Friday, March 20, 2020

മതം എന്തിന്? ഏത്?


https://chat.whatsapp.com/DHise5t7BW63aayUZFgeZ7



മതം എന്തിന്? ഏത്?
Muhammad Sajeer Bukhari / 7 months ago



നാമെല്ലാവരും മനുഷ്യരാണല്ലോ. 'ഭൌമവിതാനത്തിൽ കാണുന്ന ഏതൊരു ജീവിയിൽ നിന്നും ഭിന്നമായി 'ബുദ്ധിശക്തി"യാൽ അനു ഗ്രഹീതനായ ജീവിയാണ് മനുഷ്യൻ' എന്നാണ് ജീവശാസ്ത്ര ഗ്രന്ഥിങ്ങളിൽ സാധാരണയായി മനുഷ്യനെ പരിചയപ്പെടുത്താറുള്ളത്. എന്നാൽ എന്താണ് മനുഷ്യൻ? അവൻ എങ്ങനെ ഉണ്ടായി? എന്തിന്, എവിടെ നിന്ന്, എങ്ങാട്ട് പോകുന്നു? ശാസ്ത്രലോകം പലവുരു ചോദിക്കുകയും പ്രതിവചിക്കുകയും ചെയ്തിട്ടും കിട്ടിയ ഉത്തരങ്ങളെല്ലാം അവ്യക്തങ്ങളും സൂക്ഷ്മതയില്ലാത്തവയും ആണ്. ഈ ചോദ്യം നമുക്കൊന്നു കൂടെ ആവർത്തിച്ചു കൂടെ?



മനുഷ്യൻ ഒരു മഹാത്ഭുതമാണ്. ഭൗതികമായി നോക്കുമ്പോൾ ശരീരം, മനസ്സ്, ആത്മാവ് എന്നീ മൂന്നു ഘടകങ്ങളുടെ സംഘാതമാണ് “മനുഷ്യൻ' എന്ന ലളിതമായ ഉത്തരത്തിൽ നിന്നു തുടങ്ങാം. മനുഷ്യ ശരീരത്തിന്റെ സുഭദ്രവും കിറുകൃത്യവുമായ നിർമ്മിതിയും അതിസൂക്ഷ്മവും നിഗൂഢവുമായ ഘടനയും നമ്മെ തൊട്ടുണർത്തുന്നതാണ്. അതിസങ്കീർണമായ ഒരു മഹായന്ത്രത്തോട് നമുക്കതിനെ തുലനപ്പെടുത്താം, ഇതിനകത്തു പ്രവർത്തിക്കുന്ന മെക്കാനിസത്തിന്റെ ഭൗതികമായ പരാവർത്തനം എങ്ങനെയായിരിക്കുമെന്നു ഊഹിക്കാമോ? "മനുഷ്യ ശരീരത്തിനു സമാന്തരമായ ഒരു ഫാക്ടറി ഉണ്ടാക്കുകയാണെങ്കിൽ അതിനു നാലു സ്ക്വയർ മൈലുകൾ ഭൂമി വേണം, നൂറു സ്ക്വയർ മൈലുകൾ വരെയെത്തുന്ന ശബ്ദശല്യം അതുണ്ടാക്കും." (പി.എൻ. ദാസ്, വ്യാധിയും സമാധിയും-ലേഖനം) ഏകദേശം 5 കോടി സെല്ലുകളുള്ള ഒരു മഹാനഗരമാണ് മനുഷ്യൻ, ഈ മഹാനഗരം മുഴുവൻ നിശബ്ദമായി കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നത്. മഹാത്ഭുതം തന്നെ.


മനുഷ്യസൃഷ്ടിപ്പ് മണ്ണിൽ നിന്നാണ്' എന്നും, 'ജലത്താലാണ് സൃഷ്ടി' എന്നും ഇസ്ലാം പറയുന്നുണ്ട് (ഖുർആൻ 1/61, 21/10 എന്നി കാണുക.) ഈ പ്രസ്താവങ്ങളെ ആധുനിക ശാസ്ത്രലോകം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ഡോ. സി.എൻ. പരമേശ്വരനെ വായിക്കാം "മണ്ണിൽ കാണുന്ന രാസമൂലകങ്ങളെ കൊണ്ടാക്കെ തന്നെയാണ് മനുഷ്യശരീരം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. മണ്ണിൽ കാണാത്ത ഒരൊറ്റ മൂലകവും മനുഷ്യശരീരത്തിൽ കാണില്ല. എന്നാൽ മണ്ണിലുള്ള എല്ലാ മൂലകങ്ങളും ശരീരത്തിൽ കണ്ടെന്നു വരില്ല. ഏകദേശം 20 മൂലകങ്ങളെ കൊണ്ടാണ് ശരീരം ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. ഏറ്റവും പ്രധാനപ്പെട്ടവ കാർബൺ, ഓക്സിജൻ, ഹൈഡ്രജൻ, നൈടജൻ, ഫോസ്ഫറസ് എന്നിവയാണ്. മൂലകങ്ങളുടെ ഈ തുച്ഛസംഖ്യ പക്ഷെ, ആയിരക്കണക്കിനു അതിസങ്കീർണങ്ങളായ രാസപദാർത്ഥങ്ങൾക്കു ജന്മം നൽകുന്നു. എന്നാൽ ശരീരത്തിൽ ഏറ്റവും അധികമുള്ളത് വെള്ളമാണ് - 50-60 ശതമാനത്തോളം. നാം ജനിക്കുന്ന സമയത്ത് നമ്മുടെ ശരീരത്തിന്റെ 75 ശതമാനവും വെള്ളമായിരുന്നു. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമായ തലച്ചോറിന്റെ 85 ശതമാനവും വെള്ളമാണ്. രക്തത്തിന്റെ 80 ശതമാനവും.” (മനുഷ്യ ശരീരം മഹാത്ഭുതം, പേ: 9). “നല്ല ഉറപ്പും കടുപ്പവുമുള്ളതാണെങ്കിലും എല്ലിൽ 25 ശതമാനവും വെള്ളമാണ്.'' (അതേ പുസ്തകം, പേ: 26).


മനുഷ്യന്റെ ശരീരഘടന ഏറെ വിശകലനമർഹിക്കുന്ന ഒന്നാണ്. 2004 ജൂലൈയിലെ ഔദ്യോഗിക കണക്കെടുപ്പിൽ രേഖപ്പെടുത്തപ്പെട്ടതു പ്രകാരം ലോകത്ത് 637,91,57,361 മനുഷ്യരുണ്ട്. ഇപ്പോൾ അത് 640 കോടിയെ കവച്ചുവെച്ചിരിക്കും. ഈ 640 കോടി മനുഷ്യരും ഒരേ ഭൂമിയിൽ, ഒരേ സൂര്യനിൽ നിന്നു ഊർജ്ജം സ്വീകരിച്ചും ഒരേ വെള്ളം പാനം ചെയ്തും തന്നെയാണ് ജീവിക്കുന്നത്. എന്നാൽ, ഇവരിൽ ആർക്കെങ്കിലും വേറെയൊരാളുടെ അതേ മുഖഛായയുണ്ടോ? സാധാരണ ഗതിയിൽ 20 സെ.മീ അധികം വ്യാസമില്ലാത്തതാണല്ലോ നമ്മുടെ മുഖം. എന്നിട്ടും ഒരാളുടേത് മറ്റൊരാളുടേതിൽ നിന്ന് പൂർണമായി വ്യത്യാസപ്പെട്ടിരിക്കുന്നു! അതോടൊപ്പം തന്നെ ഭൂമിശാസ്ത്രപരമായ സാമ്യതയുള്ള ചില പ്രത്യേക സ്ഥലങ്ങളിലെ മനുഷ്യർ തമ്മിൽ നിർവചിക്കാനാവാത്ത ഒരു തരം സാമ്യതയും കാണാം! ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഒരേ സ്ഥലത്ത് സംഗമിക്കുന്ന സന്ദർഭങ്ങളിലൊന്നാണല്ലൊ ഹജ്ജ് സമയം. അവിടെവെച്ച്, അനേകകോടി ജനങ്ങൾക്കിടയിൽ ഒരു മലയാളിയെ നിങ്ങൾ കാണുന്നുവെന്നു സങ്കൽപിക്കുക. യാതൊരുവിധ മുൻപരിചയവും ഇല്ലെങ്കിലും "ഞാന്‍ മലയാളിയാണ്' എന്നു അയാളുടെ മുഖഭാവം വിളിച്ചു പറയുന്നത് നിങ്ങൾക്ക് നിഷ്പ്രയാസം ഗ്രഹിക്കാനാവും. അതെന്തുകൊണ്ടാണ്? അയാളെപ്പോലെ, നമ്മെപ്പോലെ മറ്റൊരാളും ഇല്ല, അതുകൊണ്ടു തന്നെ. ചില ബാല മാസികകളിൽ ശ്രദ്ധേയരായ ഏതെങ്കിലും വ്യക്തികളുടെ മുഖത്തിന്റെ ഏതെങ്കിലുമൊരു ഭാഗം, ഉദാഹരണത്തിനു നെറ്റിത്തടം, മാത്രം പ്രദർശി പ്പിക്കുകയും "തിരിച്ചറിയാമോ?' എന്നു ചോദിക്കുകയും ചെയ്യുമ്പോൾ കൃത്യമായ പ്രത്യുത്തരം ഉണ്ടാവുകയും ചെയ്യുന്നതിന്റെ സാംഗത്യവും മറ്റൊന്നല്ല.


നമ്മുടെ, അല്ല ലോകത്തെല്ലായിടത്തുമുള്ള പോലീസ് ഡിപ്പാർട്ടുമെന്റും ഡിറ്റക്ടീവുകളും കുറ്റവാളികളെ കണ്ടെത്താൻ ഫലപ്രദമായി ഉപയോഗപ്പെടുത്താറുള്ള മാർഗങ്ങളിൽ ചിലതാണ് ഡോഗ് സ്ക്വാഡും, ഫോറൻസിക് പരിശോധനയും. ഓരോ മനുഷ്യന്റെ ശരീരത്തിനും ഒരു പ്രത്യേക ഗന്ധമുണ്ട്. 640 കോടി മനുഷ്യർക്ക് 640 കോടി തരത്തിലുള്ള ഗന്ധങ്ങൾ! പരിശീലനം സിദ്ധിച്ച നായ കുറ്റവാളിയുടെ ഗന്ധം വേറിട്ടു മനസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്യുന്നു.

അതേ പ്രകാരമാണ്, മനുഷ്യന്റെ വിരലടയാളവും. മരിച്ചുപോയ കോടാനുകോടി പേർ, ജീവിച്ചുകൊണ്ടിരിക്കുന്ന 640 കോടി ആളുകൾ, ഇനിയും ജനിക്കാനിരിക്കുന്ന അനന്തകോടി മനുഷ്യർ, ഇവരിൽ ഒരാൾക്കുപോലും മറ്റൊരാളുടേതിനു തുല്യമായ വിരലടയാളം ഇല്ല! ഈ ശാസ്ത്ര നിഗമനമാണ് ഫോറൻസിക് ഡിപ്പാർട്ട്മെന്റുകളെ നില നിറുത്തുന്നത്. ഖുർആനിൽ അല്ലാഹു ഇങ്ങനെ പറയുന്നു: “മനു ഷ്യന്റെ വിരൽക്കൊടി പോലും കൃത്യമായി നിർമ്മിക്കാൻ കഴിയുന്നവ നല്ലോ നാം” (ആശയം, അൽഖിയാമ: 4)

ഇങ്ങനെ, മനുഷ്യ ശരീരത്തിലെ ഏത് അവയവവും വളരെ ശാസ്ത്രീയവും ആസൂത്രിതവും യുക്തിസഹവുമായാണ് ഇതിന്റെ സൃഷ്ടികർമ്മം ഉണ്ടായത് എന്നു അസന്ദിഗ്ദമായി വിളംബരപ്പെടുത്തുന്നു. അപ്പോൾ മറ്റൊരു ചോദ്യം, ഇത്രയധികം സുഭദ്രവും സമഗ്രവുമായി സംവിധാനിക്കപ്പെട്ട ഈ ശരീരം ഒരുനാൾ ജീവനറ്റ് മണ്ണിൽ വീഴുകയും പുഴുക്കൾ ചീഞ്ഞളിഞ്ഞും ജീർണ്ണിച്ച് ഇല്ലാതാവുകയും ചെയ്യുന്നത് മാത്രമാണോ? തീർച്ചയായും, ആയിരിക്കാൻ സാധ്യതയില്ല. എങ്കിൽ എന്താണ് ജീവിതം? അതിന്റെ ദിശയും ദശയും നിർണ്ണയിക്കുന്ന ആരാണ്? എന്താണ്?

എങ്ങനെ ജീവിക്കണം?


ഈ ചോദ്യത്തിനു നമുക്കിടയിൽ നിലനിൽക്കുന്നതും നില നിന്നിരുന്നതുമായ വ്യത്യസ്ത ദർശനങ്ങളും ദാർശനികരും പുലർത്തിയിരുന്ന പുലർത്തുന്ന സമീപനങ്ങൾ നമുക്ക് അറിവുള്ളതാണല്ലോ. ഒരു തരത്തിലുള്ള നിയന്ത്രണങ്ങളുമില്ലാതെ, പൂർണ സ്വാതന്ത്യത്തോടെ ആനന്ദിച്ചുല്ലസിക്കുവാനുള്ളതാണ് ജീവിതമെന്ന ഭൗതിക വീക്ഷണത്തിനാണ് ഇന്നു പ്രാമുഖ്യമുള്ളത്. “തിന്നുക, കുടിക്കുക, രസിക്കുക, രമിക്കുക” എന്ന എപ്പിക്ക്യൂറിയന്‍ തിയറി ജീവിതശൈലിയായി അനുവർത്തിക്കപ്പെടുന്നു. മൃഗങ്ങളെപ്പോലെ ഉല്ലസിക്കാനും നിയന്ത്രണങ്ങളില്ലാതെ ലൈംഗിക ബന്ധങ്ങളിലേർപ്പെടാനും സാധിച്ചാൽ ജീവിതത്തിനു സൗന്ദര്യം വരുമെന്നു കരുതുന്നവർ ഈ ഉത്തരാധുനിക ചുറ്റുപാടിലും തീരെ കുറവല്ല. ഇഷ്ടമുള്ളത് ആഹരിക്കുക, തോന്നുമ്പോലെ ഭോഗിക്കുകയും ചെയ്യുകയെന്ന ശാരീരികാവശ്യ ങ്ങൾ നിർവ്വഹിക്കുന്നതു മാത്രമാണോ ജീവിതം? എങ്കിൽ നമ്മെക്കാൾ ഫലപ്രദമായി അവ നിർവ്വഹിക്കാൻ കഴിവുള്ള എത്രയോ ജീവികൾ ജന്തുലോകത്തുണ്ട്.നല്ല ഉദാഹരണമാണ് പുൽച്ചാടി. സ്വന്തം ഉടലിന്റെ വലിപ്പത്തിന്റെ ഇരുന്നൂറ് ഇരട്ടിയിലധികം ദൂരേയ്ക്ക് ചാടാൻ ഈ കൊച്ചു വിരുതനു കഴിയും. ആ രീതിയിൽ 'ഒരു മനുഷ്യൻ ചാടുകയാണെങ്കിൽ കുറഞ്ഞത് നാന്നൂറ് മീറ്റർ ദൂരമെങ്കിലും ചാടേണ്ടിവരും! ഒരു തുമ്പിയേക്കാൾ മതിമറന്നു ഉല്ലസിക്കാൻ മനുഷ്യന് സാധിക്കുമോ? നിന്നിടത്തു നിന്ന് മുന്നോട്ടും പിറകോട്ടും മേൽപോട്ടും കീഴ്പോട്ടും ചാടാന്‍ ഈ ജീവിക്കാകും, ഈ അഭ്യാസങ്ങൾ ചെയ്യുമ്പോൾ വായുവിലുണ്ടാകുന്ന അസ്ഥിര പ്രവാഹങ്ങളുടെ മർദ്ധഭേദങ്ങളിൽ പെട്ട് ചിറകുകള്‍ എങ്ങനെ തകർന്നു പോകാതെ നിൽക്കുന്നു എന്നത് നമ്മെ ആശ്ചര്യപ്പെടുത്തുന്നതാണ്. പതിനൊന്ന് കിലോമീറ്ററിലധികം അകലെ നിൽക്കുന്ന പുരുഷ പൂമ്പാറ്റയെ വശീകരിക്കാൻ സ്വന്തം ശരീരത്തിന്റെ ഗന്ധം മാത്രമാണ് പെൺനിശാശലഭം പ്രയോജനപ്പെടുത്തുന്നത്. അതിലോലമായ ശരീരമാണല്ലോ പൂമ്പാറ്റയ്ക്കുള്ളത്. എത്രതന്നെ വലിയ വ്യതിയാനം അന്തരീക്ഷത്തിലുണ്ടായാലും ജീവപായം വരാതെ പ്രതിരോധിച്ചു നിൽക്കാനുള്ള കഴിവ് പൂമ്പാറ്റയ്ക്കുണ്ട്. “ഒരു പൂമ്പാറ്റയെ ഒരു കുപ്പിയിലടച്ചിട്ടശേഷം വായു കുപ്പിയിൽ നിന്ന് നീക്കിക്കളയുക. അൽപ സമയത്തിനു ശേഷം വായു പെട്ടെന്ന് ഉള്ളിലേക്കു കടത്തിവിടുക. ഈ പരീക്ഷണത്തിൽ ആദ്യം വായുമർദ്ധം ശൂന്യമാവുകയും പിന്നീട് അന്തരീക്ഷ തുല്യമായി വർദ്ധിക്കുകയും ചെയ്യുന്നു. പക്ഷെ ഈ മാറ്റം പൂമ്പാറ്റയ്ക്കു യാതൊരു കോട്ടവും വരുത്തുന്നില്ല.” (ഡോ. സി.പി. മേനോൻ. മനുഷ്യപ്രകൃതി. പേ: 24).

ഒരു വൻകരയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ പറന്നെത്താനുള്ള അപാരമായ സഞ്ചാര ശേഷിയുള്ള ചിത്രശലഭങ്ങളുണ്ട്, വടക്കെ അമേരിക്കയിൽ. ജലലായനിയിൽ മൂന്നു ലക്ഷത്തിലൊരംശമെങ്കിലും പഞ്ചസാര കലർന്നിട്ടുണ്ടെങ്കിൽ അതു കണ്ടെത്താൻ പൂമ്പാറ്റയ്ക്ക സാധിക്കും! “തങ്ങളെ പിടികൂടാൻ വരുന്ന നരച്ചീറുകൾ പുറപ്പെടുവി ക്കുന്ന അധിസ്വന തരംഗങ്ങളെ വികലമാക്കുന്ന ശബ്ദവീചികൾ ഉത്പാദിപ്പിച്ച് രക്ഷപ്പെടാനും ഈ ശലഭങ്ങൾക്കു സാധിക്കും.” (Ibid, Page: 24)

അതിനിഗൂഢമായ നിർമ്മാണ വൈദഗ്ദ്യത്തിന്റെ മികച്ച ഉദാഹരണമാണ് തേനീച്ചയുടെ കൂട്. വ്യത്യസ്ത വലിപ്പത്തിലും സ്റ്റൈലി ലുള്ള വിവിധ അറകളോടു കൂടിയ ഇങ്ങനെയൊരു കൂട് നിർമ്മിക്കുക ഏറ്റവും നിപുണനായ ഒരു എഞ്ചിനീയർക്കു പോലും സാധിക്കില്ല. ഏറ്റവും പരിഷ്കൃതരായ ഒരു നാഗരിക സമൂഹത്തിൽ നില നിൽക്കുന്നതിനേക്കാൾ ആസൂത്രിതമാണ് തേനീച്ചകൾക്കിടയിലെ ജോലി വിഭജനം! തേനീച്ചയുടെ മറ്റൊരു പ്രത്യേകത അതിനു ദിശയറിയാൻ പ്രകാശം ആവശ്യമില്ലെന്നതാണ്. വിടർന്നു നിൽക്കുന്ന പുഷ്പത്തിന്റെ അരികിൽ നിൽക്കുമ്പോഴും അതെപ്പോഴാണ് ഏറ്റവും കൂടുതൽ തേൻ ചുരത്തുകയെന്നു, നിങ്ങൾക്ക് ഒരുപക്ഷെ, സസ്യശാസ്ത്രജ്ഞനാണെങ്കിൽ പോലും അറിയില്ല. ഇക്കാര്യത്തിൽ അതിവിദഗ്ദരാണ് തേനീച്ചകൾ.
കൂടു നിർമ്മാണത്തെ കുറിച്ച് പറയുമ്പോൾ പ്രത്യേക പരാമർശം അർഹിക്കുന്നതാണ് ചിതൽ പുറ്റുകൾ, ചില ചിതൽ പുറ്റുകൾക്ക് 25 അടിയിലധികം വരെ ഉയരമുണ്ടാകാറുണ്ട്. ഒരു ചിതലിന്റെയും അതു നിര്‍മ്മിക്കുന്ന പുറ്റിന്റെയും വലിപ്പം താരതമ്യം ചെയ്ത് അതിനു ആനുപാതികമായി മനുഷ്യൻ ഒരു വീട് നിർമ്മിക്കുകയാണെങ്കിൽ എങ്ങനെയായിരിക്കും? തീർച്ചയായും, 1000 നിലകളെങ്കിലും അതിനു ഉയരമുണ്ടാകും!
സോവിയറ്റ് ശാസ്ത്ര അക്കാദമി അംഗമായ ഡോക്ടർ അല്ക്സാണ്ടർ ഗോർബോവ്സ്കിയിൽ നിന്നു അലി ജാ അലി ഇസ്സത്ത് ബെഗോവിച്ച് തന്റെ Islam between East and West എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ ഉദ്ധരിക്കുന്നുണ്ട്. “അനേകായിരം ചിതലുകൾ സഹകരിച്ചാണ് വൻ പുറ്റുണ്ടാകുന്നത്. പണി പൂർത്തിയായ "പുറ്റുകുന്ന് സങ്കീർണമായ നിർമ്മാണമാണ്. അത് ആറിലധികം ചതുരശ്ര നാഴിക വിസ്തീർണമുണ്ടാകും. അവയ്ക്ക് ഇടനാഴികളുണ്ട്. വിറകുകൾ വെക്കാനും പ്രത്യേകമായ അറകളും ഉണ്ടാകും. - ഒരു പരീക്ഷണത്തിൽ നിർമ്മാണമാരംഭിച്ച ഒരു പുറ്റുകുന്ന് ശാസ്ത്രജ്ഞന്മാർ രണ്ടായി പകുത്തു. അതിനാൽ ചിതൽക്കൂട്ടം സമ്പൂർണ്ണമായി രണ്ടായി വേർപിരിഞ്ഞു പോയി. ഇങ്ങനെ ചെയ്തിട്ടും നിർമ്മാണത്തിനു ഊനം തട്ടിയില്ല. വേർപ്പെട്ട രണ്ട് വിഭാഗം ചിതലുകളും നിർമ്മാണം വിജയകരമായി തുടർന്നു. നടപ്പാതകളും ഇടനാഴികളും മുറികളും കലവറകളും ഇരുഭാഗത്തും ഒരേ രീതിയിൽ നിർമ്മി ക്കുകയും ചെയ്തു. ഈ രണ്ട് കുന്നിനെയും ബന്ധിപ്പിക്കുകയും ചെയ്തിരുന്നു.” ("ഇസ്ലാം രാജമാർഗം' എന്ന വിവർത്തനത്തിൽ നിന്ന്. പേജ്: 62)
സഹജവാസനകളിൽ എത്രതന്നെ മുൻപന്തിയിലാണെങ്കിലും ജന്മസിദ്ധമായ പരിധികളും പരിമിതികളും ഉല്ലംഘിക്കാൻ മനുഷ്യനൊഴികെ ജീവജാലങ്ങളിൽ ആർക്കും കഴിയില്ല. ആയിരം കൊല്ലം മുമ്പ് തേനീച്ചകൾ ഉപയോഗപ്പെടുത്തിയിരുന്ന അതേ ശൈലിയിൽ തന്നെയാണ് ഇപ്പോഴും അവ തേൻ ശേഖരിക്കുന്നത്. രണ്ട് ജനറേഷനുകൾക്ക് മുമ്പ് ഇര തേടാൻ അവലംബിച്ചിരുന്ന അതേ മാർഗം തന്നെയാണ് ഇപ്പോഴത്തെ കടുവകളും സിംഹങ്ങളും തുടരുന്നത്. എന്നാല്‍ ഇങ്ങനെയൊന്നുമല്ല മനുഷ്യൻ. സഹസ്രാബ്ദങ്ങളുടെ മാറ്റം അവന്‍റെ നാഗരികതയിലും സാംസ്കാരിക പരിസരത്തും വരുത്തിയിട്ടുള്ള മാറ്റങ്ങൾ ചെറുതൊന്നുമല്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ജീവിച്ചിരുന്ന ഒരു വ്യക്തി പുനർജനിച്ച് 21-ാം നൂറ്റാണ്ടിലെ അധുനാതന പരിസരത്ത് എത്തിപ്പെട്ടാൽ എന്തായിരിക്കും സ്ഥിതി? അവന്‍റെ “ആദ്യ" കാലത്ത് മറ്റൊരാൾക്ക് സന്ദേശമെത്തിക്കണമെങ്കിൽ ദിവസങ്ങളോളം കുതിരപ്പുറത്തോ, കാളവണ്ടിയിലോ - നാഗരപ്രദേശങ്ങളിലാണെങ്കിൽ വേഗം കുറഞ്ഞ ഡീസൽ വണ്ടികളിലോ - യാത്ര ചെയ്യുകയും ആളെ കണ്ടെത്തുകയും വേണമായിരുന്നു. ഇന്നിപ്പോൾ പോക്കറ്റിലുള്ള മൊബൈൽ ഫോണിൽ സംസാരിക്കുന്നവരുടെ മുഖങ്ങൾ പോലും - അവരെത്ര നോട്ടിക് മൈലുകൾക്ക് അപ്പുറത്താണെങ്കിലും കാണാൻ കഴിയുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ സാഹചര്യം പോലും കാണാനില്ലാതെ മാനുഷിക ജീവിത പരിസരം അമ്പേ മാറിയിരിക്കുന്നു.
പക്ഷി പറക്കുന്നതു കണ്ട് അത്ഭുതം കൂറി നടന്നിരുന്ന മനുഷ്യൻ ഇന്നു പക്ഷികളേക്കാൾ വേഗത്തിലും ഉയരത്തിലും പറക്കുന്നു! കടൽതീരത്തു ഞെണ്ടും കക്കയും പെറുക്കി നടക്കുകയും മുങ്ങാംകുഴിയിട്ടു രസിച്ചുല്ലസിക്കുന്ന മത്സ്യങ്ങളെ കണ്ട് കൗതുകപ്പെടുകയും ചെയ്തിരുന്ന മനുഷ്യൻ, ഇന്നു ആഴിയുടെ അഗാധങ്ങളിലേക്ക് ഊളിയിട്ടിറങ്ങി കൈനിറയെ മുത്തുകൾ വാരി തിരിച്ചു വരുന്നു! മൂന്നോ നാലോ മുമ്പുള്ള നമ്മുടെ ഏതെങ്കിലും പൂർവ്വികർക്ക് ഇത്തരം കാര്യങ്ങൾ സ്വപ്നം കാണാനെങ്കിലും സാധിക്കുമായിരുന്നോ? ഇനി ഒന്നുരണ്ടു തലമുറകൾ പിന്നിടുമ്പോഴേക്കും നമ്മുടെ ജീവിതഗതി യിലും ശാസ്ത്ര പുരോഗതിയിലും വന്നേക്കാവുന്ന വിപ്ലവകരമായ മാറ്റങ്ങളെയും കണ്ടെത്തലുകളെയും സങ്കൽപിക്കാനെങ്കിലും നമുക്കാവുമോ? തീർച്ചയായും ഇല്ല. മനുഷ്യനെ ഇതര ജീവജാലങ്ങളിൽ നിന്നു വേർപ്പെടുത്തുന്നതും ഇനം തിരിച്ചു നിർവചിക്കുന്നതും അവനു നൽകപ്പെട്ട "ബുദ്ധിശക്തി' എന്ന ഗുണമാണ്.
ബുദ്ധിശക്തിക്കു പുറമെ മനുഷ്യനു മാത്രം നൽകപ്പെട്ട മറ്റൊരു സവിശേഷത കൂടിയുണ്ട്, “ഇഖ്തിയാർ' അഥവാ “സ്വാഭീഷ്ടം (പ്രവർത്തിക്കാനുള്ള സ്വാതന്ത്യം'. വിശന്നു വലഞ്ഞ ഒരു തെരുവു നായക്ക് നിങ്ങൾ റൊട്ടിക്കഷ്ണം എറിഞ്ഞു കൊടുത്താൽ എന്നേക്കാൾ വിശന്നു വലഞ്ഞ വേറെയൊരു നായയുണ്ട്; അത് ഭക്ഷിച്ചുകൊള്ളട്ടെ' എന്നു കരുതി ഈ നായ പോകുമോ? ഇല്ലേയില്ല. ദാഹിച്ചു പരവശയായ ഒരു തള്ളപ്പശുവിനും അതിന്റെ കിടാവിനും നിങ്ങൾ കാലിത്തീറ്റ കലക്കി വെച്ചു കൊടുത്താൽ "അമ്മപ്പശു കുടിച്ചിട്ടു മതി'യെന്നു ഒരിക്കലും ആ കിടാവ് ചിന്തിക്കുന്നില്ലല്ലോ, മനുഷ്യേതര ജീവജാലങ്ങളുടെയൊക്കെ പ്രത്യേകതയാണിത്.

തന്നെ കുത്തിമറിച്ചിടാൻ കൊമ്പു കുലുക്കി പാഞ്ഞു വന്ന മുട്ടനാടിനോട് ക്ഷമിക്കാനും വെറുതെ വിടാനും മറ്റൊരു മുട്ടനാട് തയ്യാറാവില്ല. തിരിച്ചും ആക്രമിക്കുന്നു. "വെട്ടാൻ വരുന്ന പോത്തിനു മുന്നിൽ വേദമോതുകയോ?' എന്നൊരു ചൊല്ലു തന്നെ മലയാളത്തിലുണ്ടല്ലോ. എന്നാൽ ഒരു മനുഷ്യൻ ഒരിക്കലും അങ്ങനെയല്ല. തന്നെ തെറി വിളിക്കുകയും നോവിക്കുകയും ചെയ്തവനോട് ക്ഷമിക്കുവാനും വെറുതെ വിട്ടയക്കാനും ആർജ്ജിതമായ സംസ്കാരമോ എതിരാളിയോടുള്ള ഭയമോ അവനെ പാകമാക്കുന്നു. യുദ്ധക്കളത്തിൽ മരണത്തെ മുന്നിൽ കണ്ട് ദാഹാർത്തനായി ക്ലേശിച്ചു കിടക്കുമ്പോഴും തനിക്കായി നീട്ടപ്പെട്ട വെള്ളപ്പാത്രം തന്നെപ്പോലെ വിഷമിക്കുന്ന തന്റെ സുഹ്യത്തിനുവേണ്ടി മാറ്റിവെക്കുകയും ഒടുവിൽ വെള്ളം കുടിക്കാൻ സാധിക്കാതെ മരണപ്പെടുകയും ചെയ്ത മൂന്നു പ്രവാചക ശിഷ്യന്മാരുടെ (സ്വഹാബിമാരുടെ) ചരിത്രം ഹദീഥുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിശന്നുപൊരിഞ്ഞ വയറുമായി നിൽക്കുമ്പോഴും മുന്നിലെത്തിയ തളികയിലെ വിഭവ സമൃദ്ധമായ ഭക്ഷണം "തൽകാലം കഴിക്കേണ്ട'യെന്നു തീരുമാനിക്കാൻ നമുക്ക് സാധിക്കുന്നു. ജന്മവാസനകളുടെ സഹജപ്രേരണകളിൽ നിന്നു പുറത്തു കടക്കാനും ഇംഗിതങ്ങളെ ഒതുക്കി നിർത്താനും ആഗ്രഹങ്ങളെ മെരുക്കിയെടുക്കാനും നമ്മെ പ്രാപ്തപ്പെടുത്തുന്ന ഈ കഴിവാണ് "ഇഖ്തിയാർ' അഥവാ "സ്വാഭീഷ്ടം പ്രവർത്തി ക്കാനുള്ള സ്വാതന്ത്യം'.
മനുഷ്യസമൂഹത്തിന്റെ ഗുണകരവും സന്തുലിതവുമായ നില നിൽപിനു അനിവാര്യമായ സ്വാതന്ത്ര്യം അനുവദിക്കുമ്പോഴും സൃഷ്ടിയുടേതായ അനേകമനേകം പരിമിതികളും മനുഷ്യനുണ്ട്. നിങ്ങൾ ഒരു പുരുഷൻ/ സ്ത്രീ ആയി ജനിച്ചത് നിങ്ങളുടെ ഇഷ്ട പ്രകാരമായിരുന്നോ? ഒരു മൂന്നോ നാലോ നൂറ്റാണ്ടുകൾ മുമ്പോ ശേഷമോ ജനിച്ചാൽ മതിയായിരുന്നുവെന്നു വിലപിക്കുന്നതിൽ ഒരു കാര്യവുമില്ലെന്നു നിങ്ങൾക്ക് തോന്നുന്നതിനു കാരണമെന്താണ്? നമ്മുടെ ദേശം, ഭാഷ, വർണ്ണം, വർഗ്ഗം, വംശം, കാലം എന്നിങ്ങനെ പലതും ഇന്ന വിധത്തിലായിരിക്കണമെന്നു നിശ്ചയിക്കാനോ തീരുമാനിക്കാനോ ക്കാർക്കും സ്വാതന്ത്ര്യമില്ലല്ലോ. അതുപോലെ തന്നെയാണ് നമ്മുടെ മരണവും. അത് എപ്പോൾ, എവിടെവെച്ച്, ഏതു വിധത്തിൽ ആയിരിക്കണമെന്ന് നാമാരും ശ്രമിച്ചാൽ നിർണയിക്കാനാവാത്ത കാര്യമാണ്.
ആത്യന്തികമായ വിചാരപ്പെടലുകളിൽ നമ്മുടേതായി നാം കരുതാറുള്ളതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല എന്നു തിരിച്ചറിയാൻ കഴിയും. എന്റെ കൈ എന്റേതാണോ?' അല്ല. ആയിരുന്നെങ്കിൽ ഞാനിഷ്ടപ്പെടാതെ അതു വേദനിക്കരുതല്ലോ. അതുപോലെ, എന്റെ കണ്ണുകളും ചെവികളും അങ്ങനെ അതിവിചിത്രമായ ഈ സംവിധാനങ്ങളിൽ ഒന്നു പോലും എന്റെ നിയന്ത്രണത്തിനു വഴങ്ങുന്നതല്ല. എനിക്കിഷ്ടമില്ലാതെ തന്നെ കാഴ്ചശക്തിയും കേൾവി ശക്തിയുമെല്ലാം കുറയുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നത് അതിന്റെ മേൽ എനിക്ക് അവകാശമോ നിയന്ത്രണാധികാരമോ ഇല്ല എന്നതിന്റെ സുതരാം വ്യക്തമായ നിദർശനമാണ്. എല്ലാം ഏതോ ഒരു ബാഹ്യശക്തിയുടെ ഇഷ്ടാനുസരണമെന്നോണം സംഭവിക്കുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും നമുക്കും ചില സ്വാതന്ത്യങ്ങളൊക്കെ അനുവദിക്കപ്പെട്ടിട്ടില്ലേ? ഇന്നു രാത്രി ചപ്പാത്തിയാണോ ചോറാണോ കഴിക്കേണ്ടത് എന്ന് നാം സ്വയം തീരുമാനിക്കുന്നു. കള്ള്, കോള തുടങ്ങിയ വിഷപാനീയങ്ങൾ കുടിക്കാനും കുടിക്കാതിരിക്കാനും നമുക്ക് കഴിയും. ഇന്ന് ജോലിക്കു പോകുന്നത് ബസിലാണോ, അല്ല കാറിലോ എന്നത് നമ്മുടെ സാമ്പത്തിക സാഹചര്യങ്ങൾ അനുകൂലമെങ്കിൽ നമ്മുടെ ഇഷ്ടപ്രകാരം നമുക്ക് സാധിക്കുന്ന കാര്യമാണ്. എന്നാൽ, ഈ സ്വാതന്ത്യം നാം എങ്ങനെ ഉപയോഗപ്പെടുത്തണം? കാൽ വീശാനുള്ള സ്വാതന്ത്യം ഉണ്ടെന്നത് ശരി, എന്നാൽ അതു തൊട്ടുമുമ്പിൽ നടക്കുന്നവന്റെ പുറത്തു തൊഴിക്കാൻ ഉപയോഗപ്പെടുത്താമോ, ഇല്ലേയില്ല. സംസാരിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെന്നു കരുതി അയൽക്കാരനെയോ, ഇതര മനുഷ്യരെയാരെങ്കിലുമോ തെറി വിളിക്കാനും അസഭ്യം പറയാനും അനുവാദമുണ്ടോ? ഒരിക്കലുമില്ല. ചുരുക്കത്തിൽ, നമുക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സ്വാതന്ത്യവും കഴിവുകളും നിശ്ചിത നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി മാത്രമെ ഉപയോഗപ്പെടുത്താവൂ. എന്താണ് ആ നിയമങ്ങൾ? ഇന്ത്യക്ക് ഒരു ഭരണഘടനയുണ്ട്. പാക്കിസ്ഥാനുമുണ്ട് വേറെയൊന്ന്. ലോകത്തെ എല്ലാ രാജ്യങ്ങൾക്കും തങ്ങളുടേതായ ഭരണഘടനകളും നിയമനിർമ്മാണ സഭകളും ശിക്ഷാ രീതികളുമൊക്കെയുണ്ട്. രാജ്യങ്ങൾക്കു മാത്രമല്ല, ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ളവ മുതൽ ഗ്രാമ ഗ്രാമാന്തരങ്ങളിൽ മാത്രം വേരുള്ള കൊച്ചു കൊച്ചു സംഘടനകൾക്കു പോലും ഇവ്വിധം ചട്ടങ്ങളും വകുപ്പുകളുമുണ്ട്. തങ്ങളുടെ പൗരന്മാർ / മെമ്പർമാർ ഈ നിയമവട്ടത്തിൽ മാത്രമെ ചലിക്കാവൂ എന്നാണവ 'നിർദ്ദേശിക്കുന്നത്.
നിയമം ലംഘിക്കപ്പെടുമ്പോൾ ശിക്ഷിക്കുകയോ പുറത്താക്കുകയോ ചെയ്യുന്നു. ഇത് രാജ്യത്തിന്റെ / സംഘടനയുടെ സുഭദ്രമായ നിലനിൽപിനു അത്യന്താപേക്ഷിതമാണു താനും. നേരെ മറിച്ച്, ലോകത്തുള്ള 640 കോടി പേരും “ഞാൻ എന്റെ ഇംഗിതമനുസരിച്ച് ജീവിച്ചുകൊള്ളാം”, “ഞാൻ എങ്ങനെ ജീവിക്കണമെന്നത് ഞാനാണ് തീരുമാനിക്കുക' എന്ന മട്ടിൽ താന്തോന്നികളായി ജീവിക്കുകയാണെങ്കിൽ എന്തായിരിക്കും അവസ്ഥ? 640 കോടി പേർക്ക് 640 കോടി തരം നിയമങ്ങൾ! ഏതു തരം നിയമ ലംഘനവും തോന്ന്യാസവും "സ്വന്തം നിയമത്താൽ' അനുവദനീയമാകുന്നു. എന്തായിരിക്കും അത്തരമൊരു ജീവപരിസരത്തിന്റെ അവസ്ഥ? ലോകം എന്നും സംഘർഷ ഭരിതവും ജീവിക്കാൻ കഴിയാത്ത വിധം ദുസ്സഹവുമായിരിക്കും. അതിനാൽ നിയമങ്ങൾ കൂടിയേ തീരൂ. പക്ഷെ, ആരാണ് ഈ നിയമങ്ങൾ നിർദ്ദേശിക്കേണ്ടത്? അറുന്നൂറ്റി നാൽപതു കോടിക്കും ബാധകമാകാവുന്ന ബാധകമാകേണ്ട നിയമങ്ങൾ?

നമുക്ക് ഒരു അടിമയുണ്ടെന്നു സങ്കൽപിക്കുക? അയാൾ ജോലിയും മറ്റു കാര്യങ്ങളും നിർവ്വഹിക്കുന്നത് നാം കൽപിക്കുന്നത് പ്രകാരമായിരിക്കണമെന്ന് നമുക്ക് ശാഠ്യമുണ്ടാവും, അല്ലെ. നമ്മുടെയൊക്കെ ഗൃഹങ്ങളിൽ വീട്ടുവേലക്കു നിൽക്കുന്നവർ നാം പറയുന്നത് അനുസരിക്കാതിരിക്കുകയും നമുക്കിഷ്ടമില്ലാത്തതു തന്നെ പ്രവർത്തിക്കുകയും ചെയ്താൽ നാമവരെ വെച്ചുപൊറുപ്പിക്കുമോ? ഇല്ലല്ലോ. നേരത്തെ നാം ഒരു കാര്യം ഗ്രഹിച്ചിരുന്നു; നാം നമ്മുടേ കരുതുന്ന ഈ ശരീരം നമ്മുടേതല്ല. അവയ്ക്ക് മേൽ നമുക്കുള്ള അവകാശം നമ്മുടെ സ്വേഷ്ട പ്രകാരം ഉപയോഗപ്പെടുത്താനാവുന്ന (ഇഖ്തിസ്വാസ്) എന്നതു മാത്രമാണ്. അല്ലാതെ ഉടമസ്ഥാവകാശം (മിൽക്) അല്ല. ഉടമസ്ഥാവകാശം ഈ ശരീരത്തെ നിർമ്മിക്കുകയും പാലിക്കുകയും ചെയ്യുന്ന ബാഹ്യശക്തിക്ക് അഥവാ,അല്ലാഹുവിനു മാത്രം. അവനാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത്. സൃഷ്ടികർമ്മത്തിനും സംഹാര കൃത്യത്തിനും കഴിവുറ്റവൻ അവൻ മാത്രം. അവന്റെ ഇച്ഛപ്രകാരമല്ലാതെ ഉണ്മയോ ഇല്ലായ്മയോ ഇല്ല. അതിനാൽ, അവൻ തന്നെയാണ് എല്ലാത്തിന്റെയും ഉടമയും. സ്രഷ്ടാവ് ഉടമയും സൃഷ്ടികളൊക്കെ അടിമകളും ആകുന്നു. അടിമകൾ ഉടമയെയാണ് അനുസരിക്കണ്ടത്; വീട്ടുവേലക്കാരൻ വീട്ടുടമയെയെന്നപോലെ. അതിനാൽ, 640 കോടി മനുഷ്യർക്ക് നാം അന്വേഷിച്ചു കൊണ്ടിരിക്കുന്ന നിയമങ്ങൾ നിർദ്ദേശിക്കേണ്ടത് സൃഷ്ടികർത്താവായ അല്ലാഹു തന്നെ. അവന്റെ നിയമങ്ങളെ അനുസരിക്കാനാണ് നാം ബാധ്യസ്ഥരായിരിക്കുന്നത് എന്നു ചുരുക്കം.

അല്ലാഹുവിന്റെ നിർദ്ദേശകങ്ങളെയാണ് "ദീനുൽ ഇസ്ലാം ', "ശരീഅത്തുൽ ഇസ്ലാം' എന്നെല്ലാം വിളിക്കുന്നത്. "ഇസ്ലാം' എന്നാൽ പൂർണമായ അനുസരണം, വിധേയത്വം സമ്പൂർണമായ കീഴ്വഴക്കം എന്നൊക്കെയാണ് അർത്ഥം. “അല്ലാഹുവിനെ ശരിയായി അനുസരിക്കുന്നവൻ” എന്നാണ് മുസ്ലിം എന്ന പദം അർത്ഥമാക്കുന്നത്. ഇസ്ലാമിക ആദർശ കാര്യങ്ങളിൽ പ്രഥമ പ്രാധാന്യവും അല്ലാഹുവിലുള്ള വിശ്വാസത്തിനാണ്. വിശ്വാസ-കർമ്മ കാര്യങ്ങളെ അർഹിച്ച രീതിയിൽ ആദരിച്ചംഗീകരിക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് ഒരാളുടെ ഇസ്ലാമിക വിശ്വാസം പൂർണമാകുന്നത്.


വിശ്വാസകാര്യങ്ങൾ ഏതെല്ലാം എന്നു പ്രവാചക തിരുമേനി പരിചയപ്പെടുത്തിയിട്ടുണ്ട്. ഉമറുബ്നുൽ ഖത്ത്വാബ്(റ)വിൽ നിന്നു മുസ്ലിം ഉദ്ധരിക്കുന്ന ഹദീഥിൽ ഇങ്ങനെ വായിക്കാം: “നബി(സ) പറഞ്ഞു: അല്ലാ ഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യദിനത്തിലും നീ വിശ്വസിക്കുക. വിധിയിലും-അതിന്റെ ഗുണത്തിലും ദോഷത്തിലും-നീ വിശ്വസിക്കുക. ഇതത്രെ അൽ ഈമാൻ അഥവാ സത്യവിശ്വാസം.

സിയാറത്ത് ' ഫാമിലി ടൂർ എന്ന പേരിൽ സിയാറത്തിന്


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m



ചോദ്യം

ഫാമിലി ടൂർ എന്ന പേരിൽ സിയാറത്തിന് വേണ്ടി അന്യപുരുഷന്മാരെയും അന്യ സത്രീകളേയും ഒന്നിച്ച് കൊണ്ടു പോകുന്നു. സ്ത്രീകൾക്ക് സത്രീ അമീർ ഉണ്ടന്നാണ് പറയുന്നത് ' സത്രീ അമീർ ഉള്ളത് കൊണ്ട് മാത്രം ഈ യാത്ര അനുവദനീയമാവുമോ?
അന്യരായ സ്ത്രീ പുരുഷൻമാർ പരസ്പരം കാണുന്നത് തന്നെ തെറ്റല്ലെ?എന്താണ് ഈ യാത്രയുടെ മതവിധി?

ഉത്തരം

അമ്പിയാഉ ഔലിയാഉ തുടങ്ങിയവരുടെ ഖബർ സിയാറത്ത് നിബന്ധനകൾക്ക് വിധേയമായി സ്ത്രീകൾക്കും സുന്നത്ത് തന്നെയാണ് '
ഇമാം ഇബ്നു ഹജർ റ എഴുതുന്നു.
അമ്പിയാഉ ഔലിയാഉ ഉലമാഉ എന്നിവരുടെ ഖബർ സിയാറത്ത് സ്ത്രീകൾക്ക് സുന്നത്താവുന്നതിൽ നിശദീകരണമുണ്ട്' അതിപ്രകാരമാണ് '
ഒട്ടക കൂടാരം പോലെയുള്ളതിലാണങ്കിൽ അഥവാ സ്ത്രീ രൂപം പോലും മറ്റുള്ളവരിൽ നിന്ന് മറയ്ക്കുന്ന വിധത്തിലാണ് പുറപ്പെടുന്നതെങ്കിൽ യുവതികൾക്കടക്കം സിയാറത്ത് സുന്നത്താണ്. ഇങ്ങനെ പുറപ്പെടുന്നതിൽ നാശ ഭയമില്ല.

അതേ സമയം ശരീരം മറച്ചിട്ടുണ്ടെങ്കിലും സ്ത്രീരൂപം മറ്റുള്ളവർ കാണുന്ന വിധത്തിലാണ് പുറപ്പെടുന്നതെങ്കിൽ അലങ്കാര വസ്ത്രം സുഗന്ധം എന്നിവ കൊണ്ട് അണിഞ്ഞൊരുങ്ങാത്ത വളും ആശിക്കപെടാത്തവളുമായിരിക്കണമെന്ന നിബന്ധനയുണ്ട് 'എങ്കിലേ സിയാറത്ത് സുന്നത്താവുകയുള്ളു.

ഉലമാ പോലെയുള്ളവരുടെ ഖബ്ർ സിയാറത്ത് എത്രകൾക്ക് സുന്നത്താണന്നും കുടുംബാംഗങ്ങളുടെ ഖബ്ർ സിയാ കത്ത് അവർക്ക് സുന്നത്തില്ലെന്നും പറയുന്നതിന് ഇപ്രകാരം വ്യത്യാസം പറയപ്പെടുന്നതാണ് '
ഉലമാ ഉ പോലെയുള്ളവരുടെ മഖ്ബറകൾ സന്ദർശിക്കുന്നതിന്റെ ലക്ഷ്യം അവരോടുള്ള ആദരവുകൾ നിലനിർത്തലും പ്രകടിപ്പിക്കലുമാണ്. ആ മഹത്തുക്കളെ സിയാറത്ത് ചെയ്യുന്നവർക്ക് അവർ മുഖേനെ ആത്മീയവും പാരത്രീകവുമായ സഹായങ്ങ ഗുണങ്ങളും ലഭിക്കുകയു് ചെയ്യും. ഭാഗ്യം കെട്ടവരല്ലാതെ ഇതൊന്നും നിഷേധിക്കുകയില്ല''
എന്നാൽ സാധാരണക്കാരായ കുടുംബാംഗങ്ങളുടെ ഖബർ സിയാറത്ത് ചെയ്യുന്നതിൽ ഇതൊന്നുമില്ല. ഈ വിത്യാസം കാരണമാണ് ഉലമാ ഉ ഔലിയാ ഉ തുടങ്ങിയവരുടെ ഖബ്ർ സിയാറത്ത് സ്ത്രീകൾക്കും സുന്നത്തുണ്ടന്നും സാധാരണക്കാരായ കുടുംബാംഗങ്ങളുടെ  ഖബർ സിയാറത്ത് അവർക്ക് സുന്നത്തില്ലെന്നും പറയുന്നത്
തുഹ്ഫ 3 -201

അലങ്കാര വസ്ത്രം ആഭരണം സുഗന്ധദ്രവ്യങ്ങൾ എന്നിവ ഉപയോഗിച്ച് അണിഞ്ഞൊരുങ്ങിയും ആകർശങ്കയും മഹാന്മാരുടെ ഖബ്ർ സിയാറ്റത്തിന് വേണ്ടി സത്രീകൾ പുറപ്പെടുന്ന ഏർപ്പാട് ശരിയല്ലന്ന് മേൽ ഉദ്ധരണിയിൽ നിന്നും വെക്തമാണ് 'ഇസ്ലാം നിർദേശിച്ച ഹിജാബി ല്ലാതെ പുറച്ചടും അപകടമാണ് ' വെളുക്കാൻ തേച്ചത് പാണ്ടാകുന്ന പണിയാണിത്.അല്ലാഹു വിന്റെയും മഹത്തുക്കളുടേയും കോപത്തിന് കാരണമാണിത്.
സൂക്ഷിചേ പറ്റു'
സുന്നത്തായ സിയാസത്തിന് വേണ്ടി സ്ത്രീ സ്വന്തം നാടിന്റെ പരിധി വിട്ട് യാത്ര ചെയ്യുമ്പോൾ
ഭർത്താവോ മഹ്റമോ കൂടെ ഉണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്'

നിർബഡമല്ലാത്ത കാര്യത്തിന് വേണ്ടി ഭർത്താവോ മഹറമും കൂടെയില്ലാതെ സ്ത്രീ യാത്ര ചെയ്യൽ നിഷിദ്ധമാണ്.

ഇമാം ഇബ്നു ഹജർ റ എഴുതുന്നു.
സുന്നത്തായ കാര്യത്തിന് സ്ത്രീകളോടപ്പം അവർ കുറേ പേരുണ്ടങ്കിലും യാത്ര പുറപ്പെടൽ സത്രീക്ക് അനുവദനീയമല്ല -തുഹ്ഫ 25

ഇമാം റംലി എഴുതുന്നു'

ഹ്രസ്വ യാത്രയാണങ്കിൽ പോലും ഫർളല്ലാത്ത കാര്യത്തിന് വേണ്ടി സ്ത്രീകളോടപ്പം സ്ത്രി യാത്ര ചെയ്യൽ നിഷിദ്ധമാണ്. നിഹായ 3. 250
സ്വന്തം ഗ്രാമത്തിന്റെ പുറത്തേക്ക് ഖബറ് സിയാറത്തിന്ന് വേണ്ടി പുറപ്പെടുന്നത് ഈ വകുപ്പിൽ പെട്ടതാണന്ന് അല്ലാമ അലിയ്യു ശബ്റാമല്ലസി ഹാശിയത്തുന്നി ഹായയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ചോദ്യത്തിൽ പറയപെട്ട യാത്രയിൽ സ്ത്രീ അമീർ ഉണ്ട് എന്നത് കൊണ്ട് മാത്രം യാത്ര അനുവദനീയമാവുകയില്ലന്നും സ്ത്രീയുടെ ഭർത്താവോ മഹ്റ മോ കൂടെയുണ്ടായാലേ യാത്ര അനുവദനിയ മാവുകയുള്ളു എന്നും മേൽ ഉദ്ധരണികളിൽ നിന്നും വ്യക്തമാണ്. ഭർത്താവും മഹ്റമും കൂടെയില്ലാതെ ഒരു സ്ത്രീ പ്രസ്തുത യാത്രയിൽ പുറപ്പെടൽ ഹറാമാണ് '
സ്ത്രീകൾ കൂടെയുണ്ട് എന്നത് കൊണ്ട് അവളുടെ യാത്ര അനുവദനീയമാവുകയില്ല.

പൂർണ്ണ ഹിജാബ് സ്വീകരിച്ചു കൊണ്ട് ഭർത്താവിന്റെയോ മഹ്റമിന്റെയോ കൂടെ സത്രി സിയാറത്ത് യാത്ര പുറപ്പെടൽ നിഷിദ്ധമല്ല'
അന്യ പുരുഷന്മാരോടപ്പം ഒരു സത്രീ ഒറ്റക്ക് സംഗമിക്കുന്നതും അന്യ സത്രീ പുരുഷന്മാരെ നോക്കിക്കാണുന്നതും 'യാത്രയിൽ മുഴുവൻ ഈ ഹറാമുകൾ ഒഴിവാക്കേണ്ടതാണ് ' അലങ്കാര വസതങ്ങ്ൾ ആഭരണങ്ങൾ സുഗന്ധദ്രവ്യങ്ങൾ എന്നിവ കൊണ്ട് ചമഞ്ഞൊരുങ്ങുന്നതും ഒഴിവാക്കണം


അബ്ദുൽ ജലീൽ സഖാഫി
ചെറുശോല - സുന്നത്ത് മാസിക 2017- സെപ്തംബർ


നോക്കി എഴുത്ത്
അസ്ലം പരപ്പനങ്ങാടി


കള്ളും പെണ്ണും! സ്വർഗത്തിൽ കള്ളും പെണ്ണും!


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

ط



സ്വർഗത്തിൽ കള്ളും പെണ്ണും!
Muhammad Sajeer Bukhari / 4 years ago




shoukthali shoukthali യുടെ കമന്റ്
കളളും പെണ്ണൂം പുഴയും പറഞ് സ്വർഗ്ഗത്തിലേക്കാനയിക്കുന്നത് വിഡ്ഢിത്തമല്ലെ എന്ന് വിമർശകർ. ഇന്നലെ പെരുന്നാൾ കൊള്ളാൻ വന്ന സ്നേഹിതൻ വീണ്ടും വിമർശിച്ച് അലമ്പുണ്ടാക്കി.

#പ്രതികരണം:

സ്വർഗത്തിൽ കള്ളും പെണ്ണും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് മതം മാറ്റുകയാണ് മുസ് ലിംകൾ ചെയ്യുന്നത് എന്ന ആരോപണത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. തീർത്തും അധ്യാത്മിക ശൂന്യമായ ഒരിടമാണ് മുസ്ലിം സ്വർഗം എന്നു പ്രചരിപ്പിക്കുന്നതിന് പലപ്പോഴും ഖുർആനിക സൂക്തങ്ങൾ വരെ ദുരുപയോഗം ചെയ്യുന്നു. തികഞ്ഞ അജ്ഞതയിൽ നിന്നുടലെടുക്കന്നതാണീ വാദഗതികൾ.

ഒരു ഹദീസിൽ സ്വർഗീയ അനുഗ്രഹങ്ങളെ കുറിച്ച് നൽകുന്ന വർണനയിങ്ങനെ: "മോഹിക്കുന്നതെന്തും ലഭിക്കുന്നു. ഒരു കണ്ണും ഒരു നാളും കണ്ടിട്ടില്ലാത്തത്, ഒരു കാതും ഒരു നാളും കേട്ടിട്ടില്ലാത്തത്, ഒരാളുടെയും ഭാവനയിൽ ഒരിക്കൽ പോലും വിരിഞ്ഞിട്ടില്ലാത്തത്". തീർത്തും നമ്മുടെ സങ്കല്പങ്ങൾക്കതീതമായത്ര ഉത്കൃഷ്ടമാണ് സ്വർഗമെന്നാണ് മതപാഠം. എന്നാൽ, നമ്മുടെ പരിമിതികളെ അറിയാവുന്ന സൃഷ്ടികർത്താവ് ലൗകിക പ്രപഞ്ചത്തിന്റെ ഭാഷയിലാണ് പാരലൗകിക ജീവിതത്തെ വർണിച്ചു തന്നത്. ഇത് പ്രഥമമായി നാം അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്.

മറ്റൊന്ന്. ഇഹലോകമാണ് കർമരംഗം. ഇവിടെ വിതച്ചത് അവിടെ കൊയ്യും. അഥവാ, പരലോകത്ത് നിയമ ശാസനകളില്ല, രക്ഷ ശിക്ഷകളാണുള്ളത്. നിഷിദ്ധവും നിർബന്ധവും ഈ ലോകത്താണ്. നരകത്തിൽ ശിക്ഷയല്ലാത്തതൊന്നുമില്ല. സ്വർഗത്തിലാവട്ടെ രക്ഷയും അനുഗ്രഹവും നൻമയുമല്ലാത്തതൊന്നുമില്ല. ആശിക്കുന്ന നൻമകളെല്ലാം കിട്ടുന്ന ഇടമാണ് സ്വർഗം.

ഇനി സ്വർഗത്തിൽ ലഭിക്കുന്ന കള്ളും പെണ്ണും എന്താണെന്ന് പറയാം. പ്രഥമമായി അതു ഇഹലോകത്തു  പരിചയമുള്ളതിനേക്കാൾ ഉത്കൃഷ്ടമായ ഒന്നാണ്. രണ്ടാമത്തേത്‌, രക്ഷയും അനുഗ്രഹവും നൻമയും ആണത്.

സ്വർഗത്തിൽ വ്യത്യസ്ത പാനീയങ്ങളുണ്ട് എന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്. വെള്ളം, തേൻ, പാൽ, ഖംറ്, സൻജബീൽ മിശ്രിതം, കാഫൂർ മിശ്രിതം, തസ്നീം, സൽസബീൽ എന്നിവ ഖുർആൻ പേരെടുത്തു പറഞ്ഞവയാണ്.  വെള്ളം, തേൻ, പാൽ എന്നിവ വിശദീകരണമില്ലാതെ നമുക്കറിയാം. സ്വർഗത്തിലെല്ലായിടത്തും ഒഴുകുന്ന ഒരു നദിയാണ് സൽസബീൽ. അർശ് എന്ന വിശുദ്ധ സിംഹാസനത്തിന്റെ പാർശ്വത്തിലാണ് തസ്നീം എന്ന അരുവിയുള്ളത്. കാഫൂർ,  സൻജബീൽ എന്നത് യഥാക്രമം കർപ്പൂരം, ഇഞ്ചി എന്നാണ് അർഥമാക്കുന്നത്. കർപ്പൂരവും ഇഞ്ചിനീരും മിശ്രിതമായ പാനീയം ലഭിക്കുന്ന നീരുറവകളാണ് അതെന്ന് ഖുർആൻ പറയുന്നു (അൽഇൻസാൻ 5,18). കർപ്പൂര മിശ്രിതം ചേർത്ത് സാധാരണ നാം കുടിക്കാറില്ലെങ്കിലും ഇഞ്ചിയും കർപ്പൂരവും ഔഷധ ഗുണങ്ങളുള്ളവയാണ് എന്ന് നമുക്കറിയാം. ഇപ്പറഞ്ഞവയെല്ലാം ഇഹലോകത്ത് പരിചയിച്ചതിൽ നിന്ന് ഭിന്നമായ ഉത്കൃഷ്ട ഗുണങ്ങളുള്ളവയാണ്. അനേകം ഹദീസുകളിൽ അവ വർണിക്കപ്പെട്ടിട്ടുണ്ട്.

ഇനി, ഖംറ്. കള്ള് എന്ന് ഭാഷാന്തരം ചെയ്യാറുള്ളത് ഈ പദമാണ്. ആവരണം, മറ എന്നൊക്കെയാണ് ഈ പദത്തിന്റെ അർഥം. ഇലകൾ തിങ്ങിനിറഞ്ഞു ശിഖരങ്ങൾ കാണാതെയാവുന്നതിനും മലയോ മരമോ മറഞ്ഞു നിൽക്കുന്നതിനാൽ ആളെയോ വീടിനെയോ കാണാതിരിക്കുന്നതിനെയും ഖമിറ (മറഞ്ഞു) എന്ന പദമുപയോഗിച്ചാണ് അറബി ഭാഷയിൽ വ്യവഹരിക്കാറുള്ളത്. കള്ള് എന്നത് ഖംറിന്റെ ആക്ഷരികാർഥമല്ല, ആലങ്കാരിക പ്രയോഗമാണ്. മദ്യപാനിയുടെ ബോധത്തിനു മീതെ ലഹരി ആവരണമായി പുതയുന്നതു കൊണ്ടാണ് കള്ളിന് ഖംറ് (ആവരണം) എന്ന് ഉപയോഗം ഉണ്ടായത്.

നമുക്ക് പരിചിതമായ കള്ള് കുടിച്ചാൽ മത്ത് കെട്ട് ലെക്കും ലഗാനുമില്ലാതെ മദോൻമത്തനായി വല്ല ഓടയിലും കിടന്നു പുലഭ്യം പറയുന്ന കാഴ്ച സാധാരണമാണ്. എന്നാൽ സ്വർഗത്തിലെ ഖംറ് അത്തരത്തിലുള്ള ഒരു ദുർഗുണവും ഇല്ലാത്തതാണ്. അതു കുടിച്ചാൽ "അസഭ്യമോ ആക്ഷേപഹാസ്യങ്ങളോ ഉണ്ടാകില്ല" (ഖു. 52/23), "ആസ്വാദ്യകരവും വെളുത്തതുമായ പാനീയം. യാതൊരു ദൂഷ്യവും അതിനില്ല; അവര്‍ക്ക് ലഹരി ബാധിക്കുന്നതുമല്ല" (ഖു. 37/46,47), "അത് പാനം ചെയ്യുക വഴി തലവേദനയോ ലഹരിബാധയോ അവര്‍ക്കുണ്ടാവില്ല" (ഖു. 56/19) "ശാന്തി, സമാധാനം എന്നതല്ലാതെ, നിരര്‍ത്ഥക വാക്കുകളോ അധിക്ഷേപങ്ങളോ അവര്‍ക്കവിടെ കേള്‍ക്കാനാവില്ല"  (ഖു. 56/25,26). സ്വർഗത്തിലെ ഖംറിന്റെ വിശേഷങ്ങളിൽ ചിലതാണിത്.

എന്നാൽ ഐഹിക ലോകത്തെ കള്ള് പാനം ചെയ്യുന്നത് നബി സ്വ. കർശനമായ ഭാഷയിൽ നിരോധിച്ചിട്ടുണ്ട്. അതിന്റെ ദൂഷ്യഫലങ്ങളെ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. നബി സ്വ. പറഞ്ഞു: "മദ്യം നീചവൃത്തികളുടെ മാതാവും വന്‍പാപവുമാണ്. വല്ലവനും അത് കുടിച്ചാല്‍ അവന്റെ മാതാവിന്റേയും പിതൃസഹോദരിയുടേയും മാതൃസഹോദരിയുടേയും മേല്‍ അവന്‍ വീണെന്നിരിക്കും" (ത്വബ്റാനി). മറ്റൊരിക്കൽ അവിടുന്ന് അരുളിയതിങ്ങനെ:  "നിങ്ങള്‍ മദ്യം വെടിയുക. കാരണം അത് എല്ലാ തിന്മകളുടേയും താക്കോലാകുന്നു, തീര്‍ച്ച.'' (ഇബ്നുമാജ). മദ്യപാനം ശിക്ഷാർഹമാണെന്ന് അധ്യയനം ചെയ്യുന്ന പരശ്ശതം ഹദീസുകൾ വായിക്കാൻ കഴിയും. ഇതും സ്വർഗത്തിലെ ഖംറും വാസ്തവത്തിൽ പരസ്പര വിരുദ്ധമാണ്. അതു കൊണ്ടാണ് മദ്യപാനം ഉപേക്ഷിക്കുന്നവർക്ക് സ്വർഗത്തിലെ ഖംറ് വാഗ്ദാനം ചെയ്യപ്പെട്ടതു തന്നെ. "വല്ലവനും ദുന്‍യാവില്‍ കള്ള് കുടിച്ച് അതില്‍നിന്ന് തൌബഃ ചെയ്തിട്ടില്ലായെങ്കില്‍ ആഖിറത്തില്‍ അയാള്‍ക്ക് അത് നിഷേധിക്കപ്പെടും; അത് കുടിപ്പിക്കപ്പെടുകയില്ല.'' (ബുഖാരി).

ആനുഷംഗികമായി ഒരു കാര്യം കൂടി. അനേകം രാഷ്ട്രങ്ങൾ സമ്പൂർണ മദ്യനിരോധനം നടപ്പിൽ വരുത്തുവാൻ നിയമനടപടികൾ സ്വീകരിച്ചിരുന്നെങ്കിലും ഫലപ്രാപ്തിയിലെത്താതെ പിൻവാങ്ങുകയാണ് ചെയ്തതെന്ന് കാണിക്കുന്ന അനേകം വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ലഭ്യമാണ്. 1920 കളിൽ സമ്പൂർണ മദ്യനിരോധനം നപ്പിലാക്കുന്നതിന് National Prohibition Act  പാസാക്കിയ അമേരിക്ക ആവശ്യമായ ഭരണഘടനാ ഭേദഗതികൾ വരെ വരുത്തിയിരുന്നതാണ്. സര്‍ക്കാര്‍ ഉത്തരവു വിജയിപ്പിക്കാൻ പോലീസ് നിരത്തിലിറങ്ങി. മദ്യപിക്കുന്നവരെയും മദ്യം വില്‍ക്കുന്നവരെയും അറസ്റ്റ് ചെയ്തു. നിയമം നടപ്പിലാക്കാന്‍ മില്യണ്‍ കണക്കിന് ഡോളറുകൾ ചെലവഴിച്ചു. പതിനായിരക്കണക്കിന് മദ്യപന്മാരെ കൊണ്ട് ജയിലുകള്‍ നിറഞ്ഞു. ആയിരങ്ങള്‍ നിയമപാലനത്തിന്റെ പേരില്‍ കൊല്ലപ്പെട്ടു. എന്നിട്ടും ജനങ്ങള്‍ കുടി നിര്‍ത്തിയില്ല. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം Repeal of Prohibition പാസാക്കി അമേരിക്കന്‍ ഭരണകൂടം മദ്യപാനികൾക്ക് മുന്നില്‍ മുട്ടുമടക്കി.

മനഃശാസ്ത്രപരമായ സമീപനത്തിലൂടെ സമ്പൂർണ മദ്യനിരോധനം നടപ്പിൽ വരുത്തുകയായിരുന്നു ഇസ്‌ലാം. ബോധവത്കരണം, മുന്നറിയിപ്പ്, താക്കീത്, വാഗ്ദാനം, പ്രായോഗിക ശിക്ഷാ നടപടികൾ തുടങ്ങി വിവിധങ്ങളായ മാർഗങ്ങൾ അവലംബിച്ചാണ് മുത്തുനബി സ്വ. ഇതു സാധ്യമാക്കിയത്. ഇസ്‌ലാം മാത്രമേ ഇക്കാര്യത്തിൽ വിജയിച്ചിട്ടുള്ളൂ.

ചുരുക്കത്തിൽ, സ്വർഗത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ഒരു വിശുദ്ധപാനീയമാണ് ഖംറ്.  സ്വർഗീയ വിശുദ്ധ ഭോജ്യങ്ങളിലൊന്ന്. അതിനെ കള്ള്, മദ്യം എന്നെല്ലാം മൊഴിമാറ്റം ചെയ്യുന്നത് നമ്മുടെ ഭാഷകളുടെ ദൗർബല്യമാണ്. അല്ലാതെ ഖംറിന്റെ ന്യൂനതയല്ല.

#സ്വർഗത്തിലെ_കള്ളും_പെണ്ണും (ഭാഗം-2)

സാത്വികനായ ഒരു വ്യക്തിയെ സങ്കൽപിക്കുക. അയാളുടെ പുത്രിമാർ അപ്സരസുകളെ വെല്ലുന്ന  സുന്ദരികളാണ്. നാട്ടിലെ ഏറ്റവും സത് സ്വഭാവികളായ ചെറുപ്പക്കാർക്ക് താനവരെ വിവാഹം ചെയ്തു കൊടുക്കും എന്ന് വാഗ്ദാനം ചെയ്താൽ അതു അവരെ മുന്നിൽ വെച്ച് വിലപേശുകയാണെന്ന് പറയാമോ? പറഞ്ഞാൽ തന്നെയും അതിന്റെ ഫലം നൻമയോ തിന്മയോ?!

സ്വർഗത്തിൽ ഹൂറുൽഐനുകളെ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. നയനാനന്ദം പകരുന്നത് എന്നാണാ പദത്തിനർഥം. സ്വർഗത്തിലുള്ളതെല്ലാം നല്ലതും സുന്ദരവുമാണ്. ചീത്തതും വികൃതവും അവിടെ ഇല്ലേയില്ല. സാങ്കേതികമായി  സത്യവിശ്വാസികൾക്ക് സ്വർഗത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ഇണകളാണ് ഹൂറുൽഐനുകൾ. ഇഹലോകത്ത് നാഥന്റെ കല്പനകളെ ശിരസാവഹിച്ചവർക്കു മാത്രമേ ഈ സ്വർഗീയ സുന്ദരികളെ വേൾക്കാനാവൂ. ചുരുക്കത്തിൽ, ഹൂറുൽഐനുകളെ മോഹിക്കുന്നവർ ഇസ്‌ലാമിക ജീവദർശനത്തെ പാലിച്ചവരായിരിക്കണം. ഇതു നൻമയുടെ വ്യാപനത്തിനു വേണ്ടിയുള്ള വിലപേശൽ തന്നെ!

മനുഷ്യ മനസിന്റെ ഘടന വ്യത്യസ്തമാണ്. ഓരോരുത്തരുടെയും താത്പര്യങ്ങളും അഭിരുചികളും ആഗ്രഹങ്ങളും വ്യത്യാസമുണ്ടാകും. ചിലർക്ക് പണം വേണം. വേറെ ചിലർക്ക് ആഡംഭര സുന്ദരമായ രമ്യഹർമങ്ങളാണ് വേണ്ടത്. നിത്യഹരിതമായ തോപ്പുകളിലുല്ലസിക്കുന്നതും ആറുകളിൽ ആറാടുന്നതുമാണ് മറ്റു ചിലരുടെ താത്പര്യം. മതിവരുവോളം കുടിച്ചു രസിച്ചു ഉൻമത്തരാവണം എന്നു ചിന്തിക്കുന്നവരും ഏറെയുണ്ട്. പലരുടെയും മനസിന്റെ ആകർഷണം സ്ത്രീ സൗന്ദര്യത്തിലേക്കാണ്. എല്ലാ ആസക്തികളെയും ഭോഗേച്ഛകളെയും അല്ലാഹുവിനു വേണ്ടി നിയന്ത്രിക്കുക. എങ്കിൽ എല്ലാം ആസ്വദിക്കാൻ അവസരം നൽകപ്പെടുന്ന സ്വർഗീയാരാമങ്ങളിൽ നിങ്ങൾക്കിടം കിട്ടും. ഹൂറുൽഐനുകളെ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നതിന്റെയും തത്വം ഇതു തന്നെ.

അതിനാൽ, സ്വർഗത്തിലേക്ക് വരൂ. അവിടെ മരണമേയില്ല, ശാശ്വത ജീവിതം. ദു:ഖമില്ല, ഉത്കണ്ഠയില്ല, ഭയമില്ല, ആഹ്ലാദം മാത്രം. ആരാമങ്ങളിൽ പാറിക്കളിച്ചും ആറുകളിൽ നീന്തിത്തുടിച്ചും അലംകൃത മഞ്ചങ്ങളിൽ ആടിരസിച്ചും ഉല്ലസിക്കാം. അതിനു അല്ലാഹുവിനെ അനുസരിച്ചു ജീവിക്കുക, ആത്മശാന്തി നേടുക. അല്ലാഹു വിളിക്കുന്നു:
"ഹേ! ആത്മശാന്തി നേടിയ ആത്മാവേ...!
തൃപ്തിപ്പെട്ടും തൃപ്തി നേടിയും
നിന്റെ രക്ഷിതാവിങ്കലേക്ക് മടങ്ങിക്കൊൾക!
അങ്ങനെ എന്റെ വിധേയരിൽ ഉൾപ്പെടൂ,
എന്റെ സ്വർഗീയാരാമത്തിലും പ്രവേശിച്ചു കൊള്ളൂ..." (ഖു. 89/27-30).

ഇസ്ലാം -കൊറോണ #വിശ്വാസിയും_ഭൗതികവാദിയും

#കൊറോണ
#വിശ്വാസിയും_ഭൗതികവാദിയും

ദൈവ വിശ്വാസ കേന്ദ്രങ്ങളെല്ലാം അടച്ചു പൂട്ടുന്നു.  ശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങളെല്ലാം തുറന്നിട്ടിരിക്കുന്നു. #ദൈവം_എവിടെ? എന്നു ചോദിക്കുന്നവരോട്:

സാംക്രമിക രോഗങ്ങൾ വന്നാലെന്തു ചെയ്യണം? രോഗിയെ ചികിത്സിക്കണമെന്നു പറയുന്നതോടൊപ്പം മറ്റുള്ളവർ സ്വീകരിക്കേണ്ട കരുതൽ നടപടികളായി ഇസ്‌ലാം മുന്നോട്ടുവെച്ചിട്ടുള്ള രണ്ടു നിർദ്ദേശങ്ങൾ ഉദ്ധരിക്കാം. ഒന്ന്: പ്ലേഗ് (അന്നുണ്ടായിരുന്ന സാംക്രമിക രോഗം അതായിരുന്നല്ലോ) ഒരിടത്തുണ്ടെന്നറിഞ്ഞാൽ നിങ്ങളങ്ങോട്ടു പോകരുത്. നിങ്ങളുള്ളയിടത്താണ് അതു വന്നതെങ്കിൽ പേടിച്ചോടി നിങ്ങളവിടം വിട്ടു പോകയുമരുത് (ബുഖാരി, മുസ്‌ലിം).

മറ്റൊന്ന്: സാംക്രമിക രോഗങ്ങൾ ഉള്ളവർ അതു മറ്റുള്ളവരിലേക്കു പടർത്തുന്ന വിധം  സമ്പർക്കം പുലർത്തരുത്  (ബുഖാരി, മുസ്‌ലിം).

രോഗം ഏതുമാവട്ടെ, അതിനെല്ലാം മരുന്നും അല്ലാഹു തന്നെ സൃഷ്ടിച്ചിട്ടിട്ടുണ്ടെന്നാണ് നബി തിരുമേനി സ്വ.യുടെ അധ്യാപനം. പുതിയ രോഗങ്ങൾ പ്രത്യക്ഷപ്പെട്ടാൽ അതിനും മരുന്നു കണ്ടെത്തണം. വെറുതെ മാനം നോക്കി നിന്നാൽ മേഘങ്ങൾ മരുന്നു വർഷിപ്പിച്ചു തരില്ല. പഠിക്കണം, നിരീക്ഷിക്കണം, പരീക്ഷിക്കണം.

ചുരുക്കത്തിൽ, ഇത്തരം സന്ദർഭങ്ങളിൽ ജനങ്ങൾ ഒരുമിച്ചു കൂടുന്നയിടങ്ങളിൽ - അതു തീർഥാടന കേന്ദ്രങ്ങളായിരുന്നാൽ പോലും നിയന്ത്രണമേർപ്പെടുത്തണം. മരുന്നുണ്ടാക്കാൻ പഠന മനനത്തിനു ശാസ്ത്രശാലകൾ തുറന്നിടണം. ഇതാണ് ശരീഅതിന്റെ നിലപാട്.

അല്ലാഹുവിന്റെ വിധിയെ കവച്ചു വെക്കുന്ന ഒന്നും ഇല്ലെന്നു ഉറച്ചു വിശ്വസിക്കുന്നവരാണ് മുസ്‌ലിംകൾ. അതിനാൽ, രോഗമാവട്ടെ അരോഗമാവട്ടെ, ജീവിതമോ മരണമോ ആകട്ടെ, ഉടയതമ്പുരാന്റെ ചൊല്പടിയല്ലാതെ ഒന്നും സംഭവിക്കുന്നില്ല. അവയത്രയും അവൻ കണക്കാക്കിയതാകട്ടെ, സന്തോഷത്തിലും സന്താപത്തിലും അവനെ അനുസരിക്കുന്നവരെയും ധിക്കരിക്കുന്നവരെയും വേർതിരിച്ചറിയിക്കാൻ തന്നെ. അതിനാൽ, അവന്റെ അടിമകളാണെന്ന വിധേയത്വവും പരമാധികാരിയായി അവനൊരാളുണ്ടെന്ന സനാഥത്വ ബോധവും ഉള്ളതിനാൽ മരുന്നും പ്രാർഥനയും വിശ്വാസിക്കുണ്ടാകും. ഫലം അനുകൂലമായിരുന്നാലും അല്ലെങ്കിലും പാരത്രിക ലോകത്തെ സന്തോഷത്തിനു അവർ മുൻഗണന നൽകും. ഏതു നിലയിലും അവർ ആത്മവിശ്വാസവും സന്തുഷ്ടിയും നിറഞ്ഞവരായിരിക്കും.

ശാസ്ത്രം മാത്രമാണ് ഒരേയൊരു വഴി എന്നു ചിന്തിക്കുന്ന വിഡ്ഢികളാകട്ടെ, തങ്ങളുടെ ആയുധം എത്ര നിഷ്ഫലമാണ് എന്നു തിരിച്ചറിയുന്നു. ശാസ്ത്രജ്ഞർ കിണഞ്ഞു ശ്രമിച്ചിട്ടും ശരിയായ ഔഷധം കണ്ടെത്താതിരിക്കുമ്പോൾ  "കൊലയാളിക്കൊറോണ'' എന്നു പ്രാകി കൈമലർത്തുന്നു. നിസ്സഹായതയുടെ നിരാശക്കുമ്പിളിൽ മുഖം താഴ്ത്തി വിലപിക്കുന്നു. എന്നും വിലപിക്കാനായി വിധിക്കപ്പെട്ട പാവങ്ങൾ!!

✍Muhammad Sajeer Bukhari

രോഗം_പകരില്ല_എന്ന_ഹദീസ് വിശദീകരിക്കാമോ? Shamil Abdulla

#രോഗം_പകരില്ല_എന്ന_ഹദീസ് വിശദീകരിക്കാമോ?
Shamil Abdulla

വിശുദ്ധ ഇസ്‌ലാമിനെയും മുത്തുനബി സ്വ.യെയും ചെറുതാക്കി കാണിക്കാൻ ഇപ്പോൾ കൊറോണക്കാലത്തും മുമ്പ് നിപ്പക്കാലത്തും സമാനമായ പല സാഹചര്യങ്ങളിലും വിരോധികൾ ദുർവ്യാഖ്യാനം ചെയ്ത ഹദീസാണ് ലാ അദ്'വാ എന്നത്. പകർച്ചവ്യാധികൾ വന്നതോടെ ഇസ്‌ലാം ആറാം നൂറ്റാണ്ടിലെ പഴഞ്ചൻപുരാണങ്ങളുടെ ഭാണ്ഡമാണെന്നു കൂടുതൽ വ്യക്തമാകുന്നുവെന്നാണ് ഇമ്മിണി ബല്യ ബുജീകളുടെ കണ്ടെത്തൽ. ഹദീസിന്റെ  അർഥം പറയുന്നതിനു മുമ്പ് ഒരു ഉപോദ്ഘാതം പറയാം.

ശുചിത്വ സംവിധാനങ്ങളെ നടപ്പു ശീലങ്ങളുടെ ഭാഗമാക്കുന്നതിൽ ഇസ്‌ലാമോളം സക്രിയമായി ഇടപെട്ട ഒരു ദർശനവും വേറെയില്ല. അല്ലാഹുവിങ്കൽ ഉന്നതമായ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സത്കർമങ്ങളായി പരിചയപ്പെടുത്തിയവയുടെ ലിസ്റ്റിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ് ശുചിത്വം. "വൃത്തിയാണ് മതവിശ്വാസത്തിന്റെ പാതി" എന്ന തിരുനബിവചനം മാത്രം ആലോചിച്ചു നോക്കൂ.

ഒരുദാഹരണം മാത്രം പറയാം; നിസ്കാരം. വിശ്വാസിയെയും അവിശ്വാസിയെയും വ്യവഛേദിക്കുന്ന ഏറ്റവും സുപ്രധാനമായ സംഗതിയാണ് അഞ്ചു നേരത്തെ നിസ്കാരങ്ങൾ. പുലർന്നെണീറ്റതു മുതൽ അന്തിമയങ്ങുന്നതു വരെയുള്ള നമ്മുടെ ആക്ടീവ് ടൈം സ്പാനിലാണ്  ഇത് ക്രമീകരിച്ചിരിക്കുന്നത്. കുളിച്ചും അംഗസ്നാനം ചെയ്തിട്ടുമല്ലാതെ നിസ്കാരം അനുവദനീയമല്ല. അംഗസ്നാനം മുമ്മൂന്ന് തവണ നിർവഹിക്കണം. എല്ലാ അർഥത്തിലും മാലിന്യമുക്തമായ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ. ഓരോ നിസ്കാരത്തിനും മുമ്പ് ദന്തശുചീകരണം നടത്തണം. ശരീരവും വസ്ത്രവും നിസ്കരിക്കുന്ന സ്ഥലവും ഉൾപ്പടെ എല്ലാം പൂർണമായും മാലിന്യമുക്തമാകണം - ഇല്ലെങ്കിൽ നിസ്കാരം സ്വീകാര്യമല്ല തന്നെ. ഇപ്രകാരം ദിവസവും അഞ്ചു തവണ രോഗമുള്ളപ്പോഴും അല്ലാത്തപ്പോഴും ശരിയായ വിശ്വാസി ശുചീകരണം നടത്തുന്നു.

ഇനി, പകർച്ചവ്യാധികളിലേക്കു വരാം. ഇതു സംബന്ധിച്ച ക്വാറന്റയ്ൻ നടപടികളുടെ ഭാഗമായി നബിതിരുമേനി സ്വ. നിർദ്ദേശിച്ചിട്ടുള്ള ഗമനാഗമനവിലക്കും ഐസൊലേഷൻ നടപടിയും #കൊറോണ #വിശ്വാസിയും_ഭൗതികവാദിയും എന്ന പോസ്റ്റിൽ ഉദ്ധരിച്ചിട്ടുണ്ട്. ഒന്ന്: പ്ലേഗ് - അന്നുണ്ടായിരുന്ന സാംക്രമിക രോഗം അതായിരുന്നല്ലോ - ഒരിടത്തുണ്ടെന്നറിഞ്ഞാൽ നിങ്ങളങ്ങോട്ടു പോകരുത്. നിങ്ങളുള്ളയിടത്താണ് അതു വന്നതെങ്കിൽ പേടിച്ചോടി നിങ്ങളവിടം വിട്ടു പോകയുമരുത് (ബുഖാരി, മുസ്‌ലിം). രണ്ട്: സാംക്രമിക രോഗങ്ങൾ ഉള്ളവർ അതു മറ്റുള്ളവരിലേക്കു പടർത്തുന്ന വിധം സമ്പർക്കം പുലർത്തരുത്  (ബുഖാരി, മുസ്‌ലിം).

ഏതു രോഗത്തിനും മരുന്നുണ്ടെന്നും പഠിച്ചു കണ്ടെത്തേണ്ട ഉത്തരവാദിത്തം അറിവാളരുടേതാണെന്നും  ഇസ്‌ലാം പഠിപ്പിച്ചു. തിരുമേനി സ്വ. നിർദ്ദേശിച്ച ക്വാറന്റയ്ൻ നടപടികളല്ലാതെ മറ്റൊരു പ്രതിരോധ മാർഗവും കൊവിഡ് -19ന്റെ കാര്യത്തിൽ ഇതുവരെയും ഇല്ലെന്നതും ഓർമിക്കണം. ഇത്തരം ഭയാനകമായ രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യങ്ങളിൽ ജുമുഅ, ജമാഅതുകൾക്കടക്കം നിയന്ത്രണമാകാമെന്നു കർമശാസ്ത്ര വിശാരദർ രേഖപ്പെടുത്തിയതും ഈ ഹദീസിന്റെ വെളിച്ചത്തിലാണ്.

അല്ലാഹുവിന്റെ വിധി കൊണ്ടല്ലാതെ സുഖമോ അസുഖമോ ഉണ്ടാവുന്നില്ലെന്നാണ് ഇസ്‌ലാമിക വിശ്വാസം: ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് - ചേതനവും അചേതനവുമായ സകലതിന്റെയും ചലന നിശ്ചലനങ്ങളോ പ്രവർത്തനശേഷിയോ ഒന്നും അവന്റെ അധികാരമോ നിയന്ത്രണമോ കൂടാതെ സംഭവിക്കുന്നില്ല. സ്വഭാവികമായും ആ വിശ്വാസത്തിന്റെ ഭാഗമാണ്, ഒരു രോഗാണുവിനും സ്വന്തമായി പടർന്നു പിടിക്കാനും വിപത്തു പരത്താനും സാധിക്കുകയില്ലെന്നത്. അതു അല്ലാഹുവിന്റെ നിശ്ചയമാണ്. അതിനാൽ ഏതു സാഹചര്യത്തിലും അവന്റെ ശാസനകൾ ശിരസ്സാവഹിച്ച് പുതിയ രോഗങ്ങൾക്കുള്ള ഔഷധങ്ങൾക്കായി ഗവേഷണങ്ങൾ നടത്തിയും ക്വാറന്റയ്ൻ നടപടികളോടു സഹകരിച്ചും മതപാഠങ്ങളെ അനുസരിക്കുക. അവനിൽ പ്രതീക്ഷയർപ്പിക്കുകയും പ്രാർഥനാ നിരതരാവുകയും ചെയ്യുക. അവൻ രോഗാണുവിന്റെയും പ്രതിരോധാണുവിന്റെയും അധികാരിയാകുന്നു!!

രക്ഷപ്പെടുത്താൻ ഒരാളുണ്ടെന്ന സനാഥത്വ ബോധമില്ലാത്തവനാകട്ടെ, രോഗ പ്രതിരോധത്തിനായുള്ള ഇമ്മാതിരി ശാസനകളെ അനുസരിക്കാൻ കൂട്ടാക്കാതെ പേടിച്ചോടുന്നു. രോഗാണു വന്നാൽ പടരാതിരിക്കില്ല എന്നാണവൻ കരുതുന്നത്. ഇസ്‌ലാം പൂർവകാലത്ത് - ജാഹിലിയ്യാ കാലത്ത് ഇതായിരുന്നു ജനങ്ങളുടെ ധാരണ. രോഗം പടർന്നു പിടിച്ച സ്ഥലത്തു നിന്നു ക്വാറന്റയ്ൻ നടപടികളെ  അനുസരിക്കാതെ ആളുകൾ കൂട്ടത്തോടെ മാറിത്താമസിക്കാൻ ഒരുമ്പെട്ടാൽ അതു ഗുരുതരമായ ആരോഗ്യ, സാമൂഹിക, രാഷ്ട്രീയ, നയതന്ത്ര പ്രശ്നങ്ങൾക്കു വഴിവെക്കും. ഉദാഹരണത്തിനു കേരളത്തിൽ രോഗം റിപ്പോർട്ട് ചെയ്തപ്പോൾ കേരളക്കാരെല്ലാം നാടുവിട്ടോടിപ്പോയിരുന്നാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അതു സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളും ആരോഗ്യ പ്രശ്നങ്ങളും വളരെ വലുതും അതിവിദൂരവുമായിരിക്കും. അതിനാൽ, കൃത്യമായ വസ്തുതകൾ ജനങ്ങളെ അറിയിക്കുകയും  ആത്മവിശ്വാസം പകരുകയും ചെയ്യേണ്ട രംഗമാണിത്. നബിതിരുമേനി സ്വ. ഓർമപ്പെടുത്തി: ലാ അദ്'വാ.... രോഗം സ്വന്തമായി പടർന്നു പിടിക്കില്ല.

ഈ ഹദീസിലെ "ലാ..." എന്ന പദം ഇംഗ്ലീഷിലെ NO എന്നതിനു സമാനമായ പദമാണ്. ഇവിടെ അതു നിഷേധാർഥത്തിലാണോ നിരോധനാർഥത്തിലാണോ പ്രയോഗിച്ചത് എന്ന കാര്യത്തിൽ പണ്ഡിത ലോകത്ത് രണ്ടു നിലപാടുകളുണ്ട്. നിഷേധാർഥത്തിലാണെന്ന നിലപാടിലാണ് "ലാ അദ്'വാ"ക്ക് "രോഗം സ്വന്തമായി പടർന്നു പിടിക്കില്ല" എന്നർഥം പറഞ്ഞത്. അതേ സമയം, നിരോധനാർഥത്തിലാണെങ്കിൽ "സാംക്രമിക രോഗങ്ങൾ  മറ്റുള്ളവരിലേക്കു പടർത്തരുത്" എന്നാകും അർഥം. ആദ്യത്തേത് വസ്തുതാ കഥനത്തിലൂടെ വിശ്വാസമുറപ്പിക്കലും രണ്ടാമത്തേത് ക്വാറന്റയ്ൻ നടപടിക്കുള്ള ആഹ്വാനവുമാണ്. രണ്ടായാലും ഇസ്‌ലാമിനും വിശ്വാസിക്കും ഈ പ്രസ്താവന അഭിമാനമാണ്.
✍ Muhammad Sajeer Bukhari

Thursday, March 19, 2020

കൊറോണ 'പാൻഡമിക്_കാലത്തെ_മുസ്‌ലിം_ജീവിതം

#പാൻഡമിക്_കാലത്തെ_മുസ്‌ലിം_ജീവിതം

കൊറോണ വൈറസ് ലോകവ്യാപകമായി പടർന്നു പിടിക്കുകയാണ്. ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 189 പേർ മരിച്ചിരിക്കുന്നു. ഇറാനിൽ ഇന്നലെ വരെ 11364 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധിക്കാൻ മാർഗങ്ങളില്ലാതെ ഉത്തര കൊറിയ രോഗിയെ വെടിവെച്ചുകൊന്നു! ബൾഗേറിയയിൽ ഏപ്രിൽ 13 വരെ ദേശീയ അടിയന്തിരാവസ്ഥ. പൊതുജന സമ്പർക്കം പരമാവധി ഒഴിവാക്കാൻ എല്ലാ ഭരണകൂടങ്ങളും നിയമപരമായ മുന്നറിയിപ്പ് നൽകുന്നു. കല്യാണങ്ങൾ, ഉത്സവങ്ങൾ, സമ്മേളനങ്ങൾ എല്ലാം മാറ്റി വെച്ചു. വിദേശികൾക്കു ഉംറ തീർഥാടനത്തിനു നിയന്ത്രണം വന്നു. പ്രതിദിനം ജമാഅതു നിസ്കാരങ്ങൾക്കും പ്രതിവാര ജുമുഅക്കും പലയിടത്തും വിഘ്നം നേരിടുന്നു. ഇത്തരം സന്ദർഭങ്ങളിൽ എന്തു ചെയ്യണമെന്നാണ് മതവിശ്വാസത്തിന്റെ താത്പര്യം? ഇസ്‌ലാമിക കർമശാസ്ത്രവും സ്വഭാവശാസ്ത്രവും  ഇത്തരമൊരു ഘട്ടത്തെ എങ്ങനെ സമീപിക്കുന്നു?

കർമശാസ്ത്രപരമായ ചില പ്രശ്നങ്ങളെ സമീപിക്കുന്നേടത്ത് നിദാനശാസ്ത്രം മുന്നോട്ടു വെക്കുന്ന ഒരു മൗലിക തത്വമാണ് درء المفاسد مقدم على جلب المصالح : "ആപത്തുകളെ പ്രതിരോധിക്കുന്നതിനു സ്വസ്തി നേടുന്നതിനേക്കാൾ മുൻഗണന നൽകണം" എന്നത്. സമാനാർഥമുള്ള മറ്റൊരു തത്വത്തിൽ يُتحمل الضرر الخاص لدفع الضرر العام : "വ്യാപകമായ നാശനഷ്ടങ്ങളെ തടയുന്നതിനു പ്രത്യേകമായ ചില നഷ്ടങ്ങൾ സഹിക്കാവുന്നതാണ്" എന്നും പറയുന്നുണ്ട്. ഈ മൗലികതത്വങ്ങളിൽ ഊന്നിനിന്നു ഇസ്‌ലാമിക ശരീഅത് താഴെ ചേർത്തിട്ടുള്ള നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുന്നു.

#ഒന്ന്. #ചികിത്സ_തേടുക
രോഗത്തിനു ചികിത്സ തേടണമെന്നതു മതശാസനയാണ്. സ്വശരീരത്തെ പീഡിപ്പിക്കുവാനോ നശിപ്പിക്കുവാനോ ഇസ്‌ലാം അനുവദിച്ചിട്ടില്ല. കുറ്റകൃത്യമാണ്.

#രണ്ട്. #നിർദ്ദേശങ്ങൾ_പാലിക്കുക
ക്വാറന്റയ്നു വിധേയമാകുന്നത് ഉൾപ്പടെ വൈറസ് വ്യാപനം തടയുന്നതിനു ഭരണാധികാരികൾ പുറപ്പെടുവിക്കുന്ന എല്ലാ നിർദ്ദേശങ്ങളും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും പൂർണ്ണമായും പാലിക്കേണ്ടതാണ്.

#മൂന്ന് #ശുചിത്വം_പാലിക്കുക
ദേഹം, വസ്ത്രം, പാർപ്പിടം, വാഹനം തുടങ്ങി എല്ലായിടങ്ങളും പൂർണമായും മാലിന്യമുക്തമാക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.

#നാല് #വീട്ടിൽ_നിസ്കരിക്കുക
ഭീതിദമോ മാരകമോ അസഹ്യമോ ആയ രോഗങ്ങൾ ഉള്ളവർക്കു സംഘടിതമായി നടക്കുന്ന ജുമുഅ, ജമാഅതുകൾക്കും പെരുന്നാൾ നിസ്കാരങ്ങൾക്കും പങ്കെടുക്കുന്നതിൽ ആനുകൂല്യമുണ്ടെന്നു മതത്തിൽ പരക്കെ അറിയപ്പെട്ടതാണ്. ഇത്തരം സന്ദർഭങ്ങളിൽ രോഗവ്യാപനം ഭയപ്പെടുന്നുവെങ്കിൽ ഈ ആനുകൂല്യത്തെ നിർബന്ധ ബുദ്ധ്യാ പാലിക്കണം. ജുമുഅയിൽ പങ്കെടുക്കാൻ സാധിക്കാത്തവർ പകരം ളുഹ്ർ നിസ്കരിക്കുക. ദിക്ർ - സ്വലാത് മജ്ലിസുകൾ, പഠന ക്ലാസുകൾ എന്നിവ താത്കാലികമായി നിർത്തിവെക്കുക.

#അഞ്ച് #യാത്രകൾക്കു_വിലക്ക്
സിയാറതു യാത്രകൾ, ബിസിനസ് യാത്രകൾ, അത്യന്താപേക്ഷിതമല്ലാത്ത മറ്റു യാത്രകൾ എന്നിവയിൽ നിന്നു പിൻമാറുക.

#ആറ് #ഉംറ_തീർഥാടനങ്ങൾക്കു_നിയന്ത്രണം
മക്കയിൽ കൊറോണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അങ്ങോട്ടു തീർഥാടനത്തിനു വരുന്നയിടങ്ങളിൽ പലയിടത്തും രോഗം വ്യാപിച്ചിരിക്കുന്നു. ഉംറ കഴിഞ്ഞെത്തിയയാളാണ് ഇന്ത്യയിൽ ആദ്യം മരിച്ചത്. അതിനാൽ ഗമനാഗമന വിലക്ക് ഉംറ തീർഥാടനങ്ങൾക്കു കൂടി ബാധകമാണ്.

#ഏഴ് #ഭീതി_പരത്തരുത്
അഭ്യൂഹങ്ങളും കിംവദന്തികളും പരത്താതിരിക്കുക. ഏതു സന്ദർഭത്തിലും അതു കുറ്റകരമാണ്. ഔദ്യോഗികമായ വാർത്തകളും സത്യസന്ധമായ റിപ്പോർട്ടുകളും മാത്രം  ഷെയർ ചെയ്യുക.

#എട്ട് #സഹായഹസ്തം_നീട്ടുക
രോഗികൾ, രോഗമുണ്ടെന്നു സംശയമുള്ളവർ, യാത്രാ തടസ്സം നേരിട്ടു വഴിയിൽ കുടുങ്ങിയവർ, ക്വാറന്റയ്നു വിധേയമായി പൊതുജന സമ്പർക്കം വിലക്കപ്പെട്ടവർ, ജോലി നഷ്ടപ്പെട്ടവർ തുടങ്ങി ആവശ്യക്കാർക്കു സാമ്പത്തികമോ ശാരീരികമോ ആയ സഹായങ്ങൾ, ആത്മവിശ്വാസം പകരുന്ന മനഃശാസ്ത്ര കൗൺസിലിംഗ്, ബോധവത്കരണം എന്നിവ നൽകി കൂടെ നിൽക്കുക.

#ഒമ്പത് #പ്രാർഥിക്കുക
ഏതു പ്രതിസന്ധികളിലും അല്ലാഹുവിലഭയം തേടുക. സത്കർമങ്ങളെയും സത്'വൃത്തികളെയും മുൻനിർത്തി പ്രാർഥിക്കുക. സുന്നതു നിസ്കാരങ്ങൾ, ഇസ്തിഗ്ഫാർ, ഹംദ്, ഖുർആനോത്ത്, സ്വലാത്, ദിക്റുകൾ, നബികീർത്തനങ്ങൾ എന്നിവ വർധിപ്പിക്കുക.
✍ Muhammad Sajeer Bukhari

_പ്രവചനം: #അവരെന്തു_കൊണ്ടു_പ്രവാചകൻമാരല്ല?

#കൊറോണ_പ്രവചനം:
#അവരെന്തു_കൊണ്ടു_പ്രവാചകൻമാരല്ല?

കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി വാട്സപ്പിലൂടെ അനേകം സഹോദരങ്ങൾ എഴുതിയുന്നയിച്ച ചോദ്യമാണിത്. 2020ൽ കൊറോണ വരുമെന്നു പല നോവലിസ്റ്റുകളും പ്രവചിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അവരൊന്നും എന്തുകൊണ്ടു നബിമാരല്ല?!

വിഷയത്തിലേക്കു വരുന്നതിനു മുമ്പ് ചോദ്യത്തിന്നാധാരമായ 'പ്രവചനങ്ങൾ'(?) ഉദ്ധരിക്കാം.

അമേരിക്കൻ എഴുത്തുകാരി സിൽവിയ ബ്രൗൺ ആണ് കൊറോണ എന്ന അസുഖത്തിന്റെ  വരവ് പ്രവചിച്ചിരുന്ന ഒരാൾ. ഒരു സ്വയം പ്രഖ്യാപിത സൈക്കിക്ക് സിൽവിയ ബ്രൗൺ. 2008 ൽ എഴുതിയ End of Days: Predictions and Prophecies about the End of the World എന്ന പുസ്തകത്തിലാണ് കൊറോണയെ സൂചിപ്പിക്കുന്ന വാക്കുകൾ ഉള്ളത്.

"In around 2020 a severe pneumonia-like illness will spread throughout the globe, attacking the lungs and bronchial tubes resisting all known treatments. Almost more baffling than the illness itself will be the fact that it will suddenly vanish as quickly as it arrives, attack again ten years later and then disappear completely."

"2020നോടടുത്തു ന്യൂമോണിയ പോലെയുള്ള ഒരു മാരക രോഗം ലോകമെമ്പാടും വ്യാപിക്കുകയും ശ്വാസകോശങ്ങളെയും ശ്വാസകോശ നാളികളെയും ആക്രമിക്കുകയും അറിയപ്പെടുന്ന എല്ലാ ചികിത്സകളെയും പ്രതിരോധിക്കുകയും ചെയ്യും. അസുഖത്തേക്കാൾ ഏറെ അമ്പരപ്പിക്കുന്ന വസ്തുത മറ്റൊന്നാണ്: അത് വളരെ പെട്ടെന്ന് എത്തുന്ന പോലെ അതിശീഘ്രം അപ്രത്യക്ഷമാവുകയും ചെയ്യും, പത്ത് വർഷത്തിന് ശേഷം വീണ്ടും ആക്രമിക്കുകയും വീണ്ടും പൂർണ്ണമായും അപ്രത്യക്ഷമാവുകയും ചെയ്യും!!"

സോഷ്യൽ മീഡിയയിൽ ചർച്ചയായ മറ്റൊരു നോവൽ ഡീൻ കൂൻസിന്റെ  The eyes of darkness ആണ്. 1981 ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്.

ഈ കഥയിൽ, ദുഃഖിതയായ അമ്മ ക്രിസ്റ്റീന ഇവാൻസ്, തന്റെ മകൻ ഡാനി പട്ടാളത്തിന്റെ ക്യാമ്പിംഗിൽ മരിച്ചിട്ടുണ്ടോ അതോ സംശയാസ്പദമായ ചില സന്ദേശങ്ങൾ സൂചിപ്പിക്കുന്നത് പോലെ അവൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന് കണ്ടെത്താൻ ശ്രമിക്കുന്നു. ഒടുവിൽ, വുഹാനിലെ ഗവേഷണ കേന്ദ്രത്തിലുള്ള ഒരു സൈനിക കേന്ദ്രത്തിൽ അവനെ തടവിലാക്കിയതായി അവൾ കണ്ടെത്തുന്നു. പ്രസ്തുത കേന്ദ്രത്തിൽ ഗവേഷണത്തിലൂടെ സൃഷ്ടിച്ച മനുഷ്യനിർമിത സൂക്ഷ്മാണുക്കളാൽ അവനെ അപായപ്പെടുത്തിയിരിക്കുന്നുവെന്നു ആകസ്മികമായി അവൾ  മനസ്സിലാക്കുന്നു. പുസ്തകത്തിൽ നിന്നു വായിക്കാം:

“It was around that time that a Chinese scientist named Li Chen moved to the United States while carrying a floppy disk of data from China’s most important and dangerous new biological weapon of the past decade. They call it Wuhan-400 because it was developed in their RDNA laboratory just outside the city of Wuhan.”

“ഏതാണ്ട് ആ സമയത്താണ് ലി ചെൻ എന്ന ചൈനീസ് ശാസ്ത്രജ്ഞൻ അമേരിക്കയിലേക്ക് താമസം മാറ്റിയത്. കഴിഞ്ഞ ദശകത്തിൽ ചൈന ഉണ്ടാക്കിയ ഏറ്റവും പ്രധാനപ്പെട്ടതും അപകടകരവുമായ പുതിയ ജൈവായുധത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഫ്ളോപ്പി ഡിസ്കുമായാണ് അയാൾ പോയത്. വുഹാൻ നഗരത്തിന് പുറത്തുള്ള അവരുടെ ആർ‌ഡി‌എൻ‌എ ലബോറട്ടറിയിൽ വികസിപ്പിച്ചതിനാൽ ഇതിനെ വുഹാൻ -400 എന്നാണ് അവർ വിളിക്കുന്നത്. ”

ഇവിടെ, വുഹാൻ - 400 എന്ന കില്ലർ വൈറസിനെ കുറിച്ച്  പ്രതിപാദിച്ചിരിക്കുന്ന ഭാഗമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കൊറോണ വൈറസിന്റെ ഉത്ഭവ സ്ഥലമാണ് ചൈനയിലെ വുഹാൻ പ്രവശ്യ എന്നതു ചേർത്തു വായിക്കുക. അതിനാൽ, നോവലിൽ പറഞ്ഞിരിക്കുന്ന വുഹാൻ എന്ന വാക്ക് പ്രവചനമായിരിക്കാം എന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. എന്നാൽ,  ഈ സാങ്കൽപ്പിക നോവലിന് ഇതല്ലാതെ മറ്റു സാമ്യതകൾ ഒന്നും കൊറോണയുമായി ഇല്ല എന്നു പ്രത്യേകം ഓർമിക്കുക. വുഹാൻ 400 ചൈന നഗരാതിർത്തിക്ക് പുറത്ത് നിർമ്മിച്ച ബയോ വെപ്പൺ എന്ന രീതിയിലാണ് കഥ പുരോഗമിക്കുന്നത്.

പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനായ സ്റ്റീഫന്‍ കിംഗിന്റെ ‘ദി സ്റ്റാന്‍ഡ്’ എന്ന നോവലാണ് രോഗത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നതായി പറയപ്പെടുന്ന മറ്റൊരു പുസ്തകം. 16 വര്‍ഷം മുന്‍പാണ് ഈ നോവല്‍ പുറത്തിറങ്ങിയത്.

കൊറോണ വൈറസുമായി സാമ്യമുള്ള ക്യാപ്ടന്‍ ട്രിപ്പുകള്‍ എന്ന സൂപ്പര്‍ ഫ്‌ളൂ പൊട്ടിപ്പുറപ്പെടുന്നതിനെ ചുറ്റിപ്പറ്റിയാണ് നോവൽ. ക്യാപ്റ്റന്‍ ട്രിപ്പുകള്‍ എന്ന പകര്‍ച്ചവ്യാധിക്ക് കൊറോണ വൈറസുമായി പലരീതിയിലും സാമ്യതയുണ്ടത്രെ. ആഗോള ജനസംഖ്യയെ ബാധിക്കുന്ന ഈ വൈറസ് തുടക്കത്തില്‍ കുറഞ്ഞത് 3.3 ശതമാനം ആളുകളെയെങ്കിലും ഇല്ലാതാക്കുമെന്നു നോവല്‍ പറയുന്നു. കൊറോണ വൈറസ് പോലെ, ഇത് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നതിനാല്‍ ന്യൂമോണിയ അല്ലെങ്കില്‍ സീസണല്‍ ഇന്‍ഫ്‌ളുവന്‍സക്ക് സമാനമായ ലക്ഷണങ്ങളാണ് ആളുകളില്‍ ഉണ്ടാക്കുന്നത്. ലോകജനസംഖ്യയുടെ 99.4 ശതമാനം പേരെയും ഇല്ലാതാക്കുന്ന ഈ രോഗം സാധാരണക്കാരില്‍ വലിയ തോതില്‍ പരിഭ്രാന്തി ഉണ്ടാക്കും. പേരിടാത്ത, തിരിച്ചറിയപ്പെടാത്ത വൈറസിനെ ഇതില്‍ പ്രോജക്റ്റ് ബ്ലൂ എന്നും, പിന്നീട് ക്യാപ്റ്റന്‍ ട്രിപ്പുകള്‍ എന്നും എഴുത്തുകാരന്‍ വിളിക്കുന്നുണ്ട്.

പ്രവചനങ്ങൾ പ്രവാചകത്വത്തിന്റെ തെളിവാണെങ്കിൽ #ഇവരൊക്കെ_പ്രവാചകൻമാരാണോ?

പ്രവചനം നടത്തുന്നവരൊക്കെ പ്രവാചകൻമാർ അഥവാ, നബിമാരാണ് എന്ന് ആരു പറഞ്ഞു?! നുബുവ്വത്ത് എന്ന പദത്തിൽ നിന്നാണ് നബി എന്ന പദം ഉണ്ടായത്. ഭാഷാര്‍ഥത്തിൽ ‘വിവരമറിയിക്കല്‍’ എന്നോ ‘പ്രവചിക്കല്‍’ എന്നോ ആണ് നുബുവ്വതിന്റെ വിവക്ഷ. എന്നാല്‍ കേവലം ഈ അര്‍ഥപരിധിയില്‍ ഒതുങ്ങുന്നതല്ല സാങ്കേതികാർഥത്തിൽ പ്രവാചകത്വം. മനുഷ്യ പ്രയത്‌നത്താല്‍ നേടിയെടുക്കാനാവാത്ത തികച്ചും ഇലാഹീ ദാനമായിട്ടുള്ള അത്യുത്തമ പദവിയാണത്. അല്ലാഹു തന്റെ അതിമഹത്തായ അനുഗ്രഹത്താൽ അവനിച്ഛിച്ചവരെ നബിമാരായി നിയോഗിക്കുന്നു. ഈ അടിസ്ഥാനത്തില്‍ നബി എന്നാല്‍ ‘അല്ലാഹു തന്റെ സന്ദേശങ്ങള്‍ നല്‍കുന്നതിനായി തിരഞ്ഞെടുത്തവന്‍’ എന്നാണര്‍ഥം.

മാനവരാശിയുടെ ഐഹികവും പാരത്രികവുമായ സുസ്ഥിതിക്കും സമാധാനത്തിനും ആവശ്യമായ നടപ്പുശീലങ്ങൾ നിര്‍ദ്ദേശിക്കാനായാണ് അവൻ പ്രവാചകന്‍മാരെ നിയോഗിച്ചത്. വിശുദ്ധ ഖുർആൻ പറയുന്നു: ‘നിശ്ചയം, നാം നമ്മുടെ ദൂതന്‍മാരെ ദൃഷ്ടാന്തങ്ങളുമായി അയച്ചിരിക്കുന്നു. അവരോടൊപ്പം ഗ്രന്ഥവും ജീവിത വ്യവസ്ഥയും നാം അവതരിപ്പിച്ചിരിക്കുന്നു; ജനങ്ങള്‍ നീതിപൂര്‍വ്വം നിലനില്‍ക്കാനായിട്ട്' (ആശയം; അല്‍ ഹദീദ്: 25).

സത്യസന്ധത, വിശ്വസ്തത, ബുദ്ധികൂര്‍മ്മത, പ്രബോധനം ചെയ്യല്‍ തുടങ്ങിയ അനിവാര്യ ഗുണങ്ങളുണ്ടാവണം. കളവ്, വഞ്ചന, പൂഴ്ത്തിവെപ്പ് തുടങ്ങി ഒരു ദുര്‍ഗുണവും നബിമാരിൽ ഉണ്ടാവാന്‍ പാടില്ല. അതവരുടെ വ്യക്തിത്വത്തിന് ന്യൂനതയാണ്. നബിമാരുടെ ദൗത്യം മാര്‍ഗദര്‍ശനമാണ്. അതില്‍ വിജയിക്കാന്‍ സാധിക്കണമെങ്കില്‍ പാപസുരക്ഷയുള്ള പ്രായോഗികമായ മാതൃകാജീവിതം ആവശ്യമാണ്. ന്യൂനതയുള്ളവര്‍ മാതൃകായോഗ്യരല്ലല്ലൊ.

പ്രവാചകത്വത്തിന്റെ സത്യസന്ധതക്കു സാക്ഷ്യമായിട്ടാണ് മുഅ്ജിസത്തുകൾ അഥവാ അജയ്യമായ അത്ഭുതാനുഭവങ്ങൾ നൽകപ്പെട്ടിരുന്നത്. എല്ലാ നബിമാരും ഒരേ തരത്തിലുള്ള മുഅ്ജിസത്തുകളായിരുന്നില്ല കാണിച്ചത്. അതാതു കാലത്തെ ശ്രദ്ധേയമായ മേഖലയിലെ അസാധ്യതകളെന്നു വിശ്വസിക്കപ്പെട്ടിരുന്നവയെ അതിജയിക്കുന്ന അത്യല്‍ഭുതങ്ങളായിരുന്നു പ്രധാനമായും മുഅ്ജിസത്തുകള്‍. മുഹമ്മദ് നബി തിരുമേനി സ്വ.യുടെ ഏറ്റവും ശ്രദ്ധേയമായ മുഅ്ജിസത്ത് വിശുദ്ധ ഖുർആൻ തന്നെ.

ചന്ദ്രനെ പിളർത്തുക, വിരലിണകൾക്കിടയിൽ നിന്ന് വെള്ളം വരുക, തുച്ഛം അന്നം കൊണ്ടു ധാരാളം പേരെ ഊട്ടുക, മിണ്ടാപ്രാണികൾ മിണ്ടുക തുടങ്ങി പല സംഭവങ്ങൾക്കും അവിടുത്തെ സമകാലീനർ സാക്ഷിയായിട്ടുണ്ട്. അക്കൂട്ടത്തിൽ ഗണനീയമാണ് അവിടുന്നു നടത്തിയ പലവിധ പ്രവചനങ്ങൾ.

സിൽവിയ ബ്രൗണോ ഡീൻ കൂൻസോ സ്റ്റീഫൻ കിംഗോ പ്രവാചകൻമാരല്ലെന്നതിനു വിശ്വാസിയുടെ ഒന്നാം തെളിവ് മുഹമ്മദ് നബി സ്വ.യിലുള്ള വിശ്വാസമാണ്. അവിടുന്നു കേവലമൊരു നബിയാണെന്നല്ല, ഖാതമുന്നബിയ്യീൻ / അന്ത്യപ്രവാചകനാണെന്നാണ് ഇസ്‌ലാമിക വിശ്വാസം. അതിനെതിരെ വിശുദ്ധ ഖുർആൻ തന്നെ ഉദ്ധരിച്ചു വന്നാലും അംഗീകരിക്കപ്പെടുകയില്ല. അതുകൊണ്ടാണ് മീർസാ ഗുലാം അഹ്'മദിനെയും അയാളുടെ അനുയായികളെയും വിശ്വാസികളായി അംഗീകരിക്കാത്തത്. പിന്നെയല്ലേ, നോവലുകൾ എഴുന്നള്ളിക്കുന്നത്.

പ്രവാചകത്വത്തിന്റെയും അന്ത്യപ്രവാചകത്വത്തിന്റെയും വിശദമായ തെളിവുകൾ പറയാൻ ഈ കുറിപ്പ് അപര്യാപ്തമാണ്. താത്പര്യമുള്ളവർക്ക് ഐപിബി പുറത്തിറക്കിയ ഇസ്‌ലാം എന്ന റഫറൻസ് ഗ്രന്ഥം നിർദ്ദേശിക്കുന്നു.

എന്തു തന്നെയായാലും, #ഇവർ_പറഞ്ഞതു_പോലെ_സംഭവിച്ചുവല്ലോ, അതെങ്ങനെയെന്നാണ് വിശ്വാസി പറയുക?

അതിനെ സംബന്ധിച്ചൊരു തീർപ്പ് പറയേണ്ട ബാധ്യത വിശ്വാസികൾക്കില്ല തന്നെ. എന്നാലും, ആർക്കും മനസ്സിലാവുന്ന ഒരു കാര്യം പറയാം. ഇതു യാദൃശ്ചികതയാണ് - തീർത്തും അപ്രതീക്ഷിതമായി സംഭവിച്ചത്. നോവൽ എഴുതുന്ന കാലത്ത് തന്നെ മനുഷ്യാനുഭവ ചരിത്രത്തിലും ശാസ്ത്ര ബോധ്യത്തിലും ഉള്ള കാര്യങ്ങളുടെ അടിത്തറയിൽ നിന്ന് ഭാവനയിൽ കണ്ടതിനപ്പുറം അതിലൊന്നുമില്ല.

മുൻകൂട്ടി പറയുന്ന കാര്യങ്ങൾ വാസ്തവത്തിൽ പുലരുന്നുണ്ടെങ്കിൽ അതു കൃത്യമായ പ്രകൃതി നിയമങ്ങളെ അനുസരിക്കും. അറബിയിൽ അതിന്റെ പേര് ലുസൂമിയ്യ് എന്നാണ്. Premises / ആധേയങ്ങൾ ഉണ്ടായാൽ ഫലം തീർച്ച. 'മുകളിൽ നിന്നു എന്തിട്ടാലും നിലത്തു പതിക്കും' എന്ന പ്രസ്താവന ഉദാഹരണം. തീർച്ചയായും അതു താഴെ പതിക്കും. കാരണം, കൃത്യമായ പ്രകൃതി നിയമത്തിനു അനുസൃതമാണത്. ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ മെഡിസിൻ ഇൻസ്ട്രക്ടറായിരുന്ന ജൊനാതൻ ഡി ക്യുക്കിന്റെ നേതൃത്വത്തിൽ നടന്ന പഠനം പ്രവചിച്ചതായി പറയപ്പെടുന്നതു പോലെയുള്ളത് ഈ ഗണത്തിൽ ചേർത്തു വായിക്കണം.

എന്നാൽ, നിയതമായ ഏതെങ്കിലും തത്വമനുസരിച്ചല്ലാതെ, അപ്രതീക്ഷിതമായ സംഭവിക്കുന്നവ ഇത്തിഫാഖിയ്യ് ആണ്. യാദൃശ്ചികത എന്നർഥം. ചക്കയിട്ടപ്പോൾ മുയൽ കിട്ടിയ കഥ പോലെ. നബിമാരുടെ പ്രവചനവും അതിന്റെ ഫലവും തമ്മിലുള്ള ബന്ധം ലുസൂമിയ്യ് ആണ്; യാദൃശ്ചികതയല്ല. അവ ചിരപരിചിതമായ പ്രകൃതിനിയമങ്ങൾക്കെതിരാകാം. പക്ഷെ, അപ്പടി പുലരുന്നതാകണം പ്രവാചക വചനം എന്നതാണ് അതിന്റെ പ്രകൃതവും നിയമവും! അവർ ഒരു വിധേനയും കളവു പറയുന്നില്ല.

രസകരമായ വസ്തുത, ഈ പറയപ്പെട്ടവരാരും പ്രവാചകത്വം വാദിച്ചിട്ടില്ല എന്നതാണ്. അവർ കേവലം ഭാവനയിൽ നിന്നെഴുതിയ കല്പിത കഥകളിൽ ചില പരാമർശങ്ങൾ നടപ്പു ലോകത്തെ ചില സംഗതികളോടു ഒത്തു വന്നു എന്നതിൽ കവിഞ്ഞ് ഒന്നും ഉണ്ടായിട്ടില്ല. അവ സത്യമായി പുലരുമെന്നു ഒരിക്കലും അവർ വാദിച്ചിട്ടില്ല, വിചാരിക്കുക പോലും ചെയ്തിട്ടില്ല. പ്രവാചകന്മാരാകട്ടെ, അവരുടെ സത്യസന്ധതക്കു തെളിവായിട്ടു നടത്തുന്ന പ്രവചനങ്ങൾ ദൃഢബോധ്യത്തോടെ പുലരുമെന്ന പൂർണവിശ്വാസത്തോടെ ആയിരിക്കും, അതൊരിക്കലും പുലരാതിരിക്കില്ല. വേണമെങ്കിൽ, നിങ്ങൾക്കും തെറ്റുപറ്റാത്ത നല്ലൊരു പ്രവചനക്കാരനാകാം, അവസാന കാലത്തു പുലരുമെന്നു മുത്തു നബിയോർ പറഞ്ഞതു കോപ്പിയടിച്ചു കാച്ചിയിൽ മതി!! സ്വല്ലല്ലാഹു അലയ്ഹി വസല്ലം.
✍ Muhammad Sajeer Bukhari

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...