Monday, March 4, 2019

സകാത്ത്.പ്രവാസി ഫിത്വർ സകാത്ത്



പ്രവാസി ഫിത്വർ സകാത്ത്



ഫിത്വ്ര്‍ സകാത് പണമായി നല്‍കുന്നതും സ്വീകാര്യമല്ല. ഇതു കൊണ്ട് സകാത് വീടുകയില്ല. സകാത് വാങ്ങാന്‍ അര്‍ഹരായവര്‍ വസ്തുക്കള്‍ സ്വീകരിക്കില്ലെന്നും പണമായി നല്‍കിയാല്‍ സ്വീകരിക്കുമെന്നുമുള്ള വാദം നിരര്‍ഥകമാണ്. ശാഫി’ഈ മദ്ഹബ് പ്രകാരം ഇങ്ങനെ പണമായി നല്‍കുന്നതിന് ഒരടിസ്ഥാനവുമില്ല. ഗള്‍ഫിലാണ് ഈ പ്രവണത കൂടുതലായി കണ്ടുവരുന്നത്. സകാത് വീടണമെന്നാഗ്രഹിക്കുന്നവര്‍ ഈ കാര്യം പ്രത്യേകം പരിഗണിക്കേണ്ടതാണ്. ഇമാം നവവി(റ) പറയുന്നു: “ഭക്ഷണ സാധനമായ ധാന്യം കൊടുക്കുന്നതിനു പകരം മാവ്, റൊട്ടി തുടങ്ങിയവ കൊടുത്താല്‍ മതിയാകില്ല. വില നല്‍കിയാല്‍ മതിയാകാത്ത പോലെ തന്നെ” (റൌള്വ 2/164).
ഹനഫീ മദ്ഹബില്‍ പക്ഷേ, വില നല്‍കിയാലും മതിയെന്ന അഭിപ്രായമാണുള്ളത്. ഇമാം നവവി(റ) തന്നെ പറയട്ടെ: “ശാഫി’ഈ ഇമാമും അവിടുത്തെ അനുചരന്മാരും വില നല്‍കിയാല്‍ മതിയാകില്ലെന്നാണ് പറയുന്നത്. ബഹു ഭൂരിപക്ഷം പണ്ഢിതന്മാരുടെയും അഭിപ്രായം ഇതുതന്നെയാണ്. എന്നാല്‍ വില കൊടുത്താല്‍ മതിയെന്ന പക്ഷക്കാരനാണ് ഇമാം അബൂഹനീഫ(റ)” (ശര്‍ഹുല്‍ മുഹദ്ദബ് 6/132).

ശാഫി’ഈ മദ്ഹബിലെ ആധികാരിക പണ്ഢിതനായ ഇമാം ഇബ്നുഹജര്‍(റ) പറയുന്നു: “കേടുപാടുകളില്ലാത്ത ധാന്യം തന്നെയായിരിക്കണം കൊടുക്കേണ്ടതെന്ന് വരുമ്പോള്‍ ഉണക്കമില്ലായ്മ, പുഴുക്കുത്ത് തുടങ്ങിയ കേടുകളുള്ളവയും ധാന്യത്തിന്റെ വിലയും മതിയാകുന്നതല്ല” (തുഹ്ഫ 3/324).

നമ്മുടെ മദ്ഹബില്‍ വിലകൊടുത്താല്‍ മതിയാകില്ലെന്നത് ഏകകണ്ഠാഭിപ്രായമാണെന്ന് നിഹായ 3/123ലും മുഗ്നി 1/407ലും പ്രസ്താവിച്ചിട്ടുണ്ട്. ഇത് ശര്‍വാനി(റ) തുഹ്ഫയുടെ വ്യാഖ്യാനത്തില്‍ ഉദ്ധരിച്ചിട്ടുമുണ്ട്. ശാഫി’ഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥങ്ങളുടെ ഉപര്യുക്ത ഉദ്ധരണികളില്‍ നിന്ന് ധാന്യത്തി ന്റെ വില നല്‍കിയാല്‍ മതിയാകില്ലെന്നത് ശാഫി’ഈ മദ്ഹബിലെ ഏകകണ്ഠാഭിപ്രായമാണെന്നും മറ്റു മദ്ഹബിലെ ഭൂരിപക്ഷ പണ്ഢിതന്മാരും ഈ അഭിപ്രായക്കാര്‍ തന്നെയാണെന്നും ഇമാം അബൂഹനീഫ (റ) വില നല്‍കിയാലും മതിയെന്ന പക്ഷക്കാരനാണെന്നും വ്യക്തമായി.

ഗള്‍ഫിലെ പ്രത്യേക സാഹചര്യം എടുത്തുകാട്ടി ചില ശാഫി’ഈ മദ്ഹബുകാര്‍ തന്നെ അവിടങ്ങളില്‍ സകാത് പണമായി നല്‍കുകയും അതിന് ഹനഫീ മദ്ഹബിന്റെ പിന്തുണ അവകാശപ്പെടുകയും ചെയ്യാറുണ്ട്. ഇവിടെ ശ്രദ്ധേയമായൊരു വസ്തുതയുണ്ട്. വെറും എളുപ്പം കണക്കിലെടുത്ത് മാത്രം മാറാവുന്നതല്ല മദ്ഹബ്. അനിവാര്യമായ സാഹചര്യത്തില്‍ മാത്രമാണ് അത് അനുവദനീയമാകുന്നത്. ഇബ്നുഹജര്‍(റ) പറയുന്നു; “സ്വന്തം ‘അമലിന് വേണ്ടി മറ്റു മദ്ഹബുകള്‍ അനുകരിക്കാമെന്ന് പറഞ്ഞത് എല്ലാ മദ്ഹബില്‍ നിന്നുമുള്ള എളുപ്പമാര്‍ഗങ്ങള്‍ ചികഞ്ഞെടുക്കാതിരിക്കുമ്പോഴാണ്. അല്ലെങ്കില്‍ അതുകൊ ണ്ട് അവന്‍ കുറ്റക്കാരനാകും. എന്നല്ല ഫാസിഖ്വാകും എന്നുവരെ അഭിപ്രായമുണ്ട്” (തുഹ്ഫ 1/47).

ഇനി ഹനഫീ മദ്ഹബ് അവലംബിക്കല്‍ തന്നെ ആ മദ്ഹബില്‍ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും പഠിച്ചതിനു ശേഷമേ ആകാവൂ. ഒരു വിഷയത്തില്‍ സ്വന്തം മദ്ഹബ് വിട്ട് മറ്റൊന്ന് അവലംബിക്കുമ്പോള്‍ തല്‍വിഷയവുമായി ബന്ധപ്പെട്ട സര്‍വ്വ നിബന്ധനകളിലും ആ മദ്ഹബ് തന്നെ സ്വീകരിക്കണമെന്നാണ് നിയമം.” (തുഹ്ഫ 1/47) ഇത് പാലിക്കാതിരുന്നാല്‍ ഒരു ഇമാമും പറയാത്ത രൂപമായിരിക്കും അയാള്‍ സ്വീകരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ എല്ലാ മദ്ഹബിന്റെയും പിന്‍ബലം അവന് നഷ്ടപ്പെടുകയായിരിക്കും ഫലം. ഇത് ഖ്വാള്വിക്കും മുഫ്തിക്കും മാത്രമല്ല സ്വന്തം ‘അമലിനും ബാധകമാണെന്ന് തുഹ്ഫ 1/47ല്‍ തന്നെ വിശദീകരിക്കുന്നു. പത്താം വാള്യത്തില്‍ ഖ്വള്വാഇ(വിധി)ന്റെ അധ്യായത്തില്‍ തുഹ്ഫ ഇത് കൂടുതല്‍ വിശദമാക്കുന്നുണ്ട്.

എന്നാല്‍ നാട്ടിലെ പ്രധാന ധാന്യം കിട്ടാതെ വന്നാല്‍ മദ്ഹബ് മാറാവുന്നതാണ്. ഇമാം റംലി(റ) പറയുന്നു: “(സകാതുല്‍ ഫിത്വ്ര്‍ ഗോതമ്പ് കൊടുക്കേണ്ട സ്ഥലത്ത്) ഒരാള്‍ക്ക് ഗോതമ്പ് ലഭിച്ചില്ലെങ്കില്‍ ഇമാം അബൂഹനീഫ(റ)യുടെ മദ്ഹബ് തഖ്വ്ലീദ് ചെയ്ത് സകാതിന് വില കണക്കാക്കി ദിര്‍ഹമുകള്‍ നല്‍കാവുന്നതാണ്.” (ഫതാവാ റംലി, ഹാമിശു ഫതാവല്‍ കുബ്റ 2/55).

ധാന്യം ആരും സ്വീകരിക്കില്ലെന്ന ന്യായം മദ്ഹബ് മാറാന്‍ ശാസിക്കുന്നില്ല. സകാത് നിര്‍ബന്ധമായ നാട്ടില്‍ വാങ്ങാന്‍ തരപ്പെട്ടവര്‍ ഇല്ലാതാകുകയോ ഉള്ളവര്‍ തിരസ്കരിക്കുകയോ ചെയ്താല്‍ അയല്‍ നാടുകളിലേക്ക് നീക്കം ചെയ്യണമെന്നാണ് ശാഫി’ഈ മദ്ഹബ് നിര്‍ദേശിക്കുന്നത്. ഇങ്ങനെ നീക്കുമ്പോള്‍ വസ്തുക്കള്‍ തന്നെ നീക്കം ചെയ്യണമെന്നില്ല. സകാത് ധാന്യം വാങ്ങിക്കൊടുക്കാന്‍ ഒരാളെ വകാലതാക്കി പണം അയാള്‍ക്ക് അയച്ച് കൊടുക്കാവുന്നതാണ്. അയാള്‍ സാധനങ്ങള്‍ വാങ്ങി അര്‍ഹര്‍ക്ക് നല്‍കിക്കൊള്ളട്ടെ. സകാത് വാങ്ങാന്‍ അര്‍ഹതയുള്ളവര്‍ സാധനം സ്വീകരിക്കില്ലെന്ന് പറയുന്നതും ശരിയല്ല. അനുഭവം ഇതിനെതിരാണ്.
നാല് മദ്ഹബിലും മുഫ്തിയും സമസ്തയുടെ മുന്‍കാല നേതാക്കളില്‍ പ്രധാനിയുമായ ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശാലിയാത്തി(റ)യോട് ഇതേ വിഷയകമായി ഉന്നയിക്കപ്പെട്ട ചോദ്യവും മറുപടിയും താഴെ ചേര്‍ക്കുന്നു.

ചോദ്യം: അരിയും നെല്ലും ഭക്ഷണത്തിന് മതിയാകുന്ന നിലക്ക് കിട്ടാതിരിക്കുകയും അധികവിലക്ക് കിട്ടിയാല്‍ കൊണ്ടുവരാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഫിത്വ്ര്‍ സകാത് വില കൊടുത്താല്‍ വീടുമോ? പലരും പല വിധവും പറയുന്നു. ഈ കാര്യത്തില്‍ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് മറുപടി തരാന്‍ അപേക്ഷിക്കുന്നു.


മറുപടി: പൂള(മരച്ചീനി) മുതലായവ ‘ഗാലിബൂ ഖ്വൂതില്‍ ബലദ്’ (നാട്ടിലെ പ്രധാന ഭക്ഷണം) ആയ സ്ഥിതി നോക്കുമ്പോള്‍ അതു കൊണ്ടു തന്നെ സകാതുല്‍ ഫിത്റ് നല്‍കേണ്ടതാണ്. ഹനഫീ മദ്ഹബില്‍ വില കൊടുത്താല്‍ മതിയെന്ന് പറയുന്നത് സാധനം കിട്ടുന്ന ന്യായവിലയാണ്. (ക്ഷാമമേറിയ ഈ അവസരത്തില്‍) കണ്‍ട്രോള്‍ വിലക്ക് സാധനം കിട്ടുകയില്ലല്ലോ. കൂടാതെ ആ മദ്ഹബിലെ തഫ്സ്വീലുകള്‍ (വിശദീകരണങ്ങള്‍) അറിഞ്ഞ് അതേ പ്രകാരം കൊടുത്ത് വീട്ടേണ്ടതുമാണ്. ഇതില്‍ പല കുഴപ്പങ്ങളും വന്നു കൂടാനിടയുണ്ട്. കാരണം ഹനഫീ മദ്ഹബില്‍ ഒരു സ്വാ’അ് എന്ന് പറയുന്നത് ഇറാഖ്വ് തൂക്കമനുസരിച്ചുള്ള എട്ട് റാത്തലുകളാണ്. ശാഫി’ഈ മദ്ഹബില്‍ അഞ്ച് റാത്തലും ഒരു റാത്തലിന്റെ മുന്നില്‍ ഒരു വിഹിതവുമാണ്. മാത്രമല്ല സകാത് കൊടുക്കാന്‍ നിര്‍ബന്ധമായ തുക കയ്യിലിരിപ്പുള്ള സ്വതന്ത്രനും മുസ്ലിമുമായ വ്യക്തിക്ക് മാത്രമാണ് ഹനഫീ മദ്ഹബ് പ്രകാരം സകാത് നിര്‍ബന്ധമാവുക. ആ വ്യക്തി സ്വന്തം ശരീരത്തിനു വേണ്ടിയും ഫഖ്വീറായ കുട്ടിക്ക് വേണ്ടിയും അവന്റെ ഉടമയില്‍പ്പെട്ട പരിചാരകന് വേണ്ടിയും സകാത് കൊടുക്കണം. ഭാര്യക്ക് വേണ്ടിയും വലിയ കുട്ടിക്ക് വേണ്ടിയും കഴിവുള്ള കുട്ടിക്ക് വേണ്ടിയും സകാത് നല്‍കേണ്ടതില്ല. പെരുന്നാള്‍ ദിവസത്തിന്റെ ഫജ്റുസ്വാദിഖ്വ് ഉദിക്കുന്നതോടെയാണ് സകാത് നിര്‍ബന്ധമാവുക. പിന്നെ ക്ഷേമമുള്ളപ്പോള്‍ ആവശ്യാനുസൃതം സാധനം വാങ്ങാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ ഭക്ഷണ സാധനം തന്നെ സകാതായി കൊടുക്കുന്നതാണ് നല്ലത്. അല്ലാത്ത സ്ഥലങ്ങളില്‍ വിലയും. ക്ഷാമമുള്ളപ്പോള്‍ ഭക്ഷണ സാധനം തന്നെ കൊടുക്കുന്നതാണ് ഏറ്റവും അഭികാമ്യം. ഏതവസരത്തിലും നിരുപാധികം ഭക്ഷണസാധനം തന്നെ കൊടുക്കലാണുത്തമമെന്ന അഭിപ്രായവുമുണ്ട്. ഇതനുസരിച്ചാണ് ഹനഫീ മദ്ഹബില്‍ ഫത്വ നല്‍കപ്പെടുന്നത്. (ഹനഫീ കര്‍മശാസ്ത്രമായ) ശര്‍ഹുല്‍ വിഖ്വായ, അതിന്റ വ്യാഖ്യാനമായ ഉംദതുരി’ആയ എന്നിവയില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. എന്നിരിക്കെ ഭക്ഷണത്തിന് ക്ഷാമം വ്യാപകമായ ഈ കാലത്ത് (ഹി. 1363) വിലകൊടുക്കാന്‍ ഫത്വ നല്‍കുന്നതിന് ഹനഫീ മദ്ഹബില്‍ ഫത്വ നല്‍കപ്പെടുന്നതിന് വിരുദ്ധമാണ്. അതു കൊണ്ടുതന്നെ ആ ഫത്വക്ക് സാധുതയുമില്ല. ഈ വിഷയകമായി എനിക്ക് മനസ്സിലായവയാണ് ഇവയെല്ലാം.”

എന്ന്, ശിഹാബുദ്ദീന്‍ അഹ്മദ്കോയശാലിയാത്തി. റമള്വാന 17. ഹി. 1363 (അല്‍ഫതാവല്‍ അസ്ഹരിയ്യ, 1/131)

മാത്രമല്ല ഹനഫീ മദ്ഹബില്‍ ഓരോ വ്യക്തിക്കും വേണ്ടി ഫിത്വ്ര്‍ സകാതായി നല്‍കേണ്ടത് ഒരു സ്വാ’ഇന്റെ പകുതിയാണെന്ന് ബദാഇഉസ്വനഇഅ് 2/72ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്രയും വിശദീകരണങ്ങള്‍ ഹനഫീ മദ്ഹബനുസരിച്ച് പ്രവര്‍ത്തിക്കുമ്പോഴുള്ളത് കൊണ്ട് ഇതൊന്നും പരിഗണിക്കാതെ കേവലം പതിനഞ്ച് ദിര്‍ഹം കൊടുത്താല്‍ മതിയെന്ന് പറഞ്ഞ് സാധാരണക്കാരില്‍ നിന്ന് അത് പിരിച്ചെടുക്കുന്നത് ഏത മദ്ഹബനുസരിച്ചും അസാധുവാകാന്‍ സാധ്യതയുള്ളതിനു പുറമെ ഫിത്വ്ര്‍ സകാത് ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത്  വിതരണം ചെയ്യുന്ന സംഘടിത സകാതിന്റെ കുറ്റവും വരുന്നുണ്ട്.

ഇപ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ മനസ്സിലായി.
(1) ആഹാര സാധനങ്ങള്‍ സ്വീകരിക്കില്ലെന്ന കാരണത്താല്‍ സകാത് പണമായി നല്‍കാന്‍ ശാഫി’ഈ മദ്ഹബില്‍ നിര്‍വാഹമില്ല. (2) ഇത്തരം ഘട്ടങ്ങളില്‍ സകാത് അന്യനാടുകളിലേക്ക് നീക്കുകയാണ് വേണ്ടത്. (3) ഇങ്ങനെ നീക്കുമ്പോള്‍ വസ്തുക്കള്‍ തന്നെ നീക്കണമെന്നില്ല. പണം അയച്ച് കൊടുത്ത് മറ്റൊരാളെ വകാലത്താക്കിയാലും മതി. (4) ഓരോ വ്യക്തിയുടെയും സകാതിന് പകരം പതിനഞ്ച് ദിര്‍ഹം ഈടാക്കുകയും അവ എന്തിനെല്ലാമോ വിനിയോഗിക്കുകയും ചെയ്യുന്ന ഗള്‍ഫ് നാടുകളിലെ പ്രവണത ദുരൂഹവും അടിസ്ഥാനരഹിതവുമാണ്.

അവകാശികള്‍
മുസ്ലിം സമുദായത്തില്‍ പെട്ട എട്ട് വിഭാഗക്കാരെയാണ് സകാതിന്റെ അവകാശികളായി ഖ്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.  അവരല്ലാത്തവര്‍ക്ക് നല്‍കിയാല്‍ സകാത് വീടില്ലെന്നും ഖ്വുര്‍ആന്‍ ഉല്‍ബോധിപ്പിക്കുന്നു. (1) ഫഖ്വീര്‍ (ദരിദ്രന്‍). തന്റെ പ്രതിദിന ജീവിതം വഴി മുട്ടിയവന്‍. ദൈനംദിന  ചെലവുകളുടെ അന്‍പത് ശതമാനം വരെ വരുമാനമില്ലാത്തവനാണ് ഫഖീര്‍. (2) മിസ്കീന്‍(അഗതി). ജീവിതം പ്രയാസമുള്ളതാണെങ്കിലും ചെലവിന്റെ അന്‍പത് ശതമാനമോ അതിലധികമോ വരുമാനമുള്ളവന്‍. (3) സകാത് ജീവനക്കാര്‍. ഇസ്ലാമിക ഭരണത്തിന്‍ കീഴില്‍ സകാത് പിരിച്ചെടുക്കാനും വിതണം ചെയ്യാനും സൂക്ഷിക്കുവാനും കണക്കെഴുതാനും മറ്റുമായി സംഘടിപ്പിക്കുന്ന ബൈതുല്‍മാലിന്റെ ഉദ്യോഗസ്ഥരാണിക്കൂട്ടര്‍. നമ്മുടെ രാജ്യം ഇസ്ലാമിക റിപ്പബ്ളിക് അല്ലാത്തതിനാല്‍ ഇക്കൂട്ടര്‍ ഇവിടെയില്ല. എന്നിരിക്കെ നമ്മുടെ രാജ്യത്ത് സകാത് പിരിച്ചെടുത്ത് വിതരണം ചെയ്യുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന കമ്മിറ്റി ഉദ്യോഗസ്ഥന്മാര്‍ ഈ വിഭാഗത്തില്‍ പെട്ടവരാണെന്ന് പറഞ്ഞ് അവര്‍ക്ക് സകാത് വിഹിതം നല്‍കുന്നത് നിഷിദ്ധവും വിവരക്കേടിന്റെ സൃഷ്ടിയുമാണ്. എന്നല്ല, സകാത് വീടുകയും ഇല്ല. (4) മുഅല്ലഫതുല്‍ ഖ്വുലൂബ് (പുതുവിശ്വാസികള്‍) ഇസ്ലാമിന്റെ സൌന്ദര്യമാസ്വദിക്കാന്‍ വെമ്പല്‍ കൊണ്ട് മറ്റു മതങ്ങളില്‍ നിന്നും ഇസ്ലാം സ്വീകരിച്ചവര്‍. ഇത്തരമാളുകളുടെ സാമ്പത്തിക ഭദ്രതക്ക് വേണ്ടിയും ഇതരരുടെ ഇസ്ലാമികാശ്ളേഷണത്തിന് പ്രചോദനമേകാനും വേണ്ടിയാണ് പുതു വിശ്വാസികള്‍ക്ക് സകാത് നല്‍കുന്നത്.

(5) ഉടമയുമായി മോചനക്കരാറില്‍ ഏര്‍പ്പെട്ട അടിമ. (നിശ്ചിത തുകയടച്ചാല്‍ നിന്നെ സ്വതന്ത്രനാക്കാമെന്ന് യജമാനന്‍ വാഗ്ദത്തം നല്‍കിയ അടിമ). ഉടമക്ക് മേല്‍ സംഖ്യ അടച്ചുതീര്‍ക്കേണ്ട ആവശ്യത്തിലേക്ക് വിനിയോഗിക്കുന്നതിന് വേണ്ടി ഈ അടിമയെ സകാതിന്റെ അവകാശികളില്‍ ഇസ്ലാം ഉള്‍പ്പെടുത്തുന്നു. ഈ സാധ്യത ഇന്നില്ലാത്തതിനാല്‍ ഈ വിഭാഗം ഇന്നില്ലെന്ന് ശ്രദ്ധേയമാണ്.

(6) കടക്കാരന്‍. അനിസ്ലാമികമല്ലാത്ത കാര്യങ്ങള്‍ക്ക് കടക്കാരനായവന്‍. സാമൂഹിക നന്മ, ഒത്തുതീര്‍ പ്പ്, പള്ളി നിര്‍മ്മാണം, അതിഥി സല്‍ക്കാരം എന്നിവക്കു വേണ്ടി കടക്കാരനായവനുംഇതില്‍പ്പെടുന്നു.

(7) യോദ്ധാവ്: ഇസ്ലാമിക മുദ്രാവാക്യം ഉയര്‍ന്നു കാണുന്നതിന് വേണ്ടി വേതനം വാങ്ങാതെ ശത്രുക്കളോട് പട പൊരുതാന്‍ തയ്യാറെടുത്തവന്‍. ഐശ്വര്യമുണ്ടെങ്കില്‍ തന്നെ ഇവരുടെ സേവനത്തിന്റെ ഗൌരവം കണക്കിലെടുത്ത് ആയുധം, വസ്ത്രം, ഭക്ഷണം എന്നിവയുടെ ഭീമമായ ചെലവിലേക്ക് വേണ്ടി ഇവര്‍ക്കും സകാത് നല്‍കേണ്ടതാണ്. ജിഹാദ് നടത്തേണ്ടത് മുസ്ലിം ഭരണാധികാരിയുടെ അധീനത്തിലാകേണ്ടതിനാലും മതേതര രാജ്യമായ ഇന്ത്യയില്‍ ഇന്ന് ആ ഭരണാധികാരിയുടെ അഭാവത്താലും ഇസ്ലാം പറഞ്ഞ യോദ്ധാവ് ഇന്ത്യയില്‍ ഇന്നില്ലെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
(8) യാത്രക്കാരന്‍: ഇസ്ലാം വിലക്കാത്ത യാത്ര നടത്തുന്ന വ്യക്തി. മറ്റു രാജ്യത്തുനിന്നും തുടങ്ങി സകാത് നല്‍കുന്നവന്റെ നാട്ടിലൂടെ യാത്ര ചെയ്താലും കൊടുക്കുന്ന നാട്ടില്‍നിന്നുതന്നെ യാത്രതുടങ്ങിയാലും അവകാശി തന്നെ. യാത്ര ശിക്ഷയുടെ ഒരു ഭാഗമാണെന്ന നബിവചനം യാത്രക്കാരന്റെ പരാധീനതയെകുറിക്കുന്നു.

വിതരണ രീതി
വളരെ പ്രധാനമായ ഒരു വിഷയമാണിത്. നിര്‍ബന്ധദാനം ആത്മാര്‍ത്ഥമായി കൊടുത്തുവീട്ടുന്നവന്‍ അറിയാതെ വഞ്ചിക്കപ്പെടുന്നത് ഏറെ ഖേദകരമാണ്. ജീവിതകാലത്ത് സകാത് ഇനത്തില്‍ ഭീമമായ തുക ചിലവഴിച്ച് പ്രതിഫലേച്ഛയുമായി പരലോകത്തെത്തുമ്പോഴാണ് തങ്ങളുടെ സകാത് വീടിയിട്ടില്ലെന്നവരറിയുക. ഇവര്‍ ഒരിക്കല്‍ പോലും സകാത് നല്‍കാത്തവര്‍ക്കുള്ള ശിക്ഷയാണ് അനുഭവിക്കേണ്ടിവരിക. ഇത് എത്രമേല്‍ ഗൌരവമല്ല.?

സകാത് വിതരണത്തിന് മൂന്ന് മാര്‍ഗമാണ് ഇസ്ലാം നിര്‍ദേശിക്കുന്നത്. നാലാമതൊരു രൂപം ഇതിനില്ല. ഈ മൂന്ന് രൂപങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ തന്റെ വിതരണ രീതി ഉള്‍പ്പെട്ടതായി ഓരോ സകാത് ദായകനും ഉറപ്പു വരുത്തേണ്ടതാണ്.

(1) സകാത് വിഹിതം അവകാശികള്‍ക്ക് താന്‍ തന്നെ എത്തിച്ച് കൊടുക്കുക. (2) ഇസ്ലാമിക ഭരണം നടത്തുന്ന ഇമാമി(ഇസ്ലാമിക ഭരണാധികാരി)നെ ഏല്‍പ്പിക്കുക. (3) അവകാശികളിലെത്തിക്കാന്‍ വേ ണ്ടി വിശ്വസ്തനായ ഒരു വകീലിനെ ചുമതലപ്പെടുത്തുക.

ഇമാം നവവി(റ) ഈ വിഷയം വിവരിക്കുന്നത് ശ്രദ്ധേയമാണ്. “സകാത് വിതരണത്തിന് നിയ്യതും പ്രവൃത്തിയും ആവശ്യമാകും. പ്രവൃത്തി മൂന്നു വിധത്തില്‍ സംഭവിക്കാം. ഒന്ന്: ഉടമസ്ഥര്‍ തന്നെ നേരിട്ട് (അവകാശികള്‍ക്ക്) എത്തിക്കല്‍. രണ്ട്: ഇമാമിലേക്ക് എത്തിക്കല്‍. മൂന്ന്: ഇമാമിനോ അല്ലെങ്കില്‍ അവകാശികള്‍ക്കോ എത്തിക്കാന്‍ വകീലിനെ ചുമതലപ്പെടുത്തല്‍.” (റൌള്വ 2/60, 61)

“വകീലിനെ ചുമതലപ്പെടുത്തുമ്പോള്‍ ഉത്തര വാദിത്വം ഒഴിവാകണമെങ്കില്‍ യഥാര്‍ത്ഥ അവകാശികള്‍ക്ക് തന്റെ സകാത് എത്തുന്നുണ്ടെന്ന് പൂര്‍ണമായും ഉറപ്പുവരുത്തലും എത്തി എന്നറിയലും നിര്‍ബന്ധമാണ്.” (ഹാശിയതുന്നിഹായ 3/136)

വകീല്‍ വഞ്ചന നടത്തിയാല്‍ ഉടമസ്ഥന്റെ ബാധ്യത ഒഴിവാകുന്നില്ല. കാരണം ഉടമസ്ഥന്റെ കരവും വകീലിന്റെ കരവും ഒന്നാണ്. ഉടമസ്ഥന്‍ നേരിട്ട് വിതരണം ചെയ്യുന്ന രൂപത്തില്‍ അവകാശികള്‍ കൈപ്പറ്റിയില്ലെങ്കില്‍ സകാത് വീടാത്ത പോലെ വകീല്‍ വിതരണം ചെയ്യുമ്പോഴും അര്‍ഹരായവര്‍ കൈപ്പറ്റിയിട്ടില്ലെങ്കില്‍ ബാധ്യത ഒഴിവാകുന്നതല്ല. മറിച്ച് ഇമാമിനെ ഏല്‍പ്പിക്കുകയും ഇമാം ഉദാസീനത കാട്ടി അര്‍ഹര്‍ക്ക് ലഭിക്കാതിരിക്കുകയും ചെയ്താല്‍ ഉടമസ്ഥന്‍ കടക്കാരനല്ലാത്തതിന് പുറമെ ബാധ്യത വീടുകയും ചെയ്യും. കാരണം ഇമാം അവകാശികളെ പ്രതിനിധീകരിക്കുന്നതിനാല്‍ ഇമാമിനെ ഏല്‍പ്പിക്കല്‍ തത്വത്തില്‍ അവകാശികളെ ഏല്‍പ്പിക്കലായി. ശര്‍ഹുല്‍ മുഹദ്ദബ് 6/165, റൌള്വ 2/61, തുഹ്ഫ 3/345 എന്നിവ നോക്കുക.
ഇമാം നവവി(റ) തന്നെ പറയട്ടെ: “അപ്പോള്‍ വകീലിന്റെ ഉത്തരവാദിത്വം ഇമാമിനെയോ ഇമാമിന്റെ പ്രതിനിധിയെയോ ഏല്‍പ്പിക്കലോ യഥാര്‍ത്ഥ അവകാശികള്‍ക്ക് വിതരണം ചെയ്യലോ ആണ്” (ശര്‍ ഹുല്‍ മുഹദ്ദബ് 6/165). ഇബ്നുഹജര്‍(റ) എഴുതുന്നു: “സകാതിന്റെ സാധുതക്ക് നിയ്യത് നിര്‍ബന്ധമാണ്. ഉടമസ്ഥന്‍ തന്നെ നിയ്യത് ചെയ്യേണ്ടതും അല്ലെങ്കില്‍ വകീലിനെ നിയ്യത് ചെയ്യാന്‍ ചുമതലപ്പെടുത്തേണ്ടതുമാണ്” (തുഹ്ഫ 3/348, 349).

ഉടമസ്ഥന്‍ തന്നെ നിയ്യത് ചെയ്യണമെന്നും അല്ലെങ്കില്‍ വകീലിനെ ഏല്‍പ്പിക്കണമെന്നും രണ്ടുമില്ലെങ്കില്‍ സകാത് അസാധുവാണെന്നും മേല്‍ വിശദീകരണത്തില്‍ നിന്ന് മനസ്സിലാക്കാം. എന്നാല്‍ സകാത് കമ്മിറ്റികളെ ഏല്‍പ്പിക്കല്‍ മേല്‍ പറഞ്ഞ ഒരിനത്തിലും പെടില്ലെന്നത് പ്രത്യേകം ഗ്രഹിക്കേണ്ടതാണ്. കാരണം ഒന്നാം രൂപം ഉടമസ്ഥന്‍ നേരിട്ട് അവകാശികള്‍ക്ക് കൊടുക്കലാണ്. അവകാശികളില്‍ കമ്മിറ്റി പെടില്ല. രണ്ടാം ഇനം ഉടമസ്ഥന്‍ തന്റെ സകാത് നല്‍കാന്‍ വേണ്ടി ഇമാമിനെ ഏല്‍പ്പിക്കലാണ്. കമ്മിറ്റിയെ ഏല്‍പ്പിക്കല്‍ ഈ ഇനത്തിലും പെടില്ല. കമ്മിറ്റി ഇമാമല്ലെന്നതാണ് കാരണം. മൂന്നാമത്തെ ഇനം തന്റെ സകാത് കൊടുത്തു വീട്ടാന്‍ മറ്റൊരാളെ ചുമതലപ്പെടുത്തുകയും ആ വകീല്‍ അവകാശികള്‍ക്ക് വിതരണം ചെയ്യലുമാണ്. സകാത് വിതരണ കമ്മിറ്റി ഈ ഇനത്തിലും പെടില്ല. ഇതല്‍പ്പം വിശദീകരിക്കാം.

സകാത് കമ്മിറ്റി ഒരു വകീലിന്റെ റോളിലാണെന്നും വകീല്‍ വിതരണം ചെയ്താല്‍ സകാത് സാധുവാകുന്നത് പോലെ കമ്മിറ്റിയാകുന്ന വകീല്‍ വിതരണം ചെയ്താലും സാധുവാകുമെന്നുമാണ് ചിലരുടെ വാദം. ഒരു കാരണവശാലും കമ്മിറ്റി വകീലാവുകയില്ല. ഒരാള്‍ വകീലായി പരിഗണിക്കപ്പെടാന്‍ ധാരാളം നിബന്ധനകള്‍ ഉണ്ട്.

(1) ഊമയല്ലാത്തവന്‍ വ്യക്തമായ വാക്കോ വകാലതിനെ കരുതലോടെയുള്ള അവ്യക്തമായ വാക്കോ എഴുത്തോ മുഖേന വകാലതാക്കണം. ഊമയാണെങ്കില്‍ വകാലതിനെ കുറിക്കുന്ന ആംഗ്യം ഉണ്ടായിരിക്കേണ്ടതാണ് (തുഹ്ഫ 5/298). (2) വകീല്‍ നിശ്ചിത വ്യക്തിയായിരിക്കണം. നിങ്ങള്‍ രണ്ടിലൊരാളെ ഞാന്‍ വകീലാക്കി എന്നു പറഞ്ഞാല്‍ സാധുവാകുന്നതല്ല(തുഹ്ഫ 5/298).

ഈ പറഞ്ഞ രണ്ട് നിബന്ധനകളും കമ്മിറ്റിയെ ഏല്‍പ്പിക്കുമ്പോള്‍ പാലിക്കപ്പെടുന്നില്ല. കാരണം കമ്മിറ്റിയെ ഏല്‍പ്പിക്കുന്ന സമയത്ത് വാക്കോ എഴുത്തോ മുഖേന ചുമതലപ്പെടുത്തലില്ല. മറിച്ച് പാത്രവുമായി നടക്കുന്ന റസീവറുടെ പാത്രത്തില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. കമ്മിറ്റിയെ ഏല്‍പ്പിക്കുമ്പോള്‍ നിശ്ചിതമായ ഒരാളല്ല ഏല്‍ക്കുന്നത്. പലരും ഉള്‍പ്പെടുന്ന സംഘമാണ്. വകീല്‍ നിശ്ചിത വ്യക്തിയായിരിക്കണമെന്ന നിബന്ധന ഇവിടെ ലംഘിക്കപ്പെടുന്നു.

(3) ഏല്‍പ്പിച്ച വ്യക്തി യഥാര്‍ത്ഥത്തില്‍ അവകാശികള്‍ക്ക് സകാത് എത്തിച്ചിരിക്കുന്നുവെന്ന് ഏല്‍പ്പിക്കുന്നവന് ഉറപ്പുണ്ടാകണം.

(4) വകീലിനെ ഏല്‍പ്പിക്കുമ്പോഴോ ഏല്‍പ്പിക്കപ്പെട്ട വകീല്‍ വിതരണം ചെയ്യുമ്പോഴോ സ്വത്തിന്റെ ഉടമസ്ഥനോ അവന്റെ സമ്മത പ്രകാരം വകീലോ നിയ്യത് ചെയ്തിരിക്കണം. ഈ പറഞ്ഞ രണ്ടു നിബന്ധനകളും ഇന്നത്തെ സകാത് കമ്മിറ്റിയെ ചുമതലപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്നില്ല. കാരണം കമ്മിറ്റി പ്രസ്തുത സ്വത്ത് ആര്‍ക്കൊക്കെ എങ്ങനെയൊക്കെ വിതരണം ചെയ്യുന്നുവെന്നും ബാക്കി എന്തു ചെയ്യുന്നുവെന്നും പാവം പൊതു ജനം അറിയുന്നില്ല. മിക്കവാറും ഉടമസ്ഥന്‍ കമ്മിറ്റിയെ നിയ്യത് ചെയ്യാന്‍ ചുമതലപ്പെടുത്തുന്നുമില്ല. എന്നല്ല, അവന്‍ സ്വയം അത് ചെയ്യുന്നുമില്ല.

(5) ഉടമസ്ഥന്‍ ഒരാളെ വകീലാക്കിയാല്‍ അവന്‍ തന്നെ ആ കാര്യം നിര്‍വഹിക്കണം. അവന്‍ മറ്റൊരാളെ ചുമതലപ്പെടുത്താന്‍ പാടില്ല. (തുഹ്ഫ 5/323) ഇന്നത്തെ കമ്മിറ്റികളില്‍ പിരിച്ചെടുക്കുന്നവരല്ല വിതരണം ചെയ്യുന്നത്. ഒരു വിഭാഗം പിരിക്കാനും മറ്റൊരു വിഭാഗം വിതരണത്തിനുമെന്നിങ്ങനെയാണ് ഈ സകാത് കമ്മിറ്റിയുടെ ശൈലി.

(6) ഏല്‍പ്പിക്കുന്ന ഉടമസ്ഥന്‍ തന്റെ വകീലിനെ തല്‍സ്ഥാനത്തു നിന്നും പിന്‍വലിച്ചാല്‍, അല്ലെങ്കില്‍ സകാത് കൊടുക്കേണ്ട ബാധ്യതയില്‍ നിന്നും അവന്‍ ഒഴിവായാല്‍ സ്വത്ത് തിരിച്ചേല്‍പ്പിക്കാന്‍ വകീലിന്് കഴിയണം. (തുഹ്ഫ 5/340) കമ്മിറ്റി ശൈലിയില്‍ ഇതും അസാധ്യമാണ്. മാത്രമല്ല, സകാത് കൊടുക്കാന്‍ ബാധ്യസ്ഥനായ വ്യക്തി തന്നെ സകാത് സ്വീകരിക്കാനും അര്‍ഹതയുള്ളവനായാല്‍ നല്‍കിയ സ്വത്ത് തിരിച്ച് ലഭിക്കുന്ന രൂപവും സംഘടിത വിതരണത്തില്‍ സംഭവിക്കുന്നു. ഇക്കാരണത്താലെല്ലാം ഇന്നത്തെ സംഘടിത രീതി സാധുവാകുകയില്ലെന്ന് ബോധ്യമായി.

ബുർദയും വിമർശകരും

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ*










👆👆🔎ബുർദയും വിമർശകരും





പുത്തനാശയക്കാർ ഏറ്റവും കൂടുതൽ വിമര്ശിച്ചുകൊണ്ടിരിക്കുന്ന കവിതാ സമാഹരമാണ് ബുർദ. അവരുടെ ആശയങ്ങൾക്ക് കടക വിരുദ്ധമായ പ്രസ്താവനകൾ അതുൾകൊള്ളുന്നുവെന്നതാണ് വിമര്ശനത്തിനുള്ള ഏക കാരണം. ബുര്ദയുമായി ബന്ധപ്പെട്ട് അവർ നടത്തുന്ന വിമർശനങ്ങളും അതിന്റെ മറുപടികളും നമുക്കിപ്പോൾ വായിക്കാം:

വിമർശനം 1

ബുർദയിൽ പറയുന്നു:


സാരം:
"ഒരാളുടെ നിർബന്ധിതാവസ്ഥ എങ്ങനെയാണ് ഇഹലോക സുഖങ്ങളിലേക്ക് ക്ഷണിക്കുക. അവരില്ലായിരുന്നുവെങ്കിൽ ഈ ലോകം തന്നെ ഇല്ലായ്മയിൽ നിന്ന് (ഉണ്മയിലേക്ക്) വരുമായിരുന്നില്ല".

ലോക സൃഷ്ടിപ്പിനു കാരണം മുഹമ്മദ് നബി(സ്)യാണെന്ന വാദത്തിന് ഖുർആനിന്റെയോ ഹദീസിന്റെയോ പിൻബലമില്ല. അത് അസത്യവും ബാലിശവുമാണ്.

വിമർശനത്തിനു മറുപടി

ഇത് ശരിയല്ല. നബി(സ്) ലോക സൃഷ്ട്ടിപ്പിന് നിമിത്തമാണെന്ന ആശയം പ്രബലമായ ഹദീസിൽ വന്നതാണ്. അല്ലാമ ബാജൂരി(റ) എഴുതുന്നു:  



സാരം:
നബി(സ)യുടെ ഉണ്മയില്ലായിരുന്നുവെങ്കിൽ ഈ ലോകമുണ്ടാകുമായിരുന്നില്ല എന്നർത്ഥം. അപ്പോൾ മുഹമ്മദ് നബി(സ) യുടെ ഉണ്മ ലോകത്തിന്റെ ഉണ്മക്ക് നിമിത്തമാണ്. അതിനാൽ നബി(സ)യുടെ നിർബന്ധിതാവസ്ഥ ഐഹികലോകത്തേക്ക് ക്ഷണിക്കുന്നപക്ഷം നബീ(സ)യുടെ ഉണ്മക്ക് നിമിത്തം ഐഹികലോകമാണെന്നു വരും. അത് നമ്മുടെ സങ്കൽപ്പത്തിന്റെ മാറ്റമാണ്.  ഇമാം ബൈഹഖി(റ)യും ഹാകിമും (റ) നിവേദനം ചെയ്ത ഹദീസ് ഈ ആശയത്തിന് പ്രമാണമാണ്. ആദം നബി(അ)യിൽ നിന്ന് പാപത്തിന്റെ രൂപം സംഭവിച്ചപ്പോൾ മുഹമ്മദ് നബി(സ)യുടെ ഹഖ് കൊണ്ട് അത് പൊറുത്തുകൊടുക്കാൻ ആദം (അ) അല്ലാഹുവോട് ചോദിച്ചിരുന്നു. അര്ശിന്റെ തൂണുകളിൽ "ലാഇലാഹ ഇല്ലല്ലാഹ മുഹമ്മദുൻ റസൂലുല്ലാഹ" എന്ന് ഉല്ലേഖനം ചെയ്യപ്പെട്ടത് ആദം നബി(അ) കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ആദം(അ) മുഹമ്മദ് നബി(സ)യുടെ ഹഖുകൊണ്ട് അല്ലാഹുവോട് ചോദിച്ചത്. അപ്പോൾ അല്ലാഹു തആല ആദം നബി(അ)യോട്  ഇപ്രകാരം പറഞ്ഞു: "മുഹമ്മദ്(സ) ന്റെ ഹഖുകൊണ്ട് ഞാൻ നിങ്ങൾക്ക് പൊറുത്തുതരാൻ നിങ്ങൾ എന്നോട് ചോദിച്ചിരുന്നു. അവരില്ലായിരുന്നുവെങ്കിൽ നിങ്ങളെ ഞാൻ സൃഷ്ട്ടിക്കുമായിരുന്നില്ല".
            അപ്പോൾ ആദ്മി(അ) ന്റെ ഉണ്മക്ക് നിമിത്തം മുഹമ്മദ് നബി(സ)യുടെ ഉണ്മയാണെന്ന് ഈ ഹദീസിൽ നിന്ന് വ്യക്തമാണ്. ആദം(അ) മനുഷ്യപിതാവാണ്‌. ഭൂലോകത്തുള്ളത് മുഴുവനും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യർക്കുവേണ്ടിയാണ്. അതിനു പുറമെ സൂര്യനെയും ചന്ദ്രനെയും രാത്രിയും പകലും മറ്റുപലതും അവർക്കു വേണ്ടി അല്ലാഹു കീഴ്‌പ്പെടുത്തി കൊടുത്തു. ഇക്കാര്യം ഖുർആൻ വ്യക്തമാക്കിയതാണ്. അല്ലാഹു പറയുന്നു: "നിങ്ങൾക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം അല്ലാഹു  സൃഷ്ട്ടിച്ചുതന്നിരിക്കുന്നു". (അൽബഖറ: 29) "സൂര്യനെയും ചന്ദ്രനെയും പതിവായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നിലയിൽ അവൻ നിങ്ങൾക്ക് വിധേയമാക്കി തന്നിരിക്കുന്നു. രാവിലെയും പകലിനെയും അവൻ നിങ്ങൾക്ക് വിധേയമാക്കിത്തന്നിരിക്കുന്നു". (ഇബ്‌റാഹീം : 33)

ഈ വസ്തുക്കളെല്ലാം മനുഷ്യർക്കുവേണ്ടി സൃഷ്ടിച്ചതാവുകയും മനുഷ്യരുടെ പിതാവ് ആദം(അ) മുഹമ്മദ് നബി(സ)ക്കു വേണ്ടി സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോൾ ഐഹികലോകം മുഹമ്മദ് നബി(സ)ക്കു വേണ്ടി സൃഷ്ടിച്ചതാണെന്ന് വരുന്നു. അപ്പോൾ എല്ലാ വസ്തുക്കളുമുണ്ടാകാൻ നിമിത്തം മുഹമ്മദ് നബി(സ) യാണെന്ന് വരുന്നു. (ബാജൂരി: 21-22)

പ്രസ്തുത ഹദീസ് പ്രബലമാണെന്ന് ഹാകിം(റ) മുസ്തദ്‌റകിൽ പറഞ്ഞിട്ടുണ്ട്. (ഹദീസ് നമ്പർ : 4194)

പുത്തനാശയക്കാർ വലിയ ഹദീസ് പണ്ഡിതനായി പരിചയപ്പെടുത്തുന്ന ഇബ്നുതൈമിയ്യ തന്നെ ഈ ഹദീസ് സ്വഹീഹായ ഹദീസുകൾക്കു ഒരു വിശദീകരണം പോലെയാണെന്ന് പറയുന്നുണ്ട്. (മജ്‌മൂഅ് ഫതാവാ 2/195)

വിമർശനം 2

ബുർദയിൽ പറയുന്നു:



സാരം:
"ക്രൈസ്തവർ അവരുടെ പ്രവാചകനിൽ (ഈസാ നബി(അ) ചുമത്തിയ വാദം (ദൈവപുത്രനാണെന്ന വാദം) ഒഴിവാക്കുക, നീ ഉദ്ദേശിക്കുന്ന ഏതു പ്രശംസയും മുഹമ്മദ് നബി(സ)യുടെ കാര്യത്തിൽ നിനക്ക് വിധിക്കാം"
            "നീ ആഗ്രഹിക്കുന്ന ശ്രേഷ്ഠതയും ബഹുമതിയും അവിടുത്തെ ശരീരത്തോടും പദവിയോടും നിനക്കു ചേർത്താവുന്നതാണ്".

പ്രസ്തുത രണ്ട് വരികളിൽ പറയുന്ന ആശയം ഇസ്‌ലാമിക തത്വങ്ങൾക്ക് വിരുദ്ധമാണ്. കാരണം നബി(സ)യെ അമിതമായി പുകഴ്ത്തുന്നത് നബി(സ) തന്നെ വിലക്കിയ കാര്യമാണ്. ഇതാണ് പുത്തനാശയക്കാരുടെ ജല്പനം. "ക്രൈസ്തവർ ഈസാനബിയെ പുകഴ്ത്തിയതുപോലെ എന്നെ നിങ്ങൾ പുകഴ്ത്തരുത്" എന്നർത്ഥം വരുന്ന ഹദീസ് അതിനു പ്രമാണമായി അവർ എടുത്തുകാണിക്കുന്നു:

വിമർശനത്തിനു മറുപടി

നബി(സ)യെ പുകഴ്‌ത്താൻ വിശുദ്ധ ഖുർആൻ കല്പിച്ചതാണ്. നാം നിർവ്വഹിക്കുന്ന ആരാധനാകർമ്മങ്ങളിൽ ഒന്നിനെ കുറിച്ചും ഞാൻ ചെയ്യുന്നതുകൊണ്ട് നിങ്ങളും അത് ചെയ്യണെമെന്ന് അല്ലാഹു പറഞ്ഞിട്ടില്ല. എന്നാൽ നബി(സ)യെ പുകഴ്‌ത്താൻ കൽപ്പിച്ചിടത്ത് അല്ലാഹു പറയുന്നത് അങ്ങനെയാണ്.

4- അള്ളാഹു പറയുന്നു:



"നിശ്ചയം അല്ലാഹുവും അവന്റെ മലക്കുകളും നബിയുടെമേൽ സ്വലാത്ത് നിർവഹിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങൾ നബിയുടെ മേൽ സ്വലാത്തും സ്വലാമും നിർവഹിക്കുവീൻ".  

പ്രസ്തുത വചനത്തിൽ പരാമർശിച്ച സ്വലാത്തിന്റെ അർത്ഥം വിവരിച്ച് ഇമാം ബുഖാരി(റ) കുറിക്കുന്നു:



സാരം:
അബുൽ ആലിയ(റ) പറയുന്നു: അല്ലാഹുവിന്റെ സ്വലാത്ത് മലക്കുകളുടെ സന്നിധിയിൽ നബിയെ വാഴ്ത്തിപ്പറയലാണ്. മലക്കുകളുടെ സ്വലാത്ത് പ്രാർത്ഥനയാണ്. ഇബ്നുഅബ്ബാസ്(റ) പറയുന്നു: അവർ സ്വലാത്ത് നിർവ്വഹിക്കുന്നു എന്നതിനർത്ഥം അവർ ബറകത്ത് ചെയ്യുന്നു എന്നാണ്. (ബുഖാരി: 14/483)

അല്ലാമ ഇബ്നുകസീർ എഴുതുന്നു:



സാരം:
അല്ലാഹുവിന്റെ അടിമയും പ്രവാചകനുമായി മുഹമ്മദ് നബി(സ) ക്ക് അല്ലാഹുവിന്റെ അടുക്കാനുള്ള സ്ഥാനവും ബഹുമാനവും തന്റെ അടിമകളെ അറിയിക്കലാണ് ഈ ആയത്തിന്റെ ലക്ഷ്യം. വാനലോകത്തുള്ള, അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയ മലക്കുകളുടെ സന്നിധിയിൽ വെച്ച് അല്ലാഹു നബി(സ)യെ പ്രശംസിച്ചുകൊണ്ടിരിക്കുന്നു. മലക്കുകളും നബി(സ)യെ പ്രശംസിച്ചുകൊണ്ടിരിക്കുന്നു. എന്നാണ് അല്ലാഹു അടിമകളെ അറിയിക്കുന്നത്. പിന്നീട് ഭൂമിയിലുള്ളവരോടും നബി(സ)ക്ക് സ്വലാത്തും സ്വലാമും നേരാണ് അല്ലാഹു കൽപ്പിക്കുന്നു. വാനലോകത്ത് നിന്നും ഭൂമിയിൽ നിന്നും നബി(സ)യെ വാഴ്ത്തലും പ്രശംസിക്കലും ഉണ്ടാകാനാണ് അല്ലാഹു അപ്രകാരം കൽപ്പിച്ചത്. (ഇബ്നുകസീർ : 3/506)

നബി(സ)യുടെ മദ്ഹ് നബി(സ) തന്നെ സ്വഹാബികിറാമിനെ പഠിപ്പിച്ചതായി ഇമാം തുർമുദി(റ) നിവേദനം ചെയ്ത ഹദീസിൽ കാണാം:

عن ابن عباس قال جلس ناس من أصحاب رسول الله صلى الله عليه وسلم ينتظرونه قال فخرج حتى إذا دنا منهم سمعهم يتذاكرون فسمع حديثهم فقال بعضهم عجبا إن الله عز وجل اتخذ من خلقه خليلا اتخذ إبراهيم خليلا وقال آخر ماذا بأعجب من كلام موسى كلمه تكليما وقال آخر فعيسى كلمة الله وروحه وقال آخر آدم اصطفاه الله فخرج عليهم فسلم وقال قد سمعت كلامكم وعجبكم إن إبراهيم خليل الله وهو كذلك وموسى نجي الله وهو كذلك وعيسى روح الله وكلمته وهو كذلك وآدم اصطفاه الله وهو كذلك ألا وأنا حبيب الله ولا فخر وأنا حامل لواء الحمد يوم القيامة ولا فخر وأنا أول شافع وأول مشفع يوم القيامة ولا فخر وأنا أول من يحرك حلق الجنة فيفتح الله لي فيدخلنيها ومعي فقراء المؤمنين ولا فخر وأنا أكرم الأولين والآخرين ولا فخر. (الترمذي: ٣٥٤٩/الدارمي: ٤٨)

ഇബ്നുഅബ്ബാസ്(റ) യിൽ നിന്ന് നിവേദനം: റസൂലുല്ലാഹി(സ)യുടെ അനുചരന്മാരിൽ ചിലർ നബി(സ) പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. നബി(സ) പുറപ്പെട്ട് അവരുടെ സമീപത്തെത്താനായപ്പോൾ അവർ പരസ്പരം പറയുന്നത് കേട്ടപ്പോൾ നബി(സ) അത് കേട്ടു നിന്നു. അപ്പോൾ അവരിൽ ചിലർ അത്ഭുതത്തോടു പറയുന്നു: "നിശ്ചയം അല്ലാഹു അവന്റെ സൃഷ്ടികളിൽ നിന്ന് ഒരു ഖലീലിനെ സ്വീകരിച്ചിരിക്കുന്നു, ഇബ്റാഹീമി(അ) നെ അല്ലാഹു അവന്റെ ഖലീലാക്കിയിരിക്കുന്നു". അപ്പോൾ മറ്റൊരാൾ പറഞ്ഞു: "ഇതൊന്നും മൂസാ നബി(അ) അല്ലാഹുവോട് സംസാരിച്ചതിനാൽ അത്ഭുതമുള്ളതല്ല. അല്ലാഹു മൂസാ നബി(അ) യോട് സംസാരിച്ചിരുന്നു". അപ്പോൾ മറ്റൊരാൾ പറഞ്ഞു: "ഈസാ നബി(അ) അല്ലാഹുവിന്റെ വചനവും അല്ലാഹുവിൽ നിന്നുള്ള പരിശുദ്ദാത്മാവുമാണ്". മറ്റൊരാൾ പറഞ്ഞു: "ആദം നബി(അ)യെ അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു". ഇതെല്ലാം കേട്ട് അവരുടെ തൊട്ടടുത്ത് നിന്നിരുന്ന നബി(സ) അവരിലേക്ക്‌ വന്നു സലാമ് ചൊല്ലി ഇപ്രകാരം പറഞ്ഞു: "നിശ്ചയം നിങ്ങളുടെ സംസാരവും അത്ഭുത പ്രകടനവും ഞാൻ കേൾക്കുകയുണ്ടായി. നിശ്ചയം ഇബ്‌റാഹീം നബി(അ) അല്ലാഹുവിനെ ഖലീലാണെന്ന് നിങ്ങൾ പറയുകയുണ്ടായി. കാര്യം ശരിയാണ്. മൂസാ നബി(അ) അല്ലാഹുവിനോട് സംസാരിച്ചുവെന്ന് നിങ്ങൾ പറഞ്ഞത് ശരിയാണ്. ഈസാ നബി(അ) അല്ലാഹുവിന്റെ വചനവും അല്ലാഹുവിൽ നിന്നുള്ള ആത്മാവുമാണെന്ന് നിങ്ങൾ പറഞ്ഞത് ശരിയാണ്. ആദം നബി(അ)യെ അല്ലാഹു തെരഞ്ഞെടുത്തതായി നിങ്ങൾ പറഞ്ഞതും ശരിതന്നെ. അറിയുക; ഞാൻ അല്ലാഹുവിന്റെ ഹബീബാണ്. പൊങ്ങച്ചം പറയുകയല്ല. അന്ത്യദിനത്തിൽ 'ലിവാഉൽഹംദ്' പതാകവാഹകൻ ഞാനാണ്. പൊങ്ങച്ചം പറയുകയല്ല. അന്ത്യദിനത്തിൽ ആദ്യമായി ശുപാർശപറയുന്നയാളും ശുപാർശ സ്വീകരിക്കപ്പെടുന്നയാളും ഞാനാണ്. പൊങ്ങച്ചം പറയുകയല്ല. സ്വർഗ്ഗത്തിന്റെ വട്ടക്കണ്ണികൾ ആദ്യമായി പിടിച്ചുകുലുക്കുന്നയാൾ ഞാനാണ്. അതേത്തുടർന്ന് അല്ലാഹു എനിക്ക് സ്വർഗ്ഗം തുറന്നു തരികയും എന്നെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും. സാധുക്കളായ വിശ്വാസികളും എന്റെ കൂടെയുണ്ടാകും. പൊങ്ങച്ചം പറയുകയല്ല. ഞാൻ ആദ്യത്തെവരിൽ നിന്നും അവസാനത്തവരിൽ നിന്നും ഏറ്റവും ആദരവുള്ളയാളാണ്. പൊങ്ങച്ചം പറയുകയല്ല". (തുർമുദി: 3549, ദാരിമി: 49)

നബി(സ)യുടെ മദ്ഹ് ഗീതം അബ്ദുല്ലാഹിബ്നുറവാഹ ആലപിച്ചതിനെക്കുറിച്ച് നബി(സ) പറഞ്ഞതിങ്ങനെ:

إن أخا لكم لا يقول الرفث      يعني بذلك عبد الله بن رواحة

وفينا رسول الله يتلو كتابه     إذا انشق معروف من الفجر ساطع

أرانا الهدى بعد العمى فقلوبنا   به موقنات أن ما قال واقع

يبيت يجافي جنبه عن فراشه    إذا استثقلت بالمشركين المضاجع.

(صحيح البخاري:١٠٨٧-٥٦٨٥)

"നിശ്ചയം നിങ്ങളുടെ സഹോദരൻ അനാവശ്യം പറഞ്ഞിട്ടില്ല. അതുകൊണ്ട് നബി(സ) ഉദ്ദേശിക്കുന്നത് അബ്ദുല്ലാഹിബ്നു റവാഹ(റ)യെയാണ്. അദ്ദേഹത്തിൻറെ കവിതയുടെ ആശയമൊഴിമാറ്റമിങ്ങനെ വായിക്കാം:

 "പ്രഭാതം പൊട്ടിവിടർന്നാൽ അല്ലാഹുവിന്റെ ഗ്രൻഥം പാരായണം ചെയ്തുതരുന്ന അല്ലാഹുവിന്റെ തിരുദൂതർ ഞങ്ങളിലുണ്ട്. ദുർമാർഗ്ഗത്തിനുശേഷം സന്മാർഗം അവർ ഞങ്ങൾക്കു കാണിച്ചുതന്നിരിക്കുന്നു. അതിനാൽ അവർ പറയുന്നതെല്ലാം സംഭവിക്കുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. മുശ്രിക്കുകൾ സുഖനിദ്രയിലാകുമ്പോൾ അവർ എണീറ്റു നിസ്കരിക്കുന്നതാണ്". (ബുഖാരി: 1087, 5685)

മേൽവിവരിച്ചതും അല്ലാത്തതുമായ പ്രമാണങ്ങൾ വ്യക്തമാക്കുന്നത് നബി(സ)യെ പുകഴ്ത്തുന്നത് ഇസ്‌ലാമികമല്ലെന്ന വാദമാണ് അനിസ്ളാമികം എന്നാണ്.

അവർ പ്രമാണമായി ഉപയോഗിക്കുന്ന ഉപരിസൂചിത ഹദീസ് പൂർണ്ണമായി വായിക്കുമ്പോൾ അവരുടെ വാദത്തിന് കടക വിരുദ്ധമാണ് അതെന്ന് കണ്ടെത്താൻ കഴിയും. അതിന്റെ പൂർണ്ണ രൂപം ഇങ്ങനെ വായിക്കാം: നബി(സ) പറയുന്നു:
لَا تُطْرُونِي كَمَا أَطْرَتْ النَّصَارَى عِيسَى ابْنَ مَرْيَمَ، فَإِنَّمَا أَنَا عَبْدُهُ، فَقُولُوا عَبْدُ اللهِ وَرَسُولُهُ. (بخاري: ٣١٨٩)

"ക്രൈസ്തവർ മർയമിന്റെ പുത്രനെ അമിതമായി പുകഴ്ത്തിയതുപോലെ എന്നെ അമിതമായി നിങ്ങൾ പുകഴ്ത്തരുത്. നിശ്ചയം ഞാൻ അല്ലാഹുവിന്റെ അടിമ മാത്രമാണ്. അതിനാൽ "അല്ലാഹുവിന്റെ അടിമ', 'അല്ലാഹുവിന്റെ റസൂൽ' എന്നെ നിങ്ങൾ പറയാവൂ". ബുഖാരി: 3189)

ഇതിന്റെ വിശദീകരണത്തിൽ ഇബ്നുഹജർ(റ) എഴുതുന്നു:




ഈസാ(അ) ദൈവമാണെന്നും മറ്റും വാദിച്ചതുപോലെ എന്നാണ് ഇവിടത്തെ താല്പര്യം. (ഫത്ഹുൽബാരി: 10/246)


അപ്പോൾ ഈസാനബി(അ)യെ കുറിച്ച് ക്രൈസ്തവർ ദൈവമാണെന്നും ദൈവപുത്രനാണെന്നും പറഞ്ഞതുപോലെ ഞാൻ ദൈവമാണെന്നോ ദൈവപുത്രനാണെന്നോ നിങ്ങൾ പറയരുത് എന്നാണ് ഹദീസിന്റെ താല്പര്യം. "നിശ്ചയം ഞാൻ അല്ലാഹുവിന്റെ അടിമ മാത്രമാണ്. അതിനാൽ 'അല്ലാഹുവിന്റെ അടിമ', 'അല്ലാഹുവിന്റെ റസൂൽ'  എന്നെ നിങ്ങൾ പറയാവൂ" എന്ന ഹദീസിന്റെ ബാക്കിഭാഗം ഇക്കാര്യം വ്യക്തമാക്കുന്നതാണ്. അതെ സമയം നബി(സ)ക്ക് സ്ഥിരപ്പെട്ട പദവികളും സ്ഥാനമാനങ്ങളും എടുത്ത്പറഞ്ഞു നബി(സ)യെ പ്രശംസിക്കുന്നതിന് ഒരിക്കലും അതെതിരല്ല.

വിമർശനം 3

ബുർദയിൽ പറയുന്നു:



സാരം:
"തീർച്ചയായും ഇഹവും പരവും താങ്കളുടെ ഔദാര്യത്തിൽ പെട്ടതാകുന്നു. ലൗഹിന്റെയും ഖലമിന്റേയും അറിവ് താങ്കളുടെ അറിവിന്റെ ഭാഗമാകുന്നു".

ഇങ്ങനെ പറയുന്നത് അല്ലാഹുവിന്റെ അധികാരത്തിൽ കൈകടത്തലാണെന്നും അല്ലാഹുവിനുമാത്രമേ അറിയുകയുള്ളൂ എന്ന് ഖുർആൻ പ്രസ്താവിച്ച അഞ്ചു കാര്യങ്ങളുടെ അറിവും നബി(സ)ക്കുണ്ടെന്ന് ഇതിനാൽ വരുമെന്നും വിമർശകർ പറയുന്നു:

ഇഹത്തിലെയും പരത്തിലെയും ഗുണങ്ങൾ എന്നാണ് വിവക്ഷയെന്ന് അല്ലാമ ബാജുരി(റ) പറയുന്നു. നബി(സ) ജനങ്ങൾക്ക് ഹിദായത്തിന്റെ വെളിച്ചം കാണിച്ചുകൊടുത്തതിനെ ഇഹത്തിലെ ഗുണമായും പരത്തിൽ ജനങ്ങൾക്കുവേണ്ടി ശുപാർശ പറയുന്നതിനെ അവിടത്തെ ഗുണമായും കാണാവുന്നതാണ്. (ബാജുരി: 81)

പ്രപഞ്ചം സൃഷ്ടിക്കാനുള്ള നിമിത്തം മുഹമ്മദ് നബി(സ) യാണെന്ന് പ്രമാണബദ്ധമായി നേരത്തെ നാം വിശദീകരിച്ചുവല്ലോ. ഈ വീക്ഷണത്തിൽ ഇഹവും പരവും നബിയുടെ ഔദാര്യമാണെന്ന് പറയുന്നതിൽ തെറ്റൊന്നുമല്ല.

"ലൗഹിന്റെയും ഖലമിന്റേയും അറിവ് നബി(സ)യുടെ അറിവിന്റെ ഭാഗമാണ്" എന്ന പരാമർശത്തെ അധികരിച്ച് അല്ലാമ ബാജുരി(റ) എഴുതുന്നു:



സാരം:
മാണി(സ)യുടെ അറിവുകൾ കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹു തആല നബി(സ)ക്ക്  അറിയിച്ചുകൊടുത്ത വിജ്ഞാനങ്ങളാണ്. നിശ്ചയം ആദ്യമുള്ളവരുടെയും അവസാനമുള്ളവരുടെയും വിജ്ഞാനങ്ങൾ അല്ലാഹു തആല നബി(സ)ക്ക് അറിയിച്ചുകൊടുത്തിട്ടുണ്ട്. ലൗഹിന്റെയും ഖലമിന്റേയും അറിവിന്റെ വിവക്ഷ അല്ലാഹുവിന്റെ നിർദ്ദേശ പ്രകാരം ഖലം ലൗഹിൽ എഴുതിയ വിജ്ഞാനങ്ങളാണ്. നിശ്ചയം ഇപ്രകാരം ഹദീസിൽ വന്നിട്ടുണ്ട്. "അല്ലാഹു ആദ്യം സൃഷ്ട്ടിച്ചത് ഖലമാണ് . തുടർന്ന് അല്ലാഹു അതിനോട് എഴുതാൻ ആജ്ഞാപിച്ചു. അപ്പോൾ ഖലം ചോദിച്ചു. എന്താണ് ഞാൻ എഴുതേണ്ടത്?. അല്ലാഹു പറഞ്ഞു: 'അന്ത്യനാൾ വരെ ഉണ്ടാകുന്ന കാര്യങ്ങളുടെ തീരുമാനങ്ങൾ നീ എഴുതുക'. (ബാജൂരി: 81)

അല്ലാമാ ബാജൂരി(റ) തുടരുന്നു:   

واستشكل جعل علم اللوح والقلم بعض علومه صلى الله عليه وسلم بأن من جملة علم اللوح والقلم الإمور الخمسة المذكورة في آخر سورة لُقمان، مع أن النبي صلى الله عليه وسلم لا يعلمها، لأن الله قد استأثر بعلمها، فلا يتم التبعيض المذكور، وأُجيب بعدم تسليم أن هذه الإمور الخمسة مما كتب القلم في اللوح وإلا لاطلع عليها من شأنه أن يطلع على اللوح كبعض الملائكة المُقربين، وعلى تسليم أنها مما كتب القلم في اللوح، فالمُراد أن بعض علومه صلى الله عليه وآله وسلم علم اللوح والقلم الذي يطلع عليه المخلوق، فخرجت هذه الأمور الخمسة، على أنه صلى الله عليه وآله وسلم لم يخرج من الدنيا إلا بعد أن أعلمه الله تعالى بهذه الأمور. (حاشية الباجوري: ٨١)

ലൗഹിന്റെയും ഖലമിന്റേയും അറിവുകൾ നബി(സ)യുടെ അറിവുകളുടെ ഭാഗമാണെന്ന് പറയുന്നതിൽ ഇപ്രകാരം സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു" 'ലൗഹിന്റെയും ഖലമിന്റേയും അറിവുകളിൽ ലുഖ്മാൻ സൂറത്തിന്റെ അവസാനഭാഗത്ത് പറഞ്ഞ അഞ്ചു കാര്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടല്ലോ. അവ അല്ലാഹു മാത്രം അറിയുന്നവയായതുകൊണ്ട് നബി(സ) അവ അറിയുകയില്ലല്ലോ. അതിനാൽ ലൗഹിന്റെയും ഖലമിന്റേയും അറിവുകൾ നബി(സ)യുടെ അറിവുകളുടെ ഭാഗമാണെന്ന് പറയുന്നത് പൂർണ്ണമല്ല'.
         പ്രസ്തുത സംശയത്തിന് ഇപ്രകാരം മറുപടി നൽകപ്പെട്ടിരിക്കുന്നു. പ്രസ്തുത അഞ്ച് കാര്യങ്ങൾ ഖലം ലൗഹിൽ എഴുതിയതിൽ പെട്ടതാണെന്ന് നാം അംഗീകരിക്കുകയില്ല. അല്ലാത്തപക്ഷം ലൗഹിൽ നിന്ന്   നോക്കിവായിക്കാൻ സാധിക്കുന്ന മുഖർറബീങ്ങളായ മലക്കുകളിൽ ചിലരെങ്കിലും അതറിയുമല്ലോ. അപ്പോൾ അവ അല്ലാഹുമാത്രമേ അറിയുകയുള്ളൂ എന്നത് ശരിയാവുകയില്ലല്ലോ. ഇനി പ്രസ്തുത അഞ്ച് കാര്യങ്ങൾ ഖലം ലൗഹിൽ എഴുതിയതിലുണ്ടെന്ന് അംഗീകരിക്കുന്നപക്ഷം ഇപ്രകാരം മറുപടി പൂരിപ്പിക്കാം: ഖലമിന്റേയും ലൗഹിന്റെയും അറിവുകൾ നബി(സ)യുടെ അറിവുകളുടെ ഭാഗമാണെന്നതിന്റെ വിവക്ഷ നബി(സ)യുടെ ചില അറിവുകൾ സൃഷ്ടികൾക്ക് കണ്ടെത്താൻ സാധിക്കുന്ന ലൗഹിന്റെയും ഖലമിന്റേയും അറിവുകളാണ് എന്നാണ്. അപ്പോൾ പ്രസ്തുത അഞ്ച് കാര്യങ്ങൾ അവയിൽ നിന്ന് പുറത്തുപോയി. എന്നാൽ അല്ലാഹു നബി(സ)ക്ക് ഈ കാര്യങ്ങൾ അറിയിച്ചുകൊടുത്തതിനുശേഷമാണ് ഐഹികലോകത്തുനിന്ന് വിടപറഞ്ഞത് എന്നതാണ് വസ്തുത. (ബാജൂരി: 81)

അല്ലാമാ ബാജൂരി(റ) തുടരുന്നു:   



സാരം:
ലൗഹിന്റെയും ഖലമിന്റേയും അറിവുകൾ നബി(സ)യുടെ അറിവുകളിൽ ചിലതാകുമ്പോൾ നബി(സ)യുടെ അറിവിൽ നിന്ന് മറ്റേഭാഗം ഏതാണെന്ന ചോദ്യത്തിന് ഇപ്രകാരം മറുപടി പൂരോപിക്കാം: അത് അല്ലാഹു തആല നബി(സ)ക്ക് അറിയിച്ചുകൊടുത്ത ആഖിറത്തിന്റെ സ്ഥിതിഗതികളാണ്. ഖലം ലൗഹിൽ രേഖപ്പെടുത്തിയത് അന്ത്യനാൾ വരെ സംഭവിക്കുന്ന കാര്യങ്ങൾ മാത്രമാണ്. ഇക്കാര്യം നേരത്തെ ഹദീസിൽ പറഞ്ഞുവല്ലോ. (ബാജൂരി: 81)

ചുരുക്കത്തിൽ ലൗഹിന്റെയും ഖലമിന്റേയും ജ്ഞാനികൾ നബി(സ)യുടെ ജ്ഞാനത്തിന്റെ ഭാഗമാണെന്ന് പറയുന്നത് നബി(സ)യിൽ ദിവ്യത്വം കല്പിക്കലാണെന്ന വാദം അസ്ഥാനത്താണ്.

വിമർശനം 4

ബുർദയിൽ പറയുന്നു:



സാരം:
"നടന്നും ഒട്ടകപ്പുറത്ത് കയറിയും ഏതൊരാളുടെ മുറ്റത്തേക്ക് ജനങ്ങൾ ആഗ്രഹിച്ചു പുറപ്പെടുന്നുവോ അങ്ങനെയുള്ളവരിൽ ഉത്തമരേ".

നബി(സ)യോട് ഇസ്തിഗാസ നടത്തലാണ് ഇതുകൊണ്ട് ഇമാം ബാസ്വൂരി(റ) ഉദ്ദേശിച്ചതെന്ന് അല്ലാമ ബാജൂരി(റ) വ്യക്തമാക്കിയിട്ടുണ്ട്. (ബാജൂരി: 58)

നബി(സ)യുടെ വഫാത്തിന് ശേഷം നബി(സ)യെ സന്ദർശിക്കാൻ വരുന്നവരെയുമാകാം ഇമാം ബാസ്വൂരി(റ) ഉദ്ദേശിച്ചത്. ഇതനുസരിച്ച് ഇസ്തിഗാസക്കുപുറമെ ആവശ്യപൂർത്തീകരണത്തിനുവേണ്ടിയുള്ള ഖബ്ർ സിയാറത്തും ഇതിന്റെ വ്യാപ്തിയിൽ കടന്നുവരുന്നു. ഇത് രണ്ടും ഇസ്‌ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധമാണെന്നാണ് വിമർശകരുടെ വാദം.

വിമർശനത്തിന് മറുപടി

പ്രസ്തുത വാദമാണ് ഇസ്‌ലാമിക പ്രമാണങ്ങൾക്ക് നിരക്കാത്തത്. മഹാന്മാരായ അമ്പിയാ-ഔലിയാക്കളോട് മുഅ്ജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ സഹായം തേടുന്നത് അനുവദനീയമാണെന്ന് പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്. അത് മുമ്പ് വിവരിച്ചതാണ്.

അമ്പിയാക്കളുടെയും മഹാന്മാരുടെയും ഖബ്ർ സിയാറത്ത് ചെയ്യുന്നതിൽ നിന്നും ദ്വിലോക സഹായങ്ങൾ ലഭിക്കുമെന്നതും പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്. 'ഖബ്ർ സിയാറത്തും സഹായം തേടലും' കാണുക.  

വിമർശനം 5

ബുർദയിൽ പറയുന്നു:



സാരം:
"സൃഷ്ടികളിൽ ഉത്തമരായവരേ, വ്യാപകമായ ആ വിപത്ത് സംഭവിക്കുമ്പോൾ എനിക്കഭയം നൽകാൻ അങ്ങയല്ലാതെ മറ്റാരുണ്ട്?".

നബി(സ)യോടുള്ള ഈ ഇസ്തിഗാസ ദീനീവിരുദ്ധവും വർജ്ജ്യവുമാണെന്ന തിനു പുറമെ നബി(സ)യോട് ശഫാഅത്ത് ചോദിക്കലും അനുവദനീയമല്ല. ഇതാണ് വിമർശകരയുടെ വാദം. "എന്റെ മകളായി എന്നതുകൊണ്ട് നീ രക്ഷപ്പെടില്ല". എന്ന് നബി(സ) ഫാത്വിമ ബീവി(റ)  യെ ഉപദേശിച്ചത് നബി(സ)യുടെ ശഫാഅത്തുകൊണ്ട് രക്ഷപ്പെടാൻ കഴിയില്ലെന്നതിന്റെ തെളിവായി അവരുദ്ദരിക്കുന്നു.

വിമർശനത്തിന് മറുപടി

മേൽ വാദവും അനിസ്‌ലാമികവും പ്രമാണങ്ങൾക്ക് നിരക്കാത്തതുമാണ്. കാരണം സ്വഹാബാകിറാം(റ) നബി(സ)യോട് ശുപാർശ ചോദിച്ചതും നബി(സ)തങ്ങൾ  അത് അംഗീകരിച്ചതും ഹദീസുകളിൽ വന്നിട്ടുണ്ട്. നബി(സ)യുടെ പത്തുവർഷത്തെ ഖാദിം മഹാനായ അനസ്(റ) ആഖിറത്തിൽ വച്ച് തനിക്കു ശുപാർശ ചെയ്യണമെന്ന് നബി(സ)യോട് നേരിട്ട് ആവശ്യപ്പെട്ടതും നബി(സ) അതംഗീകരിച്ചതും പ്രബലമായ ഹദീസിൽ വന്നിട്ടുണ്ട്.

عن أنس قال: سألت النبي صلى الله عليه وسلم أن يشفع لي يوم القيامة، فقال أنا فاعل، قال:  قلت يا رسول الله فأين أطلبك؟ قال : اطلبني أول ما تطلبني على الصراط، قال: قلت فإن لم ألقك على الصراط؟ قال: فاطلبني عند الميزان قلت:  فإن لم ألقك عند الميزان قال : فاطلبني عند الحوض، فإني لا أخطئ هذه الثلاث المواطن.

അനസ്(റ) വിൽ നിന്നു നിവേദനം. അന്ത്യദിനത്തിൽ എനിക്കുവേണ്ടി ശുപാർശപറയാൻ ഞാൻ നബി(സ)യോടാവശ്യപ്പെട്ടപ്പോൾ അങ്ങനെ ചെയ്യാമെന്ന് നബി(സ) തങ്ങൾ എനിക്ക് വാക്കു തന്നു.അപ്പോൾ താങ്കളെ ഞാൻ എവിടെ അന്വേഷിക്കണമെന്ന് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: ആദ്യം സ്വിറാത്തിന്റെ അടുത്ത് അന്വേഷിക്കുക. അവിടെ കണ്ടില്ലെങ്കിലോ?. എന്നാൽ മീസാനിനു സമീപത്ത് അന്വേഷിക്കുക. അവിടെ കണ്ടില്ലെങ്കിലോ?. എന്നാൽ ഹൌളിന്റെ പരിസരത്ത് അന്വേഷിക്കുക. ഈ മൂന്നിലൊരു സ്ഥലത്ത് ഞാനില്ലാതിരിക്കില്ല. (തുർമുദി : ഹദീസ് നമ്പർ : 2157 )

മഹാനായ സവാദ്(റ ) നബി(സ) യോട് ശുപാർശ ആവശ്യപ്പെട്ടതായി ഇമാം ത്വബ്റാനി (റ )യും മറ്റും നിവേദനം ചെയ്ത ഹദീസിൽ കാണാം:


وأشهد أن الله لا رب غيره           وأنك مأمون علي كل غائب



وأنك أدني المرسلين وسيلة            إلى الله يا ابن الأكرمين الأطايب



وكــن لــي شــفيعا يــوم لا ذو شــفاعة     ســواك بمغــن عــن ســواد بــن قــارب



"അല്ലാഹുവല്ലാതെ റബ്ബില്ലെന്നും നിശ്ചയം അവിടുന്ന് എല്ലാ അദൃശ്യങ്ങളുടെ മേലിലും നിർഭയത്വം നൽകപ്പെട്ടവരാണെന്നും നിശ്ചയം അവിടുന്ന് മുർസലുകളിൽ വെച്ച് അല്ലാഹുവിലേക്ക് ഏറ്റവും അടുത്ത വസീലയാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അതിനാൽ അങ്ങയുടേതല്ലാത്ത മറ്റൊരു ശഫാഅത്തും സവാദിന് ഗുണം ചെയ്യാത്ത ദിവസം അവിടുന്ന് എനിക്ക് ശുപാർശകരാവണം "

ഇതുമായി ബന്ധപ്പെട്ട അധിക വായനയ്ക്ക്  "ഇസ്തിശ്ഫാ ഭാഗം 1 " "ഇസ്തിശ്ഫാ ഭാഗം 2"      കാണുക .

നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ എന്നെയും കുടുംബത്തെയും  എന്റെ ഉസ്താദുമാരെയും ഉൾപ്പെടുത്തുക.