അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ ' ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
പ്രതിരോധത്തിന്റെ മതവും മാനവും
SUNNIVOICE
23 hours ago
ഇന്ത്യൻ മുസ്‌ലിംകളുടെയും ജനാധിപത്യ ഇന്ത്യയുടെ തന്നെയും ഭാവിയെക്കുറിച്ച് വലിയ തോതിൽ ആശങ്കകൾ നിലനിൽക്കുന്ന ഘട്ടമാണിത്. ഹിന്ദുത്വ ഫാസിസത്തിന്റെ സമഗ്രാധിപത്യം ഉയർത്തുന്ന ഭീഷണികളെ എങ്ങനെ ചെറുക്കണമെന്നതിൽ സ്വാഭാവികമായും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ജനാധിപത്യപരമായ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയും നിലവിലുള്ള സ്വാതന്ത്ര്യത്തിനും സമാധാനത്തിനും പരിക്കേൽക്കാതെയും അതേ സമയം തന്നെ ഒരു ജീവിത ദർശനമെന്ന രീതിയിൽ ഇസ്‌ലാമിനെ മറ്റുള്ളവർ താൽപര്യത്തോടെ നോക്കിക്കാണുന്ന അവസ്ഥക്ക് ഭംഗമേൽപ്പിക്കാതെയും വേണം പ്രതിരോധ/പ്രതികരണ ശ്രമങ്ങളുണ്ടാവേണ്ടത് എന്നതാണ് പ്രധാനമായും സമുദായത്തിനകത്തുള്ള വീക്ഷണം. അതോടൊപ്പം അല്ലെങ്കിൽ അതിനപ്പുറം കുറേക്കൂടി തീവ്രവും വേണ്ടിവരുമ്പോൾ നിയമം കൈയിലെടുത്തും സായുധവുമായ ചെറുത്തുനിൽപ്പു വേണമെന്നും അതിനു സമയമായെന്നുമാണ് മറ്റൊരു ചെറിയ വിഭാഗത്തിന്റെ നിരീക്ഷണം.
ഏതു പ്രശ്‌നത്തിന്റെയും പരിഹാര സാധ്യതകളെക്കുറിച്ചു ഗൗരവമായി ആലോചിക്കുമ്പോൾ ആദ്യത്തെ പടി നിലവിലുള്ള യാഥാർഥ്യങ്ങളെ ഉൾക്കൊള്ളുകയെന്നതാണ്. യാഥാർഥ്യങ്ങളെയും പ്രായോഗികതയെയും പരിഗണിക്കാതെയുള്ള ആവേശങ്ങൾക്കോ സാങ്കൽപിക ലോകത്തു നിന്നുള്ള ചിന്തകൾക്കോ ഫലപ്രദമായി പരിഹാരങ്ങളിലെത്താനാവില്ല. ഇന്ത്യയിലെ മുസ്‌ലിംകളുടെയും ദുർബല വിഭാഗങ്ങളുടെയും നിലവിലെ സാമ്പത്തികവും വിദ്യാഭ്യാസപരവും സാമൂഹികവുമായ അവസ്ഥ വളരെ പരിതാപകരമാണ് എന്നതാണ് പ്രാഥമികമായ വസ്തുത. കേരളത്തിലെ മുസ്‌ലിം സമുദായത്തെയോ മുസ്‌ലിം സംഘടനകളെയോ ഒരു പൊതു സാമുദായിക പ്രശ്‌നത്തെ നേരിടാൻ ഒന്നിച്ചണിനിരത്തി ശക്തമായൊരു ബഹുജന മൂവ്‌മെന്റ് ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ മനസ്സിൽ വരുന്ന സാധ്യതകളും ചിത്രങ്ങളുമൊന്നും പൊതു ഇന്ത്യനവസ്ഥയിൽ പ്രസക്തമല്ല എന്ന യാഥാർഥ്യത്തെ നമുക്ക് അഭിമുഖീകരിച്ചേ മതിയാവൂ.
മറ്റൊന്ന് ഫാസിസ്റ്റ് ഭീഷണിയും അതിന്റെ ഫലമായുള്ള കുറച്ചു പരിക്കുകളും യാഥാർഥ്യമാണെന്നതാണ്. ആപേക്ഷികമായി ന്യൂനപക്ഷാവസ്ഥയിലാണ് മുസ്‌ലിംകളുള്ളത്. അധികാര കേന്ദ്രങ്ങളിലെയും പോലീസും സൈന്യവുമടക്കമുള്ള സംവിധാനങ്ങളിലെയും സാന്നിധ്യം വളരെ ദുർബലമാണ്. അവിടെയൊക്കെ മൃഗീയമായ സാന്നിധ്യവും സ്വാധീനവുമുള്ളവരാണ് ശത്രുപക്ഷത്തുള്ളത്. എന്നാൽ ഇതൊന്നും ചിന്തിക്കാനോ മനസ്സിലാക്കാനോ കഴിയാത്ത വിധം വിശപ്പിന്റെയോ ഭയത്തിന്റെയോ അറിവില്ലായ്മയുടെയോ ആഴത്തിലാണ് കോടിക്കണക്കിന് മുസ്‌ലിംകളുള്ളത് താനും.
ചുരുങ്ങിയത് ഒരു നൂറ്റാണ്ടിന്റെയെങ്കിലും, അല്ലെങ്കിൽ ബ്രിട്ടീഷ് ഭരണം തുടങ്ങിയത് തൊട്ടുള്ള കാലഘട്ടത്തിന്റെ അവശേഷിപ്പാണ് ഈ അവസ്ഥ. ദീർഘമായൊരു കാലംകൊണ്ടു വന്നുചേർന്നിരിക്കുന്ന പതിതാവസ്ഥ പരിഹരിക്കാൻ, വിശേഷിച്ച് മേൽപ്പറഞ്ഞ യാഥാർഥ്യങ്ങളെ ഉൾക്കൊള്ളുമ്പോൾ, ദീർഘകാല പരിശ്രമങ്ങൾ തന്നെ ആവശ്യമായി വരും. നിലവിലുള്ള സാഹചര്യത്തിൽ നിന്ന് വിവിധ തലങ്ങളിലുള്ള ശാക്തീകരണം നടത്തി മാത്രമേ ഭേദപ്പെട്ടൊരവസ്ഥയിലെത്തിച്ചേരാനാവൂ. അതുവരെ കുറച്ചു വേദനകൾ സഹിക്കുകയല്ലാതെ നിവൃത്തിയില്ലെന്ന വസ്തുത അംഗീകരിക്കാതെ, പെട്ടെന്നുള്ള ഒരു ആവേശപ്പെടൽ കൊണ്ട് കാര്യങ്ങൾ വഷളാവാനേ തരമുള്ളൂ. ദുർബലമായ ഏതു സമൂഹത്തിനും മുസ്‌ലിം ഉമ്മത്തിന്റെ തന്നെ ചരിത്രത്തിനും പറയാനുള്ളത് സമാനമായ അനുഭവമായിരിക്കും. അന്തസ്സോടെയുള്ള നിലനിൽപ്പിന് ആവശ്യമായ തലങ്ങളിലെല്ലാം ശാക്തീകരിക്കപ്പെടുന്നത് വരെ, സഹിച്ചും നിരന്തരം ശ്രമിച്ചും അല്ലാഹുവിൽ അർപ്പിച്ചും മുന്നോട്ടു പോവുക മാത്രമാണ് പരിഹാരം.
പ്രതിരോധത്തിന്റെ മാനങ്ങൾ
ആത്മീയമായും ഭൗതികമായും വെല്ലുവിളികളോടു പ്രതിരോധ സജ്ജരായിരിക്കുന്ന ഒരു ഉമ്മത്തിനെ തന്നെയാണ് ഇസ്‌ലാം വിഭാവന ചെയ്യുന്നത്. അതിന്റെ മുൻഗണനകളിലും സ്വഭാവങ്ങളിലും നല്ല സൂക്ഷ്മതയും അവധാനതയും ആവശ്യവുമാണ്. നിങ്ങളുടെ തലയെടുക്കുന്നതിനെക്കുറിച്ച് ആർഎസ്എസ് ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ തലയിലെ തൊപ്പിയെ പറ്റി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണോ നിങ്ങൾ എന്ന മട്ടിലുള്ള ചിന്തകൾ, അതിനാൽ തന്നെ ഇസ്‌ലാമികമല്ല. ഇസ്‌ലാമിനെ സംബന്ധിച്ച് തൊപ്പിയും തൊപ്പിയുള്ള തല ഉൾവഹിക്കുന്ന ആദർശവും തന്നെയാണ് ഒന്നാമത്. ആദർശവും തൊപ്പിയും എന്തായാലും കുഴപ്പമില്ലെന്നു ചിന്തിക്കുന്ന തലകൾ ബാക്കിയാവുന്നത് കൊണ്ട് ഇസ്‌ലാം ബാക്കിയാവുന്നില്ല.
തലകൾ നഷ്ടപ്പെട്ടയിടങ്ങളിൽ ഇസ്‌ലാമിനു പരിക്കു പറ്റിയിട്ടില്ല, പലപ്പോഴും ശക്തിപ്പെടുകയാണുണ്ടായത്. എന്നാൽ തൊപ്പി അഥവാ ആദർശത്തിന്റെ വിശുദ്ധിയും ചിഹ്നങ്ങളും നഷ്ടപ്പെട്ടിടത്ത് നഷ്ടപ്പെട്ടു പോകുന്നത് ആ സമൂഹത്തിന്റെ ഇസ്‌ലാം തന്നെയായിരിക്കും. അതിനാൽ തന്നെ തലപോയാലും ഇസ്‌ലാമിനെ സംരക്ഷിക്കുക, സാധ്യമെങ്കിൽ ഇസ്‌ലാമുള്ള തലകളെ സംരക്ഷിക്കുക, ഇസ്‌ലാമിനെ കളഞ്ഞ് തലകളെ മാത്രം സംരക്ഷിക്കാൻ ശ്രമിക്കാതിരിക്കുക എന്നതാണ് ശരിയായ ഇസ്‌ലാമിക പ്രതിരോധത്തിന്റെ ലൈൻ.
ആരോഗ്യമുള്ളവരും വ്യക്തിപരവും സാമൂഹികവുമായ പ്രതിരോധത്തിനാവശ്യമായ കായിക-ആയോധന കലകൾ പരിശീലിച്ചവരുമായിരിക്കണം ഉമ്മത്തെന്നു തന്നെയാണ് ഇസ്‌ലാമിന് താൽപര്യം. എന്നാൽ നിയമവാഴ്ചയും ഭരണകൂടവുമുള്ളൊരു ദേശത്ത് അതിനെ മറികടന്നും സംഘടിതമായും പ്രതിരോധത്തിനെന്ന രീതിയിൽ നടത്തുന്ന ആക്രമണങ്ങൾക്കും സന്നാഹങ്ങൾക്കും ഇസ്‌ലാമിൽ ഇടം കിട്ടാൻ പാടാണ്. അത്തരം ശ്രമങ്ങൾ സമുദായത്തെയും നാടിനെയും സർവോപരി മതത്തെയും കൂടുതൽ അപകടങ്ങളിലേക്കും അസമാധാനത്തിലേക്കും കൊണ്ടുപോകാനിടയുണ്ടെങ്കിൽ അത് കുറേക്കൂടി ഇസ്‌ലാമിക വിരുദ്ധമാകാനാണ് സാധ്യത. കേരളം കേന്ദ്രീകരിച്ച് പ്രതിരോധമെന്ന പേരിൽ ബഹളങ്ങളുണ്ടാക്കി സന്നാഹങ്ങളൊരുക്കുന്നവരുടെ ഒരു പ്രശ്‌നം ഇവിടെയാണ്.
അതേസമയം ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ ആക്രമിക്കപ്പെടുന്ന സമയത്ത്, ഭരണകൂട സംവിധാനങ്ങളെ കാത്തിരിക്കുമ്പോഴേക്ക് ജീവനും സ്വത്തിനുമൊക്കെ ഭീഷണിയുണ്ടാവുന്ന സമയത്ത്, അക്രമിക്കാൻ വരുന്നവരെ ആവുംവിധം പ്രതിരോധിക്കാനും ജീവനും സമ്പത്തും സംരക്ഷിക്കാനും വിശ്വാസികൾക്ക് അനുമതിയും ഉത്തരവാദിത്തവുമുണ്ട്. അതിനാൽ തന്നെ ഫാസിസ്റ്റ് അക്രമികൾ കൊല്ലാൻ വരുമ്പോൾ തലകുനിച്ചു കൊടുക്കുകയാണോ വേണ്ടത് എന്ന മറുചോദ്യം തെറ്റിദ്ധാരണ പടർത്തലാണ്.
അക്രമിയെ സ്‌പോട്ടിൽ പ്രതിരോധിക്കുന്നതും അക്രമം കഴിഞ്ഞ ശേഷം അക്രമിയുടെ സംഘത്തിലോ ആശയത്തിലോ പെട്ട മറ്റൊരാളെ പോയി വെട്ടിക്കൊല്ലുന്നതും ഒരു പോലെയെന്ന മട്ടിൽ കൂട്ടിക്കുഴച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമമാണ് അത്. തങ്ങളുടെ ചെയ്തിക്ക് വ്യക്തമായ ധാർമിക അടിത്തറയുള്ളവർക്ക് ഇത്തരം കൂട്ടിക്കുഴക്കൽ ആവശ്യമായി വരില്ല. ശരിയാണെന്നു ആത്മവിശ്വാസത്തോടെ സ്ഥാപിക്കാൻ കഴിയാത്ത ചെയ്തികളെയാണ് ശരിയെന്നു എല്ലാവരും അംഗീകരിക്കുന്ന കാര്യങ്ങളോട് ഏച്ചുകെട്ടി പറയേണ്ടി വരിക. മറ്റൊന്ന് ജിഹാദിന്റെ സാങ്കേതിക സാധ്യതകളിൽ വരുന്ന പ്രതിരോധങ്ങളാണ്. അത് പൊതുവിൽ ഇസ്‌ലാമിക ഭരണത്തിന്റെ ഉത്തരവാദിത്തങ്ങളിൽ വരുന്നതും മറ്റൊരു ഭരണകൂടത്തിനു കീഴെ ജീവിക്കുന്ന സാധാരണ വിശ്വാസികളുടെ ബാധ്യതയിലോ അനുമതിയിലോ സാധാരണ ഗതിയിൽ വരാത്തതുമാണ്.
അഥവാ ഇവിടെ മൂന്നു തരം പ്രവർത്തനങ്ങളുണ്ട്, അവയെ വേർതിരിച്ചു മനസ്സിലാക്കേണ്ടതുമുണ്ട്. ഒന്ന്, ഇസ്‌ലാമിക ഭരണകൂടത്തിന്റെ ഉത്തരവാദിത്തത്തിൽ, അല്ലെങ്കിൽ ശരിയായ ഭരണകൂടമില്ലാത്ത ഒരു ദേശത്ത് ആ ദേശത്തെ നിയമവാഴ്ചയിലേക്ക് കൊണ്ടുവരാൻ ശേഷിയുള്ളവരുടെ നേതൃത്വത്തിൽ നടക്കുന്ന സാങ്കേതികമായ ജിഹാദും അതിനെക്കുറിച്ചുള്ള വിശുദ്ധ ഖുർആനിലെയും ഹദീസിലെയും പരാമർശങ്ങളും. രണ്ട്, അക്രമികളുടെ അക്രമമുണ്ടാവുന്ന സ്‌പോട്ടിൽ വ്യക്തിയോ വ്യക്തികളോ നടത്തുന്ന പ്രതിരോധവും അതിനെക്കുറിച്ചു പറയുന്ന പ്രമാണങ്ങളും.
മൂന്നാമത്തേത്, ഇതിന്റെ രണ്ടിന്റെയും പ്രമാണങ്ങളെ അസ്ഥാനത്ത് ഉദ്ധരിച്ചുകൊണ്ട്, നിയമവാഴ്ചയും ഭരണകൂടവുമുള്ള രാജ്യത്ത് പ്രതിരോധത്തിനെന്ന പേരിൽ സിവിലിയന്മാരുടെ ഒരു സംഘം നടത്തുന്ന പ്രകോപനങ്ങളും സന്നാഹങ്ങളും കൊലകളും അതു മൂലം മുസ്‌ലിം സമുദായത്തിന് മൊത്തത്തിലും മസ്ജിദുകളും മതപഠനകേന്ദ്രങ്ങളുമടക്കം ദീനീ സംവിധാനങ്ങൾക്കും ഒപ്പം ആപേക്ഷികമായി സമാധാനമുള്ള നാടിനു പൊതുവിലും ഉണ്ടാകുന്ന പരിക്കും അശാന്തിയും. ഇതു മൂന്നും മൂന്നായി തന്നെ വിശകലനം ചെയ്യേണ്ടതും ഒന്നും രണ്ടും സാധ്യതകളെ മൂന്നാം വിഭാഗം തങ്ങളുടെ പ്രവർത്തനങ്ങൾക്ക് മറയിടാൻ ഉപയോഗിക്കുന്നതെങ്ങനെയെന്നു ശ്രദ്ധിക്കേണ്ടതുമുണ്ട്.
പ്രതിരോധത്തിന്റെ പേരിൽ നടക്കുന്നത്
വിവിധ പേരുകളിലും ഘടനകളിലും രൂപമാറ്റം സംഭവിച്ച ഒരു വിഭാഗം കേരളം കേന്ദ്രീകരിച്ച് മുപ്പതോളം വർഷമായി പ്രതിരോധത്തിനെന്ന പേരിൽ പ്രവർത്തിച്ചുവരുന്നുണ്ട്. സമുദായത്തിനകത്തെ ആശയപരമായ ചർച്ചകളൊക്കെ നിർത്തി എല്ലാവരും ചേർന്ന് തല കാക്കാൻ വേണ്ടി ഒരുങ്ങണമെന്നാണു തുടക്കം മുതൽ അവർ പറയുന്നത്. സായുധ പരിശീലനം, ശക്തിപ്രകടനത്തിനുള്ള പരേഡ്, സമ്മേളനങ്ങൾ തുടങ്ങിയവയൊക്കെ മുറക്ക് നടക്കാറുണ്ട്. അടുത്ത കാലത്തായി ഞങ്ങൾ ഇന്ത്യയിൽ വലിയ തോതിൽ വ്യാപിച്ചിട്ടുണ്ട് എന്ന് അവകാശവാദം ഉന്നയിക്കാറുമുണ്ട്.
മറ്റു സാമുദായിക സംഘടനകളെയും മുസ്‌ലിം രാഷ്ട്രീയ സംഘടനകളെയും പൊതുവിലും സുന്നി പ്രസ്ഥാനത്തെ വിശേഷിച്ചും നിരന്തരമായി പരിഹസിച്ചും ഫാസിസത്തിന്റെ ഒറ്റുകാരെന്നു ചാപ്പയടിച്ചും പ്രതിരോധ ശ്രമങ്ങളെ അനുകൂലിക്കാതെ സമുദായത്തെ അപടകത്തിലേക്കു തള്ളിയിടുന്നവരെന്നു പറഞ്ഞും സോഷ്യൽ മീഡിയയിലും അല്ലാതെയും നിരന്തരമായി വെറുപ്പുൽപാദിപ്പിക്കുന്നതും കാണാറുണ്ട്.
സ്വന്തം പാർട്ടിക്കാർ ആർഎസ്എസുകാരാൽ കൊല്ലപ്പെടുമ്പോൾ തിരിച്ച് ഏതെങ്കിലും ആർഎസ്എസുകാരെ കൊല്ലാറുമുണ്ട്; എപ്പോഴുമില്ല, മിക്കപ്പോഴും. സമുദായത്തെ ആർഎസ്എസിന്റെ തൃശൂലത്തിൽ നിന്നു സംരക്ഷിക്കാനെന്നു പറഞ്ഞു പിരിവെടുക്കുന്നവർ അവരോടു വിയോജിപ്പുള്ള മുസ്‌ലിംകളെ കൊന്ന് സ്വന്തം വാൾതലപ്പുകളെ സഹോദര രക്തം കൊണ്ട് ചുവപ്പിക്കാറുമുണ്ട്. അതിനപ്പുറം, എതിർപ്പുള്ള സ്വന്തം സമുദായാംഗങ്ങളെയോ നേതാക്കളെയോ ഒക്കെ തേജോവധം ചെയ്ത് സമൂഹത്തിൽ പരിഹാസ്യരാക്കാൻ ശ്രമിക്കുന്നതും ഇവരുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാണ്.
കഴിഞ്ഞ മുപ്പതോളം വർഷമായി ഇവരുടെ പ്രതിരോധ സന്നാഹങ്ങളും പരേഡുകളും പരിശീലനം ലഭിച്ച കേഡറുകളുമൊക്കെ സജ്ജരായിട്ടും മുസ്‌ലിംകളോ മറ്റു ദുർബല വിഭാഗങ്ങളോ ആക്രമിക്കപ്പെട്ട എത്ര സ്ഥലങ്ങളിൽ പ്രതിരോധം തീർത്ത് അവരെ സംരക്ഷിച്ചു/സംരക്ഷിക്കാൻ ശ്രമിച്ചു എന്ന ചോദ്യത്തിന് പരിഹാസങ്ങളാണ് പ്രധാനമായും ഉത്തരമായി ലഭിക്കാറുള്ളത്. ഒരുപാടു വർഷങ്ങൾക്കു മുന്നേ ആകെ രണ്ടുമൂന്നിടങ്ങളിൽ ചെറിയ തോതിൽ പ്രതിരോധിച്ച കഥകളാണ്, നിങ്ങൾ എവിടെയെല്ലാം പ്രതിരോധിച്ചുവെന്ന് ആവർത്തിച്ചു ചോദിച്ചാലും ആകെ ഉത്തരമായി ലഭിച്ചിട്ടുള്ളത്. 2007ലോ മറ്റോ ഡൽഹിയിൽ അവരുടെ ബാബരി അനുസ്മരണ പരിപാടി നടക്കുമ്പോൾ ആക്രമണോത്സുകരായി വന്ന സംഘികളെ തിരിച്ചോടിച്ചതും ചില സ്ഥാപനങ്ങളിലേക്ക് സംഘികൾ നടത്തിയ മാർച്ച് തടഞ്ഞതുമൊക്കെയാണ് ഈ സംഭവങ്ങൾ. വേറെയും ചിലതൊക്കെ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.
അതിനു ശേഷം, വിശേഷിച്ച് അടുത്ത കാലത്തായി നൂറുകണക്കിന് ചെറുതും വലുതുമായ അക്രമങ്ങൾ ഇന്ത്യയിലുടനീളം മുസ്‌ലിംകൾക്കു നേരെയുണ്ടായി. കേരളത്തിലടക്കം പ്രകോപനപരമായ ആർഎസ്എസ് പ്രകടനങ്ങളുണ്ടായി. മുസഫർ നഗറിൽ ദിവസങ്ങൾ നീണ്ടുനിന്ന അക്രമങ്ങളുണ്ടായി. എവിടെയും ഇവരുടെ പ്രതിരോധങ്ങൾ കാണാനായില്ല. ഏറ്റവും അവസാനം, പ്രതിരോധങ്ങളെക്കുറിച്ചു വീമ്പു പറഞ്ഞുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ തന്നെ, ഈ റമളാനിൽ ജഹാംഗീർപുരിയിൽ ബുൾഡോസർ അതിക്രമമുണ്ടായി. വൃന്ദ കാരാട്ട് എന്ന ഇടതുപക്ഷ വനിതാ നേതാവ് ഒറ്റക്കുവന്നു പ്രതിരോധിച്ച അവിടെയും ഇവരുടെ കേഡറുകളെ കണ്ടില്ല. ആ സംഭവ ശേഷം, ഇപ്പോഴും ഭീഷണിയിൽ തുടരുന്ന ആ പ്രദേശങ്ങളിൽ തുടർ അക്രമങ്ങൾ തടയാൻ തയ്യാറായി നിൽക്കുന്ന കേഡറുകളെയും കണ്ടില്ല.
കർണാടകത്തിൽ പലയിടത്തും കാര്യങ്ങൾ വഷളാക്കാനാവശ്യമായ പ്രകോപനങ്ങൾ ഇവർ സൃഷ്ടിച്ചതായി റിപ്പോർട്ടുകളുണ്ടെങ്കിലും തങ്ങളുടെ ശക്തികേന്ദ്രമായിട്ടും ഫാസിസ്റ്റ് തേർവാഴ്ചക്ക് പരസ്യമായി വെല്ലുവിളി സൃഷ്ടിക്കാനുള്ള വലിയ തോതിലുള്ള പ്രതിരോധങ്ങളൊന്നും കണ്ടില്ല. ചെറുതോ ഒറ്റപ്പെട്ടതോ ആയ ചില ശ്രമങ്ങൾ പറഞ്ഞു ന്യായീകരിക്കാനാവുന്നതല്ലല്ലോ നിരന്തരം ബഹളവും അവകാശവാദങ്ങളും മറ്റുള്ളവർക്കു പ്രതിരോധിക്കാൻ ധൈര്യമില്ലെന്ന പരിഹാസവും ചൊരിയുന്നവരുടെ ഈ അസാന്നിധ്യവും നിഷ്‌ക്രിയത്വവും.
ഇവർ ശക്തരായെന്നും ഇന്ത്യയിൽ വലിയ തോതിൽ വളർന്നുവെന്നും അവകാശപ്പെടാൻ തുടങ്ങിയ ശേഷമുള്ള കഴിഞ്ഞ വർഷങ്ങളിലും ഇപ്പോഴും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ മുസ്‌ലിംകൾ ഏതു സമയത്തും ഉണ്ടാകാവുന്ന സംഘപരിവാർ അക്രമങ്ങളെ ഭയന്നു ജീവിക്കുന്നുണ്ട്. പലയിടത്തും നിലവിൽ നടന്ന അക്രമങ്ങളാൽ വീടും അഭയവും നഷ്ടപ്പെട്ടവരുണ്ട്. അത്തരം സ്ഥലങ്ങളിൽ കാവലിനു വേണ്ടിയെങ്കിലും അല്ലെങ്കിൽ ആശ്വാസത്തിനു വേണ്ടിയെങ്കിലും ജനാധിപത്യവിരുദ്ധമല്ലാത്തതെങ്കിലുമായ പരേഡുകളോ കേഡർ സാന്നിധ്യമോ സംരക്ഷണ സംവിധാനങ്ങളോ ഒരുക്കിയതായി അറിവില്ല. കലാപസാധ്യതയുള്ള സ്ഥലങ്ങളെ പറ്റി പഠിച്ച് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പ്രദേശത്തുകാർക്കു മുന്നറിയിപ്പ് കൊടുക്കുന്നതും കാണാറില്ല. കലാപമോ അക്രമമോ കഴിഞ്ഞാൽ അവിടെ ഞങ്ങളില്ലാത്തതു കൊണ്ടാണെന്നു പറയുന്നത് കണ്ടിട്ടുണ്ട്. കേഡറുകളിൽ നല്ലൊരു വിഭാഗം വിദേശത്തും കേരളത്തിലും സേഫ് സോണിലിരുന്ന് സോഷ്യൽ മീഡിയയിൽ അവകാശവാദങ്ങളുന്നയിക്കുന്ന തിരക്കിലാണ്.
ഈയിടെ കണ്ട മറ്റൊരു പ്രവണത, കേരളത്തിനു പുറത്ത് എവിടെയെങ്കിലും കലാപഭൂമികളിലോ അക്രമങ്ങൾ നടക്കുന്ന സ്ഥലങ്ങളിലോ ഇരകളാരെങ്കിലും നടത്തുന്ന സ്വാഭാവികമായ ചില ഒറ്റപ്പെട്ട ചെറുത്തു നിൽപ്പുകളുടെ പിതൃത്വം ഏറ്റെടുക്കാനും അതു തങ്ങളുടെ പ്രവർത്തനഫലമാണെന്നു വീരസ്യം മുഴക്കാനും സോഷ്യൽ മീഡിയയിൽ ഇവർ സജീവമായിരുന്നുവെന്നതാണ്. ഡൽഹി കലാപ സമയത്തും മറ്റും സോഷ്യൽ മീഡിയയിൽ പ്രചരിച്ച അത്തരം പ്രതിരോധശ്രമങ്ങൾ കണ്ടവർക്കറിയാം, അവക്ക് ഏതെങ്കിലും തരത്തിലുള്ള പരിശീലനത്തിന്റെ ഫലമായോ സംഘടിതമായോ ഉള്ള പ്രതിരോധങ്ങളുടെ സ്വഭാവമുണ്ടായിരുന്നില്ലെന്ന്. മറിച്ച്, ചിലയിടങ്ങളിൽ മനുഷ്യർ അവർക്കാവും വിധം അക്രമികളെ പ്രതിരോധിച്ച ദൃശ്യങ്ങളായിരുന്നു അത്.
ഇനി എവിടെയെങ്കിലും ഇവരുടെ സ്വാധീനമുണ്ടെന്നു വന്നാൽ തന്നെയും ചോദ്യങ്ങൾ ബാക്കിയാണ്. ഇന്ത്യയിൽ വലിയ സ്വാധീനമുണ്ടെന്നവകാശപ്പെടുകയും പതിറ്റാണ്ടുകളായി സജ്ജീകരണങ്ങൾ നടത്തുകയും ചെയ്യുന്ന ഇവരുടെ സജീവ സാന്നിധ്യമോ സപ്പോർട്ടോ എന്തുകൊണ്ട് അക്രമബാധിത പ്രദേശങ്ങളിൽ ഇത്രയും ശുഷ്‌കവും ദുർബലവുമാകുന്നു? അക്രമം തുടങ്ങിയ ശേഷമെങ്കിലും കേഡറുകൾ മുസ്‌ലിം സംരക്ഷണത്തിന് ഓടിയെത്താത്തതെന്താണ്?
2007ൽ ഡൽഹിയിലെ തങ്ങളുടെ പരിപാടി കലക്കാൻ വന്ന സംഘികൾക്ക് തിരിച്ചു കിട്ടിയ അടി അവരിപ്പോഴും മറന്നിട്ടില്ലെന്നു പറയുന്നവർ, അതു കഴിഞ്ഞ് പതിനഞ്ചു വർഷമായിട്ടും സംഘികളുടെ അതിക്രമങ്ങൾ പല രീതിയിൽ വർധിച്ചിട്ടും, സംഘികൾ അടി ചോദിച്ചുനടക്കുന്ന ഒരിടത്തും (ഡൽഹിയിൽ പോലും) പിന്നീട് ആ അടി പുറത്തെടുക്കാനെത്താത്തത് എന്തുകൊണ്ടാണ്? രാമനവമിയുടെ പേരിൽ ഉത്തരേന്ത്യയിൽ മുസ്‌ലിംകൾക്കു നേരെ അതിക്രമമുണ്ടായി എല്ലാം കഴിഞ്ഞ ശേഷം ഇവിടെ രാജ്ഭവൻ മാർച്ച് നടത്തുന്നത് കണ്ടു. അതിന്റെ വീഡിയോയുടെ കൂടെതന്നെ പ്രതിരോധിക്കാൻ ഞങ്ങളേയുള്ളൂ എന്ന വീരസ്യവും വീണ്ടും കണ്ടു. സേഫായി ഇവിടെ ഒരു രാജ്ഭവൻ മാർച്ച് നടത്തുന്നതാണോ ഇവരുടെ പ്രതിരോധം? അതിന് ഇങ്ങനെയൊരു സംഘടനയുടെ ആവശ്യമുണ്ടോ?
ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങളും നിയമപോരാട്ടങ്ങളും ജനാധിപത്യപരമായ പ്രതിഷേധങ്ങളും സോഷ്യൽ മീഡിയാ ബഹളങ്ങളുമുണ്ടാക്കുന്നുണ്ടാവാം. അതിൽ ചിലതു കൊണ്ടു ഉപകാരവുമുണ്ടായേക്കാം. അതൊന്നും ഇവരിൽ മാത്രം പരിമിതവുമല്ല. രാജ്യത്തെ മുസ്‌ലിം സംഘടനകളും ജനാധിപത്യ സമൂഹങ്ങളുമൊക്കെ അതൊക്കെ നടത്തുന്നുണ്ട്. ഫാസിസത്തിന് ഇരയായ റിയാസ് മൗലവി പോലുള്ളവരുടെ കേസ് നടത്തുന്നത് വലിയ വായിൽ പറയാറുണ്ട്. കേസ് നടത്തുന്നത് നല്ല കാര്യം തന്നെ, എന്നാൽ രാജ്യത്ത് അത്തരം കേസുകൾ നടത്തുന്ന ധാരാളം സംഘടനകളുണ്ട്. അവരൊക്കെ മറ്റുള്ളവരെ ഒറ്റുകാരാക്കി ബഹളം വെക്കുകയല്ല ചെയ്യുന്നത്.
മാത്രമല്ല, മറ്റു സംഘടനകൾ ചെയ്യുന്ന ഇത്തരം ജനാധിപത്യപരമായ പ്രവർത്തനങ്ങൾ പോര ഫാസിസത്തെ പ്രതിരോധിക്കാനെന്ന രീതിയിൽ പ്രചാരണം നടത്തുകയും തങ്ങൾ വേറിട്ട, ഫലപ്രദമായ എന്തോ പ്രതിരോധം നടത്തുന്നവരാണെന്ന വ്യാജ ഇമേജ് സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഇത്തരം പ്രവർത്തനങ്ങളിൽ ഒതുങ്ങിക്കൂടരുതല്ലോ. സംഘടനകളുടെ എണ്ണം കൂടിയതിന്റെയും ഐക്യമില്ലായ്മയുടെയും കാര്യം പറയുന്നവർ കേസുകൾ നടത്താനും പ്രതിഷേധ പ്രകടനങ്ങൾ നടത്താനും പുതിയൊരു സംഘടന കൂടിയുണ്ടാക്കി കൂടുതൽ വിഭാഗീയത സൃഷ്ടിക്കേണ്ട ആവശ്യവുമുണ്ടായിരുന്നില്ല.
ചുരുക്കത്തിൽ, പ്രാഥമികവും ബാഹ്യവുമായ നിരീക്ഷണത്തിൽ ആർക്കും ബോധ്യപ്പെടുന്ന കാര്യം, പ്രതിരോധത്തിന്റെ പേരിലുള്ള ബഹളങ്ങളും മറ്റുള്ളവരോടുള്ള പരിഹാസവും പ്രതിരോധത്തിന്റെ മഹത്ത്വം എന്ന പേരിൽ പ്രമാണങ്ങളെ തെറ്റായി അവതരിപ്പിക്കുന്ന എഴുത്തുകളും പ്രസംഗങ്ങളും ഒപ്പം, നിരവധി രീതികളിൽ സമുദായത്തെ ശാക്തീകരിക്കാൻ അഹോരാത്രം പരിശ്രമിക്കുന്ന നിസ്വാർഥരായ പണ്ഡിതരെയും പ്രബോധകരെയും അവരുടെ അണികളെയും ഫാസിസത്തിന്റെ ഒറ്റുകാരെന്നു തെറിവിളിക്കുകയും വിദ്വേഷ പ്രചാരണം നടത്തുകയുമാണ് പ്രധാനമായും ഇവരുടെ നേതൃത്വത്തിൽ നടക്കുന്നത്. സമുദായത്തിനോ ദുർബലർക്കോ സംരക്ഷണവും അക്രമിക്കപ്പെടുമ്പോഴുള്ള പ്രതിരോധവും മാത്രം നടക്കുന്നില്ല.
മുപ്പതോളം വർഷമായി സമുദായത്തെ ഫാസിസത്തിൽ നിന്നു സംരക്ഷിക്കാൻ വേണ്ടി ശഹീദാവാൻ തയ്യാറായി ഇന്ത്യ മുഴുവൻ പടരുന്നുവെന്നു പറയുന്നവർ നിരന്തരമായി പ്രതിരോധ ബഹളങ്ങളിലേർപ്പെട്ടിട്ടും, ഇവർ പ്രവർത്തിച്ചു തുടങ്ങുന്ന കാലത്ത് മുസ്‌ലിംകൾ അപകടത്തിലാണെന്ന ഭീഷണി ഇപ്പോൾ വംശഹത്യയുടെയും ഉന്മൂലനത്തിന്റെയും വക്കിലാണെന്ന കൂടുതൽ ഭീഷണമായ മുറവിളിയിലേക്കാണ് ഇവരെ തന്നെ നയിച്ചിരിക്കുന്നത്. സമുദായത്തെ മുപ്പതു വർഷങ്ങളായി ഭീതിപ്പെടുത്തി നടത്താൻ ശ്രമിച്ച പ്രതിരോധത്തിന്റെ ഫലം, ഇപ്പോൾ കുറേക്കൂടി ഭീതിദമായി സമുദായത്തെ പേടിപ്പിച്ചു നിർത്തുന്നിടത്തേക്ക് ഇവർ വളർന്നുവെന്നതാണ്.
ഹിന്ദു അപകടത്തിലാണെന്ന് പറഞ്ഞു ഭരണത്തിലേറിയവർ എട്ടു വർഷം തുടർച്ചയായി സമഗ്രാധിപത്യത്തോടെ ഭരിച്ചിട്ടും ഹിന്ദു കൂടുതൽ അപകടത്തിലാണെന്നു പറയുന്ന പ്രചാരണം മറുവശത്തും നമ്മൾ കാണുന്നുവെന്നതാണ് രസകരം.
യഥാർഥത്തിൽ ഇത്രയും വർഷത്തെ പരിശീലനങ്ങളും സന്നാഹങ്ങളും ശഹീദാവാൻ തയ്യാറായ കേഡറുകളും ആർഎസ്എസിനെ പേടിപ്പിക്കാനുള്ള കോപ്പുകളും തങ്ങൾക്കുണ്ടെന്നവകാശപ്പെടുന്നവർ പറയേണ്ടിയിരുന്നത്, മുസ്‌ലിംകളേ നിങ്ങൾ ഭയപ്പെടേണ്ട; നിങ്ങളുടെ സംരക്ഷണത്തിന് ഞങ്ങളുണ്ട് എന്നായിരുന്നു. ചുരുങ്ങിയത് കേരളത്തിലെയും കർണാടകത്തിലെയും തങ്ങളുടെ സ്വാധീന പ്രദേശങ്ങളിലെ മുസ്‌ലിംകളെങ്കിലും ഒരു പരിധിവരെ സുരക്ഷിതരാണെന്ന് പറയാൻ കഴിയണമായിരുന്നു.
പകരം നിലവിളികളും, ഇത്തരം സന്നാഹങ്ങൾക്കു പകരം ആത്മീയമായും സാമൂഹികമായും ഉമ്മത്തിനെ ശാക്തീകരിക്കാൻ ശ്രമിക്കുന്ന മറ്റു സംഘടനകളുടെ അണികൾക്കുള്ളതിനെക്കാൾ വെപ്രാളവുമാണ് കാണാനാവുന്നത്. ഞങ്ങൾ സജ്ജരാണ്, ഇവിടെ ഫാസിസത്തിന് ഇനിയൊന്നും ചെയ്യാനാവില്ല, അതിനാൽ സമാധാന ജീവിതം സാധ്യമാണ് എന്നു പറയേണ്ടവർ, പകരം, പ്രതീക്ഷയോടെയും കൂടുതൽ കർമങ്ങൾക്ക് പ്രചോദിപ്പിച്ചും വിദ്യാർഥികളോട് സമാധാന ജീവിതം സാധ്യമാണ്, നമുക്ക് പരിശ്രമിക്കാം എന്ന മട്ടിൽ ഉപദേശിക്കുന്നവരെ പരിഹസിക്കുകയും വളർന്നുവരുന്ന തലമുറയെ കൂടുതൽ നിരാശയിലേക്കും നിസ്സഹായതയിലേക്കും തള്ളിയിടാനുള്ള പ്രചാരണങ്ങളിൽ മുഴുകിയിരിക്കുകയുമാണ്.
ഇസ്‌ലാമിനോടു ചെയ്യുന്ന അക്രമങ്ങൾ
ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും സംരക്ഷണത്തിനെന്നു പറഞ്ഞു ബഹളം വെക്കുന്ന ഈ സംഘം ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട അക്രമം ദീനിന്റെ വിശുദ്ധിയെയും ശരിയായ ഭാവത്തെയും കളങ്കപ്പെടുത്തുകയും പ്രമാണങ്ങളെ തെറ്റായി വായിക്കാൻ പരിശീലിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ.്
ഒന്നാമതായി വഹാബി-മതയുക്തിവാദ- ബിദഈ മൂശയിലാണ് ഇവരുടെ ആശയപരമായ ചട്ടക്കൂട് നിർമിക്കപ്പെട്ടിരിക്കുന്നത്. വഹാബീ ആശയങ്ങളും അവരുടെ ആശയോൽപാദന രീതികളുമാണ് പ്രധാനമായും ഫോളോ ചെയ്യുന്നത്. ഒപ്പം വഹാബിസം കേരളത്തിൽ പ്രചരിക്കാൻ ശ്രമിച്ചപ്പോൾ, അതിനു മണ്ണൊരുക്കാനുള്ള ആദ്യപടികളിലൊന്നായി കണ്ടത്, പാരമ്പര്യ പണ്ഡിതരെയും ദീനീ സംവിധാനങ്ങളെയും വിശ്വാസികൾക്കു മുന്നിൽ പരിഹാസ്യമായി അവതരിപ്പിക്കുകയും അവരിൽ നിന്നു കുറേ വിശ്വാസികളെ അകറ്റുകയും ചെയ്യുകയെന്ന ദുഷ്ടതന്ത്രമാണ്. പണ്ഡിതന്മാരിൽ വിശ്വാസമില്ലാതാകുന്ന ഒരു വിഭാഗം മറ്റാരിലും വിശ്വാസമില്ലാതെ നഷ്ടപ്പെട്ടു പോകുന്നുവെന്ന ദുരന്തത്തെ ഇവർ അവഗണിക്കുകയും അങ്ങനെ പുറത്തുവരുന്ന ചിലരെ തങ്ങളുടെ കൂടെ കൂട്ടാമെന്നു പ്രത്യാശിക്കുകയും ചെയ്തു.
ഇതേ രീതിയിൽ, ഈ പ്രതിരോധ ബഹളക്കാർ ചെയ്യുന്ന പ്രധാനപ്പെട്ടൊരു പ്രവർത്തനം പണ്ഡിതന്മാരെയും പാരമ്പര്യ ദീനീ ധാരയെയും സാധാരണക്കാരുടെ മനസ്സിൽ വിലകുറച്ചു കാണിക്കാനാവശ്യമായ അസത്യ,അർധസത്യ പ്രചാരണം നടത്തുകയെന്നതാണ്. അതിനു വേണ്ടി യുക്തിവാദത്തിന്റെയും ഭൗതികവാദത്തിന്റെയും ആയുധങ്ങളും യുക്തിയും ഉപയോഗിക്കുന്നതിൽ ഇവർക്ക് ആശങ്കകളില്ല. ഇതിന്റെയൊക്കെ ഫലമായി സുന്നിയായി വളർന്നുവന്ന ചിലരെങ്കിലും ഉമ്മത്തിന്റെയും ഇസ്‌ലാമിന്റെയും സംരക്ഷണത്തിന് ഇവരുടെ കൂടെ ചേരണമെന്ന ആത്മാർഥതയോടെ ചെന്നുപെടുകയും പൂർണമായോ ഭാഗികമായോ ബിദ്അത്തിന്റെയും മതയുക്തിവാദത്തിന്റെയും കെണിവലകളിൽ വീണ് ശരിയായ വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. സുന്നിയായി ഈ സംവിധാനത്തിലേക്കു കയറിപ്പോയവർ കൂടുതലും ഇങ്ങനെ നഷ്ടപ്പെടുന്നുവെന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്.
സുന്നീ ആദർശത്തിൽ നിലനിൽക്കുന്നുവെന്നു കരുതുന്നവരുടെയും ചിന്താരീതി വഹാബിവൽകരിക്കപ്പെടുന്നത് കാണാം. കാരണം വഹാബിസത്തിന്റെ ഫ്രെയിമിലാണ് ഈ സംഘത്തിന്റെ ആശയാടിത്തറ സെറ്റു ചെയ്തിരിക്കുന്നത്. വിശുദ്ധ ഖുർആനിനോടും തിരുഹദീസിനോടും പുലർത്തുന്ന അങ്ങേയറ്റത്തെ ലാഘവ സമീപനമാണ് ഇതിന്റെ പ്രാഥമിക സ്വഭാവം. ഒന്നോ രണ്ടോ ആയത്തുകളുടെയോ പ്രവാചകരുടെ ജീവിതത്തിലെ ഒന്നോ രണ്ടോ സംഭവങ്ങളുടെയോ അവിടത്തെ ചില നിർദേശങ്ങളുടെയോ മലയാള പരിഭാഷകൾ വായിച്ച്, ശഹാദത്തിന്റെ പേരിൽ സ്വന്തം ജീവൻ ത്യജിക്കുന്നത് പോലുള്ള ഏറ്റവും പ്രധാനപ്പെട്ട മതനിയമം പോലും സ്വയം കണ്ടെത്താനോ വിശദീകരിക്കാനോ ശ്രമിക്കുകയും അതുവഴി ആത്മഹത്യാ സാധ്യതകളിലേക്ക് സ്വയം വീഴുകയുമാണ് ഈ ലാഘവ സമീപനത്തിന്റെ ഫലം.
ഈ വിഭാഗത്തിന്റെ നേതാക്കൾ പരിഭാഷയിൽ കാണിച്ചുകൊടുത്ത ഏതാനും ആയത്തുകളും ഹദീസുകളും സംഭവങ്ങളും മാത്രമല്ല ഇസ്‌ലാം. അതും അതോടൊപ്പം പിന്നെയും ആറായിരത്തിലേറെ ആയത്തുകളും ലക്ഷക്കണക്കിന് ഹദീസുകളും ചരിത്രങ്ങളും അവയുടെ വിശദീകരണങ്ങളുമെല്ലാം ചേരുമ്പോഴാണ് ഇസ്‌ലാം പൂർണമാവുന്നത്. ഖുർആൻ മുഴുവനും എല്ലാ ഹദീസുകളും 23 വർഷത്തെ തിരുനബി(സ്വ)യുടെ പ്രബോധനാനുഭവങ്ങളും എല്ലാം അതിന്റെ ശരിയായ സാഹചര്യത്തിലും അർഥത്തിലും മനസ്സിലാക്കി വിശകലനം ചെയ്തുകൊണ്ടു മാത്രമേ ഏതു കാര്യത്തിലെയും ഇസ്‌ലാമിന്റെ കൃത്യമായ നിലപാട് മനസ്സിലാക്കാനാവൂ. അറബി ഭാഷയുടെ അതിസൂക്ഷ്മമായ അർഥ സാധ്യതകളും വിശുദ്ധ ഖുർആനിന്റെ സവിശേഷമായ ഭാഷ-അവതരണ രീതിയും നബി(സ്വ) ഓരോ നിർദേശവും നൽകിയതിന്റെ സാഹചര്യങ്ങളുമൊക്കെ അറിയുന്നവർക്കേ അത്തരം നിലപാടിൽ കൃത്യമായി എത്തിച്ചേരാനാവൂ.
അതുകൊണ്ടു തന്നെ, ഓരോ ജീവിത ഘട്ടങ്ങളിലും, മുസ്‌ലിംകൾ ന്യൂനപക്ഷമായിരിക്കുമ്പോഴും, പീഡിപ്പിക്കപ്പെടുമ്പോഴും, ഭരണകൂട പിന്തുണയില്ലാതിരിക്കുമ്പോഴും, ഭരണകൂടം തന്നെ മർദകരാകുമ്പോഴുമൊക്കെ ഏതെല്ലാം രീതിയിൽ പ്രതികരിക്കാം/പ്രതികരിക്കണം, എന്തിനൊക്കെയാണ് ഊന്നൽ നൽകേണ്ടത്, ആരാണ് തീരുമാനങ്ങളെടുക്കേണ്ടത് എന്നെല്ലാം നൂറ്റാണ്ടുകളുടെ വൈജ്ഞാനിക പരിശ്രമങ്ങളിലൂടെ, ജീവിതം മുഴുവനായും വൈജ്ഞാനിക ഗവേഷണങ്ങൾക്ക് വേണ്ടി സമർപ്പിച്ച, അറബി ഭാഷയും വിശുദ്ധ ഖുർആനും ഹദീസുമെല്ലാം ആഴത്തിൽ പഠിച്ച, ആയിരക്കണക്കിനു ഇമാമുകളുടെ നിരന്തരമായ ചർച്ചകളുടെയും വിശകലനങ്ങളുടെയും റിസൾട്ടായി കൃത്യമായി രേഖപ്പെടുത്തി വെക്കപ്പെട്ടിട്ടുണ്ട്. അവ നോക്കിയിട്ടാണ് പാരമ്പര്യ ഉലമാക്കൾ നിലപാടു പറയുന്നത്.
പ്രത്യക്ഷത്തിൽ ആ നിലപാടുകളോടു ചേരുന്നില്ലെന്നു തോന്നുന്ന ആയത്തുകളോ ഹദീസുകളോ തിരിച്ചടിക്കലുകളുടെ ചരിത്രാനുഭവങ്ങളോ ഒന്നും കാണാതെയല്ല അത്തരം നിലപാടുകളിലേക്ക് ഇമാമുകൾ എത്തിച്ചേരുന്നത്. ഏതെങ്കിലുമൊരു ഇമാം മാത്രം പറയുന്നതുമല്ല അത്തരം ഫിഖ്ഹീ നിയമങ്ങൾ. ഇവരുദ്ധരിക്കുന്ന പ്രമാണങ്ങളും അതിനപ്പുറമുള്ള അനേകം പ്രമാണങ്ങളും കണ്ടും ആവർത്തിച്ചു വിശകലനം ചെയ്തുമുള്ള നിരവധി ജ്ഞാനസമുദ്രങ്ങളുടെ, നൂറ്റാണ്ടുകളുടെ നിയമപ്രമാണ ഗവേഷണങ്ങളുടെ ഫലമാണ് ഇന്ന് നമുക്ക് ലഭ്യമായിരിക്കുന്ന കർമശാസ്ത്ര നിയമങ്ങൾ.
ഇത്രയും കാലത്തെ, ഇത്രയും ആഴത്തിൽ അറിവുള്ള ആയിരക്കണക്കിനു ഇമാമുകളുടെയും അവരുടെ ഗ്രന്ഥങ്ങളുടെയും തീർപ്പുകളൊന്നും ആവശ്യമില്ലെന്നും, ഏതെങ്കിലും വെബ്‌സൈറ്റിലെയോ പരിഭാഷയിലെയോ ഉദ്ധരണം നോക്കി തങ്ങൾക്കുതന്നെ ശഹാദത്തിന്റെയും ജിഹാദിന്റെയും വിധി പറയാനാവുമെന്നും അങ്ങനെയെടുക്കുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ചാവേറായി കൊല്ലപ്പെടുന്നവരെല്ലാം ശഹീദുകളാവുമെന്നും അതിനോടു വിയോജിക്കുന്ന പണ്ഡിതന്മാരും വിശ്വാസികളുമെല്ലാം കൊല്ലപ്പെടേണ്ടവരാണെന്നും അവരുടെ പച്ചമാംസം എത്രയും കുത്തിക്കീറി തിന്നാമെന്നും കരുതുന്ന വിധത്തിലുള്ള ഈ ഗുരുതരമായ ലാഘവവത്കരണം/ ദുർവ്യാഖ്യാനം ഇസ്‌ലാമിനോടും പ്രമാണങ്ങളോടും ഇതിന്റെ അണികൾ പുലർത്തുന്നത് വഹാബിസത്തിന്റെ ഫ്രെയിമിൽ നിന്നു ചിന്ത രൂപപ്പെടുത്തുന്നതിന്റെ പ്രധാന പ്രശ്‌നമാണ്.
നിരവധി ആർട്ടിക്കിളുകളും അനുബന്ധങ്ങളുമുള്ള ഇന്ത്യൻ ഭരണഘടനയും അതിന്റെ കീഴെ രൂപപ്പെട്ട ആയിരക്കണക്കിനു നിയമങ്ങളും പതിനായിരക്കണക്കിനു ചട്ടങ്ങളും വിവിധ സന്ദർഭങ്ങളിൽ അവയെ വിലയിരുത്തി ഉന്നത കോടതികൾ നടത്തിയ വിധിന്യായങ്ങളും ചേരുമ്പോഴാണ് ഏത് സുപ്രധാന കാര്യത്തിലും ഇന്ത്യൻ ഭരണഘടനയും നിയമവ്യവസ്ഥയുമനുസരിച്ചുള്ള നിലപാട് രൂപപ്പെടുത്താൻ കഴിയുക. മൗലികാവകാശങ്ങളുടെ അധ്യായത്തിലെ ഒന്നോ രണ്ടോ ക്ലോസുകൾ മാത്രം ഉദ്ധരിച്ചുകൊണ്ടും അവയെ സ്വന്തമായി വ്യാഖ്യാനിച്ചുകൊണ്ടും അതിനപ്പുറമുള്ളതൊന്നും കാണാത്തൊരു സാധാരണക്കാരൻ കോടതിയിൽ പോയാൽ കേസ് തോറ്റുപോവാനാണു സാധ്യത.
കുറച്ച് ആയത്തുകളുടെ മലയാള പരിഭാഷയിലെ അർഥം മാത്രം വായിച്ചു ശഹീദാവാൻ പോയവൻ തന്റെ ശഹാദത്തുമായി അല്ലാഹുവിന്റെ കോടതിയിൽ ചെല്ലുമ്പോഴും ഈയവസ്ഥയായിപ്പോകരുത്. ഏറെക്കാലം അല്ലാഹുവിനെ വഴിപ്പെട്ട് ജീവിക്കാൻ തന്ന ആയുസ്സ്, ദീനിനെ സ്വന്തമായി വ്യാഖ്യാനിച്ചു ചാവേറായി ആത്മഹത്യ ചെയ്തു നഷ്ടപ്പെടുത്തിയതെന്തിനെന്ന ചോദ്യത്തെ നേരിടാൻ ഒരു വിശ്വാസിക്കും കഴിയില്ല (അല്ലാഹു കാക്കട്ടെ).
പണ്ഡിതന്മാരെയും കർമശാസ്ത്രത്തെയുമൊക്കെ പറയുമ്പോൾ കേൾക്കുന്ന ചില ഉത്തരങ്ങളാണ്, നിങ്ങളിൽ മാത്രമല്ല; ഞങ്ങൾക്കും പണ്ഡിതന്മാരുണ്ട് എന്നത്. യഥാർഥത്തിൽ കേരളത്തിൽ പണ്ഡിതൻ എന്ന നിലയിൽ, പാണ്ഡിത്യം കൊണ്ട് ശ്രദ്ധേയരായ കാര്യമായ ആരും അവരുടെ കൂടെയില്ലെന്നതു വസ്തുതയാണ്. കുറച്ചു പള്ളി ഇമാമുമാരുടെ കൗൺസിലുണ്ടാക്കിയാൽ അത് ഇമാം കൗൺസിലല്ലേ ആകൂ, പണ്ഡിത സഭയാകില്ലല്ലോ. കേരളത്തിലെ പരമ്പരാഗത മുസ്‌ലിംകളുടെ സംഘാടനങ്ങളിലെല്ലാം ആദ്യം രൂപപ്പെടുന്നതും/ ആദർശപരമായ നിലപാടെടുക്കുന്നതും പണ്ഡിത സഭകളാണ്. പണ്ഡിതർ നിർദേശിക്കുന്ന രീതിയിലും നയങ്ങളിലും പ്രവർത്തിക്കാനുള്ളതാണ് മറ്റു സംവിധാനങ്ങൾ.
എന്നാൽ, പ്രതിരോധത്തിനെന്ന പേരിൽ പണ്ഡിത പശ്ചാത്തലമില്ലാത്ത, പകരം സിമി- മതയുക്തിവാദ പശ്ചാത്തലമുള്ള ചില സാഹിബുമാർ ചേർന്ന് ഒരു ചാവേർപ്പടയുണ്ടാക്കുക, കുറേക്കാലം കഴിഞ്ഞ് അതിനു സ്വീകാര്യത കിട്ടാൻ പണ്ഡിതന്മാരില്ലെങ്കിലും ചില ബിരുദധാരികളെയും തൊപ്പിയിട്ട പ്രസംഗകരെയും പള്ളി ഇമാമുമാരെയും കൂട്ടി ഒരു കൗൺസിൽ സംഘടിപ്പിക്കുക, രാഷ്ട്രീയ താൽപര്യങ്ങളോടെയും അവിവേക പൂർവവും മാതൃസംഘടന ഒരുക്കുന്ന സന്നാഹങ്ങൾക്ക് ആ തൊപ്പിക്കാർ മുന്നിൽ നിൽക്കുകയും മുജ്തഹിദുകളെപ്പോലെ വിശുദ്ധ ഖുർആനിൽ നിന്നും ഹദീസിൽ നിന്നുമൊക്കെ അത്തരം പ്രവർത്തനങ്ങൾക്കനുസരിച്ച് വ്യാഖ്യാനിക്കാവുന്ന ഉദ്ധരണങ്ങൾ അടർത്തിയെടുക്കുകയും ചെയ്യുക എന്നതാണ് ഈ അവകാശവാദങ്ങളുടെ മറുവശം എന്ന് നിരീക്ഷിക്കാനാവും.
ഇനി പണ്ഡിതരായിട്ടുള്ള ആരെങ്കിലും ഇത്തരം സംഘങ്ങളുടെ കൂടെയുണ്ടെന്നു തന്നെ കരുതുക. ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നേരിട്ട്, മുൻഗാമികളുടെ ഗ്രന്ഥങ്ങളെ ആശ്രയിക്കാതെ വിധിയും തീരുമാനവും പറയാൻ ശേഷിയുള്ള പണ്ഡിതരാരും നൂറ്റാണ്ടുകളായി മുസ്‌ലിം ലോകത്ത് എവിടെയുമില്ല; ഇനി ഉണ്ടാവാൻ സാധ്യതയുമില്ല. അവരുണ്ടായിരുന്ന കാലത്ത്, അവർ വിശകലനം ചെയ്തു തീർപ്പിലെത്തിയ തീരുമാനങ്ങളെയും നിലപാടുകളെയും കണ്ടെത്താൻ കഴിവുള്ള പണ്ഡിതരേ ഇന്ന് എവിടെയുമുള്ളൂ. അങ്ങനെയുള്ള പണ്ഡിതർ പറയേണ്ടതും തെളിവായി ഉദ്ധരിക്കേണ്ടതും അംഗീകരിക്കപ്പെട്ട കർമശാസ്ത്ര ഗ്രന്ഥങ്ങളെയായിരിക്കണം. ആ കർമശാസ്ത്ര തീർപ്പുകൾക്ക് ഉപോദ്ബലകമായി നമുക്ക് കാണാനാവുന്ന ആയത്തുകളും ഹദീസുകളും ഉദ്ധരിക്കുകയുമാവാം. അംഗീകരിക്കപ്പെട്ട കർമശാസ്ത്ര ഗ്രന്ഥങ്ങൾ, യോഗ്യരായ ആയിരക്കണക്കിനു പണ്ഡിതരുടെ നൂറ്റാണ്ടുകളുടെ പരിശ്രമഫലമാണ് എന്നതു കൊണ്ടാണത്.
അവ മാറ്റിവെച്ച്, വളരെക്കുറച്ചു മാത്രം ഹദീസുകളും ഖുർആൻ വ്യാഖ്യാനങ്ങളും കണ്ടവർ അനർഹമായി സ്വയം വിധികൾ കണ്ടെത്തി ആവേശപ്രസംഗം നടത്തുമ്പോൾ യുവതയെ അവർ തള്ളിവിടുന്നത് ശഹാദത്തിലേക്കല്ല, ആത്മഹത്യയിലേക്കാണ്. അങ്ങനെ ചെയ്യുന്നവർ ഇക്കാലത്ത് പണ്ഡിതരുടെ കൂട്ടത്തിൽ എണ്ണപ്പെടാൻ യോഗ്യനാണെങ്കിൽ പോലും സ്വീകാര്യരാവില്ല. പഠിച്ച വൈദ്യശാസ്ത്ര നിയമങ്ങളൊക്കെ അവഗണിച്ച്, അവക്ക് വിരുദ്ധമായി സ്വന്തം തീർപ്പുകൾവെച്ച് രോഗികളെ മരണത്തിലേക്കു നയിക്കുന്ന ഭിഷഗ്വരൻ എത്ര വിവരമുള്ളവനാണെങ്കിലും അടിസ്ഥാന തത്ത്വങ്ങൾ ലംഘിക്കുന്നതിനാൽ സ്വീകാര്യനല്ല എന്ന പോലെ തന്നെ. അടിസ്ഥാന തത്ത്വങ്ങൾ സ്വീകരിക്കാത്തവരെ ഏതു മേഖലയിലും തള്ളിക്കളയാൻ സാധാരണക്കാർക്കു പോലും വലിയ ബുദ്ധിയും വിവരവും ആവശ്യമില്ലല്ലോ.
മതദർശനങ്ങളെ യുക്തിവാദ ഫ്രെയിമിലൂടെ കാണാനും വിലയിരുത്താനും പരിഹസിക്കാനും പരിശീലിപ്പിക്കുന്നുവെന്നതാണ് ഇവർ ദീനിനോടു ചെയ്യുന്ന മറ്റൊരു വലിയ അപരാധം. ഭൗതിക പ്രശ്‌നങ്ങൾക്കു കാരണങ്ങളും പരിഹാരവും ഭൗതികതലത്തിൽ മാത്രമല്ലെന്നും പ്രാഥമികമായി ആത്മീയ തലത്തിലാണെന്നും വിശുദ്ധ ഖുർആനിനെ മാത്രം അംഗീകരിക്കുന്ന ഒരാൾക്കു പോലും നിഷേധിക്കാനാവില്ല. പ്രശ്‌നങ്ങളെ ഭൗതികയുക്തിയിലൂടെ മാത്രം നിരീക്ഷിക്കുമ്പോൾ മനസ്സിലാക്കാനാവാത്ത പരിഹാരങ്ങൾ ഖുർആൻ നിർദേശിക്കുന്നുണ്ട്.
എന്നാൽ, ഭൗതികമായ പ്രശ്‌നങ്ങൾക്കോ ഇന്ത്യൻ മുസ്‌ലിംകൾ ഇന്നു നേരിടുന്ന പ്രതിസന്ധികൾക്കോ ആത്മീയമായ കാരണങ്ങളന്വേഷിക്കാനോ ആത്മീയ പരിഹാരങ്ങൾ നിർദേശിക്കാനോ ശ്രമിക്കുന്ന പണ്ഡിതരെയും വിശ്വാസികളെയും തികഞ്ഞ ഭൗതികവാദ യുക്തിയിലും അവരുടെ ശൈലിയിലും പരിഹസിക്കുന്ന വിധത്തിലേക്ക് ഈ സംഘത്തിലെ അണികൾ ചെന്നുപെട്ടിരിക്കുന്നത് ധാരാളമായി കാണാനാവും. അത്തരം പ്രചാരണ നൈരന്തര്യങ്ങളിലൂടെ മറ്റു വിശ്വാസികളിലും ഇപ്രകാരം ഭൗതികയുക്തിയിൽ മാത്രം അധിഷ്ഠിതമായ ചിന്തകൾ ശക്തിപ്പെടുത്തുന്ന രീതിയിലാണ് ഇവരുടെ സോഷ്യൽ മീഡിയ പ്രചാരണങ്ങൾ.
ആരുടെയും ചിന്തയുടെ ഫ്രെയിം വികലപ്പെടുമ്പോഴാണ് അവർ ആശയപരമായി പാളിപ്പോകാനുളള സാധ്യതയുണ്ടാകുന്നത്. ഭൗതികവാദ ഫ്രെയിമിൽ ചിന്തിക്കുന്ന ഒരാൾക്ക് ഭാഗികമായോ പൂർണമായോ മതവിശ്വാസം നഷ്ടപ്പെടാനോ ആത്മീയകാര്യങ്ങളിൽ ആത്മവിശ്വാസമില്ലാതാവാനോ സാധ്യത കൂടുതലാണ്. യുക്തിവാദ ചിന്തകളിലേക്കു നിപതിച്ച പലരും വഹാബിസം വഴിയാണു പോയതെന്ന വസ്തുത ഇവിടെയും പ്രസക്തം. അഥവാ, വിശ്വാസികളെ സംരക്ഷിക്കാൻ വേണ്ടി സന്നാഹങ്ങളൊരുക്കുന്നവർ, ചിലരെ ചാവേറുകളായി ആത്മഹത്യയിലേക്ക് നയിക്കുമ്പോൾ, മറ്റു ചിലരുടെ വിശ്വാസവും ആത്മീയതയും തന്നെ നഷ്ടപ്പെടുത്താൻ കാരണങ്ങളൊരുക്കുന്നു.
തങ്ങളുടെ ചെയ്തികൾക്ക് ന്യായീകരണമായും പാരമ്പര്യ വിശ്വാസികൾ പുലർത്തുന്ന ആത്മീയ യുക്തിയെ പരിഹസിക്കാനും ഇവർ തയ്യാറാക്കുന്ന കുറിപ്പുകളും ന്യായീകരണങ്ങളും ഇസ്‌ലാമിനെ ആക്രമിക്കാനും ഇസ്‌ലാമോഫോബിയ വളർത്താനും നിരന്തര ശ്രമം നടത്തുന്ന നാസ്തികരെയും കൃസംഘികളെയും സഹായിക്കുന്നതും അവരുടെ അപവാദ പ്രചാരണങ്ങൾക്ക് ശക്തിപകരുന്നതുമാണ് എന്നതാണ് ദു:ഖകരമായ വേറൊരു വസ്തുത.
മുഹ്‌യിദ്ദീൻ ബുഖാരി
No comments:
Post a Comment