Friday, March 20, 2020

മതം എന്തിന്? ഏത്?


https://chat.whatsapp.com/DHise5t7BW63aayUZFgeZ7



മതം എന്തിന്? ഏത്?
Muhammad Sajeer Bukhari / 7 months ago



നാമെല്ലാവരും മനുഷ്യരാണല്ലോ. 'ഭൌമവിതാനത്തിൽ കാണുന്ന ഏതൊരു ജീവിയിൽ നിന്നും ഭിന്നമായി 'ബുദ്ധിശക്തി"യാൽ അനു ഗ്രഹീതനായ ജീവിയാണ് മനുഷ്യൻ' എന്നാണ് ജീവശാസ്ത്ര ഗ്രന്ഥിങ്ങളിൽ സാധാരണയായി മനുഷ്യനെ പരിചയപ്പെടുത്താറുള്ളത്. എന്നാൽ എന്താണ് മനുഷ്യൻ? അവൻ എങ്ങനെ ഉണ്ടായി? എന്തിന്, എവിടെ നിന്ന്, എങ്ങാട്ട് പോകുന്നു? ശാസ്ത്രലോകം പലവുരു ചോദിക്കുകയും പ്രതിവചിക്കുകയും ചെയ്തിട്ടും കിട്ടിയ ഉത്തരങ്ങളെല്ലാം അവ്യക്തങ്ങളും സൂക്ഷ്മതയില്ലാത്തവയും ആണ്. ഈ ചോദ്യം നമുക്കൊന്നു കൂടെ ആവർത്തിച്ചു കൂടെ?



മനുഷ്യൻ ഒരു മഹാത്ഭുതമാണ്. ഭൗതികമായി നോക്കുമ്പോൾ ശരീരം, മനസ്സ്, ആത്മാവ് എന്നീ മൂന്നു ഘടകങ്ങളുടെ സംഘാതമാണ് “മനുഷ്യൻ' എന്ന ലളിതമായ ഉത്തരത്തിൽ നിന്നു തുടങ്ങാം. മനുഷ്യ ശരീരത്തിന്റെ സുഭദ്രവും കിറുകൃത്യവുമായ നിർമ്മിതിയും അതിസൂക്ഷ്മവും നിഗൂഢവുമായ ഘടനയും നമ്മെ തൊട്ടുണർത്തുന്നതാണ്. അതിസങ്കീർണമായ ഒരു മഹായന്ത്രത്തോട് നമുക്കതിനെ തുലനപ്പെടുത്താം, ഇതിനകത്തു പ്രവർത്തിക്കുന്ന മെക്കാനിസത്തിന്റെ ഭൗതികമായ പരാവർത്തനം എങ്ങനെയായിരിക്കുമെന്നു ഊഹിക്കാമോ? "മനുഷ്യ ശരീരത്തിനു സമാന്തരമായ ഒരു ഫാക്ടറി ഉണ്ടാക്കുകയാണെങ്കിൽ അതിനു നാലു സ്ക്വയർ മൈലുകൾ ഭൂമി വേണം, നൂറു സ്ക്വയർ മൈലുകൾ വരെയെത്തുന്ന ശബ്ദശല്യം അതുണ്ടാക്കും." (പി.എൻ. ദാസ്, വ്യാധിയും സമാധിയും-ലേഖനം) ഏകദേശം 5 കോടി സെല്ലുകളുള്ള ഒരു മഹാനഗരമാണ് മനുഷ്യൻ, ഈ മഹാനഗരം മുഴുവൻ നിശബ്ദമായി കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നത്. മഹാത്ഭുതം തന്നെ.


മനുഷ്യസൃഷ്ടിപ്പ് മണ്ണിൽ നിന്നാണ്' എന്നും, 'ജലത്താലാണ് സൃഷ്ടി' എന്നും ഇസ്ലാം പറയുന്നുണ്ട് (ഖുർആൻ 1/61, 21/10 എന്നി കാണുക.) ഈ പ്രസ്താവങ്ങളെ ആധുനിക ശാസ്ത്രലോകം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ഡോ. സി.എൻ. പരമേശ്വരനെ വായിക്കാം "മണ്ണിൽ കാണുന്ന രാസമൂലകങ്ങളെ കൊണ്ടാക്കെ തന്നെയാണ് മനുഷ്യശരീരം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. മണ്ണിൽ കാണാത്ത ഒരൊറ്റ മൂലകവും മനുഷ്യശരീരത്തിൽ കാണില്ല. എന്നാൽ മണ്ണിലുള്ള എല്ലാ മൂലകങ്ങളും ശരീരത്തിൽ കണ്ടെന്നു വരില്ല. ഏകദേശം 20 മൂലകങ്ങളെ കൊണ്ടാണ് ശരീരം ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. ഏറ്റവും പ്രധാനപ്പെട്ടവ കാർബൺ, ഓക്സിജൻ, ഹൈഡ്രജൻ, നൈടജൻ, ഫോസ്ഫറസ് എന്നിവയാണ്. മൂലകങ്ങളുടെ ഈ തുച്ഛസംഖ്യ പക്ഷെ, ആയിരക്കണക്കിനു അതിസങ്കീർണങ്ങളായ രാസപദാർത്ഥങ്ങൾക്കു ജന്മം നൽകുന്നു. എന്നാൽ ശരീരത്തിൽ ഏറ്റവും അധികമുള്ളത് വെള്ളമാണ് - 50-60 ശതമാനത്തോളം. നാം ജനിക്കുന്ന സമയത്ത് നമ്മുടെ ശരീരത്തിന്റെ 75 ശതമാനവും വെള്ളമായിരുന്നു. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമായ തലച്ചോറിന്റെ 85 ശതമാനവും വെള്ളമാണ്. രക്തത്തിന്റെ 80 ശതമാനവും.” (മനുഷ്യ ശരീരം മഹാത്ഭുതം, പേ: 9). “നല്ല ഉറപ്പും കടുപ്പവുമുള്ളതാണെങ്കിലും എല്ലിൽ 25 ശതമാനവും വെള്ളമാണ്.'' (അതേ പുസ്തകം, പേ: 26).


മനുഷ്യന്റെ ശരീരഘടന ഏറെ വിശകലനമർഹിക്കുന്ന ഒന്നാണ്. 2004 ജൂലൈയിലെ ഔദ്യോഗിക കണക്കെടുപ്പിൽ രേഖപ്പെടുത്തപ്പെട്ടതു പ്രകാരം ലോകത്ത് 637,91,57,361 മനുഷ്യരുണ്ട്. ഇപ്പോൾ അത് 640 കോടിയെ കവച്ചുവെച്ചിരിക്കും. ഈ 640 കോടി മനുഷ്യരും ഒരേ ഭൂമിയിൽ, ഒരേ സൂര്യനിൽ നിന്നു ഊർജ്ജം സ്വീകരിച്ചും ഒരേ വെള്ളം പാനം ചെയ്തും തന്നെയാണ് ജീവിക്കുന്നത്. എന്നാൽ, ഇവരിൽ ആർക്കെങ്കിലും വേറെയൊരാളുടെ അതേ മുഖഛായയുണ്ടോ? സാധാരണ ഗതിയിൽ 20 സെ.മീ അധികം വ്യാസമില്ലാത്തതാണല്ലോ നമ്മുടെ മുഖം. എന്നിട്ടും ഒരാളുടേത് മറ്റൊരാളുടേതിൽ നിന്ന് പൂർണമായി വ്യത്യാസപ്പെട്ടിരിക്കുന്നു! അതോടൊപ്പം തന്നെ ഭൂമിശാസ്ത്രപരമായ സാമ്യതയുള്ള ചില പ്രത്യേക സ്ഥലങ്ങളിലെ മനുഷ്യർ തമ്മിൽ നിർവചിക്കാനാവാത്ത ഒരു തരം സാമ്യതയും കാണാം! ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഒരേ സ്ഥലത്ത് സംഗമിക്കുന്ന സന്ദർഭങ്ങളിലൊന്നാണല്ലൊ ഹജ്ജ് സമയം. അവിടെവെച്ച്, അനേകകോടി ജനങ്ങൾക്കിടയിൽ ഒരു മലയാളിയെ നിങ്ങൾ കാണുന്നുവെന്നു സങ്കൽപിക്കുക. യാതൊരുവിധ മുൻപരിചയവും ഇല്ലെങ്കിലും "ഞാന്‍ മലയാളിയാണ്' എന്നു അയാളുടെ മുഖഭാവം വിളിച്ചു പറയുന്നത് നിങ്ങൾക്ക് നിഷ്പ്രയാസം ഗ്രഹിക്കാനാവും. അതെന്തുകൊണ്ടാണ്? അയാളെപ്പോലെ, നമ്മെപ്പോലെ മറ്റൊരാളും ഇല്ല, അതുകൊണ്ടു തന്നെ. ചില ബാല മാസികകളിൽ ശ്രദ്ധേയരായ ഏതെങ്കിലും വ്യക്തികളുടെ മുഖത്തിന്റെ ഏതെങ്കിലുമൊരു ഭാഗം, ഉദാഹരണത്തിനു നെറ്റിത്തടം, മാത്രം പ്രദർശി പ്പിക്കുകയും "തിരിച്ചറിയാമോ?' എന്നു ചോദിക്കുകയും ചെയ്യുമ്പോൾ കൃത്യമായ പ്രത്യുത്തരം ഉണ്ടാവുകയും ചെയ്യുന്നതിന്റെ സാംഗത്യവും മറ്റൊന്നല്ല.


നമ്മുടെ, അല്ല ലോകത്തെല്ലായിടത്തുമുള്ള പോലീസ് ഡിപ്പാർട്ടുമെന്റും ഡിറ്റക്ടീവുകളും കുറ്റവാളികളെ കണ്ടെത്താൻ ഫലപ്രദമായി ഉപയോഗപ്പെടുത്താറുള്ള മാർഗങ്ങളിൽ ചിലതാണ് ഡോഗ് സ്ക്വാഡും, ഫോറൻസിക് പരിശോധനയും. ഓരോ മനുഷ്യന്റെ ശരീരത്തിനും ഒരു പ്രത്യേക ഗന്ധമുണ്ട്. 640 കോടി മനുഷ്യർക്ക് 640 കോടി തരത്തിലുള്ള ഗന്ധങ്ങൾ! പരിശീലനം സിദ്ധിച്ച നായ കുറ്റവാളിയുടെ ഗന്ധം വേറിട്ടു മനസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്യുന്നു.

അതേ പ്രകാരമാണ്, മനുഷ്യന്റെ വിരലടയാളവും. മരിച്ചുപോയ കോടാനുകോടി പേർ, ജീവിച്ചുകൊണ്ടിരിക്കുന്ന 640 കോടി ആളുകൾ, ഇനിയും ജനിക്കാനിരിക്കുന്ന അനന്തകോടി മനുഷ്യർ, ഇവരിൽ ഒരാൾക്കുപോലും മറ്റൊരാളുടേതിനു തുല്യമായ വിരലടയാളം ഇല്ല! ഈ ശാസ്ത്ര നിഗമനമാണ് ഫോറൻസിക് ഡിപ്പാർട്ട്മെന്റുകളെ നില നിറുത്തുന്നത്. ഖുർആനിൽ അല്ലാഹു ഇങ്ങനെ പറയുന്നു: “മനു ഷ്യന്റെ വിരൽക്കൊടി പോലും കൃത്യമായി നിർമ്മിക്കാൻ കഴിയുന്നവ നല്ലോ നാം” (ആശയം, അൽഖിയാമ: 4)

ഇങ്ങനെ, മനുഷ്യ ശരീരത്തിലെ ഏത് അവയവവും വളരെ ശാസ്ത്രീയവും ആസൂത്രിതവും യുക്തിസഹവുമായാണ് ഇതിന്റെ സൃഷ്ടികർമ്മം ഉണ്ടായത് എന്നു അസന്ദിഗ്ദമായി വിളംബരപ്പെടുത്തുന്നു. അപ്പോൾ മറ്റൊരു ചോദ്യം, ഇത്രയധികം സുഭദ്രവും സമഗ്രവുമായി സംവിധാനിക്കപ്പെട്ട ഈ ശരീരം ഒരുനാൾ ജീവനറ്റ് മണ്ണിൽ വീഴുകയും പുഴുക്കൾ ചീഞ്ഞളിഞ്ഞും ജീർണ്ണിച്ച് ഇല്ലാതാവുകയും ചെയ്യുന്നത് മാത്രമാണോ? തീർച്ചയായും, ആയിരിക്കാൻ സാധ്യതയില്ല. എങ്കിൽ എന്താണ് ജീവിതം? അതിന്റെ ദിശയും ദശയും നിർണ്ണയിക്കുന്ന ആരാണ്? എന്താണ്?

എങ്ങനെ ജീവിക്കണം?


ഈ ചോദ്യത്തിനു നമുക്കിടയിൽ നിലനിൽക്കുന്നതും നില നിന്നിരുന്നതുമായ വ്യത്യസ്ത ദർശനങ്ങളും ദാർശനികരും പുലർത്തിയിരുന്ന പുലർത്തുന്ന സമീപനങ്ങൾ നമുക്ക് അറിവുള്ളതാണല്ലോ. ഒരു തരത്തിലുള്ള നിയന്ത്രണങ്ങളുമില്ലാതെ, പൂർണ സ്വാതന്ത്യത്തോടെ ആനന്ദിച്ചുല്ലസിക്കുവാനുള്ളതാണ് ജീവിതമെന്ന ഭൗതിക വീക്ഷണത്തിനാണ് ഇന്നു പ്രാമുഖ്യമുള്ളത്. “തിന്നുക, കുടിക്കുക, രസിക്കുക, രമിക്കുക” എന്ന എപ്പിക്ക്യൂറിയന്‍ തിയറി ജീവിതശൈലിയായി അനുവർത്തിക്കപ്പെടുന്നു. മൃഗങ്ങളെപ്പോലെ ഉല്ലസിക്കാനും നിയന്ത്രണങ്ങളില്ലാതെ ലൈംഗിക ബന്ധങ്ങളിലേർപ്പെടാനും സാധിച്ചാൽ ജീവിതത്തിനു സൗന്ദര്യം വരുമെന്നു കരുതുന്നവർ ഈ ഉത്തരാധുനിക ചുറ്റുപാടിലും തീരെ കുറവല്ല. ഇഷ്ടമുള്ളത് ആഹരിക്കുക, തോന്നുമ്പോലെ ഭോഗിക്കുകയും ചെയ്യുകയെന്ന ശാരീരികാവശ്യ ങ്ങൾ നിർവ്വഹിക്കുന്നതു മാത്രമാണോ ജീവിതം? എങ്കിൽ നമ്മെക്കാൾ ഫലപ്രദമായി അവ നിർവ്വഹിക്കാൻ കഴിവുള്ള എത്രയോ ജീവികൾ ജന്തുലോകത്തുണ്ട്.നല്ല ഉദാഹരണമാണ് പുൽച്ചാടി. സ്വന്തം ഉടലിന്റെ വലിപ്പത്തിന്റെ ഇരുന്നൂറ് ഇരട്ടിയിലധികം ദൂരേയ്ക്ക് ചാടാൻ ഈ കൊച്ചു വിരുതനു കഴിയും. ആ രീതിയിൽ 'ഒരു മനുഷ്യൻ ചാടുകയാണെങ്കിൽ കുറഞ്ഞത് നാന്നൂറ് മീറ്റർ ദൂരമെങ്കിലും ചാടേണ്ടിവരും! ഒരു തുമ്പിയേക്കാൾ മതിമറന്നു ഉല്ലസിക്കാൻ മനുഷ്യന് സാധിക്കുമോ? നിന്നിടത്തു നിന്ന് മുന്നോട്ടും പിറകോട്ടും മേൽപോട്ടും കീഴ്പോട്ടും ചാടാന്‍ ഈ ജീവിക്കാകും, ഈ അഭ്യാസങ്ങൾ ചെയ്യുമ്പോൾ വായുവിലുണ്ടാകുന്ന അസ്ഥിര പ്രവാഹങ്ങളുടെ മർദ്ധഭേദങ്ങളിൽ പെട്ട് ചിറകുകള്‍ എങ്ങനെ തകർന്നു പോകാതെ നിൽക്കുന്നു എന്നത് നമ്മെ ആശ്ചര്യപ്പെടുത്തുന്നതാണ്. പതിനൊന്ന് കിലോമീറ്ററിലധികം അകലെ നിൽക്കുന്ന പുരുഷ പൂമ്പാറ്റയെ വശീകരിക്കാൻ സ്വന്തം ശരീരത്തിന്റെ ഗന്ധം മാത്രമാണ് പെൺനിശാശലഭം പ്രയോജനപ്പെടുത്തുന്നത്. അതിലോലമായ ശരീരമാണല്ലോ പൂമ്പാറ്റയ്ക്കുള്ളത്. എത്രതന്നെ വലിയ വ്യതിയാനം അന്തരീക്ഷത്തിലുണ്ടായാലും ജീവപായം വരാതെ പ്രതിരോധിച്ചു നിൽക്കാനുള്ള കഴിവ് പൂമ്പാറ്റയ്ക്കുണ്ട്. “ഒരു പൂമ്പാറ്റയെ ഒരു കുപ്പിയിലടച്ചിട്ടശേഷം വായു കുപ്പിയിൽ നിന്ന് നീക്കിക്കളയുക. അൽപ സമയത്തിനു ശേഷം വായു പെട്ടെന്ന് ഉള്ളിലേക്കു കടത്തിവിടുക. ഈ പരീക്ഷണത്തിൽ ആദ്യം വായുമർദ്ധം ശൂന്യമാവുകയും പിന്നീട് അന്തരീക്ഷ തുല്യമായി വർദ്ധിക്കുകയും ചെയ്യുന്നു. പക്ഷെ ഈ മാറ്റം പൂമ്പാറ്റയ്ക്കു യാതൊരു കോട്ടവും വരുത്തുന്നില്ല.” (ഡോ. സി.പി. മേനോൻ. മനുഷ്യപ്രകൃതി. പേ: 24).

ഒരു വൻകരയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ പറന്നെത്താനുള്ള അപാരമായ സഞ്ചാര ശേഷിയുള്ള ചിത്രശലഭങ്ങളുണ്ട്, വടക്കെ അമേരിക്കയിൽ. ജലലായനിയിൽ മൂന്നു ലക്ഷത്തിലൊരംശമെങ്കിലും പഞ്ചസാര കലർന്നിട്ടുണ്ടെങ്കിൽ അതു കണ്ടെത്താൻ പൂമ്പാറ്റയ്ക്ക സാധിക്കും! “തങ്ങളെ പിടികൂടാൻ വരുന്ന നരച്ചീറുകൾ പുറപ്പെടുവി ക്കുന്ന അധിസ്വന തരംഗങ്ങളെ വികലമാക്കുന്ന ശബ്ദവീചികൾ ഉത്പാദിപ്പിച്ച് രക്ഷപ്പെടാനും ഈ ശലഭങ്ങൾക്കു സാധിക്കും.” (Ibid, Page: 24)

അതിനിഗൂഢമായ നിർമ്മാണ വൈദഗ്ദ്യത്തിന്റെ മികച്ച ഉദാഹരണമാണ് തേനീച്ചയുടെ കൂട്. വ്യത്യസ്ത വലിപ്പത്തിലും സ്റ്റൈലി ലുള്ള വിവിധ അറകളോടു കൂടിയ ഇങ്ങനെയൊരു കൂട് നിർമ്മിക്കുക ഏറ്റവും നിപുണനായ ഒരു എഞ്ചിനീയർക്കു പോലും സാധിക്കില്ല. ഏറ്റവും പരിഷ്കൃതരായ ഒരു നാഗരിക സമൂഹത്തിൽ നില നിൽക്കുന്നതിനേക്കാൾ ആസൂത്രിതമാണ് തേനീച്ചകൾക്കിടയിലെ ജോലി വിഭജനം! തേനീച്ചയുടെ മറ്റൊരു പ്രത്യേകത അതിനു ദിശയറിയാൻ പ്രകാശം ആവശ്യമില്ലെന്നതാണ്. വിടർന്നു നിൽക്കുന്ന പുഷ്പത്തിന്റെ അരികിൽ നിൽക്കുമ്പോഴും അതെപ്പോഴാണ് ഏറ്റവും കൂടുതൽ തേൻ ചുരത്തുകയെന്നു, നിങ്ങൾക്ക് ഒരുപക്ഷെ, സസ്യശാസ്ത്രജ്ഞനാണെങ്കിൽ പോലും അറിയില്ല. ഇക്കാര്യത്തിൽ അതിവിദഗ്ദരാണ് തേനീച്ചകൾ.
കൂടു നിർമ്മാണത്തെ കുറിച്ച് പറയുമ്പോൾ പ്രത്യേക പരാമർശം അർഹിക്കുന്നതാണ് ചിതൽ പുറ്റുകൾ, ചില ചിതൽ പുറ്റുകൾക്ക് 25 അടിയിലധികം വരെ ഉയരമുണ്ടാകാറുണ്ട്. ഒരു ചിതലിന്റെയും അതു നിര്‍മ്മിക്കുന്ന പുറ്റിന്റെയും വലിപ്പം താരതമ്യം ചെയ്ത് അതിനു ആനുപാതികമായി മനുഷ്യൻ ഒരു വീട് നിർമ്മിക്കുകയാണെങ്കിൽ എങ്ങനെയായിരിക്കും? തീർച്ചയായും, 1000 നിലകളെങ്കിലും അതിനു ഉയരമുണ്ടാകും!
സോവിയറ്റ് ശാസ്ത്ര അക്കാദമി അംഗമായ ഡോക്ടർ അല്ക്സാണ്ടർ ഗോർബോവ്സ്കിയിൽ നിന്നു അലി ജാ അലി ഇസ്സത്ത് ബെഗോവിച്ച് തന്റെ Islam between East and West എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ ഉദ്ധരിക്കുന്നുണ്ട്. “അനേകായിരം ചിതലുകൾ സഹകരിച്ചാണ് വൻ പുറ്റുണ്ടാകുന്നത്. പണി പൂർത്തിയായ "പുറ്റുകുന്ന് സങ്കീർണമായ നിർമ്മാണമാണ്. അത് ആറിലധികം ചതുരശ്ര നാഴിക വിസ്തീർണമുണ്ടാകും. അവയ്ക്ക് ഇടനാഴികളുണ്ട്. വിറകുകൾ വെക്കാനും പ്രത്യേകമായ അറകളും ഉണ്ടാകും. - ഒരു പരീക്ഷണത്തിൽ നിർമ്മാണമാരംഭിച്ച ഒരു പുറ്റുകുന്ന് ശാസ്ത്രജ്ഞന്മാർ രണ്ടായി പകുത്തു. അതിനാൽ ചിതൽക്കൂട്ടം സമ്പൂർണ്ണമായി രണ്ടായി വേർപിരിഞ്ഞു പോയി. ഇങ്ങനെ ചെയ്തിട്ടും നിർമ്മാണത്തിനു ഊനം തട്ടിയില്ല. വേർപ്പെട്ട രണ്ട് വിഭാഗം ചിതലുകളും നിർമ്മാണം വിജയകരമായി തുടർന്നു. നടപ്പാതകളും ഇടനാഴികളും മുറികളും കലവറകളും ഇരുഭാഗത്തും ഒരേ രീതിയിൽ നിർമ്മി ക്കുകയും ചെയ്തു. ഈ രണ്ട് കുന്നിനെയും ബന്ധിപ്പിക്കുകയും ചെയ്തിരുന്നു.” ("ഇസ്ലാം രാജമാർഗം' എന്ന വിവർത്തനത്തിൽ നിന്ന്. പേജ്: 62)
സഹജവാസനകളിൽ എത്രതന്നെ മുൻപന്തിയിലാണെങ്കിലും ജന്മസിദ്ധമായ പരിധികളും പരിമിതികളും ഉല്ലംഘിക്കാൻ മനുഷ്യനൊഴികെ ജീവജാലങ്ങളിൽ ആർക്കും കഴിയില്ല. ആയിരം കൊല്ലം മുമ്പ് തേനീച്ചകൾ ഉപയോഗപ്പെടുത്തിയിരുന്ന അതേ ശൈലിയിൽ തന്നെയാണ് ഇപ്പോഴും അവ തേൻ ശേഖരിക്കുന്നത്. രണ്ട് ജനറേഷനുകൾക്ക് മുമ്പ് ഇര തേടാൻ അവലംബിച്ചിരുന്ന അതേ മാർഗം തന്നെയാണ് ഇപ്പോഴത്തെ കടുവകളും സിംഹങ്ങളും തുടരുന്നത്. എന്നാല്‍ ഇങ്ങനെയൊന്നുമല്ല മനുഷ്യൻ. സഹസ്രാബ്ദങ്ങളുടെ മാറ്റം അവന്‍റെ നാഗരികതയിലും സാംസ്കാരിക പരിസരത്തും വരുത്തിയിട്ടുള്ള മാറ്റങ്ങൾ ചെറുതൊന്നുമല്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ജീവിച്ചിരുന്ന ഒരു വ്യക്തി പുനർജനിച്ച് 21-ാം നൂറ്റാണ്ടിലെ അധുനാതന പരിസരത്ത് എത്തിപ്പെട്ടാൽ എന്തായിരിക്കും സ്ഥിതി? അവന്‍റെ “ആദ്യ" കാലത്ത് മറ്റൊരാൾക്ക് സന്ദേശമെത്തിക്കണമെങ്കിൽ ദിവസങ്ങളോളം കുതിരപ്പുറത്തോ, കാളവണ്ടിയിലോ - നാഗരപ്രദേശങ്ങളിലാണെങ്കിൽ വേഗം കുറഞ്ഞ ഡീസൽ വണ്ടികളിലോ - യാത്ര ചെയ്യുകയും ആളെ കണ്ടെത്തുകയും വേണമായിരുന്നു. ഇന്നിപ്പോൾ പോക്കറ്റിലുള്ള മൊബൈൽ ഫോണിൽ സംസാരിക്കുന്നവരുടെ മുഖങ്ങൾ പോലും - അവരെത്ര നോട്ടിക് മൈലുകൾക്ക് അപ്പുറത്താണെങ്കിലും കാണാൻ കഴിയുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ സാഹചര്യം പോലും കാണാനില്ലാതെ മാനുഷിക ജീവിത പരിസരം അമ്പേ മാറിയിരിക്കുന്നു.
പക്ഷി പറക്കുന്നതു കണ്ട് അത്ഭുതം കൂറി നടന്നിരുന്ന മനുഷ്യൻ ഇന്നു പക്ഷികളേക്കാൾ വേഗത്തിലും ഉയരത്തിലും പറക്കുന്നു! കടൽതീരത്തു ഞെണ്ടും കക്കയും പെറുക്കി നടക്കുകയും മുങ്ങാംകുഴിയിട്ടു രസിച്ചുല്ലസിക്കുന്ന മത്സ്യങ്ങളെ കണ്ട് കൗതുകപ്പെടുകയും ചെയ്തിരുന്ന മനുഷ്യൻ, ഇന്നു ആഴിയുടെ അഗാധങ്ങളിലേക്ക് ഊളിയിട്ടിറങ്ങി കൈനിറയെ മുത്തുകൾ വാരി തിരിച്ചു വരുന്നു! മൂന്നോ നാലോ മുമ്പുള്ള നമ്മുടെ ഏതെങ്കിലും പൂർവ്വികർക്ക് ഇത്തരം കാര്യങ്ങൾ സ്വപ്നം കാണാനെങ്കിലും സാധിക്കുമായിരുന്നോ? ഇനി ഒന്നുരണ്ടു തലമുറകൾ പിന്നിടുമ്പോഴേക്കും നമ്മുടെ ജീവിതഗതി യിലും ശാസ്ത്ര പുരോഗതിയിലും വന്നേക്കാവുന്ന വിപ്ലവകരമായ മാറ്റങ്ങളെയും കണ്ടെത്തലുകളെയും സങ്കൽപിക്കാനെങ്കിലും നമുക്കാവുമോ? തീർച്ചയായും ഇല്ല. മനുഷ്യനെ ഇതര ജീവജാലങ്ങളിൽ നിന്നു വേർപ്പെടുത്തുന്നതും ഇനം തിരിച്ചു നിർവചിക്കുന്നതും അവനു നൽകപ്പെട്ട "ബുദ്ധിശക്തി' എന്ന ഗുണമാണ്.
ബുദ്ധിശക്തിക്കു പുറമെ മനുഷ്യനു മാത്രം നൽകപ്പെട്ട മറ്റൊരു സവിശേഷത കൂടിയുണ്ട്, “ഇഖ്തിയാർ' അഥവാ “സ്വാഭീഷ്ടം (പ്രവർത്തിക്കാനുള്ള സ്വാതന്ത്യം'. വിശന്നു വലഞ്ഞ ഒരു തെരുവു നായക്ക് നിങ്ങൾ റൊട്ടിക്കഷ്ണം എറിഞ്ഞു കൊടുത്താൽ എന്നേക്കാൾ വിശന്നു വലഞ്ഞ വേറെയൊരു നായയുണ്ട്; അത് ഭക്ഷിച്ചുകൊള്ളട്ടെ' എന്നു കരുതി ഈ നായ പോകുമോ? ഇല്ലേയില്ല. ദാഹിച്ചു പരവശയായ ഒരു തള്ളപ്പശുവിനും അതിന്റെ കിടാവിനും നിങ്ങൾ കാലിത്തീറ്റ കലക്കി വെച്ചു കൊടുത്താൽ "അമ്മപ്പശു കുടിച്ചിട്ടു മതി'യെന്നു ഒരിക്കലും ആ കിടാവ് ചിന്തിക്കുന്നില്ലല്ലോ, മനുഷ്യേതര ജീവജാലങ്ങളുടെയൊക്കെ പ്രത്യേകതയാണിത്.

തന്നെ കുത്തിമറിച്ചിടാൻ കൊമ്പു കുലുക്കി പാഞ്ഞു വന്ന മുട്ടനാടിനോട് ക്ഷമിക്കാനും വെറുതെ വിടാനും മറ്റൊരു മുട്ടനാട് തയ്യാറാവില്ല. തിരിച്ചും ആക്രമിക്കുന്നു. "വെട്ടാൻ വരുന്ന പോത്തിനു മുന്നിൽ വേദമോതുകയോ?' എന്നൊരു ചൊല്ലു തന്നെ മലയാളത്തിലുണ്ടല്ലോ. എന്നാൽ ഒരു മനുഷ്യൻ ഒരിക്കലും അങ്ങനെയല്ല. തന്നെ തെറി വിളിക്കുകയും നോവിക്കുകയും ചെയ്തവനോട് ക്ഷമിക്കുവാനും വെറുതെ വിട്ടയക്കാനും ആർജ്ജിതമായ സംസ്കാരമോ എതിരാളിയോടുള്ള ഭയമോ അവനെ പാകമാക്കുന്നു. യുദ്ധക്കളത്തിൽ മരണത്തെ മുന്നിൽ കണ്ട് ദാഹാർത്തനായി ക്ലേശിച്ചു കിടക്കുമ്പോഴും തനിക്കായി നീട്ടപ്പെട്ട വെള്ളപ്പാത്രം തന്നെപ്പോലെ വിഷമിക്കുന്ന തന്റെ സുഹ്യത്തിനുവേണ്ടി മാറ്റിവെക്കുകയും ഒടുവിൽ വെള്ളം കുടിക്കാൻ സാധിക്കാതെ മരണപ്പെടുകയും ചെയ്ത മൂന്നു പ്രവാചക ശിഷ്യന്മാരുടെ (സ്വഹാബിമാരുടെ) ചരിത്രം ഹദീഥുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിശന്നുപൊരിഞ്ഞ വയറുമായി നിൽക്കുമ്പോഴും മുന്നിലെത്തിയ തളികയിലെ വിഭവ സമൃദ്ധമായ ഭക്ഷണം "തൽകാലം കഴിക്കേണ്ട'യെന്നു തീരുമാനിക്കാൻ നമുക്ക് സാധിക്കുന്നു. ജന്മവാസനകളുടെ സഹജപ്രേരണകളിൽ നിന്നു പുറത്തു കടക്കാനും ഇംഗിതങ്ങളെ ഒതുക്കി നിർത്താനും ആഗ്രഹങ്ങളെ മെരുക്കിയെടുക്കാനും നമ്മെ പ്രാപ്തപ്പെടുത്തുന്ന ഈ കഴിവാണ് "ഇഖ്തിയാർ' അഥവാ "സ്വാഭീഷ്ടം പ്രവർത്തി ക്കാനുള്ള സ്വാതന്ത്യം'.
മനുഷ്യസമൂഹത്തിന്റെ ഗുണകരവും സന്തുലിതവുമായ നില നിൽപിനു അനിവാര്യമായ സ്വാതന്ത്ര്യം അനുവദിക്കുമ്പോഴും സൃഷ്ടിയുടേതായ അനേകമനേകം പരിമിതികളും മനുഷ്യനുണ്ട്. നിങ്ങൾ ഒരു പുരുഷൻ/ സ്ത്രീ ആയി ജനിച്ചത് നിങ്ങളുടെ ഇഷ്ട പ്രകാരമായിരുന്നോ? ഒരു മൂന്നോ നാലോ നൂറ്റാണ്ടുകൾ മുമ്പോ ശേഷമോ ജനിച്ചാൽ മതിയായിരുന്നുവെന്നു വിലപിക്കുന്നതിൽ ഒരു കാര്യവുമില്ലെന്നു നിങ്ങൾക്ക് തോന്നുന്നതിനു കാരണമെന്താണ്? നമ്മുടെ ദേശം, ഭാഷ, വർണ്ണം, വർഗ്ഗം, വംശം, കാലം എന്നിങ്ങനെ പലതും ഇന്ന വിധത്തിലായിരിക്കണമെന്നു നിശ്ചയിക്കാനോ തീരുമാനിക്കാനോ ക്കാർക്കും സ്വാതന്ത്ര്യമില്ലല്ലോ. അതുപോലെ തന്നെയാണ് നമ്മുടെ മരണവും. അത് എപ്പോൾ, എവിടെവെച്ച്, ഏതു വിധത്തിൽ ആയിരിക്കണമെന്ന് നാമാരും ശ്രമിച്ചാൽ നിർണയിക്കാനാവാത്ത കാര്യമാണ്.
ആത്യന്തികമായ വിചാരപ്പെടലുകളിൽ നമ്മുടേതായി നാം കരുതാറുള്ളതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല എന്നു തിരിച്ചറിയാൻ കഴിയും. എന്റെ കൈ എന്റേതാണോ?' അല്ല. ആയിരുന്നെങ്കിൽ ഞാനിഷ്ടപ്പെടാതെ അതു വേദനിക്കരുതല്ലോ. അതുപോലെ, എന്റെ കണ്ണുകളും ചെവികളും അങ്ങനെ അതിവിചിത്രമായ ഈ സംവിധാനങ്ങളിൽ ഒന്നു പോലും എന്റെ നിയന്ത്രണത്തിനു വഴങ്ങുന്നതല്ല. എനിക്കിഷ്ടമില്ലാതെ തന്നെ കാഴ്ചശക്തിയും കേൾവി ശക്തിയുമെല്ലാം കുറയുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നത് അതിന്റെ മേൽ എനിക്ക് അവകാശമോ നിയന്ത്രണാധികാരമോ ഇല്ല എന്നതിന്റെ സുതരാം വ്യക്തമായ നിദർശനമാണ്. എല്ലാം ഏതോ ഒരു ബാഹ്യശക്തിയുടെ ഇഷ്ടാനുസരണമെന്നോണം സംഭവിക്കുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും നമുക്കും ചില സ്വാതന്ത്യങ്ങളൊക്കെ അനുവദിക്കപ്പെട്ടിട്ടില്ലേ? ഇന്നു രാത്രി ചപ്പാത്തിയാണോ ചോറാണോ കഴിക്കേണ്ടത് എന്ന് നാം സ്വയം തീരുമാനിക്കുന്നു. കള്ള്, കോള തുടങ്ങിയ വിഷപാനീയങ്ങൾ കുടിക്കാനും കുടിക്കാതിരിക്കാനും നമുക്ക് കഴിയും. ഇന്ന് ജോലിക്കു പോകുന്നത് ബസിലാണോ, അല്ല കാറിലോ എന്നത് നമ്മുടെ സാമ്പത്തിക സാഹചര്യങ്ങൾ അനുകൂലമെങ്കിൽ നമ്മുടെ ഇഷ്ടപ്രകാരം നമുക്ക് സാധിക്കുന്ന കാര്യമാണ്. എന്നാൽ, ഈ സ്വാതന്ത്യം നാം എങ്ങനെ ഉപയോഗപ്പെടുത്തണം? കാൽ വീശാനുള്ള സ്വാതന്ത്യം ഉണ്ടെന്നത് ശരി, എന്നാൽ അതു തൊട്ടുമുമ്പിൽ നടക്കുന്നവന്റെ പുറത്തു തൊഴിക്കാൻ ഉപയോഗപ്പെടുത്താമോ, ഇല്ലേയില്ല. സംസാരിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെന്നു കരുതി അയൽക്കാരനെയോ, ഇതര മനുഷ്യരെയാരെങ്കിലുമോ തെറി വിളിക്കാനും അസഭ്യം പറയാനും അനുവാദമുണ്ടോ? ഒരിക്കലുമില്ല. ചുരുക്കത്തിൽ, നമുക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സ്വാതന്ത്യവും കഴിവുകളും നിശ്ചിത നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി മാത്രമെ ഉപയോഗപ്പെടുത്താവൂ. എന്താണ് ആ നിയമങ്ങൾ? ഇന്ത്യക്ക് ഒരു ഭരണഘടനയുണ്ട്. പാക്കിസ്ഥാനുമുണ്ട് വേറെയൊന്ന്. ലോകത്തെ എല്ലാ രാജ്യങ്ങൾക്കും തങ്ങളുടേതായ ഭരണഘടനകളും നിയമനിർമ്മാണ സഭകളും ശിക്ഷാ രീതികളുമൊക്കെയുണ്ട്. രാജ്യങ്ങൾക്കു മാത്രമല്ല, ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ളവ മുതൽ ഗ്രാമ ഗ്രാമാന്തരങ്ങളിൽ മാത്രം വേരുള്ള കൊച്ചു കൊച്ചു സംഘടനകൾക്കു പോലും ഇവ്വിധം ചട്ടങ്ങളും വകുപ്പുകളുമുണ്ട്. തങ്ങളുടെ പൗരന്മാർ / മെമ്പർമാർ ഈ നിയമവട്ടത്തിൽ മാത്രമെ ചലിക്കാവൂ എന്നാണവ 'നിർദ്ദേശിക്കുന്നത്.
നിയമം ലംഘിക്കപ്പെടുമ്പോൾ ശിക്ഷിക്കുകയോ പുറത്താക്കുകയോ ചെയ്യുന്നു. ഇത് രാജ്യത്തിന്റെ / സംഘടനയുടെ സുഭദ്രമായ നിലനിൽപിനു അത്യന്താപേക്ഷിതമാണു താനും. നേരെ മറിച്ച്, ലോകത്തുള്ള 640 കോടി പേരും “ഞാൻ എന്റെ ഇംഗിതമനുസരിച്ച് ജീവിച്ചുകൊള്ളാം”, “ഞാൻ എങ്ങനെ ജീവിക്കണമെന്നത് ഞാനാണ് തീരുമാനിക്കുക' എന്ന മട്ടിൽ താന്തോന്നികളായി ജീവിക്കുകയാണെങ്കിൽ എന്തായിരിക്കും അവസ്ഥ? 640 കോടി പേർക്ക് 640 കോടി തരം നിയമങ്ങൾ! ഏതു തരം നിയമ ലംഘനവും തോന്ന്യാസവും "സ്വന്തം നിയമത്താൽ' അനുവദനീയമാകുന്നു. എന്തായിരിക്കും അത്തരമൊരു ജീവപരിസരത്തിന്റെ അവസ്ഥ? ലോകം എന്നും സംഘർഷ ഭരിതവും ജീവിക്കാൻ കഴിയാത്ത വിധം ദുസ്സഹവുമായിരിക്കും. അതിനാൽ നിയമങ്ങൾ കൂടിയേ തീരൂ. പക്ഷെ, ആരാണ് ഈ നിയമങ്ങൾ നിർദ്ദേശിക്കേണ്ടത്? അറുന്നൂറ്റി നാൽപതു കോടിക്കും ബാധകമാകാവുന്ന ബാധകമാകേണ്ട നിയമങ്ങൾ?

നമുക്ക് ഒരു അടിമയുണ്ടെന്നു സങ്കൽപിക്കുക? അയാൾ ജോലിയും മറ്റു കാര്യങ്ങളും നിർവ്വഹിക്കുന്നത് നാം കൽപിക്കുന്നത് പ്രകാരമായിരിക്കണമെന്ന് നമുക്ക് ശാഠ്യമുണ്ടാവും, അല്ലെ. നമ്മുടെയൊക്കെ ഗൃഹങ്ങളിൽ വീട്ടുവേലക്കു നിൽക്കുന്നവർ നാം പറയുന്നത് അനുസരിക്കാതിരിക്കുകയും നമുക്കിഷ്ടമില്ലാത്തതു തന്നെ പ്രവർത്തിക്കുകയും ചെയ്താൽ നാമവരെ വെച്ചുപൊറുപ്പിക്കുമോ? ഇല്ലല്ലോ. നേരത്തെ നാം ഒരു കാര്യം ഗ്രഹിച്ചിരുന്നു; നാം നമ്മുടേ കരുതുന്ന ഈ ശരീരം നമ്മുടേതല്ല. അവയ്ക്ക് മേൽ നമുക്കുള്ള അവകാശം നമ്മുടെ സ്വേഷ്ട പ്രകാരം ഉപയോഗപ്പെടുത്താനാവുന്ന (ഇഖ്തിസ്വാസ്) എന്നതു മാത്രമാണ്. അല്ലാതെ ഉടമസ്ഥാവകാശം (മിൽക്) അല്ല. ഉടമസ്ഥാവകാശം ഈ ശരീരത്തെ നിർമ്മിക്കുകയും പാലിക്കുകയും ചെയ്യുന്ന ബാഹ്യശക്തിക്ക് അഥവാ,അല്ലാഹുവിനു മാത്രം. അവനാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത്. സൃഷ്ടികർമ്മത്തിനും സംഹാര കൃത്യത്തിനും കഴിവുറ്റവൻ അവൻ മാത്രം. അവന്റെ ഇച്ഛപ്രകാരമല്ലാതെ ഉണ്മയോ ഇല്ലായ്മയോ ഇല്ല. അതിനാൽ, അവൻ തന്നെയാണ് എല്ലാത്തിന്റെയും ഉടമയും. സ്രഷ്ടാവ് ഉടമയും സൃഷ്ടികളൊക്കെ അടിമകളും ആകുന്നു. അടിമകൾ ഉടമയെയാണ് അനുസരിക്കണ്ടത്; വീട്ടുവേലക്കാരൻ വീട്ടുടമയെയെന്നപോലെ. അതിനാൽ, 640 കോടി മനുഷ്യർക്ക് നാം അന്വേഷിച്ചു കൊണ്ടിരിക്കുന്ന നിയമങ്ങൾ നിർദ്ദേശിക്കേണ്ടത് സൃഷ്ടികർത്താവായ അല്ലാഹു തന്നെ. അവന്റെ നിയമങ്ങളെ അനുസരിക്കാനാണ് നാം ബാധ്യസ്ഥരായിരിക്കുന്നത് എന്നു ചുരുക്കം.

അല്ലാഹുവിന്റെ നിർദ്ദേശകങ്ങളെയാണ് "ദീനുൽ ഇസ്ലാം ', "ശരീഅത്തുൽ ഇസ്ലാം' എന്നെല്ലാം വിളിക്കുന്നത്. "ഇസ്ലാം' എന്നാൽ പൂർണമായ അനുസരണം, വിധേയത്വം സമ്പൂർണമായ കീഴ്വഴക്കം എന്നൊക്കെയാണ് അർത്ഥം. “അല്ലാഹുവിനെ ശരിയായി അനുസരിക്കുന്നവൻ” എന്നാണ് മുസ്ലിം എന്ന പദം അർത്ഥമാക്കുന്നത്. ഇസ്ലാമിക ആദർശ കാര്യങ്ങളിൽ പ്രഥമ പ്രാധാന്യവും അല്ലാഹുവിലുള്ള വിശ്വാസത്തിനാണ്. വിശ്വാസ-കർമ്മ കാര്യങ്ങളെ അർഹിച്ച രീതിയിൽ ആദരിച്ചംഗീകരിക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് ഒരാളുടെ ഇസ്ലാമിക വിശ്വാസം പൂർണമാകുന്നത്.


വിശ്വാസകാര്യങ്ങൾ ഏതെല്ലാം എന്നു പ്രവാചക തിരുമേനി പരിചയപ്പെടുത്തിയിട്ടുണ്ട്. ഉമറുബ്നുൽ ഖത്ത്വാബ്(റ)വിൽ നിന്നു മുസ്ലിം ഉദ്ധരിക്കുന്ന ഹദീഥിൽ ഇങ്ങനെ വായിക്കാം: “നബി(സ) പറഞ്ഞു: അല്ലാ ഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യദിനത്തിലും നീ വിശ്വസിക്കുക. വിധിയിലും-അതിന്റെ ഗുണത്തിലും ദോഷത്തിലും-നീ വിശ്വസിക്കുക. ഇതത്രെ അൽ ഈമാൻ അഥവാ സത്യവിശ്വാസം.

No comments:

Post a Comment

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം

 https://www.facebook.com/share/17ZWVWZjSu/ 1️⃣5️⃣6️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ ദൈവവിശ്വാസ പരി...