https://m.facebook.com/story.php?story_fbid=pfbid0fUjnmMEcjd9h1TgZZBo5p8GV5mtRF5xHEsYBA7f6Hdrz3AqLPREuKvrjBrK368uQl&id=100024345712315&mibextid=9R9pXO
മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം 61/313
➖➖➖➖➖➖➖➖➖➖➖➖
✍️ Aslam saquafi payyoli
*സമസ്തയുടെ പിറവി*
പണ്ഡിതന്മാരെ സംഘടിപ്പിച്ച് ബിദ്അത്തിന്റെ പ്രചാരണത്തിന് ഐക്യ സംഘക്കാർ തുനിഞ്ഞപ്പോൾ അവരെ സംഘടിതമായി തന്നെ നേരിടണമെന്ന് ആദ്യമായി ആലോചിച്ചത് വരക്കൽ മുല്ലക്കോയ തങ്ങൾ അവർകളാണ്.
സമസ്തയുടെ ആരംഭത്തെക്കുറിച്ച് പണ്ഡിത കേരളം എന്ന പ്രസിദ്ധീകരണത്തിൽ നിന്ന് :
"ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ യഥാർത്ഥ ഉലമാക്കളുടെ ഒരു സംഘടന വേണമെന്ന നിർദ്ദേശം ആദ്യമായി മുന്നോട്ടുവെച്ചത് പ്രസിദ്ധ സൂഫിയും പണ്ഡിതനും കേരളത്തിലെ സാദാത്തീങ്ങളിൽ പ്രമുഖനും ആയിരുന്ന കോഴിക്കോട് പുതിയങ്ങാടിയിലെ മർഹൂം സയ്യിദ് വരക്കൽ മുല്ലക്കോയ തങ്ങളായിരുന്നു. അക്കാലത്ത് മതപരിഷ്കരണ വാദികൾക്കെതിരെ ധീരമായി പൊരുതി കൊണ്ടിരുന്ന മർഹൂം പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാരെ തൻറെ വീട്ടിലേക്ക് വിളിച്ചുവരുത്തി ദീർഘമായി മുശാവറ ചെയ്ത ശേഷമാണ് തങ്ങൾ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്. അങ്ങനെ 1925 കോഴിക്കോട് കുറ്റിച്ചിറയിൽ ഉള്ള വലിയ ജുമാഅത്ത് പള്ളിയിൽ വിപുലമായ ഒരു ഉലമ സമ്മേളനം ചേരുകയും കേരള ജംഇയ്യത്തുൽ ഉലമ രൂപീകരിക്കുകയും ചെയ്തു. പി കെ മുഹമ്മദ് മീറാൻ മുസ്ലിയാർ (പ്രസിഡണ്ട് ) പാറോൽ ഹുസൈൻ സാഹിബ് (സെക്രട്ടറി) എന്നിവരായിരുന്നു ഭാരവാഹികൾ.
കൂടുതൽ ഉലമാക്കൾക്കിടയിൽ സംഘടനാ സന്ദേശമെത്തുകയും ആവേശകരമായ പ്രതികരണം ലഭിക്കുകയും ചെയ്തപ്പോൾ 1926 ജൂൺ 26ാം തീയതി കോഴിക്കോട് ടൗൺഹാളിൽ വിപുലമായ ഒരു കൺവെൻഷൻ നടത്തുകയും കൺവെൻഷനിൽ വച്ച് കമ്മറ്റി വിപുലീകരിച്ച് പുന:സംഘടിപ്പിക്കുകയും ചെയ്തു. അസ്സയ്യിദ് ഹാഷിം ചെറുകുഞ്ഞിക്കോയ തങ്ങൾ ആയിരുന്നു കൺവെൻഷനിലെ അധ്യക്ഷൻ. വരക്കൽ സയ്യിദ് അബ്ദുറഹ്മാൻ ബാഅലവി മുല്ലക്കോയ തങ്ങൾ പ്രസിഡണ്ടും മൗലാനാ പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ കെ കെ അബ്ദുൽ ഖാദർ മുസ്‌ലിയാർ (പള്ളിപ്പുറം) കെ പി മുഹമ്മദ് മീറാൻ മുസ്‌ലിയാർ എന്നിവർ വൈസ് പ്രസിഡണ്ടുമാരും പി വി മുഹമ്മദ് മുസ്‌ലിയാർ പി കെ മുഹമ്മദ് മുസ്‌ലിയാർ എന്നിവർ സെക്രട്ടറിമാരുമായ കമ്മറ്റിയായിരുന്നു അന്ന് തിരഞ്ഞെടുക്കപ്പെട്ടത്. സംഘടനക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന് നാമകരണം ചെയ്തത് ഈ സമ്മേളനത്തിലാണ്. "
(പണ്ഡിത കേരളം പേജ് 120 )
സമസ്തയുടെ ഉദ്ദേശലക്ഷ്യങ്ങൾ തീർത്തും സുന്നത്ത് ജമാഅത്തിന്റെ സംരക്ഷണമായിരുന്നു.
പണ്ഡിത കേരളം എന്ന പ്രസിദ്ധീകരണത്തിൽ നിന്ന് :
"1934 നവംബർ 14 ആയിരുന്നു സമസ്തയുടെ രജിസ്ട്രേഷൻ. നിയമാവലിയിൽ ആദ്യഭാഗത്ത് ചേർത്ത ഉദ്ദേശലക്ഷ്യങ്ങൾ വായിക്കുക
A )പരിശുദ്ധ ഇസ്ലാം മതത്തിന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ യഥാർത്ഥ വിധിക്കനുസരിച്ച് പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
B) അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസത്തിനും ആചാരത്തിനും എതിരായ പ്രസ്ഥാനങ്ങളെയും പ്രചരണങ്ങളെയും നിയമാനുസരണം തടയുകയും അത്തരം അബദ്ധങ്ങളെക്കുറിച്ച് മുസ്‌ലിമീങ്ങൾക്ക് ബോധം ഉണ്ടാക്കി തീർക്കുകയും ചെയ്യുക.
C) മുസ്‌ലിം സമുദായത്തിന് മതപരമായും സാമുദായികമായും ഉണ്ടായിരിക്കേണ്ട അവകാശാധികാരങ്ങളെ സംരക്ഷിക്കുക.
D) മത വിദ്യാഭ്യാസത്തെ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനു പുറമേ മതവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ഹാനി തട്ടാത്ത വിധത്തിലുള്ള ലൗകിക വിദ്യാഭ്യാസ വിഷയത്തിലും വേണ്ടത് പ്രവർത്തിക്കുക.
E) മുസ്‌ലിം സമുദായത്തിന്റെ പൊതുവായ ഗുണത്തിനും സമുദായ മധ്യേ ഉണ്ടായിക്കൊണ്ടിരിക്കുന്ന അധർമ്മം, അനൈക്യം, അരാജകത്വം, അന്ധവിശ്വാസം, ഇത്യാദികളെ നശിപ്പിച്ചു സമുദായത്തിന്റെയും മതത്തിന്റെയും അഭിവൃദ്ധിക്കും ഗുണത്തിനും വേണ്ടി പരിശ്രമിക്കുക. മേൽപ്പറഞ്ഞ സംഗതികൾ സമാധാനമായും ശറഇന്നും നിയമത്തിനും അതീനമായും നടപ്പിൽ വരുത്തുക എന്നുള്ളതാകുന്നു ഈ സഭയുടെ ഉദ്ദേശങ്ങൾ. "
(പണ്ഡിത കേരളം പേജ് 121)