ചോദ്യം: കസേരയിൽ ഇരുന്ന് നിസ്കരിക്കുന്നവർ ജമാഅത്തിൽ എങ്ങനെയാണ് സ്വഫ് ശരിപ്പെടുത്തേണ്ടത്? കസേര സ്വഫിനനുസരിച്ച് ഇടുകയാണോ വേണ്ടത്? അതോ ഇറക്കി ഇടുകയോ?
മുജീബ്, മക്കരപ്പറമ്പ്
ഉത്തരം: തക്ബീറത്തുൽ ഇഹ്റാം, ഫാതിഹ, ഇഅ്‌തിദാൽ തുടങ്ങിയവയിൽ നിൽക്കുകയും സുജൂദുകൾക്കും ഇരുത്തങ്ങൾക്കും വേണ്ടി കസേരയിൽ ഇരിക്കുകയും ചെയ്യുന്നവർ നിസ്കാരം തുടങ്ങുന്നത് നിന്നു കൊണ്ടായതിനാൽ സ്വഫുകൾ ശരിപ്പെടുത്തേണ്ടത് കാൽ മടമ്പുകളും ചുമലുകളും ശരിപ്പെടുത്തിക്കൊണ്ടു തന്നെയാണ്. അപ്പോൾ കസേര സ്വഫിൽ നിന്ന് പിന്നിലേക്കി ഇറക്കിയിടേണ്ടതായി വരും എന്നാൽ ആദ്യം മുതലേ കസേരയിലിരുന്ന് നിസ്ക്‌കരിക്കുന്നവർ അവരുടെ പിൻഭാഗം മറ്റുള്ളവരുടെ കാൽപാദങ്ങളോട് ഒപ്പിച്ചു കൊണ്ടാണ് സ്വഫുകൾ ക്രമപ്പെടുത്തേണ്ടത്. അപ്പോൾ കസേര സ്വഫിനൊപ്പിച്ച് ഇടേണ്ടതാണ്.
ഒപ്പം നിൽക്കുക, മുന്നോട്ട് നിൽക്കുക, പിന്നോട്ട് നിൽക്കുക എന്നിവയിലെല്ലാം നിറുത്തത്തിൽ കാൽമടമ്പും ഇരുത്തത്തിൽ ചന്തിയുടെ പിൻവശവുമാണ് പരിഗണിക്കേണ്ടതെന്നും രണ്ട് പേരും നിൽക്കുന്നവരാവുമ്പോഴും രണ്ട് പേരും ഇരിക്കുന്നവരാവുമ്പോഴും ഒരാൾ നിൽക്കുകയും മറ്റൊരാൾ ഇരിക്കുകയും ചെയ്യുമ്പോഴുമെല്ലാം ഇത് തന്നെയാണ് പരിഗണനയെന്നും കർമ്മശാസ്ത്ര ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. (തുഹ്ഫ: 2-302 കാണുക),
അപ്പോൾ നിൽക്കുന്ന രണ്ടാളുകൾ അവരുടെ കാൽ മടമ്പുകൾ തുല്യമാക്കിക്കൊണ്ടും ഇരിക്കുന്ന രണ്ടാളുകൾ അവരുടെ ചന്തിയുടെ പിൻഭാഗങ്ങൾ തുല്യമാക്കിയും ഒരാൾ ഇരിക്കുകയും ഒരാൾ നിൽക്കുകയുമാണെങ്കിൽ ഇരിക്കുന്നവൻ്റെ പിൻഭാഗം നിൽക്കുന്നവൻ്റെ കാൽ മടമ്പിനോട് തുല്യമാക്കിയുമാണ് സ്വഫ്‌ഫുകൾ ശരിപ്പെടുത്തേണ്ടതെന്ന് മേൽ വിശദീകരണത്തിൽ നിന്ന് വ്യക്തമാണ്.
ഫതാവാ നമ്പർ : 437
ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല
https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn
No comments:
Post a Comment