📚
*ഖുർആൻ വലിച്ചെറിഞ്ഞ ചില 'ഈഗോ'കൾ*
✍
അഷ്റഫ് സഖാഫി പള്ളിപ്പുറം
_____________________________
നമുക്ക് ഇഷ്ടപ്പെടാത്തവർ, താരതമ്യേന സമൂഹത്തിൽ നിലയും വിലയുമില്ലാത്തവരായി ഗണിക്കപ്പെടുന്നവർ - ഇവർക്ക് നേതൃത്വമോ മറ്റു സ്ഥാനമാനങ്ങളോ ലഭിച്ചെന്ന് വെക്കുക, അന്നേരം നിങ്ങളുടെ മനസ്സിൽ ഒരുതരം പുച്ഛഭാവം ഉടലെടുക്കുന്നുണ്ടോ ? എങ്കിൽ അത് മോശപ്പെട്ട സ്വഭാവമാണ്. അങ്ങനെ ഉണ്ടാകാൻ പാടില്ല.
നോക്കൂ, ഏറ്റവും ഉന്നതരായവർ ബനൂ ഇസ്റാഈൽ വംശജർ മാത്രമാണെന്ന് യഹൂദികൾ വിശ്വസിക്കുന്നു. അവരിൽ നിന്നേ നബിമാർ വരാവൂ എന്ന ധാരണയും അവർക്കുണ്ട്. ദീർഘ കാലമായി ഇസ്ഹാഖ് നബി(അ)യിലൂടെ നബിമാർ നിയോഗിക്കപ്പെട്ടത് അവരിലാണെങ്കിലും അങ്ങനെ ഉണ്ടാകാവൂ എന്നില്ലല്ലോ. പിന്നീട് ഇസ്മാഈൽ നബി(അ)യുടെ പരമ്പരയിൽ, അറബികളിൽ നിന്നും തിരുനബി(സ്വ)യെ നിയോഗിക്കപ്പെട്ടപ്പോൾ, യഹൂദികൾക്ക് അസൂയ പൂണ്ടു. ഭാവിയിൽ വരാനിരിക്കുന്നുവെന്ന് തൗറാതിൽ തിരുനബി(സ്വ) തങ്ങളെക്കുറിച്ച് സുവിശേഷമറിയിച്ചിട്ടുണ്ട്. ആ നബിയെ മുൻ നിർത്തി റബ്ബിനോട് ദുആ ചെയ്തിരുന്നു അവർ.
പക്ഷെ, നിയോഗിക്കപ്പെട്ടത് നമ്മുടെ വിഭാഗത്തിലായില്ല എന്ന കാരണം കൊണ്ട് മാത്രം വിസമ്മതിക്കുകയായിരുന്നു:
{ وَلَمّا جاءَهُم كِتابٌ مِن عِندِ اللَّهِ مُصَدِّقٌ لِما مَعَهُم وَكانوا مِن قَبلُ يَستَفتِحونَ عَلَى الَّذينَ كَفَروا فَلَمّا جاءَهُم ما عَرَفوا كَفَروا بِهِ فَلَعنَةُ اللَّهِ عَلَى الكافِرينَ }[ البقرة: ٨٩ ]
തങ്ങൾക്കിഷ്ടപ്പെടാത്തവരെ അംഗീകരിക്കാനാവില്ല എന്ന ചീത്ത സ്വഭാവമാണത്.
സാമ്പത്തിക ശേഷി കുറഞ്ഞതിൻ്റെ പേരിൽ, നേതൃത്വം നൽകരുതെന്ന ചിന്തയും ഇവർക്കുണ്ടായിരുന്നു. അമാലിഖഃ വിഭാഗവുമായി പ്രശ്നത്തിലായപ്പോൾ, അവരെ തുരത്തിയോടിക്കാൻ യോഗ്യനായ നേതാവിനെ അവർ ആവശ്യപ്പെട്ടു. അന്നേരം, ഇൽമും ആരോഗ്യവുമുള്ള 'ത്വാലൂത്' എന്ന യുവാവിനെ അവർക്ക് നിർദ്ദേശിച്ചു നൽകി. പക്ഷേ, 'സമ്പന്നരായ ഞങ്ങൾ ദരിദ്രനായ ഒരു വ്യക്തിക്ക് കീഴിൽ അണിനിരക്കുകയോ ?'- എന്ന ആവലാതിയായിരുന്നു അവർക്ക്:
{ وَقالَ لَهُم نَبِيُّهُم إِنَّ اللَّهَ قَد بَعَثَ لَكُم طالوتَ مَلِكًا قالوا أَنّى يَكونُ لَهُ المُلكُ عَلَينا وَنَحنُ أَحَقُّ بِالمُلكِ مِنهُ وَلَم يُؤتَ سَعَةً مِنَ المالِ قالَ إِنَّ اللَّهَ اصطَفاهُ عَلَيكُم وَزادَهُ بَسطَةً فِي العِلمِ وَالجِسمِ وَاللَّهُ يُؤتي مُلكَهُ مَن يَشاءُ وَاللَّهُ واسِعٌ عَليمٌ }[ البقرة: ٢٤٧ ]
യഅ്ഖൂബ് നബി(അ)യുടെ മക്കളിൽ നുബുവ്വതും അധികാരവും നൽകപ്പെട്ടിരുന്ന യഹൂദാ - ലാവീ എന്നിവരുടെ സന്താന പരമ്പരയിലായില്ല എന്ന കാരണവും ത്വാലൂതിനെതിരെ അവർക്കുണ്ടായിരുന്നു എന്ന് തഫ്സീറുകളിൽ കാണാം.
അപ്പോൾ, കുടുംബ മഹിമയുടെയും സമ്പത്തിൻ്റെയും അടിസ്ഥാനത്തിൽ വില കൽപിക്കാതിരിക്കുന്നതും അവരുടെ നേതൃത്വവും അറിവും വകവെക്കാതിരിക്കുന്നതും ജൂതസ്വഭാവമാണ്.
ഈ സ്വഭാവങ്ങൾ ഇല്ലാതിരിക്കാനാണല്ലോ ഫാതിഹഃയിൽ എല്ലായ്പ്പോഴും റബ്ബിനോട് തേടിക്കൊണ്ടിരിക്കുന്നതും.
അല്ലാഹു നമ്മെ നല്ല ഹൃദയത്തിനുടമകളാകട്ടെ - ആമീൻ.
(തുടരും)
✨
No comments:
Post a Comment