Sunday, June 8, 2025

മുബ്‌തദിഉകൾ ഉള്ഹിയ്യത്തറുത്ത് മാംസ വിതരണം നടത്തിയാൽ സുന്നികൾക്ക് അത് സ്വീകരിക്കാമോ?

 മുബ്‌തദിഉകൾ ഉള്ഹിയ്യത്തറുത്ത് മാംസ വിതരണം നടത്തിയാൽ സുന്നികൾക്ക് അത് സ്വീകരിക്കാമോ? അത് സ്വീകരിക്കുന്നതിൽ പന്തികേടില്ലെന്ന് പറയുന്ന സുന്നിയെ സംബന്ധിച്ചുള്ള കാഴ്ച‌പ്പാട്?


ഉത്തരം: ബിദ്അത്ത് കൊണ്ട് കാഫിറുകളായ മുബ്‌തദിഉകൾ സ്വന്തമായി അറവ് നടത്തിയാൽ ആ വസ്‌തു ഹലാലാകില്ലെന്നതിൽ സംശയമില്ല. തുഹ്ഫ വാ: 9, പേ: 314)ൽ നിന്ന് ഇത് ഗ്രഹിക്കാനാകും.


അഹ്ലുസ്സുന്നത്തിനെ കാഫിറുകളും മുശ്‌രിക്കുകളുമാക്കുന്ന മുബ്‌തദിഉകൾ ഈ ഇനത്തിലാണ് പെടുകയെന്ന് ബഹു. ശൈഖ് അബൂ ഇസ്ഹാഖൽ ഇസ്‌ഫറാഇനി (റ) പ്രസ്‌താവിച്ചതായി തഖ്രീബുൽ മറാം വാ: 2, പേ: 313ൽ ഉദ്ധരിച്ചിട്ടുണ്ട്.


ഇനി ബിദ്അത് കൊണ്ട് കാഫിറാകാത്ത മുബ്‌തദിആണെങ്കിലും അവരറുത്തത് സുന്നികൾ സ്വീകരിക്കുന്നത് അവരുമായുള്ള സഹകരണത്തെ കുറിക്കുന്നതായതിനാൽ അവരുടെ മാംസം സ്വീകരിക്കൽ അനുവദിച്ച് കൂടാ. അവരെ തുടർന്ന് നിസ്കരിക്കുന്നതും അവരുടെ മേൽ മയ്യിത്ത് നിസ്കരിക്കുന്നതും അവരുമായി വിവാഹ ബന്ധത്തിലേർപെടുന്നതും അനുവദിച്ച് കൂടാത്തത് പോലെ തന്നെ. ഇവരെ സംബന്ധിച്ച് ശൈഖ് അബ്‌ദുൽ ഖാഹിർ (റ) തന്റെ അൽ ഫർഖ് പേ: 14 ൽ പറയുന്നു: “അവരുടെ മേൽ മയ്യിത്ത് നിസ്കരിക്കാതിരിക്കുക, അവരെ തുടർന്ന് നിസ്കരിക്കാതിരിക്കുക, അവരറുത്തത് ഭക്ഷിക്കുന്നതും അവരുമായി വിവാഹ ബന്ധത്തിലേർപെടുന്നതും അനുവദിക്കാതിരിക്കുക തുടങ്ങിയ കുറേ വിധികളിൽ യഥാർത്ഥ മുസ്‌ലിം ഉമ്മത്തുമായുള്ള സമീപനമല്ല അവരോടുള്ളത് .”


അത് കൊണ്ട് തന്നെ സ്വഹാബാക്കളിലുന്നതന്മാരായ അബ്ദുല്ലാഹിബ്നു ഉമർ (റ), ജാബിറുബ്‌നു അബ്‌ദില്ലാഹി (റ), അബുഹുറൈറ (റ), ഇബ്‌നു അബ്ബാസ് (റ), അനസുബ്‌നു മാലിക് (റ), അബ്ദുല്ലാഹിബ്നു അബീ ഔഫ (റ), ഉഖ്ബതുബ്‌നു ആമിർ (റ) തുടങ്ങിയവരും അവരെ പോലുള്ളവരും ഈ വിഭാഗക്കാരെ പൂർണ്ണമായും വെടിയുകയും പിൻഗാമികളോട് ഇങ്ങനെ അവർ വസ്വിയ്യത്ത് ചെയ്യുകയും ചെയ്തു. 'നിങ്ങൾ അവർക്ക് സലാം ചൊല്ലുകയോ അവരുടെ ജനാസകളുടെ മേൽ നിസ്‌കരിക്കുകയോ അവരിൽ നിന്നുള്ള രോഗികളെ സന്ദർശിക്കുകയോ ചെയ്യരുത്." (അൽ ഫർഖ് പേ: 19, 20)


ഈ അടിസ്ഥാനത്തിലാണ് കർമ്മശാസ്ത്ര പണ്ഡിതന്മാരൊക്കെ മുബ്‌തദിഉകളുമായി സഹകരണം കുറിക്കുന്ന യാതൊന്നും പാടില്ലെന്നതിന് ഇപ്രകാരം ന്യായം പറഞ്ഞത്. "നിശ്ചയം അവരുമായി വെടിഞ്ഞ് നിൽക്കൽ നമ്മോടാജ്ഞാപിക്കപ്പെട്ടിട്ടുണ്ട്.” (മുഗ്നി വാ: 1, പേ: 330, നിഹായ വാ: 2, പേ: 435 നോക്കുക)


നിഹായയുടെ വാക്ക് വ്യാഖ്യാനിച്ച് ഹാശിതുന്നിഹായയിൽ എഴുതുന്നു: "ഉപര്യുക്ത വിശദീകരണത്തിൻ്റെ താൽപര്യപ്രകാരം മുബ്‌തദിഉകളുടെ രോഗ സന്ദർശനം സുന്നത്തില്ലെന്നും പ്രത്യുത കറാഹത്താണെന്നും വരുന്നുണ്ട്.”


ഫുഖഹാഅ് പറഞ്ഞ ന്യായത്തിൻ്റെ താൽപര്യമനുസരിച്ച് രണ്ടിനത്തിൽ പെട്ട മുബ്‌തദിഉകളും ഒരു സുന്നിയെ കൊണ്ട് തന്നെ അറവ് നടത്തി മാംസ വിതരണം നടത്തിയാലും അത് സ്വീകരിച്ച് കൂടെന്ന് വ്യക്തമാണ്. സുന്നികൾ അസുന്നികളുമായി പൂർണ്ണമായും നിസ്സഹകരണത്തിലാകാൻ കർമ്മശാസ്ത്ര പണ്ഡിതന്മാർ പറയുമ്പോൾ അതിനെതിരിൽ പറയുന്നവനെ സുന്നിയായി കാണാൻ നിർവ്വാഹമില്ലാത്തതും അസുന്നിയെ സംബന്ധിച്ചുള്ള അതെ അളവിൽ തന്നെ ഈ വ്യക്തിയെയും കാണേണ്ടതുമാണ്.


ഉള്ഹിയ്യത്ത് ഇവ്വിഷയകമായി ബഹു. അബുസ്സആദാത് ശിഹാബുദ്ദീൻ അഹ്മദ് കോയശ്ശാലിയാതി(റ)യോട് ഉന്നയിക്കപ്പെട്ട ചോദ്യവും അവർ നൽകിയ ഫത്‌വയും കാണുക.


ചോദ്യം: അബുൽ അഅ്ലാ മൗദൂദിയാൽ സ്ഥാപിതമായ ജമാഅത്തെ ഇസ്ലാമിക്കാരുടെയും വഹാബികളുടെയും കല്യാണ അടിയന്തരങ്ങളിൽ കൂടുവാനും അവരുമായി നികാഹ് ബന്ധം നടത്തുവാനും അവർക്ക് സലാം ചൊല്ലുക, അവരുടെ സലാം മടക്കുക, അവരെ തുടർന്ന് നിസ്‌കരിക്കുക, തദ്‌രീസ്, ഇമാമത്ത് മുതലായവയിൽ അവരെ നിയമിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാനും പാടുണ്ടോ? അവരറുത്തത് ഹലാലാകുമോ? സുന്നികളിൽ നിന്ന് അവരോട് അനുഭാവം കാണിക്കുന്നവരോട് ഏത് ക്രമത്തിലാണ് പെരുമാറേണ്ടത്? മേൽ വിവരിച്ച സംഗതികളിൽ കിതാബിൻ്റെ ഇബാറത്തോടു കൂടി മറുപടി നൽകാൻ വിനീതമായി അപേക്ഷിക്കുന്നു.


എന്ന് : പറമ്പൂർ ചെറിയ ഉണ്ണീൻ (ഒപ്പ്) കെ. മൊയ്തുട്ടി കാരാട്ട് തൊടുവിൽ മൊയ്‌തുട്ടി മുസ്ലിയാർ


ഇത് സംബന്ധമായി ഇബാറത്തുകളുദ്ധരിച്ച ശേഷം മറുപടിയിൽ ഇപ്രകാരം പറയുന്നു: "മേൽ വിവരിച്ച ഹദീസിനാൽ തെളിയുന്നത് സുന്നീ സംഘക്കാരിൽ നിന്ന് അവരോട് അനുഭാവം കാണിക്കുന്നവരോടും പെരുമാറേണ്ടത് ഇപ്രകാരം തന്നെയാണ്. സുആലിൽ പറയപ്പെട്ടവർ അറുത്തത് തിന്നൽ, അവരുമായി നികാഹ് ബന്ധം നടത്തൽ, അവരെ തുടർന്ന് നിസ്‌കരിക്കൽ, ഖുതുബ, തദ്‌രീസ് മുതലായവയിൽ അവരെ നിയമിക്കൽ തുടങ്ങിയവ പാടില്ലാത്തതാണെന്ന് മേൽ വിവരിച്ചതിൽ നിന്ന് വെളിവായതാണ്."


എന്ന് : ശിഹാബുദ്ദീൻ അഹ്‌മദ് കോയശ്ശാലിയാതി


1317 റമളാൻ 12 വ്യാഴം (ശാലിയാതിയുടെ അൽ ഫതാവൽ അസ്ഹരിയ്യ പേ: 244, 245)

No comments:

Post a Comment

കടം വീടാൻ പതിവാക്കുക

 *കടം വീടാൻ പതിവാക്കുക*. ഈ ദുആ അഞ്ച് വഖ്ത് നിസ്കാരത്തിന്റെ ശേഷവും തഹജ്ജുദിന്റെ ശേഷവും മറ്റു സമയങ്ങളിലും ധാരാളം തവണ പതിവാക്കുക اللَّهُمَّ فَا...