*തസ്ബീഹു നമസ്കാരത്തിൻ്റെ രൂപം*
ജമാഅത്തു സുന്നത്തില്ലാത്ത നമസ്ക്കാരത്തിൽപ്പെട്ടതാണു തസ്ബീഹു നമസ്ക്കാരം. അതു നാലു റക്അത്താണ്. രണ്ടാം റക്അത്തിൽ സലാം ചൊല്ലിക്കൊണ്ടും സലാം ചൊല്ലാതെ നാലു റക്അത്തു ചേർത്തുകൊണ്ടും അതു നമസ്ക്കരിക്കാവുന്നതാണ്. രാത്രിയാണു നമസ്കരിക്കുന്നതെങ്കിൽ രണ്ടാം റക്അത്തിൽ സലാം ചൊല്ലി മുറിച്ചു നമസ്ക്കരിക്കുകയാണുത്തമം. തസ്ബീഹു നമസ്കാരത്തിന് പ്രത്യേക സമയമില്ല. ദിനംപ്രതി അതു നിർവ്വഹിക്കാവുന്നതാണ്. ഇല്ലെങ്കിൽ ആഴ്ചയിൽ ഒരു തവണ. അതുമില്ലെങ്കിൽ മാസത്തിൽ. അതുമില്ലെങ്കിൽ വർഷത്തിൽ. അതുമില്ലെങ്കിൽ വയസ്സിൽ ഒരു തവണയെങ്കിലും നമസ്കരിക്കേണ്ടതാണ്.
ഓരോ റക്അത്തിലും 75 തസ്ബീഹു വീതം നാലു റക്‌അത്തിലും കൂടി 300 തസ്ബീഹ് അതിൽ പൂർത്തിയാക്കേണ്ടതാണ്. തസ്ബീഹിന്റെ വാക്യം ഇപ്രകാരമാണ്:-
سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلٰهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ
നിർത്തത്തിൽ പതിനഞ്ചും. റുകൂഇൽ പത്തും. ഇഅ്‌തിദാലിൽ പത്തും. ആദ്യത്തെ സുജൂദിൽ പത്തും. ഇടയിലെ ഇരുത്തത്തിൽ പത്തും, രണ്ടാം സുജൂദിൽ പത്തും. രണ്ടാം സുജൂദിൽ നിന്ന് ഉയർന്ന ഉടനെ ഇരുന്ന് പത്തും. ഇങ്ങനെയാണു മേൽപറഞ്ഞ എണ്ണം തസ്ബീഹു ചൊല്ലേണ്ടത്. അത്തഹിയ്യാത്തിന്റെ ഇരുത്തത്തിൽ ആദ്യം തസ്‌ബീഹും പിന്നെ അത്തഹിയ്യാത്തും കൊണ്ടുവരേണ്ടതാണ്. ബാക്കി സ്ഥാനങ്ങളിലെല്ലാം അതാത് സ്ഥാനങ്ങളിൽ കൊണ്ടുവരാനുള്ളവയുടെ ശേഷമാണു തസ്ബീഹ് ചൊല്ലേണ്ടത്. ഇപ്രകാരം നാലു റക്അത്തിലും കൊണ്ടുവരേണ്ടതാണ്. ഏതെങ്കിലും ഒരു സ്ഥാനത്തെ തസ്‌ബീഹ് ഒഴിഞ്ഞുപോയാൽ ആ തസ്ബീഹുംകൂടി ശേഷമുള്ള സ്ഥാനത്തു കൊണ്ടുവരേണ്ടതാ ണ്. പക്ഷേ, റുകൂഇലേത് ഇഅ്‌തിദാലിലും ഒന്നാം സുജൂദിലേത് ഇടയിലെ ഇരുത്തത്തിലും പരിഹരിക്കപ്പെടരുത്. അതു രണ്ടും യഥാക്രമം ഒന്നാം സുജൂദിലും രണ്ടാം സുജൂദിലുമാണു പരിഹരിക്കപ്പെടേണ്ടത്. ഇഅ്തിദാലും ഇടയിലെ ഇരുത്തവും ചുരുങ്ങിയ ഫർളുകളായതിനാൽ അതു രണ്ടും അതാതിലെ ദിക്റുകളേക്കാൾ കൂടുതൽ നീട്ടിക്കൂടാത്തതാണ്. ഫാതിഹഃക്കു ശേഷം ഓതുവാൻ പറയപ്പെട്ട സൂറത്തുകൾ അൽഹാക്കും, വൽഅസ്വ്‌രി, കാഫിറൂന, ഇഖ്ലാസ്വ് ഇവകളാണ്.
`[ശൈഖുൽ ഉലമാഇ വതാജുഹും എൻ.കെ മുഹമ്മദ് മൗലവി (ഖു:സി) അവർകളുടെ "കർമ്മശാസ്ത്ര പാഠങ്ങൾ" പേ: 101, 102]`
No comments:
Post a Comment