Thursday, April 3, 2025

പെരുന്നാളും യാത്രക്കാരും*

 *പെരുന്നാളും യാത്രക്കാരും*


കണ്ട നാട്ടിൽ നിന്ന് കാണാത്ത നാട്ടിലേക്ക്


ഉദയാസ്തമനം വ്യത്യാസമുള്ള രണ്ട് നാടുകളിൽ നിന്ന് ഒന്നിൽ റമളാൻ മാസം കാണുകയും കണ്ട നാട്ടിൽ നിന്ന് കാണാത്ത നാട്ടിലേക്ക് ഒരാൾ യാത്രപോവുകയും ചെയ്‌താൽ മാസത്തിൻ്റെ അവസാനത്തിൽ അവൻ ചെന്നെത്തിയ നാട്ടുകാരോട് നോമ്പിൽ യോജിക്കണമെന്നാണ് പ്രബലാഭിപ്രായം. അവൻ മൂപ്പത് നോമ്പ് എടുത്തവനാണെങ്കിലും നിയമം ഇതു തന്നെയാണ്. കാരണം അവൻ ആ നാട്ടിൽ എത്തുന്നതോടെ അവരുടെ നിയമം അവനും ബാധകമായി.


കാണാത്ത നാട്ടിൽ നിന്ന് മാസം കണ്ട നാട്ടിലേക്ക്



ഇനി പെരുന്നാളിൻ്റെ മാസം കാണാത്ത നാട്ടിൽ നിന്ന് മാസം കണ്ട നാട്ടിലേക്ക് ഒരാൾ വന്നാൽ അവരോടൊന്നിച്ച് അവനും പെരുന്നാളാ ഘോഷിക്കണം. അവൻ 28 നോമ്പുമാത്രമേ എടുത്തിട്ടുള്ളുവെങ്കിലും നിയമം ഇതു തന്നെയാണ്. കാരണം അവൻ അവിടെ എത്തുന്നതോടെ അവരുടെ നിയമം അവനും ബാധകമായി. ഇനി അവൻ 28 നോമ്പ് മാത്രം എടുത്ത് 29 ലാണ് പെരുന്നാളാഘോഷിക്കുന്നതെങ്കിൽ ഒരു നോമ്പ് അവൻ വീട്ടണം. കാരണം റമളാൻ ഒരിക്കലും 28 ആവുകയില്ലല്ലോ. ഇനി 29


നോമ്പെടുത്ത് മൂപ്പതിൻ്റെ അന്നാണ് പെരുന്നാളാഘോഷിച്ചതെങ്കിൽ വീട്ടേണ്ടതില്ല. കാരണം റമളാൻ 29 ആകാറുണ്ടല്ലോ. അവൻ ഇപ്പോൾ എത്തിപ്പെട്ട നാട്ടുകാർക്ക് മൂപ്പത് നോമ്പ് ലഭിച്ചിട്ടുണ്ടെങ്കിലും നിയമം ഇതുതന്നെയാണ്.


നോമ്പെടുക്കുന്നവരുടെ നാട്ടിൽ എത്തിപ്പെട്ടാൽ


ഇനി പെരുന്നാൾ ദിവസത്തിൽ രാവിലെ യാത്രപുറപ്പെട്ട ഒരാൾ മാസം കാണാത്തതിനാൽ നോമ്പെടുക്കുന്നവരുടെ നാട്ടിൽ എത്തിപ്പെട്ടാൽ അന്ന് അവൻ നോമ്പുകാരനെ പോലെ അന്നപാനീയങ്ങൾ ഒഴിവാക്കി നിൽക്കണം. കാരണം അവിടെ എത്തുന്നതോടെ അവനും അവരുടെ നിയമം ബാധകമായി. (തുഹ്‌ഫത്തുൽ മുഹ്‌താജ്: 3/ 383-385)


എന്നാൽ അവനവിടെ എത്തിയത് റമളാൻ മുപ്പതിനായിരുന്നു വെങ്കിൽ ഒരു ദിവസം അവൻ വീട്ടേണ്ടതുണ്ടോ?. 


വിഷയം ചിന്തനീയമാണ്.  ഇതിൽ ന്യായമായിതോന്നുന്നത് ഇതാണ്. അവൻ അവിടെ എത്തിയത് * പകലിലാണെങ്കിൽ നോമ്പ് വീട്ടൽ നിർബന്ധമില്ല. കാരണം അവൻ അവിടെ എത്തുന്നതോടു കൂടിയാണല്ലോ അവന്ന് അവരുടെ നിയമം  ബാധകമാകുന്നത്.

ഇനി ഫജ്‌റിനു മുമ്പാണ് അവനവിടെയെത്തിയതെങ്കിൽ ആ ദിവസത്തെ നോമ്പ് അവനു നിർബന്ധമാകും. അതവൻ എടുത്തില്ലെങ്കിൽ അത് വീട്ടുകയും വേണം. ഇനി അവൻ അവിടെ എത്തിയ ദിവസം അവന്റെ കാര്യത്തിൽ മൂപ്പത്തി ഒന്നാമത്തെ ദിവസമാവുകയും ഫജ്റിനു മുമ്പായി അവനവിടെ എത്തുകയും അവൻ ആ ദിവസത്തെ നോമ്പ് ഒഴിവാക്കുകയും ചെയ്‌താൽ അത് നോറ്റു വീട്ടൽ അവന്ന് നിർബന്ധമാകുമോ?. 


വിഷയം ചിന്തിക്കേണ്ടതുണ്ട്. അവന്ന് അവരുടെ നിയമം  ബാധകമായെന്ന് പറയുമ്പോൾ അത് മുപ്പത്തിഒന്നാണെങ്കിലും വീട്ടൽ നിർബന്ധമാണെന്നാണ് മനസ്സിലാകുന്നത്.കാരണം അത് മൂപ്പത്തിഒന്നാകുന്നത് അടിസ്ഥാനപരമായല്ലല്ലോ. ചിലപ്പോൾ യാത്ര ആവർത്തിക്കു മ്പോൾ 31 ൽ അധികവും ആവാൻ സാധ്യതയുണ്ട്. (ഇബ്നു‌ഖാസിം 3/385)


Aslam Kamili

Parappanangadi

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


No comments:

Post a Comment

ശവ്വാൽ മാസവും വീടുപണിയും* 🏠

*ശവ്വാൽ മാസവും വീടുപണിയും*  🏠🏠🏠🏠🏠🏠🏠🏠🏠🏠 *ചോദ്യം:* 2️⃣1️⃣8️⃣7️⃣ ശവ്വാൽ മാസത്തിൽ വീടു പണി ആരംഭിക്കുന്നത് നല്ലതാണോ?  *ഉത്തരം:*  അതെ, ശ...