ്ടത്രയില്ലാത്ത ഒരു പിന്നാക്ക വിഭാഗമായിരുന്ന മുസ്‌ലിംകളെ കേവല ഭൗതികതയ്ക്കപ്പുറം വിശുദ്ധ ഖുർആനിന്റെയും  നബി ചര്യയുടെയും വെളിച്ചത്തിൽ പുരോഗതിയുടെ പാതയിലേക്കാനയിച്ച മഹദ് വ്യക്തിത്വങ്ങളായിരുന്നു മക്തി തങ്ങളും വക്കം മൗലവിയും."

(ശബാബ് വാരിക 2016

ഡിസംബർ 16 പേജ് : 6)


വഹാബി സ്ഥാപക നേതാവായ വക്കം മൗലവിയെ മുസ്‌ലിം  നവോത്ഥാന നായകനായി പരിചയപ്പെടുത്താനാണ് മൗലവിമാർ ഈ രൂപത്തിൽ ചരിത്ര നിർമ്മാണം നടത്തുന്നത്.


ബ്രിട്ടീഷുകാർ മുസ്‌ലിംകൾക്കെതിരെ പടച്ചുവിട്ട പെരും നുണയെ കുറിച്ച്  സി എൻ അഹ്‌മദ്‌ മൗലവിയും കെ കെ കരീമും ചേർന്നെഴുതിയ മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തിൽ വിശദമായി എഴുതുന്നുണ്ട്. 


"രണ്ട് കൊല്ലമായി മാപ്പിള സാഹിത്യ ചരിത്രങ്ങളെ കുറിച്ച് ഗവേഷണം നടത്തി കൊണ്ടിരിക്കുകയായിരുന്നു. ഗവേഷണ മദ്ധ്യേ കേരള ജനതയെ അമ്പരപ്പിക്കുന്ന പല യഥാർഥ്യങ്ങളും ഞങ്ങൾക്ക് ഗ്രഹിക്കാൻ കഴിഞ്ഞു. അതിന്റെ സംക്ഷിപ്ത രൂപം വായനക്കാരുടെ മുമ്പിൽ വെക്കാം. പക്ഷേ, അവിടെ ഒരു വിഷമം :അക്ഷര ജ്ഞാനം പോലുമില്ലാതെ അധ:പതിച്ചു കിടക്കുന്ന ഒരു ജനതയാണ് മാപ്പിളമാരെന്ന് ബ്രിട്ടീഷ് ഭരണാധികാരികൾ തുടർച്ചയായ  പ്രചരണം നടത്തിക്കൊണ്ടിരുന്നു. അവസാനം മാപ്പിളമാർ തന്നെയും ആ പ്രചാരണത്തിൽ കുടുങ്ങി. ആ ധാരണ വെച്ചു പുലർത്തി കൊണ്ടുപോന്നു. അങ്ങനെയുള്ള പരിത:സ്ഥിതിയിൽ മാപ്പിളമാർക്ക് മഹത്തായ ഒരു സാഹിത്യ പാരമ്പര്യമുണ്ടെന്നു പറഞ്ഞാൽ ഇല്ലാത്ത വലിപ്പം നടിക്കുകയാണെന്നോ അല്പമെന്തോ ഉള്ളത് ഊതി വീർപ്പിച്ചു കാണിക്കുകയാണെന്നോ മാത്രമേ ലോകം ധരിക്കുകയുള്ളൂ..."

(മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം. പേജ് : 15)


ബ്രിട്ടീഷുകാരുടെ മുസ്‌ലിം വിരുദ്ധ പ്രചരണത്തിൽ ചില മാപ്പിളമാരും കുടുങ്ങി എന്ന് സി എൻ സൂചിപ്പിക്കുന്നത് കേരളത്തിലെ വഹാബി നേതാക്കളെ തന്നെയാണ്.


സമുദായത്തിന് വിദ്യാഭ്യാസം നൽകാൻ മലയാള ലിപി വരുന്നതിനു മുമ്പ് തന്നെ മുസ്ലിം പണ്ഡിതന്മാർ അറബി മലയാള ലിപിക്ക് രൂപം നൽകുകയും അത് ഉപയോഗപ്പെടുത്തി വിദ്യ നുകരുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെയെല്ലാം പുച്ഛിച്ചുതള്ളി മാപ്പിളമാർ പഴഞ്ചൻമാരാണെന്ന് പ്രചരിപ്പിക്കാൻ ആയിരുന്നു ബ്രിട്ടീഷുകാർക്ക് തുനിഞ്ഞിരുന്നത്. 


സി എൻ അഹമ്മദ് മൗലവി മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തിൽ വിശദമായി ഇക്കാര്യം ചർച്ചചെയ്യുന്നുണ്ട്. 


"നബിയുടെ സഹാബികൾ പേർഷ്യയിൽ ചെന്നപ്പോൾ അവിടെ അറബി ഭാഷ പഠിപ്പിക്കാനും പ്രചരിപ്പിക്കാനും വേണ്ട ശ്രമങ്ങൾ നടത്തി. പക്ഷേ എല്ലാവർക്കും അത് പഠിക്കാൻ കഴിയുകയില്ലല്ലോ. തന്നിമിതം സാധാരണക്കാർക്ക് വിദ്യാഭ്യാസം നൽകാനും വിജ്ഞാനം പ്രചരിപ്പിക്കാനും വളരെ ലഘുവായ ഒരു സൂത്രം കണ്ടുപിടിച്ചു. 28 അറബി അക്ഷരങ്ങളിൽ മൂന്നെണ്ണത്തിന് ഈരണ്ടു പുള്ളികളും ഒന്നിന് ഒരു വരയും കൊടുത്ത് 32 എണ്ണമുള്ള ഒരു അക്ഷരമാല തയ്യാറാക്കി. എന്നിട്ട് തദ്ദേശഭാഷകൾ ആ ലിപിയിൽ എഴുതിയിട്ട് വിജ്ഞാനം സാർവത്രികമാക്കാൻ പ്ലാനിട്ടു. വളരെ ലഘുവും പ്രയോജനപ്രദവുമായ ഈ പ്ലാൻ പിൽക്കാലങ്ങളിൽ ഇസ്‌ലാം പ്രവേശിച്ചുകൊണ്ടിരുന്ന എല്ലാ നാടുകളെയും ആകർഷിച്ചു. അങ്ങനെ തുർക്കി, ഇന്ത്യ, സിലോൺ, മലേഷ്യ തുടങ്ങി മാലിദ്വീപ് വരെയും ഈ സമ്പ്രദായം അംഗീകരിക്കപ്പെട്ടു. ഭരണകൂടങ്ങൾ ഈ ലിപി അംഗീകരിച്ചു. വൈദ്യശാസ്ത്രവും നിയമഗ്രന്ഥങ്ങളും ഗസറ്റും പത്രങ്ങളുമെല്ലാം ഈ ലിപിയിൽ തന്നെ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നു. ഇന്ത്യയിലെ സ്ഥിതി പറയുകയാണെങ്കിൽ ഗുജറാത്തി, മറാറി, കർണാടകം, തെലുങ്ക്, തമിഴ്, മലയാളം മുതലായ ഭാഷകൾ തുടങ്ങി പഞ്ചാബി ഭാഷ വരെയും ഈ ലിപിയിൽ അച്ചടിച്ചും പ്രചരിപ്പിച്ചും പോന്നു. സിന്ധി പത്രം ഇന്നും പ്രസിദ്ധീകരിക്കുന്നത് അറബി ലിപിയിൽ തന്നെയാണ്. ഉർദുവിന്റെ കാര്യം പറയേണ്ടതുമില്ല. ഹൈദരാബാദിലെ ഉസ്മാനിയ യൂണിവേഴ്സിറ്റി അടുത്ത കാലം വരെയും ഉറുദു യൂണിവേഴ്സിറ്റി ആയിരുന്നു. എൻജിനീയറിംഗ്, നിയമം , വൈദ്യശാസ്ത്രം മുതലായ എല്ലാ വിഷയങ്ങളും എല്ലാ ശാസ്ത്രങ്ങളും അവിടെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് ഉറുദുവിലൂടെയാണ്. ഉറുദുവിന്റെ ലിപി അറബി ലിപികളിൽ ഏഴക്ഷരം കൂട്ടിച്ചേർത്തതാണെന്നറിയാമല്ലോ.


പാശ്ചാത്യരുടെ കുതന്ത്രങ്ങൾ : ഈ ചരിത്രങ്ങളെല്ലാം ശരിക്ക് അറിവുള്ള പാശ്ചാത്യരും അവരുടെ ഭക്തന്മാരും അറബി മലയാളത്തെ പുച്ഛിച്ചുകൊണ്ടിരുന്നു. അവസാനം മാപ്പിളമാരിൽ കുറെ പേർക്കെങ്കിലും ഒരു ശങ്ക തോന്നിപ്പോയി : തങ്ങൾ ഒരു പഴഞ്ചൻ സമുദായമാണോ എന്ന്. വാസ്തവത്തിൽ സായിപ്പിൻറെ ഉദ്ദേശ്യം അതുതന്നെയായിരുന്നു. തുർക്കി ഖലീഫ മുതൽ ഇൻഡോനേഷ്യ വരെയുള്ള മുസ്‌ലിംകൾ അവരവരുടെ ഭാഷകൾ എഴുതാൻ അറബി ലിപി ഉപയോഗിച്ചെങ്കിൽ അത് ഉപയോഗിച്ച മാപ്പിളമാർ മാത്രം എന്തുകൊണ്ട് താഴ്ന്നവരാകും.? യഥാർത്ഥത്തിൽ രഹസ്യം മറ്റൊന്നാണ് ദേശാഭിമാനികളും തികഞ്ഞ മതഭക്തനുമായ മാപ്പിളമാരെ ഒന്നിച്ചു താഴ്ത്തി അവരുടെ മനോവീര്യം കെടുത്തുകയായിരുന്നു ലക്ഷ്യം. ഇത്തരം കുതന്ത്രങ്ങൾ ഒരിക്കലോ, ഒരിടത്തോ മാത്രമല്ല പലപ്പോഴും പലയിടങ്ങളിലും അവർ പ്രയോഗിച്ചിട്ടുണ്ട്."

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 33)


ഇപ്പോഴും അറബി മലയാളത്തെ പുഛിക്കുകയും പൂർവ്വകാല മുസ്‌ലിംകൾ പിന്നോക്കക്കാരായിരുന്നുവെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു വിഭാഗമുണ്ടെങ്കിൽ അത് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം മാത്രമാണ്.

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...