Sunday, March 23, 2025

വൈലത്തൂർ ബാവ മുസ്‌ലിയാർ (ന:മ)**

 റമളാൻ 23

വഫാത്ത് ദിവസം


**വൈലത്തൂർ ബാവ മുസ്‌ലിയാർ (ന:മ)**


✍️

റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ

(പ്രസിഡന്റ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ)


പണ്ഡിതനും ഗ്രന്ഥകാരനും കവിയുമൊക്കെയായിരുന്ന വൈലത്തൂർ ബാവ ഉസ്‌താദ് സംശുദ്ധമായ ജീവിതത്തൻ്റെ 

ഉടമയായിരുന്നു. ദയൂബന്ദിൽ എൻ്റെ സതീർത്ഥ്യനും ഇഹ്‌യാഉസ്സുന്നയിൽ എൻ്റെ സഹപ്രവർത്തകനുമായിരുന്നു. ദീർഘമായ സഹവാസത്തിനിടയിൽ എന്തെങ്കിലും അനുചിതമായ കാര്യങ്ങൾ ബാവ ഉസ്താദിൽ നിന്ന് സംഭവിച്ചതായി ഞാനോർക്കുന്നില്ല. സമൂഹത്തിനും സമുദായത്തിനും പൊതുവെയും പണ്ഡിതർക്ക് വിശേഷിച്ചും ഉപകാരപ്പെടുന്ന ഒട്ടനവധി സേവനങ്ങൾ ചെയ്ത് ജീവിതം ധന്യമാക്കിയ മഹാനായിരുന്നു ബാവ ഉസ്താദ്.


ഉപരിപഠനത്തിനു വേണ്ടി ദയൂബന്ദിലേക്ക് പോകുമ്പോൾ തീവണ്ടിയിൽ വെച്ചാണ് ആദ്യമായി പരിചയപ്പെടുന്നത്. ചാലിയത്തു നിന്ന് ഞങ്ങൾ പത്ത് പേരുണ്ടായിരുന്നു. ബാവ ഉസ്താ ദിനോടൊപ്പം മറ്റു രണ്ടുപേരും. ചെലൂരിൽ തിരൂരങ്ങാടി ബാപ്പു മുസ്‌ലിയായാരുടെ ദർസിൽ പഠിക്കുമ്പോഴാണ് അദ്ദേഹം ദയൂബന്ദിലേക്ക് പോകുന്നത്. നല്ല സാഹിത്യകാരനും കവിയും ആശി ഖുറസൂലുമായിരുന്നല്ലോ ബാപ്പു മുസ്‌ലിയാർ.. അദ്ദേഹത്തിൽ നിന്നാണ് ബാവ മുസ്‌ലിയാർക്ക് കവിത എഴുതാനുള്ള പ്രേരണയും കഴിവും സിദ്ധിച്ചത്.


ബദ്‌രീങ്ങളെ കുറിച്ചും ധാരാളം ബൈത്തുകൾ ഉണ്ടാക്കയിട്ടുണ്ട് ബാവ ഉസ്‌താദ്. അതിൽ സുപ്രധാനമാണ് മിഫ്താഹുളളഫ് രി വൽമജ്ദ് ഫീ ത്തവസ്സുലി ബി അസ്ഹാബി ബദ്‌രിൻ വഉഹുദ് എന്ന കൃതി. കൂടാതെ വലിയ വലിയ മഹാന്മാർ 

വഫാതാകുമ്പോഴൊക്കെയും അവരെക്കുറിച്ച് മർസിയ്യതുകളുണ്ടാക്കും. കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാർ, പാങ്ങിൽ അബ്‌ദുല്ല മുസ്‌ലിയാർ,കോട്ടുമല അബൂബക്കർ മുസ്‌ലിയാർ അബ്‌ദുൽ ഖാദിർ ഉസ്‌താദ് പൂല്ലൂക്കര, മലപ്പുറം ചെറുകോയ തങ്ങൾ,അബുൽ കമാൽ കാടേരി, പാനായിക്കുളം ബാപ്പു മുസ്‌ലിയാർ, കുണ്ടൂർ ഉസ്‌താദ്, ഒ.കെ ഉസ്‌താദ്‌, കുറ്റിപ്പുറം അബ്ദുല്ല മുസ്‌ലിയാർ എന്നിവരുടെ മർസിയ്യത്തുകൾ ഏറെ ശ്രദ്ധേയമാണ്. ഉവൈസുൽ ഖറനീ, ശാഫിഈ ഇമാം, മുഹ്‌യിദ്ദീൻ ശൈഖ്, ഖുത്ബുസ്സമാൻ, ദാവൂദുൽ ഹകീം, ശൈഖനാ ഒ.കെ ഉസ്‌താദ്, മുഹമ്മദ് ഖാസിം തങ്ങൾ എന്നിവരെക്കുറിച്ചൊക്കെ മൗലിദുകളും ഉണ്ടാക്കിയിട്ടുണ്ട്. അൽഫിയ്യ, നഫാഇസ്, ജംഅ്, ഫറാഇദുൽ മുഹമ്മദിയ്യ, ശറഹുൽ ജസരിയ്യ തുടങ്ങിയ പല ദർസീ കിതാബുകൾക്കും സഹായക ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. തർക്ക വിഷയങ്ങളിലും ധാരാളം എഴുതി. അതിൻ്റെയൊക്കെ പുറമെയാണ് 

അറബിയിലും മലയാളത്തിലുമായി രചിച്ച വ്യത്യസ്‌ത വിഷയങ്ങളിലുള്ള കനപ്പെട്ട കൃതികൾ.


പഠിക്കുന്ന കാലത്തു തന്നെ വെറുതെ സമയം കളയാറില്ല. പ്രത്യേകിച്ച് പണികളൊന്നുമില്ലെങ്കിലും എപ്പോഴും ഒരു ഖലം കയ്യിലുണ്ടാകും. അധിക സമയവും എന്തെങ്കിലും എഴുതിക്കൊ ണ്ടിരിക്കുകയായിരിക്കും. വാഹനത്തിൽ കയറിയാൽ ഒന്നുകിൽ ഖുർആൻ പാരായണം, അല്ലെങ്കിൽ സുന്നത് നിസ്‌കാരം. (യാത്ര ക്കാരൻ്റെ സുന്നത് നിസ്‌കാരത്തിൽ ഖിബ്‌ല ശർതില്ലല്ലോ) 


ജീവിതം മുഴുവൻ അല്ലാഹുവിൻ്റെ ത്വാഅത്തിൽ(വഴിപ്പെടൽ) ചെലവഴിച്ച മഹാനവർകൾ അവസാന കാലഘട്ടങ്ങളിൽ ഖുർആൻ ഹിഫ്ള്(മനഃപാഠം) ആക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനായി ധാരാളം ഓതിയിട്ടുണ്ട്.


ബാവ മുസ്‌ലിയരോടൊപ്പമുള്ള ജീവിതം ഏറെ സന്തോഷങ്ങൾ നിറഞ്ഞതായിരുന്നു. കിബ്റും(അഹങ്കാരം) ബുഖ്‌ലും( പിശുക്ക്) തീരെയില്ലാത്ത വ്യക്തിത്വം. നാട്ടിൽ നിന്നു പണം വന്നാൽ എല്ലാവർക്കും അതിൽ പങ്കുണ്ടായിരുന്നു. തൻ്റെ വസ്‌തുക്കൾ മറ്റെല്ലാവർക്കുമായി വിട്ടുകൊടുക്കും. അങ്ങനെയൊക്കെ യാണെങ്കിലും ശറഇന്(മതനിയമങ്ങൾക്ക്) എതിരായ കാര്യങ്ങൾ കണ്ടാൽ ദേഷ്യം പിടിക്കും. അത് മോശം സ്വഭാവമല്ലല്ലോ. മറിച്ച് ഏറെ നല്ല സ്വഭാവമത്രെ. സഹപാഠികളോടൊക്കെ ഏറെ സ്നേഹവും കൃപയുമായിരുന്നു. തൻ്റെ സഹപാഠിയായിരുന്ന ആദൃശ്ശേരി അഹ്‌മദ് മുസ്‌ലിയാർക്ക് വസൂരി പിടിപെട്ടപ്പോൾ ശുശ്രൂഷകനായി കൂടെ നിന്നത് ബാവ ഉസ്‌താദായിരുന്നു. ആദ്യം ശക്തമായ പനിയാണ് തുടങ്ങിയത്. പിന്നീട് അത് കലശലായ വസൂരിയായി. രാവും പകലും അദ്ദേഹത്തിന്റെ കൂടെയിരുന്ന് സഹായങ്ങൾ ചെയ്ത‌് ആ മനുഷ്യസ്നേഹി ഉറക്കമൊഴിച്ചു. 

ഏകാന്തതയെ മറികടക്കാൻ ഇമാം യാഫിഈയുടെ വിശ്രുതമായവരികൾ ചൊല്ലിക്കൊണ്ടിരിക്കുമായിരുന്നു.


 ഇദാ സ്വഹ്ഹ മിൻകൽ വുദ്ദു ഫൽ കുല്ലു ഹയ്യിനു


ഫകുല്ലുല്ലദീ ഫൗഖത്തുറാബി തുറാബു


(നിൻ്റെ സ്നേഹം യഥാർത്ഥമാണെങ്കിൽ സർവ്വവും ലളിതമെത്രെ.


മണ്ണിനു മുകളിലുള്ളത് മുഴുവൻ മണ്ണു തന്നെ.)


ദയൂബന്ദിലലെ ഉപരിപഠനത്തിനു ശേഷം തെയ്യാല, വളവന്നൂർ, തിരൂരങ്ങാടി, ഓമച്ചപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ മുദർരിസായി സേവനം ചെയ്തു. അക്കാലത്ത് ഇഹ്‌യാഉസ്സുന്നയിൽ പരീക്ഷ നടത്താൻ ഇടക്ക് കൊണ്ടുവരുമായിരുന്നു. പിന്നീട് ബിരുദം നൽകാൻ തുടങ്ങി രണ്ട് വർഷം കഴിഞ്ഞ ശേഷം ഇഹ്‌യാഉസ്സുന്നയിലെ മുദർരിസായി നിയമിതനായി. നിസ്വാർത്ഥനും കഠിനാധ്വാനിയുമായിരുന്ന മുദർരിസായിരുന്നു. വീട്ടിൽ ശുഗ് ലു‌കൾ(ജോലികൾ) ഉണ്ടെങ്കിലും ദർസ് മുടക്കാതിരിക്കാൻ ശ്രദ്ധിക്കും. മുത്വവ്വൽ, മുസ്‌ലിം, തുഹ്ഫ തുടങ്ങിയ കിതാബുകൾ കുട്ടികൾക്ക് ഓതിക്കൊടുത്തു. നല്ല പ്രതിഭാധനനായ

മുദർരിസായിരുന്നു അദ്ദേഹം.


   ചില മസ്അലകളുടെ (മതവിധികൾ) വിഷയങ്ങളിലും ചരിത്രപരമായ ചില കാര്യങ്ങളിലും അല്ലറ ചില്ലറ അഭിപ്രായ വ്യത്യാസങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ടെങ്കിലും ഏറെ ഐക്യത്തിലും ഒരുമയിലും സ്നേഹത്തിലും സന്തോഷത്തിലുമായിരുന്നു ഞങ്ങളുടെ ജീവിതം. നന്മയുടെ ഒരു പ്രകാശശഗോപുരമായി ബാവ ഉസ്ത്താദ് നമുക്കിടയിൽ ജ്വലിച്ചു നിന്നു. വകതിരിഞ്ഞ കാലം മുതൽ ഉമ്മത്തിന് ഉപകാര പ്രദമായിരുന്നു അവരുടെ ജീവിതം. രചനകളാലും നസ്വീഹത്താലും ദർസാലും എല്ലാ ത്രാണിത്തങ്ങളും ഉണ്ടെങ്കിലും താഴ്‌മയുടെ ജീവിതം. അഹങ്കാരം അൽപ്പവും ഇല്ലാത്ത ജീവിതം. മുൻകറാത്ത് കണ്ടാൽ അപ്പോൾ എതിർക്കും. തുണിയൊക്കെ ഞെരിയാണിക്ക് താഴെ 

കണ്ടാൽ അപ്പോ എതിർക്കും.


അവരെ പറ്റിയും അവരുടെ തസ്‌നീഫാത്തുകളെപ്പറ്റിയും ശിഷ്യന്മാർ നല്ലോണം എഴുതും ഇൻഷാ അല്ലാഹ്.... അവരെയും നമ്മെയും സ്വർഗീയ ലോകത്ത് ഒരുമിച്ച് കൂട്ടി അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ.


(**വൈലത്തൂർ ബാവ ഉസ്താദ്** സ്മരണികയിൽ നിന്ന് )

=====================

 പ്രമുഖ പണ്ഡിതനും  മുദർരിസും അറബി കവിയും സമസ്ത കേന്ദ്ര മുശാവറ അംഗവും ഒതുക്കുങ്ങൽ

ഇഹ്‌യാഉസുന്ന മുദർരിസുമായിരുന്ന

വൈലത്തൂർ ബാവ മുസ്‌ലിയാർ (ന:മ)

2015 ജൂലൈ 10

ഹി: 1436 റമളാൻ: 23ന് 

വഫാത്തായി.

വൈലത്തൂർ ചിലവിൽ ജുമാമസ്ജിദിനു ചാരെ അന്ത്യവിശ്രമം കൊള്ളുന്നു.

============

പകർത്തിയത് 

എം കെ പുത്തൂപ്പാടം

No comments:

Post a Comment

സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം* التَّحْذِيرُ عَنِ الْمُبْتَدِعَةِ ഭാഗം : 3

  *സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം* التَّحْذِيرُ عَنِ الْمُبْتَدِعَةِ ഭാഗം : 3 Aslam Kamil saquafi parappanangadi ______________...