സംശയം: നിർബന്ധ ഘട്ടങ്ങളിൽ കടം വാങ്ങേണ്ടി വരുമ്പോൾ പലിശ നൽകിയില്ലെങ്കിൽ കടം ലഭിക്കുകയില്ലെങ്കിൽ പലിശക്ക് കടം വാങ്ങുകയും പലിശ കൊടുക്കുകയും ചെയ്‌താൽ കുറ്റമുണ്ടാകുമോ? നിർബന്ധിതാവസ്ഥയുടെ പേരിൽ കുറ്റത്തിൽ നിന്ന് ഒഴിവുണ്ടോ?
നിവാരണം: ശൈഖ് സൈനുദ്ധീൻ മഖ്ദൂം(റ) എഴുതുന്നു: പലിശ നൽകിയില്ലെങ്കിൽ കടം ലഭിക്കുകയില്ലെന്ന വിധത്തിൽ നിർബന്ധിതാവസ്ഥയിൽ കടം വാങ്ങുമ്പോൾ പലിശ നൽകുന്നത് കുറ്റകരമാണ്. കുറ്റത്തിൽ നിന്ന് ഒഴിവാകുന്നതല്ല. കാരണം, വാങ്ങിയതിലേറെ നല്കണമെന്നുണ്ടെങ്കിൽ പലിശ വകുപ്പിൽ അല്ലാതെ നൽകാമല്ലോ. നേർച്ചയിലൂടെയോ ദാനമായി ഉടമയാക്കികൊടുത്തു കൊണ്ടോ നൽകാം. എന്നിരിക്കെ പലിശയായി നൽകുന്നത് കുറ്റകരമാണ്. എന്നാൽ ശൈഖുനാ ഇമാംഇബ്‌നു ഹജർ(റ) പറഞ്ഞിട്ടുളളത്; നിർബന്ധിതാവസ്ഥ കാരണം പലിശ നൽകുന്ന കുറ്റം ഒഴിവാകുമെന്നാണ് (ഫത്ഹുൽ മുഈൻ: 336).
വിഷയ സംബന്ധമായി ഇമാംഇബ്‌നു ഹജർ(റ) നോടുളള ചോദ്യവും മഹാനവർകളുടെ മറുപടിയും കാണുക: ചോദ്യം: വിശന്നിരിക്കുന്ന കുട്ടികളുടെ നിർബന്ധാവശ്യത്തിന് വേണ്ടി കടം വാങ്ങുമ്പോൾ വാങ്ങിയതിലേറെ തിരിച്ചുകൊടുക്കുന്നില്ലെങ്കിൽ കടം കിട്ടാത്ത സാഹചര്യത്തിൽ കടംവാങ്ങുകയും വർധനവ് നൽകുകയും ചെയ്‌താൽ നിർബന്ധിതാവസ്ഥകാരണമായി കുറ്റം ഒഴിവാകുമോ?
മറുപടി: അതെ ഈ സാഹചര്യത്തിൽ നിർബന്ധിതാവസ്ഥ കാരണം വർദ്ധനവ് നൽകുന്നതിൻ്റെ കുറ്റം ഒഴിവാകുന്നതാണ്
(ഫതാവൽകുബ്റാ 2/279 കാണുക).
നിങ്ങളുടെ സംശയത്തിനുള്ള നിവാരണം മേൽ ഉദ്ധരണികളിൽ നിന്ന് വ്യക്തമാണ്. വിഷയം പലിശയായതിനാൽ സൂക്ഷിച്ചേ ഈ വകുപ്പ് ഉപയോഗപ്പെടുത്താവൂ എന്ന് ഓർമിപ്പിക്കുന്നു. പലിശ ഏറെ അപകടമുള്ളതാണെന്ന് അറിയാമല്ലോ.
ഫതാവാ നമ്പർ : 118
ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല
https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn
No comments:
Post a Comment