Monday, March 4, 2019

സകാത്ത്.പ്രവാസി ഫിത്വർ സകാത്ത്



പ്രവാസി ഫിത്വർ സകാത്ത്



ഫിത്വ്ര്‍ സകാത് പണമായി നല്‍കുന്നതും സ്വീകാര്യമല്ല. ഇതു കൊണ്ട് സകാത് വീടുകയില്ല. സകാത് വാങ്ങാന്‍ അര്‍ഹരായവര്‍ വസ്തുക്കള്‍ സ്വീകരിക്കില്ലെന്നും പണമായി നല്‍കിയാല്‍ സ്വീകരിക്കുമെന്നുമുള്ള വാദം നിരര്‍ഥകമാണ്. ശാഫി’ഈ മദ്ഹബ് പ്രകാരം ഇങ്ങനെ പണമായി നല്‍കുന്നതിന് ഒരടിസ്ഥാനവുമില്ല. ഗള്‍ഫിലാണ് ഈ പ്രവണത കൂടുതലായി കണ്ടുവരുന്നത്. സകാത് വീടണമെന്നാഗ്രഹിക്കുന്നവര്‍ ഈ കാര്യം പ്രത്യേകം പരിഗണിക്കേണ്ടതാണ്. ഇമാം നവവി(റ) പറയുന്നു: “ഭക്ഷണ സാധനമായ ധാന്യം കൊടുക്കുന്നതിനു പകരം മാവ്, റൊട്ടി തുടങ്ങിയവ കൊടുത്താല്‍ മതിയാകില്ല. വില നല്‍കിയാല്‍ മതിയാകാത്ത പോലെ തന്നെ” (റൌള്വ 2/164).
ഹനഫീ മദ്ഹബില്‍ പക്ഷേ, വില നല്‍കിയാലും മതിയെന്ന അഭിപ്രായമാണുള്ളത്. ഇമാം നവവി(റ) തന്നെ പറയട്ടെ: “ശാഫി’ഈ ഇമാമും അവിടുത്തെ അനുചരന്മാരും വില നല്‍കിയാല്‍ മതിയാകില്ലെന്നാണ് പറയുന്നത്. ബഹു ഭൂരിപക്ഷം പണ്ഢിതന്മാരുടെയും അഭിപ്രായം ഇതുതന്നെയാണ്. എന്നാല്‍ വില കൊടുത്താല്‍ മതിയെന്ന പക്ഷക്കാരനാണ് ഇമാം അബൂഹനീഫ(റ)” (ശര്‍ഹുല്‍ മുഹദ്ദബ് 6/132).

ശാഫി’ഈ മദ്ഹബിലെ ആധികാരിക പണ്ഢിതനായ ഇമാം ഇബ്നുഹജര്‍(റ) പറയുന്നു: “കേടുപാടുകളില്ലാത്ത ധാന്യം തന്നെയായിരിക്കണം കൊടുക്കേണ്ടതെന്ന് വരുമ്പോള്‍ ഉണക്കമില്ലായ്മ, പുഴുക്കുത്ത് തുടങ്ങിയ കേടുകളുള്ളവയും ധാന്യത്തിന്റെ വിലയും മതിയാകുന്നതല്ല” (തുഹ്ഫ 3/324).

നമ്മുടെ മദ്ഹബില്‍ വിലകൊടുത്താല്‍ മതിയാകില്ലെന്നത് ഏകകണ്ഠാഭിപ്രായമാണെന്ന് നിഹായ 3/123ലും മുഗ്നി 1/407ലും പ്രസ്താവിച്ചിട്ടുണ്ട്. ഇത് ശര്‍വാനി(റ) തുഹ്ഫയുടെ വ്യാഖ്യാനത്തില്‍ ഉദ്ധരിച്ചിട്ടുമുണ്ട്. ശാഫി’ഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥങ്ങളുടെ ഉപര്യുക്ത ഉദ്ധരണികളില്‍ നിന്ന് ധാന്യത്തി ന്റെ വില നല്‍കിയാല്‍ മതിയാകില്ലെന്നത് ശാഫി’ഈ മദ്ഹബിലെ ഏകകണ്ഠാഭിപ്രായമാണെന്നും മറ്റു മദ്ഹബിലെ ഭൂരിപക്ഷ പണ്ഢിതന്മാരും ഈ അഭിപ്രായക്കാര്‍ തന്നെയാണെന്നും ഇമാം അബൂഹനീഫ (റ) വില നല്‍കിയാലും മതിയെന്ന പക്ഷക്കാരനാണെന്നും വ്യക്തമായി.

ഗള്‍ഫിലെ പ്രത്യേക സാഹചര്യം എടുത്തുകാട്ടി ചില ശാഫി’ഈ മദ്ഹബുകാര്‍ തന്നെ അവിടങ്ങളില്‍ സകാത് പണമായി നല്‍കുകയും അതിന് ഹനഫീ മദ്ഹബിന്റെ പിന്തുണ അവകാശപ്പെടുകയും ചെയ്യാറുണ്ട്. ഇവിടെ ശ്രദ്ധേയമായൊരു വസ്തുതയുണ്ട്. വെറും എളുപ്പം കണക്കിലെടുത്ത് മാത്രം മാറാവുന്നതല്ല മദ്ഹബ്. അനിവാര്യമായ സാഹചര്യത്തില്‍ മാത്രമാണ് അത് അനുവദനീയമാകുന്നത്. ഇബ്നുഹജര്‍(റ) പറയുന്നു; “സ്വന്തം ‘അമലിന് വേണ്ടി മറ്റു മദ്ഹബുകള്‍ അനുകരിക്കാമെന്ന് പറഞ്ഞത് എല്ലാ മദ്ഹബില്‍ നിന്നുമുള്ള എളുപ്പമാര്‍ഗങ്ങള്‍ ചികഞ്ഞെടുക്കാതിരിക്കുമ്പോഴാണ്. അല്ലെങ്കില്‍ അതുകൊ ണ്ട് അവന്‍ കുറ്റക്കാരനാകും. എന്നല്ല ഫാസിഖ്വാകും എന്നുവരെ അഭിപ്രായമുണ്ട്” (തുഹ്ഫ 1/47).

ഇനി ഹനഫീ മദ്ഹബ് അവലംബിക്കല്‍ തന്നെ ആ മദ്ഹബില്‍ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും പഠിച്ചതിനു ശേഷമേ ആകാവൂ. ഒരു വിഷയത്തില്‍ സ്വന്തം മദ്ഹബ് വിട്ട് മറ്റൊന്ന് അവലംബിക്കുമ്പോള്‍ തല്‍വിഷയവുമായി ബന്ധപ്പെട്ട സര്‍വ്വ നിബന്ധനകളിലും ആ മദ്ഹബ് തന്നെ സ്വീകരിക്കണമെന്നാണ് നിയമം.” (തുഹ്ഫ 1/47) ഇത് പാലിക്കാതിരുന്നാല്‍ ഒരു ഇമാമും പറയാത്ത രൂപമായിരിക്കും അയാള്‍ സ്വീകരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ എല്ലാ മദ്ഹബിന്റെയും പിന്‍ബലം അവന് നഷ്ടപ്പെടുകയായിരിക്കും ഫലം. ഇത് ഖ്വാള്വിക്കും മുഫ്തിക്കും മാത്രമല്ല സ്വന്തം ‘അമലിനും ബാധകമാണെന്ന് തുഹ്ഫ 1/47ല്‍ തന്നെ വിശദീകരിക്കുന്നു. പത്താം വാള്യത്തില്‍ ഖ്വള്വാഇ(വിധി)ന്റെ അധ്യായത്തില്‍ തുഹ്ഫ ഇത് കൂടുതല്‍ വിശദമാക്കുന്നുണ്ട്.

എന്നാല്‍ നാട്ടിലെ പ്രധാന ധാന്യം കിട്ടാതെ വന്നാല്‍ മദ്ഹബ് മാറാവുന്നതാണ്. ഇമാം റംലി(റ) പറയുന്നു: “(സകാതുല്‍ ഫിത്വ്ര്‍ ഗോതമ്പ് കൊടുക്കേണ്ട സ്ഥലത്ത്) ഒരാള്‍ക്ക് ഗോതമ്പ് ലഭിച്ചില്ലെങ്കില്‍ ഇമാം അബൂഹനീഫ(റ)യുടെ മദ്ഹബ് തഖ്വ്ലീദ് ചെയ്ത് സകാതിന് വില കണക്കാക്കി ദിര്‍ഹമുകള്‍ നല്‍കാവുന്നതാണ്.” (ഫതാവാ റംലി, ഹാമിശു ഫതാവല്‍ കുബ്റ 2/55).

ധാന്യം ആരും സ്വീകരിക്കില്ലെന്ന ന്യായം മദ്ഹബ് മാറാന്‍ ശാസിക്കുന്നില്ല. സകാത് നിര്‍ബന്ധമായ നാട്ടില്‍ വാങ്ങാന്‍ തരപ്പെട്ടവര്‍ ഇല്ലാതാകുകയോ ഉള്ളവര്‍ തിരസ്കരിക്കുകയോ ചെയ്താല്‍ അയല്‍ നാടുകളിലേക്ക് നീക്കം ചെയ്യണമെന്നാണ് ശാഫി’ഈ മദ്ഹബ് നിര്‍ദേശിക്കുന്നത്. ഇങ്ങനെ നീക്കുമ്പോള്‍ വസ്തുക്കള്‍ തന്നെ നീക്കം ചെയ്യണമെന്നില്ല. സകാത് ധാന്യം വാങ്ങിക്കൊടുക്കാന്‍ ഒരാളെ വകാലതാക്കി പണം അയാള്‍ക്ക് അയച്ച് കൊടുക്കാവുന്നതാണ്. അയാള്‍ സാധനങ്ങള്‍ വാങ്ങി അര്‍ഹര്‍ക്ക് നല്‍കിക്കൊള്ളട്ടെ. സകാത് വാങ്ങാന്‍ അര്‍ഹതയുള്ളവര്‍ സാധനം സ്വീകരിക്കില്ലെന്ന് പറയുന്നതും ശരിയല്ല. അനുഭവം ഇതിനെതിരാണ്.
നാല് മദ്ഹബിലും മുഫ്തിയും സമസ്തയുടെ മുന്‍കാല നേതാക്കളില്‍ പ്രധാനിയുമായ ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശാലിയാത്തി(റ)യോട് ഇതേ വിഷയകമായി ഉന്നയിക്കപ്പെട്ട ചോദ്യവും മറുപടിയും താഴെ ചേര്‍ക്കുന്നു.

ചോദ്യം: അരിയും നെല്ലും ഭക്ഷണത്തിന് മതിയാകുന്ന നിലക്ക് കിട്ടാതിരിക്കുകയും അധികവിലക്ക് കിട്ടിയാല്‍ കൊണ്ടുവരാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഫിത്വ്ര്‍ സകാത് വില കൊടുത്താല്‍ വീടുമോ? പലരും പല വിധവും പറയുന്നു. ഈ കാര്യത്തില്‍ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് മറുപടി തരാന്‍ അപേക്ഷിക്കുന്നു.


മറുപടി: പൂള(മരച്ചീനി) മുതലായവ ‘ഗാലിബൂ ഖ്വൂതില്‍ ബലദ്’ (നാട്ടിലെ പ്രധാന ഭക്ഷണം) ആയ സ്ഥിതി നോക്കുമ്പോള്‍ അതു കൊണ്ടു തന്നെ സകാതുല്‍ ഫിത്റ് നല്‍കേണ്ടതാണ്. ഹനഫീ മദ്ഹബില്‍ വില കൊടുത്താല്‍ മതിയെന്ന് പറയുന്നത് സാധനം കിട്ടുന്ന ന്യായവിലയാണ്. (ക്ഷാമമേറിയ ഈ അവസരത്തില്‍) കണ്‍ട്രോള്‍ വിലക്ക് സാധനം കിട്ടുകയില്ലല്ലോ. കൂടാതെ ആ മദ്ഹബിലെ തഫ്സ്വീലുകള്‍ (വിശദീകരണങ്ങള്‍) അറിഞ്ഞ് അതേ പ്രകാരം കൊടുത്ത് വീട്ടേണ്ടതുമാണ്. ഇതില്‍ പല കുഴപ്പങ്ങളും വന്നു കൂടാനിടയുണ്ട്. കാരണം ഹനഫീ മദ്ഹബില്‍ ഒരു സ്വാ’അ് എന്ന് പറയുന്നത് ഇറാഖ്വ് തൂക്കമനുസരിച്ചുള്ള എട്ട് റാത്തലുകളാണ്. ശാഫി’ഈ മദ്ഹബില്‍ അഞ്ച് റാത്തലും ഒരു റാത്തലിന്റെ മുന്നില്‍ ഒരു വിഹിതവുമാണ്. മാത്രമല്ല സകാത് കൊടുക്കാന്‍ നിര്‍ബന്ധമായ തുക കയ്യിലിരിപ്പുള്ള സ്വതന്ത്രനും മുസ്ലിമുമായ വ്യക്തിക്ക് മാത്രമാണ് ഹനഫീ മദ്ഹബ് പ്രകാരം സകാത് നിര്‍ബന്ധമാവുക. ആ വ്യക്തി സ്വന്തം ശരീരത്തിനു വേണ്ടിയും ഫഖ്വീറായ കുട്ടിക്ക് വേണ്ടിയും അവന്റെ ഉടമയില്‍പ്പെട്ട പരിചാരകന് വേണ്ടിയും സകാത് കൊടുക്കണം. ഭാര്യക്ക് വേണ്ടിയും വലിയ കുട്ടിക്ക് വേണ്ടിയും കഴിവുള്ള കുട്ടിക്ക് വേണ്ടിയും സകാത് നല്‍കേണ്ടതില്ല. പെരുന്നാള്‍ ദിവസത്തിന്റെ ഫജ്റുസ്വാദിഖ്വ് ഉദിക്കുന്നതോടെയാണ് സകാത് നിര്‍ബന്ധമാവുക. പിന്നെ ക്ഷേമമുള്ളപ്പോള്‍ ആവശ്യാനുസൃതം സാധനം വാങ്ങാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ ഭക്ഷണ സാധനം തന്നെ സകാതായി കൊടുക്കുന്നതാണ് നല്ലത്. അല്ലാത്ത സ്ഥലങ്ങളില്‍ വിലയും. ക്ഷാമമുള്ളപ്പോള്‍ ഭക്ഷണ സാധനം തന്നെ കൊടുക്കുന്നതാണ് ഏറ്റവും അഭികാമ്യം. ഏതവസരത്തിലും നിരുപാധികം ഭക്ഷണസാധനം തന്നെ കൊടുക്കലാണുത്തമമെന്ന അഭിപ്രായവുമുണ്ട്. ഇതനുസരിച്ചാണ് ഹനഫീ മദ്ഹബില്‍ ഫത്വ നല്‍കപ്പെടുന്നത്. (ഹനഫീ കര്‍മശാസ്ത്രമായ) ശര്‍ഹുല്‍ വിഖ്വായ, അതിന്റ വ്യാഖ്യാനമായ ഉംദതുരി’ആയ എന്നിവയില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. എന്നിരിക്കെ ഭക്ഷണത്തിന് ക്ഷാമം വ്യാപകമായ ഈ കാലത്ത് (ഹി. 1363) വിലകൊടുക്കാന്‍ ഫത്വ നല്‍കുന്നതിന് ഹനഫീ മദ്ഹബില്‍ ഫത്വ നല്‍കപ്പെടുന്നതിന് വിരുദ്ധമാണ്. അതു കൊണ്ടുതന്നെ ആ ഫത്വക്ക് സാധുതയുമില്ല. ഈ വിഷയകമായി എനിക്ക് മനസ്സിലായവയാണ് ഇവയെല്ലാം.”

എന്ന്, ശിഹാബുദ്ദീന്‍ അഹ്മദ്കോയശാലിയാത്തി. റമള്വാന 17. ഹി. 1363 (അല്‍ഫതാവല്‍ അസ്ഹരിയ്യ, 1/131)

മാത്രമല്ല ഹനഫീ മദ്ഹബില്‍ ഓരോ വ്യക്തിക്കും വേണ്ടി ഫിത്വ്ര്‍ സകാതായി നല്‍കേണ്ടത് ഒരു സ്വാ’ഇന്റെ പകുതിയാണെന്ന് ബദാഇഉസ്വനഇഅ് 2/72ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്രയും വിശദീകരണങ്ങള്‍ ഹനഫീ മദ്ഹബനുസരിച്ച് പ്രവര്‍ത്തിക്കുമ്പോഴുള്ളത് കൊണ്ട് ഇതൊന്നും പരിഗണിക്കാതെ കേവലം പതിനഞ്ച് ദിര്‍ഹം കൊടുത്താല്‍ മതിയെന്ന് പറഞ്ഞ് സാധാരണക്കാരില്‍ നിന്ന് അത് പിരിച്ചെടുക്കുന്നത് ഏത മദ്ഹബനുസരിച്ചും അസാധുവാകാന്‍ സാധ്യതയുള്ളതിനു പുറമെ ഫിത്വ്ര്‍ സകാത് ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത്  വിതരണം ചെയ്യുന്ന സംഘടിത സകാതിന്റെ കുറ്റവും വരുന്നുണ്ട്.

ഇപ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ മനസ്സിലായി.
(1) ആഹാര സാധനങ്ങള്‍ സ്വീകരിക്കില്ലെന്ന കാരണത്താല്‍ സകാത് പണമായി നല്‍കാന്‍ ശാഫി’ഈ മദ്ഹബില്‍ നിര്‍വാഹമില്ല. (2) ഇത്തരം ഘട്ടങ്ങളില്‍ സകാത് അന്യനാടുകളിലേക്ക് നീക്കുകയാണ് വേണ്ടത്. (3) ഇങ്ങനെ നീക്കുമ്പോള്‍ വസ്തുക്കള്‍ തന്നെ നീക്കണമെന്നില്ല. പണം അയച്ച് കൊടുത്ത് മറ്റൊരാളെ വകാലത്താക്കിയാലും മതി. (4) ഓരോ വ്യക്തിയുടെയും സകാതിന് പകരം പതിനഞ്ച് ദിര്‍ഹം ഈടാക്കുകയും അവ എന്തിനെല്ലാമോ വിനിയോഗിക്കുകയും ചെയ്യുന്ന ഗള്‍ഫ് നാടുകളിലെ പ്രവണത ദുരൂഹവും അടിസ്ഥാനരഹിതവുമാണ്.

അവകാശികള്‍
മുസ്ലിം സമുദായത്തില്‍ പെട്ട എട്ട് വിഭാഗക്കാരെയാണ് സകാതിന്റെ അവകാശികളായി ഖ്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.  അവരല്ലാത്തവര്‍ക്ക് നല്‍കിയാല്‍ സകാത് വീടില്ലെന്നും ഖ്വുര്‍ആന്‍ ഉല്‍ബോധിപ്പിക്കുന്നു. (1) ഫഖ്വീര്‍ (ദരിദ്രന്‍). തന്റെ പ്രതിദിന ജീവിതം വഴി മുട്ടിയവന്‍. ദൈനംദിന  ചെലവുകളുടെ അന്‍പത് ശതമാനം വരെ വരുമാനമില്ലാത്തവനാണ് ഫഖീര്‍. (2) മിസ്കീന്‍(അഗതി). ജീവിതം പ്രയാസമുള്ളതാണെങ്കിലും ചെലവിന്റെ അന്‍പത് ശതമാനമോ അതിലധികമോ വരുമാനമുള്ളവന്‍. (3) സകാത് ജീവനക്കാര്‍. ഇസ്ലാമിക ഭരണത്തിന്‍ കീഴില്‍ സകാത് പിരിച്ചെടുക്കാനും വിതണം ചെയ്യാനും സൂക്ഷിക്കുവാനും കണക്കെഴുതാനും മറ്റുമായി സംഘടിപ്പിക്കുന്ന ബൈതുല്‍മാലിന്റെ ഉദ്യോഗസ്ഥരാണിക്കൂട്ടര്‍. നമ്മുടെ രാജ്യം ഇസ്ലാമിക റിപ്പബ്ളിക് അല്ലാത്തതിനാല്‍ ഇക്കൂട്ടര്‍ ഇവിടെയില്ല. എന്നിരിക്കെ നമ്മുടെ രാജ്യത്ത് സകാത് പിരിച്ചെടുത്ത് വിതരണം ചെയ്യുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന കമ്മിറ്റി ഉദ്യോഗസ്ഥന്മാര്‍ ഈ വിഭാഗത്തില്‍ പെട്ടവരാണെന്ന് പറഞ്ഞ് അവര്‍ക്ക് സകാത് വിഹിതം നല്‍കുന്നത് നിഷിദ്ധവും വിവരക്കേടിന്റെ സൃഷ്ടിയുമാണ്. എന്നല്ല, സകാത് വീടുകയും ഇല്ല. (4) മുഅല്ലഫതുല്‍ ഖ്വുലൂബ് (പുതുവിശ്വാസികള്‍) ഇസ്ലാമിന്റെ സൌന്ദര്യമാസ്വദിക്കാന്‍ വെമ്പല്‍ കൊണ്ട് മറ്റു മതങ്ങളില്‍ നിന്നും ഇസ്ലാം സ്വീകരിച്ചവര്‍. ഇത്തരമാളുകളുടെ സാമ്പത്തിക ഭദ്രതക്ക് വേണ്ടിയും ഇതരരുടെ ഇസ്ലാമികാശ്ളേഷണത്തിന് പ്രചോദനമേകാനും വേണ്ടിയാണ് പുതു വിശ്വാസികള്‍ക്ക് സകാത് നല്‍കുന്നത്.

(5) ഉടമയുമായി മോചനക്കരാറില്‍ ഏര്‍പ്പെട്ട അടിമ. (നിശ്ചിത തുകയടച്ചാല്‍ നിന്നെ സ്വതന്ത്രനാക്കാമെന്ന് യജമാനന്‍ വാഗ്ദത്തം നല്‍കിയ അടിമ). ഉടമക്ക് മേല്‍ സംഖ്യ അടച്ചുതീര്‍ക്കേണ്ട ആവശ്യത്തിലേക്ക് വിനിയോഗിക്കുന്നതിന് വേണ്ടി ഈ അടിമയെ സകാതിന്റെ അവകാശികളില്‍ ഇസ്ലാം ഉള്‍പ്പെടുത്തുന്നു. ഈ സാധ്യത ഇന്നില്ലാത്തതിനാല്‍ ഈ വിഭാഗം ഇന്നില്ലെന്ന് ശ്രദ്ധേയമാണ്.

(6) കടക്കാരന്‍. അനിസ്ലാമികമല്ലാത്ത കാര്യങ്ങള്‍ക്ക് കടക്കാരനായവന്‍. സാമൂഹിക നന്മ, ഒത്തുതീര്‍ പ്പ്, പള്ളി നിര്‍മ്മാണം, അതിഥി സല്‍ക്കാരം എന്നിവക്കു വേണ്ടി കടക്കാരനായവനുംഇതില്‍പ്പെടുന്നു.

(7) യോദ്ധാവ്: ഇസ്ലാമിക മുദ്രാവാക്യം ഉയര്‍ന്നു കാണുന്നതിന് വേണ്ടി വേതനം വാങ്ങാതെ ശത്രുക്കളോട് പട പൊരുതാന്‍ തയ്യാറെടുത്തവന്‍. ഐശ്വര്യമുണ്ടെങ്കില്‍ തന്നെ ഇവരുടെ സേവനത്തിന്റെ ഗൌരവം കണക്കിലെടുത്ത് ആയുധം, വസ്ത്രം, ഭക്ഷണം എന്നിവയുടെ ഭീമമായ ചെലവിലേക്ക് വേണ്ടി ഇവര്‍ക്കും സകാത് നല്‍കേണ്ടതാണ്. ജിഹാദ് നടത്തേണ്ടത് മുസ്ലിം ഭരണാധികാരിയുടെ അധീനത്തിലാകേണ്ടതിനാലും മതേതര രാജ്യമായ ഇന്ത്യയില്‍ ഇന്ന് ആ ഭരണാധികാരിയുടെ അഭാവത്താലും ഇസ്ലാം പറഞ്ഞ യോദ്ധാവ് ഇന്ത്യയില്‍ ഇന്നില്ലെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
(8) യാത്രക്കാരന്‍: ഇസ്ലാം വിലക്കാത്ത യാത്ര നടത്തുന്ന വ്യക്തി. മറ്റു രാജ്യത്തുനിന്നും തുടങ്ങി സകാത് നല്‍കുന്നവന്റെ നാട്ടിലൂടെ യാത്ര ചെയ്താലും കൊടുക്കുന്ന നാട്ടില്‍നിന്നുതന്നെ യാത്രതുടങ്ങിയാലും അവകാശി തന്നെ. യാത്ര ശിക്ഷയുടെ ഒരു ഭാഗമാണെന്ന നബിവചനം യാത്രക്കാരന്റെ പരാധീനതയെകുറിക്കുന്നു.

വിതരണ രീതി
വളരെ പ്രധാനമായ ഒരു വിഷയമാണിത്. നിര്‍ബന്ധദാനം ആത്മാര്‍ത്ഥമായി കൊടുത്തുവീട്ടുന്നവന്‍ അറിയാതെ വഞ്ചിക്കപ്പെടുന്നത് ഏറെ ഖേദകരമാണ്. ജീവിതകാലത്ത് സകാത് ഇനത്തില്‍ ഭീമമായ തുക ചിലവഴിച്ച് പ്രതിഫലേച്ഛയുമായി പരലോകത്തെത്തുമ്പോഴാണ് തങ്ങളുടെ സകാത് വീടിയിട്ടില്ലെന്നവരറിയുക. ഇവര്‍ ഒരിക്കല്‍ പോലും സകാത് നല്‍കാത്തവര്‍ക്കുള്ള ശിക്ഷയാണ് അനുഭവിക്കേണ്ടിവരിക. ഇത് എത്രമേല്‍ ഗൌരവമല്ല.?

സകാത് വിതരണത്തിന് മൂന്ന് മാര്‍ഗമാണ് ഇസ്ലാം നിര്‍ദേശിക്കുന്നത്. നാലാമതൊരു രൂപം ഇതിനില്ല. ഈ മൂന്ന് രൂപങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ തന്റെ വിതരണ രീതി ഉള്‍പ്പെട്ടതായി ഓരോ സകാത് ദായകനും ഉറപ്പു വരുത്തേണ്ടതാണ്.

(1) സകാത് വിഹിതം അവകാശികള്‍ക്ക് താന്‍ തന്നെ എത്തിച്ച് കൊടുക്കുക. (2) ഇസ്ലാമിക ഭരണം നടത്തുന്ന ഇമാമി(ഇസ്ലാമിക ഭരണാധികാരി)നെ ഏല്‍പ്പിക്കുക. (3) അവകാശികളിലെത്തിക്കാന്‍ വേ ണ്ടി വിശ്വസ്തനായ ഒരു വകീലിനെ ചുമതലപ്പെടുത്തുക.

ഇമാം നവവി(റ) ഈ വിഷയം വിവരിക്കുന്നത് ശ്രദ്ധേയമാണ്. “സകാത് വിതരണത്തിന് നിയ്യതും പ്രവൃത്തിയും ആവശ്യമാകും. പ്രവൃത്തി മൂന്നു വിധത്തില്‍ സംഭവിക്കാം. ഒന്ന്: ഉടമസ്ഥര്‍ തന്നെ നേരിട്ട് (അവകാശികള്‍ക്ക്) എത്തിക്കല്‍. രണ്ട്: ഇമാമിലേക്ക് എത്തിക്കല്‍. മൂന്ന്: ഇമാമിനോ അല്ലെങ്കില്‍ അവകാശികള്‍ക്കോ എത്തിക്കാന്‍ വകീലിനെ ചുമതലപ്പെടുത്തല്‍.” (റൌള്വ 2/60, 61)

“വകീലിനെ ചുമതലപ്പെടുത്തുമ്പോള്‍ ഉത്തര വാദിത്വം ഒഴിവാകണമെങ്കില്‍ യഥാര്‍ത്ഥ അവകാശികള്‍ക്ക് തന്റെ സകാത് എത്തുന്നുണ്ടെന്ന് പൂര്‍ണമായും ഉറപ്പുവരുത്തലും എത്തി എന്നറിയലും നിര്‍ബന്ധമാണ്.” (ഹാശിയതുന്നിഹായ 3/136)

വകീല്‍ വഞ്ചന നടത്തിയാല്‍ ഉടമസ്ഥന്റെ ബാധ്യത ഒഴിവാകുന്നില്ല. കാരണം ഉടമസ്ഥന്റെ കരവും വകീലിന്റെ കരവും ഒന്നാണ്. ഉടമസ്ഥന്‍ നേരിട്ട് വിതരണം ചെയ്യുന്ന രൂപത്തില്‍ അവകാശികള്‍ കൈപ്പറ്റിയില്ലെങ്കില്‍ സകാത് വീടാത്ത പോലെ വകീല്‍ വിതരണം ചെയ്യുമ്പോഴും അര്‍ഹരായവര്‍ കൈപ്പറ്റിയിട്ടില്ലെങ്കില്‍ ബാധ്യത ഒഴിവാകുന്നതല്ല. മറിച്ച് ഇമാമിനെ ഏല്‍പ്പിക്കുകയും ഇമാം ഉദാസീനത കാട്ടി അര്‍ഹര്‍ക്ക് ലഭിക്കാതിരിക്കുകയും ചെയ്താല്‍ ഉടമസ്ഥന്‍ കടക്കാരനല്ലാത്തതിന് പുറമെ ബാധ്യത വീടുകയും ചെയ്യും. കാരണം ഇമാം അവകാശികളെ പ്രതിനിധീകരിക്കുന്നതിനാല്‍ ഇമാമിനെ ഏല്‍പ്പിക്കല്‍ തത്വത്തില്‍ അവകാശികളെ ഏല്‍പ്പിക്കലായി. ശര്‍ഹുല്‍ മുഹദ്ദബ് 6/165, റൌള്വ 2/61, തുഹ്ഫ 3/345 എന്നിവ നോക്കുക.
ഇമാം നവവി(റ) തന്നെ പറയട്ടെ: “അപ്പോള്‍ വകീലിന്റെ ഉത്തരവാദിത്വം ഇമാമിനെയോ ഇമാമിന്റെ പ്രതിനിധിയെയോ ഏല്‍പ്പിക്കലോ യഥാര്‍ത്ഥ അവകാശികള്‍ക്ക് വിതരണം ചെയ്യലോ ആണ്” (ശര്‍ ഹുല്‍ മുഹദ്ദബ് 6/165). ഇബ്നുഹജര്‍(റ) എഴുതുന്നു: “സകാതിന്റെ സാധുതക്ക് നിയ്യത് നിര്‍ബന്ധമാണ്. ഉടമസ്ഥന്‍ തന്നെ നിയ്യത് ചെയ്യേണ്ടതും അല്ലെങ്കില്‍ വകീലിനെ നിയ്യത് ചെയ്യാന്‍ ചുമതലപ്പെടുത്തേണ്ടതുമാണ്” (തുഹ്ഫ 3/348, 349).

ഉടമസ്ഥന്‍ തന്നെ നിയ്യത് ചെയ്യണമെന്നും അല്ലെങ്കില്‍ വകീലിനെ ഏല്‍പ്പിക്കണമെന്നും രണ്ടുമില്ലെങ്കില്‍ സകാത് അസാധുവാണെന്നും മേല്‍ വിശദീകരണത്തില്‍ നിന്ന് മനസ്സിലാക്കാം. എന്നാല്‍ സകാത് കമ്മിറ്റികളെ ഏല്‍പ്പിക്കല്‍ മേല്‍ പറഞ്ഞ ഒരിനത്തിലും പെടില്ലെന്നത് പ്രത്യേകം ഗ്രഹിക്കേണ്ടതാണ്. കാരണം ഒന്നാം രൂപം ഉടമസ്ഥന്‍ നേരിട്ട് അവകാശികള്‍ക്ക് കൊടുക്കലാണ്. അവകാശികളില്‍ കമ്മിറ്റി പെടില്ല. രണ്ടാം ഇനം ഉടമസ്ഥന്‍ തന്റെ സകാത് നല്‍കാന്‍ വേണ്ടി ഇമാമിനെ ഏല്‍പ്പിക്കലാണ്. കമ്മിറ്റിയെ ഏല്‍പ്പിക്കല്‍ ഈ ഇനത്തിലും പെടില്ല. കമ്മിറ്റി ഇമാമല്ലെന്നതാണ് കാരണം. മൂന്നാമത്തെ ഇനം തന്റെ സകാത് കൊടുത്തു വീട്ടാന്‍ മറ്റൊരാളെ ചുമതലപ്പെടുത്തുകയും ആ വകീല്‍ അവകാശികള്‍ക്ക് വിതരണം ചെയ്യലുമാണ്. സകാത് വിതരണ കമ്മിറ്റി ഈ ഇനത്തിലും പെടില്ല. ഇതല്‍പ്പം വിശദീകരിക്കാം.

സകാത് കമ്മിറ്റി ഒരു വകീലിന്റെ റോളിലാണെന്നും വകീല്‍ വിതരണം ചെയ്താല്‍ സകാത് സാധുവാകുന്നത് പോലെ കമ്മിറ്റിയാകുന്ന വകീല്‍ വിതരണം ചെയ്താലും സാധുവാകുമെന്നുമാണ് ചിലരുടെ വാദം. ഒരു കാരണവശാലും കമ്മിറ്റി വകീലാവുകയില്ല. ഒരാള്‍ വകീലായി പരിഗണിക്കപ്പെടാന്‍ ധാരാളം നിബന്ധനകള്‍ ഉണ്ട്.

(1) ഊമയല്ലാത്തവന്‍ വ്യക്തമായ വാക്കോ വകാലതിനെ കരുതലോടെയുള്ള അവ്യക്തമായ വാക്കോ എഴുത്തോ മുഖേന വകാലതാക്കണം. ഊമയാണെങ്കില്‍ വകാലതിനെ കുറിക്കുന്ന ആംഗ്യം ഉണ്ടായിരിക്കേണ്ടതാണ് (തുഹ്ഫ 5/298). (2) വകീല്‍ നിശ്ചിത വ്യക്തിയായിരിക്കണം. നിങ്ങള്‍ രണ്ടിലൊരാളെ ഞാന്‍ വകീലാക്കി എന്നു പറഞ്ഞാല്‍ സാധുവാകുന്നതല്ല(തുഹ്ഫ 5/298).

ഈ പറഞ്ഞ രണ്ട് നിബന്ധനകളും കമ്മിറ്റിയെ ഏല്‍പ്പിക്കുമ്പോള്‍ പാലിക്കപ്പെടുന്നില്ല. കാരണം കമ്മിറ്റിയെ ഏല്‍പ്പിക്കുന്ന സമയത്ത് വാക്കോ എഴുത്തോ മുഖേന ചുമതലപ്പെടുത്തലില്ല. മറിച്ച് പാത്രവുമായി നടക്കുന്ന റസീവറുടെ പാത്രത്തില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. കമ്മിറ്റിയെ ഏല്‍പ്പിക്കുമ്പോള്‍ നിശ്ചിതമായ ഒരാളല്ല ഏല്‍ക്കുന്നത്. പലരും ഉള്‍പ്പെടുന്ന സംഘമാണ്. വകീല്‍ നിശ്ചിത വ്യക്തിയായിരിക്കണമെന്ന നിബന്ധന ഇവിടെ ലംഘിക്കപ്പെടുന്നു.

(3) ഏല്‍പ്പിച്ച വ്യക്തി യഥാര്‍ത്ഥത്തില്‍ അവകാശികള്‍ക്ക് സകാത് എത്തിച്ചിരിക്കുന്നുവെന്ന് ഏല്‍പ്പിക്കുന്നവന് ഉറപ്പുണ്ടാകണം.

(4) വകീലിനെ ഏല്‍പ്പിക്കുമ്പോഴോ ഏല്‍പ്പിക്കപ്പെട്ട വകീല്‍ വിതരണം ചെയ്യുമ്പോഴോ സ്വത്തിന്റെ ഉടമസ്ഥനോ അവന്റെ സമ്മത പ്രകാരം വകീലോ നിയ്യത് ചെയ്തിരിക്കണം. ഈ പറഞ്ഞ രണ്ടു നിബന്ധനകളും ഇന്നത്തെ സകാത് കമ്മിറ്റിയെ ചുമതലപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്നില്ല. കാരണം കമ്മിറ്റി പ്രസ്തുത സ്വത്ത് ആര്‍ക്കൊക്കെ എങ്ങനെയൊക്കെ വിതരണം ചെയ്യുന്നുവെന്നും ബാക്കി എന്തു ചെയ്യുന്നുവെന്നും പാവം പൊതു ജനം അറിയുന്നില്ല. മിക്കവാറും ഉടമസ്ഥന്‍ കമ്മിറ്റിയെ നിയ്യത് ചെയ്യാന്‍ ചുമതലപ്പെടുത്തുന്നുമില്ല. എന്നല്ല, അവന്‍ സ്വയം അത് ചെയ്യുന്നുമില്ല.

(5) ഉടമസ്ഥന്‍ ഒരാളെ വകീലാക്കിയാല്‍ അവന്‍ തന്നെ ആ കാര്യം നിര്‍വഹിക്കണം. അവന്‍ മറ്റൊരാളെ ചുമതലപ്പെടുത്താന്‍ പാടില്ല. (തുഹ്ഫ 5/323) ഇന്നത്തെ കമ്മിറ്റികളില്‍ പിരിച്ചെടുക്കുന്നവരല്ല വിതരണം ചെയ്യുന്നത്. ഒരു വിഭാഗം പിരിക്കാനും മറ്റൊരു വിഭാഗം വിതരണത്തിനുമെന്നിങ്ങനെയാണ് ഈ സകാത് കമ്മിറ്റിയുടെ ശൈലി.

(6) ഏല്‍പ്പിക്കുന്ന ഉടമസ്ഥന്‍ തന്റെ വകീലിനെ തല്‍സ്ഥാനത്തു നിന്നും പിന്‍വലിച്ചാല്‍, അല്ലെങ്കില്‍ സകാത് കൊടുക്കേണ്ട ബാധ്യതയില്‍ നിന്നും അവന്‍ ഒഴിവായാല്‍ സ്വത്ത് തിരിച്ചേല്‍പ്പിക്കാന്‍ വകീലിന്് കഴിയണം. (തുഹ്ഫ 5/340) കമ്മിറ്റി ശൈലിയില്‍ ഇതും അസാധ്യമാണ്. മാത്രമല്ല, സകാത് കൊടുക്കാന്‍ ബാധ്യസ്ഥനായ വ്യക്തി തന്നെ സകാത് സ്വീകരിക്കാനും അര്‍ഹതയുള്ളവനായാല്‍ നല്‍കിയ സ്വത്ത് തിരിച്ച് ലഭിക്കുന്ന രൂപവും സംഘടിത വിതരണത്തില്‍ സംഭവിക്കുന്നു. ഇക്കാരണത്താലെല്ലാം ഇന്നത്തെ സംഘടിത രീതി സാധുവാകുകയില്ലെന്ന് ബോധ്യമായി.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....