Tuesday, July 15, 2025

കര്‍ബലയും ഹുസൈന്‍(റ)ന്റെ കൊലപാതകവും പറയൽ

 *_ചോദ്യോത്തരം: ശാഫിഈ_*  


*ഉസ്താദ്,ചെറുശോല അബ്ദുല്‍ ജലീല്‍ സഖാഫി*

 _(സുന്നത്ത് മാസിക - ഒക്ടോബര്‍ 2023)_ 


📌 *ചോദ്യം:* 

ഇക്കഴിഞ്ഞ മുഹര്‍റം മാസത്തില്‍ കര്‍ബലയും ഹുസൈന്‍(റ)ന്റെ കൊലപാതകവും അതിലുള്ള ദുഖവും വേദനയും പരാമര്‍ശിക്കുന്ന നശീദകളും പാട്ടുകളും നമ്മുടെ ചില സ്റ്റേജുകളിലും ആലപിക്കപ്പെട്ടിരുന്നു. ഇതില്‍ എന്തെങ്കിലും തെറ്റുണ്ടോ? ഇത് പാടില്ലെന്ന് ചിലര്‍ പറയുന്നു. എന്താണ് പ്രശ്‌നം? മറുപടി പ്രതീക്ഷിക്കുന്നു. 


 📍 *ഉത്തരം:* 


ചോദ്യത്തില്‍ സൂചിപ്പിക്കപ്പെട്ട പാട്ടുകളുടെയും നശീദകളുടെയും ഉള്ളടക്കം എന്താണെന്ന് ഞാന്‍ പരിശോധിച്ചിട്ടില്ല. പൊതുവെ കര്‍ബലയും ഹുസൈന്‍(റ) കൊല്ലപ്പെട്ട സാഹചര്യങ്ങളും അതുസംബന്ധമായി ഉദ്ധരിക്കപ്പെട്ട വിവരണങ്ങളും സദസ്സുകളില്‍ പറയുന്നത് ശരിയല്ല. അതൊഴിവാക്കപ്പെടേണ്ടതാണ്. ഇവ്വിഷയകമായി പ്രാമാണിക ഇമാമുകളുടെ വിശദീകരണം കാണുക: 'അല്ലാമ ഇസ്മാഈലുല്‍ ഹിഖി(റ) പറയുന്നു: 'മുഹര്‍റമിന്റെ ആദ്യദിവസങ്ങളിലും ആശൂറാഇലും ഹുസൈന്‍(റ) കൊല്ലപ്പെട്ട സാഹചര്യം പാരായണം ചെയ്യുന്നവര്‍ റാഫിളുകളോട് സാമ്യമാവുകയാണ്; ശ്രോതാക്കളില്‍ ദുഖമുണ്ടാക്കാനായി ആദരവിന് കോട്ടം തട്ടുന്ന വിധത്തിലാകുമ്പോള്‍ വിശേഷിച്ചും. ഹുസൈന്‍(റ) കൊല്ലപ്പെട്ടത് വിശദീകരിക്കുന്നുവെങ്കില്‍ മറ്റു പലസ്വഹാബികളും കൊലചെയ്യപ്പെട്ടതും വിശദീകരിക്കേണ്ടതല്ലേ? അതില്ലാതെ ഇതുമാത്രം പറയുന്നത് റവാഫിളുകളുടെ രീതിയാണ്. ഹുസൈന്‍(റ)വിന്റെ കൊലപാതകവും അതുസംബദ്ധമായ ഹികായതുകളും പറയല്‍ ഹറാമാണെന്ന് ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട്.' (തഫ്‌സീര്‍ റൂഹുല്‍ബയാന്‍-4:143)


ഇമാം അര്‍ദബീലി(റ) എഴുതുന്നു: 'ഹുസൈന്‍(റ) കൊല്ലപ്പെട്ട സാഹചര്യവും അതുസംബദ്ധമായ റിപ്പോര്‍ട്ടുകളും സ്വഹാബികള്‍ക്കിടയില്‍ സംഭവിച്ചിട്ടുള്ള തര്‍ക്കങ്ങളും ജനങ്ങളോട് പറയല്‍ വഅള് പറയുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഹറാമാണെന്ന് ഇമാം ഗസ്സാലിയും മറ്റും പറഞ്ഞിരിക്കുന്നു.' (അന്‍വാര്‍-1:348) 


മുആവിയ(റ)നെ ആക്ഷേപിക്കലും അവരുടെ പുത്രന്‍ യസീദിനെ ലഅ്‌നത്ത് ചെയ്യലും ഹുസൈന്‍(റ) കൊല്ലപ്പെട്ട രംഗവും സ്വഹാബികള്‍ക്കിടയിലുണ്ടായ വിവാദങ്ങളും വിവരിക്കലും ഹറാമാണെന്ന് 'ഉബാബില്‍' പറഞ്ഞിട്ടുണ്ട്.(ഹാശിയതുല്‍ ജമല്‍-5:114, ഹാശിയതുന്നിഹായ-7:403)


 ഇമാം ഇബ്‌നുഹജര്‍(റ) എഴുതി: 'പ്രഭാഷകരും മറ്റും ഹുസൈന്‍(റ) കൊല്ലപ്പെട്ട സാഹചര്യവും അതുസംബദ്ധമായ ഹികായതുകളും സ്വഹാബത്തിനിടയില്‍ സംഭവിച്ചിട്ടുള്ള തര്‍ക്കങ്ങളും ജനങ്ങളോട് പറയല്‍ ഹറാമാണെന്ന് ഗസ്സാലി(റ)യും മറ്റും പറഞ്ഞിട്ടുണ്ട്. ദീനിന്റെ നേതൃത്വമായ സ്വഹാബത്തിനെ ആക്ഷേപിക്കാന്‍ അത് കാരണമായേക്കും. എന്നാല്‍ ഇമാം ഗസ്സാലിയുടെ പ്രസ്തുത പ്രസ്താവന എന്റെ ഈ ഗ്രന്ഥത്തിലുള്ള വിശദീകരണത്തിന് എതിരല്ല. കാരണം, സ്വഹാബത്തിന്റെ മഹ്വത്വവുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായി വിശ്വസിക്കേണ്ടതായ ശരിയായ നിലപാടാണ് ഈ ഗ്രന്ഥത്തില്‍ വിശദീകരിച്ചിട്ടുള്ളത്. എന്നാല്‍ ശരിയായ അറിവില്ലാത്ത പ്രഭാഷകര്‍ തെറ്റായ ചില വിവരണങ്ങള്‍ പറയുകയും ശരിയായ വ്യാഖ്യാനങ്ങള്‍ വിശദീകരിക്കാതിരിക്കുകയും നിര്‍ബന്ധമായും വിശ്വസിക്കേണ്ടതായ സത്യം വ്യക്തമാക്കാതിരിക്കുകയും ചെയ്യുമ്പോള്‍ സാധാരണക്കാര്‍ സ്വഹാബികളെ കുറ്റപ്പെടുത്താനും വിമര്‍ശിക്കാനും അത് കാരണമായേക്കും' (അസ്സവാഇഖുല്‍ മുഹ്‌രിഖ- 640) 


ഹുസൈന്‍(റ) ഉള്‍പ്പെടെയുള്ള മഹത്തുക്കളുടെ മദ്ഹ് പറയല്‍ പുണ്യകര്‍മ്മമാണ്. എങ്കിലും കര്‍ബലയും ഹുസൈന്‍(റ)വിന്റെ കൊലപാതകവും അതുസംബദ്ധമായ ഹികായത്തുകളും പാടുന്നതിലും പറയുന്നതിലും അപകടമുണ്ടെന്ന് മേല്‍ ഉദ്ധരണികളില്‍ നിന്ന് വ്യക്തമാണല്ലോ. അതിനാല്‍ അത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണ്. ആശൂറാഇനോടനുബദ്ധിച്ച് ശിയാക്കള്‍ നടത്തുന്ന ആചാരങ്ങളോട് അകലം പാലിക്കേണ്ടതുമുണ്ട്. ഇത്തരം കാര്യങ്ങളിലെല്ലാം സൂക്ഷ്മശാലികളായ പൂര്‍വ്വിക പണ്ഡിതരുടെ രീതികള്‍ തന്നെയാണ് അഭികാമ്യം.


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

No comments:

Post a Comment

യമനിലെ കൊല, ഗുണപാഠങ്ങൾ

 *യമനിലെ കൊല, ഗുണപാഠങ്ങൾ*                   *ഓണമ്പിള്ളി അബ്ദുസ്സലാം മൗലവി*   *വിഷയങ്ങൾ*                *മനുഷ്യ ജീവന്റെ വില,കൊലപാതകത്തിന്റെ ഭ...