നാലു കർമ്മശാസ്ത്ര ധാരകളും അശാഇറത്തും വിരുദ്ധ ചേരികളിലാണെന്നോ ??!
(ഭാഗം: 2)
ഇമാം അശ്അരിയുടെയും (റ) ഇമാം മാതുരീദിയുടെയും (റ) കടന്നു വരവിനു ശേഷം അഹ്‌ലുസ്സുന്ന വൽ ജമാഅയായി അറിയപ്പെടുന്നത് അശ്അരീ, മാതുരീദീ ധാരകളെയാണ് അഥവാ അശാഇറത്തി നെയാണെന്നത് എക്കാലത്തെയും ഭൂരിപക്ഷം മുസ്‌ലിം പണ്ഡിതരുടെ ഏകോപനമാണ്.
അശാഇറത്തിനെ നാലു മദ്ഹബിന്റെ ഇമാമുകൾ അടക്കമുള്ള മുൻഗാമികളുടെ പാതയിൽ നിന്നും വ്യതിചലിച്ചവരായി ചിത്രീകരിക്കുവാൻ ശ്രമിക്കുന്നവർ ഈ ചരിത്ര വസ്തുതയോട് ചെയ്യുന്നത് എത്ര നീചമായ പ്രവണതയാണ് ?!!
മുസ്‌ലിം ലോകത്തെ പ്രധാന പണ്ഡിതർ സംസാരിക്കുന്നു.. 👇🏻
1️⃣ ഇമാം അല്ലാമാ അബ്ദുൽ ഖാഹിർ അൽ ബഗ്ദാദീ (റ)
വഫാത് ഹി:429
കിതാബു ഉസൂലുദ്ദീൻ
അഹ്‌ലുസ്സുന്നയുടെ അഖീദയുടെ അവലംബങ്ങളും, സംരക്ഷകരുമായ സ്വഹാബാക്കളെയും താബിഉകളെയും വിശിഷ്യാ നാലു കർമ്മ ശാസ്ത്ര ധാരകളുടെ ഇമാമുകളെയും വിശദീകരിച്ച ശേഷം മഹാനർ വിഷയം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
''ലോക മുസ്‌ലിമീങ്ങളുടെ ഇമാമും, ഖദ്‌രിയാക്കൾ റാഫിളുകൾ ഖവാരിജുകൾ തുടങ്ങിയ നവീന വാദക്കാരുടെ പേടി സ്വപ്നവുമായ അബുൽ ഹസൻ അലിയ്യ് ബ്നു ഇസ്മായിൽ അശ്അരിയെയാണ് (റ) ഈ കൂട്ടത്തിൽ ഇനി പറയാനുള്ളത്.
ലോകത്താകെ മഹാനരുടെ ഗ്രന്ഥങ്ങൾക്ക് വലിയ സ്വാധീനമുണ്ട്. മഹാനർക്ക് ലഭിച്ചത് പോലെയുള്ളൊരു അനുയായി വൃന്ദം പിൻ കാലത്ത് ഒരു പണ്ഡിതനും ലഭിച്ചിട്ടില്ല."
2️⃣ ശൈഖ് അബൂ ഇസ്ഹാഖ് അശീറാസീ അശാഫിഈ (റ)
വഫാത് ഹി: 476
കിതാബു ത്വബഖാതു ശാഫിഇയ്യതുൽ ഖുബ്റ
''അശ്അരിയ്യത്ത് അഹ്‌ലുസ്സുന്നയുടെ പ്രതീകവും, ദീനിന്റെ സഹായികളുമാണ്. ഖദ്‌രിയ്യാക്കൾ, റാഫിളീങ്ങൾ തുടങ്ങിയ പുത്തൻ ചിന്താഗതിക്കാർക്കെതിരെ അവർ നിലകൊണ്ടു. ആകയാൽ, അവരെ ആക്ഷേപിക്കുന്നവർ അഹ്‌ലുസ്സുന്നയെയാണ് ആക്ഷേപം നടത്തുന്നത്. അവരെ ആക്ഷേപം നടത്തിയതായി ഭരണകർത്താക്കൾക്ക് വിവരം ലഭിച്ചാൽ ആക്ഷേപം നടത്തിയവരെ ശിക്ഷിക്കൽ അവർക്ക് നിർബന്ധമാണ്. ഇമാം ശാഫിഈയുടെ (റ) ഭൂരിഭാഗം അനുയായികളും അശ്അരിയ്യാക്കളാണ്.''
3️⃣ ഇമാം അല്ലാമാ ഹാഫിൾ ഇബ്നു അസാകിർ (റ)
വഫാത് ഹി: 571
കിതാബു തബ്‌യീനു കദിബിൽ മുഫ്തരീ
''വളരെ ചുരുക്കം ആളുകളെ മാറ്റി നിറുത്തിയാൽ ഹനഫീ,മാലികീ, ശാഫിഈ കർമ്മ ശാസ്ത്ര പണ്ഡിതരിൽ ഇമാം അശ്അരിയിലേക്ക് ചേർക്കപ്പെടാതെ, അദ്ദേഹത്തിന്റെ ദീനീ സേവനങ്ങളിൽ സംതൃപ്തിയില്ലാതെ, അദ്ദേഹത്തിന്റെ വിജ്ഞാനത്തിന്റെ മേൽ പ്രശംസിക്കാതെ ആരെങ്കിലുമുണ്ടോ ..??!!!
ഉണ്ടാവുകയില്ല.
4️⃣ ഇമാം ഇസ്സുബ്നു അബ്‌ദിസ്സലാം (റ)
വഫാത് ഹി: 660
കിതാബു ത്വബഖാതു ശാഫിഇയ്യതുൽ ഖുബ്റ
"പിൻകാലത്ത് ഹനഫികളും, മാലികികളും, ശാഫിഈകളും മുഴുവനായും ഹമ്പലികളിൽ ഭൂരിഭാഗവും ഇരു ധാരകളിൽ ഒന്നിനെ (അശ്അരീ, മാതുരീദീ) പിൻപറ്റുന്നവരാണ്''
5️⃣ ഇമാം അളുദുദ്ദീനുൽ ഈജീ (റ)
വഫാത് ഹി: 756
കിതാബുൽ മവാഖിഫ്
''തിരുനബി ﷺ അംഗീകാരം നൽകിയ, വിജയികളായ ആ കൂട്ടം അശാഇറതാണ്.
മുമ്പ് പ്രതിപാദിക്കപ്പെട്ട പിഴച്ച വിഭാഗങ്ങളിലുള്ള ഒരു പ്രശ്നവും ഇവരിലില്ല."
6️⃣ ഇമാം താജുദ്ദീനുസ്സുബ്കീ (റ)
വഫാത് ഹി: 771
കിതാബു ത്വബഖാതു ശാഫിഇയ്യതുൽ ഖുബ്റ
''അഹ്‌ലുസ്സുന്ന വൽ ജമാഅയുടെ വിശ്വാസം ഒന്നാണ്. ലക്ഷ്യത്തിലേക്ക് എത്താനുള്ള വ്യത്യസ്ത മാർഗങ്ങൾ അവരിൽ ചിലർ സ്വീകരിക്കുന്നത് ഇതിനെതിരല്ല. വളരെ തുച്ഛം ആളുകളൊയിച്ചാൽ ഹനഫീ,ശാഫിഈ,ഹമ്പലീ എന്നീ കർമ്മ ശാസ്ത്ര ധാരകൾ അനുധാവനം ചെയ്യുന്നവരെല്ലാം ശൈഖുസ്സുന്ന അബുൽ ഹസൻ അൽഅശ്അരിയുടെ (റ) വഴിയെ സഞ്ചരിക്കുന്നവരാണ്.''
7️⃣ ഇമാം ജലാലു ദ്ദവ്വാനീ (റ)
വഫാത് ഹി: 918
കിതാബു ശറഹുൽ അഖാഇദിൽ അളുദിയ്യ
''തിരുനബി ﷺ വിജയികളായി പ്രഖ്യാപിച്ച ആ സംഘം അശ്അരികളാണ്. അഥവാ, അബുൽ ഹസൻ അൽഅശ്അരിയെ (റ) പിന്തുടരുന്നവർ."
8️⃣ ഇമാം ഇബ്നു ഹജർ അൽഹൈതമീ (റ)
വഫാത് ഹി: 974
കിതാബു സവാജിർ
"അഹ്‌ലുസ്സുന്നയുടെ രണ്ടു ഇമാമുകൾ അഥവാ ശൈഖ് അബുൽ ഹസൻ അൽഅശ്അരീ (റ), ശൈഖ് അബുൽ മൻസൂർ മാതുരീദീ (റ) തുടങ്ങിയവരുടെ പാതയാണ് യഥാർത്ഥ പാത.''
9️⃣ ഇമാം അബ്ദുൽ ബാഖീ അൽഹമ്പലീ (റ)
വഫാത് ഹി:1071
കിതാബുൽ ഐൻ വൽ അസർ
ഈ ഗ്രന്ഥത്തിൽ അഹ്‌ലുസ്സുന്നയെ മൂന്നു വിഭാഗമായി മഹാൻ വിവരിക്കുന്നുണ്ട്. അതിൽ രണ്ടു വിഭാഗം അശാഇറതും ,മാതുരീദിയ്യതുമാണ്.
1️⃣0️⃣ ഇമാം അബ്‌ദുല്ലാഹിൽ ഹദ്ദാദ് (റ)
വഫാത് ഹി: 1132
¹കിതാബു നൈലിൽ മറാം
"ഇസ്ലാമിക ലോകത്തെ ഭൂരിഭാഗം പണ്ഡിതരും സ്വീകരിച്ച പാതയാണ് അശ്അരീ ധാര. കേവലം ചില വിഷയങ്ങളിൽ മാത്രം നൈപുണ്യം നേടിയ പണ്ഡിതരല്ല ഈ പാതയെ അംഗീകരിച്ചത്. മറിച്ച്, വിശ്വാസ ശാസ്ത്രത്തിലും, ഖുർആൻ വ്യാഖ്യാന- പാരായണ ശാസ്ത്രത്തിലും, കർമ്മ ശാസ്ത്രം, ഹദീസുകളുടെ വിവിധ തലങ്ങൾ, തസ്വവ്വുഫ്, ഭാഷ, ചരിത്രം തുടങ്ങിയ ഒട്ടനേകം മേഖലകളിൽ ഉദാഹരിക്കപ്പെടുന്ന പണ്ഡിതരാണ് ഈ പാതയിൽ അണി ചേർന്നത്".
²കിതാബു മുആവന വൽ മുളാഹറ വൽ മുആസറ
''വിശുദ്ധ ഖുർആനിലും ഹദീസുകളിലും നിക്ഷ്പക്ഷമായി നീ ആലോചിച്ചാൽ, സ്വഹാബാക്കൾ , താബിഉകൾ തുടങ്ങിയവരുടെ ചരിത്രങ്ങളെ നീ പരിശോധിക്കുകയും ചെയ്താൽ ശൈഖ് അബൂ മൂസൽ അശ്അരിയിലേക്കും, ശൈഖ് അബൂ മൻസൂറിൽ മാതുരീദിയിലേക്കും ചേർക്കപ്പെടുന്ന വിഭാഗങ്ങളിലാണ് സത്യം എന്ന് നിനക്ക് ബോധ്യപ്പെടും. സ്വഹാബാക്കളും, താബിഉകളും ഏതൊരു അഖീദയുടെ മേൽ ഏകോപിച്ചോ അതിൻ മേലാണ് ഈ രണ്ട് ഇമാമുകളും നിലനിൽക്കുന്നത്. എല്ലായിടങ്ങളിലും, എല്ലാ കാലത്തും സർവ്വരുടെയും അഖീദയാണത്.
അതാണ് നമ്മുടെ അഖീദയും, അല്ലാഹുവിനു സ്തുതി."
1️⃣1️⃣ ഇമാം ഇബ്നു അജീബ (റ) അൽമാലികീ
വഫാത് ഹി: 1200
കിതാബു ബഹ്റുൽ മദീദ്
"അഹ്‌ലുസ്സുന്നയെന്നാൽ അത് അശാഇറതും, ശരിയായ അവരുടെ പാതയെ പിൻപറ്റിയവരുമാണ്."
1️⃣2️⃣ ഇമാം മുർതളാ അസബീദീ (റ)
വഫാത് ഹി: 1205
കിതാബു ഇത്ഹാഫ്
''പിൻ കാലത്ത് അഹ്‌ലുലുസ്സുന്ന വൽ ജമാഅ എന്നത് കൊണ്ടുള്ള ഉദ്ദേശം തന്നെ അശ്അരീ, മാതുരീദീ മദ്ഹബുകളാണ്. ഇരുവരും തന്റെതായ ആശയങ്ങളെയും ഭാവനകളെയുമല്ല ക്രോഡീകരിച്ചത്. പുതിയൊരു ആശയ പ്രസ്ഥാനത്തെ രൂപപ്പെടുത്തിയതുമല്ല. മറിച്ച്, മുൻഗാമികൾ പറഞ്ഞുവെച്ചതിനെ കാലോചിതമായി അവതരിപ്പിക്കുകയും, രചനകളിലൂടെയും മറ്റും അവയെ പ്രകാശിപ്പിക്കുകയുമാണ് ചെയ്തത്. ഈ ഉദ്യമത്തിൽ ഇമാം അശ്അരീ (റ) പ്രധാനമായും അടിസ്ഥാനപ്പെടുത്തിയത് ഇമാം ശാഫിഈയുടെ (റ) വിശ്വാസ പ്രമാണങ്ങളെയും, ഇമാം മാതുരീദീ (റ) ഇമാം അബൂഹനീഫയുടെയും (റ) വിശ്വാസ പ്രമാണങ്ങളെയുമാണ്''.
ഉമ്മത്തിലെ ഉലമാഇന്റെ പക്ഷം ഇങ്ങനെ നീളുന്നു...
✍️ Nafseer Ahmadh