https://www.facebook.com/100024345712315/posts/pfbid0pzU2PXEjLdfatxjGZtgCzqmrs8Un4V2kowLUjWrK9zLtr6GJgm1QQwHvnsA4F8T9l/?mibextid=9R9pXO
മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം 59/313
➖➖➖➖➖➖➖➖➖➖➖
✍️ Aslam saquafi payyoli
*മുജാഹിദിലെ*
*രാഷ്ട്രീയ ഭിന്നത*
കെ എം മൗലവി മുസ്‌ലിം ലീഗ് രൂപീകരിച്ചതോടെ രാഷ്ട്രീയപരമായി മുജാഹിദ് പ്രസ്ഥാനം രണ്ട് ചേരികളായി തിരിഞ്ഞു.
എ അലവി മൗലവി, ഈ മൊയ്തു മൗലവി തുടങ്ങിയവർ കോൺഗ്രസ് ഭാഗത്തും കെ എം മൗലവി കെ എം സീതി സാഹിബ് നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗും. രണ്ടു കൂട്ടരും തമ്മിൽ വാഗ്വാദങ്ങളും സംഘട്ടനങ്ങളും നടന്നതായി ചരിത്രത്തിലുണ്ട്. അതെല്ലാം ഇവിടെ വിവരിക്കുന്നില്ല.
പുളിക്കൽ മദ്രസത്തുൽ മുനവ്വറയിൽ മുജാഹിദ് പണ്ഡിതരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങൾ വിശദീകരിച്ചുകൊണ്ട് അൽ മുർശിദിലെ പരാമർശങ്ങൾ വായിക്കാം.
"പുളിക്കൽ മദ്രസത്തുൽ മുനവ്വറയിൽ നിന്ന് ജംഇയ്യത്തുൽ ഉലമ സംഘം പ്രവർത്തകന്മാരെ വാതിലടച്ച് പുറത്താക്കിയ വിവരം നമ്മുടെ സഖാക്കളെ കോൾമയ്ർ കൊള്ളിക്കുന്നുണ്ടായിരിക്കാം. പുളിക്കൽ കോൺഗ്രസ് പ്രസിഡണ്ട് ഇതെല്ലാം കണ്ടുകൊണ്ട് മൗനം ദീക്ഷിക്കുന്നതിൽ ആണ് എനിക്ക് അത്ഭുതം തോന്നുന്നത്. അദ്ദേഹം അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരാളാണെന്നാണ് എന്റെ വിശ്വാസം. ഈ വിക്രിയകളിൽ അദ്ദേഹം സന്തോഷിക്കുന്നുണ്ടോ ? അവിടെ തങ്ങളുടെ കുടുംബത്തിനിടയിൽ വഴക്കുണ്ടാക്കുവാൻ കടന്ന് കൂടിയിട്ടുള്ള പിശാചിൻറെ കൂത്താട്ടത്തിന് അദ്ദേഹം വശംവതനായിരിക്കുന്നുവോ ? ഒരു ഭരണ കമ്മിറ്റിയിൽ കിട്ടിയ തുച്ഛമായ ഒരു അധികാരം മാത്രമാണ് മദ്രസ മാനേജർക്കുള്ളത്. അദ്ദേഹത്തിന് ആ അധികാരം നൽകിയവരെ തന്നെ പുറത്താക്കുന്നതിനാണ് ആ അധികാരത്തെ അദ്ദേഹം ഉപയോഗിച്ചത്....
മുസ്‌ലിം സഹോദരന്മാരെ രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടാവുക സാധാരണയാണ്. എന്നാൽ ആ അഭിപ്രായ വ്യത്യാസത്തെ അടിസ്ഥാനപ്പെടുത്തി അന്യോന്യം വഴക്കിനും വക്കാണത്തിനും ഒരുങ്ങുക എന്നുള്ളത് അന്യായവുമാണ്.
ഇന്ന് മുസ്‌ലിംകളിൽ ഒരു ചെറിയ ഭാഗം കോൺഗ്രസുമായി സഹകരിക്കുന്നുണ്ടെങ്കിൽ ഒരു വലിയ ഭൂരിപക്ഷം കോൺഗ്രസ്സുമായി അകന്നു നിൽക്കുകയാണ് ചെയ്യുന്നത്.
മുസ്‌ലിംകളിൽ ഇങ്ങനെ രണ്ട് കക്ഷികൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ആദർശത്തെ മുൻനിർത്തിയാണ്. നിരുപാധികമായി കോൺഗ്രസിൽ ചേരുന്നതാണ് ഇന്നത്തെ നിലക്ക് മുസ്‌ലിംകൾക്ക് നല്ലതെന്ന് അഭിപ്രായമുള്ളവർ അങ്ങനെ ചെയ്യുന്നു. നിരുപാധികമായി കോൺഗ്രസിൽ ചേരുന്നത് ആപൽകരമാണെന്ന് വിശ്വസിക്കുന്നവർ അതിൽ നിന്നും ഒഴിഞ്ഞു മാറി മുസ്‌ലിം ലീഗിൽ സംഘടിക്കുന്നു. ഈ രണ്ട് കക്ഷികളുടെയും ചുമതല അവരവരുടെ അഭിപ്രായത്തിനുള്ള തെളിവുകളെ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുവാൻ ശ്രമിക്കുകയാണ്. എതിർകക്ഷിയെ സ്ഥാനത്തും അസ്ഥാനത്തും ആക്ഷേപിക്കുവാനും അവഹേളിക്കുവാനും തുനിയുന്നത് ശരിയല്ല. ആ കക്ഷി പരാജയപ്പെടുക തന്നെ ചെയ്യും. പുളിക്കൽ കോൺഗ്രസ് കക്ഷിയുടെ ഈ ബഹിഷ്കരണ പ്രവർത്തി അവിടുത്തെ കോൺഗ്രസ് മുസ്‌ലിംകളുടെ പ്രതാപത്തെയും പ്രാബല്യത്തെയും കുറക്കുന്നതിന് മാത്രമേ ഉപകരിക്കുകയുള്ളൂ.
പുളിക്കലിലെ രക്തത്തിളപ്പുള്ള കോൺഗ്രസ് മുസ്‌ലിം യുവാക്കൾ ശാന്തമായി ആലോചിക്കുമെങ്കിൽ അവർക്കറിയാം പുളിക്കലെ മദ്രസത്തുൽ മുനവ്വറ പുളിക്കക്കാരുടെ ഒരു മദ്രസയായി മാത്രം നിന്നാൽ പോരെന്ന്. ആ മദ്രസ ത്രിവർണ പതാക പറപ്പിക്കാനുണ്ടായതല്ല; അർദ്ധ ചന്ദ്രക്കലയുള്ള കൊടി പറപ്പിക്കാനുള്ളതാണ്. "
(അൽ മുർഷിദ് മാസിക
1939 മാർച്ച് പേ: 39, 40 )