Thursday, April 3, 2025

ദൈവ വിശ്വാസ പരിണാമങ്ങൾ-40` *സുന്നികളുടെ പേരിൽ* *കളവ് പ്രചരിപ്പിക്കുന്നു*

 https://www.facebook.com/share/1BkZC7Quef/

1️⃣8️⃣7️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 

✍️aslam saquafi payyoli 


`ദൈവ വിശ്വാസ പരിണാമങ്ങൾ-40`


*സുന്നികളുടെ പേരിൽ*

*കളവ് പ്രചരിപ്പിക്കുന്നു*


വിശ്വാസ കാര്യങ്ങളിൽ ഇടയ്ക്കിടെ മാറ്റങ്ങൾ വരുന്നുവെന്നത് മൗലവിമാർക്ക് വലിയ പ്രതിസന്ധി തന്നെയാണ്. വക്കം മൗലവി, കെ എം മൗലവി, അമാനി മൗലവി തുടങ്ങിയ സ്ഥാപക നേതാക്കളുടെ വിശ്വാസമല്ല ഇന്ന് വഹാബികൾ പ്രചരിപ്പിക്കുന്ന ദൈവവിശ്വാസം. ഇത് പ്രമാണബദ്ധമായി തെളിയിക്കപ്പെടുമ്പോൾ പ്രതിസന്ധിയിലാകുന്ന മൗലവിമാർ സുന്നികളും അല്ലാഹുവിലുള്ള വിശ്വാസത്തിൽ വ്യതിചലിച്ചിരിക്കുന്നുവെന്ന് ശുദ്ധ നുണ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. 


അല്ലാഹു എല്ലായിടത്തും വ്യാപിച്ചു കിടക്കുകയാണ് എന്ന് വിശ്വസിക്കുന്നവരാണത്രേ കേരളത്തിലെ സുന്നികൾ!

നഊദു ബില്ലാഹ്...

എന്തൊരു കളവാണിത്!!

അൽമനാറിൽ ഈ ശുദ്ധ നുണ എഴുതിവെക്കുന്നത് നോക്കൂ.


".. എങ്കിൽ പിന്നെ നിങ്ങൾ തന്നെ വിശദമായി പറഞ്ഞു തരൂ എന്ന് ആവശ്യപ്പെട്ടാൽ അവർ (സുന്നികൾ) അല്ലാഹുവിനെ സംബന്ധിച്ച് വളരെ ഈസിയായി പറഞ്ഞു തുടങ്ങും. അല്ലാഹു എല്ലായിടത്തുമുണ്ട്,  അവനില്ലാത്ത ഒരിടവുമില്ല. പ്രപഞ്ചമാസകലം അവൻ വ്യാപിച്ചു കിടക്കുകയാണ്. അവൻ സർവ്വ സ്വരൂപനാണ്.."

(അൽമനാർ മാസിക 2017

 ജൂലൈ പേജ്:45)


അല്ലാഹു എല്ലായിടത്തുമാണെന്നൊരു വിശ്വാസം കേരളത്തിലെ സുന്നി പണ്ഡിതരിൽ ആര്, എവിടെ പറഞ്ഞു എന്നൊന്നും അൽമനാറിൽ രേഖയായി ചേർത്തു കാണുന്നില്ല. സുന്നികൾക്കെതിരെ എന്ത് നുണ പ്രചരിപ്പിച്ചാലും അത് അന്ധമായി സ്വീകരിക്കാനൊരു 'കൗമു'ണ്ടല്ലോയെന്നതാണ് മൗലവിമാർക്കുള്ള ഏക ആശ്വാസം.


സുന്നി പ്രസിദ്ധീകരണം വളച്ചൊടിച്ച് മറ്റൊരു ആരോപണം ഉന്നയിക്കുന്നത് നോക്കൂ. അതായത്, എല്ലാ സൃഷ്ടികളെയും കാണാൻ പറ്റാത്ത അല്ലാഹു ആണത്രേ സുന്നികളുടെ അല്ലാഹു.!!?


ഒരു മൗലവി എഴുതുന്നു:

" സമസ്തക്കാരുടെ അല്ലാഹുവിന് അവന്റെ അടിമകളെയെല്ലാം കാണാൻ കഴിയുകയില്ല. അൽ ഇർഫാദ് മാസികയിലെഴുതുന്നത് കാണുക : ത്വബ്റാനി ഉദ്ധരിക്കുന്ന ഒരു ഹദീസിൽ വിജന ഭൂമിയിൽ ഒരാൾ എത്തിപ്പെട്ടാൽ - യാ ഇബാദല്ലാഹി അഗീസൂനീ - അല്ലാഹുവിന്റെ അടിയാറുകളെ എന്നെ നിങ്ങൾ സഹായിക്കൂ എന്ന് പറയാൻ കൽപ്പിച്ചതായി കാണാം. അതിന്റെ കാരണം അല്ലാഹുവിന് കാണാൻ പറ്റാത്ത ചില അടിമകൾ ഉണ്ട് എന്നതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. (2007 ഡിസംബർ)"

(അല്ലാഹു സമസ്തക്കാരുടെ 

ദൃഷ്ടിയിൽ പേജ് 11 )


ആർക്കും എളുപ്പം മനസ്സിലാക്കാവുന്ന വരികളെയാണ് ഇവിടെ ദുർവ്യാഖ്യാനിച്ചിരിക്കുന്നത്. യാ ഇബാദല്ലാഹി.. അല്ലാഹുവിന്റെ അടിമകളേ എന്ന് വിജനമായ സ്ഥലത്ത് വെച്ച് വിളിക്കുക. നിങ്ങൾ കാണാത്ത ചില അടിമകൾ അല്ലാഹുവിനുണ്ട്. അവർ നിങ്ങളെ സഹായിക്കും. ഇതാണ് ഹദീസിന്റെ പൊരുൾ. ഇവിടെ 'കാണാൻ പറ്റാത്ത ചില അടിമകൾ' അല്ലാഹുവിനുണ്ട് എന്ന് ഉദ്ദേശിച്ചിടത്ത്  'അല്ലാഹുവിന് കാണാൻ പറ്റാത്ത' എന്നാക്കി  എഴുതിയയാൾ ഉദ്ദേശിക്കാത്ത അർത്ഥം പ്രചരിപ്പിച്ചു. ഈ ഹദീസ് ആവട്ടെ വിശ്രുതമാണ്. മനുഷ്യന് കാണാൻ പറ്റാത്ത പല അടിമകളും അല്ലാഹുവിനുണ്ട്. അവർ നിങ്ങളെ സഹായിക്കും എന്നാണ് ഈ ഹദീസിന്റെ ഉദ്ദേശ്യം. ചുക്ക് മുളക് തിപ്പല്ലി എന്ന് വൈദ്യർ എഴുതിക്കൊടുത്തത്  ഒരു വിദ്വാൻ ചുക്ക്മു, ളകുതി, പല്ലി എന്നു വായിചുവെന്ന് കേട്ടിട്ടുണ്ട്. അതിന് സമാനമാണ് മൗലവിമാരുടെ അൽ ഇർഫാദ് വായന. 


ഏതായാലും സുന്നികളുടെ വിശ്വാസം ശരിയല്ലെന്ന് പറയാൻ  കളവുകളും ദുർവ്യാഖ്യാനങ്ങളും മൗലവിമാർക്ക് ആവശ്യമായി വരുന്നു. 

ഇതുകൊണ്ടൊന്നും സ്വന്തം വിശ്വാസ വൈകല്യങ്ങൾ മറച്ചുവെക്കാൻ സാധ്യമല്ല തന്നെ.

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...