https://www.facebook.com/100024345712315/posts/pfbid0jUbVNjJ4Ds2oJYmRV494U4PTKHZe2xjgaov2Q74EdhJHxgNKDFzEf66kgMi4Z4zgl/?mibextid=9R9pXO
മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം 67/313
➖➖➖➖➖➖➖➖➖➖➖➖
✍️ Aslam saquafi payyoli
*ആധുനിക വഹാബി ചിന്തകളെ*
*സി എൻ പൊളിച്ചെഴുതുന്നു*
1921ന് മുമ്പുള്ള മുസ്‌ലിംകൾ ഒന്നിനും കൊള്ളരുതാത്തവരാണെന്ന ആധുനിക വഹാബികളുടെ പ്രചാരണത്തെ ചരിത്രകാരൻ സി എൻ അഹമ്മദ് മൗലവി നൂറുകണക്കിന് തെളിവുകൾ ഉദ്ധരിച്ചുകൊണ്ട് പൊളിച്ചടക്കുന്നുണ്ട് തൻ്റെ മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തിൽ.
സി എൻ അഹ്മദ് മൗലവി
എഴുതുന്നു:
"മുൻഗാമികൾ കൊള്ളരുതാത്തവരും അപരിഷ്കൃതരുമായിരുന്നു ; നാമാണ് എല്ലാതരം കഴിവുകളും നേടിയവരും പരിഷ്കാരികളുമെന്ന് ആധുനിക തലമുറക്ക് ഒരു നാട്യമുണ്ട്. അത് മുഴുവനും ശരിയല്ല. ഇന്നത്തെ സാഹചര്യങ്ങൾക്കനുസരിച്ച് നമുക്ക് പല നേട്ടങ്ങളും കൈവന്നിട്ടുണ്ട്. അതനുസരിച്ച് നാം കുറെയൊക്കെ വളരുകയും ചെയ്തിരിക്കുന്നു. അതേപ്രകാരം നമ്മുടെ മുൻഗാമികൾക്ക് കൈവന്ന അവസരങ്ങൾ ഒന്നും തങ്ങളുടെ വളർച്ചക്ക് അവർ ഉപയോഗപ്പെടുത്താതിരുന്നില്ലെന്ന് നാം ഓർക്കണം.
ഫത്ഹുൽ മുഈൻ, ശറഹ് അൽഫിയ, ഇർശാദ്, മുർശിദ് തുടങ്ങി നൂറുകണക്കിന് കൃതികൾ മാപ്പിള പണ്ഡിതന്മാർ രചിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയുടെ ശരിയായ എണ്ണം നിർണയിക്കുക സാധ്യമല്ല. ഏതായാലും ഒരു അഞ്ഞൂറോ മറ്റോ ആയിരിക്കുകയില്ല, അതിലും കൂടുതലായിരിക്കും. ഇന്ത്യയിലെ മറ്റൊരു സ്റ്റേറ്റിലും മുസ്‌ലിംകൾ ഈ രംഗത്ത് ഇത്രയും ദൂരം പുരോഗമിച്ചിട്ടില്ലെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും. മറ്റവർ അപൂർവ്വം ചിലത് രചിച്ചിട്ടുണ്ടെങ്കിൽ തന്നെ അവർക്ക് ഈ നിലവാരം പ്രാപിക്കാൻ കഴിഞ്ഞിട്ടില്ല. ഇവിടെ ഇന്ന് വിൽപ്പനക്ക് വച്ചിരിക്കുന്ന ഒരു ഗ്രന്ഥത്തിന്റെ പുറഞ്ചട്ടയിൽ എഴുതിയിരിക്കുന്നത് 313 മൗലിദുകൾ എന്നാണ്. മുമ്പ് പറഞ്ഞപോലെ പൂർവ്വ മഹാത്മാക്കളുടെ അപദാനങ്ങൾ പ്രകീർത്തിക്കുന്നവയാണ് അവ മുഴുവനും. ഇങ്ങനെ മഹാത്മാക്കളോട് അമിതമായ ഭക്തിയും ആദരവും പ്രകടിപ്പിച്ചുകൊണ്ട് ഇത്രയും അധികം ഗദ്യ- പദ്യ കൃതികൾ രചിച്ച മറ്റൊരു ജനത ലോകത്തുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഒരൊറ്റ പുള്ളിയുമില്ലാത്ത അറബി പദങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് നബി തിരുമേനിയുടെ ഒരു ലഘു ചരിത്രഗ്രന്ഥം അറബി ഭാഷയിൽ എഴുതാൻ ഖിലാഫത്ത് നേതാവായിരുന്ന ആലി മുസ്‌ലിയാരുടെ സഹോദരി പുത്രൻ അബുർറഹ്മത്ത് കഴിവുനേടി. അറബി ഭാഷാ സാഹിത്യത്തിന്റെ മികവും ഈ മാപ്പിള സാഹിത്യകാരന്റെ കഴിവും ഇതിൽ നിന്നും ഗ്രഹിക്കാമല്ലോ "
(പേജ് : 56, 57 )
ആദ്യകാലത്ത് മുസ്‌ലിംകൾക്കുണ്ടായിരുന്ന അക്ഷരജ്ഞാനം മറ്റു മതസ്ഥർക്കുപോലും ഉണ്ടായിരുന്നില്ലത്രെ. അറബി അക്ഷരജ്ഞാനം ഇല്ലാത്ത ഒരു മാപ്പിളയും ഉണ്ടായിരുന്നില്ല.
സി എൻ എഴുതുന്നു:
"പ്രസ്സ് സ്ഥാപിക്കും മുമ്പ് പദ്യ രൂപത്തിലാണ് വിഷയങ്ങൾ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നതെന്ന് മുമ്പ് പറഞ്ഞല്ലോ. ആ മാർഗ്ഗമായിരുന്നു അന്ന് കൂടുതൽ സൗകര്യപ്രദം.
പ്രസ്സ് സ്ഥാപിതമായി കഴിഞ്ഞപ്പോൾ ആർക്കും ഗ്രന്ഥങ്ങൾ വായിക്കാമെന്നായി. ബഹുഭൂരിപക്ഷം മുസ്‌ലിംകളും ഖുർആൻ വായിക്കാൻ പഠിച്ചവർ. അത് പഠിച്ചവർക്ക് എല്ലാം അറബി മലയാളവും വായിക്കാൻ കഴിയും. തന്നിമിത്തം മുസ്‌ലിംകളിൽ ഗദ്യ സാഹിത്യം പ്രചരിപ്പിക്കുക വളരെ എളുപ്പമായിരുന്നു. മതഭക്തി മൂലം അറബി അക്ഷരജ്ഞാനം നേടുന്നത് ഒഴിച്ചുകൂടാത്തതായി മാപ്പിളമാർ കണ്ടു.
ഇന്ത്യയിലെ ഇതര മുസ്‌ലിം ജനവിഭാഗങ്ങളുടെ ഹൃദയങ്ങളിൽ ആ ധാരണ അത്രയും ആയത്തിൽ വേരൂന്നിയില്ല. തന്നിമിത്തം അവർക്കിടയിൽ അക്ഷരഭ്യാസവും സാഹിത്യ പ്രചരണവും ഇവിടുത്തെ തോതിൽ നടന്നിരുന്നില്ല. അല്ല, ഇവിടുത്തെ കേരളത്തിലെ മുസ്‌ലിംകളിൽ പ്രചരിച്ച പോലെയുള്ള അക്ഷരജ്ഞാനം ഇവിടുത്തെ ഹിന്ദുക്കളിൽ പോലും അന്ന് പ്രചരിച്ചിരുന്നില്ലെന്ന് പിന്നിലേക്ക് തിരിഞ്ഞു നോക്കിയാൽ നമുക്ക് കാണാം. "
(മഹത്തായ മാപ്പിള
സാഹിത്യ പാരമ്പര്യം 50 )
കേരള മുസ്‌ലിംകൾ അറിവില്ലാത്തവരോ ആത്മീയതയില്ലാത്തവരോ ആയി അനാഥരായിപ്പോയ ഒരു കാലം കഴിഞ്ഞിട്ടില്ലെന്ന് തന്നെ പറയാം.
പരിമിതമായ അവസരങ്ങൾ ഉപയോഗപ്പെടുത്തി വലിയ ത്യാഗങ്ങൾ വിജ്ഞാന മേഖലയിൽ ചെയ്തവരാണ് നമ്മുടെ മുൻഗാമികൾ.
ആധുനിക വഹാബികൾ
ഈ ചരിത്രങ്ങളെല്ലാം മൂടിവെക്കുന്നത് പിൽക്കാലത്ത് മുസ്‌ലിംകളെ വിശ്വാസപരമായും കർമ്മപരമായും ഭിന്നിപ്പിച്ച് പൈശാചിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വക്കം മൗലവിയെയും കെ എം മൗലവിയെയും നവോത്ഥാന നായകരായി ചിത്രീകരിക്കാനാണ്.