Tweet 1158
വിവാഹ സദ്യയെക്കുറിച്ചും സൽക്കാരത്തെക്കുറിച്ചും എല്ലാം പ്രവാചക പാഠശാലയിൽ അധ്യാപനങ്ങളുണ്ട്. സദ്യകള്‍ക്ക് പൊതുവെ പറയുന്നത് 'വലീമ' എന്നാണ്. ഒരുമിക്കുക, പരസ്പരം ചേരുക എന്നര്‍ഥം വരുന്ന 'വല്‍മ്' എന്ന പദത്തില്‍ നിന്നാണ് 'വലീമ' എന്ന പദം വന്നിട്ടുള്ളത്. ഇണകള്‍ കൂടിക്കലര്‍ന്ന് ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ആരംഭമായതിനാലാവണം വിവാഹ സദ്യക്കു 'വലീമ' എന്ന പേര് വന്നത്. വലീമ എന്നത് പ്രസിദ്ധമായി അറിയപ്പെടുന്നതും വിവാഹ സദ്യയെ കുറിച്ചാണ്.
വിവാഹത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന സദ്യ നിര്‍ബന്ധമാണോ അല്ലേ എന്നതിൽ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായങ്ങളുണ്ട്. ''ഒരാടിനെയെങ്കിലും അറുത്ത് വലീമ നല്‍കണമെന്ന്'' തിരുനബിﷺ അബ്ദുറഹ്മാനു ബ്‌നു ഔഫ്(റ)നോട് പറഞ്ഞതിനാല്‍ വിവാഹ സദ്യ നിര്‍ബന്ധമാണെന്ന് ചില പണ്ഡിതന്മാര്‍ പറഞ്ഞു. എന്നാൽ പ്രബലമായ സുന്നത്താണ് എന്ന അഭിപ്രായമാണ് ഭൂരിപക്ഷം പണ്ഡിതന്മാരും രേഖപ്പെടുത്തിയത്. തിരുനബിﷺ അവിടുത്തെ വിവാഹങ്ങള്‍ക്ക് സവീക് അഥവാ ഗോതമ്പും മാംസവും ചേർത്തുണ്ടാക്കുന്ന ഒരുതരം ഭക്ഷണം, കാരക്ക, പാല്‍കട്ടി, നെയ്യ്, ആട് തുടങ്ങിയവ നല്‍കിയതായി ഹദീസുകൾ പ്രസ്താവിക്കുന്നു. സൈനബ ബിന്‍ത് ജഹ്ശു(റ) മായുള്ള വിവാഹസമയത്ത് ആടും സ്വഫിയ്യ(റ)യുടെ വിവാഹത്തെ തുടർന്ന് സവീക്കും കാരക്കയും നല്‍കി എന്നും ഹദീസുകളിലുണ്ട്. അലി(റ) ഫാത്വിമ(റ)യെ വിവാഹമാലോചിച്ചപ്പോള്‍ 'വരന്‍ വലീമ നല്‍കേണ്ടതുണ്ട്' എന്ന് തിരുനബിﷺ പറഞ്ഞതായി നമുക്ക് വായിക്കാൻ കഴിയും. അബ്ദുറഹ്മാനുബ്‌നു ഔഫ്(റ)വിന്റെ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) ഇപ്രകാരം എഴുതുന്നു. ''ആടിനെക്കാള്‍ കുറയാതിരിക്കലാണ് ഏറ്റവും നല്ലത് എന്ന് ഈ കല്‍പനയില്‍ നിന്ന് മനസ്സിലാക്കാം'' വലീമക്ക് കഴിയാത്തവനെ അതിന് സഹായിക്കുന്നതിലും പ്രവാചക പാഠശാലയിൽ ഉദാഹരണങ്ങളുണ്ട്. ''ആരുടെയെങ്കിലും അടുക്കല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവനത് കൊണ്ടുവരട്ടെ!'' എന്ന് തിരുനബിﷺ പറഞ്ഞതില്‍ നിന്ന് ഇക്കാര്യം ബോധ്യമാകും. വിവാഹദിവസങ്ങള്‍ അവസാനിക്കുന്നതിനിടക്ക് വലീമ നടത്താൻ പറ്റും. കന്യകയാണെങ്കില്‍ ഒരാഴ്ചയും വിധവയാണെങ്കില്‍ മൂന്ന് ദിവസവും എന്നിങ്ങനെയാണ് വിവാഹ ദിവസങ്ങൾ കണക്കാക്കുന്നത്. ദമ്പതികൾ വീടുകൂടിയതിനുശേഷം വലിമ നൽകുന്നതാണ് ഏറെ നല്ലത്. തിരുനബിﷺ സൈനബ് ബിന്‍ത് ജഹ്ശി(റ)നെ വിവാഹം കഴിച്ചപ്പോൾ അങ്ങനെയാണ് ചെയ്തിരുന്നത്.
ഇതു സംബന്ധിയായി ഇമാം നവവി(റ) പറയുന്നതിപ്രകാരമാണ്. ''വലീമ നല്‍കേണ്ട സമയത്തെ സംബന്ധിച്ച് പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായങ്ങളുണ്ട്. ഇമാം മാലികി(റ)നെ പോലെയുള്ളവരുടെ അടുക്കല്‍ ഏറ്റവും സ്വീകാര്യാഭിപ്രായം ദമ്പതിമാരുടെ ശാരീരിക ബന്ധത്തിന് ശേഷമാണ് എന്നാണ്. മാലികി മദ്ഹബിലെ മറ്റുചില പണ്ഡിതരുടെ വീക്ഷണം അത് നിക്കാഹ് നടക്കുമ്പോഴാണ് ഉത്തമം എന്നുമാണ്.
വലീമ നൽകിയ സമയത്തെക്കുറിച്ചും വായനകളുണ്ട്. സൈനബ ബിന്‍ത് ജഹ്ശി(റ)ന്റെ വിവാഹത്തിന് പകല്‍ സൂര്യന്‍ ഉയര്‍ന്നു പൊന്തിയ ശേഷവും. ആയിശ(റ)യുമായുള്ള നിക്കാഹ് നടന്നത് ളുഹാസമയത്തുമായിരുന്നു എന്നാണ് നിവേദനങ്ങൾ.
മനുഷ്യന്റെ വ്യവഹാര ജീവിതത്തിലെ ഏത് അധ്യായമെടുത്തു നോക്കിയാലും വിശദമായി തന്നെ മാതൃകകൾ നബി ജീവിതത്തിൽ നിന്ന് വായിക്കാൻ കഴിയുന്നു. പ്രവാചക ചരിത്രം ഏറ്റവും ആശ്ചര്യകരമായി തോന്നുന്നത് അപ്പോഴാണ്. തിരുനബിﷺയിൽ ഉദാത്തമായ മാതൃകയുണ്ട് എന്നത് ആലങ്കാരികമായ ഒരു പ്രയോഗമോ ഭംഗി വാക്കോ അല്ല. ജീവിതയാഥാർത്ഥ്യങ്ങളെ ചരിത്രത്തിൽ നിന്ന് വായിക്കാൻ ഒരുങ്ങുമ്പോൾ എല്ലാ മേഖലകളിലും പകർന്നെടുക്കാനുള്ള മാതൃകകൾ നിറഞ്ഞുനിൽക്കുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
#MahabbaCampaign
#TaybaCenter
#FarooqNaeemi
#Tweet1158