സംശയം: കയ്യടിയുടെ (രണ്ടു കൈകൾ പരസ്‌പരം കൂട്ടി മുട്ടുന്നതിന്റെ) വിധി എന്താണ്? മത്സര വേദികളിലും മറ്റും കൈ മുട്ടി പ്രോത്സാഹിപ്പിക്കൽ വ്യാപകമാണല്ലോ?
നിവാരണം: കൈ മുട്ടുന്നതിനെകുറിച്ച് കർമ്മ ശാസ്ത്ര ഇമാമുകൾക്കിടയിൽ വ്യത്യസ്തത അഭിപ്രായങ്ങളുണ്ട്. ഇമാം ഇബ്നു ഹജർ(റ) എഴുതുന്നു. നിസ്കാരത്തിലല്ലാത്തപ്പോൾ രണ്ടു കൈകൾ പത്തികളുടെ ഉൾഭാഗങ്ങൾ പരസ്‌പരം മുട്ടുന്നത് നിഷിദ്ധമാണെന്നതിൽ രണ്ടഭിപ്രായങ്ങളുണ്ട് (തുഹ്ഫ: 2/149). ഇമാം ഇബ്നു ഹജർ(റ) 'കഫ്ഫു റആഅ്' എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു: പുരുഷന്മാർക്ക് കൈ കൊട്ട് നിഷിദ്ധമാണെന്ന് ചില പണ്ഡിതർ പറഞ്ഞിട്ടുണ്ട്. കൈകൊട്ട് സ്ത്രീകൾക്ക് മാത്രമാണെന്ന് പറയുന്ന നബി വചനമാണ് അവർ അവലംബിച്ചത്. എന്നാൽ അത് കറാഹത്താണെന്നാണ് 'ശറഹുൽ ഇർശാദി'ൽ ഞാൻ എഴുതിയിട്ടുള്ളത്. ഉപദാനങ്ങളിൽ വടി കൊണ്ടടിക്കുന്നത് കറാഹത്താണെന്നാണ് പ്രബലാഭിപ്രായം. വിനോദ ഉദ്ദേശത്തിലാണെങ്കിലും കൈ കൊട്ടുന്നത് നിഷിദ്ധമല്ലെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഇമാം മാവറദി(റ),ഇമാം ശാഫഈ(റ) തുടങ്ങിയവർ ഉപദാനങ്ങളിൽ വടികൊണ്ടടിക്കുന്നതിന്റെ വിധിതന്നെയാണ് കൈകൊട്ടിനുമെന്ന് പറഞ്ഞതായി ഞാൻ കണ്ടു.
അത് നിഷിദ്ധമല്ലെന്നാണ് പ്രബലം. എങ്കിൽ കൈകൊട്ടും നിഷിദ്ധമല്ല. കൈകൊട്ട് കറാഹത്താണെന്ന് ഇമാം ഹലീമി(റ) വ്യ ക്തമാക്കിയത് ഇതിനാലാണ്. ഇമാം ഇബ്നു രിഫ്‌അത്ത്(റ) അതംഗീകരിച്ചിട്ടുണ്ട്. പക്ഷേ, കറാഹത്തിൻ്റെ വിവക്ഷ തഹ്‌രീമിൻ്റെ കറാഹത്താണെന്ന് (ഹറാം എന്ന അർത്തത്തിലുള്ള കറാഹത്ത്) അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നു. സ്ത്രീകളോട് സാദൃശ്യമാവുക എന്നതാണ് കാരണം. കൈകൊട്ട് സ്ത്രീകൾക്ക് മാത്രമാണെന്ന് പറയുന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ ഹറാമാണെന്ന് ചിലർ പറഞ്ഞിരിക്കുന്നു. എന്നാൽ പ്രസ്തുത ഹദീസിൽ പറഞ്ഞത് നിസ്‌കാരത്തിൽ ഉണർത്തേണ്ട സന്ദർഭങ്ങളിൽ പുരുഷൻ തസ്ബീഹ് ചൊല്ലുന്നതിനു പകരം സ്ത്രീ കൈകൊട്ടുന്നതിനെ കുറിച്ചാണ്. നാം പറയുന്ന കൈ കൊട്ടിനെ കുറിച്ചല്ല. സ്ത്രീകളോട് സാദൃശ്യം നിഷിദ്ധമാകുന്നത് സ്ത്രീകൾക്ക് മാത്രം പ്രത്യേകമായ വിഷയങ്ങളിലാണ്. കൈ കൊട്ട് അത്തരം വിഷയങ്ങളിൽ പെട്ടതല്ല. അതിനാൽ കൈകൊട്ട് നിഷിദ്ധമല്ല. കറാഹത്താണ് എന്നതാണ് ന്യായമായിട്ടുള്ളത് (കഫ്ഫു റആഅ് 106 കാണുക). ഇമാം കുർദി(റ)ൻ്റെ ഫത്‌വ ഇപ്രകാരമാണ്: നിസ്കാരത്തിലല്ലാത്തപ്പോൾ ആവശ്യമില്ലാതെ വിനോദത്തിന് വേണ്ടിയോ സ്ത്രീകളോട് തുല്യത ഉദ്ദേശിച്ചുകൊണ്ടോ കയ്യടിക്കൽ ഹറാമാണെന്നാണ് ഇമാം റംലി(റ)ൻന്റെ നിലപാട്. ഫതാവയിൽ ഇക്കാര്യം വ്യക്തമാക്കിയിയട്ടുണ്ട്. വിനോദ ഉദ്ദേശ്യത്തിലാണെങ്കിലും കറാഹത്താണെന്നാണ് ശറഹുൽ ഇർശാദിൽ ഇബ്നു ഹജർ(റ) പറഞ്ഞിട്ടുള്ളത് (ഫതാവൽ കുർദി 152 കാണുക).
സ്ത്രീകൾ കൈകൊട്ടുന്നത് അനുവദനീയമാണ്. പുരുഷന്മാർ കൈകൊട്ടുന്നത് ഹറാമാണെന്നും കറാഹത്താണെന്നും അഭി പായങ്ങളുണ്ടെന്നും കറാഹത്തെന്നതാണ് പ്രബലമെന്നും മേൽ ഉദ്ധരണികളിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. വിനോദമെന്ന നിലയിലല്ലാതെ ഒരാളെ വിളിക്കാൻ വേണ്ടിയോ എന്തെങ്കിലും കാര്യംഅറിയിക്കാൻ വേണ്ടിയോ കൈ കൊട്ടുന്നതിന് വിരോധമില്ലെന്ന് ഇമാം മാവർദി (റ) യിൽ നിന്ന് ശറഹുൽ ഇർശാദിൽ ഉദ്ധരിച്ചിട്ടുണ്ട്. ബഹു ശിഹാബുദ്ധീനുശ്ശാലിയാത്തി (ന: മ) യുടെ ഫതാവയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും കയ്യടി സംസ്കാരം പ്രോത്സാഹിപ്പിക്കപ്പെടേണ്ടത ല്ല.
ഫതാവാ നമ്പർ : 337
ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല
https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn
No comments:
Post a Comment