Wednesday, December 25, 2024

അഹ്'മദുല്‍ കബീര്‍ അര്‍രിഫാഈ (റ) ജീവിതം, ദൗത്യം

 7️⃣7️⃣4️⃣4️⃣

..........................................

*അഹ്'മദുല്‍ കബീര്‍ അര്‍രിഫാഈ (റ) ജീവിതം, ദൗത്യം*

🍄🍄🍄🍄🍄🍄🍄🍄🍄


 *എം.എ. ജലീല്‍ സഖാഫി പുല്ലാര‍‍*

............................... 

     സുല്‍താനുല്‍ ആരിഫീന്‍ അഹ്'മദുല്‍ കബീര്‍ അര്‍രിഫാഈ(റ) ഹിജ്‌റാബ്ദം 500 റജബു മാസം 27ന് ഇറാഖിലെ ബത്വാഇഹ് എന്ന ഗ്രാമത്തില്‍ ജനിച്ചു.  പ്രസിദ്ധ വലിയ്യും പണ്ഡിതനുമായ മന്‍സൂരിനില്‍ ബത്വാഇഹി (റ)വിൻ്റെ  സഹോദരി ഫാത്വിമ(റ)യാണു ശൈഖു രിഫാഇ(റ)യുടെ മാതാവ്. നബി(സ) തങ്ങളുടെ പൗത്രന്‍ ഹുസൈനി(റ)ലേക്ക് പിതൃപരമ്പര സന്ധിക്കുന്നു. ഉമ്മ വഴിക്കു ഹസനി(റ)ലേക്കും എത്തിച്ചേരുന്നു. അബുല്‍ അബ്ബാസ് എന്നാണ് ഉപജ്ഞാനാമം.

      ശൈഖു രിഫാഇ(റ)യുടെ മാതാവ് തന്റെ സഹോദരനായ മന്‍സൂരിനില്‍ ബത്വാഇഹി (റ)വിൻ്റെ ശൈഖായ അബൂ മുഹമ്മദിശ്ശന്‍ ബകിറയെ(റ) സന്ദര്‍ശിക്കാന്‍ ചെല്ലുമ്പോഴൊക്കെ അദ്ദേഹം എഴുന്നേറ്റു നില്‍ക്കും. ഇതു പല പ്രാവശ്യം കണ്ട മുരീദുമാര്‍ എഴുന്നേറ്റു നില്‍ക്കുന്നതിന്റെ കാര്യം അന്വേഷിച്ചപ്പോള്‍ ശൈഖിന്റെ മറുപടി ഇങ്ങനെ: ”അവളുടെ വയറ്റിലുള്ള കുട്ടിയെ ആദരിച്ചുകൊണ്ടാണ് എഴുന്നേറ്റു നില്‍ക്കുന്നത്. ആ കുട്ടിക്ക് വലിയ പദവിയും കറാമത്തുകളും ഉണ്ടാകും.”


      രിഫാഈ ശൈഖിനു ഏഴു വയസ്സുള്ളപ്പോള്‍ പിതാവ് അലിയ്യ്(റ) മരണപ്പെട്ടു. ശേഷം അമ്മാവന്‍ ശൈഖ് മന്‍സൂര്‍ (റ) കുടുംബത്തെ വാസ്വിതിലേക്ക് മാറ്റി താമസിപ്പിച്ചു! അവിടെ വെച്ചു ശൈഖ് രിഫാഈ(റ)പല ശൈഖുമാരില്‍നിന്നും ദീനീ വിജ്ഞാനം കരസ്ഥമാക്കി. വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുകയും ചെയ്തു.

       താജുല്‍ ആരിഫീൻ , ശറഫുസ്സാഹിദീന്‍, അല്‍ഖുത്വുബുല്‍ ഗൗസ്, അല്‍കന്‍സു റബ്ബാനി തുടങ്ങി നിരവധി സ്ഥാനപ്പേരുകളോടുകൂടിയാണു പണ്ഡിതര്‍ ശൈഖു രിഫാഇ(റ)യെ പരിചയപ്പെടുത്താറുള്ളത്. ഉന്നതരായ ഒട്ടനവധി ഇമാമുകള്‍ ശൈഖു രിഫാഈ(റ)യുടെ മഹത്ത്വങ്ങള്‍ വിവരിച്ചു ഗ്രന്ഥങ്ങള്‍ തന്നെ രചിച്ചിട്ടുണ്ട്. 

     ഇമാം റാഫിഈ(റ)യുടെ ‘സവാദുല്‍ ഐനയ്ന്‍’, ഇമാം കാസറൂനി(റ)യുടെ ‘ശിഫാഉല്‍ അസ്ഖാം’, ഇമാം അലിയ്യുബ്‌നു ഹദ്ദാദി(റ)ന്റെ 

  ‘റബീഉല്‍ ആശികീന്‍’ എന്നിവ അവയില്‍ ചിലതുമാത്രം.


*പരീക്ഷണം*

➖➖➖➖➖➖


    അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെല്ലാം നിരവധി പരീക്ഷണങ്ങള്‍ ഏറ്റുവാങ്ങിയവരാണ്. അതെല്ലാം ക്ഷമയോടെ നേരിട്ട് വിജയം കൈവരിച്ചവരാണവര്‍. നമ്മുടെ കഥാപുരുഷന്റെ ചില പരീക്ഷണ ചരിത്രം ശ്രദ്ധിക്കുക. ശൈഖു രിഫാഈ(റ)യുടെ ഒരു മുരീദ് സ്വര്‍ഗത്തിന്റെ ഉന്നത സ്ഥാനത്ത് രിഫാഈ(റ) ഇരിക്കുന്നത് പല പ്രാവശ്യം സ്വപ്നം കണ്ടു. ശൈഖിനോട് ഇക്കാര്യം മുരീദ് ഉണര്‍ത്തിയില്ല. ഒരു ദിവസം മുരീദ് ശൈഖു രിഫാഈ(റ)യുടെ വീട്ടില്‍ ചെന്നപ്പോള്‍ ദുസ്വഭാവിയായ ഭാര്യ അസഭ്യം പറയുകയും കയ്യിലുള്ള ചട്ടുകം കൊണ്ട് ശൈഖിന്റെ പിരടിക്ക് അടിക്കുകയും ചെയ്യുന്ന രംഗമാണ് മുരീദ് കണ്ടത്. അഞ്ഞൂറ് ദീനാര്‍ ആവശ്യപ്പെട്ടുകൊണ്ടാണു ഭാര്യയുടെ അക്രമം. മുരീദ് അഞ്ഞൂര്‍ ദീനാര്‍ സ്വരൂപിച്ച് ശൈഖു രിഫാഈ(റ)ക്കു കൊണ്ടുവന്ന് കൊടുത്തു പറഞ്ഞു: ”ഇതു ഭാര്യക്കു കൊടുക്കൂ.”

,ശൈഖു തല്‍സമയം മുരീദിനോട് പറഞ്ഞു: ”ഞാനിതൊന്നും ക്ഷമിക്കുന്നില്ലെങ്കില്‍ എന്നെ നീ സ്വര്‍ഗ്ഗത്തിലെ ഉന്നത സ്ഥാനത്തു കാണുമോ?”


 *കറാമത്തുകള്‍*

..................................


   ശൈഖു രിഫാഈ(റ)യുടെ ധാരാളം കറാമത്തുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ പ്രസിദ്ധമാണ് നബി(സ)യുടെ കൈ ചുംബിച്ച ചരിത്രം. അതിങ്ങനെ വായിക്കാം: നബി(സ)യുടെ ഹുജ്‌റാ ശരീഫില്‍ സിയാറത്തിനു വന്ന ശൈഖു രിഫാഈ(റ) മുത്തുനബിയുടെ അഭിമുഖമായി നിന്നുകൊണ്ട് ഈ അര്‍ത്ഥത്തില്‍ രണ്ടുവരി കവിത ഉരുവിട്ടു: ”ഞാന്‍ അകലെയായിരിക്കെ എന്റെ ആത്മാവിനെ ഇവിടം മുത്തിമണക്കാന്‍ പറഞ്ഞയക്കാറുണ്ട്. എന്നാല്‍, ആത്മാവ് അതിന്റെ ജഡവുമായിട്ടു തന്നെയിതാ വന്നിരിക്കുന്നു. അതുകൊണ്ടു അങ്ങയുടെ വലതു കൈ ചുംബിച്ചു ഭാഗ്യം ലഭിക്കാന്‍ ഒന്നു നീട്ടിത്തരൂ.” ഉടനെ അവിടത്തെ പുണ്യകരം വെളിവാകുകയും രിഫാഈ(റ) ചുംബിക്കുകയും ചെയ്തു.


      മഷി ഉപയോഗിക്കാതെ മഹാനവര്‍കള്‍ എഴുതാറുണ്ടായിരുന്നു. വല്ല മന്ത്രവും ഉറുക്കും എഴുതിക്കൊടുക്കാന്‍ ആരെങ്കിലും വന്നാല്‍ മഷികൊണ്ടല്ലാതെ വിരല്‍ കൊണ്ടാണ് ശൈഖു രിഫാഈ (റ) എഴുതിക്കൊടുക്കുക. ഇങ്ങനെ എഴുതികിട്ടിയ ഒരാള്‍ കുറേ നാളുകള്‍ക്കു ശേഷം ആ കടലാസുമായി ശൈഖവര്‍കളെ സമീപിച്ചു എഴുതാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അതു നോക്കി ഇതു എഴുതിയതാണല്ലോ എന്നു പറഞ്ഞു തിരിച്ചുകൊടുത്തു.


     ഒട്ടനവധി ശിഷ്യന്മാര്‍ക്ക് ക്ലാസ് എടുത്തുകൊണ്ടിരിക്കെ, ഒരിക്കല്‍ ശൈഖു രിഫാഈ(റ) പറഞ്ഞു: ”ഉഹൈമിദുമിന്‍ഹും” (ചെറിയ അഹ്'മദ് അക്കൂട്ടത്തിലാണ്). ഏതു ചെറിയ അഹ്'മദ്, ഏതുകൂട്ടം എന്നറിയാതെ ശിഷ്യന്മാര്‍ അന്ധാളിച്ചു നിന്നപ്പോള്‍ ശൈഖ് പറഞ്ഞു: ”മക്കളേ ഈ സമയം അങ്ങകലെ ബഗ്ദാദില്‍ വെച്ച് ഇന്നു ജീവിച്ചിരിപ്പുള്ള എല്ലാ ഔലിയാക്കളുടെയും നേതാവ് താനാണെന്നു റബ്ബിന്റെ അനുമതിയോടുകൂടി ശൈഖു ജീലാനി(റ) പ്രഖ്യാപിച്ചിരിക്കുന്നു. എല്ലാ ഔലിയാക്കളും അതു അംഗീകരിക്കുകയും ചെയ്തു. അവരുടെ കൂട്ടത്തിലാണു ഈ ചെറിയ അഹ്'മദായ ഞാനും. എല്ലാവരും എന്നെ അഹ്'മദുല്‍ കബീര്‍ (വലിയ അഹ്'മദ്) എന്നു വിളിക്കുന്നുണ്ടെങ്കിലും ഞാന്‍ ഉഹൈമിദ് (ചെറിയ അഹ്'മദ്) ആണ്.

ഞാനും മുഹിയിദ്ദീന്‍ ശൈഖിന്റെ കാലടിക്കു കീഴിലാണ്.”


*പാണ്ഡിത്യം*

    ശൈഖു രിഫാഈ(റ) ശാഫിഈ മദ്ഹബ് അവലംബിച്ചവരായിരുന്നു. ഇമാം സീറാസി(റ)യുടെ ‘തന്‍ബീഹ്’ എന്ന ഗ്രന്ഥമാണ് തദ്‌വിഷയത്തില്‍ മഹാന്‍ പഠിപ്പിച്ചത്. ഇരുപത് വര്‍ഷംകൊണ്ടു പലവിധ വിജ്ഞാനങ്ങളിലും നിപുണനാവാന്‍ മഹാനു കഴിഞ്ഞു. ഇബ്‌നുല്‍ ജൗസി(റ) പറയുന്നു:”ഞാന്‍ ഒരു ബറാഅത്തു രാവില്‍ ശൈഖിന്റെ സന്നിധിയില്‍ പോയി. ഏകദേശം ഒരു ലക്ഷം പേര്‍ അദ്ദേഹത്തിന്റെ ഉപദേശം കേള്‍ക്കാന്‍ അവിടെയുണ്ടായിരുന്നു.വിനയത്തിന്റെയും താഴ്മയുടെയും പര്യായമായിരുന്നു ശൈഖവര്‍കള്‍. തന്നെ ആക്ഷേപിക്കുന്നവര്‍ ധാരാളം ഉണ്ടായിരുന്നു. അസഭ്യങ്ങള്‍ എത്ര പറഞ്ഞാലും ഒന്നിനും പ്രതികരിക്കുകയില്ല. പാരിതോഷികമായി അവര്‍ക്ക് വല്ല വസ്തുവും കൊടുത്തയക്കും. എവിടെയെങ്കിലും ഒരു രോഗിയുണ്ടെന്നറിഞ്ഞാല്‍ അവിടെ സന്ദര്‍ശിക്കാന്‍ പോകും. സ്വന്തം തലയില്‍ വിറക് ചുമന്ന് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യും. കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളില്‍ ഒരാളോട് നീ ആരുടെ മകനാണെന്നു ചോദിച്ചതിന് അക്കാര്യം നിങ്ങളെന്തിനാണു അറിയുന്നതെന്നു തിരിച്ചു ചോദിച്ച കുട്ടിയോട് മോനേ, നീ എന്നെ അദബ് പഠിപ്പിച്ചു, നിനക്കല്ലാഹു നന്മ തരട്ടെയെന്നാണ് രിഫാഈ (റ) പ്രതികരിച്ചത്.


 *രിഫാഈ ത്വരീഖത്ത്*

........................

     ഖാദിരീ ത്വരീഖത്തു പോലെത്തന്നെ സത്യമായ ത്വരീഖത്താണ് രിഫാഈ ത്വരീഖത്ത്. 

    ശൈഖു രിഫാഈ(റ)യുടെ മുറബ്ബിയായ ശൈഖ് അലിയ്യുല്‍ ഖാരി(റ)യാണ്. അദ്ദേഹത്തിന്റെ കാലത്തു തന്നെ ശൈഖു രിഫാഈ(റ)ക്കു ജനങ്ങളെ നേര്‍വഴിയിലേക്കു ക്ഷണിക്കാനുള്ള ഇജാസത്തും നടപ്പുള്ള സ്ഥാനവസ്ത്രവും നല്‍കിയിരുന്നു. ഇപ്രകാരം തന്നെ തന്റെ അമ്മാവന്‍ ശൈഖ് മന്‍സൂർ (റ) വിൽ നിന്നും ലഭിച്ചു. അവരുടെയെല്ലാം സില്‍സില പ്രമുഖരായ മശാഇഖ് വഴി അലിയ്യുബ്‌നു അബീത്വാലിബി(റ)ലേക്കാണ് സന്ധിക്കുന്നത്. രിഫാഈ ത്വരീഖത്തിന്റെ ശൈഖുമാര്‍ ഇന്നും ഈ ത്വരീഖത്ത് സംരക്ഷിച്ചുപോരുന്നു.


*അന്ത്യയാത്ര*

     നീണ്ട എഴുപതു വര്‍ഷത്തെ ജീവിതത്തിലൂടെ ഇസ്‌ലാമിന്റെ അന്തസ്സിനും തേജസ്സിനും വേണ്ടി കഠിനാധ്വാനം ചെയ്ത് നിരവധി പേര്‍ക്കു നേരിന്റെ വഴി കാണിച്ചുകൊടുത്ത ധാരാളം മുരീദുകളെ തസ്വവ്വുഫിന്റെ ഉന്നത പദവിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ശൈഖ് രിഫാഇ(റ) ഹിജ്‌റ 570 ജുമാദല്‍ ഊലാ 12 ഉച്ച സമയത്ത് ശഹാദത്തു കലിമ ഉച്ചരിച്ചുകൊണ്ടു ഭൗതിക ലോകത്തോടു വിടപറഞ്ഞു. സ്വദേശമായ ഉമ്മു അബീദയില്‍ വെച്ചായിരുന്നു അന്ത്യം.


1446 ജുമാദൽ ഊലാ: 12


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....