Friday, December 30, 2022

കന്നിമൂലയിൽ ടോയ്ലറ്റ്?

 കന്നിമൂലയിൽ ടോയ്ലറ്റ്?


🖋️ മൗലാനാ നജീബ് മൗലവി


#ചോദ്യം: വീടു നിർമ്മിക്കുമ്പോൾ കന്നിമൂല (തെക്കു പടിഞ്ഞാർ മൂല)യിൽ ടോയ്ലറ്റ് റൂം ആകരുതെന്നു വീടിനു കുറ്റിയടിക്കുന്ന ആശാരിമാർ പറയുന്നു. ഒഴിവാക്കലാണു നല്ലതെന്നു ചില മുസ്‌ലിംപണ്ഡിതർമാരും പറയുന്നു. ഇതിൽ ശരിയേതാണ്? നമ്മുടെ മതഗ്രന്ഥങ്ങളിൽ നിർദ്ദേശമുണ്ടോ?_


#ഉത്തരം: വീടുകൾക്കും കെട്ടിടങ്ങൾക്കുമെല്ലാം സ്ഥലത്തിന്റെ മണ്ണും കിടപ്പും പ്രകൃതിപരമായ വായു സഞ്ചാരം, നീരൊഴുക്ക് പോലുള്ളതും പരിഗണിച്ചു കൊണ്ട് ശാസ്ത്രീയമായി സ്ഥാനം നിർണ്ണയിക്കാറുണ്ട്. വാസ്തു വിദ്യപ്രകാരം ഉചിതവും അനുചിതവും നിരീക്ഷിക്കാറുണ്ട്. ഇതൊന്നും മതഗ്രന്ഥങ്ങളിൽ നിർദ്ദേശമുള്ളതല്ല. എന്നാൽ, സത്യവിശ്വാസിയെ ഇതിൽ നിന്നു പ്രത്യേകം വിലക്കുന്ന പ്രമാണങ്ങളുമില്ല. സമസ്ത കാര്യങ്ങളുടെയും സ്രഷ്ടാവും നിയന്താവും അല്ലാഹുവാണെന്നും ഹിതകരവും അഹിതവുമായ കാര്യങ്ങളെല്ലാം (ഖൈറും ശർറും) അല്ലാഹുവിൽ നിന്നുണ്ടാകുന്നതാണെന്നും ദൃഢമായി വിശ്വസിക്കാൻ സത്യവിശ്വാസി ബാധ്യസ്ഥനാണ്. എന്നാൽ, സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലോ അനുഭവസ്തരും അറിവുളളവരുമായ ഭൂശാസ്ത്രജ്ഞരുടെയും എഞ്ചിനീയർമാരുടെയും തച്ചുശാസ്ത്ര വിദഗ്ധരുടെയും ഉപദേശമനുസരിച്ചോ കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ ചില സംഗതികൾക്കു ചിലതു നിമിത്തമാകുമെന്നു മനസ്സിലാക്കുന്നതിലോ ധരിക്കുന്നതിലോ മതപരമായി കുഴപ്പമില്ല.ചില ധാരണകൾ വസ്തുതാപരമായി അബദ്ധമാണെങ്കിൽ പോലും അതനുസരിച്ചു പ്രവർത്തിക്കുന്നതിനാൽ മതദൃഷ്ട്യാ കുറ്റക്കാരനാകുകയില്ല. നിഷിദ്ധവും വിലക്കപ്പെട്ടതുമായ പ്രവൃത്തികൾ ചെയ്യുമ്പോൾ അതിനനുസരിച്ചു മതവിധികൾ വരുമെന്നു മാത്രം.


     കന്നിമൂല വാസ്തു വിദ്യപ്രകാരം നിർണ്ണയിക്കപ്പെട്ട ഒരു ദിക്കാണ്. എട്ടു ദിക്കുകളിൽ ഓരോ ദിക്കിലും കാവൽക്കാരനായി ഓരോ 'ദൈവങ്ങളെ'യും പ്രതിഷ്ഠിക്കപ്പെട്ട വാസ്തു വിദ്യപ്രകാരം 'നൃത്തി ഭഗവാനാ'ണ് ഈ ദിക്കിന്റെ ഉടമ. ഈ ദിക്കിനെ ബുദ്ധിമുട്ടിച്ചാൽ ഈ ഉടമ ഉപദ്രവിക്കും എന്ന ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായാകാം ആശാരിമാർ ആ മൂലയിൽ ടോയ്ലറ്റ് ആകരുതെന്നു പറയുന്നത്. ഇങ്ങനെ എട്ടു ദിക്കുകളിൽ എട്ടു ദൈവങ്ങളെ വിശ്വസിക്കാൻ തൗഹീദുളള സത്യവിശ്വാസികൾക്ക് നിവൃത്തിയില്ലല്ലോ. ബഹുദൈവവിശ്വാസം മഹാപാപമാണല്ലോ. എന്നാൽ, ഈ ദിക്കുകളിൽ എട്ടു പിശാചുകളുണ്ടെന്നും അവയിൽ കന്നിമൂലയിലെ പിശാച്(നൃത്തി പിശാച്) ഉപദ്രവകാരിയാണെന്നും ധരിക്കുന്നതിൽ ഇസ്‌ലാമിക വിശ്വാസപരമായി തെറ്റു സംഭവിക്കുന്നില്ല. നൃത്തി ഭഗവാനെ പൂജിച്ചു കൊണ്ട് ബഹുദൈവ വിശ്വാസികൾ കുറ്റിയടിക്കുന്ന കന്നിമൂലയിൽ, നൃത്തി പിശാചിന്റെ നെഞ്ചത്ത് ബിസ്മി ചൊല്ലി സത്യവിശ്വാസി കുറ്റിയടിച്ചാൽ മതിയല്ലോ. ഇതിൽ അരുതായ്മ വരാനില്ല. ഇതുപോലെ ഈ പിശാചിന്റെ ശല്യം വേണ്ടെന്നു വച്ച് ആ മൂലയിൽ ടോയ്ലറ്റ് വേണ്ടെന്നും വയ്ക്കാമല്ലോ.


    ചില ദിവസങ്ങളിലെ രോഗ സന്ദർശനം രോഗവർദ്ധനവുണ്ടാക്കുമെന്ന് സാധാരണക്കാരിൽ പ്രചരിച്ചാൽ അത്തരം ദിവസങ്ങളിൽ രോഗസന്ദർശനം ഒഴിവാക്കുന്നതാണു നല്ലതെന്ന് പ്രസ്താവിച്ചു കൊണ്ട് ഇമാമുകൾ ഇതിനു പറയുന്ന കാരണം ശ്രദ്ധേയമാണ്. പൊതുജനങ്ങളുടെ മനസ്സുകളിൽ ഉറച്ചു പോയ വിശ്വാസങ്ങളും ധാരണകളും അടിസ്ഥാന രഹിതമാണങ്കിൽ പോലും അവയെ മാനിക്കൽ സുന്നത്താണ്. ഇല്ലെങ്കിൽ അതു വലിയ അപകടങ്ങൾക്കു നിമിത്തമാകും. ശർവാനി 3- 92.


    ടോയ്ലറ്റുണ്ടാക്കുന്നതിനെ സംബന്ധിച്ച് ആശാരിമാരുടെയും മറ്റും മൊഴികൾ മൂലം പല ശല്യങ്ങളും വരുമെന്ന സാധാരണക്കാരുടെ മനസ്സുകളിൽ ഉറച്ചു  പോയ ധാരണകൾ പരിഗണിക്കുന്നതു തന്നെയാണ് നല്ലത്. ദുർബ്ബല മനസ്കർ അതിനെച്ചൊല്ലി വിഷമിക്കേണ്ടതില്ലല്ലോ.


നുസ്രത്തുൽ അനാം മാസിക 2021, ഏപ്രിൽ

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....