Saturday, December 27, 2025

ദീർഘ യാത്ര ചെയ്യുന്നവർക്ക് എവിടെ മുതലാണ് ജംഉം ഖസ്‌റും അനുവദനീയമാവുക

 ചോദ്യം: ദീർഘ യാത്ര ചെയ്യുന്നവർക്ക് എവിടെ മുതലാണ് ജംഉം ഖസ്‌റും അനുവദനീയമാവുക? വീട്ടിൽ നിന്നിറങ്ങിയാൽ സ്വന്തം നാട്ടിൽ വെച്ച് തന്നെ അവ അനുവദനീയമാണോ? ഇല്ലെങ്കിൽ എത്ര കിലോ മീറ്റർ യാത്ര ചെയ്തതിനു ശേഷമാണ് അനുവദനീയമാവുക? യാത്ര ചെയ്യുന്നവൻ്റെ പഞ്ചായത്ത്/ജില്ല വിട്ട് പുറത്ത് പ്രവേശിക്കണമെന്നുണ്ടോ ?


ഉത്തരം: സ്വന്തം നാട്ടിൽ വെച്ച് ജംഉം ഖസ്റും അനുവദനീയമല്ല. ദീർഘയാത്ര പുറപ്പെടുന്നവർ ഏത് നാട്ടിൽ നിന്നാണോ യാത്ര പുറപ്പെടുന്നത് ആ നാടിൻ്റെ പരിധിയിൽ നിന്ന് പുറത്ത് കടക്കുന്നതോടെ ജംഉം ഖസ്‌റും അനുവദനീയമായിരിക്കുന്നു. സാധാരണ ഗതിയിൽ ആ നാടിൻ്റെ ഭാഗമായി കണക്കാക്കപ്പെടുന്ന പ്രദേശത്ത് നിന്ന് പുറത്ത് കടക്കണം എന്നതാണ് നിബന്ധന. ജില്ലയോ പഞ്ചായത്തോ ഇതിൽ പരിഗണനാർഹമല്ല. കാരന്തൂരിൽ നിന്നാണ് യാത്ര പുറപ്പെടുന്നതെങ്കിൽ സാധാരണയിൽ കാരന്തൂരിൻ്റെ ഭാഗമായി പരിഗണിക്കുന്ന സ്ഥലങ്ങളിൽ നിന്ന് പുറത്ത് കടന്നിരിക്കണം. എന്നാലേ ജംഉം ഖസ്റും അനുവദനീയമാകൂ.


അടുത്തടുത്തുള്ള രണ്ട് സ്ഥലങ്ങൾ രണ്ടും രണ്ടു ഗ്രാമങ്ങളായി തന്നെ കണക്കാക്കുന്ന രീതിയാണ് സ്ഥലവാസികൾക്കുള്ളതെങ്കിൽ രണ്ട് ഗ്രാമങ്ങൾക്കും രണ്ടിന്റെ വിധിയാണ്. അഥവാ ഒരു ഗ്രാമത്തിൽ നിന്ന് ദീർഘ യാത്ര പുറപ്പെടുന്നവൻ അവൻ്റെ ഗ്രാമത്തിൽ നിന്ന് പുറത്ത് കടന്നാൽ തന്നെ അവന് ജംഉം ഖസ്‌റും അനുവദനീയമാണ്. തൊട്ടടുത്ത രണ്ടാം ഗ്രാമത്തിൽ വെച്ചു തന്നെ ജംഉം ഖസ്റും ചെയ്യാവുന്നതാണ്. അതേ സമയം രണ്ടും കൂടി ഒന്നായി പരിഗണിക്കുന്ന സമീപനമാണെങ്കിൽ ആ സ്ഥലങ്ങൾക്ക് ഒരു ഗ്രാമത്തിൻ്റെ വിധിയാണ്. അഥവാ ഏതെങ്കിലും ഒരു ഗ്രാമത്തിൽ നിന്ന് യാത്ര പുറപ്പെടുന്നവൻ രണ്ടിന്റെയും പരിധിക്ക് പുറത്തെത്തിയാലേ ജംഉം ഖസ്റും അനുവദനീയമാകൂ. ഒന്നിൽ നിന്ന് യാത്ര തുടങ്ങിയവൻ തൊട്ടടുത്ത രണ്ടാം ഗ്രാമത്തിൽ വെച്ച് ജംഉം ഖസ്റും നിർവ്വഹിക്കരുത്. കാരണം അവിടുത്തെ പതിവ് സമ്പ്രദായമനുസരിച്ച് ആ ഗ്രാമവും അവന്റെ ഗ്രാമത്തിന്റെ ഭാഗമാണ്. വ്യത്യസ്‌ത പേരുകളുണ്ടെന്നത് മാത്രം മാനദണ്ഡമല്ല.


സ്ഥല വാസികളുടെ പതിവ് സമീപനങ്ങളിൽ രണ്ടും രണ്ടാണോ അല്ലയോ എന്നതാണ് പ്രധാനം. കല്ല്യാണം ക്ഷണിക്കുന്നതിലും വായ്‌പ ഇടപാട് നടത്തുന്നതിലുമെല്ലാം സ്ഥല വാസികളുടെ സമീപനങ്ങൾ ശ്രദ്ധിച്ചു കൊണ്ട് ഇത് മനസ്സിലാക്കാവുന്നതാണ്. ചുരുക്കത്തിൽ ഏത് ഗ്രാമത്തിൽ നിന്നാണോ യാത്ര പുറപ്പെടുന്നത് ആ ഗ്രാമത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന പ്രദേശത്ത് നിന്ന് പുറത്ത് കടന്നത് മുതൽ ജംഉം ഖസ്റും അനുവദനീയമാണ്.


ഫതാവ നമ്പർ (597)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

No comments:

Post a Comment

ദീർഘ യാത്ര ചെയ്യുന്നവർക്ക് എവിടെ മുതലാണ് ജംഉം ഖസ്‌റും അനുവദനീയമാവുക

 ചോദ്യം: ദീർഘ യാത്ര ചെയ്യുന്നവർക്ക് എവിടെ മുതലാണ് ജംഉം ഖസ്‌റും അനുവദനീയമാവുക? വീട്ടിൽ നിന്നിറങ്ങിയാൽ സ്വന്തം നാട്ടിൽ വെച്ച് തന്നെ അവ അനുവദനീ...