Wednesday, December 25, 2024

ബീജദാനം ഇസ്'ലാമിക വീക്ഷണത്തിൽ

 7️⃣7️⃣4️⃣7️⃣

...........................................

❝ *ബീജദാനം ഇസ്'ലാമിക വീക്ഷണത്തിൽ* ❞ 

💉💉💉💉💉💉💉

   ❓വിവാഹം കഴിഞ്ഞ് സന്താനോൽപാദനം നടക്കാതെ വരുമ്പോൾ, ഭർത്താവിന്റെ ഉൽപാദനക്ഷമമല്ലാത്ത ബീജത്തിന് പകരം അന്യപുരുഷന്റെ ബീജം കുത്തിവെക്കുകയോ അല്ലെങ്കിൽ ടെസ്റ്റ് ട്യൂബിൽ അന്യപുരുഷന്റെ ബീജവുമായി സ്ത്രീയുടെ അണ്ഡം ബീജസങ്കലനം നടത്തി നിക്ഷേപിക്കുകയോ ചെയ്തുകൊണ്ട് സന്താനോൽപാദനം നടത്തുക ഇന്ന് യാഥാർത്ഥ്യമായിരിക്കുകയാണല്ലോ.   

      ഇങ്ങനെ ഒരന്യപുരുഷന്റെ ബീജം കുത്തിവെക്കുകയോ അതു സങ്കലനം ചെയ്ത് ടെസ്റ്റ് ട്യൂബ് ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയോ ചെയ്ത് കുട്ടി ജനിച്ചാൽ കുട്ടിയുടെ മാതാപിതാക്കളാര്? വിവരിക്കാമോ?

= റഹ് മത്തുല്ല എളമരം


✅   വിവരിക്കാം.

ഭർത്താവിന്റെ ബീജം അഥവാ അതുൾക്കൊള്ളുന്ന ശുക്ലമെടുത്ത് ഗർഭപാത്രത്തിൽ നിക്ഷേപിച്ച് ഭാര്യ അതു മൂലം പ്രസവിക്കുന്നത് ഭർത്താവിന്റെ ഭോഗത്തിന് തുല്യമായും അതുവഴി ജനിക്കുന്ന കുഞ്ഞുമായി ഭർത്താവിന്റെ പിതൃത്വം സ്ഥിരപ്പെടുന്നതുമാണ്.

    ഇത് അനുവദനീയമാവാൻ പുരുഷ ബീജത്തിന്റെ സ്ഖലനവും അത് അണ്ഡവുമായി സമന്വയിപ്പിച്ച് ഗർഭാശയത്തിൽ പ്രവേശിപ്പിക്കുന്നതും അവരുടെ ഭാര്യാ-ഭർതൃ ബന്ധം നിലനിൽക്കുന്ന അവസരത്തിലാവുകയും അവ രണ്ടും അനുവദനീയമായ രൂപത്തിലാവുകയും വേണം (തുഹ്ഫ: 8/231). ഇതാണു ഇമാം ഇബ്നു ഹജർ(റ)വിൻ്റെ വീക്ഷണം.

  എന്നാൽ ഇമാം റംലി(റ)യുടെ അഭിപ്രായം പിതൃത്വം സ്ഥിരപ്പെടാൻ സ്ഖലന സമയത്ത് മാത്രം അനുവദനീയ രൂപത്തിലായാൽ മതിയെന്നാണ് (നിഹായ: 8/431, ഇബ്നു ഖാസിം: 8/231). 

    അപ്പോൾ ഇമാം ഇബ്നു ഹജറും(റ) ഇമാം റംലി(റ)യും സ്ഖലന സമയത്തിലുള്ള പവിത്രതയിൽ ഒത്തു സമ്മതിക്കുന്നു.

        ഇത്രയും വിശദീകരിച്ചതിൽ നിന്നു ഭാര്യാഭർത്താക്കന്മാർ അല്ലാത്ത അന്യസ്ത്രീ പുരുഷന്മാരുടെ ബീജവും അണ്ഡവും കുത്തിവെയ്ക്കലോ നിക്ഷേപിക്കലോ അംഗീകൃതമല്ലെന്നും അനുവദനീയമല്ലെന്നും ബീജത്തിന്റെ പവിത്രത നഷ്ടപ്പെടുത്തുന്നതാണെന്നും അതു വ്യഭിചാരത്തെ പോലെ നിഷിദ്ധമാണെന്നും വ്യക്തമായി.

        ഇനി ഒരു സ്ത്രീയുടെ ഗർഭപാത്രത്തിന്റെ തകരാറുമൂലമോ മറ്റോ ഒരു ഭാര്യയുടെയും ഭർത്താവിന്റെയും തന്നെ ബീജം അണ്ഡവുമെടുത്ത് ഗർഭപാത്രത്തിന് വെളിയിൽ സങ്കലനം നടത്തിയശേഷം ടെസ്റ്റ് ട്യൂബിലോ മറ്റോ നിക്ഷേപിച്ച് കുഞ്ഞുണ്ടായാൽ ബീജവും അണ്ഡവും പുറത്തെടുത്തത് അനുവദനീയ രൂപത്തിലാണെങ്കിൽ ഇതിന് അവർ തമ്മിൽ ഭോഗം നടത്തുന്നതിന്റെ വിധി തന്നെയാണുള്ളതെന്നും അവർ കുഞ്ഞിന്റെ മാതാപിതാക്കളാണെന്നും വ്യക്തമാണ്.

      അതേസമയം, അന്യസ്ത്രീയുടെ അണ്ഡം കുത്തിവെച്ച് ഒരു സ്ത്രീ ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്താൽ കുട്ടിയെ പ്രസവിച്ചവളാണ് കുട്ടിയുടെ മാതാവ്. അണ്ഡത്തിന്റെ ഉടമക്കു മാതൃത്വം സ്ഥിരപ്പെടില്ല (തുഹ്ഫ: 7/298)

     ഇനി, ഒരാൾ തന്റെ ഭാര്യയ്ക്ക് മറ്റൊരു പുരുഷന്റെ ബീജം കുത്തിവെച്ച് അല്ലെങ്കിൽ, ടെസ്റ്റ് ട്യൂബ് വഴി നിക്ഷേപിച്ച് ഭാര്യ പ്രസവിച്ചാൽ കുട്ടിയുടെ പിതാവ് ബീജത്തിന്റെ ഉടമയല്ല, മറിച്ച് ബീജവുമായി യാതൊരു ബന്ധവുമില്ലാത്ത ഭർത്താവാണ് പിതാവ്. പക്ഷേ, ഭാര്യ പ്രസവിച്ചത് ഭർത്താവ് സംഭോഗത്തിലേർപ്പെട്ട് ആറുമാസം കഴിഞ്ഞശേഷവും നാലുവർഷം തികയുന്നതിന് മുൻപുമാവണം. ഗർഭവും ശിശുവും അയാളുടേതല്ലെന്നും അവിഹിതമാണെന്നും ബോധ്യമുണ്ടെങ്കിൽ നിയമപരമായി അയാൾക്ക് കുട്ടിയുടെ പിതൃത്വം നിഷേധിക്കാൻ (ലിആൻ ചെയ്യാൻ) നടപടിയുണ്ട്. ഇതില്ലാത്തിടത്തോളം പ്രസ്തുത കുട്ടിയുടെ പിതാവ് പ്രസവിച്ച സ്ത്രീയുടെ ഭർത്താവ് തന്നെയായിരിക്കും (തുഹ്ഫ: 8/214).

      ബീജത്തിന്റെ പവിത്രത പരിഗണിക്കണമെങ്കിലും അതുവഴി പിതൃത്വവും മറ്റു ബന്ധങ്ങളും സ്ഥാപിതമാവണമെങ്കിലും ബീജം അഥവാ ശുക്ലം ആ സ്ത്രീയുടെ ഭർത്താവിന്റേതുതന്നെയാവണം (മുഗ്നി: 3/177).

     വ്യഭിചാരം വഴിയോ സ്വന്തം മൈഥുനം വഴിയോ സ്ഖലിച്ച ഇന്ദ്രിയം സ്വന്തം ഭാര്യയിൽ കുത്തിവെച്ച് അതുമൂലം ഭാര്യ പ്രസവിച്ചാൽ ഭർത്താവ് കുട്ടിയുടെ പിതാവല്ല. കുട്ടിക്കിവിടെ പിതാവില്ല. (കുട്ടിയെ ഭർത്താവിലേക്കു ചേർക്കാൻ നിബന്ധനയില്ലെങ്കിൽ).

  ഗർഭപാത്രത്തിന് വെളിയിൽ വല്ല ഉപകരണങ്ങളിലും അന്യ സ്ത്രീപുരുഷന്മാരുടെയോ ഭാര്യാഭർത്താക്കന്മാരുടെയോ ബീജവും അണ്ഡവും സങ്കലനം നടത്തി മനുഷ്യക്കുഞ്ഞിന്റെ ഉൽപാദനം നടന്നാൽ ആരും പ്രസവിച്ചിട്ടല്ലാത്തതിനാൽ ഈ കുഞ്ഞിന് മാതാവില്ല. തന്റെ ഭാര്യക്കു ജനിക്കുക, തന്റെ സംഭോഗത്തിലോ അതേ വിധത്തിലുള്ള ബീജനിക്ഷേപത്തിലോ ജനിക്കുക എന്നീ കാരണങ്ങളില്ലാത്തതിനാൽ കുട്ടിക്കു പിതാവുമില്ല.

  ടെസ്റ്റ് ട്യൂബിൽ ജനിക്കുന്ന കുട്ടിയുടെ കാര്യത്തിൽ, സ്ത്രീ പ്രസവിക്കുകയാണെങ്കിൽ പ്രസവിച്ചവളാണ് കുഞ്ഞിന്റെ മാതാവ്. അണ്ഡം അവളുടേതാണെങ്കിലും അല്ലെങ്കിലും പ്രസവിച്ച സ്ത്രീയാണ് കുട്ടിയുടെ മാതാവെന്ന് തുഹ്ഫ: (7/298)യിൽ വ്യക്തമാക്കിയിട്ടുണ്ട്.

*(ഈയുള്ളവൻ്റെ ശാഫിഈ മസ്അലകൾ ഒരു പoനം എന്ന ഗ്രന്ഥത്തിൽ നിന്ന് .അവതാരിക : ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ)*


🖊️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ 14


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....