*മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്*
*Dr. മുഹമ്മദ് ഫാറൂഖ് നഈമി ഉസ്താദ് എഴുതുന്നു✍️*
*🌹Tweett 1217🌹*
ഉബാദത്ത് ബിനു സാമിത്(റ) നിവേദനം ചെയ്യുന്നു. മഹ്‍സൂർ, മുദ്‌നിബ് എന്നീ നീർചാലുകളിലെ വെള്ളത്തിൻ്റെ കാര്യത്തിൽ ഉയർന്ന ഭാഗത്തുള്ളയാൾ കണങ്കാൽ അളവിൽ അഥവാ കണങ്കാൽ ഉയരം വരെ വെള്ളം തടഞ്ഞുനിർത്തി ഉപയോഗിച്ച ശേഷം താഴ്ന്ന ഭാഗത്തുള്ളവനിലേക്ക് അത് ഒഴുക്കി വിടണം എന്ന് തിരുനബിﷺ വിധിപ്രസ്താവം നടത്തി.
"സ്വഹാബികൾക്കിടയിൽ തർക്കങ്ങളുണ്ടാകുമ്പോൾ വിഷയം തിരുനബിﷺയുടെ അടുത്തേക്ക് എത്തും. ഈ ഹദീസിൽ അബ്ദുല്ലാഹ് ബ്നു അംറ്(റ) പറയുന്നു. അല്ലാഹുവിൻ്റെ തിരുദൂതർﷺ മഹ്‍സൂർ നീർചാലിൻ്റെ കാര്യത്തിൽ വിധി പ്രസ്താവിച്ചു. മഹ്‍സൂർ എന്നത് ബനൂ ഖുറൈളയുടെ അടുത്തുള്ള ഒരു താഴ്‌വരയായിരുന്നു. അത് മദീനയിലെ താഴ്‌വരകളിൽ ഒന്നാണ്. മദീനയിലെ അങ്ങാടി സ്ഥിതിചെയ്യുന്ന സ്ഥലമാണെന്നും പറയപ്പെടുന്നു. താഴ്‌വരയിലെ വെള്ളം മുകളിൽ നിന്ന് താഴേക്ക് ഒഴുകിയെത്തുമ്പോൾ ആ വെള്ളത്തിൻ്റെ കാര്യത്തിൽ തിരുനബിﷺ അവർക്ക് വിധി കൽപ്പിച്ചത് എന്താണ് എന്നതാണ് പ്രമേയം. ഒഴുകുന്ന എല്ലാ നദികളുടെ കാര്യത്തിലും ഇത് ബാധകമാണ്. 'അൻ യുമ്‌സിക' അവൻ തടഞ്ഞുനിർത്തണം. അതായത്, തൻ്റെ ഭൂമിയിലേക്ക് വെള്ളം എത്തിക്കുന്നയാൾ ഈ വെള്ളം തടഞ്ഞുനിർത്തണം. 'ഹത്താ യബ്ലുഗൽ കഅ്‌ബൈനി' അത് കണങ്കാലുകൾ വരെ എത്തുന്നത് വരെ. അതായത്, തൻ്റെ ഭൂമിയിൽ വെള്ളം തടഞ്ഞുനിർത്തി, പാദങ്ങളുടെ കണങ്കാലുകൾക്ക് തുല്യമായ ഉയരത്തിൽ വെള്ളം എത്തുന്നത് വരെ തടഞ്ഞുവെക്കണം. എന്നിട്ട് ഉയർന്ന ഭാഗത്തുള്ളയാൾ താഴ്ന്ന ഭാഗത്തുള്ളവനിലേക്ക് ഒഴുക്കി വിടണം. അങ്ങനെ എല്ലാവരും തങ്ങളുടെ കൃഷിയിടങ്ങൾക്ക് നനയ്ക്കുന്നത് വരെ ഇത് തുടരണം.
ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു സുബൈർ(റ) പറഞ്ഞു. ഈത്തപ്പനകൾക്ക് വെള്ളം നൽകിയിരുന്ന 'ഹർറ'യിലെ നീരൊഴുക്കിൻ്റെ കാര്യത്തിൽ തിരുനബിﷺയുടെ അടുക്കൽ വെച്ച് സുബൈറു(റ)മായി അൻസ്വാരികളിൽ പെട്ട ഒരാൾ തർക്കിച്ചു. അൻസ്വാരി പറഞ്ഞു. 'വെള്ളം കടന്നുപോകാൻ വിടുക.' എന്നാൽ, സുബൈർ(റ) അതിന് വിസമ്മതിച്ചു. തിരുനബി ﷺ സുബൈറി(റ)നോട് പറഞ്ഞു. സുബൈർ(റ), നിങ്ങൾ നനയ്ക്കുക. എന്നിട്ട് വെള്ളം നിങ്ങളുടെ അയൽക്കാരനിലേക്ക് ഒഴുക്കി വിടുക.
എത്ര അടുത്ത ആളാണെങ്കിലും എത്ര പ്രിയപ്പെട്ട വ്യക്തിയാണെങ്കിലും തിരുനബിﷺയുടെ നിലപാടുകൾക്ക് മൂല്യങ്ങളോടും ന്യായങ്ങളോടുമായിരുന്നു ആഭിമുഖ്യം. വസ്തുതകൾ ബോധ്യപ്പെടുത്തി എല്ലാവരെയും പ്രസ്തുത വീക്ഷണത്തിലേക്ക് എത്തിക്കാൻ തിരുനബിﷺക്ക് സാധിച്ചിരുന്നു എന്നതാണ് അവിടുന്ന് നയിച്ച മഹാ വിപ്ലവത്തിന്റെയും മുന്നേറ്റത്തിന്റെയും വിശേഷം.
അടിസ്ഥാന ആവശ്യങ്ങൾക്കും മാനുഷിക താൽപര്യങ്ങൾക്കും പ്രാമുഖ്യം കൊടുക്കുന്ന മേഖലകൾ കൂടിയാണെങ്കിൽ പിന്നെ പറയുകയും വേണ്ട. എന്നാൽ, അനാവശ്യങ്ങൾ മുന്നോട്ടുവച്ചു അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങളുമായി വരുന്നവരെ കൃത്യമായി ന്യായങ്ങൾ ബോധിപ്പിക്കാനും തിരുനബിﷺക്ക് തന്നെ സാധിച്ചു. അതിൻ്റെ ഒരുദാഹരണമാണ് നാം ഇപ്പോൾ വായിച്ചു വച്ചത്.
വിഭവങ്ങളും വിനിയോഗവും വീതംവെപ്പുകളും ഉപഭോഗവും സംബന്ധിച്ച ആഗോളവിചാരങ്ങളെ മുന്നിൽ വച്ചുകൊണ്ട് തിരുനബിﷺയുടെ അധ്യാപനങ്ങളെ ചേർത്തു വായിക്കേണ്ടതുണ്ട്. ഏറ്റവും വിശാലവും മാനവികവുമായ നിലപാടുകളായിരുന്നു തിരുനബിﷺ അന്ന് സ്വീകരിച്ചിരുന്നത് എന്ന് ഏവർക്കും ബോധ്യപ്പെടും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
#MahabbaCampaign
#TaybaCenter
#FarooqNaeemi
#Tweet1217
No comments:
Post a Comment