Thursday, March 19, 2020

കൊറോണ 'പാൻഡമിക്_കാലത്തെ_മുസ്‌ലിം_ജീവിതം

#പാൻഡമിക്_കാലത്തെ_മുസ്‌ലിം_ജീവിതം

കൊറോണ വൈറസ് ലോകവ്യാപകമായി പടർന്നു പിടിക്കുകയാണ്. ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 189 പേർ മരിച്ചിരിക്കുന്നു. ഇറാനിൽ ഇന്നലെ വരെ 11364 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധിക്കാൻ മാർഗങ്ങളില്ലാതെ ഉത്തര കൊറിയ രോഗിയെ വെടിവെച്ചുകൊന്നു! ബൾഗേറിയയിൽ ഏപ്രിൽ 13 വരെ ദേശീയ അടിയന്തിരാവസ്ഥ. പൊതുജന സമ്പർക്കം പരമാവധി ഒഴിവാക്കാൻ എല്ലാ ഭരണകൂടങ്ങളും നിയമപരമായ മുന്നറിയിപ്പ് നൽകുന്നു. കല്യാണങ്ങൾ, ഉത്സവങ്ങൾ, സമ്മേളനങ്ങൾ എല്ലാം മാറ്റി വെച്ചു. വിദേശികൾക്കു ഉംറ തീർഥാടനത്തിനു നിയന്ത്രണം വന്നു. പ്രതിദിനം ജമാഅതു നിസ്കാരങ്ങൾക്കും പ്രതിവാര ജുമുഅക്കും പലയിടത്തും വിഘ്നം നേരിടുന്നു. ഇത്തരം സന്ദർഭങ്ങളിൽ എന്തു ചെയ്യണമെന്നാണ് മതവിശ്വാസത്തിന്റെ താത്പര്യം? ഇസ്‌ലാമിക കർമശാസ്ത്രവും സ്വഭാവശാസ്ത്രവും  ഇത്തരമൊരു ഘട്ടത്തെ എങ്ങനെ സമീപിക്കുന്നു?

കർമശാസ്ത്രപരമായ ചില പ്രശ്നങ്ങളെ സമീപിക്കുന്നേടത്ത് നിദാനശാസ്ത്രം മുന്നോട്ടു വെക്കുന്ന ഒരു മൗലിക തത്വമാണ് درء المفاسد مقدم على جلب المصالح : "ആപത്തുകളെ പ്രതിരോധിക്കുന്നതിനു സ്വസ്തി നേടുന്നതിനേക്കാൾ മുൻഗണന നൽകണം" എന്നത്. സമാനാർഥമുള്ള മറ്റൊരു തത്വത്തിൽ يُتحمل الضرر الخاص لدفع الضرر العام : "വ്യാപകമായ നാശനഷ്ടങ്ങളെ തടയുന്നതിനു പ്രത്യേകമായ ചില നഷ്ടങ്ങൾ സഹിക്കാവുന്നതാണ്" എന്നും പറയുന്നുണ്ട്. ഈ മൗലികതത്വങ്ങളിൽ ഊന്നിനിന്നു ഇസ്‌ലാമിക ശരീഅത് താഴെ ചേർത്തിട്ടുള്ള നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുന്നു.

#ഒന്ന്. #ചികിത്സ_തേടുക
രോഗത്തിനു ചികിത്സ തേടണമെന്നതു മതശാസനയാണ്. സ്വശരീരത്തെ പീഡിപ്പിക്കുവാനോ നശിപ്പിക്കുവാനോ ഇസ്‌ലാം അനുവദിച്ചിട്ടില്ല. കുറ്റകൃത്യമാണ്.

#രണ്ട്. #നിർദ്ദേശങ്ങൾ_പാലിക്കുക
ക്വാറന്റയ്നു വിധേയമാകുന്നത് ഉൾപ്പടെ വൈറസ് വ്യാപനം തടയുന്നതിനു ഭരണാധികാരികൾ പുറപ്പെടുവിക്കുന്ന എല്ലാ നിർദ്ദേശങ്ങളും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും പൂർണ്ണമായും പാലിക്കേണ്ടതാണ്.

#മൂന്ന് #ശുചിത്വം_പാലിക്കുക
ദേഹം, വസ്ത്രം, പാർപ്പിടം, വാഹനം തുടങ്ങി എല്ലായിടങ്ങളും പൂർണമായും മാലിന്യമുക്തമാക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.

#നാല് #വീട്ടിൽ_നിസ്കരിക്കുക
ഭീതിദമോ മാരകമോ അസഹ്യമോ ആയ രോഗങ്ങൾ ഉള്ളവർക്കു സംഘടിതമായി നടക്കുന്ന ജുമുഅ, ജമാഅതുകൾക്കും പെരുന്നാൾ നിസ്കാരങ്ങൾക്കും പങ്കെടുക്കുന്നതിൽ ആനുകൂല്യമുണ്ടെന്നു മതത്തിൽ പരക്കെ അറിയപ്പെട്ടതാണ്. ഇത്തരം സന്ദർഭങ്ങളിൽ രോഗവ്യാപനം ഭയപ്പെടുന്നുവെങ്കിൽ ഈ ആനുകൂല്യത്തെ നിർബന്ധ ബുദ്ധ്യാ പാലിക്കണം. ജുമുഅയിൽ പങ്കെടുക്കാൻ സാധിക്കാത്തവർ പകരം ളുഹ്ർ നിസ്കരിക്കുക. ദിക്ർ - സ്വലാത് മജ്ലിസുകൾ, പഠന ക്ലാസുകൾ എന്നിവ താത്കാലികമായി നിർത്തിവെക്കുക.

#അഞ്ച് #യാത്രകൾക്കു_വിലക്ക്
സിയാറതു യാത്രകൾ, ബിസിനസ് യാത്രകൾ, അത്യന്താപേക്ഷിതമല്ലാത്ത മറ്റു യാത്രകൾ എന്നിവയിൽ നിന്നു പിൻമാറുക.

#ആറ് #ഉംറ_തീർഥാടനങ്ങൾക്കു_നിയന്ത്രണം
മക്കയിൽ കൊറോണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അങ്ങോട്ടു തീർഥാടനത്തിനു വരുന്നയിടങ്ങളിൽ പലയിടത്തും രോഗം വ്യാപിച്ചിരിക്കുന്നു. ഉംറ കഴിഞ്ഞെത്തിയയാളാണ് ഇന്ത്യയിൽ ആദ്യം മരിച്ചത്. അതിനാൽ ഗമനാഗമന വിലക്ക് ഉംറ തീർഥാടനങ്ങൾക്കു കൂടി ബാധകമാണ്.

#ഏഴ് #ഭീതി_പരത്തരുത്
അഭ്യൂഹങ്ങളും കിംവദന്തികളും പരത്താതിരിക്കുക. ഏതു സന്ദർഭത്തിലും അതു കുറ്റകരമാണ്. ഔദ്യോഗികമായ വാർത്തകളും സത്യസന്ധമായ റിപ്പോർട്ടുകളും മാത്രം  ഷെയർ ചെയ്യുക.

#എട്ട് #സഹായഹസ്തം_നീട്ടുക
രോഗികൾ, രോഗമുണ്ടെന്നു സംശയമുള്ളവർ, യാത്രാ തടസ്സം നേരിട്ടു വഴിയിൽ കുടുങ്ങിയവർ, ക്വാറന്റയ്നു വിധേയമായി പൊതുജന സമ്പർക്കം വിലക്കപ്പെട്ടവർ, ജോലി നഷ്ടപ്പെട്ടവർ തുടങ്ങി ആവശ്യക്കാർക്കു സാമ്പത്തികമോ ശാരീരികമോ ആയ സഹായങ്ങൾ, ആത്മവിശ്വാസം പകരുന്ന മനഃശാസ്ത്ര കൗൺസിലിംഗ്, ബോധവത്കരണം എന്നിവ നൽകി കൂടെ നിൽക്കുക.

#ഒമ്പത് #പ്രാർഥിക്കുക
ഏതു പ്രതിസന്ധികളിലും അല്ലാഹുവിലഭയം തേടുക. സത്കർമങ്ങളെയും സത്'വൃത്തികളെയും മുൻനിർത്തി പ്രാർഥിക്കുക. സുന്നതു നിസ്കാരങ്ങൾ, ഇസ്തിഗ്ഫാർ, ഹംദ്, ഖുർആനോത്ത്, സ്വലാത്, ദിക്റുകൾ, നബികീർത്തനങ്ങൾ എന്നിവ വർധിപ്പിക്കുക.
✍ Muhammad Sajeer Bukhari

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....