*പേരോട് ഉസ്താദ് ( 5 )*
----------------------------------------------
*ചോദ്യം നാലും അഞ്ചും*
പത്തു കോടി രൂപ ഇനാം പ്രഖ്യാപിച്ചു കൊണ്ടുള്ള പേരോട് ഉസ്താദിന്റെ 5 ചോദ്യങ്ങളിൽ നാലിനും അഞ്ചിനും മറുപടിയായി മൗലവിമാർ എഴുതിവിട്ടത് ശുദ്ധനുണയായിരുന്നു.
നാലാമത്തെ ചോദ്യവും അതിനു മൗലവിമാർ നൽകിയ ഉത്തരവും ആദ്യം വായിക്കുക :
"ഹിജ്‌റ 1300 വരെ ലോകത്ത് ഏതെങ്കിലും ഒരു പള്ളിയിൽ ഏതെങ്കിലും ഒരു ഖത്തീബ് ഏതെങ്കിലും ഒരു ജുമുഅ ഖുതുബ അറബിയല്ലാത്ത ഭാഷയിൽ നിർവഹിച്ചതായി തെളിയിച്ചാൽ." ഇതായിരുന്നു ചോദ്യം.
മറുപടി : "കേരളത്തിൽ തന്നെ സ്വാഹാബികളുടെ കാലത്ത് പണികഴിപ്പിച്ചതെന്ന് പറയപ്പെടുന്ന കൊടുങ്ങല്ലൂരിലെ വലിയ ജുമുഅത് പള്ളിയിൽ അന്ന് തൊട്ടിന്നുവരെ മലയാളത്തിലാണ് ഖുതുബ."
(അൽ ഇസ്‌ലാഹ് 1996
സെപ്റ്റംബർ പേജ് 23)
ശുദ്ധ നുണയാണിത്. മുജാഹിദ് സ്ഥാപകൻ കെ എം മൗലവിയുടെ വരികൾ കൊണ്ട് തന്നെ ഇത് കളവാണെന്ന് നമുക്ക് ബോധ്യപ്പെടും. ജുമുഅ ഖുതുബ എന്ന പുസ്തകത്തിൽ അദ്ദേഹം എഴുന്നു :
"തീർച്ചയായും സ്വലഫു സ്സാലിഹ്കൾ അഥവാ സ്വഹാബികളോ താബിഉകളോ മതപരമായ ഖുതുബ നിർവഹിക്കുമ്പോൾ അതിന്റെ അനുബന്ധങ്ങൾ പോലും പ്രാദേശിക ഭാഷയിൽ പറയുന്നതോ അർക്കാനുകൾ അറബിയിൽ പറഞ്ഞ ശേഷം പരിഭാഷപ്പെടുത്തുന്നതായോ ഏതെങ്കിലും ഒരു കിതാബിലുള്ളതായി ഞാൻ കണ്ടിട്ടില്ല. നബി(സ)യും സ്വലഫു സാലിഹുകളും ദീനിയ്യായ ഖുതുബകൾ അതിന്റെ റുക്‌നുകൾ തവാബിഉകൾ ഉൾപ്പെടെ അറബി ഭാഷയിലായിരുന്നു നിർവഹിച്ചിരുന്നത്."
(കെ എം മൗലവി
ജുമുഅ ഖുതുബ പേജ് :23)
കേരളത്തിൽ ആദ്യമായി അറബേതര ഭാഷയിൽ ഖുതുബ നിർവഹിക്കപ്പെട്ടത് കൊച്ചി മട്ടാഞ്ചേരി പുതിയ പള്ളിയിലായിരുന്നുവെന്നും മലയാളികൾ ആരും കയറാതിരുന്നപ്പോൾ ഉണ്ടായ പ്രയാസങ്ങളും ഉർദുക്കാരെ ഒരുമിച്ചു കൂട്ടി ഉർദുവിൽ ഖുതുബ നിർവഹിച്ചതും പൈസ കാട്ടി പാവങ്ങളെ പള്ളി കൊള്ളേ അടുപ്പിച്ച കഥയുമൊക്കെ വിശദമായി ഉമർ മൗലവി ഓർമകളുടെ തീരത്ത് എന്ന പുസ്തകത്തിൽ പറയുന്നുണ്ട്:
"പള്ളിപണിത ശേഷം ജുമുഅ തുടങ്ങി. ഹൈദരാബാദുകാരൻ മൗലവി ഉർദുവിൽ ഖുതുബ നടത്തി. ശ്രോതാക്കൾ അധികവും ഉർദു അറിയുന്ന കച്ചിന്മേൽക്കാരും ആലിയികളും ആയിരുന്നു. അവർ തന്നെ അബ്ദുള്ള ഹാജി ആദം സേട്ടുവിന്റെ സ്വാധീനത്താൽ എത്തുന്നവരും. അമ്പതിൽ താഴെ ആളുകൾ! മലയാളികൾ കയറുകയില്ല.വഹാബികളുടെ പള്ളിയിൽ പോയാൽ നിസ്കാരത്തിനു നാലോ അഞ്ചോ പേര് കാണും.പള്ളിയിൽ നമസ്കാരത്തിന് സ്ഥിരമായി ആളെയുണ്ടാക്കുവാൻ സേട്ടു സാഹിബ് വളരെ ത്യാഗം ചെയ്തിട്ടുണ്ട്. തൃശിനാപ്പിള്ളിയിൽ നിന്നും നെയ്തുകാരായ റാവുത്തർ വിഭാഗത്തിലുള്ള മുസ്‌ലിം തൊഴിലാളി കുടുംബങ്ങളെ അദ്ദേഹം കൊച്ചിയിൽ കൊണ്ട് വന്നു.പള്ളിയുടെ പരിസരത്ത് അവർക്ക് താമസിക്കാൻ വീട് നൽകി. തങ്ങളുടെ നെയ്തു ജോലി ചെയ്യാൻ സേട്ടുവിന്റെ ചിലവിൽ നെയ്തുപകരണമായ തറി കൊടുത്തു വീടും ജോലിയും സൗജന്യം. ഒരു നിബന്ധന മാത്രം എല്ലാ വക്തിനും പള്ളിയിൽ ജമാഅത്തിന് ഹാജരുണ്ടാവണം. അങ്ങനെ സ്ഥിരമായി കുറച്ചു പേരുണ്ടായി. സേട്ടു വലിയ ധർമ്മിഷ്ടനായിരുന്നു. പാവങ്ങൾക്ക് ഉച്ചയൂണിന് ഹോട്ടലിലേക്ക് പാണ്ടിക ശാലയിൽ നിന്നും ചീട്ട് കൊടുക്കുന്ന ഏർപ്പാട് ഉണ്ടായിരുന്നു. വൈകുന്നേരം ധാരാളം ആളുകൾ വരും ചായക്കാശിനായി. ഇതെല്ലാം പാണ്ടികശാലയിൽ നിന്ന് മാറ്റി പള്ളിയിൽ നിന്നും നിസ്കാരശേഷം കൊടുക്കലാക്കി. അതുവാങ്ങാൻ വരുന്ന സാധുക്കൾ ളുഹറിനും അസറിനും പള്ളിയിലേക്കു വരാൻ തുടങ്ങി. അങ്ങനെ പകൽ പള്ളി സജീവമായി... കുറേ കാലത്തെ ഉർദു ഖുതുബക്ക് ശേഷം പിന്നീടത് മലയാളത്തിലായി."
(ഓർമകളുടെ തീരത്ത്
പേജ് : 236 - ഉമർ മൗലവി )
എന്നിട്ടാണിപ്പോൾ സ്വഹാബികളുടെ കാലത്ത് തന്നെ കേരളത്തിൽ മലയാള ഖുതുബ നടന്നു എന്ന ശുദ്ധ നുണ മൗലവിമാർ പടച്ചുവിട്ടത്.
No comments:
Post a Comment